Wednesday, January 24, 2007

വെളുത്ത രാത്രിയും കറുത്ത റോസാപ്പൂക്കളും

ഇല്ല….തല ഒന്നുകൂടി ശക്തിയായി കുടഞ്ഞു നോക്കി……ഇല്ല…. എന്നിട്ടും കിട്ടുന്നില്ല……..ആ പൂക്കള്‍ ……ആ പൂക്കളുടെ നിറം ……..നീല, പച്ച, ….. അതുമാത്രം ഓര്‍ക്കാന്‍ പറ്റുന്നില്ല…. ഇതാ, ഇപ്പോള്‍ കൂടി സ്വപ്നത്തില്‍ കണ്ടതാ ….എന്നിട്ടും ഓര്‍ക്കാനാവുന്നില്ല……അവള്ക്ക് കരച്ചില്‍ വരാന്‍ തുടങ്ങി…..

കനി അവസാനമായി ഒരു ശ്രമം കൂടി നടത്തി… ചെവികള്‍ കൈകളാല്‍ പൊത്തി പിടിച്ചു, തല വീണ്ടും വീണ്ടും കുലുക്കി… പിന്നെ ചുമരില്‍ ശക്തിയായി ഇടിച്ചു… നെറ്റിയിലെ മുറിവില്‍ നിന്നും ചോരയൊഴുകി….. പുരികങ്ങള്ക്കിടയിലൂടെ, മൂക്കിന്റെ പാലം കടന്ന്, അവളുടെ ചുണ്ടില്‍ ……. നാവിന്‍ തുമ്പിലെ ഉപ്പുരസം അറിയും മുമ്പെ……..കണ്ണുകള്‍ അടഞ്ഞു, അവള്‍ പതിയെ ചെരിഞ്ഞു വീണു….

ഉണര്‍ന്നപ്പോള്‍ അദ്യം ഓര്ത്തതു ആ പൂക്കളെ കുറിച്ചായിരുന്നു……. പള്ളിപറമ്പില്‍ മീസാന്‍ കല്ലുകള്‍ക്കിടയില്‍ ആരായിരിക്കാം റോസാച്ചെടികള്‍ നട്ടുപിടിപ്പിച്ചത്…….. പക്ഷെ അതിന്റെ നിറം …. എത്ര ശ്രമിച്ചിട്ടും അതുമാത്രം അവള്‍ക്ക് ഓര്‍ക്കാനായില്ല…… അവളുടെ സ്വപ്നം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്…..വെളുത്ത രാത്രിയും, വെയില്‍ വീശി തിളങ്ങുന്ന ചന്ദ്രനും, പള്ളിപറമ്പും, അതില്‍ റോസാപൂക്കള്‍ തേടി എത്തുന്ന അവളും ……
അമ്മയോട് അതു പറഞ്ഞ അന്നാണ്, ഈ ഹോസ്പിറ്റലില്‍ ആദ്യമായി അവളെ കൊണ്ടുവന്നത്…….മേശക്ക് അപ്പുറമിരുന്ന കഷണ്ടിക്കാരന്‍ എന്തൊക്കെയോ ചോദിച്ചു…..കുറെ ചിത്രങ്ങള്‍ കാണിച്ചു, എന്നിട്ട് ചോദിച്ചതോ എന്തു തോന്നുന്നെന്ന്……..അപ്പോള്‍ അവള്‍ അറിയാതെ പൊട്ടിച്ചിരിച്ചു……….നെടുകെയും കുറുകെയും നിറങ്ങള്‍ വാരിവിതറിയതു കണ്ടാല്‍ എന്തു തോന്നാനാ…… അവള്ക്ക് മനസിലാവുമെന്ന് ഓര്‍ക്കാതെ അയാള്‍ ചേട്ടനോട് ഇംഗ്ലിഷില്‍ സംസാരിക്കാന്‍ തുടങ്ങി…….. പക്ഷെ അവര്‍ പറഞ്ഞതൊന്നും അവള്‍ക്ക് മനസിലായില്ല…… മേശപ്പുറത്തെ പേപ്പര്‍ വെയ്റ്റിനുള്ളില്‍ കുടുങ്ങി പോയ പൂമ്പാറ്റയെ എങ്ങിനെ രക്ഷിക്കുമെന്നായിരുന്നു അവള്‍ അപ്പോള്‍ ആലോചിച്ചു കൊണ്ടിരുന്നത്….

