Wednesday, August 29, 2007
ഇന്നാ ഇട്ടിമാളു വന്നെ.....
എഴുന്നേറ്റോണം.. നല്ലകുട്ടിയായിരിക്കണം ... "
ഇരുപത് വയസ്സുവരെ ഓര്‍മ്മയിലുള്ള ഓരോ പിറന്നാള്‍ തലേന്നും അമ്മ ഇതേ വാചകങ്ങള്‍ അല്പസ്വല്പം വ്യത്യാസത്തോടെ ആവര്‍ത്തിക്കുമായിരുന്നു ...
ഉച്ചക്ക് ഇലയിട്ട് വിളക്കുവെച്ച് ചോറ് വിളമ്പിത്തരും ... ചോറും കയ്യില്‍
പിടിച്ച് വിളമ്പും മുമ്പ് അമ്മ കണ്ണടക്കും .. തുറക്കുമ്പോള്‍ അതില്‍ അല്പം കണ്ണീര്‍ നനവുണ്ടാകും... വെറുതെ എന്തിനാ ഇതൊക്കെ പറയുന്നെ അല്ലെ..
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ വന്നതല്ല... പിറന്നാള്‍ എന്നു പറയുമ്പോല്‍
ആദ്യം മനസ്സില്‍ വരുന്നത് ഇതൊക്കെയാ...
ശ്രീരാമന്റെ അമ്പലത്തില്‍ വിളക്കിനും അര്‍ച്ചനക്കും കൊടുമ്പോള്‍
നമ്പൂരിയും പറയും "നന്നായി വരട്ടെ"... വ്യര്‍ത്ഥമായിപോയ ആശീര്‍വാദങ്ങള്‍ എന്ന് പറയാന്‍ തോന്നുന്നെങ്കിലും.. ഇത്രയെങ്കിലും ഒക്കെ ആയത് അങ്ങിനെ ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടു തന്നെയാവാം .. ആവാം എന്നല്ല ...ആണ്...
ഇന്ന്....ഇന്നെന്റെ പിറന്നാള്‍ ഒന്നുമല്ല കേട്ടോ...
എന്നാലും .. ഇന്ന് എനിക്ക് മനസ്സില്‍ ഓര്‍ത്തുവെക്കാനുള്ള ദിവസമാണ്...
ഞാന്‍ ഈ ബ്ലോഗില്‍ ആദ്യത്തെ കുറിപ്പെഴുതിയിട്ട് ഇന്ന് ഒരു വര്‍ഷം
തികയുന്നു.... ബ്ലോഗ് വായനക്കാരി മാത്രമായി നടന്നപ്പൊഴൊന്നും ഇങ്ങനെ
ഞാനും ഒരു ബ്ലോഗ് തുടങ്ങുമെന്ന സ്വപ്നം പോലും ഇല്ലായിരുന്നു... ആദ്യമായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റിയതിന്റെ ആ ത്രില്‍ ഇന്നും നിലനില്‍ക്കുന്നു...
എവിടെ ഒക്കെയോ പൊടിപിടിച്ചു കിടന്നിരുന്ന എന്റെ കവിതകളും കഥകളും ഇങ്ങനെ ആരെങ്കിലും വായിക്കുമെന്നൊ അഭിപ്രായം പറയുമെന്നൊ ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ലായിരുന്നു... അപൂര്‍ണമായി ചിതറി കിടന്നിരുന്നതിനെ എല്ലാം വീണ്ടും മിനുക്കിയെടുത്തത് ബ്ലോഗില്‍ ഇടാന്‍ വേണ്ടി മാത്രമായിരുന്നു .. ഇന്ന് ഇതെന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ഇതിലൂടെ എനിക്ക് കിട്ടിയ കുറെ നല്ല കൂട്ടുകാരും ...
നന്ദി പറയാന്‍ ഒരുപാട് പേരുണ്ട് ...
എന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച എന്റെ നാട്ടുകാരനില്‍ തുടങ്ങി.... “എന്തെ പുതിയതൊന്നും ഇല്ലെ“ എന്ന് ഇടക്കിടക്ക് അന്വേഷിക്കുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത കൂട്ടുകാരന്‍ വരെ....
ഇട്ടിമാളു.. ഇനിയും ഇവിടെ ഒക്കെ തന്നെ കാണും... ഇതുവഴിയെ വരണം .. വായിക്കണം.. അഭിപ്രായം പറയണം...
Monday, August 27, 2007
ഇന്ന് ഓണമാണ്....
ആരോ പതുക്കെ മന്ത്രിക്കുന്നു
ഉറക്കം വിട്ടൊഴിയാത്ത കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു
എങ്കിലും ആ മന്ത്രണം തുടര്‍ന്നുകൊണ്ടേയിരുന്നു
ഉണരുക, ഇന്ന് ഓണമാണു
തെളിഞ്ഞ പ്രഭാതവുമായ് ഓണം വന്നിരിക്കുന്നു
ഒരു പിന്ചു കുഞ്ഞിന്റേതു പോലെ ഹൃദ്യമായ പുന്ചിരിയുമായ്
ജാലകപടിയില്‍ എത്തിനോക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍
ഓലേഞ്ഞാലികള്‍ പാടുന്നു
"മാവേലി നാടുവാണീടും കാലം ......"
ഇന്നലെ പെയ്ത മഴയില്‍ അന്തരീക്ഷം തണുത്തു കിടക്കുന്നു
വീണ്ടും കിടക്കയുടെ പതുപതുപ്പിലേക്കു
പുതപ്പിന്റെ ഇളം ചൂടിലേക്ക്
ബാക്കിനില്ക്കുന്ന ഉറക്കത്തിലേക്ക്
അരുത്, എഴുന്നേല്ക്കുക, ഇന്ന് ഓണമാണ്
ഓര്‍മ്മകളില്‍ ആരോ തുയിലുണര്‍ത്തുന്നു
ഉണരുക, ഇന്ന് ഓണമാണ്
കുളിച്ച്, കുറിയിട്ട്, പുത്തനണിഞ്ഞ് പൂക്കളമിടണം
അടവെച്ച്, അവില്‍വെച്ച് തൃക്കാക്കരയപ്പനെ വരവേല്‍ക്കണം
വിളക്കുവെച്ച് ഇലവെച്ച് മാവേലിക്ക് ഓണമൂട്ടണം
തുമ്പിതുള്ളി ഊഞ്ഞാലാടി ആര്‍ത്തുല്ലസിക്കണം
ഇന്നുപോലെ എന്നുമെന്ന് മനമുരുകി പ്രാര്‍ത്ഥിക്കണം
ഉണരുക, ഇന്ന് ഓണമാണ്
കണ്ണുകളില്‍ തെളിനീരുറയുന്നു
വേദനയുടെ തീര്‍ത്ഥമായ് കവിള്‍ത്തടങ്ങളിലൂടെ താഴോട്ടു
അരുത്, കരയരുത്, ഇന്ന് ഓണമാണ്
കളമെഴുതാത്ത മുറ്റത്ത് കരിയിലകള്‍ മാത്രം
നാളുകള്‍ വളര്ച്ചയെത്തിയ മണ്പുറ്റുകള്‍
പൂജക്കൊരുങ്ങിനില്ക്കുന്നു
ആളും ആരവവും ഉയരേണ്ട അകത്തളങ്ങളില്‍
കനലണഞ്ഞ് ചാരം മൂടിയ മുക്കല്ലുകള്‍ മാത്രം
കാഴ്ചക്കുലകള്‍ തൂങ്ങേണ്ട മച്ചകങ്ങളില്‍
ചിലന്തിവലകള്‍ ഊഞ്ഞാലാടുന്നു
അറിയുന്നു, ഞാനിന്ന് ഏകയാണ്
അരുത്, ഇടറരുതു, ഇന്നു ഓണമാണ്
Thursday, August 9, 2007
മാലാഖമാരുടെ മന്ത്രണം
"യാമങ്ങള്‍ തോറും മാലാഖമാര്‍ മന്ത്രിക്കും.. അപ്രകാരം ഭവിക്കട്ടെ"
അനഘയുടെ മുടിയിഴകള്‍ വകഞ്ഞു മാറ്റി ഇന്ദു പതിയെ കാച്ചെണ്ണ തേച്ചുപിടിപ്പിച്ചു... വീണ്ടും അടുത്ത വകച്ചില്‍ എടുക്കും മുമ്പ് കൈവിരലുകളെ എണ്ണയില്‍ കുളിപ്പിച്ചു...
"അപ്പോള്‍ ..?"
ഇന്ദുവെന്ന ഇരുപത്തിമൂന്നുകാരി ഒരു മുത്തശ്ശിയുടെ ഭാവഹാവാദികളോടെ തുടര്‍ന്നു..
"അപ്പോള്‍ ... അപ്പോളാണ്‍ പലതും അറംപറ്റുക എന്നൊക്കെ പറയുന്നത് "
അനഘ സ്വന്തം ചിന്തകള്‍ക്കും നേരിയമയക്കത്തിനും ഇടയിലായിരുന്നു... ഇന്ദുവിന്റെ വിരലുകള്‍ മുടിയിഴകളിലൂടെ തെന്നി നീങ്ങുന്നത് അവളെ ഉറക്കത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... എന്നിട്ടും അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു..
"അപ്പോള്‍ .. ആര് പറഞ്ഞതാവാം തനിക്ക് അറം പറ്റിയിരിക്കുക.. "
സ്വപ്നങ്ങളില്‍ അവള്‍ പഴയ കുട്ടിയുടുപ്പുകാരിയായി... പകല്‍ മുഴുവന്‍ ഒരു തുള്ളി വെയില്‍ കളയാതെ കളിച്ച് മണ്ണില്‍ കുളിച്ച് എത്തുമ്പോള്‍, അന്തിക്ക് വിളക്ക് വെച്ച് നാമം ചൊല്ലാത്തതിന് അമ്മ വഴക്ക് പറയും..
"അമ്മെ... ഇന്ന് ചിരിയോ ചിരി.. നാളെ കരച്ചിലോ കരച്ചില്‍"
അന്ന് ഒന്നുമോര്‍ക്കാതെ എഴുന്നെള്ളിക്കുമായിരുന്ന കൊച്ചുവായിലെ വലിയ വാക്കുകള്‍ ..അപ്പൊഴൊക്കെ ഒന്നൊഴിയാതെ മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... പിറ്റെന്നാള്‍ കാലൊന്ന് തച്ചൊട്ടിയാല്‍ പോലും ഇന്നലെ താന്‍ അങ്ങനെ പറഞ്ഞതോര്‍ത്ത് അവള്‍ കരയുമായിരുന്നു..
അനഘയെ കാണുന്നവരൊക്കെ ആദ്യം നോക്കുമായിരുന്നത് അവളുടെ നീണ്ട ഇടതൂര്‍ന്ന മുടിയിലാരുന്നു... അതു കാണുമ്പോള്‍ അവര്‍ കണ്ണും തുറിച്ച് ഒരു പറച്ചില്‍ ഉണ്ട്..
"ചെറിയ കുട്ടി.. പക്ഷെ ...എന്തൊരു മുട്യാ.."
അമ്മ അതു കേട്ടാല്‍ പിന്നെ പൂരായി.. അവര് കണ്‍വെട്ടത്ത് നിന്ന്‍ മറഞ്ഞാല്‍ അമ്മയുടെ വക ഉഴിഞ്ഞിടല്‍ ഉണ്ട്.. ഉപ്പും കടുകും കൂടി അടിതൊട്ട് മുടിവരെ മൂന്നു തവണ ഉഴിഞ്ഞ് അടുപ്പിലെരിയുന്ന കനലിലേക്ക്.. അവിടെ കിടന്നത് ശേ..ശൂ ..ട്ടെ ന്ന് പൊട്ടുമ്പോള്‍ അവര് കണ്ണിട്ടതൊക്കെ പോയെന്ന് അമ്മ പറയും.. ഇന്ന് ... അവള്‍ മൊട്ടയാവാന്‍ തുടങ്ങുന്ന തന്റെ തലയോട്ടിയിലൂടെ വിരലോടിച്ചു.. ആരുടെയൊ കരിങ്കണ്ണ് പൊട്ടിത്തെറിക്കാതെ ബാക്കി കിടന്നിരുന്നു..
പരീക്ഷക്കിറങ്ങുമ്പോള്‍ ദേവ്യേട്ടത്തിക്ക് എങ്ങിനെലും ഒന്നു ജയിച്ചാല്‍ മതിയെന്നെ ഉള്ളു... അനഘക്ക് കിട്ടുന്ന നല്ല മാര്‍ക്കിനുകൂടി ദേവ്യേട്ട്ത്തിക്ക് വഴക്കു കിട്ടും... ദേവ്യേട്ട്ത്തി എപ്പൊഴും പ്രാകും അനഘക്കു പരീക്ഷ വിഷമമാവാന്‍, പഠിച്ചതൊന്നും ഓര്‍മ്മയില്‍ തെളിയാതിരിക്കാന്‍ ... കര്‍ണ്ണനെ പോലെ ആവശ്യം വരുമ്പോള്‍ പലതും മറന്നുപോവുമ്പോള്‍, വേറുതെ സങ്കടപ്പെടും.... ദേവ്യേട്ട്ത്തിടെ പറച്ചിലുകള്‍ക്കെല്ലാം മാലാഖമാര്‍ ഏറ്റുമൂളിയിരിക്കണം..
ആദ്യം കിട്ടിയത് ഡ്രീംജോബ് ആയിരുന്നു.. "എനിക്കിഷ്ടാ ടീച്ചറാവാന്‍ ... " അവള്‍ എപ്പൊഴും എല്ലാരോടും പറഞ്ഞു... അപ്പൊഴൊക്കെയും മാലാഖമാര്‍ പറഞ്ഞിരിക്കണം അപ്രകാരം ഭവിക്കാന്‍.... അതു കൈവിട്ട് പോവാന്‍ ആരായിരിക്കാം അവള്‍ കേള്‍ക്കാതെ മന്ത്രിച്ചത്.. പിന്നെ മറ്റൊന്നിലേക്കുള്ള ചാട്ടം.. ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അതില്‍ തന്നെ കടിച്ചു തൂങ്ങി..
അറമ്പറ്റലിന്റെ കണക്കെടുപ്പില്‍ ചിന്തകള്‍ക്ക് പ്രണയവര്‍ണ്ണങ്ങള്‍... ചേച്ചിമാരുടെ പ്രണയവിവാഹങ്ങളുടെ മുറിവുകള്‍ ഇപ്പൊഴും ബാക്കി കിടക്കുന്നു.. അതുകൊണ്ട് ഒരിക്കലും ആ വഴിയെ ഇല്ലെന്നത് നേരത്തെ തീരുമാനിച്ചതായിരുന്നു.. ഒരോ തവണ അത് ഉരുവിടുമ്പൊഴും മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... വേണമെന്ന് തോന്നിയപ്പൊഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു... അപ്പൊഴും സാരമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു.. കാലങ്ങള്‍ക്ക് ശേഷവും മറുപുറത്ത് ആ കനല്‍ അണയാതെ കിടക്കുന്നെന്ന് അറിയുമ്പോഴത്തെ നീറ്റല്‍ ... അവള്‍ കണ്ണുകള്‍ മുറുക്കിയടച്ച് ഉറക്കത്തെ കാത്തുകിടന്നു...
"ഇത് നമ്മടെ ജ്യോത്സ്യന്‍ ശങ്കരനാരായണന്‍"
അവര്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അനഘയും അമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു മുറിയില്‍..
ഏട്ടന്റെ ഒപ്പം കടന്നു വന്ന ആളെ കണ്ട് അമ്മ എഴുന്നേറ്റുനിന്നു.. അമ്മയുടെ ഉപചാരം കണ്ട് അവള്‍ക്ക് ചിരി വന്നു... മുമ്പ് ഏട്ടന്റെ കല്ല്യാണത്തിന് കക്ഷി ചൊല്ലിയ മംഗളപത്രം കുറെ കാലം അവരുടെ വീട്ടിലെ ചര്‍ച്ചാവിഷയം ആയിരുന്നു.. നല്ല മരുമകളാവാന്‍ പറഞ്ഞ് ആവാത്തതോ പോട്ടെ, ഏട്ടന്‍ പോലും വീട്ടില്‍ നിന്ന് അകന്നു പോയി.. ഒരു പക്ഷെ അതില്‍ ആരുമറിയാത്ത അക്ഷരപിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കാം... മാലാഖമാര്‍ അതു കേട്ടിരിക്കാം..
കട്ടിലിനു ചുവട്ടിലെ ബാഗുകള്‍ കണ്ട് അയാള്‍ അമ്മയോട് ചോദിച്ചു...
"എന്താ ഇവിടെ കുടികിടപ്പാക്കിയോ...?
എവിടെയോ പല്ലി ചിലച്ചോ എന്ന് അയാളൊന്ന് കാതോര്‍ക്കുന്ന പോലെ... നഗരഹൃദയത്തിലെ ഹോസ്പിറ്റലിന്റെ ഏഴാം നിലയില്‍ എത്തിയ പല്ലിയെ ഒന്നു കാണാനായി അവള്‍ മേല്‍തട്ടിലേക്ക് നോക്കി...
ബാക്കിയെല്ലാവരും താഴെ വീണു പിടയുന്ന ജീവനെ നോക്കുകയായിരുന്നു.... അതുകണ്ട ജ്യോത്സ്യന്റെ മുഖത്ത് ഒരു ചെറിയ ഭയം... അമ്മയുടെ കണ്ണില്‍ നീരുറയുന്നോ... ചേട്ടന്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നു..
"ലക്ഷണം ....?"
ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...
"ആ ജ്യോത്സ്യന്‍ ഇല്ലെ.... അയാള്‍ പറഞ്ഞാല്‍ അച്ചട്ടാ.. കടുകിട തെറ്റില്ല..."
ഞാന്‍ കേള്‍ക്കണ്ട എന്നു വിചാരിച്ചാവാം , അവര്‍ മൂവരും മുറിക്ക് പുറത്തിറങ്ങി..ആ ഒഴിവില്‍ തിക്കികയറി വന്ന ഓര്‍മ്മകളില്‍ അനഘ ഒരുപാട് പുറകിലായിരുന്നു...
അന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.. രാവിലെ എഴുന്നേല്‍ക്കാനുള്ള മടിക്കു പോലും വ്യത്യാസമില്ലായിരുന്നു.... ഒരല്‍പ്പം കൂടുതല്‍ ആയിരുന്നൊ എന്നു മാത്രം സംശയം.. അന്നത് രാവിലെ ഒരുങ്ങുന്നതിനിടയില്‍ പലപ്പൊഴും പറയുകയും ചെയ്തു... എന്നിട്ടും തിരക്കിട്ട് ഇറങ്ങി... പക്ഷെ വഴിയില്‍ ... അത് അവസാനത്തെ ഇറക്കമാരുന്നു.... ഇഷ്ടമല്ലാത്ത ജോലിയായിരുന്നെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ സന്തോഷം... അതൊക്കെ പഴയ കഥ..
ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരോരുത്തരുടെ മുഖത്തും മടുപ്പിന്റെ വരകള്‍ വല്ലാതെ തെളിയുന്നു ... പതിയെ എല്ലവരുടെയും മിണ്ടാട്ടവും കുറയാന്‍ തുടങ്ങിയിരിക്കുന്നു... ചില മുഖങ്ങളില്‍ നിന്ന് സഹതാപം പോലും മറഞ്ഞിരിക്കുന്നു.,.. ശല്യമെന്ന് എഴുതിവെച്ചിട്ടില്ലെന്ന് മാത്രം..അപ്പൊഴൊക്കെ ജ്യോത്സ്യന്‍ ചോദിച്ച കുടികിടപ്പ് അവളോര്‍ത്തു.. പിന്നെ അവള്‍ എന്തൊ ഉരുവിട്ടുകൊണ്ടിരുന്നു,.... അവളറിയാതെ മാലാഖമാര്‍ മന്ത്രിക്കുന്നതും കാത്ത്...
