Tuesday, January 2, 2007

അതാ എന്റെ തീരുമാനം ...

അങ്ങിനെ 2007 വന്നു... പുതുവര്‍ഷം എന്നൊക്കെ പറയുമ്പോള്‍ പുതുവര്‍ഷ തീരുമാനങ്ങളും വേണ്ടേ? അതായത് നമ്മള്‍ പറഞ്ഞു പറഞ്ഞു വലിയ എന്തോ കാര്യമാക്കി വെച്ച New Year Resolutions...

രാവിലെ വീട്ടില്‍ ഏട്ടന്‍ അഞ്ചു മണിക്ക്‌ എണീറ്റു നടക്കാന്‍ തുടങ്ങിയിരിക്കുന്നു... ചേച്ചി ആണെങ്കില്‍ ഇന്നലെ തന്നെ മോളോട്‌ "നാളെ ഒന്നാം തീയ്യതി ആണ്‌..നാളെ മുതല്‍ രാവിലെ എണീറ്റ്‌ പഠിക്കണം..."..ഉപദേശങ്ങളുടെ പാരാവാരം... ട്രെയിനിലെ ഇടി എല്ലാം കൊണ്ട്‌ ഹോസ്റ്റലില്‍ എത്തുമ്പോള്‍ മുറിമാറിപോയോന്നൊരു സംശയം.. ഇത്ര നല്ല വൃത്തിയായി.. ഹേയ്‌ ..അവള്‍ അത്തരക്കാരിയല്ല.... എന്തു പറ്റിയോ ആവോ.. പിന്നെയാണറിഞ്ഞത്‌..പുതിയ തീരുമാനം.. ഇനി മുതല്‍ അടുക്കും ചിട്ടയുമായ്‌... മറ്റാരുടേതുമല്ല.. എന്റെ സഹമുറിച്ചിയുടേതാ..

അങ്ങിനെ എല്ലാരും.. പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഞാന്‍ മാത്രം മാറിനില്‍ക്കുന്നതു ശരിയാണോ? പക്ഷെ എടുക്കാവുന്ന തീരുമാനങ്ങള്‍ ഒക്കെ മുമ്പെടുത്ത്‌ പരാജയപെട്ടതാ... അപ്പോള്‍ പിന്നെ എന്തു ചെയ്യും? പുതുതായി ഒന്നെടുക്കാന്‍ ... അങ്ങിനെ ആലോചിച്ച്‌ ആലോചിച്ച്‌ ഞാനും ഒരു തീരുമാനത്തില്‍ എത്തി.. എത്ര നാള്‍ ഓടും എന്നൊന്നും എനിക്കറിയില്ല.. എന്നാലും.. എന്റെ വകയും കിടക്കട്ടെ ഒരെണ്ണം... അപ്പോ എന്റെ തീരുമാനം .. എന്നെ തന്നെ സന്തോഷിപ്പിക്കാന്‍... എന്നും ആരെ ഒക്കെയോ സന്തോഷിപ്പിക്കാന്‍ ആയിരുന്നു എനിക്കിഷ്ടം.. എന്നിട്ട്‌ അവര്‍ സന്തോഷിച്ചോ .. അവര്‍ക്കും അറിയില്ല.. എനിക്കും അറിയില്ല...


അന്ന്‌... വഴക്കുകൂടാതെ പറഞ്ഞതൊക്കെ കേട്ട്‌ നല്ല കുട്ടിയായി ഇരുന്നാല്‍ അമ്മക്കു സന്തോഷം.. വികൃതി കാട്ടി ദേഷ്യം പിടിപ്പിക്കാതിരുന്നാല്‍ അച്ചനു സന്തോഷം.. നന്നായി പഠിച്ചു നല്ല മാര്‍ക്ക്‌ വങ്ങിയാല്‍ ടീച്ചര്‍ ചേച്ചിക്ക്‌ സന്തോഷം.. അതങ്ങിനെ... അന്നു ഞാന്‍ അങ്ങിനെ ഒക്കെ ആയിരുന്നു...