തുറക്കാനാവാത്ത വിധം അവളുടെ ചുണ്ടുകള്‍ ഒട്ടിപിടിച്ചിരുന്നു. …..പതുക്കെ തല ഉയര്ത്താന്‍ നോക്കി…, വലിഞ്ഞു മുറുകുന്ന വേദന….. തലയില്‍ വലിയൊരു കെട്ടും …..പതിയെ എഴുനേല്ക്കാന്‍ നോക്കിയപ്പോള്‍ അവള്‍ ആ കിലുക്കം കേട്ടു…….കാലില്‍ ഇരുമ്പിന്റെ തണുപ്പും …ശബ്ദം കേട്ട് നഴ്സ് ഓടി വന്നു….മരുന്നിന്റെ വിട്ടു മാറാത്ത മയക്കത്തില്‍ അവള്‍ നഴ്സിനെ ഒന്നിനു പത്തായി കണ്ടു… പിന്നെ കുഴഞ്ഞു പോയ നാവിനാല്‍ പതുക്കെ പറഞ്ഞു ……….

“വെള്ളം ….” പക്ഷെ വെള്ളം കൊണ്ടു വരുംമുമ്പെ അവള്‍ മയക്കത്തിലേക്ക് വഴുതി വീണിരുന്നു…..
നഴ്സ് വരുമ്പോള്‍ അവളുടെ വരണ്ട ചുണ്ടില്‍ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. അവള്‍ റോസാച്ചെടികള്‍ക്കിടയില്‍ പൂക്കള്‍ നോക്കി നില്‍ക്കുകയായിരുന്നു….കറുത്ത റോസാപൂക്കള്‍ ….

************

സന്യാല്‍ മുഴുവനായ് അടയാത്ത വാതില്‍ പാളികള്ക്കിടയിലൂടെ അകത്തേക്കു നോക്കി. അത് ഒരു ഡോക്റ്റര്‍ക്കു ചേര്‍ന്ന പ്രവൃത്തി അല്ലെങ്കിലും. ഒരു മണിക്കൂര്‍ ആയിട്ടും അകത്തുള്ളവര്‍ പുറത്തിറങ്ങിയിട്ടില്ല. ഇടക്കെപ്പോഴോ അതുവഴി കടന്നുപോയ നഴ്സിനോട് തന്റെ വരവൊന്ന് അകത്ത് അറിയിക്കാന്‍ പറഞ്ഞു. അവിടെ താന്‍ കാണേണ്ടി വരുന്നത്, തന്റെ ആദ്യത്തെ രോഗിയെ ആവുമെന്ന് ഒരിക്കലും കരുതിയില്ല.

കനിയുടെ കേസ് ഷീറ്റ്സ് മറിക്കുമ്പോള്‍ സന്യാല്‍ ഓര്‍ത്തു. താന്‍ ഈ ഹോസ്പിറ്റലില്‍ ഡോക്റ്റര്‍ ആയിട്ട് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കനി ഇവിടത്തെ അന്തേവാസി ആയിട്ടും.

“കനീ….ഇന്നലെ എന്തു സ്വപ്നമാ കണ്ടത്?”

അവള്‍ വെറുതെ സന്യാലിനെ നോക്കി ചിരിച്ചു.

