Friday, January 20, 2012

ശബ്ദവസന്തം


ബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.

റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി സഹിക്കേണ്ടി വരുന്ന കത്തിയെ മനപ്പൂര്‍വ്വം വിസ്മരിക്കും...എത്ര പാട്ടുകള്‍ കേട്ടു എന്ന് കണക്കെടുക്കാറില്ല... മിക്കവാറും കേട്ടപാട്ടുകള്‍ ഓര്‍ക്കാറുപോലുമില്ല.. അതിനുമുമ്പെ ഞാന്‍ ഉറക്കത്തിന്റെ പിടിയിലായിരിക്കും.. അസമയത്ത് ഉണര്‍ന്നാല്‍ അതിനെ കുത്തിയുറക്കും.. ഇല്ലെങ്കില്‍ ഊര്‍ജ്ജം തീരും വരെ പാടികൊണ്ടിരിക്കും .. പുത്തന്‍ ബഹളങ്ങള്‍ക്കപ്പുറം പഴയ ആകാശവാണിയെ തിരയണമെന്ന് ഒരിക്കലും തോന്നിയില്ല. പക്ഷെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ വായനക്കിടയില്‍ അങ്ങിനെഒരു ചിന്ത മനസ്സില്‍ കേറി..കേള്‍ക്കണം എന്നൊരു ഉറപ്പ് ഞാന്‍ എനിക്ക് തന്നെ കൊടുത്തു.. പക്ഷെ എന്നിട്ടും ഞാനത് മറന്നു പോയി .. തിങ്കളാഴ്ച ഓഫീസ് മേശയില്‍ വന്നുകിടന്ന ബ്രോഷര്‍ ആണ് വീണ്ടും ഓര്‍മ്മപ്പെടുത്തലായത്.. എന്നിട്ടും നഷ്ടമായി, അന്ന് ശബ്ദവിരുന്നായത് തിരുവനന്തപുരം നിലയത്തിന്റെ “അശ്വാരൂഢന്റെ വരവ്” ആയിരുന്നു . രചന : പെരുമ്പടവം ശ്രീധരന്‍

എനിക്കുമുണ്ട്, റേഡിയോയെ പ്രണയിച്ചിരുന്ന ഒരു ഭൂതകാലം.. പ്രത്യേകിച്ചും നാടകങ്ങളേയും ചലചിത്രഗാനങ്ങളേയും .. കെമിസ്റ്റ്രിയുടെ ബോറന്‍ റെക്കോറ്ഡെഴുത്തുകള്‍ക്ക് പശ്ചാത്തലമായി “രഞ്ജിനി”യുണ്ടാവും.. (സ്റ്റാര്‍സിംഗര്‍ രഞ്ജിനിയല്ല).. അന്നൊക്കെ ഒരിക്കലും ഞാന്‍ നാടാകോത്സവം കേള്‍ക്കാതിരുന്നില്ല..നാടകോത്സവം മാത്രമല്ല..ഇന്നത്തെ ടിവിസീരിയലുകള്‍ പോലെ അന്നു തുടരന്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു.. പരസ്യത്തിന്റെ ശല്ല്യമില്ലാതെ നീളുന്ന നാടകങ്ങള്‍.. .. കാഴ്ചകളുടെ ധാരാളിത്തമില്ലാതെ കേള്‍ക്കുന്ന ഓരോരുത്തരെയും അവനവന്റെ ഭാവനക്കനുസരിച്ച് മനകണ്ണില്‍ കാണാന്‍ അനുവദിക്കുന്ന നാടകങ്ങള്‍ ..

രാത്രിയില്‍ കര്‍ണ്ണമധുരമായ സ്ഫുടമായ മലയാളത്തില്‍ അവര്‍ പറയാന്‍ തുടങ്ങിയിരുന്നു.. “അഖിലകേരള റേഡിയോ നാടകോത്സവം രണ്ടാം ദിവസം.“..അങ്ങിനെ തുടക്കം “9/11 അഥവാ സെപ്തംബറിന്റെ മുറിവ്” ല്‍ ആയി... സുധീര്‍ പരമേശ്വരന്റെ രചനയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായിരുന്നു ആ നാടകം ദുരന്തങ്ങള്‍ ആസ്വദിക്കുന്നവരുടെയും അതില്‍ തകര്‍ന്നുപോവുന്നവരുടെയും കഥപറഞ്ഞു നീങ്ങി.. അവസാനിക്കുന്നതിനു തൊട്ടുമുമ്പെപ്പൊഴൊ ഉറക്കം എന്നെ കീഴടക്കിയിരുന്നു.. പക്ഷെ ഞെട്ടിയുണാര്‍ന്നപ്പോള്‍, കൈമാക്സ് നഷ്ടമായതിന്റെ സങ്കടത്തില്‍ കൂട്ടുകാരിയോട് ചോദിച്ചു “എന്തായിരുന്നു അവസാനം“.. അവളും ഉറങ്ങിപ്പോയിരുന്നു... അങ്ങിനെ സെപ്തംബറിന്റെ മുറിവിന്റെ ആഴം അറിയാതെ പോയി..