Friday, August 3, 2007
അവിശ്വാസിയുടെ വിശ്വാസങ്ങള്..!
അടുത്തിരുന്ന് സ്ത്രീയാണ് ഈ തുണ്ടു കടലാസ് എനിക്ക് തന്നത്.. എന്തിനെന്നറിയാതെ ഞാനവരെ നോക്കി.. അവര്‍ തനിക്ക് കിട്ടിയ കടലാസില്‍ നിറയെ എഴുതി കൂട്ടുന്നുണ്ടായിരുന്നു. സ്ഥലം തികയാതെ മറ്റൊരു കടലാസ് കൂടി അവര്‍ വാങ്ങി. ശരിയല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി, ഞാന്‍ അതിലേക്കൊന്ന് ഒളിക്കണ്ണിട്ട് നോക്കി.. മകന് ഏതോ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാനാണ് അവര് ഇപ്പോള്‍ എഴുതുന്നത്...
ഞാനെനിക്ക് കിട്ടിയ കടലാസ് പതുക്കെ ചുരുട്ടി കളയാന്‍ ശ്രമിച്ചു.. എന്റെ കൂട്ടുകാരി കൊച്ചുറാണി അത് പിടിച്ച് വാങ്ങി.. അവളാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.. എവിടെ എന്ന് ചോദിച്ചാല്‍ അതു വഴിയേ മനസ്സിലാവും .. എല്ലാവരും കൈവിടുമ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടാനുള്ള അവളുടെ കഴിവില്‍ എനിക്ക് അസൂയ തോന്നി.. അവള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ എഴുതാന്‍ തുടങ്ങി .. അവള്‍ എഴുതിയിരുന്നതെല്ലാം എന്റെ പ്രാര്‍ത്ഥനകള്‍ ആയിരുന്നു.. പക്ഷെ എഴുതാന്‍ ഇനിയും ധാരാളം ഉണ്ടല്ലൊ എന്നും ഞാന്‍ ഓര്‍ത്തു. ആരവങ്ങള് കൂടികൊണ്ടിരുന്നു.. കാണുന്നതെല്ലാം പുതുമകള്‍.. രണ്ടുകയ്യും മുകളിലേക്ക് ഉയര്‍ത്തി ആടിപ്പാടുന്ന യുവതിയുടെ മുഖത്തെ ഫേഷ്യല്‍ ചെയ്ത ചെമ്പന്‍ രോമങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.. വില്ലുപോലെ വളച്ചു വെച്ച ആ പുരികകൊടികളും വലിച്ചു നിവര്‍ത്തിയ മുടിയും അവരുടെ ആടിപ്പാടലിന് തീരെ യോജിക്കുന്നില്ലെന്ന് തോന്നി.. തല്ക്കാലം പാട്ട് നിര്‍ത്തിയിരിക്കുന്നു… ഇടറിയ തൊണ്ട പൊട്ടി പാടിയാര്‍ത്തിരുന്ന സ്ത്രീയും കൂട്ടരും അടുത്തു കിടന്ന കസേരകളിലിരുന്ന് വിയര്‍പ്പൊപ്പുന്നു...
ഈ മഹത്തായ സംരംഭത്തിലേക്ക് അകമഴിഞ്ഞ സംഭാവനക്കായ് ദാസികളും ദാസന്മാരും നിങ്ങളെ തേടിയെത്തുന്ന അറിയിപ്പിന് വേണ്ടിയായിരുന്നു ആ മൌനം .. പാത്രങ്ങളില്‍ വീഴുന്ന തുട്ടുകള്‍ക്കനുസരിച്ച് ആ മുഖങ്ങളിലെ ചിരി മാറികൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതക്കുശേഷം വലിയ ശബ്ദത്തോടെ പാട്ടുകള്‍ പുന:രാരംഭിച്ചു.. സ്റ്റേജിലേക്ക് വന്ന മനുഷ്യനെ എല്ലാവരും വണങ്ങി..
ഗീതങ്ങളും പ്രാര്‍ത്ഥനകളും ആര്‍പ്പുവിളികളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി.. ആരാധനയുടെ പാരമ്യത്തില്‍ ചിലര്‍ നിലത്തു വീഴുന്നുണ്ടായിരുന്നു.. അവരെ ആരും പിടിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല… അവിടെ മുഴങ്ങുന്ന പലതും എന്റെ ചെവിയില് കേറുന്നില്ലായിരുന്നു.. എന്റെ അശ്രദ്ധ കണ്ണില്‍ പെടുമ്പോഴെല്ലാം കൊച്ചുറാണി എന്നെ കണ്ണുരുട്ടാന്‍ തുടങ്ങി.എല്ലാം കാണുമ്പോഴും ഒന്നു കണ്ണില്‍ പെടാതെ മനസ്സില്‍ തറയാതെ ഓടിമറയുകയായിരുന്നു
ഇപ്പോള്‍ നടുവേദനക്കാരുടെ രോഗം മാറിയിരിക്കുന്നതായി സന്ദേശം കിട്ടിയതായി പ്രാസംഗികന്‍ എല്ലാവരെയും അറിയിച്ചു..
"ദൈവം നമുക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.."
ആര്‍പ്പു വിളികള്‍ക്കിടയില്‍ നടുവേദനക്കാരോട് കുനിയാനും നിവരാനും ആവശ്യപ്പെടുന്നു.. അസുഖം മാറിയെന്ന് അവകാശപ്പെട്ട പലരുടെയും മുഖത്ത് വേദനയുടെ മാറാത്ത ചുളിവുകള്‍ തെളിയുന്നുണ്ടെന്ന് എന്നിലെ അവിശ്വാസിക്ക് തോന്നി...
വീണു നട്ടെല്ലിന്ന് ക്ഷതം പറ്റിയ ഒരാള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.. പ്രാസംഗികന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ സ്റ്റേജിനു മുന്നിലൂടെ വേച്ചു വേച്ചു നടന്നു.. ആ ചെറുപ്പക്കാരന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഞാന്‍ കണ്ണു തുടക്കുന്നത് കണ്ട് കൊച്ചുറാണിയുടെ മുഖത്തൊരു തിളക്കം ... കരയുന്നത് കണ്ടാലും മുഖം തെളിയുമൊ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു... അതോ ഇവിടെയിരുന്ന് കരയുന്നതിന് വേറെ അര്‍ത്ഥം വല്ലതും ഉണ്ടോ ആവോ..?
അസുഖക്കാരെല്ലാം തലയില്‍ തൊട്ട് പ്രാര്‍ത്ഥനക്ക് ചെല്ലാനായിരുന്നു അടുത്ത നിര്‍ദ്ദേശം.. ഫോട്ടോഗ്രഫറിനും വീഡിയോക്കാരനും സൌകര്യപ്രദമായ രീതിയില്‍ ഓരോ രോഗിയേയും അദ്ദേഹം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അണഞ്ഞുപോയ വീഡിയോലൈറ്റ് കത്തുന്നതുവരെ പ്രാര്‍ത്ഥന നിര്‍ത്തിവെക്കാനും പ്രത്യേകം ശ്രദ്ധിച്ചു.. ഇടക്ക് എത്തിയ വലിയ ബുള്സൈ അദ്ദേഹം കഴിക്കുന്നത് കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു.. രാവിലെ തൊട്ട് ഇവിടെ ആയതിനാല്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.. ഉച്ചക്ക് വിതരണം ചെയ്ത ചായയും റൊട്ടിയും കഴിക്കാനും തോന്നിയില്ല.. ഇവിടെന്ന് പുറത്തു കടന്നാല്‍ ആദ്യം കാണുന്ന ഹോട്ടലില് നിന്ന് വയറുനിറയെ വാങ്ങികഴിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..
ഇപ്പോള്‍ ശുശ്രൂഷിക്കപ്പെടുന്നത് ഒരു അമ്മച്ചിയാണ്.. ഒരു കൈ കാല്മുട്ടിലും മറുകൈ അരയിലും വെച്ച് കഷ്ടപ്പെട്ട് നടന്നിരുന്ന അവര്‍ എങ്ങിനെയാണ് ഈ തിരക്കില്‍ മുന്നിലെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.. അവര്‍ അസുഖങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ തുടങ്ങി.. ആ ശരീരത്തില്‍ വേദനയില്ലാത്ത ഒരു ഭാഗം പോലുമില്ലായിരുന്നു.. പ്രാര്‍ത്ഥനക്കു ശേഷം അവരോട് അദ്ദേഹം കുശലം പറയുന്നുണ്ടായിരുന്നു... അമ്മച്ചിയുടെ പടം ടിവിയില് വരും.. അമ്മച്ചികാണണം .. എന്നൊക്കെ... അമ്മച്ചിയുടെ വീട്ടില്‍ ടിവി ഉണ്ടോ ആവോ.. കണ്ടിട്ട് നേരെ ചൊവ്വെ ഭക്ഷണം പോലും കഴിക്കുന്നുണ്ടെന്ന് തോന്നുന്നില്ല..
നേരം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു .. രാവിലെ എട്ട് മണിക്ക് എത്തിയതാണ്.. അവിടെത്തെ തിരക്ക് കണ്ടപ്പോള് നമുക്ക് തിരിച്ച് പോവാമെന്ന നിര്‍ദ്ദേശത്തെ കൊച്ചുറാണി കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു നുള്ളലില്‍ മൌനമാക്കി. ആള്‍ത്തിരക്കില്‍ അത് ആരും കണ്ടില്ലെന്ന് മാത്രം.. അവസാനത്തെ ആശ്രയമായി ഞാനെന്റെ തലവേദനയെ കൂട്ടുപിടിച്ചു.. സത്യത്തില്‍ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.. നില്ക്കാന്‍ വയ്യ എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് തിരിച്ച് പോവണമെന്ന് പറഞ്ഞത്... ക്യുവില്‍ നിന്ന് മാറി, അരികില്‍ കിടന്ന കസേരയില്‍ ഞാനിരുന്നു…
ഇപ്പോള്‍ ഷൂട്ട് ചെയ്യപ്പെടുന്നത് എന്റെ അഭിനയമാണ്.. അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരിക്കുന്നു.. തലയില്‍ കൈവെച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു… മുഖമുയര്‍ത്തിയപ്പോള്‍ ഇത്ര വയസ്സായിട്ടും അദ്ദേഹത്തിന്റെ മുഖം വളരെ സുന്ദരമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.. പക്ഷെ എന്റെ മുഖത്തേക്കടിക്കുന്ന വീഡിയോ ലൈറ്റില്‍ അധികനേരം മുഖമുയര്‍ത്തി നോക്കാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.. പതിയെ കണ്ണുകള്‍ അടഞ്ഞു കൊണ്ടിരുന്നു..
"ദൈവം പ്രസാദിച്ചിരിക്കുന്നു.. എല്ലാവരും കേള്ക്കുവിനന്‍.. ഇവളെ ദൈവം തൊട്ടിരിക്കുന്നു.. ഇവളുടെ തലവേദന ദൈവം നിശ്ശേഷം മാറ്റിയിരിക്കുന്നു.. ഇപ്പോള്‍ ദൈവം എന്നോട് പറഞ്ഞു.. ഇവള്‍ പൂര്ണ്ണ ആരോഗ്യവതിയാണിപ്പോള്‍…"
ആള്‍ക്കൂട്ടം മുഴുവന്‍ ഞാനെന്ന അത്ഭുതവസ്തുവിനെ നോക്കുകയാണ്.. നാവ് വരണ്ടു പോവുന്നു.. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ ..
അദ്ദേഹം കൂടെയുള്ളവരോട് ആജ്ഞാപിക്കുന്നു..
"നല്ലൊരു ഫോട്ടോയെടുക്കണം. സാക്ഷ്യം എഴുതിവാങ്ങണം"
എന്നെ അദ്ദേഹം കസേരയില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്പ്പിച്ചു
"എല്ലാവരും കാണുവിന്‍ .. ഇവള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.."
ചുറ്റുമുയരുന്ന ആരവങ്ങളില്‍ എന്റെ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു.. കൊച്ചുറാണിയെയും കാണുന്നില്ല.. ഇപ്പൊ എനിക്ക് എവിടെയെങ്കിലും കിടക്കണം.. അദ്ദേഹം വീണ്ടും എന്നോട് പറയുകയാണ്..
"പോവുമ്പോള്‍ രണ്ടു കാസറ്റും പുസ്തകങ്ങളും വാങ്ങിക്കൊണ്ട് പോവണം"
കൂട്ടത്തിലൊരാള്‍ ഒരു പേപ്പര് തന്ന് എന്തോ എഴുതാന്‍ പറഞ്ഞു.. പക്ഷെ ഞാനത് കേട്ടില്ല…
ഉണരുമ്പോള്‍ ഞാന് മറ്റെവിടെയോ ആയിരുന്നു.. ഒരു പാട് നിറമുള്ള വളയങ്ങള്‍ കണ്മുന്നില്‍ നൃത്തം വെക്കുന്നു..ഒട്ടിപ്പോയ ചുണ്ടുകള്‍ തുറക്കാനൊരു വിഫലശ്രമം. അനക്കാന്‍ ശ്രമിച്ച കൈത്തണ്ടയില്‍ സൂചിയുടെ വേദന.. ഇപ്പോള്‍ എനിക്ക് കൊച്ചുറാണിയുടെ മുഖം കാണം.. അതില്‍ നിറയെ ദൈന്യത എഴുതി വെച്ചിരിക്കുന്നു.. എനിക്ക് നേരെ മുഖം കുനിച്ചപ്പോള്‍ വെട്ടിയിട്ട മുടിയിഴകള്‍ അവളുടെ മുഖം മറച്ചു..
വെളുത്ത് ഉടുപ്പിട്ട സ്ത്രീ തലയില്‍ തടവി പറഞ്ഞു..
"സാരമില്ല.. ഒന്നുറങ്ങി കഴിയുമ്പോള്‍ ശരിയാവും.."
പതിയെ അവരുടെ മുഖം ആ പ്രാസംഗികന്റെതായി മാറാന്‍ തുടങ്ങി.. എന്നിട്ട് ഇങ്ങനെ പറഞ്ഞു..
"ദൈവം പ്രസാദിച്ചതാണ്.."
കണ്ണുകള്‍ അടയും തോറും തുറന്ന ചെവികളിലൂടെ എനിക്ക് കേള്‍ക്കാമായിരുന്നു..
"ദൈവത്തെ സ്വീകരിക്കാന്‍ മാത്രം വിശ്വാസമില്ലത്തതുകൊണ്ടാണ്.. അവിശ്വാസിയുടെ ശരീരത്തില്‍ ദൈവം പ്രവേശിക്കുന്നതു കൊണ്ടാണ്..."
എന്റെ തലവേദന കൂടികൊണ്ടിരുന്നു.. ആര്‍പ്പു വിളികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനെന്റെ ചെവികള്‍ മുറുക്കിയടച്ചു.. അപ്പോള്‍ ആരോ എന്റെ തലവേദന തലോടിയകറ്റുന്നുണ്ടായിരുന്നു..
Thursday, July 26, 2007
എന്നിട്ടും ...
അഞ്ചിന്റെ അലാറം പതിവുപോലെ അലറിയടിച്ചിരുന്നു
അതിനെ നിശബ്ദമാക്കി, തലവഴിയെ പുതപ്പ് വലിച്ചിട്ടിരുന്നു
കിട്ടാതെ പോവുന്ന കട്ടന്‍ കാപ്പിയെ ഓര്‍ത്തുമാത്രം
ഏഴുമണിക്ക് ചാടിയെഴുന്നേറ്റിരുന്നു
എട്ടിന്റെ സൈറണ്‍ കൂവിയ ശേഷം
അടച്ചിട്ട കുളിമുറികള്‍ക്കു മുന്നില്‍
വരാന്തയുടെ നീളമളന്നിരുന്നു
അവളുടെ പ്രഭാതഭക്ഷണം ഇന്നും അനാഥമായിരുന്നു
പതിവുപോലെ ഒമ്പതിന്റെ ഓഫീസ് വണ്ടി
അവള്‍ക്കുവേണ്ടി പാതിവഴിയില്‍ നിര്‍ത്തിയിരുന്നു
കണ്ടുമുട്ടിയവര്‍ക്കൊക്കെ സുപ്രഭാതം ആശംസിച്ചിരുന്നു
ആരും കാണാതെ ഓഫീസിലിരുന്ന്
കാണാമറയത്തെ സുഹൃത്തിനോട് ചാറ്റ് ചെയ്തിരുന്നു
അരമണിക്കൂര്‍ തപസ്സിരുന്നിട്ടും കഴിക്കാനാവാതെ
ഉച്ചഭക്ഷണത്തെ കുപ്പത്തൊട്ടിയില്‍ തട്ടിയിരുന്നു
വൈകുന്നേരം കടയപ്പത്തിന്റെ ബലത്തില്‍
വിശപ്പിനെ കൊലചെയ്തിരുന്നു
ബാക്കിവന്നതിനെ വഴിയോരത്തെ
ചുടുകടലകൊണ്ട് ശമിപ്പിച്ചിരുന്നു
ചിതറിയ വാക്കുകളും ചിലമ്പലുകളും കൊണ്ട്
രാത്രിയെ ശബ്ദമുഖരിതമാക്കിയിരുന്നു
തണുത്ത കുളിക്കുശേഷം ഉറക്കത്തിന് കൂട്ടായ്
ആരുടെയോ നോവിനെ അവള്‍ നെഞ്ചോട് ചേറ്‌ത്തിരുന്നു
എന്നിട്ടും ...
ഇന്ന്, ആര്‍ക്കെന്ന് അടിവരയിടാത്ത
ഒരു നന്ദിവാക്കില്‍ അവള്‍ എല്ലാം മറച്ചുവെച്ചിരിക്കുന്നു
ആരോടും പറയാതെ അവള്‍ ഇറങ്ങിപോയിരിക്കുന്നു
Sunday, July 15, 2007
യാത്രാമൊഴി
അവരെനിക്ക് 'മനോമി"യെ തന്നു
എന്നെപ്പോലെ വേരുകള്‍ നഷ്ടപ്പെട്ട മനോമിയെ
'സേനഹപൂര്‍വ്വ"ത്തില്‍ മറന്നുപോയ ചന്ദ്രക്കല
എന്റെ നഷ്ടങ്ങളുടെ പ്രതീകമാവുന്നു
അവളേ സ്നേഹിച്ചവരില്‍ നിന്നും അവള്‍ ഓടിയകന്നു
അവള്‍ സ്നേഹിച്ചവര്‍ക്ക് അവളൊരു ഭാരമായ്
രക്തബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോള്‍
സൌഹൃദങ്ങളുടെ വിലയറിയാന്‍
അവള്‍ ബന്ധങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു
(ഞാനും..)
