Wednesday, April 18, 2007

പെണ്‍മഴ

മഴക്കഥകള്‍ മഴ പോലെയാണ്. ഓരോ മഴയിലും എണ്ണം മറന്ന മഴത്തുള്ളികളായി അത് പെരുകികൊണ്ടിരിക്കും. പിന്നെ മഴനൂലുകള്‍ പോലെ നീണ്ടു പോവും. പറഞ്ഞാല്‍ തീരാത്ത മഴക്കഥകളുമായ് ഓരോ കാലവര്‍ഷവും തുലാവര്‍ഷവും കടന്നുവരും. ഇതിനിടയില്‍ ആരെങ്കിലും ചോദിക്കാറുണ്ടോ മഴ ആണോ പെണ്ണോ എന്ന്.
ഒരു പെണ്‍മനസ്സില്‍ മഴയ്ക്കെന്നും പെണ്‍മുഖമാണ്. തലവഴിയെ പുതപ്പു വലിച്ചിട്ട് ചുരുണ്ടുകൂടി ഉറങ്ങാന്‍ കൊതിപ്പിക്കുന്ന പുലരിമഴക്ക് അമ്മഭാവമാണ്. മുടിച്ചുരുളുകളില്‍ വിരലോടിച്ച് മറുകയ്യാല്‍ പുറത്ത് താളം തട്ടി ഉറക്കുന്ന അമ്മയുടെ താരാട്ടിന്റെ ഈണം.
പക്ഷെ കണ്‍തുറന്നു ഒരിത്തിരി ഉറക്കച്ചടവുമായി മഴയെ നോക്കുമ്പോള്‍ മുഖത്തേക്ക് വെള്ളം തെറിപ്പിക്കുന്നത് ഒരു മധുരപതിനേഴുകാരിയല്ലെ? കിലുക്കാംപെട്ടിപോലെയുള്ള ആ ചിരിയില്‍ പറന്നെത്തുന്ന ഇളം തണുപ്പില്‍ നമ്മളും ഉണര്‍ന്നുപോവില്ലെ!
ഉച്ചമഴകള്‍ക്ക് പാകതയും പക്വതയുമുള്ള മധ്യവയസ്കയുടെ രൂപമാണ്. അവ അപൂര്‍വ്വമായല്ലാതെ, ഏറെയൊന്നും പൊട്ടിത്തെറിക്കാറില്ല .. നമ്മുടെ കണ്‍മുന്നില്‍ മാനത്ത് കാര്‍മേഘങ്ങളെ അണിയിച്ചൊരുക്കി പെയ്തൊഴിഞ്ഞു പോവുന്നു. ആ വരവും പോക്കും എല്ലാം നമ്മള്‍ കണ്ടറിയുന്നു.
തെളിയുന്ന വെയിലില്‍ പെയ്യുന്ന മഴക്ക് വിടര്‍ന്നു ചിരിക്കുന്ന ഒരു യുവതിയുടെ സൌന്ദര്യമില്ലെ? എങ്കിലും നമ്മള്‍ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്നതും ഈ പകല്‍ മഴകളെ തന്നെ.
അന്തിമഴ അകലാത്ത അതിഥിയാണ്. എന്നാല്‍ അവള്‍ക്കൊരു ഏകാകിനിയുടെ ഭാവമാണ്. ആര്‍ത്തലച്ചു പെയ്താലും ചന്നംപിന്നം ചിതറിവീണാലും അതില്‍ അടക്കിവെച്ച തേങ്ങല്‍ കേള്‍ക്കാം.
രാത്രിമഴ ഭ്രാന്തിയെപോലെയെന്ന് കവിഭാവന. ശരിയാണ്, രാവുറങ്ങുമ്പോള്‍ അവളുടെ ജല്‌പനങ്ങള്‍ ആരും കേള്‍ക്കാതെ പോവുന്നു. മുടിയിട്ടുലച്ചും നെഞ്ചത്തലച്ചും അവള്‍ പെയ്ത് തോരുന്നതു പോലും ആരുമറിയാതെയാണെന്ന് മാത്രം. സുഖസുന്ദരമായ ഒരു ഉറക്കത്തിനിടയില്‍ ഇടക്കൊന്നുണര്‍ന്നാല്‍ തന്നെ ഈ ഭ്രാന്തിയെ ആരു ശ്രദ്ധിക്കാന്‍?
ഇതാ വീണ്ടും ഉരുകിയൊലിക്കുന്ന വേനല്‍ ചൂടില്‍ മഴകുഞ്ഞുങ്ങള്‍ പിറക്കാന്‍ തുടങ്ങിയിരിക്കുന്നു .. വേനല്‍ മഴകളായി. ആ ഉതിര്‍ന്നുവീഴുന്ന ഓരോ തുള്ളിയിലും ഒരു സാന്ത്വനസ്പര്‍ശമില്ലെ.. അതിലും ഒരു തരിവളകിലുക്കം കേള്ക്കനാണ് എനിക്കിഷ്ടം.
ഇഴപിരിഞ്ഞുകിട്ടാത്ത പെണ്‍മനം പോലെ മഴയങ്ങിനെ പെയ്തിറങ്ങുകയാണ്... പെണ്‍മഴ

