Tuesday, July 21, 2009

ഞാനൊരു മരണം കാത്തിരിക്കുന്നു

ഞാനൊരു മരണം കാത്തിരിക്കുകയാണ്.. ഒന്നുകില്‍ അവള്‍ മരിക്കും; ഇല്ലെങ്കില്‍ അയാള്‍ അവളെ കൊല്ലും.. രണ്ടും സംഭവിക്കരുതെന്ന് അങ്ങേയറ്റം ആഗ്രഹിക്കുമ്പൊഴും അപ്രതീക്ഷിതമായത്തുന്ന ഓരോ ഫോണ്‍ കോളിലും ഞാനൊരു മരണത്തിന്റെ ചിറകടി കേള്‍ക്കുന്നു..എനിക്കൊപ്പം മനമുരുകി മറ്റു ചിലരും...

ഈ നാളില്‍ ഈ മുഹൂര്‍ത്തത്തില്‍ നീ ഇവനെ സ്നേഹിച്ചു തുടങ്ങണം ... വീട്ടുകാര്‍ കണ്ടെത്തുന്ന വരനു മുന്നില്‍ താലിചാര്‍ത്താന്‍ തലകുനിക്കും മുമ്പ് ഓരോ പെണ്ണിനു മുന്നിലും മറുവാക്കുകളില്ലാതെ വെക്കപ്പെടുന്ന അജണ്ടയാണിത്.. തിരിച്ച് ആണിനു മുന്നിലും ഇത് അവതരിപ്പിക്കപ്പെടുന്നുവൊ എന്ന് എനിക്കത്ര തീര്‍ച്ചയില്ല... ഒത്തു തീര്‍പ്പുകള്‍ പെണ്ണിനു പറഞ്ഞിട്ടുള്ളതാണല്ലൊ.. അതു സ്നേഹത്തിന്റെ കാര്യത്തിലായാലും..

ഞാന്‍ പെണ്‍‌വാദിയല്ല.. ഇത് വെറും മനുഷ്യത്വത്തിന്റെ പേരിലെ ജല്പനങ്ങള്‍ മാത്രം..
അവളും അവനും ആരെന്നതല്ല പ്രശ്നം.. ഒരു പെണ്ണിന് എത്രത്തോളം ഒരു ആണിനു മുന്നില്‍ താഴാനൊക്കും.. തല്ലിചതച്ച് ശരീരം മുഴുവന്‍ മുറിവും ചതവുമാകുമ്പൊഴും വീണ്ടുമൊരു തല്ലിനും തള്ളിനും കാത്തുനില്‍ക്കുമൊ, അത് ഭാര്യയായാലും..

വെള്ളം കൊടുത്ത ഗ്ലാസില്‍ കണ്ട ഒരു കൈപ്പാടിന്, വാതിലടക്കുമ്പോള്‍ സംഭവിക്കുന്ന ഒരു കുഞ്ഞു ശബ്ദത്തിന്.. ഉറക്കത്തില്‍ മേലൊന്നു തൊട്ടു പോയതിന്.. എന്തിന് അനവസരത്തില്‍ അറിയാതൊന്നു തുമ്മിപോയതിന് ഇതൊക്കെയാണ് ശിക്ഷാവിധിക്ക് കാരണങ്ങള്‍ എങ്കിലൊ.. എന്നിട്ടും നാളെ നാളെ നീളേ നീളേ കാത്തിരിക്കാന്‍ കഴിയുന്ന പെണ്ണുങ്ങള്‍‍ ഈ കാലത്തമുണ്ടാകുമൊ..?

"അടയ്ക്കയാവും കാലം മടിയില്‍ വെക്കാം കവുങ്ങാവും കാലം".. അച്ഛനെയും അമ്മയെയും പോലും വകവെക്കാത്ത, അവരെ പോലും തല്ലിചതക്കുന്ന ഒരാളില്‍ നിന്ന് ഭാര്യയെങ്ങിനെ സ്നേഹം പ്രതീക്ഷിക്കും അല്ലെ.. മകനെ നന്നാക്കാന്‍ അവര്‍ തന്നെയാണല്ലൊ അവളെ കണ്ടുപിടിച്ചതും.. കണ്ടകശനിയുടെയും കഷ്ടകാലത്തിന്റെയും പേരില്‍ കാത്തിരിക്കാന്‍ അവളെ ഉപദേശിക്കുന്നതും കാലുപിടിക്കുന്നതും..

