Tuesday, December 26, 2006

പുലര്‍കാല സ്വപ്നം

ഒരിക്കല്‍ കൂടി ഞാന്‍ ആ വരികള്‍ വായിച്ചുനോക്കി... കൊള്ളാം, സ്വയം ഒരു വിലയിരുത്തല്‍. എന്റെ പ്രിയപ്പെട്ട ബ്രൌണ്‍ ഹീറോ പെന്നിലെ ടര്‍കൊയ്സ്ബ്ലു മഷിയും ...പിന്നെ ആ താളുകളെ ഞാന്‍ പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിലേക്കു ഒളിപ്പിച്ചുവെച്ചു. മാതൃഭൂമി വരാന്തപ്പതിപ്പിന്റെ വര്‍ണ്ണാഭയില്‍ അവ ഒളിച്ചിരുന്നു...അങ്ങിനെയാണ്‌ ഞാന്‍ എന്റെ അക്ഷരങ്ങളെ ഓപ്പോളുടെയും കൂട്ടുകാരുടെയും കണ്ണില്‍ നിന്നും രക്ഷിക്കുന്നത്‌...ഇപ്പോള്‍ അതു വെറും മോഡേണ്‍ ഫിസിക്സിന്റെ ലെക്ചര്‍ നോട്ട്‌ മാത്രം...

ഇനി തട്ടിന്‍പുറം അടച്ചുപൂട്ടണം. കോണിവാതില്‍ ചാരണം. . വളര്‍ന്നുപോയ പെണ്‍പിള്ളേര്‍ അമ്മക്കു പേടി നല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ തുറന്ന വരാന്തകള്‍ രാത്രികളില്‍ ഞങ്ങള്‍ക്ക്‌ വിലക്കപ്പെട്ടത്‌. ഇറങ്ങുമ്പോള്‍ മൂന്നാമത്തെ കോണിപ്പടി ടക്‌ എന്ന് ശബ്ദമുണ്ടാക്കി.. അത്‌ അച്ഛനുള്ള അടയാളമാണ്‌.

"ഉറങ്ങായോ?"

"ഉം.."

"രാവിലെ എപ്പൊ വിളിക്കണം?"

"അച്ഛന്‍ ഉണരുമ്പോള്‍.."

അച്ഛന്‍ മൂന്നുമണിക്ക്‌ ഉണരും.. അപ്പോള്‍ വിളിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ നാലുമണിക്ക്‌ എണീക്കും.. ഏഴുമണിക്കുള്ള ആദ്യത്തെ ബസ്സില്‍ കോളേജില്‍ പോയി വൈകീട്ട്‌ ഏഴുമണിക്കുള്ള അവസാനത്തെ ബസ്സില്‍ തിരിച്ചെത്തുന്ന മകള്‍ക്ക്‌ പഠിക്കാന്‍ അച്ഛന്‍ ഉറക്കമൊഴിക്കുന്നു.

ഞാനുണര്‍ന്നത്‌ എന്റെ ഫോണിന്റെ ചിലക്കല്‍ കേട്ടാണ്‌... കണ്ണു തുറക്കാതെ എടുക്കുമ്പോള്‍ അയാള്‍ ഒരു ഹലോ പോലും ഇല്ലാതെ പറഞ്ഞു..

"മായ മരിച്ചു"

ആര്‌...എന്ത്‌??

മായ..മായ ചാക്കോ...

ചായ മാക്കോ...??

അതെ.. അവള്‍ പറഞ്ഞിരുന്നു.. നിങ്ങള്‍ ഇങ്ങനെ തന്നെ തിരിച്ചു ചോദിക്കുമെന്ന്

ഉറക്കത്തിന്റെ പിടിയില്‍ നിന്ന് ഞാന്‍ അപ്പോഴാണ്‌ ശരിക്കും ഉണര്‍ന്നത്‌... ഞാന്‍ കേട്ടത്‌ ഒരു മരണവാര്‍ത്തയാണ്‌. അപ്പോഴേക്കും ഫോണ്‍ കട്ടുചെയ്തിരുന്നു... ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചു വിളിക്കാന്‍ നോക്കുമ്പോള്‍ അതൊരു നോ നമ്പര്‍ കാള്‍ ആയിരുന്നു.... പിന്നെയും ഞാന്‍ ഉറങ്ങിപോയി..മായയുടെ മരണവാര്‍ത്ത കേട്ടിട്ടും...

മായ എനിക്ക്‌ എന്റെ ബഞ്ചാര ലൈഫില്‍ കിട്ടിയ ഒരു കൂട്ടായിരുന്നു... പിന്നെ മാറിമാറി പോയ താവളങ്ങളില്‍ എവിടേയോ അവളെ നഷ്ടമായി... പക്ഷെ ഒരിക്കലും അവള്‍ക്കെന്റെ മൊബെയില്‍ നമ്പര്‍ അറിയില്ലായിരുന്നു.. അപ്പോള്‍ ആരാവാം എന്നെ വിളിച്ചത്‌...??

