പ്രവാസം ഇറങ്ങും മുമ്പെ അതൊരു ചര്‍ച്ചാവിഷയമായിരുന്നു.. ചിങ്ങം ഒന്നിന് പുറത്തിറങ്ങുന്നു എന്നതാരുന്നു ആദ്യത്തെ പരസ്യം.. ഇറങ്ങിയൊ എന്നറിയില്ല.. അന്ന് ഡി സി ബുക്സ് തുറക്കാത്തതിനാല്‍ മുന്‍കൂര്‍ കാശ് കൊടുത്തിട്ടും കയ്യില്‍ കിട്ടിയില്ല, വ്യത്യസ്തമായ അഞ്ച് മുഖചിത്രങ്ങള്‍.. ലക്ഷ്മി എന്‍ മേനോന്റെ വൈക്കോല്‍ കലാവിദ്യയാല്‍ സുന്ദരമാക്കിയ കവര്‍ പേജുകള്‍.. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം സാഹിത്യകാരന്മാരും പ്രശസ്തവ്യക്തികളും കഥാപാത്രങ്ങളാവുന്നു.. എന്തിനു കഥപറച്ചിലുകാര്‍ തന്നെ ഇതിലൊരു ഭാഗമാവുന്നു.. തുണ്ടുതുണ്ടായി ആഴ്ചകള്‍ക്ക് വീതിച്ചു കൊടുക്കാതെ ഒന്നായി കയ്യിലെത്തുന്നു.. ഇതൊന്നുമില്ലെങ്കിലും മയ്യഴിപുഴയുടെ കഥാകാരന് കഥപറയാന്‍ തുടങ്ങുമ്പോള്‍ ആരാണ് കാത്തിരിക്കാതിരിക്കുക..
(സ്വപ്നത്തിലെ നിധിതേടി ലോകം മുഴുവന്‍ അലഞ്ഞ് അതു നേടാന്‍ പഴയ വഴിയമ്പലത്തില്‍ തിരിച്ചെത്തുന്ന സാന്റിയാഗോവിന്റെ കഥ പറഞ്ഞത് പൌലോ കൊയ്ലോ ആണ്... )
പ്രവാസത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്..
" A man travels the world over in search of what he needs, and returns home to find it “- George Moore
സഞ്ചാരികളാണ് പ്രവാസികളെ ഉണ്ടാക്കുന്നത്.. മലയാളം കണ്ട ഏറ്റവും വലിയ സഞ്ചാരിയായ എസ് കെ പൊറ്റേക്കാട് തുടക്കമിട്ട പ്രവാസികളുടെ കഥ ഇന്നിലെ മുകുന്ദനിലൂടെയാണ് മുന്നേറുന്നത്... ഒരുപാട് കഥാപാത്രങ്ങള്‍ ഒരുപാട് നാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ ഒരു പാട് കണ്ണികള്‍ ഇവരിലൂടെയാണ് പ്രവാസം കഥയാവുന്നത്..ഇത്തിരി വട്ടത്തുനിന്ന് വട്ടമില്ലാത്ത ലോകത്തിലേക്ക് യാത്രപുറപ്പെടുന്ന കൊറ്റ്യത്ത് കുമാരനില്‍ തുടങ്ങുന്ന പ്രാവാസി ചരിത്രം മകന് ഗിരിയിലൂടെ മകന്റെ മകന് അശോകനിലൂടെ വളര്‍ന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുന്ന അശോകന്റെ മകന് രാഹുലിലാണ് അവസാനിക്കുന്നത്.. പക്ഷെ പ്രവാസം അവരുടെ മാത്രം കഥയല്ല..