വര്‍ഷങ്ങള്‍ നല്‍കുന്ന പ്രായത്തിന്റെ പക്വത
ഒരിക്കലും പ്രായമാവാത്ത മനസ്സിന്റെ അപക്വതയും
കടിഞ്ഞാണിന്റെ നേരിയ ചലനങ്ങള്‍പോലും
പൊട്ടിപൊളിഞ്ഞ തകരപ്പാട്ടയുടെ
അരോചകമായ സ്പന്ദനങ്ങളാകുന്നു
മറക്കാമെന്ന് ഞാന്‍ വെറുതെ എന്റെ ഓര്‍മ്മകളോട് പറഞ്ഞു
അവര്‍ പുച്ഛത്തോടെ ചിരിക്കുന്നു
നിന്റെ മുറിവുകളില്‍ ഒരു മുള്ളാണികൂടി
ഇന്നും ഞാനൊത്തിരി ചിലച്ചു
എന്തിനെന്നറിയാതെ
അവസാനം ആട്ടം മറന്ന്
അരങ്ങില്‍ ഉറങ്ങിപ്പോയി
ഭരതവാക്യം ചൊല്ലി തിരശ്ശീല വീഴുമ്പോള്‍
ഞാനറിയുന്നു
എന്റെ രംഗം എന്നെ കഴിഞ്ഞു പോയെന്ന്
അത്,
ഞാനറിയാതെ മറ്റാരോ ആടി തകര്‍ത്തെന്ന്
ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
അവള്‍ യാത്രയാവുന്നു - കടലിനക്കരേക്ക്
എഴുതപ്പെടാത്ത കുറ്റപത്രങ്ങളുടെ
പുതിയ താളുകള്‍ മറിക്കാന്‍ , ഞാനും
എവിടെയെന്നറിയാത്ത മറ്റൊരു താവള്‍ത്തിലേക്ക്
അവസാനം ---
സാദൃശ്യങ്ങളുടെ ആകെ തുകയില്‍ നിന്ന്
ചേരാത്ത ഇഴകളെ കുറച്ചെടുത്തോട്ടെ
അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല
*മാധവികുട്ടിയുടെ മനോമി
Monday, July 9, 2007
നിലവിളികള്‍ അസ്തമിക്കുന്നില്ല..
"എനിക്ക് വിശക്കുന്നുണ്ട്.. "
ഫയല്‍ നോക്കികൊണ്ടിരുന്ന പങ്കജാക്ഷന്‍ നായരെന്ന ബോസ്സിന്റെ നോട്ടം ഇപ്പോള്‍ തന്റെ മുഖത്തേക്ക് ഉയരുമെന്ന് അവള്‍ പ്രതീക്ഷിച്ചെങ്കിലും, പാതിയോളമെത്തി, ഒരു മൂളലില്‍ സമ്മതം നല്‍കി അതു തിരിച്ചു പോയി.. പതിവുള്ള നന്ദി പറയാതെ അവള്‍ തിരിച്ചു നടന്നെങ്കിലും കേബിന്‍ന്റെ വാതില്‍ അടക്കും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി... അയാള്‍ തന്നെ നോക്കികൊണ്ടിരിക്കുകയാവുമെന്ന അവളുടെ ഊഹം തെറ്റാത്തതില്‍ അവള്‍ക്കൊരല്‍പ്പം അഹങ്കാരം തോന്നി...
രണ്ട് മണിക്കൂറില്‍ അധികമായി താന്‍ വിശന്നിരിക്കുകയായിരുന്നെന്ന ചിന്ത തന്നെ അവളുടെ വിശപ്പിനെ ആളികത്തിച്ചു..ഉച്ചക്ക് പതിവുപോലെ കാന്റീനിലെ പുളിശ്ശേരിയും രസവും കൂട്ടി നല്ലൊരു ഊണ് കഴിച്ചതാണ്.. അതിനു ശേഷം വിളിച്ചവരോടൊക്കെ അവള്‍ പറഞ്ഞത് തന്റെ അകാരണമായ വിശപ്പിനെ കുറിച്ചായിരുന്നു..
പ്രശ്നങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍, അല്ലലും അലട്ടലും മനസ്സില്‍ നിന്ന് കുടഞ്ഞെറിയാന്‍ അങ്ങിനെ എന്തിനായാലും അവള്‍ക്ക് അവളുടേതായ വഴികളുണ്ട്.. അതാണ് മിത്ര.. ഇന്നത്തെ വിശപ്പിന്റെ കാരണം കണ്ടെത്താനാവാത്തതായിരുന്നു അവളേ അലട്ടിയിരുന്നത്..
അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രമുള്ള എളുപ്പവഴി ഉപേക്ഷിച്ച് തിരിക്കു പിടിച്ച നഗരവഴിയെ അവള്‍ നടക്കാന്‍ തുടങ്ങി.. ഓഫീസിലെ പ്രശ്നങ്ങളെ ഫ്ലാറ്റിലെത്തും മുമ്പ് തൂത്തെറിയാനാണ് ഈ വളഞ്ഞ വഴിയെ അവള്‍ സാധാരണ്‍ നടക്കാറ്.. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട ആ അലസമായ നടത്തം, പലതും മറക്കാനുള്ള ഒരു ഉപാധികൂടിയായിരുന്നു.. അതൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നപ്പൊഴത്തെ കാര്യമാണ്..
ഒരിക്കലും തനിച്ചു കയറിയിട്ടില്ലാത്ത ആ റെസ്റ്റോറന്റില്‍ ആരൊക്കെയോ തന്നെ നോക്കുന്നുണ്ടായിരുന്നെന്നത് അവള്‍ കണ്ടെന്ന് നടിച്ചില്ല..അതില്‍ ചിലര്‍ അവളുടെ പരിചയക്കാര്‍ ആയിരുന്നെന്നതു തന്നെ കാരണം.. ഒരു ബിരിയാണി കഴിച്ചിട്ടും തന്റെ വിശപ്പടങ്ങുന്നില്ലെന്നത് അവള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.. അവിടെ ഇരുന്ന് വീണ്ടുമൊരു ഓര്‍ഡര്‍ നല്‍കാന്‍ തോന്നിയില്ലെങ്കിലും ഒരു പാഴ്‌സല്‍ വാങ്ങാന്‍ അവള്‍ മടിച്ചില്ല.. ഫ്ലാറ്റില്‍ താന്‍ തനിച്ചാണെന്നതില്‍ അന്നാദ്യമായി അവള്‍ സന്തോഷിച്ചു..
വസ്‌ത്രം പോലും മാറ്റാതെ അവള്‍ വാങ്ങികൊണ്ടുവന്ന ഭക്ഷണം തീര്‍ത്തു.. അപ്പൊഴേക്കും ക്ഷീണം കാരണം ഉറക്കം വന്നിരുന്നെങ്കിലും രാത്രി എന്തു കഴിക്കുമെന്ന ചിന്ത അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു... അല്പനേരത്തെ വിശ്രമത്തിനു ശേഷം ചപ്പാത്തി ഉണ്ടാക്കാന്‍ എടുത്ത മാവ് പതിവിലും കൂടുതല്‍ ആയിരുന്നു.. കുറെ നാളുകള്‍ക്കു ശേഷമായിരുന്നു അവള്‍ അത്താഴം ഉണ്ടാക്കുന്നത് ..
വീട്ടില്‍ അമ്മയുടെ താവളമാണ് അടുക്കള.. ചേച്ചിമാര്‍ കൂടെ ഉള്ളതുകൊണ്ട് സ്വയം പാചകത്തിന്റെ ആവശ്യം വരാറുമില്ല.. കൂടുതല്‍ പറയാനാണെങ്കില്‍ പാചകം അവളുടെ ഇഷ്ടവിഷയവുമല്ല.. ഇവിടെയും അമ്മ ഉണ്ടായിരുന്നതു കൊണ്ട് ഭരണം അമ്മയുടേതു തന്നെ..
കൂട്ടുകാരന്റെ മരണം വരുത്തിയ വലിയ ഒഴിവ്, തന്നെ കീഴടക്കുന്നെന്ന് തോന്നിയപ്പോഴായിരുന്നു നാട്ടില്‍ നിന്നും നഗരത്തിലേക്കുള്ള ചേക്കേറല്‍ .. സ്ഥലംമാറ്റമെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചത് സ്വയം ചോദിച്ചു വാങ്ങിയതായിരുന്നു. വിഷമിച്ചിരിക്കുന്ന പെണ്ണിനെ തനിയ വിടണ്ട എന്ന ബഹുജനാഭിപ്രായത്തിലായിരുന്നു അമ്മയും കൂടെ വന്നത്. നാളുകള്‍ കൊണ്ടു തന്നെ ഫ്ലാറ്റിന്റെ നാലുചുമരുകള്‍ക്കുള്ളിലെ ജീവിതം അമ്മയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. രാവിലത്തെ മുങ്ങികുളിയും അമ്പലദര്‍ശനവുമൊക്കെ നഷ്ടമാവുന്നതിന്റെ വേദന വേറെയും.. അനിയനൊരു കുഞ്ഞുണ്ടായപ്പോള്‍ അവനൊരു സഹായം എന്ന പേരില്‍ അമ്മ വീണ്ടും നാട്ടിലേക്ക്.. മിത്ര ഇവിടെ തനിച്ചും .. നഗരത്തിരക്കില്‍ താനൊരിക്കലും തനിച്ചാവില്ലെന്ന് അവള്‍ തമാശയായി അനിയനോട് പറഞ്ഞു.. എന്നെങ്കിലും അമ്മ തിരിച്ചുവരും എന്ന പ്രതീക്ഷയും അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഒരാള്‍ക്ക് മാത്രം പാചകം ചെയ്യുക എന്ന മടുപ്പുകാരണമാണ് ഭക്ഷണം കാന്റീനില്‍ നിന്നാക്കിയത്..വൈകുന്നേരം കഞ്ഞി.. ചിലപ്പോള്‍ പഴങ്ങള്‍ .. പതുക്കെ പതുക്കെ രാവിലത്തെ വെറുംകാപ്പിക്കു വേണ്ടി മാത്രം അടുക്കളയില്‍ തീയെരിയാന്‍ തുടങ്ങി.. അവധി ദിനങ്ങളില്‍ എന്തെങ്കിലും ഉണ്ടാക്കാനോ പുറത്തു പോയി കഴിക്കാനോ മടിച്ച് പട്ടിണി കിടക്കാന്‍ തുടങ്ങിയതും അങ്ങിനെയാണ്.. പക്ഷെ, ഇന്നുമാത്രം വിശപ്പ് തന്നെ കീഴക്കിയതെന്തെന്ന് ഓര്‍ത്തതിനൊപ്പം അവള്‍ ചപ്പാത്തി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു..
അധികം ഭക്ഷണം കഴിച്ചതു കൊണ്ട് നേരത്തെ ഉറങ്ങാന്‍ കിടന്നെങ്കിലും ഏറെ കഴിയും മുമ്പ് തന്നെ അവള്‍ ഉണര്‍ന്നു ..വിശപ്പ് വീണ്ടും അവളെ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു .. ഫ്രിഡ്ജിലിരുന്ന ബ്രെഡും ജാമും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ തീര്‍ത്തു.. പിന്നെ വാടിയതും അല്പം കേടുവന്നതുമായ പഴങ്ങള്‍ പോലും നല്ല സ്വാദുള്ളതായി അവള്‍ക്കു തോന്നി..
പക്ഷെ വിശപ്പ് കാരണം അവള്‍ക്ക് വീണ്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ല.. അടുക്കളയില്‍ കേറി ഒരു വട്ടം കൂടി പാത്രങ്ങള്‍ തുറന്നു നോക്കി... ഒന്നും ബാക്കിയില്ലെന്ന അറിവില്‍ നഖം കടിച്ച് തുപ്പാന്‍ നോക്കി.. പിന്നെ ആ നഖച്ചീളിനെ കടിച്ചിറക്കി... അടുത്ത വിരലില്‍ നിന്നും അടുത്തതിലേക്ക്.. പിന്നെ അടുത്തതിലേക്ക്.. ഇടക്കെപ്പൊഴോ ചോരയുടെ പുളിപ്പും ഉപ്പും അവളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്താന്‍ തുടങ്ങിയിരുന്നു..
Monday, July 2, 2007
വഴികള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു
നീണ്ടുപോവുന്ന വഴികള്‍
അവയുടെ അവസാനം ഏറെ ഇടവഴികള്‍
നേര്‍വഴി നഷ്ടമാവുമ്പോള്‍ തേടാനായ് കുറുവഴികള്‍
ആരോ പറഞ്ഞു വെച്ച ചൊല്‍വഴികള്‍
തിരിച്ചു നടക്കാനാവാത്ത ഇന്നലെകളുടെ വഴികള്‍
ഒരിക്കലും സ്വന്തമാവാത്ത സ്വപ്നത്തിന്റെ വഴികള്‍
കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഭാഗ്യത്തിന്റെ വഴികള്‍
യാത്രികര്‍ മറന്ന സത്യത്തിന്റെ വഴികള്‍
നെഞ്ചേറ്റി വെക്കുന്ന സ്നേഹത്തിന്റെ വഴികള്‍
മറക്കാന്‍ മറന്നുപോയ അവഗണനയുടെ വഴികള്‍
പ്രിയമുള്ളവര്‍ നടന്നു മറഞ്ഞ മരണത്തിന്റെ വഴികള്‍
ആര്‍ക്കും വേണ്ടാത്ത യാതനയുടെ വഴികള്‍
ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന മുള്‍വഴികള്‍
ആരും കടന്നു വരാത്ത എന്റെ വഴികള്‍
അറിയാതെ ഞാന്‍ എത്തുന്ന കവിതയുടെ വഴികള്‍
അറ്റമില്ലാതെ നീളുന്ന ഭാവനയുടെ വഴികള്‍
പണ്ടുപണ്ടെന്ന് ചൊല്ലുന്ന കഥയുടെ വഴികള്‍
പറയാന്‍ മറന്നുപോയ ജീവിത വഴികള്‍
പാതി പറഞ്ഞു നിര്‍ത്തിയ ഭാവിയുടെ വഴികള്‍
വഴികളില്‍ ...വഴിത്തിരിവുകളില്‍
വഴികാട്ടികള്‍ നഷ്ടമാവുന്ന കൂട്ടുവഴികളില്‍
വഴിയരികില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു
Tuesday, June 26, 2007
നീരു വലിയ കുട്ടിയാ....
കസേരക്ക് പുറകിലേക്ക് തലചായ്ച് കിടന്ന അവള്‍ കണ്‍തുറന്നത് എന്തോ ശബ്ദം കേട്ടെന്ന തോന്നലിലാണ്...മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മേശപ്പുറത്ത് കിടന്ന ഫോട്ടോസ് എടുത്ത് വീണ്ടും നോക്കാന്‍ തുടങ്ങി.
കറുപ്പും ചുവപ്പും ആധിപത്യം സ്ഥാപിച്ച ചിത്രങ്ങള്‍ ആയിരുന്നു മിക്കവയും.. അഗ്നി താണ്ഢവമാടിയ ഒരു ബസ്സ് അപകടം .. നാളെത്തെയും തുടര്‍ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..
തലേദിവസത്തെ അദ്ധ്വാനം നല്‍കിയ ക്ഷീണം നിരഞ്ജനയുടെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.പക്ഷെ മനസ്സ്, നടുക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മോചിതമായി ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. . അവളുടെ ശ്രദ്ധ കയ്യിലിരുന്ന ഫോട്ടോകളില്‍ തന്നെ തിരിച്ചെത്തി..
ഉയര്‍ന്നു കത്തുന്ന തീനാളങ്ങളുടെ നിഴലുകള്‍ക്കിടയില്‍ രണ്ടു കൊച്ചു ഗോളങ്ങള്‍ ജ്വലിച്ചു നിന്നു.. രണ്ടു കണ്ണുകള്‍ .. യാന്ത്രികമായി ചിമ്മിയ കേമറകണ്ണുകള്‍ അവയെ പകര്‍ത്തിയത് അവള്‍ പോലും അറിഞ്ഞിരുന്നില്ല...
"മോളേ.. അല്ല .. മാഡത്തിനെ സാറ് വിളിക്കുന്നുണ്ട്"
ശങ്കരേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, അവള്‍ കൂടെ ചെന്നു .. മുറിക്കു പുറത്തു കടന്നതും അവള്‍ തന്റെ പരിഭവം പുറത്തെടുത്തു..
"എന്നെ മേടം എടവം എന്നൊന്നും വിളിക്കണ്ട"
പിന്നെ പതുക്കെ പറഞ്ഞു
"കുടുംബം പുലര്‍ത്താന്‍ ഞാന്‍ മുതിര്‍ന്നു പോയെങ്കിലും ശങ്കരേട്ടന്റെ മനസ്സിലെങ്കിലും ഞാന്‍ ആ പഴയ നീരുവായി ..കോളേജുപെണ്ണായിരിക്കട്ടെ"
സാറിന്റെ മുറിയില്‍ കയറും മുമ്പ് അവള്‍ ശങ്കരേട്ടനെ ഒന്നു കൂടി നോക്കി.. അയാളുടെ കണ്‍കളില്‍ തുള്ളികളാകും മുമ്പെ പൊലിയാന്‍ വിധിക്കപ്പെട്ട കണ്ണീറ്‌തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മനസ്സിലെ ചിന്തകള്‍ ഇതിലൊന്നായിരുന്നിരിക്കാം .. ഒന്നുകില്‍ അകാലത്തില്‍ നഷ്ടമായ തന്റെ സുഹൃത്തിനെ കുറിച്ച്..അല്ലെങ്കില്‍ അയാളുടെ മകളെ കുറിച്ച് ...
കണ്ണു തുടച്ച് ശങ്കരേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അടഞ്ഞവാതിലിനപ്പുറം ഒരു തുടക്കക്കാരിക്കു ലഭിക്കാവുന്നതിലേറെ അഭിനന്ദനങ്ങള്‍ നിരഞ്ജനക്കു മേല്‍ ചൊരിയപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നു പോലും അവളുടെ മനസ്സിലേക്ക് കടന്നു ചെന്നില്ല...മാത്രമല്ല, ഒരു പിടി മനുഷ്യരുടെ വേദനകളെ വിറ്റ തന്നോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. വീണ്ടും ആ ചോദ്യം അവളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.
"കിട്ടിയ സമയം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ ..."
തനിച്ചായപ്പോള്‍ ആ ദൃശ്യങ്ങളുടെ ഓര്‍മ്മകള്‍ അവളുടെ കാല്‍വിരലുകളില്‍ നേര്‍ത്ത പെരുപ്പായി.. പിന്നെ ഒരു വിറയലായി അത് മുകളിലോട്ട് അരിച്ചു കയറി. ശിരസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍, അവള്‍ തല ശക്തമായി കുലുക്കി...ചെവികള്‍ കൈകൊണ്ട് കൊട്ടിയടച്ചൂ...നിമിഷങ്ങള്‍ക്കപ്പുറം സ്വബോധം വീണ്ടെടുക്കുമ്പോള്‍ അവള്‍ ആദ്യം ചെയ്തത്, തനിക്കു ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു..
-----------
നിരഞ്ജനയുടെ ഓര്‍മ്മയില്‍ ആദ്യമായി നടക്കുന്ന പടയണി ആയിരുന്നു അത്.. കാണാന്‍ പോവുമ്പോള്‍ കേമറ എടുത്തത് അമ്മയുടെ എതിര്‍പ്പിനെ വകവെക്കാതെ ആയിരുന്നു..അച്ഛന്റെ മരണശേഷം അത് ആരും എടുക്കാറില്ലായിരുന്നു.താന്‍ ഇതേവരെ കാണാത്ത ആ കാഴ്ചയുടെ കുറെ നല്ലചിത്രങ്ങള്‍ ..അത്ര മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളു..നാളുകള്‍ക്ക് ശേഷം അന്നാദ്യമായി അവളുടെ അച്ഛന്റെ "ഇരുട്ടുമുറി"യില്‍ വെളിച്ചം വീണു....പിറ്റേന്ന് ശങ്കരേട്ടനെ പടയണിയുടെ ഫോട്ടോസ് കാണിച്ചപ്പോള്‍ അതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തുകൊണ്ട് പോയി..പിന്നെ ശങ്കരേട്ടന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ കോപ്പിയും ഒരു കവറും കൊണ്ട് വന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല അതാണ് തന്റെ ചോറെന്ന്..