23 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മഴയുടെ അമ്മക്ക് എന്നും കുറ്റമാണ്... പെയ്താലും പെയ്തില്ലെങ്കിലും ... എന്റെ പെണ്‍മനസ്സില്‍ ആ അമ്മക്കു പിറന്നതും .....

കണ്ണൂരാന്‍ - KANNURAN said...

ഓര്‍ക്കാപ്പുറത്ത് ഇടിമിന്നലീന്റ്റ്റെ അകമ്പടിയോടെ ആഘോഷമായി പെയ്തിറങ്ങുന്ന ഇടവപ്പാതിക്ക് എന്തു ഭാവമാ ഇട്ടി??? എന്തായാലും പെണ്‍ഭാവമല്ല.. അല്ലെ???

വല്യമ്മായി said...

കൊള്ളാം ഇട്ടിമാളൂ.മഴയുടേയും സ്ത്രീയുടേയും ആ രൗദ്രഭാവം എഴുതാതെ വിട്ടതാണെന്ന് തോന്നുന്നു,കണ്ണൂരാന്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒറ്റക്കാര്യത്തില്‍ സമ്മതിക്കാം വലിയ വായിലേ നിലവിളിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കുന്ന സ്വഭാവം രണ്ടിനും ഒരുപോലുണ്ട്

അല്ലേലും ചീള് മഴയോടൊക്കെ എന്തിനു പുരുഷന്മാരെ ഉപമിക്കണം വല്ല ഇടീം മിന്നലും കൊടുങ്കാറ്റും ഒക്കെയാണെങ്കില്‍ ഒരു രസമുണ്ട്.

Kumar Neelakandan © (Kumar NM) said...

മഴ ആണോ പെണ്ണോ? ഞാനും ഓര്‍ത്തിട്ടുണ്ട്.

നനുത്തിറങ്ങുന്ന നാരു പോലെയുള്ള മഴ പെണ്ണാണ്. ആര്‍ദ്രമായ മഴ. താളമുള്ള മഴ. തണുപ്പെന്ന ഓര്‍മ്മ മനസില്‍ ഉണര്‍ത്തി പ്രതീക്ഷിപ്പിക്കുന്ന മഴ. ഇടയ്ക്ക് കാറ്റിനനുസരിച്ച് ചാഞ്ഞു പെയ്യുന്ന മഴ. ഈ മഴ പെണ്മഴ നീണ്ടുപെയ്യും.


മഴയുടെ താളം അസുരം ആകുമ്പോള്‍ അത് ആണ്‍ മഴ. സംഹാരത്തിന്റെ താണ്ഡവമഴ. അഹങ്കാരത്തിന്റെ മഴ. അഹന്തയുടെയും കരുത്തിന്റേയും ഇടിമിന്നലുകളെ കരമുയര്‍ത്തിപ്പിടിച്ച മഴ. ഇതിനു ദൈര്‍ഘ്യം കുറവാണ്. തകര്‍ക്കാനുള്ളതൊക്കെ തകര്‍ത്തിട്ട് ഇത് ഒടുങ്ങും.

