Monday, January 22, 2007

അവളുടെ വിധി..

കോടതിക്കു മുന്നില്‍ ഓട്ടോ നിര്‍ത്തി അവള്‍ അകത്തേക്കു കയറുമ്പോള്‍ മുറ്റത്തുപോലും നിറയെ ആള്‍ക്കാരുണ്ടായിരുന്നു. കറുത്ത ഉടുപ്പും പര്‍ദ്ദയുമായി അവള്‍ വന്നതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. വളരെ കുറച്ചു പെണ്ണുങ്ങള്‍ മാത്രം . കൂട്ടത്തില്‍ അവളും പോയിരുന്നു... ഇരുന്നതിനു ശേഷമാണ്` അവള്‍ അടുത്തിരുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. അത് അവന്റെ അമ്മയായിരുന്നു..

അവള്‍ ആരെന്നറിയേണ്ടെ.. ?...വിവാദമായ ഒരു തട്ടികൊണ്ടുപോകല്‍ (പീഡന) കേസിലെ വാദിയാണവള്‍. ഒരുവന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ഇര.
കൂട്ടില്‍ കേറാന്‍ അവളെ വിളിച്ചപ്പോള്‍ എതിര്‍ കൂട്ടില്‍ നിന്ന്` അവന്‍ ഒരു വളിച്ച ചിരി ചിരിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നാവാം അവള്‍ പ്രത്യക്ഷപെടുന്നതെന്നറിയാതെ ആള്‍കൂട്ടം പല വഴിയെ തിരയുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ചിരിയും കമന്റുകളും അതിരുകള്‍ ലംഘിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ആകാംക്ഷനിറഞ്ഞ ആ മുഖങ്ങള്‍ അവള്‍ വന്നില്ലെന്ന നിഗമനത്തിലെത്താന്‍ തുടങ്ങിയപ്പോള്‍ അവള്‍ പതിയെ എഴുന്നേറ്റു. പക്ഷെ കൂട്ടിലേക്ക് കാലെടുത്തുവച്ചപ്പോള്‍ മാത്രമാണ്` അവര്‍ അവളെ ശ്രദ്ധിച്ചത്. നായരുപെണ്ണൊരു മുസ്ളിം വേഷത്തില്‍ വരുന്നത് ആരും പ്രതീക്ഷിക്കില്ലല്ലോ?

ആ വേഷത്തില്‍ അവളെ കണ്ടതില്‍ അവനും അത്ഭുതം തോന്നി. എങ്കിലും വെടക്കാക്കി തനിക്കാക്കാന്‍ തോന്നിയ തന്റെ ബുദ്ധിയില്‍ അവനൊന്ന് അഹങ്കരിച്ചു. എതിര്‍ കൂട്ടില്‍ നിന്ന് മുഖപടം മാറ്റിയപ്പോള്‍ അവള്‍ ആ ചിരി ശരിക്കും കണ്ടു. അവനെ അറിയാമോ എന്ന് വക്കീല്‍ അവളോട് ചോദിച്ചു. അറിയാമെന്ന് അവള്‍ പറഞ്ഞതിന്` ഒച്ചയും ഉറപ്പും അല്പം കൂടി പോയെന്നുതോന്നുന്നു. പറഞ്ഞു പഴകിയ ചോദ്യങ്ങള്‍ക്കുശേഷം വക്കീല്‍ കാര്യത്തിലേക്കു കടന്നു.

"ഇയാള്ക്കെതിരെ നിങ്ങള്‍ കൊടുത്തിരിക്കുന്ന കേസില്‍ ..."

ചൂടന്‍ വിവരണങ്ങള്‍ കേള്ക്കാന്‍ കാത്തിരിക്കുന്നവരുടെ നിശബ്ദത.

"സംഭവം ഒന്നു വിവരിക്കാമോ?"

കാഴ്ചക്കാര്ക്കിടയില്‍ നേരിയ പ്രതീക്ഷ. ഒത്തുതീര്‍പ്പില്‍ അവള്‍ തന്റെ സ്വന്തമാവുന്നതിന്റെ ലഹരിയില്‍ അവനും . ആരും ചോദിക്കാനും പറയാനുമില്ലാത്ത അവള്‍ വേറെന്തു ചെയ്യാന്‍ .

അവള്‍ പറയാന്‍ തുടങ്ങി.

