Wednesday, January 10, 2007

പറയാന്‍ മറന്നു പോയതു……

ഇന്ന്, ഇന്നും ഞാന്‍ നിന്നെ വേദനിപ്പിച്ചു. നമ്മള്‍ തമ്മില്‍ കാണുന്നതു പോലും നിന്റെ മുറിവുകളില്‍ മുള്ളാണികള്‍ അടിച്ചിറക്കാന്‍ ആണെന്നു തോന്നുന്നു. കുറ്റം ചെയ്തിട്ടില്ലെന്നു പറയുന്ന കുട്ടിയെപോലെ നീ എന്റെ മുന്നില്‍ നില്ക്കുമ്പോഴും , ഞാന്‍ പഴംകഥകളുടെ ചാരമിട്ടു വീണ്ടും നീറ്റുന്നു. എന്നത്തെയും പോലെ ഇന്നും അതൊരു ആവര്‍ത്തനമാവുന്നു. നിന്റെ ഏകാന്തതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഈ കുസൃതികള്‍ ഓരോന്നും എന്ന നിന്റെ കുമ്പസാരം എനിക്ക് മനസിലാക്കാം . എന്നിട്ടും എനിക്കത് അംഗീകരിക്കാന്‍ ആവുന്നില്ലല്ലോ. മനസുകൊണ്ടു വേദനിക്കുമ്പോഴും ഞാന്‍ നിന്റെ വഴികളെ ചോദ്യം ചെയ്യുന്നു. ഇന്നും, എന്നും അതു തന്നെ ആവര്‍ത്തിക്കുന്നു. വീട്, മടുപ്പിന്റെയും വെറുപ്പിന്റെയും കൂടാരമാവുന്നതിനെ കുറിച്ചു നീ പറയുമ്പോള്‍ ഞാന്‍ വെറും കേള്‍വിക്കാരിയാവുന്നു... ഒറ്റപ്പെടുന്ന അമ്മയും, ഒന്നുമറിയാതെ അനിയത്തിയും.. വാക്കുകള്‍ ഇടറുമ്പോള്‍ നീ യാത്രാമൊഴികളെ കൂട്ടു പിടിക്കുന്നു. പുറകോട്ടുള്ള ചുവടുകള്‍ എപ്പോഴൊ പിന്‍ തിരിഞ്ഞ നടത്തമാവുന്നു. അകന്നു മറയുന്ന രൂപം അവ്യക്തമാവുമ്പോള്‍, ഞാന്‍ അറിയുന്നു, എന്റെ കയ്യില്‍ ബാക്കി ആവുന്നതു നിനക്കായി ഞാന്‍ കൊണ്ടുവന്ന് തരാന്‍ മറന്നുപോയ ചോക്ലേറ്റും പിന്നെ ദിവസങ്ങളായി അടുക്കി പെറുക്കി വെച്ചിട്ടും പറയാന്‍ മറന്നുപോയ വാക്കുകളും ……….

14 comments:

ittimalu said...

പറയാന്‍ മറന്നു പോയതു……

Sul | സുല്‍ said...

മറന്നു പോകും മുമ്പിനിയെങ്കിലും
അതു പറഞ്ഞുകൂടെ
ഇനിയും ഇനി എന്നാ പറയാന്‍

-സുല്‍

സു | Su said...

ചില വാക്കുകളൊക്കെ പറയാത്തതാണ് ഇട്ടിമാളൂ നല്ലത്. പോളിഷൊക്കെ തേച്ച് മിനുക്കി, സോപ്പൊക്കെ പതപ്പിച്ചേ ആരോടും എന്തും പറയാവൂ. അത് പ്രിയന്‍ ആയാലും പ്രിയ ആയാലും. ഇപ്പോ സോപ്പിനല്ലേ ഡിമാന്റ്.

ആ ചോക്ലേറ്റ് എനിക്ക് തരൂ. കുറച്ച് ദിവസമായി ഭയങ്കര കയ്പ്പ്. :)

Anonymous said...

ജീവിതം കൊണ്ട് മുറിവേറ്റവരുടെ വാക്കുകള്‍ അല്ലെങ്കിലും ആര്‍ക്ക് കേള്‍ക്കണം അല്ലേ?
വാക്കുകള്‍ കൊണ്ട് വീണ്ടും മുറിവേല്‍പ്പിക്കുക,
ആകുന്നത്ര..
എന്നിട്ടൊന്ന് കരയുക ,
ശുദ്ധയാകുക.

ഇട്ടിമാളു എഴുതിയ വാക്കുകള്‍ എവിടെയൊ കോറി വരഞ്ഞു. അതു കൊണ്ടാണ്‌ ഇത്ര വൈകാരികമായി പ്രതികരിച്ചത്

വല്യമ്മായി said...
This comment has been removed by a blog administrator.
വല്യമ്മായി said...

അറിഞ്ഞു കൊണ്ട് കുറ്റസമ്മതം നടത്തുന്നവരേയും പിന്നേയും വേദനിപ്പിക്കാനാണ് നമുക്ക് താല്പര്യം.