മുമ്പു രാത്രിപോലും ഡോക്റ്റര്‍നെ വിളിച്ചു വരുത്തി അവള്‍ കണ്ട സ്വപ്നത്തെ കുറിച്ചു പറയുമായിരുന്നു. ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. നോര്‍മല്‍ എന്നു തന്നെ പറയാം. പക്ഷെ അവളെ കൊണ്ടു പോകാന്‍ ആരും വന്നില്ല. . ഏഴുതിയ കത്തുകള്ക്കൊന്നും ആരും മറുപടി തന്നില്ല. മാറിപോയ ഫോണ്‍ നമ്പറുകളും മേല്‍വിലാസങ്ങളും പിന്നെ ആരും ശ്രദ്ധിക്കാതായി. കനി ആ ഹോസ്പിറ്റലിന്റെ ഭാഗവുമായി. ഇപ്പോള്‍ അവളുടെ കാലുകളില്‍ ചങ്ങലയില്ല..വേഷം യൂനിഫോം അല്ല…ആരും അവളുടെ ഓരൊ ചലനങ്ങളും നിരീക്ഷിക്കാറില്ല.. പക്ഷെ, ഹോസ്പിറ്റല്‍ റെജിസ്റ്റെരില്‍ 369/2003 നമ്പരില്‍ അവള്‍ ഇന്നുമൊരു രോഗി ആയിട്ടുണ്ടു.

********


ഓഡിറ്റോറിയത്തില്‍ കസേരകളുടെ ബഹളം. കനി വെട്ടിയൊതുക്കിയ പൂവുകള്‍ ഫ്ളവര്‍വേസില്‍ വെച്ചു……... മേശപ്പുറത്തു പുതിയ ഷീറ്റ് വിരിച്ചു…. ഫ്ലവര്‍വേസില്‍ പൂക്കള്‍ വെച്ചു…ദൂരെ മാറിനിന്നു ഒന്നു കൂടി നോക്കി…തിരിച്ചു വന്നു കൈകള്‍ കൊണ്ടു മേശവിരിയിലെ ചുളിവുകള്‍ നിവര്ത്തി…

ആളുകള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു…കനി ഏറ്റവും പുറകിലെ വരിയില്‍ അരികില്‍ പോയിരുന്നു…

പ്രാര്ത്ഥനക്കും സ്വാഗതത്തിനും ശേഷം ഒരോരുത്തരായി സന്യാലിനെ പുകഴ്‌ത്താന്‍ തുടങ്ങി…. ഉപരിപഠനത്തിനായി പോകുന്ന ഡോക്റ്ററിന്റെ ഗുണഗണങ്ങള്‍ ഓരോരുത്തരും വാഴ്‌ത്തിപാടി…പിന്നെ ഒരുപാട്` മനസ്സുകളിലെ ഇരുട്ടു നീക്കിയതിന്റെ ഓര്മ്മക്കായ്` ഒരു നിലവിളക്കും ..ഒപ്പം കൂടുതല്‍ അറിവുകളുമായി ഇവിടേക്കു തന്നെ തിരിച്ചു വരണമെന്ന അപേക്ഷയും ….

പരിപാടികള്‍ കഴിഞ്ഞു ക്വാട്ടേര്‍സില്‍ എത്തിയപ്പോഴേക്കും ഏറെ വൈകി…എല്ലാമടുക്കി പെറുക്കി വെച്ചു…പിറ്റെന്നാള്‍ കൊണ്ടുപോവാനുള്ളതെല്ലാം തയ്യാറാക്കി…അങ്ങിനെ ഇവിടെനിന്നും യാത്രയാവുന്നു.. എല്ലാം കഴിഞ്ഞപ്പോള്‍ വല്ലാതൊരു ശൂന്യത പോലെ…രണ്ടു മൂന്നു വര്ഷങ്ങളായി അടുത്തു കഴിഞ്ഞവര്‍ .. രോഗികളും മറ്റുള്ളവരും എല്ലാം …….എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ സന്യാല്‍ ഹൊസ്പിറ്റലിലേക്കിറങ്ങി… വാതില്‍ പൂട്ടാന്‍ തുടങ്ങുമ്പോഴാണു ക്വാര്‍ട്ടേഴ്സിലേക്ക് വരുന്ന കനിയെ കണ്ടത്… ആദ്യമായാണ്` അവള്‍ അവിടെ വരുന്നതു… ആരും വിലക്കിയിട്ടല്ല…..ഒരു രോഗിക്കു നല്കിയതിലപ്പുറം സ്വാതന്ത്ര്യങ്ങള്‍ ഒന്നും അവള്‍ ഉപയോഗിക്കാറില്ല… ….