"ഇയാളുടെ ആരോഗ്യം വെച്ച് എന്നെ കീഴ്പെടുത്താന്‍ യാതൊരു പ്രയാസവുമില്ലെന്നതിന്` തെളിവുകള്‍ വേണ്ടല്ലോ? വഴിയില്‍ നിന്ന് എന്നെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയതിന്` സാക്ഷികള്‍ ഇല്ലാത്തത് രേഖകളില്‍ മാത്രമല്ലെ. പിന്നെ മുറിവേറ്റ ശരീരത്തോടെ ഉടുവസ്ത്രം പോലുമില്ലാതെ അബോധാവസ്ഥയില്‍ എന്നെ കണ്ടെത്തിയത് ഇവിടത്തെ നിയമപാലകരും . ഇടയില്‍ നടന്നതല്ലെ എല്ലര്‍ക്കും അറിയേണ്ടത്."

കേള്‍വിക്കാരുടെ ഹൃദയമിടിപ്പുകള്‍ ക്ലോക്കിന്റെ ടിക്ക് ടിക്ക് ശബ്ദത്തെ കവച്ചുവെക്കുന്നതായിരുന്നു.

"ആദ്യം അവനെന്റെ ചുണ്ടുകള്‍ കടിച്ചെടുക്കാനാണ്` വന്നത്"

ആരുടെയൊക്കെയോ ശ്വാസനിശ്വാസങ്ങളുടെ ക്രമം നഷ്ടപെടുന്നു.

"പക്ഷെ അവന്റെ ചുണ്ടുകള്‍ തുറക്കും മുമ്പു തന്നെ ആ മുഖം വിളറി വെളുക്കാന്‍ തുടങ്ങിയിരുന്നു"

എതിര്‍ക്കൂട്ടില്‍ പഴയ ഓര്‍മ്മകളില്‍ രമിച്ചുനിന്ന അവന്റെ മുഖം വിളറിയതും എല്ലാവരും അവനെ നോക്കിയതും ഒരുമിച്ചായിരുന്നു.

"അവന്‍ ചീന്തിയെറിഞ്ഞ എന്റെ വസ്ത്രങ്ങള്‍ നിങ്ങളുടെ കയ്യിലില്ലെ? പക്ഷെ എന്റെ ശരീരത്തില്‍ കൈ വെക്കും മുമ്പെ അവന്‍ വിയര്‍ത്തൊഴുകിയിരുന്നു"

ഇപ്പോള്‍ ഉരുകിയൊലിക്കുന്ന അവനെ നോക്കി എല്ലാവരും ഒരു ലക്ഷണം കെട്ട ചിരി സമ്മാനിച്ചു.

"ഇനിയുമുണരാത്ത അവന്റെ ആണത്തത്തെ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുന്നതുകണ്ട് അവനോടെനിക്ക് സഹതാപം തോന്നി. സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചൊറിപിടിച്ചു ചലമൊഴുകുന്ന .."

വെളുത്തു ചുവന്നു സുന്ദരമായ അവന്റെ മുഖത്തിനപ്പുറം അനവൃതരൂപമോര്‍ത്തപ്പോള്‍ ആരൊക്കെയോ ഓക്കാനിക്കന്‍ തുടങ്ങി.

അവന്‍ വീഴാതിരിക്കാന്‍ കൂടിന്റെ അഴികളില്‍ പിടിച്ചു. കൂട്ടുകാര്‍ പോലും തെല്ലൊരു സംശയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു. അവള്‍ നോക്കിയത് തലതാഴ്ത്തിയിരിക്കുന്ന അവന്റെ അമ്മയെ ആയിരുന്നു.

"ആ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ്` എന്റെ ശരീരത്തിലെ മുറിവുകള്‍ സംഭവിച്ചത്. ബാക്കിയെല്ലാം എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാമല്ലോ?" നിശബ്ദത, കടിച്ചുപിടിച്ച പിറുപിറുക്കലുകള്‍ക്ക് വഴിമാറുമ്പോള്‍ അവള്‍ അനുവാദത്തോടെ കൂടിനു പുറത്തിറങ്ങി.

