Sunday, November 8, 2009

പത്രക്കാരെ....

രാവിലെ ഒരു കട്ടന്‍. ആ ചൂടില്‍ പത്രപാരായണം. അതിന്റെ സുഖമൊന്ന് വേറെ. ഞാൻ ഉറങ്ങുമ്പോള്‍ ലോകത്തിന് എന്തു സംഭവിച്ചുവെന്ന് അറിയാനുള്ള അമിതമായ ആകാംക്ഷകൊണ്ടൊന്നുമല്ല. എങ്ങിനെയോ വന്നുപോയൊരു ശീലം. അതങ്ങിനെ തുടരുന്നു. ഞാൻ എവിടെയായാലും അതിനു വലിയ വ്യത്യാസമൊന്നും വരാറില്ല.. എന്നു വെച്ച് ഇന്നലെത്തെ പ്രധാനവാർത്തയെന്തെന്ന് പോയിട്ട് ഇന്നത്തെ എന്തായിരുന്നെന്ന് ചോദിച്ചാൽ പോലും എന്നിൽ നിന്ന് ഉത്തരം കിട്ടണമെന്നില്ല.. അതൊക്കെ പഴയകാലം, സ്കൂളിൽ ഷൈൻ ചെയ്യാൻ ക്വിസ്സ് മത്സരങ്ങൾക്കായി വലിയത്-ചെറിയത്, പഴയത്-പുതിയത് ആദ്യത്തെ-അവസാനത്തെ കൂട്ടത്തിൽ ഇന്നലെ-ഇന്നും എഴുതി ചേർത്ത് നടന്നിരുന്ന കാലം..

പറഞ്ഞ് വന്നത്,

ഞാൻ പത്രക്കാരിയല്ലെങ്കിലും കാക്കത്തൊള്ളായിരം പരിചയങ്ങളിൽ അങ്ങിനെയും ചിലർ.. പണ്ട് എന്താവണം എന്ന് സ്വപ്നം കാണേണ്ട കാലത്ത് എന്താവരുതെന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു.. അതുകൊണ്ട് തന്നെയാവാം എത്തിപ്പെട്ടത് അതേ താവഴിയിൽ.. ഇതല്ലാതെ എന്തൊക്കെ ആയിത്തീരണമായിരുന്നെന്ന് ചോദിച്ചാൽ, വേഷങ്ങൾ ഒരുപാടുണ്ടെന്നെ.. അതിൽ ഒന്നായിരുന്നു ഈ പത്രക്കാരിയുടെയും.. ഇതു പറഞ്ഞപ്പോൾ കൂട്ടുകാരെന്നെ കളിയാക്കിയിട്ടുണ്ട്, രാവിലെ മുറ്റത്ത് സൈക്കിൾ വട്ടം കറക്കി ഉമ്മറത്തേക്ക് പത്രം വീശിയെറിയൽ അല്ല പത്രക്കാരിയുടെ ജോലിയെന്ന്.. പിന്നെ എന്താണെന്ന് പറഞ്ഞു തരാൻ അവർക്കും വലിയ പിടിയില്ലായിരുന്നു.. ഇന്നത്തെ പോലെ ചാനലുകൾ ഇല്ലാത്തതിനാൽ ഇതും അതിന്റെ ഭാഗമെന്ന് അറിയാനും വഴിയില്ലായിരുന്നു..

ഇപ്പോൾ ഒഴിഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുന്ന സ്വ ലേ എന്ന സ്വന്തം ലേഖകൻനാണ് ഇത്രയും ചിന്തകൾക്കുള്ള സ്കൂപ്പ് തന്നത്.. പത്രക്കാരൻ കൂട്ടുകാരന്റെ ഫോൺ വിളിയിൽ സംസാരമെങ്ങിനെയോ സിനിമയിലെത്തി..

“കണ്ടോ“ “എങ്ങിനെയുണ്ട്“ എന്നത് എന്റെ ചോദ്യം

“അതിലെ പലതും മനസ്സിലാക്കാൻ പത്രക്കാരനാവണം” എന്നായിരുന്നു മറുപടി..

കൂടെ ഇത്രയും കൂടി കൂട്ടി ചേർത്തു;

“അതൊക്കെ പറയാൻ ഒരു സിനിമ പോരാ.. “

ഇതിൽ പത്രക്കാർക്കിടയിലെ പിടിവലികൾ... പക്ഷേ ഒരേ പത്രത്തിലെ പാരവെപ്പുകളും പടലപിണക്കങ്ങളും അതൊന്നും പറഞ്ഞില്ലല്ലൊ.. പിന്നെ ആരുടെയെങ്കിലും പേരൽ‌പ്പം ഉയർന്നു പോവുന്നെന്ന് തോന്നിയാൽ മുങ്ങി പോവുന്ന റിപ്പോർട്ടുകൾ.. അതേ വിഷയം ചിലപ്പോൾ മറ്റൊരു പത്രത്തിൽ നേരത്തെ പുറം ലോകം കണ്ടെന്നുമിരിക്കാം..