ഒരു പകരക്കാരി ആയാണെങ്കിലും അവളിന്ന് ഒരു പ്രെസ്സ് ഫോട്ടൊഗ്രഫര്‍ ആണ്..പൂവിനും ചിത്രശലഭങ്ങള്‍ക്കും പകരം അവള്‍ നഗരത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്നു.. അരിവാങ്ങാന്‍ കാശില്ലാത്തവരുടെ നിരാഹാരസമരങ്ങളും തുണിയില്ലാത്തവരുടെ ഫേഷന്‍ ഷോകളും അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു..
------
അതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍ പോലും നിരഞ്ജനയുടെ അടുത്ത് വന്ന് അഭിനന്ദനം പറഞ്ഞു...പക്ഷെ എന്നിട്ടും അവളുടെ മുഖത്ത് വന്നത് ഒരു മങ്ങിയ ചിരി മാത്രം.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴെക്കും നേരിയ തലവേദനയും ...
അമ്മ അടുത്തു വന്നിരുന്ന് ഒരോ കാര്യമായി പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓര്‍ത്തു.. അമ്മ പഴയ വഴക്കൊക്കെ മറന്നിരിക്കുന്നു.. ഒത്തിരി മുതിര്‍ന്നതു പോലെയാ അമ്മ തന്നോട് പെരുമാറുന്നത് ... അനിയത്തിയും വല്ലാതെ അകന്ന പോലെ... പേടിയോടെയാ ഓരോ ആവശ്യവും തന്നോട് പറയുന്നത് .. മൂന്നുമാസം മുമ്പ് വരെ അച്ഛനുണ്ടായിരുന്നതില്‍ നിന്നും എന്തൊരു വ്യത്യാസം .. ചിന്തകളില്‍ നിരഞ്ജന ഒരു പാടു കാലം പുറകിലായിരുന്നു ...
"ചേച്ചി...." അനിയത്തിയുടെ വിളികേട്ട് ഉണര്‍ന്നപ്പൊഴാണ് അമ്മ എപ്പൊഴൊ എഴുന്നേറ്റ് പോയിരുന്നെന്ന് അവള്‍ അറിഞ്ഞത്... അനിയത്തിയെ അരികില്‍ പിടിച്ചിരുത്തി...
"എനിക്ക് യൂത്ത്ഫെസ്റ്റിവല്‍ ന്‍ പോവണം .. പെണ്‍കുട്ടികളുടെ കൂടെ വീട്ടില്‍ നിന്ന് ആരെങ്കിലും ചെല്ലണമെന്ന് പറഞ്ഞു.. കഴിഞ്ഞ തവണ അച്ഛനാ...."
അത്രയുമായപ്പൊഴേക്കും നിരഞ്ജന അവളേ തന്നോട് ചേര്‍ത്തു
"ചേച്ചിയില്ലെ .. പിന്നെന്താ .. ചേച്ചി വരാം കൂടെ.."
------------------
സമ്മാനങ്ങള്‍ നെഞ്ചോടടക്കി പിടിച്ചുള്ള അനിയത്തിയുടെ വരവു കണ്ടപ്പോള്‍
നിരഞ്ജനക്കു കരച്ചില്‍ വന്നു... അടക്കി പിടിച്ച വേദന പൊട്ടിയത് അവള്‍
വന്നു കെട്ടിപ്പിടിച്ചപ്പൊഴാ... രണ്ടുപേരും ചിന്തിച്ചത് അച്ഛനെ
കുറിച്ചാണെന്ന് അവര്‍ക്കറിയാമായിരുന്നു.. വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ ഓര്‍ത്തപ്പൊഴാ ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ വിഷമം നിരഞ്ജന
അറിഞ്ഞത്...
വീട്ടില്‍ എത്തുമ്പൊഴേക്കും നേരം ഏറെ വൈകി... മുറ്റത്തെ ആള്‍ക്കൂട്ടം
കണ്ട് എന്തെന്നാലോചിക്കും മുമ്പെ ശങ്കരേട്ടനെത്തി...
"അമ്മ..."
ആ കൈയില്‍ പിടി മുറുക്കുമ്പോള്‍ അവള്‍ ഒറ്റപ്പെടലിന്റെ തണുപ്പറിഞ്ഞു..
"പെട്ടന്ന് വയ്യായ തോന്നി കൊണ്ടു പോയതാ.. എത്തിയില്ല.. നിങ്ങളെ
അറിയിക്കാന്‍ വഴിയില്ലാത്തോണ്ട് കാത്തിരിക്കാരുന്നു.. എല്ലാം
ഒരുക്കിയിട്ടുണ്ട്.."
തനിക്കായൊന്നും ചെയ്യാനില്ലെന്ന് നിരഞ്ജന വേദനയോടെ അറിഞ്ഞു...മുഖത്തു
നിന്ന് തുണിമാറ്റിയപ്പോള്‍ ആരുടെയോ നിര്‍ദ്ദേശത്തില്‍ അവള്‍ ആ ഉറങ്ങുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചു.. കൈകള്‍ വിറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ഉള്ളിലിരുന്നു ശാസിച്ചു...
രാത്രി ആളൊഴിഞ്ഞ വീട്ടില്‍ അവള്‍ ആ കേമറ അച്ഛന്റെ ഇരുട്ടുമുറിയില്‍
വെച്ചു പൂട്ടി.. പിന്നെ തളര്‍ന്നുറങ്ങുന്ന അനിയത്തിയെ തന്നോടു ചേറ്‌ത്തു കിടത്തി..
Sunday, June 24, 2007
ആല്‍മരങ്ങള്‍ മൌനികളാകുന്നു
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു
മാളോരെ..ഒരു നിമിഷം
ഈ വിഡ്ഢിയും ഒന്നു ചിരിക്കട്ടെ, ആര്‍ത്തട്ടഹസിക്കട്ടെ
മൌനമായ് കാത്തിരിക്കട്ടെ, നാളത്തെ തേങ്ങലുകള്‍ക്കായ്
നിമിഷങ്ങളുടെ നീക്കത്തില്‍
ഞങ്ങളുടെ കളങ്ങളില്‍ ചുവന്ന വരകള്‍ തെളിയുന്നു
ചക്രം തെറിച്ച ശകടവും, അപ്രതീക്ഷിത അതിഥിയും
മുറ്റത്തെ മുല്ലകള്‍ക്ക് മണമില്ലാത്ത പൂക്കള്‍ മാത്രം
തുളവീണ വയറിന്റെ അടപ്പുകള്‍ മുറുകാതാവുമ്പോള്‍
അവര്‍ കളങ്ങള്‍ മാറ്റിചവിട്ടുന്നു
തെറിച്ചു വീഴുന്ന ദുര്‍ഗന്ധത്തില്‍ ഞങ്ങള്‍ മൌനികളാകുന്നു
മനസ്സില്‍ അഗ്നിപര്‍വ്വതങ്ങളും മുഖത്ത് നിസ്സംഗതയും
പ്രഭാതകിരണങ്ങള്‍ക്കു മുമ്പെ
പാത്രത്തിലടച്ച അപ്പകഷണങ്ങള്‍
ആദ്യത്തെ വായക്കു മുമ്പെ
അപ്പുറത്ത് മരണമണി മുഴങ്ങുന്നു
ഇത് ജോലി സമയം
അവള്‍ പുറകോട്ട് ചായുന്നു - "അമ്മേ'
നടുവിലൂടെ കൊള്ളിയാന്‍ മിന്നുന്നു
കുത്തിയിരുപ്പിന്റെ നീക്കിയിരുപ്പ്
വയറമര്‍ത്തി മുന്നോട്ട് വീഴുന്നു
പുറം ലോകം നിഷേധിക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു
അസ്ഥിപഞ്ജരം നടന്നുവരുന്നു
കത്തുന്ന കണ്ണുകളുമായി
ആദ്യം ഇത്, പിന്നെ അത്, പിന്നെ ..പിന്നെ
തളര്‍ന്നു വീഴാതെ വണ്ടിക്കാളകള്‍ വലിച്ചു കൊണ്ടേയിരിക്കുന്നു
പുരകില്‍ ചാട്ടവാറിന്റെ മുഴക്കം മാത്രം
അവള്‍ ചിരിക്കുകയാണ്, ചിരിച്ചു കൊണ്ടേയിരിക്കുകയാണ്
പിന്നെന്തെ ഭൂമിപൊള്ളിക്കാന്‍ ചുടുകണങ്ങള്‍ ഉതിര്‍ന്നത്
അവന്‍ ചിന്തയിലാണ്‍
സ്വപ്നങ്ങളിലെങ്ങോ നിലവിളക്കുണ്ട്,
നിറപറയുണ്ട് വരണമാല്യമുണ്ട്
അവന്റെ മോതിരവിരലില്‍ അവന്റെ സുന്ദരിയുണ്ട്
സ്വപ്നങ്ങളില്‍ അവന്‍ വഴിതെറ്റിയാലോ
ചൂരലുമായ് അവര്‍ കാത്തുനില്‍ക്കുന്നു
ആരുടെയോ ആദായങ്ങളുടെ കണക്കെടുക്കാന്‍
കൂട്ടാന്‍ വീണ്ടും കുറക്കാനായ്
മൌനം അവന്റെ കൂട്ടാളിയാണ്
നാവിനെ തളക്കാന്‍ ചങ്ങല വാങ്ങിയത് എവിടെ നിന്നാവാം
ഇടക്കെപ്പൊഴൊ കോവിലില്‍ നെയ്ത്തിരി വെച്ച് കൊട്ടിപ്പാടുന്നു
കണ്ണുപൊട്ടന്‍ ദൈവം പ്രസാദിക്കുന്നു
എല്ലാം ഒരു ലഹരിയുടെ പൊയകാഴ്ചകള്‍ മാത്രം
കോമാളിയായ് അവസാനത്തെ അതിഥിയെത്തുന്നു
അപ്പൊഴും അവള്‍ തടവിലാണ്
ജാമ്യം പോലും നിഷേധിക്കപ്പെട്ട്
അകലെ പട്ടടയെരിയുമ്പൊഴും
ഞങ്ങള്‍ വിറങ്ങലിച്ചിരിപ്പാണ്
അഞ്ചാം മണിയുടെ മുഴക്കത്തിനായ്
Tuesday, June 19, 2007
ആശംസകള്
നന്നായി അലങ്കരിച്ച വേദിയില്‍ അവര്‍ ഇരുവരുമുണ്ട്.. പരിചിതരും അപരിചിതരുമായ് നല്ലൊരു ആള്‍ക്കൂട്ടം ഹാളില്‍ നിറഞ്ഞിരിക്കുന്നു. പഴയ കൂട്ടുകാരെ പലരെയും വീണ്ടും കാണാനുള്ള അവസരം കൂടിയായിരുന്നു.. ഞാനെത്തിയത് അല്പം വൈകിയായതിനാല്‍ പലരും തിരിച്ചു പോവാന്‍ തുടങ്ങിയിരുന്നു..വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു ബാക്കിയുള്ളവര്‍ .. ചിലര്‍ അവരെ പോയി കണ്ട് ആശംസകള്‍ അറിയിക്കുന്നു..
അപ്പൊഴും ആരോടാണ് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കേണ്ടതെന്ന സംശയത്തിലായിരുന്നു ഞാന്‍ .. ഇങ്ങനെ ഒരു പാര്‍ട്ടി തന്നെ കൂടുന്നത് ആദ്യമായിട്ടാ.. അല്ലെങ്കിലും ഇപ്പൊ തൊട്ടതിനും പിടിച്ചതിനും ഒക്കെ ആഘോഷങ്ങളല്ലെ? തഞ്ചത്തില്‍ കിട്ടിയ പഴയ കോളേജ്‌മേറ്റ് തന്നെ രക്ഷക്കെത്തി..
"രണ്ട് പേരും രണ്ട് മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ .. കമ്പനിക്കാര്യത്തിന് തന്നെ സമയം തികയുന്നില്ല... തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വ്വം ... നാളെ അവന്‍ യു എസ് നു പറക്കാ... അവിടത്തെ കമ്പനി തലവന്‍ ആയി ...അവളാണെങ്കില്‍ പുതിയ ജോലിയില്‍ കയറിയതെ ഉള്ളു... ഒന്നിനും സമയമില്ല..അതുകൊണ്ടാ പെട്ടന്ന് ഇങ്ങനെ ഒരു ഒത്തു കൂടല് .. കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ഒന്നും ഇല്ലല്ലൊ..
ഈ ഡിന്നര്‍ തന്നെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് അവളുടെ കമ്പനിയാ.. അവര്‍ക്കും ഒരു പരസ്യമായി .."
പിന്നെയും അവള്‍ പറഞ്ഞു കൊണ്ടിരുന്നു.. വന്ന സ്ഥിതിക്ക് അവരെ മുഖം കാണിക്കാതെ പറ്റില്ലല്ലൊ... നാളെ ഇതിനും വന്നില്ലെന്ന് പരാതി പറഞ്ഞാലോ.. തിരക്കൊന്ന് കുറഞ്ഞെന്ന് തോന്നിയപ്പോള്‍ ഞാനും വേദിയിലെത്തി.. നല്‍കാവുന്നതില്‍ നല്ലൊരു ചിരി രണ്ടുപേറ്‌ക്കും സമ്മാനിച്ചു.. പിന്നെ ഹൃദയം നിറഞ്ഞ ആശംസകള്‍ നല്‍കി...
"ഹാപ്പി ഡൈവോഴ്സ്ഡ് ലൈഫ്"
Thursday, June 14, 2007
അന്തിക്കൂട്ട്
അസ്തമയാര്‍ക്കന്റെ അവസാനകിരണം ചക്രവാളത്തില്‍ അപ്രത്യക്ഷമാവും മുമ്പ് എന്റെ കോട്ടവാതില്‍ എനിക്കു പിന്നില്‍ വലിച്ചടക്കപ്പെടുന്നു. പിന്നെ എന്റെ ചുവരുകള്‍ക്കുള്ളില്‍ സന്ധ്യയുടെ അരുണിമയില്‍ നിന്നും രാത്രിയുടെ ഇരുട്ടിലേക്ക് ... ആരുമറിയാതെ പൊട്ടിക്കരയുമ്പോള്‍ എന്റെ കൊത്തളത്തില്‍ ഞാനെന്നും തനിച്ചായിരുന്നു .. ഇന്ന് എനിക്കൊപ്പം അവളും .. എന്റെ രാത്രിമഴയും
Thursday, June 7, 2007
ആദിശേഷയ്യ ചരിത്രമാവുമ്പോള്‍
വായിക്കാം.. സമയമുണ്ടെങ്കില്‍... അഭിപ്രായം അറിയിക്കുമല്ലൊ അല്ലെ...!
ആദിശേഷയ്യ ചരിത്രമാവുമ്പോള്‍
ആദിശേഷയ്യ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. ഞങ്ങളുടെ അറിവില്‍ മക്കളോ ശേഷക്കാരോ ഇല്ലാത്തതിനാല്‍ ആ ചരിത്രം അവിടെ അവസാനിച്ചു. എന്നിട്ടും ഇന്ന് ഞാന്‍ ചരിത്രത്തില്‍ ആദിശേഷയ്യയെ തിരയണോ അതോ ആദിശേഷയ്യയില്‍ നിന്നും ചരിത്രത്തിലേക്ക് തിരിയണോ എന്ന ആശങ്കയിലാണ്. കാരണം എല്ലാവരും ആ പേരുപോലും മറക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ആരുമറിയാതെ ചരിത്രത്തിലേക്ക് വലതുകാല്‍ വെച്ച് കയറിവന്നത്. അതും താഴത്തേതില്‍ തറവാടിന്റെ ചരിത്രത്തിലേക്ക് , ഒരു വജ്രമോതിരത്തിന്റെ തിളക്കവുമായ്.
......................
Monday, June 4, 2007
പുണ്യം
കുങ്കുമമാകുമോ പുണ്യം
കുനിയും ശിരസ്സില് കുരുങ്ങും
ചരടിലെ, പൊന്‍താലിയോഎന്റെ പുണ്യം
നിറമുള്ള കനവുകള് നെയ്തതില്ല
സ്വപ്നരഥമേറി വാണതില്ല
തന്നിഷ്ടമാടി നടന്നതില്ല
മൂത്തവര് ചൊല്ലു മറന്നതില്ല
കാല് തൊട്ടു വന്ദിച്ചനുഗ്രഹമായ്
ഉടയാത്ത പട്ടു പുടവചുറ്റി
തെറ്റാതെ വലതുകാല് വെച്ചുകൊണ്ടാ
കതിര് മണ്ഢപത്തിന് പടികള് കേറി
എന് കൈ പിടിച്ചാ കയ്യില് ചേര്ത്തുവെക്കെ
കണ്ണൂകള് എന്തെ അടച്ചു വെച്ചു
ചുണ്ടുകള് എന്തെ പിറുപിറുത്തു
തുണയാവുക, നല്ലൊരിണയാവുക
ഇടറുന്ന വേളയില് താങ്ങാവുക
നിഴലാവുക, നിത്യ സഖിയാവുക
ഒരുമിച്ചു കാതങ്ങള് മുന്നേറുക
എന്നുമീ കൈകളില് നിറവാകുക
കൈവിരല് പഴുതിലൂടൂര്ന്നുപോവും
ജീവിതതുള്ളികള് കാത്തുവെക്കാന്
ആവതില്ലാത്തൊരു പെണ്മനസ്സിന്
ചിതറിത്തെറിക്കും വിതുമ്പലാകാം
പിടയുന്ന നെഞ്ചിന്റെ തേങ്ങലാവാം
പറയാതെ ഉള്ളില് കുമിഞ്ഞുകൂടും
വേദനകള് ഒന്നു പങ്കുവെക്കാന്
പൊട്ടിക്കരഞ്ഞു തളര്ന്നുപോകെ
കരയരുതെന്നൊരു വാക്കുകേള്ക്കാന്
വ്യാമോഹമാണോ ദുര്മോഹമാണോ
ഉള്ളിലുണരുന്ന സ്വപ്നമാണോ
എന്റെ കാലുകെട്ടാന് കുഞ്ഞിക്കാലിനായി
കാത്തിരിപ്പാണവര് നാളുനോക്കി
പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ
മറുവാക്കു ചൊല്ലാത്ത പാവയല്ലെ
തറവാടിന്റെ പൈതൃകം കാത്തുവെക്കാന്
ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്
നിന് ചോരയില് പുതുജീവനേകീടുക
അമ്മയായ് അടിമയായ് ഇവിടെ വാഴ്ക
Tuesday, May 29, 2007
അവന്റെ വിവാഹമാണ് ...
കണക്കുകൂട്ടുകയാണ്. അവരാണെങ്കില് അക്ഷമരായി വിയര്ത്തു കുളിച്ച് ഇരിക്കുകയും. ചുറ്റും ആകാംക്ഷയോടെ എല്ലാവരും നില്ക്കുന്നു.
ആള്ക്കൂട്ടത്തില് ഒറ്റപ്പെട്ട് ഞാനും കാത്തുനില്ക്കുകയാണ്.
മണിക്കൂറുകള്ക്കു മുമ്പെ വിജനമായ ഈ അമ്പലമുറ്റത്ത് എത്തുമ്പോള് സംശയമായിരുന്നു. ഇത് തന്നെയല്ലേ സ്ഥലമെന്ന്. ഒരു അര്ച്ചനക്കായ് ചെന്നപ്പോള് സ്ഥലം തെറ്റിയില്ലെന്ന് ഉറപ്പുവരുത്തി... ഭദ്രകാളിയും രക്തേശ്വരിയും ചുവന്നുനില്ക്കുമ്പോള് ഞാനവരോട് ഉള്ളുരുകി പറഞ്ഞു.