കുറച്ചൂടെ കഴിഞ്ഞപ്പോള്‍ കൂട്ടുകൂടി കറങ്ങി നടക്കാതിരുന്നാല്‍ എല്ലാവര്‍ക്കും സന്തോഷം.. എന്റെ കൂട്ടുകാര്‍ക്കൊഴിച്ച്‌... അപ്പോഴാണ്‌ എങ്ങിനെ രണ്ടു വശത്തും ഒരു പോലെ സന്തോഷം നല്‍കുമെന്ന് ഞാന്‍ ആശയകുഴപ്പത്തിലായത്‌......

എങ്ങിനെ എല്ലാവരെയും ഒരേസമയം സന്തോഷിപ്പിക്കും?? നടക്കാത്ത കാര്യം തന്നെ... അങ്ങിനെ പലപ്പോഴും വീട്ടുകാരെയും കൂട്ടുകാരെയും സന്തോഷിപ്പിക്കാന്‍ എന്റെ സന്തോഷത്തെ ഞാന്‍ മാറ്റിവെച്ചു.. എന്നിട്ടെന്താ... പഴയ കണക്കുകള്‍ ആരേലും നിരത്തിയാല്‍.. അതില്‍ ബാക്കി കിടക്കുന്നത്‌ ഇങ്ങനെ ഒക്കെയാ.. ഒരിക്കലും ആരെയും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌.. പിന്നെന്തിനാ വെറുതെ ...

അപ്പോള്‍.. അതാ എന്റെ തീരുമാനം.. എന്നെ തന്നെ സന്തോഷിപ്പിക്കാന്‍....എന്താവുമോ എന്തോ...?

14 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അതാ എന്റെ തീരുമാനം .. എന്താവുമോ എന്തോ...?

സു | Su said...

തീരുമാനമെടുക്കുന്നതൊക്കെ കൊള്ളാം. നടപ്പിലാക്കണം. ഇട്ടിമാളുവിന് സന്തോഷമാവണം.
ഞാന്‍ ഒരു തീരുമാനവും എടുത്തില്ല. എടുക്കാതെ തന്നെ, എന്തെങ്കിലുമൊക്കെ നടപ്പിലാക്കി സന്തോഷിപ്പിക്കുകയും, സന്തോഷിക്കുകയും ചെയ്താല്‍ അതല്ലേ നല്ലത്? അല്ലേ ഇട്ടിമാളൂ ?

കണ്ണൂരാന്‍ - KANNURAN said...

ഈ തീരുമാനം നന്നായി. ഇപ്പൊഴെങ്കിലും തിരിച്ചറിവുന്ണ്ടായല്ലോ..

കുറുമാന്‍ said...

സ്വയം സന്തോഷിക്കണം - ഹാവൂ എന്തൊരു വിഷമം പിടിച്ച, നടപ്പാക്കാന്‍ സാധിക്കാത്ത തീരുമാനം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനെന്തെളുപ്പം, സ്വയം സന്തോഷിക്കാനെന്തു വിഷമം.

എന്തായാലും ഭാവുകങ്ങള്‍

Anonymous said...

സന്തോഷമായി. ..

ഈ വര്‍ഷം മൊത്തത്തിലും (ചില്ലറയിലും) ഇട്ടിമാളുവിന്‌ സന്തോഷമാവട്ടെ.

കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നൊരു തീരുമാനമാണ്‌ ഞാന്‍ ഈ വര്‍ഷവും എടുത്തത്‌.

ആശംസകള്‍

ഇട്ടിമാളു അഗ്നിമിത്ര said...

സൂ..ശരിയാ.... എന്നാലും ഞാനങ്ങ് തീരുമാനിച്ചു ..:)

കണ്ണൂരാനെ...Better Late than Never ... :)

കുറുമാനെ.. വിഷമം തന്നെയാ... എന്നാലും ..

