Wednesday, March 20, 2013

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..



പതിനാലു വര്‍ഷത്തെ മൌനത്തിനുശേഷം  മലയാളത്തിന്റെ പ്രിയനടി മഞ്ജുവാരിയര്‍ വീണ്ടും ചിലങ്കയണിഞ്ഞു.പലരും അഭിനയത്തിലേക്കുള്ള തിരിച്ചുവരവായി അതിനെ കണക്കുകൂട്ടി.  അഭിമുഖങ്ങളുടെ പേമാരിയായിരുന്നു തുടര്‍ന്നു പെയ്തൊഴിഞ്ഞത്. ഏല്ലാവരും ചോദിക്കാന്‍ മറക്കാതിരുന്ന ഒരു ചോദ്യമുണ്ട്; എന്തുചെയ്യുകയായിരുന്നു ഇത്രനാള്‍ . സിനിമയുടെ തിരക്കില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷയായ അവര്‍ക്ക് ഉത്തരം നല്‍കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഞാന്‍ ആത്മാര്‍ത്ഥമായി വെറുതെയിരിക്കുകയായിരുന്നു. വെറുതെയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അത് മഞ്ജുവാരിയരല്ലെ, അവര്‍ക്ക് അതൊക്കെ പറ്റും എന്നായിരിക്കും ഇത് കേള്‍ക്കുന്ന മിക്കവരുടെയും പ്രതികരണം. അല്ലെങ്കില്‍ എങ്ങിനെയാണ് വെറുതെയിരിക്കുക എന്നൊരു ചോദ്യമുയരും. അതെ,  എങ്ങിനെയാണ് വെറുതെയിരിക്കുന്നത്. ആത്മാര്‍ത്ഥമായി പഠിക്കാം ജോലിചെയ്യാം, എന്നാല്‍ എങ്ങിനെയാണ് ആത്മാര്‍ത്ഥമായി വെറുതെയിരിക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ.. 

ഉണര്‍ന്നാല്‍ ഉറങ്ങും വരെ നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയണ്. ചിലപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നാറില്ലേ? എന്നും രാവിലെ  ജോലിക്ക് പോയി ഏറെ വൈകി വീട്ടിലെത്തുന്നവര്‍ക്ക് സൂര്യനുദിച്ചിട്ടും കിടന്നുറങ്ങാനൊ അലസമായി ഒരു ദിവസം തള്ളിനീക്കാനൊ ആവും ആഗ്രഹം. ചെയ്യാനുള്ളത് തീര്‍ന്നില്ലെന്നൊ എത്തേണ്ടിടത്ത് സമയത്ത് എത്തിയില്ലെന്നോ ആവലാതിയൊ ആധിയൊ ഇല്ലാതെ ഓരോന്നോരോന്നയ് സൌകര്യപൂര്‍വ്വം ചെയ്യുക. ചെയ്തു മടുത്താല്‍ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക; അതെ വെറുതെയിരിക്കുക, അതു തന്നെ. ഒപ്പം അവനവന് ഇഷ്ടപ്പെട്ടത് ചെയ്യാന്‍ സ്വന്തമായ് കുറച്ച് സമയം. അതും ചെയ്യാന്‍ തോന്നുന്നസമയത്ത് സ്വന്തമാക്കാനാവുക. വെറുതെയിരിക്കുകയെന്നാല്‍ ഇതാവുമൊ അര്‍ത്ഥമാക്കുന്നത്.

മുമ്പൊക്കെ വൈകുന്നേരം പണിയൊതുക്കി നാമം ചൊല്ലാനിരിക്കുന്നതും, ഒരു ദിവസത്തെ അല്പനേരം വെറുതെയിരിക്കാനുള്ള ശ്രമമായിരുന്നില്ലെ. ചൊല്ലി ചൊല്ലി മന:പാഠമായിപോയ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും വലിയ ശ്രമങ്ങളില്ലാതെ ഒഴുകിവീഴുമ്പോള്‍ തിളച്ചുതൂവുന്ന അത്താഴമൊ അടക്കാതെ പോയ വാതിലുകളോ മനസ്സിലേക്ക് കടന്നുവരില്ലെങ്കില്‍ ചിന്തകള്‍ ഏറെയലട്ടാതെ വെറുതെയിരിക്കല്‍ തന്നെയാവുന്നു. വടക്കിനികോലായിലെ നുണക്കൂട്ടങ്ങളും ആല്‍‌ത്തറകളിലെ സായാഹ്നക്കൂട്ടങ്ങളും ഒരു ദിവസത്തില്‍ വെറുതെയിരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഒരു പക്ഷെ ഇന്ന് ഇരുപത്തിനാലുമണിക്കൂര്‍ തികയാതെ പോവുന്ന ഓട്ടമായിരിക്കാം വലിഞ്ഞുമുറുകി പൊട്ടാനിരിക്കുന്ന ശരീരത്തിനെയും മനസ്സിനെയും അല്പനേരം കെട്ടഴിച്ചു വിടാന്‍ റിലാക്സേഷന്റ്റെ ആധുനികവഴികളിലേക്ക് നമ്മെ എത്തിക്കുന്നത്. 