മൂന്നൂനേരം മൂക്കുമുട്ടെ തിന്നാനുണ്ടായിട്ടും കുമാരന് യാത്രയാവുന്നത് പണിയെടുക്കാനും, നാടുകാണാനും യാത്രചെയ്യാനുമാണ്.. ഒരു പക്ഷെ കഥപറയുന്ന ശങ്കരന്‍കുട്ടിക്കപ്പുറം ഇങ്ങനെ യാത്രയാവുന്ന ഒരേ ഒരാള്‍ കുമാരനായിരിക്കും.. ബര്‍മ്മയിലേക്ക് ബ്രിട്ടീഷ് റെയില്‍ കമ്പനിയില്‍ തൊഴില്‍ തേടി പോയ കുമാരന് കടല്‍ ചൊരുക്കില്‍ കഷ്ടപ്പെട്ടിട്ടും ബര്‍മ്മയുടെ മണ്ണില്‍ ചെരുപ്പിന്റ് തടസ്സമില്ലാതെ കാല് കുത്തുമ്പോള്‍ അയാള്‍ക്ക് തോന്നുന്ന വികാരം അനിര്‍വചനീയമാണ്.... പിറന്നനാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ താന്‍ സ്വപ്നം കണ്ടിരുന്ന നാട്ടിലെത്തിയതിന്റെ സന്തോഷം.. സ്വന്തം വീട്ടില്‍ വിട്ടുപോന്നിരിക്കുന്ന ഭാര്യയെയും(കല്ല്യാണി) പിഞ്ചുകുഞ്ഞായ മകനെയും(ഗിരി) മറന്നില്ലെങ്കിലും അവരില്‍ നിന്നും മനസ്സുകൊണ്ടുപോലും അയാള്‍ ഒരു പാട് അകന്നുപോയപോലെയായിരുന്നു അയാളുടെ ജീവിതം.. വിശപ്പിന്റെ വിലയറിഞ്ഞ് കഷ്ടപ്പെട്ട കാലങ്ങള്‍ക്കൊടുവില്‍ അഭയമായി മുന്നിലെത്തുന്നതും ഒരു പ്രവാസിതന്നെ - ബീരാന്‍കുട്ടി.. നാടുമറന്നു പോയ ബീരാന്‍കുട്ടിയും കുമാരനും പരസ്പരം ആശ്രയങ്ങളാവുകയാണ്.. ഖല്‍ബിലെ പഞ്ചാരകട്ടിയായിരുന്ന ബര്‍മ്മക്കാരി ഭാര്യ, ചിത് ചൊ തന്നെ ഉപേക്ഷിച്ച് പോയെങ്കിലും മകള്‍ കതീശ ബീരാന്‍കുട്ടിയുടെ കൂടെയുണ്ട്.. ഒരു പുതിയാപ്ലയെ തേടിയലഞ്ഞ് ആശയറ്റുപോവുമ്പോള്‍ അതുവരെ ഇറയത്തുകിടന്നിരുന്ന കുമാരനെ മകളുടെ ഭര്‍ത്താവായി വീടിനകത്തേക്ക് സ്ഥാനകയറ്റം നല്കുന്നു.. കടലിനക്കരെ നീറുന്ന കല്ല്യാണിയുടെ ശാപമാവാം കുമാരനൊരിക്കലും കതീശക്ക് ഇണയാവുന്നില്ല.. തുണമാത്രമാവുന്നൂ.. കതീശയെ തേടിയെത്തിയ ജപ്പാന്‍പട്ടാളക്കാരെന്ന ദുരന്തത്തിനു ശേഷം റങ്കൂണ്‍ കുമാരന് നാട്ടിലെത്തിയിട്ടും ഒരു പുഴുത്തപട്ടിയോടെന്ന പോലുള്ള കല്ല്യാണിയുടെ സമീപനം മരണസമയത്ത് വെള്ളം പോലും കൊടുക്കാന്‍ മനസ്സില്ലാത്തിടം വരെ തുടരുന്നു..
കുമാരന്റെ മകന് ഗിരി ഇന്ത്യയുടെ ഭാഗമെങ്കിലും ഫ്രഞ്ച് പതാക പാറുന്ന മാഹിയില്‍ പ്രവാസിയാവുന്നത് കമ്മ്യൂണിസ്റ്റുകാരനായി ഒളിവില്‍ താമസിക്കാനാണ്.. അന്നു അനിയനെ പോലെ തന്നെ നോക്കിയ തന്നെക്കാള്‍ മുതിര്‍ന്ന സുനന്ദയെ സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതുന്നു.. പക്ഷെ ഗിരിയുടെ മകന് സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ തേടി അച്ചന്റെ കമ്മ്യൂണിസത്തിന്റെ എതിര്‍ദിശയില്‍ അമേരിക്കയില്‍ പ്രവാസിയാവുന്നു.. അപ്പൊഴും തന്റെ വേരുകളിലേക്കുള്ള ഒരു പിന്‍വലി അശോകന്റെ സന്തത സഹചാരിയാവുന്നുണ്ട്... മകന്റെ കല്ല്യണം സ്വപ്നംകാണുന്ന അമ്മയുടെ നിര്‍ബന്ധത്തിനൊപ്പം തനിക്കൊരു കൂട്ടുവേണമെന്ന ചിന്തകൂടിയാവുമ്പോഴാണ് അശോകന് മലയാളിരക്തമെങ്കിലും ജീവിതത്തില്‍ അമേരിക്കക്കാരിയായ ബിന്‍സിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. പക്ഷെ അവള്‍ക്ക് അശോകനെ അറിയില്ലെന്ന ഉത്തരത്തിന്റെ വ്യാപ്തി വളരെ വലുതാണ്.. സ്വന്തം ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവള് ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് തന്നെ കിടക്കയിലെ അവന്റെ പ്രകടനം വിലയിരുത്തിയെ അവള്‍ക്കൊരു തീരുമാനത്തിലെത്താനൊക്കു.. ബിന്‍സിയുടെ സ്ഥാനത്തേക്ക് എത്തുന്നത് വിന്ദുജയാണ്.. പൂജയും പ്രാര്‍ത്ഥനയുമായി മുത്തപ്പനില്‍ വിശ്വസിച്ച്, സെറ്റുമുണ്ടും ചന്ദനക്കുറിയുമായ് മലയാളിമങ്കയായി, ചോറും കറിയും പുട്ടും കടലയുമൊരുക്കി നാടന്‍ വീട്ടമ്മയായി തന്റെ കൊച്ചുവേദന സ്വന്തം മനസ്സിലൊതുക്കുന്നവള്‍.. വൈദ്യശാസ്ത്രത്തിന്റെ കനിവില്‍ അവര്‍ക്കുമൊരു ഉണ്ണിപിറക്കുന്നു- രാഹുല്‍...