വിഘ്നേശ്വരനോട് ഏത്തമിട്ട്, നാഗരാജാവിനോടും നാഗയക്ഷിയോടും കനിയാനായി തലകുനിച്ച്, കണ്ണനോട് പഴയ പരിചയം പുതുക്കി മൂന്നു വലം വെച്ച് ഞാനാ മുറ്റത്ത് കാത്തുനിന്നു. കിഴക്കേ നടയില് താഴോട്ട് നീളുന്ന പുല്ല് നിറഞ്ഞ നീണ്ട കല്പടവുകള്.. വളറ്ന്നു പടര്ന്നു പന്തലിച്ച അരയാലും, തൊഴാനെന്നപോലെ ഒന്നു വളഞ്ഞ് തുടര്ന്നൊഴുകുന്ന ആറും എല്ലാം ഒരു കവിതപോലെ സുന്ദരം. പക്ഷെ അതൊന്നും അപ്പൊഴെന്റെ കണ്ണില് പോലും പതിഞ്ഞില്ല...
ഭാഷയുടെ വ്യത്യാസം കൊണ്ടാവാം പൂജാരിയുടെ കുശലാന്വേഷണം. സമയം തള്ളി നീക്കാന് ഞാനും ചിരിച്ചുകൊണ്ട് നിന്നു കൊടുത്തു.പക്ഷെ അപ്പോഴും ഞാന് മനസ്സുകൊണ്ട് മറ്റെവിടെയോ ആയിരുന്നു. ഇടക്കൊക്കെ ഒളികണ്ണിട്ട് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. എന്നെ വേദനിപ്പിക്കരുതെന്ന് ഓര്മ്മിപ്പിച്ചു.
ഇപ്പോള് ഞാന് ഒറ്റക്കല്ല. ഒത്തിരി അപരിചിതര് വന്നുകൊണ്ടിരിക്കുന്നു. ദൂരെയിരുന്ന് അവരെ നോക്കിയിരുന്നു. വരുന്ന് വാഹനങ്ങളിലെല്ലാം അപരിചിതര്
മാത്രം .. ഇടക്ക് കയറിവന്ന വെള്ള മാരുതി കാറില് അവരുടെ
പേരെഴുതിയിരിക്കുന്നു. ഫോട്ടോഗ്രാഫേഴ്സ് വരനിറങ്ങുന്നത്
സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ക്രീം ഷര്ട്ടും കസവുമുണ്ടുമായി അവന് ഇറങ്ങി. ചീകിയൊതുക്കിയ മുടിയും ഒഴിവാക്കാനാവാത്ത കണ്ണടയും. മാറി നിന്നപ്പോള് ഞാന് ശരിക്കും കണ്ടു. ചുണ്ടില് ചിരിയുണ്ട്. ഒരിക്കല് കൂടി ഞാന് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. ഇപ്പോള് സമയം നീങ്ങുന്നത് അറിയുന്നില്ല. കാണാന് , കണ്ടിരിക്കാന് എനിക്കൊരു കാഴ്ചയുണ്ടല്ലോ. പിന്നെ ഞാന് വരുന്ന വാഹനങ്ങളോ അപരിചിതരെയോ കണ്ടില്ല. ഇടക്ക് പച്ചസാരിയില് തലനിറയെ മുല്ലപ്പൂവുമായി അവളെത്തി. ഇപ്പോള് ദൃശ്യങ്ങളെ നാളെക്കുവേണ്ടി കാത്തുവെക്കുന്നവര് അവള്ക്കു പുറകെയാണ്.
എനിക്കവനെ കാണണം.. ഞാന് വരാതിരുന്നില്ലെന്ന് അവനോട് പറയണം. പിന്നെ .. പിന്നെ .. പിന്നെന്തു പറയാന് .. അവന്റെ കണ്ണില് പെടാന് ഇവിടെ നിന്നാല് കഴിയില്ല. അപ്പൊഴാണ് ഞാന് ഞങ്ങള്ക്കിടയിലെ ദൂരത്തെ കുറിച്ച് ഓര്ത്തത്. കൂട്ടുവിളിക്കാന് ആരുമില്ലാത്തതിനാല് ഞാന് ചെന്നു, തനിച്ചു തന്നെ. പരസ്പരം ചിരിച്ചു കൊണ്ട് നില്ക്കുമ്പോള് വാക്കുകള് നഷ്ടപ്പെടുകയായിരുന്നോ ..
"വേറെ ആരും വന്നില്ലെ..?"
"ഇല്ല"
"അവര്ക്കൊക്കെ വേറെയെന്തൊക്കെയോ തിരക്കുകള് .. എനിക്ക് വരാതിരിക്കാനാവില്ലല്ലോ"
"നോക്ക് .. വീട്ടില് വരണം ട്ടൊ"
എന്നെ നോക്കി ചിരിച്ച ആ ഉറക്കെയുള്ള ചിരിയുടെ അര്ത്ഥമെന്തായിരുന്നു. എന്റെ പഴയ ഭീഷിണികളുടെ ഓര്മ്മയാവണം. ഒന്നും പറയാനില്ലാതായപ്പോള് ഞാന് പതുക്കെ രക്ഷപ്പെടാനുള്ള വഴി തേടി.
"ചെല്ല് .. അവര് കാത്തു നില്ക്കുന്നു. .." ആരെന്നു പറയാതെ ഞാന് തിരിഞ്ഞു നടന്നു.
കല്ല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോവണം ...ഇല്ല .. ഇനി ഒരിക്കല് കൂടി വയ്യ. എല്ലാവരും അമ്പലനടയിലേക്ക്. വരനെ വധുവിന്റെ ആള്ക്കാര് മാലയിട്ട് ആരതിയുഴിഞ്ഞ് മണ്ഢപത്തിലേക്ക് ആനയിച്ചു. സമയം ഇനിയും നിമിഷങ്ങള് കൂടി ..അവന് വിയര്ത്തൊഴുകി ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല് കണ്ണട ഊരിയും തിരിച്ചുവെച്ചും ഇടക്ക് ചുറ്റും നോക്കിയും സമയം കളയുന്നു, അപ്പൊഴും ഞാനറിയാതെ നിരന്നിരിക്കുന്നവരെ നോക്കി. ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..
ഉച്ചത്തിലുള്ള വര്ത്തമാനങ്ങള് പെട്ടന്ന് നിലച്ചു. അവള് വന്നു.കയ്യില് താലവും വിളക്കുമായി മൂന്നു വലതുവെച്ചു. അവന്റെ അരികില് ഇരുന്നു. അവര്ക്കിടയില് എത്ര ഇടയുണ്ടെന്ന് ഒന്നെത്തി നോക്കാന് എനിക്ക് തോന്നി. എല്ലാവരും സമയമാവാന് കാത്തിരിക്കുകയാണ്. മഞ്ഞചരടില് അമ്മാവന് താലി കോര്ത്തു. ഫോട്ടോക്കു വേണ്ടി ഇരുന്നു കെട്ടാന് പറയുമ്പോള്, അവന് താലിയുമായി എഴുന്നേറ്റു. പണ്ടെ അവന് അനുസരണ എന്നത് അടുത്തു കൂടി പൊയിട്ടില്ലല്ലോ.. അങ്ങിനെ അവന് അവളുടേതായി.
ഇപ്പോള് നിരന്നിരുന്ന ദൈവങ്ങളെല്ലാം വെറും കല്ലുകളായി തോന്നി. ബാക്കി ചടങ്ങുകള് കാണാന് നില്ക്കാതെ ആറ്റിലേക്കുള്ള പടവുകളിലേക്ക് ഞാന് നടന്നു. വൈകി എത്തുന്നവര്ക്കിടയില് പഴയ ചില മുഖങ്ങള് . ഇവിടെ ഞാന് അഭിനയിക്കണം..തുറന്ന ചിരിയുമായി ഞാന് അവര്ക്കിടയിലേക്ക്.. ഒന്നിനു പത്തെന്ന നിരക്കില് പഴയ വാചകമടി. എല്ലാവരും പുതിയ ജീവിതത്തിന് ആശംസകള് നല്കാന് പോവുമ്പോള് എനിക്കും പോയെ തീരൂ.. ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം. അറിയാതെ ഇടഞ്ഞുപോയ കണ്ണുകള് .. ഫോട്ടോക്ക് നില്ക്കാന് , ഉയരത്തിന്റെ കണക്കില് മുന്നിലേക്ക് തള്ളിയപ്പോള് എത്തിപ്പെട്ടത് വലതുവശത്ത്. ഒരിക്കല് ഞാന് വലം കയ്യായിരുന്നു.ഭക്ഷണം കഴിക്കാതെ പുറത്തുകടക്കാനാവില്ല. ഒഴിഞ്ഞ മൂലയില് ഇരുന്നപ്പോള് അവര് വരുന്നുണ്ടായിരുന്നു...കൈകള് കോര്ത്തുപിടിച്ച്. ഇരുന്നത് എന്റെ വലതുവശത്തെ വരിയില് . അവന് അവളോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവന് അന്നും എന്നോട് പറഞ്ഞിരുന്നത് അങ്ങിനെ തന്നെ.
"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."
അവന് പറയുന്നു. അവള് കേള്ക്കുന്നു. മണിക്കൂറുകള് ഞങ്ങള്ക്കിടയില് കൊഴിഞ്ഞു വീണപ്പോള് ഞാനും മൌനിയായിരുന്നല്ലോ.ഇനിയൊരു യാത്ര പറച്ചിലില്ല... പോവണം..
പുറത്തിറങ്ങി പോരുമ്പോള് മറ്റാരെയും കാത്തുനിന്നില്ല. തിരിച്ചുള്ള യാത്രയില്, വഴി നിറയെ നിരന്നിരുന്നിരുന്ന പേരറിയാത്ത ദൈവങ്ങളെ ഞാന് കണ്ടില്ല. മാനത്തോളം തല നീട്ടിനില്ക്കുന്ന കുരിശുകളെയും .. അങ്ങോട്ടു പോവുമ്പോള് ഒരോരുത്തരോടും പറഞ്ഞതായിരുന്നു.
രാത്രി ..അവര് ഇപ്പോള് ഒന്നായി കാണും .. ആദ്യമായി ഞാന് നേരുന്നു ... മംഗളങ്ങള് . ..
Friday, May 25, 2007
നാലാം നിലയിലെ കുമ്പസാരകൂടുകള്‍
പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ "അവര്" നാലഞ്ചു പടി താഴെ നിന്ന്
കിതക്കുകയായിരുന്നു.
"ക്ഷീണിച്ചോ?" നാലാം നില എത്താറായെന്ന് ഞങ്ങള് ആശ്വസിക്കുന്നത്
മൂന്നാംനിലയിലെ ഒമ്പതാം നമ്പറ് മുറി കണ്ടാണ്.പിന്നെ പതിയെ കയറും.ഇരുപത്
കാണുമ്പോള്‍ സമാധാനമായി. കാരണം ഇതാണല്ലോ നാലംനില.
ഇരുപതാം നമ്പര്‍ മുറിക്കു മുന്നില്‍ നിന്ന് അവരുടെ ശ്വാസം വലി
കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി.പുറത്തേക്ക് തുറിച്ച അവരുടെ കണ്ണുകളോട്
ഞാന് മുഖം തിരിച്ചു. നിമിഷങ്ങള്‍ക്ക്ശേഷം അവരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി
പ്രത്യക്ഷപ്പെട്ടപ്പോഴാണ്` ആശ്വാസമായത്. ഇടനാഴിയുടെ ഇരുവശത്തേക്കും
അവര്‍ പല തവണ നോക്കി. വെളിച്ചം വരുന്ന ഗ്രില്ലിനടുത്തിട്ട ബെഞ്ചിലേക്ക്
ചൂണ്ടി ഞാന്‍ പറഞ്ഞു.
"കുറച്ചു നേരം ഇവിടെ ഇരിക്കൂ. ഞാന്‍ മുറി തുറക്കാം". അവര് ബെഞ്ചില്‍
ഇരുന്നപ്പോള്‍ ഞാന്‍ മുറി തുറന്നു. കട്ടിലില്‍ ചിതറി കിടന്ന പുസ്തകങ്ങളും
തുണികളും എടുത്തുമാറ്റി. ഫാന്‍ ഇട്ടു. ആകെകൂടി വലിയ കുഴപ്പമില്ലെന്ന്
തോന്നിയപ്പോള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.
കട്ടിലില്‍ ഇരുന്നിട്ടും അവരുടെ പരവേശം
തീര്‍ന്നിട്ടുണ്ടായിരുന്നില്ല.ഫ്ലാസ്ക് തുറന്ന് ഒരു ഗ്ലാസ്സ് വെള്ളം
എടുത്തുകൊടുത്തു.അവരെന്റെ മടക്കിവെച്ച കിടക്കയില് തലചായ്ച്, കട്ടിലില്
കാല് നീട്ടി വെച്ചു.പതിയെ കണ്ണുകളടച്ചു.കുറച്ചു നേരം ഞാനവരെ
നോക്കിനിന്നു.പിന്നെ വാതില്‍ ചാരി പുറത്തിറങ്ങി.
ഗ്രില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വെയില്‍ താഴാന്‍
തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ്റിയില്‍ കൂടണയാനുള്ള പക്ഷികളുടെ തിരക്ക്
തുടങ്ങിയിട്ടില്ല.വെറുതെ ഒന്നുകൂടി മുറിയുടെ വാതില്‍ തുറന്നു
നോക്കി.അവര്‍ നല്ല മയക്കത്തിലാണ്.എന്തായാലും എന്നെക്കാള്‍
പ്രായമുണ്ട്.അവരെപോലെ ഒരാളാണ്` ഇവിടെ വേണ്ടത്.ഇത്രയും
കുമ്പസാരരഹസ്യങ്ങള്‍ നെഞ്ചില് കാത്തുവെക്കേണ്ടതല്ലെ.യാതൊരു
പരിചയവുമില്ലാത്ത കാലത്താണ്` ഇതെന്റെ തലയില് വന്നത്.ആരും
പറഞ്ഞിട്ടല്ല.ആരും അറിഞ്ഞിട്ടുമല്ല.എങ്ങിനെയോ ഈ കുമ്പസാരകൂടുകളുടെ
കാവല്ക്കാരിയായ്. ഒപ്പം സ്വന്തം രഹസ്യങ്ങള്‍ ആരോടും പറയാനാവാതെ വിങ്ങി
നീറുവാനും.നീണ്ട നാലുവര്‍ഷങ്ങള്‍. അതൊരു നിയോഗമാവാം.അപൂര്‍വ്വമായ്
മാത്രം കിട്ടുന്ന നിയോഗം.
"ഞാന് ഒന്നു മയങ്ങിപോയി....യാത്രയുടെ ക്ഷീണം"
അവര് അടുത്തുവന്നപ്പോള്‍ മാത്രമാണ്` ഞാനറിഞ്ഞത്.
"ദാ.. അവിടെയാണ്` ബാത്റൂമും വാഷ് ബേയ്സിനുമെല്ലാം.പോയി ഒന്നു ഫ്രെഷ്
ആയിക്കോളൂ.എന്നിട്ട് കാപ്പികിടിക്കാം"
കാപ്പികുടിക്കുമ്പോള്‍ ഞാന് മനസ്സില് കൂട്ടികിഴിക്കുകയായിരുന്നു.എവിടെയാ
പറഞ്ഞുതുടങ്ങേണ്ടതെന്ന്`.
"ഞാന് പലരില്‍ നിന്നും കേട്ടിട്ടുണ്ട്.ഇവിടത്തെ കുറിച്ച്. ഈ
നഗരത്തിലേക്കുള്ള എന്റെ നാലാമത്തെ വരവാണ്`.മുമ്പ് മൂന്നു തവണയും വേറെ
ഇടങ്ങളില്‍ ആയിരുന്നു താമസം .പറഞ്ഞു കേട്ടതില്‍ നിന്നുണ്ടായ ഒരു കൌതുകം.
അതാണെന്നെ ഇത്തവണ നാലാം നിലയിലേക്കെത്തിച്ചത്".
നേരിയ നിശബ്ദതക്കു ശേഷം അവര് ചോദിച്ചു
"എനിക്ക് മുമ്പ് ഈ കട്ടിലില്‍ ആരായിരുന്നു?"
ഞാന്‍ അറിയാതെ ഒന്ന് ഞെട്ടി.എന്റെ മറുപടി കിട്ടാത്തതിനാലാവാം അവര്‍
ചോദ്യം ആവര്‍ത്തിച്ചു.
അവള് കാന്‍ഡിഡ.പെയ്ന്റിംഗ് പഠിക്കാന്‍ വന്നതായിരുന്നു.വളരെ ക്രിയേറ്റീവ്
ആണ്.ഭര്‍ത്താവിന്റെ ക്രിയേറ്റിവിറ്റി കൂടിയപ്പോള്‍ അവളൊരു
അമ്മയായി.ഇന്നലെയാണ്` അവള്‍ക്കൊരു വാവയുണ്ടായത്".
എത്ര ശ്രമിച്ചിട്ടും ചുണ്ടില്‍ ഒരു ചിരിവരുത്താനുള്ള എന്റെ ശ്രമം ശരിയായില്ല.
പുതിയ പൂക്കള്‍ തേടിനടക്കുന്ന ഒരു വണ്ടാണ്` അവളുടെ കണവനെന്ന് എങ്ങിനെ
പറയാന്‍. അവള്‍ പറന്നുപോവുമോ എന്ന് തോന്നിയപ്പോള്‍ എറിഞ്ഞു കുടുക്കിയ ഒരു
ചങ്ങലമാത്രമാണ്` ആ കുഞ്ഞെന്ന് എങ്ങിനെ കൂട്ടിചേര്‍ക്കാന്‍.
പൊട്ടിച്ചിരിച്ച് ബഹളം വെക്കുമ്പോള്‍ ആരും കാണാതെ ഒളിപ്പിച്ചുവെച്ച
അവളുടെ കുഞ്ഞുസ്വപ്നങ്ങളെ എങ്ങിനെ തുറന്നുകാണിക്കാന്‍ .ഇന്നും അവളെ
കാത്തിരിക്കുന്ന പഴയ കൂട്ടുകാരനോട് അവള്‍ അറിയാതെ അടുത്തുപോവുന്നോ എന്ന
എന്റെ സംശയം ആരോട് പങ്കുവെക്കാന്‍. നിറവയറുമായ് എന്നെ കാണാനെന്ന് പറഞ്ഞ്
അവള്‍ ഇറങ്ങിയത് അവനെ കാണാനായിരുന്നെന്ന സത്യം ഞങ്ങളുടെ മാത്രം സ്വന്തം.
ഏന്റെ ചുണ്ടില്‍ ഉമ്മവെച്ച് ഇത്പോലൊരെണ്ണം എനിക്ക് കിട്ടിയെന്ന്
കള്ളചിരിയോടെ പറഞ്ഞത്, അതെന്റെ ഏതോ സ്വപ്നം മാത്രമായിരുന്നിരിക്കണം .
അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം. ഞങ്ങള്‍ പുറത്തിറങ്ങി.
"ഇത് രതീദേവി.. സെയില്സ് ടാക്സ് ഓഫീസര്‍. മലബാറില് നിന്നാണ്."
ബാക്കി പരിചയപ്പെടല് അവര്‍ക്കായ് വിട്ടുകൊടുത്തു.