ആദ്യം കണ്ട ഓട്ടോയില്‍ കയറിയപ്പോള്‍ ഏങ്ങോട്ടെന്ന ചോദ്യത്തിന്` ഹോസ്പിറ്റലിന്റെ പേരുപറഞ്ഞു. വാച്ചില്‍ നോക്കി സമയം വൈകിയില്ലെന്ന് ഉറപ്പുവരുത്തി. നാല്പത്തഞ്ചു ദിവസത്തെ ജീവിതത്തെ ഓടയിലൊഴുക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് വെറും നാല്പത്തഞ്ചു മിനുറ്റും കുറച്ചു നൂറിന്റെ നോട്ടുകളും . ബാഗില്‍ വൈകീട്ടത്തെ വണ്ടിക്കുള്ള ടിക്കറ്റ് ഉണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. എന്നിട്ട് പുറകോട്ടോടുന്ന കാഴ്ചകളോരോന്നും അവള്‍ ഓര്‍മ്മയില്‍ നിന്നും മായ്ചുകളയാന്‍ തുടങ്ങി.

46 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അവള്‍ പോവുകയാണ്... പോവും മുമ്പ് ഇത്രയെങ്കിലും ചെയ്യേണ്ടെ..?

സു | Su said...

നല്ല കഥ.

ഞാന്‍ വിചാരിച്ചു, ഇട്ടിമാളു എവിടെയോ പോവുകയാണെന്ന്.

കണ്ണൂരാന്‍ - KANNURAN said...

പുതിയ കാലത്തെ പുതിയ പെണ്ണിനെ നന്നായി ചിത്രീകരിച്ചു ഇട്ടി..
കണ്ടു മറന്ന കഥ പാത്രങ്ങളല്ല ഇതില്‍ കണ്ടത്‌.. എന്നാലും ആണുങ്ങളെ ഇങ്ങനെ അടിച്ചു താഴ്ത്തണോ? കഥ മാത്രമല്ലെ? അല്ലെ....

Anonymous said...

കഥയിലെ കഥ നന്നായി. ആദ്യവരികളിലില്‍ ചില അസ്വാഭാവികത തോന്നി ഒപ്പം അവസാന വരികളിലും.
ഈ കഥ അനുഭവിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ.
കഥയിലെ കഥ ചിന്തനീയം.
അവതരണ മികവുകൊണ്ട് ശ്രദ്ധേയമാണിത് ഒപ്പം ചില ഹെന്‍ റി ട്വിസ്റ്റ് കഥയ്ക്ക് നല്ല ഭാഷ സമ്മാനിക്കുന്നു.
ചില ചെത്തിമിനുക്കലുകള്‍ നടത്തിയിരുന്നെങ്കില്‍ എന്ന് കൊതിപ്പിക്കുന്ന കഥ.

Anonymous said...

കൊള്ളാം,നല്ല കഥ.

Anonymous said...

ഇട്ടീമാളൂ,

കഥ നന്നായി!

ശാലിനി said...

അവളെ എനിക്കിഷ്ടമായി. ഇങ്ങനെയാവട്ടെ നമ്മുടെ പെണ്‍കുട്ടികള്‍.

Anonymous said...

ജി. നാരായണസ്വാമിയുടെ ഒരു നോവലില്‍ ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടി അക്രമിയെ തളര്‍ത്താന്‍ ഉപയോഗിച്ച തന്ത്രം ഉണ്ട്‌. അവണ്റ്റെ പൌരുഷത്തെ നോക്കി "ഹും ഇതുംകൊണ്ടാണൊ നീ പീടിപ്പിക്കാന്‍ ഇറങ്ങിയിരുക്കുന്നത്‌" അക്രമി വിയര്‍ത്തുപോയി..

ഇതു വായിച്ചു അതും ഓര്‍ത്തുപോയി

നല്ല കഥ.. ധീരമായ സമീപനം

Unknown said...

കൊള്ളാം ഇട്ടിച്ചേച്ചീ കഥ. കോടതികളില്‍ തടിച്ച് കൂടുന്ന ആള്‍ക്കൂട്ടത്തെ എനിയ്ക്ക് കുറ്റം ചെയ്ത പ്രതിയേക്കാള്‍ നൂറിരട്ടി വെറുപ്പാണ്. ഇറ്റു വീഴുന്ന ചോര നുണയാന്‍ നില്‍ക്കുന്നവര്‍. ഈ സമൂഹമാണ് മലയാളിയുടെ ശാപം.

ഞാന്‍ ഒരു സ്നേഹിതയുടെ കൈ പിടിച്ച് റോട്ടിലൂടെ നടന്നാല്‍ ആകാശമിടിഞ്ഞ് വീഴുന്നവര്‍ക്ക് ഈ കേസ് വിവരണങ്ങളൊക്കെ ഹരം പകരും. This society is SICK!!