എപ്പൊഴും എവിടെയും ഇണകളെ കണ്ടെത്താവുന്ന അമേരിക്കക്കാരില്‍ നിന്നും ഗള്‍ഫിലെ പ്രവാസികള്‍ വ്യത്യസ്തരാവുന്നത് അവരുടെ വിരഹത്തിന്റെ തീവ്രതയിലാണ്.. സീനത്തിനെ സ്വന്തമാക്കാന്‍ കടല്‍ കടക്കുന്ന അബൂട്ടിക്ക് അവസാനം അവളെ നഷ്ടമാവുന്നു.. സ്വന്തമായിട്ടും വിനോദും സുമലതയും ഇരുകരകളിലാണ്.. പക്ഷെ നാഥനും രാധയും ഒരു വേദനയായി ബാക്കി നില്ക്കുന്നു.. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി മാറുന്ന സുധീരനെ മുതലെടുക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും മത്സരിക്കുമ്പോള്‍, രാമദാസന് പണക്കാരനാവുന്നതെങ്ങിനെയെന്നത് നമുക്ക് മറക്കാം..
ഗള്‍ഫുനാടുകളിലെ ലേബര്‍ ക്യാമ്പുകളുടെ വിവരണം, സാഹിത്യ സമ്മേളനത്തിനു വന്ന് പൊന്നുവാങ്ങാനും പുസ്തകം വില്‍ക്കാനും നടക്കുന്ന സാഹിത്യകാരന്, മകന്റെ കാശില്‍ മാത്രം കണ്ണുള്ള ഗോവിമാഷ്, തൊട്ടടുത്ത് നല്ലഡോക്റ്റര്‍ ഉണ്ടായിട്ടും ചികിത്സക്കായ് മോസ്കൊയില്‍ പോവുന്ന ഗിരി.. മിച്ചിലോട്ട് മാധവനോടുള്ള സുനന്ദയുടെ സ്നേഹം.. അങ്ങിനെ ചിലതൊക്കെ പറഞ്ഞാലും തീരാതെ ബാക്കി നില്‍ക്കുന്നുണ്ട്..
അമേരിക്കയിലെ കൊറ്റ്യത്ത അശോകന്, ദുബായിയിലെ സുധീരന്, ബഹ്രൈനിലെ രാമദാസന് സലാലയിലെ നാഥന് ദല്‍ഹിയിലെ മുകുന്ദന് .. പ്രവാസികളെല്ലാം ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്നവരാണ്.. പല പ്രായക്കാരാണ്.. പലകാലങ്ങ്നളില്‍ ജീവിതം തുടങ്ങിയവരാണ്.. എന്നിട്ടും കാലത്തിന്റെ ഒഴുക്കില്‍ പലയിടങ്ങളില്‍ പലതവണ ഇവര്‍ ഇവിടെ കണ്ടുമുട്ടുന്നു..
ഇതൊരു തുടര്‍ച്ചയാണ്.. ഒരിക്കലും തീരാത്ത പ്രവാസത്തിന്റെ കഥയിലേക്ക് പുതിയൊരു കണ്ണികൂടി ചേര്‍ത്ത് കഥതുടരുകയാണ്..
10 comments:
ജീവിതം ഒരു പ്രവാസമാണ്.. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്.. എന്നേക്കുമായി ഈ ലോകം വിട്ടുപോവുമ്പൊഴാണ് നാം നമ്മുടെ പ്രവാസം അവസാനിപ്പിക്കുന്നത് (പ്രവാസം - മുകുന്ദന്)
ഇട്ടിമാളൂ .. മയ്യഴിയുടെ കഥാകാരന്റെ വാക്കുകള്‍ പ്രവാസികളുടെ നിറമുള്ള പുറവും പൊള്ളുന്ന അകവും ചിത്രിക്കരിച്ചിട്ടുണ്ടാവും..