ചെറിയകുട്ടികള്‍ അരിച്ചു നീങ്ങുന്ന ഒരു കുഞ്ഞുറുമ്പിനെ നോക്കി എത്രയൊ നേരമിരിക്കും. അതിന്റെ ഓരോ ചലനവും മനസില്‍ പകര്‍ത്തി എത്ര സന്തോഷ്ത്തോടെയാവും അവര്‍ അടങ്ങിയിരിക്കുക. ആ ഒരേഒരു ചിന്തമാത്രം സ്വന്തമാക്കിയിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സന്ധ്യക്ക് അരമണിക്കൂര്‍ കറണ്ട് പോവുമ്പോള്‍ ഒരു മെഴുകുതിരി വെട്ടം പോലും കയ്യിലില്ലെന്നിരിക്കട്ടെ. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെയൊ, ആകാശത്ത് കണ്ണുചിമ്മി ഞാനിവിടെ ഉണ്ടെ എന്ന് കൊഞ്ചുന്ന നക്ഷത്രത്തെയൊ കാണാതെ കറണ്ടുവരുമ്പോള്‍ ചെയ്യാനുള്ളതിന്റെയൊ ചെയ്യാനാവാത്തതിന്റെയൊ കണക്കെടുപ്പായിരിക്കും നമ്മള്‍ നടത്തുന്നത്.

 തിരക്കുപിടിച്ച ജോലിക്കിടയില്‍ അപ്രതീക്ഷിതമായി കൂട്ടുകാരന്റെ സന്ദേശം
“ഓണ്‍ലൈന്‍ വന്നാല്‍ അല്പം കത്തിവെക്കാമായിരുന്നു”

 വർത്തമാനം തുടരുമ്പൊഴാണ് അവധിയെടുത്ത് തുടര്‍ച്ചയായി നാലുദിവസം വെറുതെയിരിക്കുകയായിരുന്നു എന്നറിയുന്നത്. വെറുതെയിരുന്ന് എന്തു ചെയ്തു എന്ന മണ്ടന്‍ ചോദ്യത്തിന്റെ ഉത്തരമാണ് രസകരമായത്.. കുഞ്ഞിനോടൊത്ത് കളിച്ചു, ആഘോഷമായി കുളിച്ചു,  കുറെ ടിവി കണ്ടു, കിടന്നുറങ്ങി, പിന്നെ ഭക്ഷണം ഉണ്ടാക്കി കഴിച്ചു.. വെറുതെയിരിക്കല്‍ അജണ്ടയിലെ അവസാനത്തെ പരിപാടി എന്നെ ശരിക്കും ഞെട്ടിച്ചു.. പാചകം ചെയ്യല്‍ വെറുതെയിരിക്കലില്‍ പെടുമൊ.. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കികഴിക്കുന്നതും ഒരു രസമല്ലെ.. 

എന്താ നമുക്ക് അല്പനേരം വെറുതെയിരുന്നാലൊ ?

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ആത്മാര്‍ത്ഥമായി ഞാനൊന്നു വെറുതെയിരുന്നോട്ടെ..

ajith said...

ആത്മാര്‍ത്ഥമായി വെറുതെ ഈ കുറിപ്പ് ഞാനൊന്ന് വായിച്ചു കേട്ടോ.

ചിന്ത കൊള്ളാം

ശ്രീജ എന്‍ എസ് said...

:) 2013 എഴുത്തിന്റെ വസന്തം ആകട്ടെ ....ആത്മാർത്ഥമായി വെറുതെ ഇരിക്കാം അല്ലെ.നല്ല പോസ്റ്റ്‌.writer's block ഒക്കെ മാറിയെന്നു കരുതട്ടെ...പോസ്റ്റ്‌ ഇടുമ്പോൾ ഒരു വരി മെയിൽ അയക്കാൻ മറക്കണ്ട.

ഭാനു കളരിക്കല്‍ said...

ഞാനിവിടെ വെറുതേ ഇരിക്കുന്നു

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീജ എന്‍ എസ്.. writer's block +++++

ഭാനു കളരിക്കല്‍..... ..എഴുത്തില്ലേ ?

Ajith Sir... Poymukham .. :)