ദൈവമേ .. ഇവര്‍ രതിയോട് എന്തു ചോദിക്കുമോ ആവോ? ആതെ.. അവര്‍ അതു
തന്നെയാണ്` ചോദിച്ചത്.
"കല്ല്യാണം കഴിച്ചതാണോ മലബാറില്‍?സ്വന്തം വീട് എവിടെയാ?"
സ്വതവേ ദേഷ്യം നിറഞ്ഞ അവളുടെ മുഖം ചുവന്നു തുടുത്തു.
"ഞാന് മാരീഡ് അല്ല"
പിന്നെ വേഗം വാതില് ചവിട്ടിതുറന്ന് റൂമില് കയറി.
സാധാരണ പെണ്‍കുട്ടികളുടെ കല്ല്യാണം നടത്താന്‍ വീട്ടുകാര് ആണല്ലോ
മുന്നിട്ടിറങ്ങുന്നത്. രതിയുടെ കാര്യത്തില്‍ നേരെ
തിരിച്ചായിരുന്നു.ജോലികിട്ടിയപ്പോള്‍ തന്നെ അവള്‍ കല്ല്യാണത്തിനായ്
ഒരുക്കങ്ങള്‍ തുടങ്ങി.പത്രത്തിലും ബ്യൂറോയിലും എല്ലാം പരസ്യം കൊടുത്തതും
വരുന്ന മറുപടികള്‍ക്കെല്ലാം അന്വേഷണം നടത്താന്‍ മുന്നിട്ടിറങ്ങിയതും അവള്
തന്നെയായിരുന്നു.ഇരുപത്തിരണ്ട് വയസ്സില് കാര്യമായി അന്വേഷിക്കാന്‍
തുടങ്ങിയത് ഫലപ്രാപ്തിയിലെത്തിയത് മുപ്പത്തിരണ്ടില് ആണെന്നു
മാത്രം.പിന്നെ ദിവസങ്ങളുടെ ദൈര്ഘ്യത്തില് അത് മുറിഞ്ഞുവീണെന്ന് അറിയാം
.എങ്ങിനെയെന്നത് അറിയാവുന്നവരാരും ചോദിക്കാറില്ല.അയാള് എവിടെയെന്ന്
ആര്ക്കും അറിയില്ല.അയാള്‍ വീണ്ടും കെട്ടിയതും അതും പിരിഞ്ഞതും വേറൊരു
സത്യം .നാട്ടില്‍ നിന്നും നഗരത്തിലേക്കൊരു സ്ഥലം മാറ്റം.പുതിയ സ്ഥലത്ത്
പുതിയൊരു പരിവേഷം.ഒരു പുരുഷവിരോധിയായി.
രതി ആഞ്ഞടച്ച വാതില്‍ കണ്ട് അവരൊന്ന് പതറിയെന്ന് തോന്നുന്നു.അരുത്,
തളരരുത്.. എന്ന് പറയാന് തോന്നി.
മഞ്ജു ഉടയാത്ത കോട്ടന്‍ ചുരിദാറും മായാത്ത് ലിപ്സ്റ്റിക്കുമായി നേരിയ
സുഗന്ധത്തോടെ പടികള്‍ കേറിയെത്തി.
"ഇത് മഞ്ജു.ഗള്‍ഫില്‍ നിന്ന് എണ്ണപ്പണം വാരാന്‍ പറക്കാന്‍ തയ്യാറായി
ഇരിക്കുന്നു. കെട്ടിയവന്‍ വിസ അയക്കും വരെ ഇവിടെ ഇംഗ്ലീഷ് പഠിത്തവും
ചില്ലറ തരികിടയും .. "
അവളുടെ കിലുകിലാച്ചിരി അവര്‍ക്ക് ഒത്തിരിപിടിച്ചെന്ന് തോന്നുന്നു.ഒരു
നാട്ടുകാരായതോണ്ടാവാം അവരുടെ സംസാരം ഒരുപാട് നീണ്ടുപോയി.
ഇവളൊരു കള്ളിപ്പൂച്ചയാണെന്നാ എല്ലാരും പറയുന്നെ.പക്ഷെ ഇവള്‍
കുമ്പസാരിക്കാന്‍ വന്നപ്പോഴൊന്നും ഞാന് ചെവികൊടുത്തില്ല.എന്തോ അത്
എനിക്ക് തങ്ങാനാവുന്നതില്‍ അപ്പുറമാണെന്ന് ഒരു തോന്നല്.എന്തായാലും
കാന്ഡിഡക്ക് അറിയാമായിരിക്കും.അവള് പോയ അന്നാണ്` മഞ്ജുഎന്റെ അടുത്ത്
വന്ന് കരഞ്ഞത്. പക്ഷെ അന്നും എന്താണ് അവളുടെ രഹസ്യമെന്ന് ചോദിക്കാന്‍
എനിക്ക് കഴിഞ്ഞില്ല.സമയമാവുമ്പോള്‍ അവള്‍ പറയും അന്ന് അത് കേള്‍ക്കാനുള്ള
മനക്കരുത്ത് എനിക്കുമുണ്ടാവും.എന്തായാലും അതൊരു കുമ്പസാരരഹസ്യമല്ലെ!
മഞ്ജുവിന്റെ റൂമിലേക്ക് സിന്ധു വന്നത് പുതിയ ജോലിയുടെ സന്തോഷത്തിലായിരുന്നു.
"സിന്ധു ഒരു മരഞ്ചാടിയാണ്. ഓരോ പുതിയ ഓഫര്‍ കിട്ടുമ്പോഴും അവള്‍ ജോലി
മാറികൊണ്ടിരിക്കും"
ഒരു തുറന്ന പുസ്തകം എന്ന് കൂട്ടിചേര്‍ക്കാന്‍ തോന്നി.മനസ്സില്‍ ഒരു
പ്രണയത്തിന്റെ കനല് കെടാതെ സൂക്ഷിക്കുന്നവള്‍. ഒരേ സമയം അതൊരു
തമാശയെന്നും ഒന്നുകൂടി ചോദിച്ചാല്‍ കാര്യമായിട്ടാണെന്നും പറയുന്നവള്‍.
ഒരുപാട് ആലോചിച്ച് നടത്തിയ ചേച്ചിയുടെ വിവാഹം വര്‍ഷങ്ങള്ക്കുശേഷം
തകര്‍ന്നതിന്റെ വിഷമം പറഞ്ഞുതീര്‍ക്കുന്നവള്‍. അമ്മയുടെ മടിയില്
തലവെച്ചുറങ്ങിയാല് എല്ലാ വേദനയും മറക്കാന്‍ കഴിയുന്ന ഭാഗ്യവതി.
"വേഗം വാ… ഇന്ന് ലിസ്സിചേച്ചിയുടെ റുമില് തീറ്റമല്‍സരം ..ബോണസ്സ്
കിട്ടിയതിന്റെ ചിലവ്." .. വിളിക്കുന്നത് ആരായാലും അത് എല്ലാര്‍ക്കും
കൂടെയാണ്‍..
സമയം ഏഴു മണി.ഇത് ഒത്തുകൂടലിന്റെ സമയമാണ്.രാവിലെ ഇറങ്ങിപോവുന്നവരെല്ലാം
കൂടണഞ്ഞിരിക്കുന്നു.അന്നന്നത്തെ വിശേഷങ്ങളും വിഷമങ്ങളും എല്ലാം
കെട്ടഴിക്കുന്നു.
ഏല്ലാവരും നിരന്നു കഴിഞ്ഞപ്പോള്‍ അവര് ഓരോരുത്തരേയും സസൂക്ഷ്മം
നോക്കുന്നത് ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.എല്ലാവരുടെയും ശ്രദ്ധ മുന്നില്
കഴിക്കാന്‍ നിരത്തിയ സാധനങ്ങളില് ആയതിനാല്‍ മറ്റാരും അതു
ശ്രദ്ധിച്ചില്ല.ബഹളം വെച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കല്
പരിചിതമല്ലാത്തതോണ്ടാവാം അവര് ഓരോന്നും എടുത്ത് കഴിച്ചെന്ന് വരുത്തി.
"ചേച്ചി ഇങ്ങിനെ മാറി ഇരുന്നാല് ഒന്നും കിട്ടില്ലാട്ടോ"
മിനു വിരല് നക്കിതുടക്കുന്നതിനിടയില് പറഞ്ഞു.
"ഇവള്‍ മിനു....ഇക്കൂട്ടത്തില്‍ പെട്ടതല്ല..സി എ ചെയ്യുന്നു.ഞങ്ങള്
പറഞ്ഞുവിട്ടതാണ് സ്റ്റുഡെന്റ്സ് ബ്ലോക്കിലേക്ക്.എന്നാലും
തിന്നാനുണ്ടെന്ന് കേട്ടാല്‍ ഇവിടെത്തും"
അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടോ? ഏനിക്ക് വെറുതെ
തോന്നിയതാണ്.അല്ലെങ്കിലും ഒരു കുടുംബത്തിന്റെ ആശ്രയം താനാണെന്ന്
ഓര്‍ക്കുമ്പോള്‍ കരയാന്‍ എവിടെ നേരം .അതിനേക്കാള്‍ ഏതൊരു
തീരുമാനത്തിനും ഏറ്റവും വലിയ വിലങ്ങുതടി തന്റെ ഭാവിയും, താന്‍ പെണ്ണായി
പോയതുമാണെന്ന തിരിച്ചറിവ്..എന്നിട്ടും അവള്
ചിരിക്കുന്നില്ലെ?മറുലോകത്തിരുന്ന് അവളുടെ പപ്പ അവള്‍ക്ക്
കരുത്താവും..മിനു പറഞ്ഞതില്‍ നിന്നും പറയാത്തത് വായിച്ചെടുക്കാനൊരു
ശ്രമം.അതാണ് അവള്‍ കുമ്പസാരിക്കാത്ത രഹസ്യം.
ബഹളത്തിനിടയില്‍ മുറിയില്‍ ഫോണ്‍ അടിക്കുന്നത് കേട്ടില്ല. നോക്കിയപ്പോള്‍
ഒരേ നമ്പറില്‍ നിന്ന്‍ അഞ്ചു മിസ്സ്കാള്‍ ..
തിരിച്ചു വിളിക്കുമ്പോള്‍ ഏതോ തിരക്കില്‍ ആയിരുന്നു അവള്‍ . പറയുന്നത്
പകുതി പോലും കേള്‍ക്കുന്നില്ലായിരുന്നു ...
"നാളെ ഞാന്‍ വരും ... വിളിച്ചു പറഞ്ഞിട്ടുണ്ട്.. കുറച്ചുനാള്‍ എനിക്ക്
മാറിനില്‍ക്കാതെ വയ്യ"
"ഉം ...എപ്പൊഴാ വരിക .. എന്റെ റൂമില്‍ വേറെ ആളുവന്നു.."
"അയ്യോ .. ഞാന്‍ ചേച്ചിയെ കാണാനാ വരുന്നത് "
"സാരമില്ല.. നീ വായൊ.. "
ഇത് മിറിയം .. മാവേലിയെ പോലെ ഇടക്കിടക്ക് വന്നു പോവുന്നവള്‍ .. അവള്‍ക്കു
ഇത് ഒരു ഒളിത്താവളമാണ്‍. പ്രണയവിവാഹത്തിന്റെ ചൂടുതീര്‍ന്നപ്പോള്‍ അപ്പയും
അമ്മയും പാമ്പും കീരിയും ... അനിയത്തി ഒരു അധികപറ്റെന്ന ചിന്തയില്‍
ചേട്ടനും. സ്വന്തം വിഷമങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായപ്പോള്‍
നടന്നുപോയ വഴികള്‍ ഒരുപാട് തെറ്റിപ്പോയി...വീട്ടുകാര്‍ തന്നെ
കെട്ടിച്ചുവിട്ടു ഭാരം തീര്‍ക്കാന്‍ ഇരിക്കാണെന്ന് അറിഞ്ഞപ്പോള്‍
പതിനെട്ടാം വയസ്സില്‍ അന്യമതക്കാരനുമായി റെജിസ്റ്റര്‍ മാര്യേജ്. ബോധം
വന്നപ്പോല്‍ അതില്‍ നിന്നും പുറത്തുകടക്കാനൊരു ശ്രമം .. എന്താണാവോ അവള്‍
പറയാന്‍ വരുന്നത്.. ഒരിക്കലും നല്ല വാര്‍ത്ത ആവാന്‍ ഇടയില്ല.
മെസ്സില്‍ വെച്ചാണ്‍ ലിസ് നെ കണ്ടത്..ഇത്ര വൈകിയാണോ ഇവള്‍ വരുന്നത്?
റൂമില്‍ പോയി പാത്രം എടുത്തുവരാന്‍ മടിച്ച് എല്ലാവരുടെയും കൂടെ കൂടി
അവള്‍ കഴിച്ചു. അവളുടെ അട്ടഹാസ ചിരികളും ആര്‍പ്പുവിളികളും
ഉയര്‍ന്നില്ലെന്ന് മാത്രം .. കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു..
"ഞാന്‍ നാളേ പോവാണ്‍"
"എങ്ങോട്ട്..?"
"വെക്കേറ്റ് ചെയ്യാണ്‍..വീട്ടില്‍ പോവുന്നു"
പുറകെ വന്നവര്‍ക്ക് വഴികൊടുത്ത് മുറ്റത്തെ മരത്തിന്‍ ചുവട്ടില്‍ പോയിരുന്നു "
"അനിയന്റെ കല്ല്യാണമാണ്.."
"അനിയന്റെയോ ..? അവന് 22 വയസ്സലെ ആയുള്ളു"
ഒരു അവിവാഹിത അനിയന്റെ കല്ല്യാണത്തെ കുറിച്ച് പറയേണ്ടി വരുന്നതിന്റെ സകല
പകപ്പുകളും ആ നേരിയ വെളിച്ചത്തിലും ഞാനവളുടെ മുഖത്ത് വായിച്ചെടുത്തു..
"അവന് ഒരു കുട്ടിയെ ഇഷ്ടാണ്‍.."
"അപ്പോള്‍ നിന്റെ കാര്യം .."
ഇപ്പോള്‍ അവള്‍ അട്ടഹസിച്ച് ചിരിക്കുകയാണ്..എനിക്കറിയാം വെളിച്ചത്തിന്
പുറം തിരിഞ്ഞിരിക്കുന്ന അവളുടെ കണ്ണൂകള്‍ നിറയുന്നുണ്ടെന്ന്..
"റിസര്‍ച്ച് തിസീസ് കൊടുക്കാനല്ലെ ഉള്ളു .. സ്കൂളില്‍ ഇനി എക്സാം ആണല്ലോ
.. അടുത്ത ജുണില്‍ നാട്ടില്‍ എവിടേലും നോക്കാം "
എന്താണ്‍ രഹസ്യം എന്ന് ചോദിച്ചു വന്നവരോടെല്ലാം തന്റെ ഗവേഷണം
ഫലപ്രാപ്തിയില്‍ എത്തിയ സന്തോഷവും അതുകൊണ്ട് താന്‍ വീട്ടിലേക്ക്
തിരിച്ചുപോവുകയാണെന്ന വിശേഷവും അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
താന്‍ വയസ്സായ അമ്മക്ക് കാവല്‍ക്കാരിയായ് ആ പഴയ വീട്ടില്‍ എന്നേക്കുമായ്
അടക്കപെടാന്‍ പോവുകയാണെന്ന് അവള്‍ ആരോടും പറഞ്ഞില്ല. സ്വന്തം വഴിതേടി പോയ
സഹോദരങ്ങള്‍ മറന്നുപോയ പെങ്ങളുടെ അങ്കലാപ്പുകള്‍ പങ്കുവെച്ചതുമില്ല..
യാത്രയുടെ ക്ഷീണം കാരണം അവര്‍ നേരത്തെ കിടക്കാനുള്ള തയ്യാറെടുപ്പില്‍
ആയിരുന്നു.അപ്പൊഴാണ് ജയന്തി വന്നത്.. പാതി ചാരിയ വായിലിലൂടെ നോക്കി അവള്‍
പതിയെ പറഞ്ഞു.
"ഉറങ്ങല്ലെ... ഞാന്‍ ജോലി തീര്‍ത്ത് വരാം "
"ശരി .. പോയി വാ.."
പുതപ്പ് വലിച്ചിട്ട് ചെരിഞ്ഞു കിടന്ന അവര്‍ ചോദിച്ചു
"ആ കുട്ടിയും നാലാം നിലയിലെ ആണോ..?"
"അല്ല .. താഴെ മെസ്സിലെയാണ്"
ഞാന്‍ കിടക്ക തട്ടികുടഞ്ഞു വിരിച്ചു.. കൂടുതല്‍ ചോദിക്കരുതേ എന്ന്
പ്രാര്‍ത്ഥിച്ചു.. തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ കണ്ണടച്ചു കിടക്കുകയാണ്.
പിന്നെയും കുറെ കഴിഞ്ഞാണ് ജയന്തി വന്നത്. കുറച്ചു നേരം മിണ്ടാതിരുന്നു.
"കൊച്ചുമോള്‍ ചേച്ചി എന്നെ പിഴച്ചവള്‍ എന്ന് വിളിച്ചു" ..പിന്നെ ഒരു
പൊട്ടിക്കരച്ചിലായിരുന്നു..
"എന്താ മോളു .. സാരമില്ല.. അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടല്ലെ"
അമ്മ മറ്റൊരാളുടെ കൂടെ പോയെന്നറിയുന്ന ഒരു പതിനാറുകാരിയുടെ സങ്കടം
മുഴുവന്‍ അവള്‍ കരഞ്ഞു തീര്‍ത്തു..ജീവിതം ആഘോഷിക്കേണ്ട പ്രായത്തില്
അനിയനെയും അനിയത്തിയെയും പഠിപ്പിക്കാന്‍ ഒരു അടുക്കളയില്‍ കിടന്നു
പുകയേണ്ടി വരുന്നതിന്റെ വിഷമം .. ദിവസം തോറും ക്ഷയിച്ചു വരുന്ന അച്ഛന്റെ
ആരോഗ്യം ..സ്വന്തമായി കിടപ്പാടം പോലുമില്ലാതെ അമ്മയുണ്ടാക്കിയ
ചീത്തപേരുമായ് എന്തുചെയ്യുമെന്നറിയാതെ ..പാവം ...
"പതിനൊന്നടിക്കുന്നു .. ചെല്ല്.. ഇല്ലെങ്കില്‍ നീ വര്‍ത്തമാനം
പറഞ്ഞിരിക്കാന്ന് പറയും "
ഇറങ്ങിപോയ അവള്‍ തിരിച്ചു വന്ന് പറഞ്ഞു.
"നാളെ ചിങ്ങം ഒന്നാണ്‍...രാവിലെ ചേച്ചി എനിക്ക് കൈനീട്ടം തരണം ട്ടൊ.."
അവള്‍ പോയി കഴിഞ്ഞാണ് ഓര്‍ത്തത് .. കൈയില്‍ ആകെ ഉള്ളത് ആരും ഏടുക്കാതെ
കിടക്കുന്ന ഒരു ഇരുപത് പൈസ തുട്ടു മാത്രം..
കിടന്നിട്ട് ഉറക്കം വരുന്നില്ല ... നാളേ അവരോട് എന്നെ കുറിച്ച് പറയണം ..
ഞാനിവിടം വിടാറായെന്ന് ഉള്ളിലൊരു തോന്നല്‍ .. ഒരു വിങ്ങല്‍ പോലെ..
വൈകി ഉറങ്ങിയതോണ്ടാവാം ഉണാര്‍ന്നപ്പോള്‍ സൂര്യന്‍
ഉദിച്ചുയര്‍ന്നിരിക്കുന്നു..പെട്ടന്നാണ്‍ അവരെ കുറിച്ച് ഓര്‍ത്തത്.