കല്ല്യാണം കഴിയുന്നതോടെ സ്വന്തം വീട്ടില്‍ പോലും പലരും ഒരു ഭാരമാവുന്നു.. അതിനു മുമ്പും ഭാരമായതോണ്ടാണല്ലൊ കെട്ടിച്ചു വിട്ട് കടമ തീര്‍ക്കുന്നത്.. അവളുടെ വീട്ടില്‍ പോലും ഒരു താങ്ങുനല്‍കാന്‍ ആരുമില്ലാതെ.. ക്ഷമിക്കാനും സഹിക്കാനും മാത്രം പറയുമ്പോള്‍ എത്ര നാള്‍.. ഈ കഥയിലെ കഥാപാത്രങ്ങള്‍ സംസ്കാരമില്ലാത്തവര്‍ എന്ന് സമൂഹം എഴുതിതള്ളിയവരല്ല.. വിദ്യാസമ്പന്നരും ജോലിക്കാരുമായവര്‍..

ഇതെല്ലാം എത്രയൊ തവണ കേട്ട കഥകള്‍.. പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്.. ഒരു പിരിച്ചെഴുത്തിനെ കുറിച്ച് അവള്‍ക്ക് ആലോചിക്കാനാവുന്നില്ല.. എത്രമാത്രം അയാള്‍ അവളെ ദ്രോഹിക്കുന്നൊ അതിനുമിരട്ടിയായി സ്നേഹിക്കാനാണ് അവളുടെ ശ്രമങ്ങള്‍ .. ഇറങ്ങിപോവാനുള്ള അവന്റെ നിര്‍ബന്ധങ്ങള്‍ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോവാതെ.. അത്രമേല്‍ ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാനാവുമൊ.. തല്ലിയാലും കൊന്നാലും നാളെയൊരു നാള്‍ അവനവളെ സ്നേഹിക്കാന്‍ തുടങ്ങുമെന്ന വിശ്വാസത്തില്‍..

അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ..

23 comments:

ഇട്ടിമാളു അഗ്നിമിത്ര said...

"അറിയില്ല, ആര്‍ക്കാണ് പിഴക്കുന്നത് എനിക്കൊ അതൊ അവള്‍ക്കൊ"


ഇത് ഒരു കുമ്പസാരകൂടിന്റെ കുമ്പസാരമാണ്..

Anil cheleri kumaran said...

അവളൊരു സ്നേഹത്തിനു വേണ്ടി പിറവിയെടുത്തതാണു. എല്ലാരും അവളെ പോലെയായിരുന്നെങ്കില്‍.!!

(ബോള്‍ഡ് ആക്കിയപ്പോ അക്ഷരങ്ങള്‍ തമ്മില്‍ പിണഞ്ഞ് വായിക്കാനൊരു സുഖമില്ലല്ലോ.)

കുഞ്ചുമ്മാന്‍ said...

Marnam Kathirikkunna " Njanum " Ennengilum Seriyavum ennu viswasikkunna " Avalum " Thettikkondeyirikkunnu....


Kumbasara rahasyam parasyamyikooda...!!!

ശ്രീ said...

:)

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

അവള്‍ക്കു പിഴക്കാതിരിക്കട്ടെ.

Readers Dais said...

മരണത്തില്‍ ഭര്‍ത്താവിനോടൊപ്പം മരണം വരിയ്ക്കാന്‍ ,സ്വമനസ്സാലെ തയ്യാറുള്ള സ്ത്രീകള്‍ ഉണ്ടായിരുന്ന നാടല്ലെ നമ്മുടേത് ,സ്നേഹവും പന്കുവേയ്കളും സഹിശ്നതയും ,നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലേ, ഇക്കാലത്ത് ഇതൊന്നും കാണാന്‍ കിട്ടില്ലെങ്കിലും ,ഇതൊക്കെ ഉണ്ടായിരുന്നല്ലോ എന്നൊരു ഓര്‍മപെടുത്തല്‍ കൂടിയാകുന്നു ഈ പോസ്റ്റ്‌

chithrakaran:ചിത്രകാരന്‍ said...

സ്നേഹം അപരനെ പൂര്‍ണ്ണമായി ഗ്രഹിക്കുംബോള്‍ സംഭവിക്കുന്ന ഒന്നാകലായിരിക്കണം.
പാതിവഴിയില്‍ തിരിഞ്ഞു നടത്തമല്ല.
അതില്‍ മരണം ദര്‍ശിക്കുന്നത് അശുഭ ചിന്തയുടെ
സംശയ വിത്തുകള്‍ നട്ടുമുളപ്പിക്കുന്നതിലൂടെയാണ്.

ബഷീർ said...