സിനിമകണ്ടതിനു വൈകുന്നേരത്തെ ചർച്ചയിൽ പത്രത്തിന്റെ ഓൺലൈൻകാരിയായിരുന്നു “ചീഫ് ഗസ്റ്റ്“... അവിടെ വേരുറച്ചു പോയ പത്രങ്ങളുടെ കഥകൾ.. ചില ഓൺലൈൻ വിശേഷങ്ങൾ.. പത്രങ്ങളുടെ മോർച്ചറികളിൽ മരണവും കാത്തുകിടക്കുന്ന റിപ്പോർട്ടുകൾ.. അവക്കു ജീവൻ വെക്കാൻ ആരുടെയൊക്കെയൊ ശ്വാസം നിലക്കണം.. ഒരു പ്രസിദ്ധന്റെ ബി പി ഒന്നു മാറിമറിഞ്ഞപ്പോൾ റിപ്പോർട്ട് തയ്യാറാക്കി കാത്തിരുന്ന ആൾ മരിച്ചിട്ട് ഒരു വർഷം.. പ്രസിദ്ധൻ ഇന്നും ഭൂമിക്ക് ഭാരമായി ജീവനോടെ.. ഒരു മൌസ് കിക്കിന്റെ അബദ്ധത്തിലാണ് നടൻ മുരളി ഒരു പത്രത്തിൽ കുറച്ചു നേരത്തെ മരിച്ചുപോയത്.. അടുത്ത റിഫ്രെഷിൽ വാർത്തകാണാനില്ല.. സിനിമയിൽ ഉണ്ണി മാധവന്റെ ഒരു മണിക്കൂർ അലാറം വെച്ചുള്ള ഫോൺ വിളികൾ ഓർമ്മപ്പെടുത്തുന്നത് മൌസ് ക്ലിക്കിനുള്ള താമസം മാത്രം..

പത്രങ്ങളുടെ കാലംകഴിഞ്ഞില്ലെ.. ഇത് ചാനലുകൾ വാഴും കാലം.. കൊടിനാട്ടിയ ചാനലിൽ ഒരു ജേണലിസം കാരിക്ക് ജോലികിട്ടുക എന്നത് സ്വപ്നതുല്യമായി കാണുന്ന ഒരുവൾ.. അക്കാഡമിക് ബാക്ക്ഗ്രൌണ്ടിനൊപ്പം എഴുത്ത് പരീക്ഷയിലെ നിലവാരം കൂടി നോക്കിയാവാം, അവളുടെ നിവേദനം അവർ കൈക്കൊണ്ടത്.. മറ്റൊന്നുമല്ല, കൂടിക്കാഴ്ചക്ക് പറഞ്ഞ ദിവസം ഒരേ ഒരു ചേട്ടന്റെ കല്ല്യാണം.. അവൾക്ക് വേണ്ടി മാത്രം ഇന്റർവ്യു ബോർഡ് മറ്റൊരു ദിവസം വീണ്ടും കൂടിയപ്പോൾ, അവൾക്ക് പറയാൻ നൂറുവിശേഷങ്ങൾ ആയിരുന്നു.. അധികം താമസിയാതെ ജോലിക്കാരിയായി അകത്തു കയറിയപ്പോൾ, തകർന്നു വീണത് സ്വപ്നഗോപുരങ്ങളും.. വന്‌വീഴ്ചകളുടെ ചരിത്രമെഴുതി എഴുതി ലൈറ്റ് ബോയുടെ പേരിനൊപ്പം പോലും സ്ഥാനം കാണാതെ വരുന്ന വേദന.. ജോലി ചെയ്യുന്നതിനേക്കാളേറെ ചെയ്യുന്നുവെന്ന മറ്റുള്ളവരെ കാണിക്കേണ്ടി വരുന്നതിന്റെ കഷ്ടത.. ഒപ്പം താൻ ചെയ്യുന്നത് മറ്റൊരാളുടെ ക്രെഡിറ്റിൽ വരുന്നതിന്റെ സങ്കടം.. അവസാനം ഇട്ടെറിഞ്ഞ് പോരുമ്പോൾ പുറകെയെത്തുന്ന “നോട്ടീസ്“.. ക്രിയേറ്റിവിറ്റിയുടെ അവസാനപച്ചപ്പിൽ പോലും ആണിയടിക്കാൻ തുടങ്ങിയപ്പോൾ വേറേ വഴിയില്ലായിരുന്നു.. ഇപ്പോൾ പിങ്കി പൂച്ചയുടെയും കുങ്കി കോഴിയുടെയും കഥയെഴുതാൻ അവസരം കാത്തിരിക്കുന്നു.. പക്ഷെ ഏറ്റവും രസകരമായത് ഈ കഥയിലെ വില്ലത്തികളിൽ ഒരാൾ ഹോസ്റ്റലിൽ എന്റെ തൊട്ടുമുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു.. അവൾ ചാനൽ വിട്ടു പോരാനുള്ള കാരണം “പ്രെഷർ.. ഭയങ്കര പ്രെഷർ”.. അവൾ മറ്റുള്ളവർക്ക് പാരവെച്ചപോലെ അവൾക്കും ആരോ ഇട്ടു വെച്ചു കാണും അല്ലെ..


ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലെ.. എല്ലായിടത്തും ഇല്ലെ ഈ പ്രെഷറും പാരവെപ്പും ഒക്കെ എന്ന് ചോദിച്ചാൽ.. ഉണ്ട്, ഇല്ലാതെവിടെ പോവാൻ.. സിനിമ കണ്ടതിന് ഇങ്ങനെയും ഒരു ആഫ്റ്റർ ഇഫക്റ്റ് അത്രയെ ഉള്ളു.. എന്നാലും വാർത്തകളുടെ ലോകത്തെ എനിക്കെന്നും ഇഷ്ടമാണ്, നഷ്ടമാവുമ്പോൾ; അതപ്പൊഴല്ലെ ;)

15 comments:

ഇട്ടിമാളു അഗ്നിമിത്ര said...

സിനിമ കണ്ടതിന് ഇങ്ങനെയും ഒരു ആഫ്റ്റർ ഇഫക്റ്റ്... അത്രയെ ഉള്ളു.. എന്നാലും വാർത്തകളുടെ ലോകത്തെ എനിക്കെന്നും ഇഷ്ടമാണ്, നഷ്ടമാവുമ്പോൾ; അതപ്പൊഴല്ലെ ;)

കരീം മാഷ്‌ said...

ഞാനതല്ലേ വഴിമാറി നടന്നത്.

Anil cheleri kumaran said...

ഇപ്പോൾ ഒഴിഞ്ഞ സദസ്സിൽ ഓടികൊണ്ടിരിക്കുന്ന..

ഹഹഹ. അതു കറക്റ്റ്. ഏത് ആഫീസിലുമുള്ള ജോലിഭാരവും പാരകളുമേ പത്രമാഫീസിലുമുള്ളു. നല്ല തിരക്കായതിനാല്‍ പാരകള്‍ പൊതുവേ കുറവുമാണ്.

ശ്രീജ എന്‍ എസ് said...

പത്ര പ്രവര്‍ത്തക ആകുക എന്നതൊരു മോഹമായി കൊണ്ട് നടന്ന കാലം ഉണ്ടാരുന്നു..അതിന്റെ ഉള്ളുകള്ളികള്‍ ഒന്നും അറിയാതിരുന്ന കാലത്ത്‌. കാര്യവട്ടം ക്യാമ്പസ്സില്‍ MCJ ക്ക് ചേര്‍ന്ന കാലം ഒക്കെ ഓര്‍മ്മ വന്നു ഇട്ടിമാളുവിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍.മാധ്യമരംഗം ഒരു ബിസിനസ്‌ ആണ്..circulation കൂട്ടണം എന്നതില്‍ കവിഞ്ഞു ആളുകളില്‍ സത്യം എത്തിക്കുക എന്നതൊക്കെ ഇന്ന് മാധ്യമ ധര്‍മ്മത്തില്‍ പെടുന്നതെയില്ല എന്ന് തോന്നിക്കും പല വാര്‍ത്തകളും കണ്ടാല്‍.

siva // ശിവ said...

എന്തൊക്കെ പറഞ്ഞാലും അറിഞ്ഞാലും മാധ്യമ രംഗത്തൊരു ജോലി എന്നു പറഞ്ഞാല്‍ എനിക്കും പോകാന്‍ തോന്നും :)

salil | drishyan said...
This comment has been removed by the author.
salil | drishyan said...

മാളൂസേ... സ്വ.ലേ കണ്ട ആര്‍ക്കെങ്കിലും ഇത്ര ഇം‌പാക്ട് ഉണ്ടാകുമെന്ന് കലവൂരും സുകുമാറും വിചാരിച്ചിട്ടുണ്ടാവില്ല.... :-)

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

കരീം മാഷെ.. അപ്പോൾ ഒരാൾ കൂടി അല്ലെ.. ;)

കുമാരൻ പത്രക്കാരനാ ?

ശ്രീദേവി.. എന്റെ വീട്ടിൽ നിന്നും ഒരാൾ പത്രപ്രവർത്തനം പഠിക്കാൻ പോയിട്ടുണ്ട്.. എന്താവുമൊ എന്തൊ..!!