ആദ്യം പറഞ്ഞത്‌ ഇന്നത്തെ എന്റെ പുലര്‍കാല സ്വപ്നം ആയിരുന്നു... അച്ഛന്‍ മരിച്ചിട്ട്‌ പത്തുവര്‍ഷങ്ങള്‍... എന്റെ കവിതകള്‍ പഴയകടലാസുകച്ചവടക്കാരന്‍ ആക്രിവിലക്ക്‌ തൂക്കിയെടുത്തു...

രണ്ടാമത്തേത്‌ ഇന്നു എനിക്ക്‌ വന്ന കാള്‍.... അതിന്റെ സത്യാവസ്ഥ അറിയാന്‍ എനിക്കും മായക്കും പൊതുവായ കൂട്ടുകാര്‍ ഇല്ല...പിന്നെ അതും സ്വപ്നമാണെന്നു കരുതാന്‍ വയ്യ.. ഇപ്പൊഴും എന്റെ ഫോണില്‍ ആ നോ നമ്പര്‍ കാള്‍ കിടപ്പുണ്ട്‌..

ഒന്നു കൂടി.. ഞാന്‍ എത്ര ഒക്കെ ഓര്‍ത്തിട്ടും സ്വപ്നത്തില്‍ ഞാന്‍ എഴുതിയ കവിത ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല.. അവസാനത്തെ രണ്ടു വരികള്‍ ഒഴിച്ച്‌... അത്‌ ഏകദേശം ഇങ്ങനെ ആയിരുന്നു..

മരിച്ചവര്‍ എന്നിലേക്ക്‌ തിരിച്ചു വരികയാണ്‌
ആരുടെ ഒക്കെയോ മുഖച്ഛായകളിലൂടെ

9 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇതെന്റെ പുലര്‍ക്കാലസ്വപ്നം

കുറുമാന്‍ said...

അങ്ങനെ ചായ മാക്കുവിനേയും കൊന്നു അല്ലെ?

പറഞ്ഞാല്‍ വാക്കു പാലിച്ചൂടെ ഇട്ടിമാളൂ. ഇന്നലെ പ്രോമിസ് ചെയ്തതല്ലെ ഇനി മരണത്തെകുറിച്ചെഴുതില്ല എന്ന്. എന്നിട്ടിന്നും??

നന്നായിട്ടോ, മായ മരിച്ചതല്ല, കഥ!

ഇട്ടിമാളു അഗ്നിമിത്ര said...

കുറുമാനെ.. മരണം ആണ്` വാക്കു പാലിക്കാതെ വന്നത്. ..ആ പോസ്റ്റ് പഴയതാ.... ഇന്നലത്തെ കമെന്റ് ഞാന്‍ കണ്ടിരുന്നു ട്ടൊ.. സന്തോഷം വന്നതില്‍ വായിച്ചതില്‍ കമെന്റിയതില്‍ ..

Anonymous said...

മരണം വലിയ ഇഷ്ടമാണല്ലേ?
ഭാഷ കൊള്ളാം...

ഇട്ടിമാളു അഗ്നിമിത്ര said...

mumsy....വന്നതില്‍ സന്തോഷം .. കമെന്റിനും ..

Anonymous said...

നന്നായിരിക്കുന്നു ഇട്ടിമാളുക്കുട്ടീ തന്‍‌റ്റെ സ്വപ്നം. വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ദൃശ്യങ്ങള്‍ എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു. നന്ദി.

“വളര്‍ന്നുപോയ പെണ്‍പിള്ളേര്‍ അമ്മക്കു പേടി നല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ തുറന്ന വരാന്തകള്‍ രാത്രികളില്‍ ഞങ്ങള്‍ക്ക്‌ വിലക്കപ്പെട്ടത്‌“ഭാഷ നന്നായിരിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

ലിഡിയ said...

മനസ്സിന്റെ ചിന്തകളെ പിന്തുടരുന്നത് പോലെയുള്ള സരളമായ വാക്കുകളാലുള്ള ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു ഇട്ടിമാളൂ..

-പാര്‍വതി.

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. വന്നതില്‍ സന്തോഷം ..വായനക്കിടയില്‍ ദൃശ്യന്റെ മനസ്സിലേക്ക് ചില ദൃശ്യങള്‍ ഓടിവന്നതില്‍ അതിലേറേ സന്തോഷം ..

പാര്‍വ്വതി..എന്റെ സ്വപ്നം ഇഷ്ടമായല്ലെ.. :)

Sivananda said...

ശരിയ്ക്കും ഞെട്ടി ഇട്ടിമാളു .. ഞാന്‍ എഴുതിയത് എന്റെ പ്രിയസുഹൃത്ത് ജോഷിയുടെ മരണമാണ്. ഇത് വായിച്ചു ഞാന്‍ വീണ്ടും... നമ്മള്‍ മനുഷ്യര്‍ എത്ര നിസ്സാരരാന് അല്ലെ?

ഇയാളുടെ ബ്ലോഗ്സ് ആദ്യമായാണ്‌ കാണുന്നത്. ബുക്ക്മാര്‍ക്ക് ചെയ്തു ട്ടോ.. പതിയെ എല്ലാം വായിയ്ക്കണം.