ഞാനടക്കം ഒരോ പ്രവാസിയും ദിവസവും പ്രവസത്തിന്റെ എഴുത്തപ്പെടാത്ത അനേക പേജുകള്‍ വായിച്ച് കൊണ്ടിരിക്കുന്നുണ്ട്
എങ്കിലും വായിക്കണം ഈ ‘പ്രവാസവും’...
ഈ വിവരണത്തിന് ഒത്തിരി നന്ദി.
ബ്ലോഗിലൊള്ള പെറവാസികളെയെല്ലാങ്കൂടെടുത്തു നമ്മക്കു ഏതേലും ബുക്ക്സിലോട്ടൊന്നിട്ടാലോ..കിടിലമാരിക്കും
ഈ കുറിപ്പിൻ വളരെ നന്ദി ഇട്ടിമാളു.
എന്തുകൊണ്ടോ,പരസ്യം കണ്ടപ്പോഴൊന്നും പുസ്തകം വായിയ്ക്കണമെന്ന് തോന്നീല്ല.
ചിങ്ങം ഒന്നിനു തന്നെ 'പ്രവാസ'ത്തിന്റെ ഒരു അഡ്വാൻസ്ഡ് കോപ്പി എനിക്ക് ഗിഫ്റ്റായി കിട്ടി. ഒറ്റയിരിപ്പിനാണ് വായിച്ചു തീർത്തത്.ആകെ മൊത്തം 'ഒരു ദേശത്തിന്റെ കഥ'യുടെ മറ്റൊരു രൂപം- അതാണെനിക്കു തോന്നിയത്. നല്ല വായനാസുഖമുള്ള എഴുത്ത്. സുന്ദരമായ പുറംചട്ട- ബ്ലാക്ക്&വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ, വൈക്കോൽ കൊണ്ട് ഹൈലൈറ്റ് ചെയ്ത് സ്വർണ്ണനിറമുള്ള പാലം- ശരിക്കും ഒരു പ്രവാസത്തിന്റെ ഫീൽ തരുന്നുണ്ട്.
കഥയിൽ പ്രവാസികളാകുന്ന പുരുഷകഥാപാത്രങ്ങളെക്കാളും ശ്രദ്ധേയമായി തോന്നിയത് സ്ത്രീകഥാപാത്രങ്ങൾ-കല്യാണിയും സുനന്ദയും ബിൻസിയും വിന്ദുജയും അച്ചാമ്മയുമൊക്കെ- ആ പ്രവാസങ്ങളോടു പ്രതികരിക്കുന്ന രീതിയാണ്.
നല്ല കുറിപ്പ് ഇട്ടിമാളൂ..
ഈയൊരു പരിചയപ്പെടുത്തലിന് നന്ദി..
റഷ്ദി ജോധയെക്കൊണ്ടു പറയിച്ചു :
“അവര്‍ തേടി വന്നത് എന്താണ് യഥാര്‍ത്ഥത്തില്‍? ഉപയോഗമില്ലാത്ത ഒന്നല്ലേ? ബുദ്ധിയായി എന്തെങ്കിലുമൊക്കെ തലയ്ക്കുള്ളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ യാത്രയുടെ ഫലശൂന്യത അവര്‍ക്ക് സ്വയംബോധ്യമായേനേ. യാത്ര നിരര്‍ത്ഥകമാണ്. നിങ്ങള്‍ക്ക് അര്‍ത്ഥം തരുന്ന ഒരു സ്ഥലത്തു നിന്ന് അതു നിങ്ങളെ അടര്‍ത്തിയെടുക്കുന്നു. സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ അതിനു അര്‍ത്ഥം പകരം നല്കുന്നു. ഒരിക്കല്‍ നിങ്ങള്‍ ജീവിച്ച, ഇപ്പോള്‍ ശുദ്ധ അസംബന്ധമായി തീര്‍ന്നിരിക്കുന്ന ഒന്നിനും കൊള്ളാത്ത സ്ഥലം മായികലോകമാണെന്ന് എല്ലായ്പ്പോഴും നിങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.”
നല്ല വിവരണം. പുസ്തകമൊന്നു കിട്ടിയാല്‍ വായിക്കണം...
ഞാന്‍ പ്രവാസിയൊന്നുമല്ല...എന്നാലും ഈ പുസ്തകം വായിക്കണമെന്ന് ആഗ്രഹമുണ്ട്....
ഇത്തിരി .. അതാണ് പ്രവാസി..
ആചാര്യാ.. :)
ഭൂമിപുത്രി.. ഇപ്പൊഴെന്തു തോന്നുന്നു?
ത്രേസ്യാകൊച്ചെ.. എനിക്കും കിട്ടിയത് പാലം തന്നെ..
സ്മിത.. :)
വെള്ളെഴുത്തെ.. ഇത് ഏതാ?
നജൂസ്.. :)
ശിവ.. പ്രവാസിയാവാന്‍ എത്ര ദൂരെ പോവണം.. :)
Post a Comment