പക്ഷെ ഇതിന്റെ ഇടയില്‍ ഒരു മഴയുണ്ട്.
ആണും പെണ്ണും കെട്ട മഴ.

മഴയില്‍ ഇങ്ങനെയാണ്. മഴക്കഥയിലും ഇങ്ങനെ യാവും. മഴയില്ലാത്ത കഥയിലും പലപ്പോഴും ഇങ്ങനെ ഒക്കെ തന്നെ.

മഴ നിന്നു. മരം പെയ്യുന്നു. അതു പിടിച്ചുകുലുക്കാതെ ഞാന്‍ പോണു.

vimathan said...

പെയ്യാതെ പോവുന്ന മഴകളോ?

Sona said...

മാളുട്ടീ..നന്നായിട്ടുണ്ട്

ഗുപ്തന്‍ said...

മഴ പെണ്ണന്നെ... സമ്മദിച്ചു... പക്ഷെ, ഇടി ആണാണൂട്ടോ... ഓര്‍മ്മയിരിക്കട്ടെ..

നന്നായി ..പതിവുപോലെ :)

സുല്‍ |Sul said...

മഴയെക്കുറിച്ചുള്ള മറുചിന്ത കൊള്ളാം.

ഓടോ : എല്ലാം പെണ്‍ ചേര്‍ത്തു പറഞ്ഞു നോക്കിയാലോ????

-സുല്‍

മുല്ലപ്പൂ said...

ഓരോ മഴത്തുള്ളിയും നിന്റെ ചിരിയെ പ്രതിഫലിപ്പിക്കുമെങ്കില്‍, എങ്കില്‍ മാത്രം...

നിര്‍ത്താതെ പെയ്തോട്ടെ ഈ മഴ.

മുസ്തഫ|musthapha said...

“പെണ്‍മഴ”

നന്നായിട്ടുണ്ട് ഇട്ടിമാളു...

സു | Su said...

മഴ ആണായ്ക്കോട്ടെ പെണ്ണായ്ക്കോട്ടെ. എനിക്ക് പ്രശ്നമില്ല.

മഴ എനിക്കിഷ്ടമാണ്.

ആകാശത്ത് നിന്ന് പെയ്താലും കണ്ണില്‍ നിന്ന് പെയ്താലും.

G.MANU said...

പക്ഷേ ആ മഴയിലും ആസിഡ്‌ കലരുകയണല്ലോ ഇട്ടി..

ആകാശക്കുട കീറി സൌരപഥ രോഷം എത്തിക്കഴിഞ്ഞു..ഇനി അധികം ഇല്ല... ഉള്ളസമത്തു മഴയ്ക്കുള്ളില്‍ കയറിക്കൊള്ളൂ

ഡാലി said...

മഴയെ കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ലാല്ലേ.
ഇവിടെ വന്നീട്ട് ഒരു പുതിയ മഴകണ്ടു. ആലിപ്പഴം ഇങ്ങനെ തുരുതുരാന്നു വീഴുന്ന മഴ. കുറുമ്പനായ ഒരു കുട്ടിയായിരുന്നു അവന്‍. എപ്പോഴും ചാടി ചാടി നടക്കുന്ന, വാതോരാതെ സംസാരിക്കുന്ന, ഒച്ചവയ്ക്കുന്ന കുസൃതി. പെയ്തൊഴിഞ്ഞ് വെണ്മുത്ത് ചിതറി തെറിപ്പിച്ച് ഒരു മെത്തയുണ്ടാക്കിയപ്പോള്‍ അവന്റെ ഭാവം മെത്തമേല്‍ ശാന്തനായി ഉറങ്ങുന്ന പൈതലിന്റേതായിരുന്നു.

ആഷ | Asha said...

:)

Haree said...

മഴ... :)
--

ലിഡിയ said...

ആണൊ പെണ്ണോ, മഴ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ചിലപ്പോള്‍ കൂട്ടുകാരി ചിലപ്പോള്‍ കാമുകന്‍.ഒരു മഴയത്ത് നനയാന്‍ കൊതിയാവുന്നു.ഇവിടെ വേനലൊരുക്കുന്ന മരീചികകാളാണ്. :(

ഓടോ:വെയില്‍ ആണോ പെണ്ണോ, ആണാവാനാണ് ചാന്‍സ് കൂടൂതല്‍ അല്ലേ.

