Wednesday, January 3, 2007

ആമയും മുയലും

പിറന്നു വീഴുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല
നീ പുറകെ വരുന്നുണ്ടെന്നു
പതിറ്റാണ്ടിനപ്പുറം നീ വന്നിട്ടും
ഞാന്‍ അറിഞ്ഞില്ല, നീ എത്തിപോയതു

കൊത്താംകല്ലു കളിക്കുമ്പോള്‍ ഞാന്‍ കേട്ടില്ല
അമ്മയെ കാണാതെ നീ ദൂരെ ഒരിടത്തു
ചുണ്ടു പിളുത്തി കരഞ്ഞുറങ്ങിയതു

വേരുകള്‍ പറിച്ചെറിഞ്ഞ്
അലയാന്‍ തുടങ്ങിയപ്പോഴും അറിഞ്ഞില്ല
ഞാന്‍ അടുക്കുന്നതു നിന്നോടാണെന്ന്
ബോധാബോധങ്ങളുടെ ഇടവേളകളില്‍
നീ വലവിരിച്ചതു എന്നെ തേടിയാണെന്ന്
മുന്പിന്‍ നോക്കാതെ നടക്കുമ്പോള്‍
അറിഞ്ഞില്ല, നീ എന്റെ തൊട്ടുപുറകിലെന്ന്

ഇന്നു,
നമ്മള്‍ ഒപ്പത്തിനൊപ്പം
വിടവു തീര്ത്ത വര്ഷങ്ങള്‍
എവിടെയോ കൊഴിഞ്ഞുപോയിരിക്കുന്നു

നാളെ,
നീ എനിക്കു മുമ്പെ കുതിച്ചു പായും
അപ്പോള്‍ … നീ ഓര്ക്കുമോ
ഈ പഴയ മുയലിനെ20 comments:

ittimalu said...

നാളെ,
നീ എനിക്കു മുമ്പെ കുതിച്ചു പായും
അപ്പോള്‍ … നീ ഓര്ക്കുമോ
ഈ പഴയ മുയലിനെ

ഇത്തിരിവെട്ടം|Ithiri said...

മറക്കാനാവുമോ...?

നന്നായിരിക്കുന്നു.

Sul | സുല്‍ said...

ഒപ്പത്തിനൊപ്പം എത്തിയിട്ടും ഇട്ടിമാളു ഇപ്പോഴും കവിതയെഴുതുന്നുണ്ടല്ലൊ അതു മതി.

ഇനി അവന്‍ നിന്നെ കടന്നുപോയാല്‍, നിന്റെ പേരു വെട്ടി. ഇനി നിന്നെ ഓര്‍ക്കില്ല. ഇനിയും മുയലുകള്‍ ബാക്കി.

-സുല്‍

സു | Su said...

ഓര്‍ക്കുമായിരിക്കും. ഇല്ലെങ്കില്‍ മുയല്‍ ഓര്‍ത്താല്‍ മതിയല്ലോ. പ്രശ്നം തീര്‍ന്നു. അല്ലെങ്കിലും പുറകെ വന്ന്, ഒപ്പം, നിന്ന് കടന്നുപോകുന്നവര്‍ക്ക് ഒന്നും ഓര്‍ക്കാന്‍ സമയം ഉണ്ടാവില്ല. അവരു കടന്നുപോകട്ടെ. നമുക്കിവിടെയിരുന്ന് ഓര്‍ക്കാമല്ലോ.

ഇട്ടിമാളു ഫെമിനിസ്റ്റ് ആണോ? ഈ ഫെമിനിസ്റ്റ് എന്നുള്ളതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അറിഞ്ഞിട്ടുവേണം തീരുമാനിക്കാന്‍. എന്നോടാരെങ്കിലും ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി പറയാമെന്ന് വെച്ചാ. ;)

കുട്ടിച്ചാത്തന്‍ said...

ഇട്ടിമാളൂ: വീണ്ടും ഞാന്‍ ഞെട്ടിമാളൂ..
മുയലല്ലേ ഉറങ്ങിയത്!!!!...

ഇനി വേറെ എന്തേലും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ എനിക്കൊന്നും മനസ്സിലായില്ലേ...

sandoz said...

ഇട്ടിമാളൂ...ഇത്‌ ഇത്തിരി കട്ടിയാണു മാളൂ

ittimalu said...

പുതുവര്‍ഷാശംസകളുടെ ഇത്തിരി വെട്ടം നേരത്തെ കിട്ടി.. ..സന്തോഷം ..തിരിച്ചും ആശംസകളോടെ..മറക്കാതിരിക്കുക.. :)

സുല്ലെ.. ആകെ മൊത്തം ടോട്ടല്‍ എത്ര മുയലുകള്‍ ഉണ്ട്? "ഇനി അവന്‍ നിന്നെ കടന്നുപോയാല്‍"..ആരാ പറഞ്ഞെ അവന്‍ ആണെന്ന്.. സ്വയം അങ്ങ് തീരുമാനിച്ചു അല്ലെ?