Anonymous said...

ഇട്ടിമാളൂ...
ഇരിങ്ങല്‍ പറഞ്ഞതാണ്‌ എനിക്കും പറയാനുള്ളത്‌.
കഥക്കുള്ളിലെ കഥ നന്നായി.
പക്ഷേ,,
ഒന്നു കൂടി നന്നാക്കാമായിരുന്നു. ഒരു ചെറിയ എഡിറ്റിങ്..
ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള ആര്‍ജ്ജവം അഭിനന്ദനീയം..

Anonymous said...

ഇട്ടിമാളു…നല്ല കഥ…:)

Anonymous said...

മാ‍ളൂട്ടീ,
കലക്കി!
-ഇന്നത്തെ പെണ്ണുങ്ങളിങ്ങനെ വേണം എന്ന ഒരാഹ്വാനമാണീ കഥ!

അഭിനന്ദനങ്ങള്‍.

Anonymous said...

മാളു,
കഥ നന്നായി. ചില ഭാഗങ്ങളില്‍ കഥാപാത്രത്തെക്കൊണ്ട്‌ അധികം പറയിപ്പിക്കാതെ ചില വെട്ടിയൊതുക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇതിലും നന്നായേനെ.

Physel said...

ഈ ബ്ലോഗില്‍ നിന്ന് ഒരു കഥ ഡിലീറ്റ് ചെയ്തിരുന്നോ ഇട്ടിമാ‍ളൂ??? അനിവാര്യമായേക്കാവുന്ന ഒരു യാത്ര പോകും മുന്നെയുള്ള ഒരു വെറും പെണ്ണിന്റെ ആത്മാലാപനം? അതോ അതിവിടെയല്ലേ വായിച്ചത്? ഈ ബ്ലോഗിലായിരൂന്നു ആ കഥയെങ്കില്‍ ദയവു ചെയ്ത് അത് വീണ്ടുമ്ം പോസ്റ്റ് ചെയ്യുക.ധീരമായ ഒരു കഥയായിരുന്നു അത്! ഇനി ഇവിടെയല്ലായിരുന്നെങ്കില്‍ ഞാനിങ്ങനെയൊരു കമന്റ് ഇട്ടിട്ടില്ല ഇട്ടീ...മാളൂ!

Anonymous said...

ശക്തമായ കഥ.മാനം പുരുഷന്റെ സൃഷ്ടിയാണ്.അതുകൊണ്ടാണ് അവന്‍ അവനേക്കാള്‍ ശക്തയായ സ്ത്രീയെ മെരുക്കുന്നത്.

ലിഡിയ said...

അഭിനന്ദനങ്ങള്‍ ഇട്ടിമാളൂ

-പാര്‍വതി.

ഡാലി said...

മാളോ, മിടുക്കി കുട്ടി. വ്യക്തിത്വം നഷ്ടപെടത്ത പെങ്കുട്ടോള്‍ ഇങ്ങനെ വേണം.

കഥയേക്കാള്‍ ആശയത്തിനാണ് കരുത്ത് കൂടുതല്‍. ഒരു കഥ എപ്പോഴും ആശയങ്ങളിലും ക്രാഫ്റ്റിലും ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തണം എന്ന പക്ഷക്കാരിയാണ് ഞാന്‍

Anonymous said...

വലിയ കാര്യം ചെറിയ വരികളില്‍ ഒതുക്കാന്‍ ശ്രമിച്ചതുകൊണ്ട്.വായനയ്ക്ക് ഒര്‍ സുഖം കുറഞ്ഞതുപൊലെ.

കരീം മാഷ്‌ said...

ഇതു വായിച്ചപ്പോള്‍ കമലസുരയ്യ (മാധവിക്കുട്ടി)യുടെ ഡറ്റോളും പീഡനവും ഓര്‍മ്മവന്നു.
നന്നായിട്ടുണ്ട്.

Anonymous said...