ശ്രീ.. :)

ശിവ.. ഞാനും കൂട്ട്..:)

ദൃശ്യാ.. അവസാനത്തെ അഞ്ച് മിനിറ്റ് എല്ലാ ഇമ്പാക്റ്റും കളയും..

കുഞ്ചുമ്മാന്‍ said...

ഓഫീസ് പൊളിറ്റിക്സ് എല്ലായിടത്തും ഉണ്ട്..page 3 എന്ന സിനിമയില്‍ പറയുമ്പോലെ ...U have to be in the system to change the system...അത് ശെരിയാണ്‌ എന്ന് ഇടക്ക് തോന്നും...

ദിയ കണ്ണന്‍ said...

njanum kurachu kalam journalist maohavumayi nadannittundu....:)

Sandeep Sagar said...

:-)))

ഇട്ടിമാളു അഗ്നിമിത്ര said...

kunjumman, ദിയ, സന്ദീപ് .. :)

ഇട്ടിമാളു അഗ്നിമിത്ര said...

ചേച്ചിപ്പെണ്ണെ.. :))

ഞാന്‍ ഉമ്മുക്കുല്‍സു said...

ഒരു സിനിമ കണ്ടതിന്റെ പ്രചോദനമാണോ ഇട്ടിമാളുവിനെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്... താങ്കള്‍ കണ്ട ഉണ്ണിമാധവന്റെ കഥ പറയുന്ന സിനിമ ഞാനും കണ്ടതാണ്... റബ്ബിഷ്!!!! ഞാനതു പറയാന്‍ കാരണം ഞാനൊരു പത്രപ്രവര്‍ത്തകയായതു കൊണ്ടു തന്നെ... ആ സിനിമ പറയുന്ന ചില സത്യങ്ങളുണ്ട്.. ഓട്ടം.. നിര്‍ത്താതെ.. നാളേയ്ക്കുള്ള സ്‌പെഷല്‍ ഐറ്റങ്ങള്‍ക്കായി.... വാര്‍ത്തകള്‍ക്കായി... എക്‌സ്‌ക്ലൂസീവുകള്‍ക്കായി... ബൈലൈന്‍ കിട്ടുമോ എന്ന പ്രതീക്ഷകളുമായി.... എന്നു വെച്ച് ആ സിനിമ പറയുന്നത് മുഴുവന്‍ സത്യമാണെന്നല്ല..... പത്രക്കാരെ മുഴുവന്‍ കോമാളികളാക്കുന്ന ഒരു സിനിമ.... നടക്കാത്ത കാര്യങ്ങള്‍.... എന്നാല്‍ നടക്കുന്ന കാര്യങ്ങള്‍ കാണാനൊട്ട് കണ്ണില്ല താനും... പിന്നെ കുമാരന്‍ മൊഴിഞ്ഞത് കണ്ടു... ഏതോഫിസിലുമുള്ള ജോലിഭാരവും പാരകളുമേ പത്രമാഫീസിലുമുള്ളൂ എന്ന്്.. നല്ല തിരക്കായതിനാല്‍ പാരകള്‍ പൊതുവെ കുറവുമാണ്.. ശുദ്ധ ഭോഷ്‌ക്.... പാരകള്‍ക്കോ പത്രക്കാര്‍ക്കിടയില്‍ പഞ്ഞം.. റിപ്പോര്‍ട്ടൊന്നു നന്നായാല്‍ മതി മറ്റേയാളുടെ മുഖം കറുക്കാന്‍.. പിന്നെ അടുത്ത പണി വരാന്‍ താമസം വേണ്ട... റിപ്പോര്‍ട്ടില്‍ മിസ്‌റ്റേക്കു വന്നാല്‍ വാര്‍ത്ത തെറ്റിപ്പോയാല്‍ ലേ ഔട്ട് തകിടം മറിഞ്ഞാല്‍ പണി കൊടുക്കാന്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്.. എത്ര തിരക്കായാലും... എത്ര പേരുടെ തെറി കേട്ടാണ് ഓരോ ദിവസവും നീങ്ങുന്നത്.. എവിടെയും പോലെ നല്ലതും ചീത്തയുമുണ്ട് പത്രക്കാര്‍ക്കിടയില്‍.. ഇതൊക്കെയില്ലെങ്കില്‍ പിന്നെ എന്തോ ന്നു പത്രപ്രവര്‍ത്തനം.... അതിന്റെ ത്രില്ല്... അതൊരു ലോകമാണ്.... ഒരു സിനിമ കണ്ടതിന്റെ പേരില്‍ മുന്‍ധാരണകളൊന്നും വേണ്ട.....

ഇട്ടിമാളു അഗ്നിമിത്ര said...

ഉമ്മുകുത്സു.. ഈ പേര് കൊള്ളാലൊ.. അപ്പൊ പത്രക്കാരിയാണല്ലെ.. :)