കിടക്ക മടക്കി വെച്ചിരിക്കുന്നു. വാതില്‍ തുറന്ന് അവര്‍ കയറിവന്നത് ഒരു
യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.
"ഞാന്‍ പോവാണ്... എന്തോ കിടന്നിട്ട് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു ..
ആരൊക്കെയോ വന്ന് എന്നോട് സങ്കടം പറഞ്ഞ് കരയുന്നു "
"രാത്രി ഞാന്‍ ഒത്തിരി തവണ ഉണര്‍ന്നു ..കണ്ണടച്ചാല്‍ കരയുന്ന മുഖങ്ങള്‍
തെളിഞ്ഞു വരും "
ഞാന്‍ ചുണ്ടില്‍ ഒരു പുഞ്ചിരി വരുത്താന്‍ ഒരു ശ്രമം നടത്തി. പക്ഷെ വെറുതെ
ആയിരുന്നു.
അവര്‍ ബാഗെല്ലാം എടുത്തു വെച്ചു.. യാത്രപോലും പറയാതെ പടികള്‍ ഇറങ്ങി.
ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അവര്‍ ഗേയ്റ്റ് കടന്ന്
റോഡിലെത്തിയിരിക്കുന്നു.അങ്ങിനെ അവരും പോയി. ഇനി ആരായിരിക്കും വരുന്നത്.
അതോ ഒരിക്കലും വരാത്ത ആരെയോ കാത്ത്, ഞാന്‍ ഈ ജനലഴികളില്‍ കണ്‍
നട്ടിരിക്കുമൊ?
Friday, May 18, 2007
സ്വപ്നചിത്രത്തിലെ നിഴല്‍കാഴ്ചകള്‍ ….. ..
തന്റെ കമ്പ്യൂട്ടര് സ്ക്രീനില് തെളിയുന്ന ഫോട്ടോയില് നോക്കി കൃഷ്ണവിയറ്‌ത്തുരുകി....എന്നിട്ടു ആരെങ്കിലും കേള്‍ന്നുണ്ടോ എന്ന ഭയത്തോടേപിറുപിറുത്തു .. .."ഇത് ... ഇതെന്റെ സ്വപനമാണ്... അവര് അതും കയ്യേറി"ഇന്നലെ ഇതെ പടം പോസ്റ്റില് വന്ന് അവളുടെ കയ്യില് കിട്ടുമ്പോള്‍ കൂടെ ഒരുതുണ്ട് കടലാസ് ഉണ്ടായിരുന്നു .അതില് പറഞ്ഞിരുന്നത്, ഒരു അടിക്കുറിപ്പ്എഴുതി ഇമെയില്‍ ചെയ്യാനായിരുന്നു.. കൃത്യമായ പോസ്റ്റല്‍ സ്റ്റാമ്പ്ഒട്ടിച്ച് വൃത്തിയായി പായ്ക് ചെയ്ത ഫോട്ടൊ ... എന്നിട്ടും യാത്രയുടെവഴിയില് അതു നനഞ്ഞു കുതിര്‍ന്നിരുന്നു ... ആരുടെയോ സമയം കൊല്ലിപരിപാടിയെന്ന് വിചാരിച്ച് തിരക്കിനിടയില്‍ എവിടെയോ ആ ചിത്രത്തെഉപേക്ഷിച്ചു.. "മെയില് കിട്ടിയില്ലല്ലൊ ..?" എന്ന ചോദ്യം അവളുടെഐഡിയില്‍ ഡ്റാഫ്റ്റ് ആയി സൂക്ഷിച്ചതിലേക്ക് ഒരു ചൂണ്ടും കൊടുത്ത,ഇന്നത്തെ മെയില് കണ്ടപ്പോഴാണ് താന്‍ ആരുടെയോ ഇര ആയി തീര്‍ന്നോ എന്നൊരുസംശയം അവളില്‍ ജനിച്ചത്.
ആദ്യത്തെ ചോദ്യം കളിയാട്ടക്കാരന്റെ ആയിരുന്നു..
"ആരോ നിന്റെ ഐഡിയില്‍ കളിക്കുന്നു.. ഇന്നലെ പകല്‍ നീ പനിച്ചുവിറക്കുമ്പോള്‍ ആരോ നിന്റെ പേരില്‍ സജീവമായുണ്ടായിരുന്നു...ഇടക്കൊന്നുമടിച്ചിയായി, വീണ്ടും പൂര്‍വ്വാധികം ഊജ്ജ്വസ്വലയായി .. പിന്നെപ്പൊഴൊതിരക്കിനിടയില്‍ നഷ്ടപ്പെട്ട് ... "
അവന്റെ ചൊല്ലിയാട്ടം ദഹിച്ചില്ലെങ്കിലും അവള് പറഞ്ഞു.."അതില്‍ ബാക്കിയാവുന്നത് നിന്റെ ആട്ടവിളക്കുകള്‍ .. അതിനൊപ്പം ആരുവേണമെങ്കിലും ആടികളിക്കട്ടെ .. വെളിച്ചം എന്റേതു മാത്രമല്ലെ......."
അനധികൃതമായി നിന്റെ സ്വകാര്യതയിലേക്ക് ഞാന്അതിക്രമിച്ചെത്തില്ലെന്നതായിരുന്നു ചുവരെഴുത്തുകാരന്റെ വാഗ്ദാനം ..എന്നിട്ടും ആ സന്ധ്യയില് അവനെന്റെ പനിചൂടിലേക്ക് കറുപ്പിലുംവെളുപ്പിലും അക്ഷരങ്ങള് കോറിവരച്ചു ..
"നിനക്കു പകരം ആരോ നിന്റെ പേരില്‍ ചിത്രം വരക്കുന്നു .. അതിലെ നിറങ്ങള്‍തീരെ അരോചകം .. ഒന്നു ശ്രദ്ധിക്കുക .. ആരോ നിനക്കായി വലയൊരുക്കുന്നു ."
എല്ലാം കേള്‍ക്കുമ്പൊഴും അവള് ആലോചിച്ചത് അവന് പൂര്‍ത്തിയാക്കാത്ത തന്റെഛായാചിത്രത്തെകുറിച്ചായിരുന്നു .. അതിലെ ആവശ്യത്തിലധികം നീണ്ടുപോയ തന്റെവിരലുകളെ കുറിച്ചും .. അപ്പൊഴേക്കും അവളുടെ ചുണ്ടുകള് വരണ്ടുണങ്ങിയിരുന്നു. അവസാനം പാതിരാത്രിക്കപ്പുറം അവളുടെ ദൂതന്‍ നിലവിളിച്ചത്കാതങ്ങള്‍ക്ക്പ്പുറത്തെ അരുളപ്പാടുകള് അവളിലെത്തിക്കാനായിരുന്നു ..ഉറഞ്ഞു തുള്ളി അവന് വെളിച്ചപ്പെട്ടു ..
"നിന്റെ ജീവനില്‍ അന്യന്‍ താവളമാക്കിയിരിക്കുന്നു .. അവന്‍ നിനക്കായ്അരുളപ്പെടുന്നു .. നിനക്കായ് പ്രവചിക്കുന്നു .. അവസാനം നിന്റെ ജീവന്‍ ..???"
അവന്‍ പകുതിയില്‍ ഉറഞ്ഞു നിര്‍ത്തി ...അവളുടെ ചിതറിതെറിച്ച ഭൂതവുംഅലങ്കോലമായ ഭാവിയും അറിഞ്ഞിട്ടും ഒന്നും പറയാത്തവന്‍ , ഇന്ന് ഈഅസമയത്ത് വര്‍ത്തമാനത്തിന്റെ അരുളപ്പാടുമായി .. ഇപ്പോള്‍ അവള്‍വിയര്‍ത്തത് പനിചൂടില്‍ അല്ല ..ഇന്നലെ വീടണയുമ്പോള്‍ ഈ കൃഷ്ണ മാത്രം തുറക്കുന്ന കൃഷ്ണാലയത്തിന്റെവാതിലില്‍ മറ്റൊരു മനുഷ്യഗന്ധം തങ്ങിനിന്നിരുന്നു ..ആവശ്യമില്ലാത്തതെല്ലാം മണത്തെടുക്കുന്ന തന്റെ മൂക്കിനെ അവള് ശാസിച്ചു..
"അത് ഏതോ വഴിപോക്കരുടെഗന്ധം .. അവന് അല്ലെങ്കില് അവള് എന്തിനെന്റെവഴിയമ്പലത്തിലേക്ക് കേറണം .. ഇവിടെ ബാക്കിയാവുന്നത് .. മുഷിഞ്ഞൊരു പായുംതലയിണയും .. വക്കു പൊട്ടിയ പിഞ്ഞാണവും ഗ്ലാസ്സും .. പിന്നെ ആര്‍ക്കും വേണ്ടാത്ത ഈ ഞാനും .."
ക്ഷീണം കാരണം കൂടുതലൊന്നും ഓര്‍ക്കാതെ എല്ലാമൊതുക്കി അവള്‍ തന്റെ പായനിവര്‍ത്തി ...സഫലമാകാത്ത മോഹങ്ങള്‍ എല്ലാം അവള് സ്വപ്നം കണ്ടു തീര്‍ക്കാറുണ്ട്..ഇന്നലെയും തന്റെ സുന്ദരസ്വപ്നത്തിനായ് കാത്തു കിടന്നു .. എന്നിട്ടുംഇടക്കിടക്ക് ഉറക്കം ഞെട്ടി ..
അന്നത്തെ സ്വപ്നത്തില്‍ അവള്‍ ആ കടല്ക്കരയില്‍ ആയിരുന്നു .. തന്റെഒരിക്കലും നടക്കാത്ത മോഹം ... പാതിരാത്രിയില്‍ ആളൊഴിഞ്ഞ കടപ്പുറത്ത്തിരമാലകളെണ്ണി അങ്ങിനെ ഇരിക്കാന്‍ ..കൃഷ്ണയിപ്പോള്‍ കടല്ക്കരയിലാണ് …ആളൊഴിഞ്ഞ കടല്ക്കരയില്‍ .. അവള്‍ക്ക്കൂട്ടായി ആകെയുള്ളത് അവളുടെ നിഴലും .. അങ്ങിനെ സ്വന്തം മോഹംസാധിച്ചതിന്റെ സന്തോഷത്തില്‍ അവള്‍ നിഴലിനെ ഒന്നു തൊട്ടുതലോടി .. പക്ഷെവീതി കൂടിപ്പോയ നിഴല്‍ മറ്റൊരു നിഴലായ് മാറാന്‍ തുടങ്ങിയതും അലാറംഅടിച്ചതും ഒരുമിച്ചായിരുന്നു ..പനിയില്ലാതെ തന്നെ അവള്‍ക്ക് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.
അവള്‍വീണ്ടും പിറുപിറുക്കുന്നു ..
"നോക്ക് .. അവരെന്റെ സ്വപ്നങ്ങള്‍ പോലും കൈയ്യേറിയിരിക്കുന്നു .. ഇത്, ഈപടം …ഇതെന്റെ സ്വപ്നമാണ്.. ഞാന്‍ കണ്ട സ്വപനം .. ഞാന്‍ മാത്രം കണ്ടസ്വപനം .. അതിനെ പോലും അവര്‍ വെറുതെ വിടുന്നില്ല .. എന്റെ നിഴലിനൊപ്പംഅവര്‍ നിഴലായെന്നെ പിന്തുടരുന്നു ....."
അപ്പോള്‍ കൃഷ്ണയുടെ കമ്പ്യൂട്ടര് സ്ക്രീനില്‍ മറ്റൊരു നിഴല്‍ കൂടിചാഞ്ഞുവീഴുന്നുണ്ടായിരുന്നു
Monday, May 7, 2007
ഭരതവാക്യം
മരണം അതൊരു മരീചികയായിരുന്നു
അര്‍ത്ഥമറിയാത്ത മൂന്നക്ഷരം
ബാല്യത്തിന്റ്റെ കൊടിയിറക്കത്തിലോ
കൌമാരത്തിന്റെ കൊടിയേറ്റത്തിലോ
ഒരിക്കല്‍ കണ്ടു, ആദ്യമായ്..
ഒന്നു പരിചയപ്പെടാന്‍ പോലുമാവാതെ
വേദനകളുടെ ഞരക്കങ്ങള്‍ക്കിടയില്‍
ഞാനവളുടെ സാന്ത്വനമറിഞ്ഞു
മഞ്ഞുപോലെ തണുത്ത കൈവിരലുകള്‍
ഒരു തലോടലായ് ഒഴുകിയെത്തുന്നത്
പക്ഷെ, അവളൊരു കള്ളിയായിരുന്നു
ഒന്നു മിണ്ടുക പോലും ചെയ്യാതെ വഴിമാറിപോയി
തിരക്കു നിറഞ്ഞ തെരുവുകളിലും, തീവണ്ടിപാതകളിലും
എത്രയോ തവണ ഞാനവളേ തിരിച്ചറിഞ്ഞു
എന്നും അപരിചിതയേ പോലെ, അവള്‍ കടന്നു കളഞ്ഞു
വര്‍ഷങ്ങളുടെ യാത്രയില്‍ ഇടക്കൊക്കെ
അവളെന്റെ അരികിലെത്തി
ഒരു നോട്ടത്തില്‍, ഒരു പുഞ്ചിരിയില്‍
അവളെ ഞാന്‍ അടുത്തറിഞ്ഞു
അനാഥത്വത്തിന്റെ വലിയ ഒഴിവില്‍
ഞാനവള്‍ക്ക് ഇടം നല്‍കി
മഞ്ഞിന്റെ മലമടക്കുകളില്‍ പലപ്പോഴും
അവള്‍ എന്നെ തേടി വന്നു
ഞാനോ അവളെ കാണാതെ ഒളിച്ചിരുന്നു
(അന്നെനിക്ക് കൂട്ടായ് സ്വപ്നങ്ങളുണ്ടായിരുന്നു)
മലയിറങ്ങവേ ആദ്യം ഞാനോറ്‌ത്തത്
അവളെ കുറിച്ചായിരുന്നു
പക്ഷെ, പരിഭവത്തോടെ അവള്‍ അകലെ മാറിനിന്നു
ക്ഷമാപണങ്ങളില്‍, അവള്‍ വീണ്ടും എന്റെ കൂട്ടുകാരിയാവുന്നു
വിടവാങ്ങലിന്റെ വൈകിയ വേളകളില്‍
ഞാനവളോടൊപ്പം യാത്രയാവുന്നു
അനന്തതയുടെ തീരങ്ങളിലേക്ക്
വീണ്ടുമൊരു മടക്കയാത്രയില്ലാതെ
തിരിച്ചു വന്നാല്‍ ..
വീണ്ടും മൌനാക്ഷരങ്ങളില്‍
ഞാന്‍ പുലമ്പാം
ഒരു ഭ്രാന്തിയെ പോലെ
വിട ...
Monday, April 30, 2007
പേയിംഗ് ഗസ്റ്റ്
രണ്ടാം ശനിയുടെ സായാഹ്നങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. അന്ന് ബാങ്കില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ദൂരമൊത്തിരി കൂടുതലാണ്. അശ്വതി
എന്ന അച്ചുവിന് വേണ്ടി നാടന്‍ അരിമുറുക്ക് വാങ്ങണം. അര്‍ജ്ജുന്‍ എന്ന കണ്ണന് സമ്പാദ്യപെട്ടിയായ കൊച്ചു മണ്‍കുടുക്ക. ശ്രീദേവിചേച്ചിക്ക് ഒരല്‍പ്പം പുഴമീന്‍. പിന്നെ മാസത്തില്‍ ഒരിക്കലുള്ള അവരുടെ വരവില്‍
അവര്‍ക്ക് നല്‍കാന്‍ കൊച്ചു കൊച്ചു സമ്മാനങ്ങള്‍, അത് കുറച്ച് കുപ്പിവളയോ ഒരു പമ്പരമോ ആവാം. ഓര്‍ത്തിരിക്കാന്‍ ഒരല്‍പ്പം സന്തോഷം.
അച്ചുവും കണ്ണനും ശ്രീദേവിചേച്ചിയുടെ മക്കളാണ്. ശ്രീദേവിചേച്ചി മീനാക്ഷി അമ്മയുടെ മകള്‍; മീനാക്ഷി അമ്മ ........ഇതൊരു കുടുംബപുരാണമാണോന്ന് പേടിക്കേണ്ട. ഒരാള്‍ കൂടിയുണ്ട്. മാധവന്‍ ചേട്ടന്‍; പതിമൂന്നാം വയസ്സില്‍ മീനാക്ഷിയമ്മയെ താലികെട്ടി കൂടെകൂട്ടിയ ആള്‍. പിന്നെയുള്ള ആളെ ഞാന്‍ കണ്ടിട്ടില്ല. ഉണ്ണ്യേട്ടന്‍ .... ശ്രീദേവി ചേച്ചിയുടെ ഭര്‍ത്താവ്. ദൂരെ എവിടെയോ ജോലിചെയ്യുന്നു.
ഇതൊക്കെ പറയാന്‍ ഈ ഞാന്‍ ആരാണെന്ന് ചോദിക്കും മുമ്പെ അങ്ങോട്ട് പറയാം. വീടെന്നത് കഥകളില്‍ മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. കാണുന്നത് ഇവിടെ വന്നിട്ടാണ്. സെന്റ് മേരീസ് ഓര്‍ഫനേജിലെ അമ്പത് കിടക്കകളില്‍ ഒന്ന് എന്റെ സ്വന്തമാണ്.. വഴിയരികില്‍ നിന്ന് കിട്ടിയ കുട്ടിക്ക് മഠത്തിലെ അമ്മമാര്‍ നല്‍കിയ ദാനം. മുകള്‍ നിലയില്‍ ചുമരോട് ചേര്‍ത്തിട്ട കട്ടിലുകള്‍. കട്ടിലിനു താഴെ ഒരു ഇരുമ്പുപെട്ടി. അതിലെ കൊച്ചു സൂക്ഷിപ്പുകള്‍. താഴത്തെ നിലയില്‍ പഠനമുറിയും ഭക്ഷണമുറിയും പ്രാര്‍ത്ഥനാമുറിയും എല്ലാമായ ഹാള്‍. മണിമുഴക്കത്തില്‍ ഉണരുകയും ഉറങ്ങുകയും മാത്രമല്ല ഭക്ഷണം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് ഇവിടത്തെ ചിട്ട. ആരുടെയൊക്കെയോ കനിവില്‍ പഠിച്ച് വളര്‍ന്നപ്പോള്‍ ആദ്യമായി കിട്ടിയ ജോലി. ലോകം കാണാത്ത പെങ്കൊച്ചിനെ ദൂരെ നാട്ടില്‍ നിര്‍ത്താന്‍
മഠത്തിലെ അമ്മമാര്‍ തന്നെയാണ് ഈ താവളം കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രം. ദൂരെ നഗരത്തില്‍ ജോലിചെയ്യുന്ന മകളും കുട്ടികളും വരുമ്പോള്‍ മാത്രം ഉണരുന്ന വീട്. അടഞ്ഞുകിടക്കുന്ന മുറികളില്‍ ഒന്നില്‍ ഞാന്‍ അന്തേവാസിനിയായി. അങ്ങിനെ ഞാന്‍ ആദ്യമായി ഒരു വീടിന്റെ അകത്തളത്തില്‍ എത്തി.ആ അച്ഛനും അമ്മയും ഞാന്‍ കാണാത്ത അച്ഛനും അമ്മയുമായി. വിളിയില്‍ അമ്മാവനും അമ്മായിയുമായി.