തമനു.. വന്നതില്‍ സന്തോഷം ഉണ്ടു കെട്ടോ..തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കട്ടെ..

Peelikkutty!!!!! said...

സന്തോഷത്തിന്റെ ഡെഫനിഷന്‍ എന്താ മാളൂട്ടീ...

സുല്‍ |Sul said...

ഇട്ടികുട്ടിക്ക് പുതുവത്സരാശംസകള്‍.

എല്ലാരെം സന്തോഷിപ്പിക്കുകയെന്നുള്ളത് ഒരു ഞാണിന്മേല്‍ കളിയല്ലെ. നന്നായി ബാലന്‍സ് ചെയ്തു കളിച്ചാല്‍ കളിതുടരാം.

പലതും പലരോടും മറച്ചു വച്ച് ഉള്ള ആ കളിയുണ്ടല്ലഓ അതികകാലം തുടര്‍ന്നാല്‍ ഡിപ്ലൊമാറ്റ് എന്നു പറയുന്ന ഹിപൊക്രാറ്റ് ആയി മാറാം. എല്ലാവിധ ആശംസകളും.

-സുല്‍

Kiranz..!! said...

യാഥാര്‍ത്യബോധം തന്നെയാണ് ഏറ്റവും വലിയ നേട്ടം,ഇട്ടിമാളൂ‍..! പുതുവര്‍ഷാശംസകള്‍

കുട്ടിച്ചാത്തന്‍ said...

ഇട്ടിമാളൂ : സ്വയം സന്തോഷിപ്പിക്കല്‍ ചിലപ്പോള്‍ വലിയ വിഷമമുണ്ടക്കും..
എനിക്കു വേണ്ടതു കിട്ടി..
പുതുവര്‍ഷത്തില്‍ തന്നെ എന്റെ ഏറ്റവും നല്ല കൂട്ടുകാരന്‍ മിണ്ടാതായീ..

അതോണ്ട് ഞാന്‍ സ്വഭാവത്തില്‍ നിന്നും ഇത്തിരി കുട്ടിക്കളി മാറ്റാന്‍ തീരുമാനിച്ചു...

ഇട്ടിമാളു അഗ്നിമിത്ര said...

പീലിക്കുട്ടി.. ഡെഫിനിഷന്‍ പറയാന്‍ അറിയില്ല.. അറിയുന്നതു പലതും പറഞ്ഞു ഫലിപ്പിക്കാന്‍ പാടല്ലെ..അതുപോലെ..

സുഗതകുമാരിയുടെ ദേവദാസി എന്ന കവിതയില്‍ ഇങ്ങനെ ഒരു വരി ഉണ്ട്..

തൊഴുതിറങ്ങി കയ്യില്‍ പൂവും പ്രസാദവും
മിഴിയില്‍ തണുപ്പുമായ് പോകുവോരെ
അറിവോരെ ചോദിക്കയാണു ഞാന്‍
മോഹമുണ്ടറിയുവാന്‍ സൌഖ്യമെമ്മട്ടിരിക്കും

സുല്ലെ .. തലപെരുക്കുന്നു....ഡിപ്ലൊമാറ്റ് .. ഹിപൊക്രാറ്റ്

കിരണ്സ്.. നേട്ടമാണ്.. പക്ഷെ..

കുട്ടിച്ചാത്താ..കുട്ടിക്കളി മാറ്റിയാല്‍ .. വെറും ചാത്തന്‍ ആയിപോവില്ലെ..

Rasheed Chalil said...

ഉം... അങ്ങനെയാവട്ടേ. വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.

neermathalam said...

True to the core..
Mine was little bit different...
What ever i lose ...I wont be a diplomat...i will talk straight...

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരി.. നീര്‍മാതളം .. കണ്ടില്ല.. ക്ഷമി... വന്നതില്‍ സന്തോഷവും നന്ദിയും