ഇങ്ങനെ പെണ്ണുങ്ങള്‍ പ്രതികരിച്ചെങ്ക്കില്‍ എത്ര നന്നായിരുന്നു..അതിനുള്ള ധൈര്യം ഉണ്ടാവ്വൊ?ഉണ്ടാവട്ടെ അല്ലെ ?
qw_er_ty

ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. ഞാനെവിടെ പോവാനാ...? ഇവിടെ തന്നെ കാണും .. :)

കണ്ണൂരാനെ... പുതിയ കാലത്ത് പുതിയ പെണ്ണ്` വേണ്ടേ? ഞാന്‍ ആണുങ്ങളെ അടിച്ചു താഴ്തിയില്ലല്ലോ?

ഇരിങ്ങലെ.. സന്തോഷം ... "ഈ കഥ അനുഭവിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ"....ഇതെനിക്ക് ഒത്തിരി ഇഷ്ടായി..

ചേച്ചിയമ്മെ.. ആദ്യമായല്ലെ ഇവിടെ?

അത്തികുര്‍ശ്ശി..:)

ശാലിനി.. അവളെ ഇഷ്ടായല്ലൊ? അതുമതി.

'ജി മനു' പറഞ്ഞ 'ജി നാരായണസ്വാമി' യുടെ നോവല്‍ ഏതാ..? കിട്ടിയാല്‍ ഒന്നു വായിക്കാന്‍ ...

ദില്‍ബു.. കുറെകാലായല്ലോ കണ്ടിട്ട്... വീണ്ടും വന്നതില്‍ സന്തോഷം ..

മംസി ...അഭിനന്ദനങ്ങള്‍ക്ക് നന്ദിയുണ്ട് ...

ആമി.. :)

കൈതമുള്ളെ... ഇങ്ങനെ വേണം എന്നു പറയാന്‍ എളുപ്പം .. പ്രവര്‍ത്തിക്കാന്‍ ..????

സിജി.. ആദ്യമായല്ലെ ഇവിടെ.. കഥാകാരിക്ക് കഥ ഇഷ്ടമായല്ലേ...:)

ഫൈസല്‍ .. ഡിലീറ്റ് ചെയ്യാന്‍ മാത്രം ഒന്നും ഞാന്‍ എഴുതിയിട്ടില്ലല്ലോ.... എന്റെ ബ്ളോഗില്‍ ആവില്ല.. "ഇനി ഇവിടെയല്ലായിരുന്നെങ്കില്‍ ഞാനിങ്ങനെയൊരു കമന്റ് ഇട്ടിട്ടില്ല ഇട്ടീ...മാളൂ! " ..... അപ്പൊ ഇവിടെ വന്നിട്ടില്ല അല്ലെ?? ...വന്നത് വെറുതെ ആയെന്നു തോന്നിയോ...? :((

വിഷ്ണു മാഷെ .. മെരുങ്ങിയില്ലേല്‍ കൊന്നു കൊലവിളിക്കില്ലെ.. അതല്ലെ ഈ കഥ തന്നെ...

പാര്‍വ്വതി.. :)

ഡാലീ.. ഹി ഹി ഹി.. സന്തോഷം കൊണ്ടു ചിരിച്ചതാ.. അപ്പോ എങ്ങിനെ ഗവേഷണം ..

സഞ്ചാരീ.. അങ്ങിനെയാണോ? :(

കരീം മാഷെ .. എഴുതുമ്പോള്‍ ഞാനും ഓര്‍ത്തു...

ഇത്തിരീ.. :)

പ്രിയംവദെ.. നന്നായിരുന്നു.. പക്ഷെ അതു ഭൂരിപക്ഷത്തിനും അപ്രിയമാവുന്നു.. പിന്നെന്തു ചെയ്യാന്‍ ..


ഇരിങ്ങലും മംസിയും സിജിയും സഞ്ചാരിയും എല്ലാം പറഞ്ഞ എഡിറ്റിംഗ് അതെന്തോ എനിക്ക് ശരിയാവുന്നില്ല..എല്ലാരും പറഞ്ഞപ്പോള്‍ എനിക്കും തോന്നുന്നു.. ഒന്നു വെട്ടിയൊതുക്കാമയിരുന്നു എന്ന്.. എങ്ങിനെ എന്നാ അറിയാത്തത്...അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട്...

ഒത്തിരി ഒത്തിരി സന്തോഷം തോന്നി .. ഈ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ... ആദ്യമായിട്ടാ മറ്റുള്ളവര്‍ എങ്ങിനെ പ്രതികരിക്കും എന്ന ചിന്തയോടെ ഒരു പോസ്റ്റ് ഇടുന്നത്... പിന്നെ ഇത് മരണത്തിനും പ്രണയത്തിനും അപ്പുറവുമാണല്ലോ... :)

Areekkodan | അരീക്കോടന്‍ said...