-പാര്‍വതി.

Inji Pennu said...

സേം പിഞ്ച് മാളൂസ്..

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ .. അതിനും പെണ്‍ഭാവമല്ലെ .. അല്പം രൌദ്ര്മാണെന്നുമാത്രം

വല്ല്യമ്മായി ..സോനാ ...അഗ്രജന്‍ ...ആഷാ... വന്നതില്‍ വായിച്ചതില്‍ ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ സന്തോഷം .:)

ചാത്തോ .. ഹി ഹി ഹി

കുമാര്‍ ..“മഴ നിന്നു. മരം പെയ്യുന്നു. അതു പിടിച്ചുകുലുക്കാതെ ഞാന്‍ പോണു“. .. ഇതെനിക്ക് ക്ഷ പിടിച്ചു ..

വിമതാ .. പറയാതെ ഉള്ളിലൊതുക്കുന്ന നോവുകള്‍ ആവാം ..

മനു .. സമ്മതിച്ചു ..

സുല്ലെ .. ചതിക്കല്ലെ.. പ്രശ്നാവും ..

മുല്ലപ്പൂ .. തീര്‍‌ച്ചയായും . പക്ഷെ അലിഞ്ഞുപൊവുന്ന തുള്ളികള്‍‌ക്കൊപ്പം ... സാരമില്ലല്ലെ..

സൂ.. കണ്ണിലെ മഴകളെ എനിക്കത്ര ഇഷ്ടമല്ല ...

മനുജി .. ശരിയാ ...കുളിരുന്ന മഴകള്‍‌ക്കു പകരം പൊള്ളുന്ന മഴകള്‍

ഡാലി .. കാലം കുറെയായല്ലോ കണ്ടിട്ടുണ്ട് ... ഞാനും കണ്ടിട്ടുട്ട് ആലിപ്പഴം പൊഴിയുന്നത് .. ഒരിക്കല്‍ മാത്രം :(

ഹരിടെ കമന്റ് കണ്ടപ്പോള്‍ ഞാന്‍ ഓര്‍‌ത്തത് ആറാംതമ്പുരാനില്‍ മഞ്ജുവാരിയര്‍ പ്രിയരാമനോട് ചോദിക്കുന്നതാ .. “എന്താ മഴ കണ്ടിട്ടില്ലെ ..” .. എന്തുകൊണ്ടാ എന്നൊന്നും ചോദിക്കല്ലെ .. :)

പാര്‍‌വ്വതി .. നമുക്കൊരു ഡിബേറ്റ് ആയാലോ .. വെയിലിന്റെ കാര്യത്തില്‍

ഇഞ്ചി.. സേം പിഞ്ച്

അചിന്ത്യ said...

ഇട്ടിമാളൂട്ടീ ,
രതി മുതല്‍ രോഷം വരെ എല്ലാ സ്ഥായീലും മഴ പെയ്യാറില്ല്യേ?
പാത്രമറിഞ്ഞ് ഭിക്ഷനല്കണ നിറവാണ് മഴ
മഴ, കടല്‍, ഓണം,അസ്തമയം- എഴുത്തുകാരനെ ഒരിക്കലും നിരാശപ്പെടുത്താത്ത ബിംബങ്ങള്‍
സ്നേഹം സമാധാനം

ഇട്ടിമാളു അഗ്നിമിത്ര said...

അചിന്ത്യാ.. ശരിയാണ്. മഴയുടെ ഭാവങ്ങള്‍ എഴുതിയാല്‍ തീരില്ല

നിമിഷ::Nimisha said...

ഈ പെണ്മഴ ഒത്തിരി ഇഷ്ടായി ട്ടോ :) മഴ, അതെന്നും എനിക്കിഷ്ടമായത് കൊണ്ടാണൊ അതോ മാളുവിന്റെ വരികളുടെ സൌന്ദര്യം ആ ഇഷ്ടത്തെ ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നത് കൊണ്ടാണോ എന്നറിയില്ല :)

ഇട്ടിമാളു അഗ്നിമിത്ര said...

നിമിഷാ.. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്