മുന്നോട്ടു എടുത്തു പിടിച്ച സാരി തുമ്പില്‍ നിന്നു ഒരു തുളസി കതിര്‍ അവള്‍ സന്യാലിനു നേരെ നീട്ടി…

സന്യല്‍ അതു വാങ്ങുമ്പോള്‍ അവള്‍ ചോദിച്ചു…

“നാളെ പോവാണല്ലെ”

“അതെ”

“രാവിലെ കാണാന്‍ പറ്റിയില്ലെങ്കിലോ എന്നു വിചാരിച്ചാ ഇപ്പൊ വന്നതു”

സന്യാല്‍ ആകെ സംശയത്തില്‍ ആയിരുന്നു…കനിയെ അകത്തേക്കു ക്ഷണിക്കണോ വേണ്ടയോ എന്നറിയാതെ… എന്തായാലും അവളുടെ ചോദ്യം അയാളെ ധര്മ്മസങ്കടത്തില്‍ നിന്നും രക്ഷിച്ചു..

“ഡോക്റ്റര്‍ എങ്ങോട്ടാ ഇപ്പോള്‍ പോവുന്നെ ?”

“ഹോസ്പിറ്റലിലേക്കു…..എല്ലാരെയും ഒന്നുകൂടി കണ്ടു യാത്ര പറയാമെന്നു വെച്ചു….പിന്നെ കുറച്ചു ജോലി കൂടി ബാക്കി ഉണ്ട്.. രാവിലെ നേരത്തെ പോണം ”

“ഏങ്കില്‍ ഇറങ്ങിക്കോളൂ”

ഹോസ്പിറ്റല്‍ മുറ്റത്ത് ഇരുവഴിയെ നടക്കും മുമ്പാണു അവള്‍ ഒട്ടൊരു സങ്കോചത്തോടെ സന്യാലിനൊട് ചോദിച്ചത്.

“ഡോക്റ്റര്‍ക്ക് ക്കു വിഷമമാവില്ലെങ്കില്‍ ………..വൈകിയിട്ടു എന്റെ കൂടെ ഒന്നു നടക്കാന്‍ വരുമൊ?”

തീരെ പ്രതീക്ഷിക്കാത്ത ആ ആവശ്യത്തില്‍ സന്യാല്‍ ഒരു നിമിഷം മൌനിയായി…പിന്നെ പറഞ്ഞു

“ വരാലോ……..ഞാന്‍ ഇവിടെന്നു ഇറങ്ങുമ്പോള്‍ കനിയുടെ അടുത്തു വരാം ……”

*********

ഒത്തിരി ദൂരം നടന്നിട്ടും കനി ഒന്നും പറഞ്ഞില്ല…. പരിചിതമായ വഴികള്‍ അപരിചിതമായതിലേക്ക് വഴിമാറാന്‍ തുടങ്ങിയപ്പോള്‍ സന്യാല്‍ ചോദിച്ചു…

“കനി വന്നിട്ടുണ്ടോ.. ഈ വഴിയെ?”

“ഇല്ല… പക്ഷെ ഞാന്‍ ഈ വഴികള്‍ എപ്പൊഴും സ്വപ്നം കാണാറുണ്ട്”

സന്യാല്‍ അല്പം സംശയത്തോടെ അവളെ നോക്കി…പിന്നെ അവള്‍ പറയുന്നതു കേട്ടു

“കണ്ടോ ….ഈ വഴി തീരുന്നത്.. പള്ളിക്കാട്ടില്‍ ആണ്.. അവിടെ നിറയെ റോസാ ചെടികള്‍ ഉണ്ട്... കറുത്ത റോസാ പൂക്കളും ..."

മുഖത്തെ പുഞ്ചിരിയില്‍ സംശയത്തിന്റെ നിഴല്‍ വീഴാതിരിക്കാന്‍ സന്യാല്‍ ശ്രമിച്ചു....അവള്‍ തുടര്‍ന്ന കഥ പറച്ചിലില്‍ അവര്‍ ഒരുപാട് ദൂരെ എത്തിയത് അറിഞ്ഞില്ല..... ഇപ്പോള്‍ കുറച്ചു ദൂരെയായി ഉയര്ന്ന മീസാന്‍ കല്ലുകള്‍ കാണാം ... പതിയെ വീശുന്ന തണുത്ത കാറ്റില്‍ റോസാപൂക്കളുടെ മണം ...