നന്നായി...

sandoz said...

സംവിധായകന്‍ പി.പത്മരാജന്റെ പതിനാറാം ചരമവാര്‍ഷികം ആണു ഇന്ന്.

ഇതിവിടെ പറയാന്‍ കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ പോലെ തന്റേടം ഉള്ള കഥാപാത്രം ദാ....ഇവിടെയും.

Anonymous said...

ഇട്ടിമാളൂ എഡിറ്റിങ്ങ് അറിയില്ലെന്ന് പറഞ്ഞത് വായിച്ചു. ഒരു കാര്യം ചെയ്താല്‍ മതി. കഥ ഒരു ഒരു ആഴച, മൂന്നാഴച ഇങ്ങനെ ഈ കഥ വായിച്ച് നോക്ക് അപ്പോള്‍ എവിടെയ്ങ്കിലും മോരും മുതിരയും പോലെ എന്തെങ്കിലും തോന്നിയാല്‍ ആ മുതിരയെ അങ്ങ് എടുത്ത് കളഞ്ഞ് മോര് മാത്രമാക്കി നോക്ക്.

എഡിറ്റിങ്ങ് പഠിച്ചോ...

Anonymous said...

കഥ ചുരുക്കി,ഭാഷ കുറച്ചുകൂടി നന്നാക്കാമായിരുന്നു.കഥയ്ക്ക്‌ ഒപ്പം ഭാഷയും മെച്ചപ്പെടുത്തു.ഭാവുകങ്ങള്‍

വേണു venu said...

നാല്പത്തഞ്ചു ദിവസത്തെ ജീവിതത്തെ ഓടയിലൊഴുക്കാന്‍ അവര്‍ ആവശ്യപ്പെട്ടത് വെറും നാല്പത്തഞ്ചു മിനുറ്റും കുറച്ചു നൂറിന്റെ നോട്ടുകളും . എന്‍റെ ഇട്ടി മാളൂ ഞാന്‍ ഈ കമന്‍റുകളും കൂടി കൂട്ടി എഡിട്ടിങും പഠിച്ചു് വായിച്ചപ്പോഴും എനിക്കിതു് ശരിയായ കഥയായില്ല എന്നു് ഞാന്‍ പറഞ്ഞാല്‍ ,എനിക്കു കിട്ടിയേക്കാവുന്ന മറുപടിയില്‍ ഞാന്‍ പേടിക്കുന്നില്ല. ഒത്തിരി പറയാമായിരുന്ന ചിത്രം മൌനമായി എന്‍റെ മുന്നില്‍ നില്‍ക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

വേണു മാഷെ ...ശരിയായ കഥയായില്ലെന്നു പറയാന്‍ എന്തിനാ പേടി.. എന്താ ശരികേട് എന്നു പറഞ്ഞിരുന്നേല്‍ നന്നായിരുന്നു...അറിയാന്‍ വേണ്ടിയാ.. ഒത്തിരി പറയാം, പറഞ്ഞാല്‍ കൈവിട്ടുപോയാലോന്നു പേടി...ഞാന്‍ ഒരു എഴുത്തു കാരി ഒന്നും അല്ല മാഷെ..

സഹീര്‍ ..നന്ദി

ഇരിങ്ങലെ.. നോക്കട്ടെ അടുത്ത തവണ..

സന്ഡോസ്.. പത്മരാജന്റെ ദയയേയും കല്ല്യാണികുട്ടിയേയും ഒക്കെ എനിക്കും ഇഷ്ടമാ..

അരീക്കോടാ..:)

വിചാരം said...

പെണ്ണായാല്‍ ഇങ്ങനെയാവണമെന്ന് ഇട്ടിമാളു നമ്മുക്ക് പറഞ്ഞു തരുന്നു
നന്നായി .. നല്ല അവതരണം

Anonymous said...

ഇട്ടിമാളൂ....
കഥകളുടെ ആര്‍ജ്ജവത്തിന്‍‌റ്റെ കാര്യത്തില്‍ ഞാന്‍ ത‌ന്‍‌റ്റെ ഒരു ആരാധകന്‍ ആയി മാറുന്നോ എന്നൊരു സംശയം. നാമറിയാതെ നമ്മെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ വായിക്കുമ്പോഴുള്ള ഒരു സന്തോഷം... പറഞ്ഞറിയിക്കാന്‍ കഴിയില്ലത്.