“പ്രാണനിലകള്‍ പറയാതെ പറഞ്ഞത്”ആയിരുന്നു അടുത്തദിവസം. കാലമേറെ കൂടി എത്തിപ്പെട്ടതായതിനാല്‍ ഇഴകീറി മുറിക്കാന്‍ ശ്രമിച്ചില്ലെന്നത് വേറെ കാര്യം ഇഷ്ടപ്പെടാത്ത അവസാനമായിട്ടും കാലങ്ങള്‍ക്കു ശേഷം ഒരു റേഡിയൊ നാടകം കേട്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഇന്നലെ ഫോണില്‍ കുടുങ്ങിയപ്പോള്‍ “ഹത്യ“ യുടെ തുടക്കം കേട്ടില്ല.. എന്നാലും സിദ്ദിക്കിന്റെ ചിരപരിചിതമായ ശബ്ദമാണ്‍് ആദ്യം ചെവിയില്‍ വീണത്.. എന്ഡോസള്‍ഫാന്‍ പ്രശ്നവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം ഒരു കുഞ്ഞിനെ ജനിക്കും മുമ്പെ കൊന്നു കളയാനുള്ള തീരുമാനത്തിനു ഹേതുവാകുകയാണ്... ശബ്ദവീചികളുടെ മാന്ത്രികത നിറഞ്ഞ അവതരണം എന്നൊന്നും പറായാനില്ലെങ്കിലും, ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അകത്തും പുറത്തും നിന്നുള്ള സംഭാഷണങ്ങള്‍ ഒരു ചെറിയ കിതപ്പോടെ കാതില്‍ തടയുന്നു..

കഴിഞ്ഞവര്‍ഷം സ്കൂള്‍കലോലസവം കോട്ടയത്ത് നിറഞ്ഞു നിന്നപ്പോള്‍ ഡയലോഗ് ഒന്നു പോലും നേരെ കേള്‍ക്കരുത് എന്ന തരത്തിലായിരുന്നു നാടകയരങ്ങിലെ മൈക്ക് .. കേള്‍ക്കാതെ കണ്ട് നാടകം ആസ്വദിക്കാനാവാതെയാ ഞാനവസാനം എഴുനേറ്റ് പോന്നത്...

ഇന്നു അഞ്ചാം ദിവസം . കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന "കാദംബിനി”.. ഇനിയും വരുന്നുണ്ട്, “അന്നക്കുട്ടിക്ക് ഇന്റര്‍നെറ്റുവേണം”, “കാഫ്കസിറ്റി”, “ഏഴാമിന്ദ്രിയം” പിന്നെ കൊട്ടിക്കലാശത്തിനായി “പതിമൂന്നാം പ്രതി”

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)

13 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)

salil | drishyan said...

Nannayittundu maaloose... nizhalukal mayangi kidakkunna idavazhiyilekku kannum nattu Radio nadakangalum Cinema Shabdarekhakalum kettu irunna uchanerangal orthu poyi...

sasneham
salil drishyan

മുകിൽ said...

പഴയ കാര്യങളൊക്കെ ഓര്‍ത്തു. രാത്രി 8 മണിക്കു നാടകം കേള്‍ക്കുന്നതിനിടയില്‍ കറന്റു പോയാല്‍ ബാറ്ററി റേഡിയോ യുള്ളവരുടെ അടുത്തേക്കു ഓടുമായിരുന്നു. അടുത്ത വീട്ടിലെ അമ്മൂമ്മമാരൊക്കെ ഓടിവരുമായിരുന്നു. സുന്ദരകാലം.

Angeluz_domini said...

nannayittund..orikkal mathrubhoomi maasikayil oru lekhanam vannathai orkkunnu.valare ishtamayi..

ശ്രീ said...

കുറേ നാളിനു ശേഷമാണ് ഈ വഴി...

ഗൗരിനാഥന്‍ said...

എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് കേട്ട ശബ്ദങ്ങള്‍ ഇന്നും മനസ്സിലുണ്ട്..അതു പോലെ തന്നെ എത്രയോ കാലങ്ങളായി ആകാശവാണിയൊക്കെ കേട്ടിട്ടും...ഈ അലച്ചില്‍ അതിനൊക്കെ മറവിയിലും ആക്കിയിരിക്കുന്നു..

ജീവി കരിവെള്ളൂർ said...

ആകാശവാണി കേട്ട നാളുകൾ മറന്നെങ്കിലും സതീഷ്ചന്ത്റൻടെയൊക്കെ ശബ്ദം മറന്നിട്ടില്ല ഇപ്പോ വീട്ടിൽ പോയാലും മാംഗോയൊക്കയെ ഉള്ളൂ.നാടകോല്സവം ഓർമ്മയിലെത്തിച്ചതിന് നന്ദി!

Admin said...

റേഡിയോ നാടകങ്ങള്‍ നമ്മുടെ നഷ്ടവസന്തമല്ലേ.. ഇപ്പോഴുമുണ്ട്... നമ്മളാരും കേള്‍ക്കുന്നില്ലെന്നുമാത്രം..

ഭാനു കളരിക്കല്‍ said...

നാടകം ശരീര ഭാഷയാല്‍ നിര്‍മ്മിതമാണെന്നും റേഡിയോ നാടകങ്ങള്‍ നാടകം അല്ലെന്നുമാണ് നാടക വിദ്വാന്മാര്‍ പറയുക. എങ്കിലും സ്വരങ്ങളുടെ മുത്തുകള്‍ കൊണ്ട് രംഗം വിഭാവനം ചെയ്യുന്ന റേഡിയോ നാടകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. കുറിപ്പ് ഇഷ്ടമായി.

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യന്‍, മുകില്‍, ഗൌരി,

Angeluz_domini... ഓര്‍ത്തതില്‍ ഓര്‍മ്മവെച്ചതില്‍ സന്തോഷം :)

ശ്രീ ... ഞാനും മയക്കത്തിലാണ്‍`... ഉണരാനുള്ള ശ്രമത്തിലും..

ജീവി.. ഞാനും മാംഗോയുടെ കൂടെയാ ഇപ്പൊ..

ശ്രീജിത്ത്.. ശരിയാ.. ഞാനും കാലം കുറെ കൂടിയാ കേട്ടത്

ഭാനു.. എനിക്ക് സ്റ്റേജ് നാടകങ്ങളേക്കാള്‍ ഇഷ്ടം റേഡിയോ നാടകങ്ങള്‍ ആണ്.. സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം ..;)

Siji vyloppilly said...

എനിക്ക് വയസ്സായി എന്ന് ഓർമ്മിപ്പിച്ചതിനു നന്ദി ടീ..പണ്ടത്തെ ആ കാലങ്ങൾ അങ്ങ് ഓർമ്മ വന്നു. ശോഭനേച്ചിയാണ്‌ എന്നെ റേഡിയോ കേൾക്കാൻ പഠിപ്പിച്ചത്. ബുധനാഴ്ച്ച ആലപ്പുഴ സ്റ്റേഷന്റെ ഗാനതരംഗിണി..പിന്നെ വെള്ളിയാഴ്ച്ചത്തെ രഞ്ചിനി..നാടക മത്സരങ്ങൾ ഒന്നും മുടക്കാറില്ല. പിന്നെ മുടങ്ങാതെ കേൾക്കുന്നത് യുവവാണിയാണ്‌. അതിൽ ഇടക്ക് കഥ വായിക്കാനും പോയിരുന്നു. എന്റെ കഥകൾ വരുന്ന ദിവസം എന്റെ ഗ്രാമം മുഴുവൻ ഉണർന്നിരിക്കും. ഇപ്പോ ശോഭനേച്ചി (അടുത്ത വീട്ടിലെ) ടി.വി യുടെ ആരാധികയായി. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോ എല്ലായിടത്തും റേഡിയോ തിരഞ്ഞു. എന്റെ നൊസ്റ്റാൾജിയകൾ എനിക്കു മാത്രം സ്വന്തം!!

Echmukutty said...

എന്നെ ഓര്‍മ്മകളിലേക്ക് എടുത്തെറിഞ്ഞല്ലോ ഇട്ടിമാളൂ.........

ഇട്ടിമാളു അഗ്നിമിത്ര said...

സിജി.. എച്മു :)