******************

സന്യാല്‍ ആ റോസാച്ചെടികള്‍ പിടിച്ചു കുലുക്കി....അതില്‍ നിന്നു തെറിച്ചു വീഴാന്‍ മഞ്ഞുതുള്ളികള്‍ ഉണ്ടായിരുന്നെങ്കില്‍ ... പെട്ടന്നു മുഖത്തു വീണ വെള്ളതുള്ളികള്‍ സന്യലിനെ ഉണര്‍ത്തി..

"സാരമില്ല ഒന്നുറങ്ങിയാല്‍ ശരിയാവും"...

ആരോ തലയില്‍ തലോടി പറയുന്നു.. വലിച്ചു തുറക്കാന്‍ ശ്രമിക്കുന്ന കണ്ണില്‍ തെളിഞ്ഞത് കനിയുടെ മുഖം മാത്രം ..ആ ചിരി കണ്ടാണ്` വീണ്ടും മയങ്ങിയത്... മീസാന്‍ കല്ലുകളുടെ ഇടയില്‍ നിറയെ റോസാ പൂക്കള്‍ .. പക്ഷെ അവയുടെ നിറം .....

19 comments:

ഇട്ടിമാളു അഗ്നിമിത്ര said...

കണാനാവാത്തതിനെയും കയ്യില്‍കിട്ടാത്തതിനെയും അവള്‍ സ്വപ്നം കണ്ടു തീര്ക്കുമായിരുന്നു.. അതുകൊണ്ടാവാം അവളുടെ സ്വപ്നങ്ങള്‍ ഇങ്ങനെ ഒക്കെ ആയത്...

കണ്ണൂരാന്‍ - KANNURAN said...

മനോരോഗിയുടെ മനസ്സിലൂടെ സഞ്ചരിച്ച്, മനോവ്യഥകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കിയത് പുതുമയായി തോന്നി.

Anonymous said...

മറ്റാറ്ക്കും കാണാനാവാത്ത ഇടവഴികളിലൂടെ,കാഴ്ചകളിലൂടെയുള്ള മനസ്സിന്റെ യാത്ര..
മനോഹരമായിരിയ്ക്കുന്നു കഥ ,ഇട്ടിമാളു…

Anonymous said...

മനോഹരമായിരിക്കുന്നു, വ്യത്യസ്തമായ വായനാഅനുഭവം തരുന്നു....

സു | Su said...

കഥ നന്നായിട്ടുണ്ട്.

Anonymous said...

കഥ ഇഷ്ടപ്പെട്ടു.

sandoz said...

ആദ്യ രണ്ടുമൂന്ന് വരികള്‍ വായിച്ച്‌ കളഞ്ഞിട്ട്‌ പോയതാണു ഞാന്‍.
കമന്റുകള്‍ കണ്ടാണു ഞാന്‍ തിരിച്ച്‌ വന്നത്‌.
വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേകത തോന്നി...എന്താണെന്ന് വിശദീകരിക്കാന്‍ എനിക്ക്‌ കഴിയില്ലെങ്കിലും.

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാന്‍ ..ആമി..സജിത്..സൂ..ചേച്ചിയമ്മെ..വന്നതില്‍ വായിച്ചതില്‍ കഥ ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷവും നന്ദിയുമുണ്ട്.. കുറച്ചല്ല ഒരുപാട് ഒരുപാട്.. കാരണം നിങ്ങളുടെ ഒക്കെ കമന്റ് കണ്ടതോണ്ടാ "ഉപേക്ഷിച്ച്" പോയ സാന്ഡോസ് .. വീണ്ടും വന്ന് വായിച്ചത്.... :)

സാന്‍ഡോസ്... കഥ ഇഷ്ടമായെന്നു കരുതുന്നു.. :)

Areekkodan | അരീക്കോടന്‍ said...

മനോഹരമായ കഥ.... ആകര്‍ഷകമായ തലക്കെട്ടും.... ഇട്ടിമാളൂ..... അഭിനന്ദനങ്ങള്‍

Unknown said...