തിരിച്ചറിയപ്പെടാത്ത സ്നേഹവും തിരിച്ച് കിട്ടാത്ത സ്നേഹവും എന്നും നോവുണർത്തുന്നു. മരണത്തെ കാത്തിരുന്നില്ലെങ്കിലും ഒരു നാൾ എത്തും അതിനിടയ്ക്ക് നഷ്ടപ്പെടുന്ന ജീവിതമാണ് കിട്ടാതെ പോവുന്നത്

ബഷീർ said...
This comment has been removed by the author.
salil | drishyan said...

നല്ലതോ ചീത്തയോ, ഈ ബന്ധത്തിന്‍‌റ്റെ അന്ത്യം ഇത്തരത്തിലുള്ള ഒരു മരണത്തോടെയാല്ല എന്നായിരിക്കാം വിധി.

സസ്നേഹം
ദൃശ്യന്‍

the man to walk with said...

post ishtaayi..
eppozhum ingineyokkeyano karyangal ..

ഞാന്‍ ഇരിങ്ങല്‍ said...

ഇന്ന് ഇത്തരം സ്ത്രീകളും പുരുഷന്‍ മാരും ഉണ്ടോ എന്ന ചോദ്യത്തിനാണല്ലോ ഇട്ടിമാളു ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നത്. ഇങ്ങനെ സീതാദേവി ചമയുകയല്ല വേണ്ടത്. പെണ്ണ് പെണ്ണായിതീരണം. അപ്പോള്‍ പുരുഷന്‍ അവന്‍റെ സ്നേഹവും കരുതലും തിരിച്ച് തരാന്‍ ബാധ്യസ്ഥനാകും. അല്ലാതെ തൊഴിച്ച കാല്‍ കഴുകുന്നവള്‍ ചിലപ്പോള്‍ അത് ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടി വരും.
എഴുത്ത് ഇഷ്ടമായി. ഈ കുറുക്കി എഴുത്ത് മനോഹരം

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വേണു venu said...

"പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് ഇതൊന്നുമല്ല.. ഇത്രയൊക്കെയായിട്ടും അവള്‍ അവനെ സ്നേഹിക്കുന്നെന്നതാണ്."

യാദ്രുച്ഛികം, വായിച്ചു വന്നപ്പോള്‍ മുകളിലെ വരികളിലെന്‍റെ ചിന്ത ഉടക്കി.

മൂന്നു ദിവസമായി വരാതിരുന്ന പണിക്കാരിയുടെ കഥകള്‍ കേട്ട്, മനം നൊന്ത് അവളുടെ കഥകള്‍ ശ്റീമതി എന്നോട് പറഞ്ഞു.
കുടിച്ചു പൂസ്സായി വന്ന് അടിച്ച് ചീത്തവിളിച്ച് അടുക്കളയിലടച്ച് വച്ചിരിക്കുന്ന ഭക്ഷണം എടുത്തെറിഞ്ഞ് , ആരും ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത ആക്ഷേപങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞ് , പിന്നെയും അരിശം തീരാതെ കാല്‍ മടക്കി ആ പാവത്തിനെ ചവിട്ടി വീഴ്ത്തി, അവിടെ എവിടെയെങ്കിലും ഉറങ്ങുന്ന പട്ടിയായ ഒരു ഭര്‍ത്താവിനെക്കുറിച്ച്.
സഹി കെട്ട അയല്‍ക്കാര്‍ പോലീസ്സില്‍ പരാതി നല്‍കി ഈ മഹാനെ അറ്സ്റ്റിലാക്കി.

അടുത്ത ദിവസം ഇണീക്കാന്‍ വയ്യാത്ത അവശയായ ആ സ്ത്രീ അയാളേ സ്റ്റേഷനില്‍ നിന്നു ഇറക്കാന്‍ പോയെന്ന്.!

പിള്ളേരുടെ തന്ത അല്ലേ...എന്നാണു് ചോദിച്ചവരോടു പറഞ്ഞത്.

എന്നേയ്യും അത്ഭുതപ്പെടുത്തിയത്.ഇത്രയൊക്കെയായിട്ടും....ഇതൊരു തുടര്‍ച്ചയായിട്ടും. ഇനിയും തുടരുമെന്നറിഞ്ഞിട്ടും.?

ഇട്ടിമാളു അഗ്നിമിത്ര said...

കുമാരാ.. എന്താ പറഞ്ഞെ...എല്ലാരും അവളെ പോലെ തല്ലുകൊള്ളണം എന്നൊ?


kunjumman.. തെറ്റിക്കൊണ്ടേയിരിക്കുന്നു.. രഹസ്യം പരസ്യമാക്കിയിട്ടില്ല..