സൂ.. "ഇട്ടിമാളു ഫെമിനിസ്റ്റ് ആണോ?".. .. ഇവിടെ തന്നെ പറഞ്ഞു കുളമാക്കണോ?.. പിന്നെങ്ങനാ .. സൂ തന്നെ ഒരു സൊലൂഷന്‍ പറയൂ...അല്ലെങ്കില്‍ ഇതൊന്നു നോക്കൂ...
http://www.manoramaonline.com/advt/she/26Sep06/section1_article2.htm

ittimalu said...

സാന്ഡോസ്... മറുപടി ഇട്ടതിനു ശേഷമാ.. ഇന്നലെ കണ്ടത്.. ഇതില്‍ എന്താ ഇത്ര കട്ടി..?

sandoz said...

മുയല്‍ ഏതാ,ആമ എങ്ങോട്ട്‌ പോയി,ഇനി വര്‍ഷങ്ങള്‍ ആയിട്ട്‌ ഇവരു ഓടിക്കൊണ്ടിരിക്കുക ആണോ ,ഇപ്പോള്‍ ഓര്‍ക്കുന്നതിനുള്ള സാഹചര്യം എന്താണു...ഒരും പിടീം കിട്ടീല്ലാ മാളൂ.[എന്റെ കുഴപ്പമാണു]

ittimalu said...

വെരി സിമ്പിള്‍ .. മുയല്‍ ഞാനാണെങ്കില്‍ ആമ മറ്റാരുമാവാം .. ഓട്ടം എന്നു എവിടെ തുടങ്ങി എന്നതിനു കൃത്യമായ കണക്കൊന്നുമില്ല.. .....??? വെറുതെ ഒന്ന് ഓര്‍ത്തു .. പുറകെ വന്നവര്‍, അവര്‍ക്ക് നമ്മള്‍ അപരിചിതര്‍ ആയിരിക്കും , എന്നെങ്കിലും ഒപ്പമെത്തിയാല്‍ പരിചിതരും .. പക്ഷെ നാമറിയാതെ അവര്‍ നമ്മുക്കു മുന്നില്‍ ഓടി കയറും .. അന്നു അവര്‍ നമ്മളോട് അപരിചിതരാണെന്ന് നടിക്കും ...

sandoz said...

ദേ...ഈ പറഞ്ഞത്‌ മനസ്സിലായി.ഇപ്പോള്‍ പള്ളിമുക്കീന്ന് കച്ചേരിപ്പടിയില്‍ പോകാന്‍ എം.ജി.റോഡ്‌ വഴി പോന്നു.നേരത്തെ മേനക വഴി കറങ്ങി...ഇനി എം.ജി റോഡില്‍ തിരക്കായത്‌ കൊണ്ട്‌ ആയിരിക്കുമോ.

കുട്ടിച്ചാത്തന്‍ said...

ഇട്ടിമാളൂ:എനിക്കു മാത്രം മറുപടിയില്ലേ.. അതോ അതും ചാത്തന്‍ കൊണ്ടുപോയൊ? ഞാനിനി ഈ വഴി വരൂല..

ittimalu said...

കുട്ടിച്ചാത്താ.. പിണങ്ങാതെ.. ക്ഷമി.. സത്യായിട്ടും ഞാന്‍ അതു കണ്ടില്ല.. ഇത്തവണ മാപ്പ്...

ആരും ഉറങ്ങിയില്ല...ആരൊക്കെയോ ഉറക്കം നടിക്കാ..ഉദ്ദേശിച്ചത് മനസിലയല്ലോ അല്ലെ?

മഴത്തുള്ളി said...

ഇട്ടിമാളൂ, ആമയും മുയലും പരസ്പരം സഹായിച്ച കഥ കേട്ടിട്ടില്ലേ. ആമ നടന്നു തളര്‍ന്നപ്പോള്‍ മുയല്‍ ആമയെ പുറത്തുവച്ച് നടന്നു. വഴിക്ക് ഒരു പുഴ കണ്ടപ്പോള്‍ ആമയുടെ പുറത്തിരുന്ന് മുയല്‍ അക്കര പറ്റി. അതുപോലെയും കുറെപ്പേരുണ്ടെന്നത് മറക്കാതിരിക്കൂ.

ittimalu said...

മഴതുള്ളി..മുയലിനെ പുറത്തേറ്റിയ ആമയുടേ കഥയുണ്ടോ?

കുട്ടിച്ചാത്തന്‍ said...

ഇട്ടിമാളൂ :ആ മാപ്പ് എനിക്കു വേണ്ട.. പക്ഷേ ആ ‘ക്ഷമി...’ എനിക്ക് ഇഷ്ടായി.. ഞാനും അതു പറയാറുണ്ട്... പിണക്കമൊന്നുമില്ലാട്ടൊ...ചുമ്മാ ഒരു നമ്പറല്ലേ അതൊക്കെ...

Anonymous said...

ആമയ്ക്കൊരിക്കലും മുയലിനെ മറികടക്കനവില്ല,
മുയല്‍ ഉറക്കം തൂങ്ങിയില്ലെങ്കില്‍..
എങ്കിലും മറക്കാതിരിക്കട്ടെ,

Anonymous said...

hi

ittimalu said...
This comment has been removed by a blog administrator.
ittimalu said...

ഈ AK47 എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു പേടി.. എന്നാലും വന്നതില്‍ സന്തോഷം ..

കുട്ടിച്ചാത്താ.. അപ്പൊ നമ്മള്‍ കൂട്ട്...