നല്ല കഥ ഇട്ടിമാളുച്ചേച്ചീ.. :-)

Anonymous said...

kathha ishaTappettu.

കുട്ടിച്ചാത്തന്‍ said...

കുറേ നാളായി ഇവിടെ കമന്റീട്ട്.. എന്നു വച്ചാല്‍ പോസ്റ്റ് വായിച്ചാല്‍ കമന്റാന്‍ മാത്രം വല്ലതും തലയില്‍ വരേണ്ടേ!!!.. അല്ലാഞ്ഞാല്‍ ഓടോ ആ‍യി പിന്നെം ചങ്കരന്‍ തെങ്ങേല് എന്നു പറഞ്ഞിട്ടു പോണം...

സത്യം പറയാം, വലിയ കഥ , ഇടക്കിടെ എനിക്കൊട്ടു മനസ്സിലായതുമില്ല...

Anonymous said...

ഹലോ,
ഇട്ടിമാളുവിനെ ഞാനറിയുമോ? എന്റെ പോസ്റ്റുകളില്‍ വന്ന് ഹരീ, ഹരീ എന്നു വിളിച്ചിട്ടു പോവുന്നതേയുള്ളല്ലോ! ഒന്നും പറയുവാനില്ലേ?
--
കഥയെനിക്കും ഇഷ്ടമായി. എനിക്കും ‘കനി’ എന്ന പേരിലൊരു കൂട്ടുകാരിയുണ്ടേ... അതാണ് മുകളിലത്തെ സംശയത്തിന്റെ ഒരു കാരണം. പിന്നെ നായകന്റെ പേര് സന്യാല്‍, വിചിത്രമായ പേര്, എന്റെ ഓര്‍മ്മയില്‍ ഇങ്ങിനെയൊന്നു കേട്ടിട്ടില്ല.
--

Anonymous said...

നന്നായിട്ടുണ്ട് ഇട്ടിമാളൂസ്...

വിശദമായ് പിന്നെ പറയാം... ഇത്തിരി പണിതിരക്കിലാണ്. :-)

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

അരീക്കോടാ...ദില്‍ബൂ...നവന്‍ ...വന്നതില്‍ വായിച്ചതില്‍ ഇഷ്ടമാണെന്നറിയിച്ചതില്‍ .. നന്ദി..

കുട്ടിച്ചാത്താ.. അതെന്താ കമന്റാനൊന്നും തലയില്‍ വരാത്തെ..പിന്നെ ചിലപ്പോള്‍ ചിലതൊന്നും എനിക്കും മനസ്സിലാവാറില്ല.. സാരമില്ല..

ഹരീ..:) .. കനി ഇതു പോലെ അല്ലെന്നുകരുതുന്നു..അപ്പൊ എല്ലാം പറഞ്ഞപോലെ..

ദൃശ്യാ വിശദമായി പറയുമ്പോള്‍ മറുപടി തരാം ട്ടൊ... :)

ചീര I Cheera said...

ഇപ്പോഴാണ് കഥ വായിച്ചത്.
ഇഷ്ടമായി...

ഇട്ടിമാളു അഗ്നിമിത്ര said...

PR...വന്നതില്‍ സന്തോഷം ..കഥ ഇഷ്ടമാണെന്നറിയിച്ചതിലും ..

ak47urs said...

ഓഡിറ്റോറിയത്തില്‍ കസേരകളുടെ ബഹളം. കനി വെട്ടിയൊതുക്കിയ പൂവുകള്‍ ഫ്ളവര്‍വേസില്‍ വെച്ചു……... മേശപ്പുറത്തു പുതിയ ഷീറ്റ് വിരിച്ചു…. ഫ്ലവര്‍വേസില്‍ പൂക്കള്‍ വെച്ചു…ദൂരെ മാറിനിന്നു ഒന്നു കൂടി നോക്കി…തിരിച്ചു വന്നു
oru repeat nadanno ivde?
its a nice story malu,
congrats..

ഇട്ടിമാളു അഗ്നിമിത്ര said...

ak47urs.. അതു ശരിയാണല്ലോ മാഷെ... നന്ദിയുണ്ട്...