ശ്രീ... ശ്രദ്ധേയന്‍....:)

കാവലാന്‍... ആദ്യത്തെ കമന്റ് കണ്ട് എന്താ ഉദ്ദേശിച്ചെന്ന് മനസിലാവാതിരിക്കായിരുന്നു.. പുനര്‍‌വായനയില്‍ ആണൊ തട്ടിക്കളഞ്ഞെ..?

readersdais.. ഇടിച്ചു തൊഴിച്ചു തന്നെ വേണോ ഓര്‍മ്മപ്പെടുത്തല്‍

ചിത്രകാരാ.. മനസ്സിലായില്ല എന്താണ് പറഞ്ഞു വന്നതെന്ന്....:(

ബഷീര്‍.. സത്യം

ദൃശ്യന്‍.. നല്ലതിനായി കാത്തിരിക്കാം

the man to walk with... അതെ അങ്ങിനെ തന്നെ

ഇരിങ്ങലെ .. തിരിച്ച് തല്ലണമെന്നാണോ...:)... (വിമര്‍ശനത്തിന്റെ ചൂട് കുറഞ്ഞു പോവുന്നല്ലൊ ഈയിടെയായി)

വേണു... എന്തു പറയാന്‍.. ഞാന്‍ പറഞ്ഞത് മധ്യവര്‍ഗ്ഗത്തിന്റെ കാര്യമായിരുന്നു.. അപ്പോള്‍ താഴെക്കിടയിലുള്ളവരുടെ കാര്യം അതിലും കഷ്ടമാവാനെ വഴിയുള്ളു..

Inji Pennu said...

അത് സ്നേഹവും മണ്ണാങ്കട്ടയും ഒന്നുമല്ല. അതാണ് സ്റ്റോക്ക് ഹോം സിണ്ട്രോം

ഗൗരിനാഥന്‍ said...

സ്വയം ബഹുമാനം ഇല്ല്യാത്ത കുറേ സ്ത്രീകളും, പിന്നെ ഇതൊക്കെ ഗതികേട് കൊണ്ട് സഹിക്കേണ്ടി വരുന്ന ചിലരും ഉണ്ട്..ഭാരത സ്ത്രീയുടെ ഭാവശുദ്ധി ഭര്‍ത്താവിന്റെ ഇടികൊള്ളൂന്നതിലല്ല,മറിച്ഛ് അവളെ ദേവിയായി കാണുമ്പോഴെ അവള്‍ക്കും ഭാവശുദ്ധി ഉണ്ടാകു, ഇടി കൊണ്ടാല്‍ വരുമോ!!!

ഭര്‍ത്താവിനൊപ്പൊം മരിച്ചിരുന്നോ സ്ത്രീകള്‍... സതിയാണോ readersdais ഉദ്ദേശിച്ചതു, സതിയുടെ ചരിത്രം വേറെയാണ്, മാത്രമല്ല സമ്മതമുണ്ടായീരുന്നു ആര്‍ക്കറിയാമാം????

idlethoughts said...

problem is not with 'avan' or 'aval'....
problem is with our society which see 'Divorce' as a bad thing....if a man / woman have d chance of easily ending an troubled marriage n can continue their normal life n have new relationships,,..if our society accepts a divorced man/woman as a full human being....then, i think instances of this kind of horrible Domestic violences will come down.......But for tht our Non-sense Indian/kerala society hav to go a lot forward.......

ഇട്ടിമാളു അഗ്നിമിത്ര said...

ഇഞ്ചി.. ഒരു ഗൂഗില്‍ സെര്‍ച്ചിനുള്ള വകയായിരുന്നു.. ആദ്യമായാ കേട്ടത്.. പുതിയ അറിവ്... :)

ഗൌരി .. വന്നതന്നെ ..:)

idlethought.. കാത്തിരിക്കാം..

Yamini said...

മുഴുവനായിട്ട് സ്നേഹമാണോ എന്നുള്ളതില്‍ സംശയമുണ്ട്.. ഒരു make belief world ഉണ്ടാക്കാന്‍ അങ്ങനെ എന്തൊക്കെയോ... അതും ആകാം.

ഇട്ടിമാളു അഗ്നിമിത്ര said...

അപായക്കണ്ണുകള്‍.. അറിയില്ല.. ചിലപ്പോള്‍ അങ്ങിനെയും ആവാമല്ലെ..

കുറ്റക്കാരന്‍ said...

ഈ സ്ത്രീ കഥാപാത്രത്തെ പോലെ ഒരു സ്ത്രി ഇപ്പൊഴും ജീവിക്കുന്നുണ്ടോ ?

ഇട്ടിമാളു അഗ്നിമിത്ര said...

ഉണ്ട്.. ജീവനോടെ തന്നെ