നരന്‍-സായയിലൂടെ ഞാന്‍ പറയാന്‍ വിചാരിച്ചിരുന്ന ഒരു കഥയുമായ് സാദൃശം ‘അവളുടെ വിധി’യില്‍ കണ്ടു :-( സാരമില്ല, ഞാന്‍ മാറ്റിയെഴുതികൊള്ളാം :-)

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

വിചാരം ...നന്ദി..

ദൃശ്യാ.. സായ പറയട്ടെ.. അപ്പോഴല്ലെ നരനെ ചോദ്യചിഹ്നമാക്കുന്ന ആ വിധി എന്താന്ന് അറിയാനൊക്കൂ... സായ ഇപ്പോള്‍ ആ കഥയല്ലെ നരനോട് പറയുന്നത്.. :)

Anonymous said...

Malu...the novel is "Vishtikkoru Kumkkumapottu" i think it is available for reading at Puzha.com

reshma said...

ആദ്യായാ ഇട്ടിമാളൂന്റെ ബ്ലോഗില്‍. ഇതെനിക്ക് റൊമ്പ പിടിച്ചാച്ച് ഇട്ടിമാളുവേ!ഈ അവളാ‍ണ് അവള്‍ ല്ലേ!
ഡാലി പറഞ്ഞത് തന്നെ , ആശയം ഇതിന്റെ കരുത്ത്.കഥയെ മിനുക്കുന്ന ടെക്നിക് അറിയാമായിരുന്നെങ്കില്‍ അത് മുഴുവനായും ഇട്ടിമാളൂന് തരുമായിരുന്നു.

(വ്യത്തിഹത്ത്യ: ഇങ്ങള് ആള് ഉഷാറാ ട്ടോ)

Anonymous said...

ഉഗ്രന്‍... ഞാനിന്നാണ് മാഷിന്റെ ബ്ലോഗിലെത്തുന്നത്. മാഷേ, ഇവിടമൊക്കെ വന്നൊന്ന് വായിച്ചു നോക്കൂ, എന്നിട്ടു തീരുമാനിക്കൂ എഴുതണോ വേണ്ടയോ എന്ന്, എന്നാണോ ഇട്ടിമാളൂ ഈ ‘ഹരീ’ വിളികളിലൂടെ ഉദ്ദേശിച്ചത്? :)
--
ഇങ്ങിനെയൊരാശയം എവിടെനിന്നും വന്നു. സത്യം തന്നെ, ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട്.
--

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. വായിക്കാം ട്ടൊ..

രേഷ്മാ.. വന്നതില്‍ ഒത്തിരി സന്തോഷം .. എന്താ ചെയ്യാ. ആ ടെക്നിക് പഠിക്കാമോന്നു നോക്കട്ടെ.. ഇരിങ്ങല്‍ ടിപ്സ് തന്നിട്ടുണ്ട്...

ഹരീ.. :)

മുല്ലപ്പൂ said...

ഇട്ടിമാളൂ,
ആരും പറയാത്തകഥ. നല്ല കഥ. :)
അവളു കൊള്ളാം.

Anonymous said...

മുല്ലപ്പൂവിന്റെ കാല്പാദങ്ങള്‍ പിന്‍ തുടര്‍ന്നാണ് ഇവിടെ വന്നത്. ഇവിടെ വന്നപ്പോള്‍ ഞാന്‍ ഞെട്ടലോടെ ആ നഗ്ന സത്യം മനസ്സിലാക്കി. ഞാന്‍ എത്താന്‍ വളരെ വൈകിയെന്ന്. കമന്റിട്ടവരുടെ കാല്പാദങ്ങള്‍ പോലും മാഞ്ഞു പോയിരിക്കുന്നു.

കാണുവാന്‍ ആരും ഇല്ലെങ്കിലും, സ്വന്തം മനസ്സിന്റെ സംതൃപ്തിക്കുവേണ്ടിയെങ്കിലും എനിക്കത് ചെയ്തേ തീരൂ.

വിറക്കുന്ന വിരലുകളാല്‍ ഞാന്‍ ആ പോസ്റ്റിനൊരു കമന്റു ടൈപ്പ് ചെയ്തു. “നന്നായിരിക്കുന്നു”

(നാട്ടാരെ, സന്ധ്യായില്ലെ അതാ വിരലുകാള്‍ വിറക്കുന്നതെന്നും അപവാദം പറഞ്ഞ് പരത്തല്ലെ)

Anonymous said...