തലേക്കെട്ട് പറയാന്‍ മറന്നത് എന്നായാല്‍ ഒരൊതുക്കം തോന്നില്ലേ
(ഒരഭിപ്രായം മാത്രം,ഇഷ്ടമായില്ലെങ്കില്‍ മാപ്പ്)

കരീം മാഷ്‌ said...

തെറ്റുകള്‍ ചെയ്തു വന്നു ഗൂഗിളിന്റെ ബ്ലോഗില്‍ വന്നു കുമ്പസരിക്കലിപ്പോ ഒരു പതിവാക്കിയിരിക്കയാ ചിലര്‍!
തെറ്റു ചെയ്യാതിരുന്നു കൂടെ?
കമന്റുക്കളിലൂടെ വേറെ അത്ഥമുള്ള മുള്ളുകള്‍ ഇപ്പോള്‍ കാണാം.
ഒരു വിവാദത്തിനു സാധ്യതയുടെങ്കില്‍ ഞാന്‍ പുതപ്പിനകത്തു കയരുകയാ..!
അടുത്തു വരുന്ന 10 ദിവസം യു.എ.ഇ യില്‍ റിക്കാര്‍ഡു തണുപ്പുണ്ടാവുമത്രേ!

ittimalu said...

സുല്ലെ.. മനഃപൂര്‍വ്വം മറന്നതാവും .. ന്നാ തോന്നണെ... :)

സൂ.. ചോക്ലേറ്റ് തരാം ട്ടോ...

മംസി .. ആ കമന്റും എവിടെയൊക്കെയോ കോറി വരക്കുന്നു...

വല്ല്യമ്മായി.. അതെന്തോന്ന് മാപ്പ്.. ശരിയാ.. ഒതുക്കം ആ തലേക്കെട്ടിനു തന്നെയാ.. മാപ്പ് പറഞ്ഞാല്‍ അടി അടി...

മാഷെ... എന്റെ കൂട്ടുകാര്‍ക്കിടയില്‍ എനിക്കൊരു പേരുണ്ട്.. കുമ്പസാരകൂട്... പക്ഷെ എനിക്ക് കുമ്പസാരിക്കാന്‍ പറ്റിയ ഒരാളേ ഇതുവരെ കിട്ടിയില്ല.. . പിന്നെ ഇതല്ലെ ഉള്ളു വഴി.. ഞാനാരാണെന്ന് മറ്റാരുമറിയാതെ, എന്റെ മുഖം കാണാതെ.. എന്റെ വാക്കുകള്‍ മാത്രം അവര്‍ അറിയുന്നു.. നോവിക്കുന്ന കമന്റുകള്‍ ശിക്ഷയായിരിക്കും ...

Anonymous said...

നന്നായിട്ടുണ്ട്‌ ഇട്ടൂസെ, ചെറിയ ഒരു നൊമ്പരം മനസ്സിനുള്ളിലെവിടെയോ ചിറകു നിവര്‍ത്തുന്നു...
'പറയാന്‍ മറന്ന പരിഭവങ്ങള്‍' എന്ന സിനിമാപ്പാട്ട്‌ ഇട്ടൂസിനു വേണ്ടി സാരംഗി'സ്‌ ചാനല്‍ വഴി ഡെഡികേറ്റ്‌ ചെയ്യുന്നു...

ഇടങ്ങള്‍|idangal said...

ഹലോ കുമ്പസാരക്കൂടേ :),

സ്വന്തത്തോടല്ലാതെ ആരോടും കുമ്പസരിക്കാതിരുക്കുക എന്നതാണ് എന്റെ പോളിസി.

ഇത്തിരിവെട്ടം|Ithiri said...

പലതും പലരോടും പലപ്പോഴും പറയാനാവില്ല ഇട്ടിമാളൂ... അല്ലെങ്കില്‍ പറയുന്ന രീതി മാറ്റിയും പറയാം...

ittimalu said...

സാരംഗി.. സന്തോഷം ..ഡെഡികേറ്റ് ചെയ്തതിന്...

ഇടങ്ങളേ .. അതന്നെ എന്റെയും പോളിസി..

ഇത്തിരീ.. നന്ദി.

Anonymous said...

ഹും........ ഞാനിതെല്ലാം വായിച്ചു കൊണ്ടിവിടെയുണ്ടേ....
കുറിക്കാന്‍ തോന്നുന്നവ സാഹിത്യമാണോ എന്നൊന്നും ചിന്തിച്ച് തല പുണ്ണാക്കാതെ, മനസ്സില്‍ നിന്നു നാമറിയാതെ ഒഴുകി വരുന്ന ഇത്തരം വാക്കുകളാണ്‍ ശരിക്കും ബ്ലോഗിന്‍‌റ്റെ ഉദ്ദേശ്യത്തെ ഫലവത്താക്കുന്നത് എന്നെനിക്ക് തോന്നുന്നു. (മുന്‍‌കൂര്‍ ജാമ്യം: ഇട്ടിമാളുവിന്‍‌റ്റെ കുറിപ്പില്‍ സാഹിത്യമില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്, വാക്കുകളുടെ നിഷ്കളങ്കതയെയാണ്‍!)

ittimalu said...

ദൃശ്യാ...വീണ്ടും വന്നതില്‍ സന്തോഷം ..