ഇവിടെ എത്തിയ ആദ്യനാളുകളില്‍ അവരറിയാതെ അവരെ നോക്കിയിരിക്കുകയായിരുന്നു എന്റെ ഹോബി. ബാങ്കില്‍ നിന്നും വന്ന് കാപ്പിയുമായി പത്രം വായിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കും. ഒതുക്കുകല്ലില്‍ ഇരുന്ന് അമ്മാവന്റെ കാലില്‍ കുഴമ്പിട്ട് കൊടുക്കുന്ന അമ്മായി. മാനത്തെ മേഘങ്ങളില്‍ നോക്കി കാലാവസ്ഥാപ്രവചനം നടത്തുന്ന അമ്മാവനും.
വീടിന്റെ ചിട്ടവട്ടങ്ങള്‍ പഠിച്ച്, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്, ഞാന്‍ ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നാന്‍ തുടങ്ങിയിരുന്നു. ഒരുനാള്‍ രാവിലെ ഉണരാന്‍ വൈകിയ അവരെ കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്തിയപ്പോള്‍, അമ്മായി എന്നെ കെട്ടിപിടിച്ചൊരു ഉമ്മ തന്നു. അവരെന്നെ "മോളേ" എന്ന് നീട്ടിവിളിച്ചു. പിന്നീട് പതുക്കെ പതുക്കെ കഥകളിലെ വീടിന് യാഥാര്‍ത്ഥ്യത്തിന്റെ മുഖമുണ്ടായി. പനിപിടിച്ച് പിച്ചും പേയും പറഞ്ഞപ്പോള്‍ രാത്രിയില്‍ കൂട്ടിരുന്ന് അമ്മായി മരുന്നു തന്നു. പൊടിയരികഞ്ഞിയും ചുട്ടപപ്പടവുമായി എന്നെ ശുശ്രൂഷിച്ചു. നോക്കിയിരിക്കവെ ഞാന്‍ കാണാത്ത അമ്മയുടെ മുഖം അമ്മായിയുടേതായി. ബാങ്കില്‍ നിന്ന് വരുമ്പോള്‍ കാപ്പിയും കഴിക്കാനുമായി കാത്തിരിക്കുന്ന അമ്മ. ശമ്പള ദിവസം അവര്‍ക്കായി
ഇഷ്ടപ്പെട്ടത് എന്തെങ്കിലും വാങ്ങിക്കും. കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ക്ക് വൈകിക്കിട്ടിയ ഭാഗ്യമായി.
കൂടപ്പിറപ്പിന്റെ വിലയറിഞ്ഞത് ഞാന്‍ വന്നതിനുശേഷമുള്ള ആദ്യത്തെ രണ്ടാം ശനിയിലായിരുന്നു. അന്ന് ചേച്ചി വരും എന്ന് അറിയാമായിരുന്നതിനാല്‍ അല്‍പ്പം ഭയത്തോടെയായിരുന്നു വീട്ടിലെത്തിയത്. മുറ്റത്തെത്തിയപ്പോഴെ ചേച്ചിയെന്ന് വിളിച്ച്
അച്ചുവും കണ്ണനും ഓടിവന്നു. അവര്‍ക്കായ് കൊണ്ടുവന്ന ചോക്ലേറ്റുകള്‍ വാങ്ങി അവരെന്നെ ചിറ്റയെന്ന് വിളിച്ചപ്പോള്‍ കണ്‍നിറഞ്ഞത് എന്തിനായിരിക്കാം. അകത്തുനിന്നു ഉമ്മറത്തേക്കെത്തിയ ശ്രീദേവി ചേച്ചിയുടെ ചിരിക്കൊപ്പം വന്ന ചോദ്യം.
"അമ്മയുടെ പുതിയ മകളെന്താ അതിഥിയെ പോലെ നില്‍ക്കുന്നത്?"
പ്രതികരിക്കേണ്ടതെങ്ങിനെയെന്ന സംശയത്തിനുമുമ്പെ, കൈത്തണ്ടയില്‍ ഒരു സ്നേഹത്തിന്റെ വിരല്‍ സ്പര്‍ശം. ആപ്പോഴാണ് അമ്മായി എന്നെ കുറിച്ച് എന്തുമാത്രം ചേച്ചിയോട് പറഞ്ഞിട്ടുണ്ടെന്ന് ഞാനറിഞ്ഞത്.
അത്താഴത്തിന് എല്ലാവരും കൂടി ഉണ്ണാനിരുന്നപ്പോഴത്തെ
സന്തോഷം. മുത്തശ്ശനും മുത്തശ്ശിയുമായി അമ്മാവനും അമ്മായിയും മാറുന്ന കാഴ്ച; ചേച്ചി ഒരമ്മയായി ഒരേ സമയം മക്കളെ ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗം. അവിടെ താനൊരു അധികപറ്റെന്ന ചിന്തയില്‍ പതിയെ മുറിയിലേക്ക് വലിഞ്ഞു. മക്കളെ ഉറക്കി ചേച്ചി വന്നപ്പോള്‍ ഞാന്‍ എന്റെ കൊച്ചുസ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുകയായിരുന്നു. ഉറക്കം വരും വരെ എന്റെ കൂടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു. അതെന്റെ സ്വന്തം ചേച്ചിതന്നെയെന്ന് വെറുതെ ഒരു വിശ്വാസം എവിടെയോ ബാക്കിയാവുന്നു.
ഞായറാഴ്ചകള്‍ക്ക് നീളം കുറവാണെന്ന് ആദ്യമായി തോന്നിയതും അന്നായിരുന്നു. കുട്ടികളുടെ കളിചിരികളില്‍ ഞാനും ഒരു കുട്ടിയായി. ചേച്ചിയുടെ നഗരജീവിതത്തിന്റെ കേള്‍വിക്കാരിയായപ്പോള്‍ ഞാന്‍ അനിയത്തിയായി. ചേച്ചിക്കും മക്കള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമൊരുക്കാന്‍ അമ്മായിക്ക് കൂട്ടായപ്പോള്‍ ഞാനൊരു വീട്ടമ്മയായി.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോളാകെ സങ്കടം വന്നു. രാവിലെ ഇവരെല്ലാം പോവും. വീണ്ടും ഒരു മാസം ഞങ്ങള്‍ മൂന്നുപേരും മാത്രം.
ആ തിങ്കളാഴ്ച്ച ബാങ്കില്‍നിന്നു വരുമ്പോള്‍ അമ്മാവനും അമ്മായിയും കിടപ്പായിരുന്നു. ഉച്ചക്കുവെച്ച ചോറ് അതുപോലെ തണുത്തിരിക്കുന്നു. എന്നാലും ഞാന്‍ കാലും മുഖവും കഴുകിവരുമ്പോഴേക്കും അമ്മായി കാപ്പിയുണ്ടാക്കി. അന്ന് ഞങ്ങള്‍ മൂന്നുപേരും കൂടിയാ കാപ്പി കുടിച്ചത്.
മാസത്തിലൊരിക്കല്‍ ഞാന്‍ മഠത്തിലെ അമ്മമാരെ കാണാന്‍ പോവും. അപ്പോള്‍ അമ്മായി അവര്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി തരും. ആ വീടിനെ കുറിച്ചുപറയുമ്പോള്‍ എനിക്ക് നൂറു നാവാണെന്ന് അമ്മമാര്‍ കളിയാക്കും. ഞാനെന്റെ പഴയ കട്ടിലില്‍ കിടക്കുമ്പോള്‍ പഴയതെന്തോ തിരിച്ചുകിട്ടിയ സന്തോഷം. ഒപ്പം ഏതാണ് യാഥാര്‍ത്ഥ്യമെന്ന അങ്കലാപ്പ്.
നടന്ന് നടന്ന് കണ്ടതെല്ലാം വാങ്ങിക്കൂട്ടിയപ്പോള്‍ കയ്യിലെ
ബിഗ്`ഷോപ്പറിന്‍ നല്ല ഭാരം. നേരം ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. വീടിനുമുന്നില്‍ ഓട്ടോ നിര്‍ത്തുമ്പോള്‍ എല്ലാവരും ഉമ്മറത്ത് കാത്തുനില്‍ക്കുന്നു.
"എന്താ ഇത്.. നേരം ഇരുട്ടിയത് കണ്ടില്ലെ?" അമ്മായിയുടെ ശാസന നിറഞ്ഞ പരിഭവം.
"അമ്മായീ .. അത് .. ഞാന്‍ ഇതൊക്കെ വാങ്ങി നടന്നപ്പോള്‍"
"സാരമില്ല ഞങ്ങള്‍ ആകെ പേടിച്ചു .. കുട്ടികളാണേല്‍ മോളെ കാണാതെ ബഹളം വെക്കാരുന്നു" ചേച്ചിയുടെ ആശ്വസിപ്പിക്കല്‍.
ചേച്ചി തന്നെയാണ് ഓരോന്നോരോന്നായ് സാധനങ്ങള്‍ പുറത്തെടുത്ത് വെച്ചത്. ഓരോന്നും ആര്‍ക്കൊക്കെയാണെന്ന് ചേച്ചിക്കറിയാം.
രാത്രിയൂണിനു ശേഷം ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തിലാണ് ചേച്ചി പറഞ്ഞത്.
"മോള്‍ക്ക് തിങ്കളാഴ്ച സ്കൂളില്‍ ക്ലാസ്സ് തുടങ്ങും. ഇനി ഇതുപോലെ വരാന്‍ പറ്റുമോന്നാ സംശയം. അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാ. ഉണ്യേട്ടന്‍ പറഞ്ഞു രണ്ടുപേരേയും അങ്ങോട്ട് കൊണ്ടുപോവാന്‍ "
ഞാന്‍ ഞെട്ടിയത് ചേച്ചി അറിഞ്ഞെന്നു തോന്നുന്നു.
"ഇല്ല .. അവര്‍ വരില്ല, ഈ വീടും തൊടിയും വിട്ട് അവരെങ്ങും പോവില്ല. രണ്ടാള്‍ക്കും വയസ്സായി വരല്ലെ..ഞാനെന്താ ചെയ്യാ..മോള്‍ ഇവിടെ ഉള്ളതാ ഇപ്പൊരു മനസ്സമാധാനം"
അന്ന് കിടന്നിട്ട് ഉറക്കം വനില്ല. ഞായറാഴ്ച പതിവു പോലെ കുട്ടികളുടെ ബഹളവും ചിരിയുമെല്ലാമായി കടന്നു പോയി. തിങ്കളാഴ്ച പ്രഭാതത്തില്‍ യാത്രയയപ്പിന്റെ ആവര്‍ത്തനം. നിലക്കാന്‍ പോവുന്ന ഈ വരവുകളെ കുറിച്ചോര്‍ത്താവാം അമ്മാവനും അമ്മായിയും വീണ്ടും പോയി കിടന്നത്. ബാങ്കില്‍ പോവാന്‍ ഞാന്‍ ഒരുങ്ങിവന്നിട്ടും രണ്ടുപേരും ആ
കിടപ്പുതന്നെ. അമ്മായിയാണ് ഉച്ചക്കു കഴിക്കാനുള്ള ചോറു പാത്രത്തിലാക്കി തരുന്നത്. ഓരോ കറിയും ഓരോ
കുഞ്ഞുപാത്രങ്ങളില്‍. ഒരു കുപ്പിയില്‍ നിറയെ തിളപ്പിച്ചാറിയ വെള്ളം. ഇന്ന് ഒന്നും എടുത്തിട്ടില്ല. സ്വയം എടുക്കാന്‍ ഒരു മടി. കൊണ്ടോവാതിരുന്നാല്‍ അമ്മായിക്ക് സങ്കടാവും.
നേരം വൈകുന്നു. ഞാന്‍ അമ്മായിയുടെ അടുത്തു ചെന്നു.
"പോവായോ..?"
"ഉം"
"ചാരിയിരുന്ന് കയ്യില്‍ മുറുകെ പിടിച്ച് അമ്മായി പറഞ്ഞു"
"മോളിന്ന് പോണ്ടാ.. ആകെ ഒരു വിഷമം"
തിങ്കളാഴ്ചകളിലെ ലീവിനെ ആരും നല്ല മനസ്സോടെ എടുക്കില്ല. എന്നിട്ടും ഇല്ലാത്ത അസുഖത്തിന്റെ പെരില്‍ കള്ളം പറഞ്ഞപ്പോള്‍, ഒരിക്കലും കള്ളം പറയരുതെന്ന് പഠിപ്പിച്ച അമ്മമാരെ ഞാന്‍ ഓര്‍ത്തില്ല..
അമ്മായിയുടെ കിടക്കയില്‍ ആ മടിയില്‍ തലവെച്ചു കിടന്നപ്പോള്‍ വെറുതെ ഇതെന്റെ അമ്മ തന്നെയല്ലെ
ആരോ കോളിംഗ് ബെല്‍ അടിക്കുന്നു. ഞാനാണ് വാതില്‍ തുറന്നത്. പരിചയമില്ലാത്ത ഒരു പെണ്‍മുഖം. അമ്മായി ഉമ്മറത്തേക്ക് വന്നപ്പോള്‍ ഞാന്‍ പതിയെ അകത്തേക്ക് വലിഞ്ഞു.
ആപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു..
"ആരാ ഈ കുട്ടി ..?"
"അത് ഞങ്ങടെ മോളാ.." അമ്മായിയുടെ ഉത്തരവും ചിരിയും കേട്ട ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ഒന്നും കണ്ടില്ല.
Monday, April 23, 2007
ചുവന്ന പൂക്കള്‍ ചിന്തിക്കുന്നത് ..
ആഹാ.. ഇത്ര മാത്രം ഈ ജനലഴികളിലൂടെ എന്താ കാണാനുള്ളത്.. ഇതൊരു പതിവല്ലെ.. എല്ലാവര്‍ഷവും ഈ ദിവസം നമ്മള്‍ ഇതു പോലെ ഏതേലും സ്ഥലത്താവും .. നിറയെ കുട്ടികളും അച്ഛന്മാരും അമ്മമാരും ഒക്കെ ആഘോഷിക്കുന്ന ഏതെങ്കിലും വിനോദകേന്ദ്രത്തില്‍ .. കഴിഞ്ഞവര്‍ഷവും ഇവിടെ തന്നെ ആയിരുന്നില്ലെ.. പിന്നെന്താ രാവിലെ ഇങ്ങനെ ഇരിക്കാനുണ്ടായെ.. ... ..
അമ്മ നോക്ക് അച്ഛന്‍ എല്ലാര്‍ക്കും കേയ്ക്ക് കൊടുക്കുന്നെ.. ഓരോ തവണ ചിരിച്ചു തലകുനിക്കുന്നതും ഈ മോളൂന് അവര്‍ ജന്മദിനാശംസകള്‍ നേരുന്നത് സ്വീകരിക്കാനാ.... പുല്‍തകിടിയിലെ മഞ്ഞുതുള്ളികള്‍ പോലും തിളങ്ങുന്നു..
ആ കുട്ടികള്‍ എന്തു സന്തോഷത്തിലാ കേക്കും സ്വീറ്റ്സും കഴിക്കുന്നെ.. അമ്മക്കെന്താ അവരുടെ കൂടെ പോയി ഒന്നു അടിച്ചുപൊളിച്ചാല്‍ ... അതല്ലെ അമ്മ മോളൂന്റെ പിറന്നാളിന് മോളൂനെ സന്തോഷിപ്പിക്കാന്‍ ചെയ്യണ്ടെ...
അമ്മയെന്താ മിണ്ടാതിരിക്കണേ.. മോള്‍ എത്ര നേരായി ചിലക്കുന്നു.. ആഹാ.. നിലത്ത കിടക്കാ.. അമ്മ പറഞ്ഞിട്ടില്ലെ നിലത്തു കിടക്കരുതെന്ന് . ചീത്തയാണെന്ന്.. എണീക്ക് അമ്മാ...അമ്മാാ..
-------
അച്ഛനെന്തിനാ ഇങ്ങനെ വിഷമിക്കണെ.. അമ്മക്കു പ്രഷര്‍ കൂടിയതാവും .. രാവിലെ വയ്യായിരുനെന്നു തോന്നുന്നു.. സാരമില്ല... എനിക്ക് കേള്‍ക്കാം അമ്മ ഡോക്ടറോട് പറയുന്നതെല്ലാം .. അച്ഛനു കേള്‍ക്കണോ.. മോളു കേള്‍പ്പിക്കാം
ഇന്ന് എന്റെ മോള്‍ടെ പിറന്നാളാ.. അവള്‍ക്കു പേരിട്ടത് ഞാനാ.. ദിയ, ദിവ്യയുടെയും യദുവിന്റെയും മോള്‍ ദിയയല്ലെ... അവള്‍ക്ക് മൂന്ന് വയസ്സായി ഇന്നു .. മാര്‍ച്ച് മൂന്നു.. പക്ഷെ അവള്‍ ഒരു മീനിനെ പോലെ വഴുതി പോവാ എന്റെ കയ്യില്‍ നിന്നു.. അതോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും .. എന്റെ അടുത്ത് വരില്ല.. എപ്പൊഴും ദൂരെ മാറിനില്‍ക്കും.. ഇന്നു പിറന്നാളായിട്ടു പോലും എന്റെ അടുത്ത് വന്നില്ല.. അതാ ഞാന്‍ രാവിലെ അമ്പലത്തില്‍ പോലും പോവാതിരുന്നെ.. അന്നു എനിക്കറിയാരുന്നു മോളാവും എന്ന്.. എത്ര നാള്‍ കൂടിയാണെന്നോ ഞാന്‍ എന്റെ യദുവിന്റെ അടുത്തെത്തിയത്.. തിരക്കുകള്‍ക്കിടയില്‍ രണ്ടിടത്ത് അകപ്പെട്ടുപോയ ഞങ്ങള്‍ വീട്ടില്‍ ഒത്തത് വോട്ട് ചെയ്യാനെന്ന് കള്ളത്തരത്തിലാ.. മെയ് 10 .. അന്നു എലെക്ഷനായിരുന്നു.. ഒരു രാത്രി .. വീണ്ടും ദ്രുവങ്ങളിലേക്ക്... അന്നെ ഞാന്‍ ഉറപ്പിച്ചതാ അതു മോള്‍ തന്നെയാണെന്നു... ഞാന്‍ കണക്കുകൂട്ടി വെച്ചതാ മാര്‍ച്ച് മൂന്നിനു അവള്‍ പുറത്തെത്തുമെന്ന് ...അവള്‍ക്കുള്ള പേരും ഞാന്‍ കണ്ടുവെച്ചിരുന്നു.. എന്നിട്ടെന്റെ മോള്‍ എന്റെ അടുത്തുപോലും വരില്ല..
അച്ഛാ.. ആ നഴ്സ് വരുന്നത് അച്ഛനെ വിളിക്കാനാ.. അമ്മ ഉറങ്ങി.. ഡോക്ടര്‍ ചോദിക്കുമ്പോള്‍ അച്ഛന്‍ എന്താ പറയാ..
അതെ.. ദിയാ .. അവള്‍ ഞങ്ങടെ മോളാ.. ഇന്നു അവളുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.. അതിനിടയിലാ.. ഞാന്‍ എങ്ങിനാ എന്റെ മോളേ കാണിക്കാ.. മാര്‍ച്ച് മൂന്നു വരെ കാത്തിരിക്കാന്‍ ഞങ്ങടെ ദിയക്കായില്ല... അതുകൊണ്ട് അവള്‍ കുറച്ച് ചുവന്നപൂക്കളായ് നേരത്തെ ഇങ്ങുപോന്നു.. അങ്ങിനെയാ ദിവ്യ ...
അച്ഛാ അമ്മയെന്നെ വിളിക്കുന്നു.. ഞാന്‍ പോവാ..