എനിക്കവസാനത്തെ പാരഗ്രാഫ് ഭയങ്കരമായി ഇഷ്ടപ്പെട്ടു....

reshma said...

എനിക്ക് അവസാനത്തെ പാരഗ്രാഫിന് മുന്‍പ് അവള്‍ കൊടുത്ത ചവിട്ടാ ഇഷ്ടായത് ഇഞ്ചിയേ.
ഇഞ്ചിയെ കണ്ടാ എനിക്കപ്പോ ഇഞ്ചീന്റെ വാ‍ാലില്‍ തൂങ്ങി നടക്കാന്‍ തോന്നും; വിവരമില്ലയ്മ ഒരു പകര്‍ച്ചവ്യാധിയാണോ സാറ്?

Anonymous said...

അതു ശരി! അപ്പൊ ഇതില്‍ ഏതാണ് രേഷ്മൂസ് സമര്‍ത്ഥിക്കാന്‍ നോക്കുന്നത്?
അ. എനിക്ക് വാലുണ്ട്
ആ. എനിക്ക് വിവരമില്ല

എനിക്കാ ചവിട്ട് വല്ല്യ ഇഷ്ടായില്ല. ഒരു
പെണ്‍കുട്ടീനെ പിച്ചി ചീന്തി ഒരു ക്രിമിനല്‍ കുറ്റം ചെയ്തിട്ട്, വെറുമൊരു ‘നാണക്കേടു’ ഒരുത്തനില്‍ ഉണ്ടാക്കിയത് കയ്യടിക്കാന്‍ ഞാനില്ല.
ഇട്ടിമാളൂനെ ഇന്ന് ഘോരം ഘോരമായി ഞാന്‍ രേഷ്മൂസും വിമര്‍ശിക്കൂട്ടൊ...പേടിക്കണ്ട..:)

ബിന്ദു said...

എനിക്ക് അവസാനത്തെ അതിനു മുന്‍പത്തേത് എന്നൊന്നുമല്ല, മുഴുവന്‍ ഇഷ്ടായി. ഇങ്ങനെ തന്നെ വേണം.
ഇട്ടിമാളുകുട്ടീ..
ഇഷ്ടമായീ കുട്ടീ..
ഇനിയുമെഴുതുകുട്ടീ..
ഇപ്പോഴിത്ര മാത്രം...
(എനിക്കിതെന്താ പറ്റിയെ ആവൊ)
രേഷ്.. ഇഞ്ചിക്കു വാലു മുറിച്ചിട്ടു പോവുന്ന സൂക്കേടുണ്ട് ട്ടൊ. ;)

Anonymous said...

ശ്ശെടാ! ഇഷ്ടള്ളപ്പൊക്കെ വാലു മുറിക്കാന്‍ കൂടി സ്വാതന്ത്രല്ല്യാന്ന് വെച്ചാല്‍...ഞാനിപ്പൊ വേറെ മൊഴി തുടങ്ങൂട്ടൊ സ്വാതന്ത്ര്യത്തിനു...
പെണ്‍മൊഴി - ഞാന്‍ മാത്രം മതി! :)

ഇട്ടിമാളു അഗ്നിമിത്ര said...

മുല്ലപ്പൂ... അവളേ ഇഷ്ടമായല്ലെ... :)

കുറുമാന്‍ .. നല്ല കമന്റ്.. "യൂറോപ്പ് സ്വപ്നങ്ങളുടെ" സ്റ്റൈല്‍ .. ആരുപറഞ്ഞു വൈകിയെന്ന്..

ഇഞ്ചി.. എപ്പൊഴാ പെണ്‍മൊഴി.

രേഷ്മാ.. :)

ബിന്ദു.. എന്താ പറ്റിയേ?

സജീവ് കടവനാട് said...

നല്ല കഥ.

ഇട്ടിമാളു അഗ്നിമിത്ര said...

കിനാവെ .. വന്നതില്‍ സന്തോഷം

Anonymous said...

POTTIMAALUUUUUUUUUUUUUUUUUUU

സുധി അറയ്ക്കൽ said...

കൊള്ളാം.അങ്ങനെ തന്നെ ആയിരിക്കണം.