Friday, March 30, 2007

ആവശ്യമുണ്ട്

കെ കെ റോഡിലെ അന്തിതിരക്കിലേക്ക്‌ നോക്കി ദയ യാതൊരു ദയയുമില്ലാതെ ചിരിച്ചു...

"അപ്പോ അങ്ങിനെ ആണു കാര്യങ്ങള്‍..അല്ലെ?"

ഈ ചോദ്യം അസ്ഥാനത്തായതോണ്ടാവാം .... അവന്‍ ഒന്നും മിണ്ടാതെ തന്റെ കപ്പി ലെ കാപ്പി കാലിയാക്കി... അവളാണെങ്കില്‍ ആദ്യമായി കാണുന്നപോലെ പഞ്ചാബി റസ്റ്റോറന്റിന്റെ ചില്ലിലൂടെ പുറത്തേക്ക്‌ ചിരിച്ചു കാണിച്ചുകൊണ്ടിരുന്നു..

"പണ്ടാരം"...........

അവന്‍ മനസില്‍ പറഞ്ഞു..

"മനുഷ്യനു ആകെവട്ടുപിടിച്ചിരിക്കുമ്പോള്‍ അവളുടെ ഒരു ഇരുത്തം കണ്ടില്ലെ..അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക്‌ ഒന്നും അറിയണ്ട..."

അവന്‍ ഒരു കാപ്പിക്കു കൂടി ഓര്‍ഡര്‍ ചെയ്തു..
ദേഷ്യത്തോടെതലചൊറിഞ്ഞു...അപ്പോഴേക്കും അവള്‍ ഒരു മൂളിപാട്ടോടെ പോവാന്‍തയ്യാറായിരുന്നു....അവന്റെ മുഖത്തെ രോഷം കണ്ടിട്ടും അവള്‍ ഒന്നുറക്കെ ചിരിച്ചു..

"ശവം..."

അവന്റെ ശബ്ദം പുറത്തിറങ്ങി അവളുടെ ചെവിയിലെത്തി.

അറിയാതെ വിളറിപോയ ദയയുടെ മുഖം നിമിഷങ്ങള്‍ക്കുള്ളില്‍ പഴയ ചിരിയിലേക്ക്‌ തിരിച്ചു വന്നു.

"നീ പേടിക്കാതെടാ.. ഇതിന്റെ പേരില്‍ ഭരണം പോയാല്‍ പോവട്ടെ.. എന്താ നിനക്കിതൊക്കെ ശരിയാക്കിയാല്‍ ചില്ലറ വല്ലതും തടയുമോ.. അതോ അടുത്ത ഇലക്ഷനില്‍ ഒരു സീറ്റ്‌..."

ദയയുടെ കൊഞ്ചി വര്‍ത്തമാനം കേട്ട്‌ അവന്റെ ദേഷ്യം ഒന്നു കൂടിവര്‍ദ്ധിച്ചു.പൊലിയാന്‍ പോവുന്ന തന്റെ സ്വപ്നങ്ങളെ കുറിച്ചോര്‍ത്തപ്പോല്‍ അവന്‍ കാപ്പിചൂടു പോലും നോക്കാതെ വലിച്ചു കുടിച്ചു....നാളെ രാവിലെ മീറ്റിംഗിനു ചെല്ലുമ്പോള്‍ എന്തു മറുപടി പറയും എന്നതായിരുന്നു അവന്റെ പ്രശ്നം

----------
രാത്രി... അകന്നുമാറുന്ന ഉറക്കത്തെ വലിച്ചടുപ്പിക്കനുള്ളശ്രമത്തിലാണ്‌... ദയ അവനെ വിളിച്ചത്‌....

"നിന്റെ മോഹം പൂവണിയാന്‍ പോവുന്നെടാ .... .... നിന്റെ അസംസ്കൃതവസ്തു ലഭിക്കാനുള്ള എല്ലാം ഒത്തു വരുന്നു ... എങ്ങിനെ? അതുകൊണ്ട്‌ പ്രശ്നം തീരുമോ?... എല്ലാവരെയും വിളിച്ചു പറ ... നിന്റെ നേതാക്കന്‍മാരെ ..."

അവന്റെ സന്തോഷം ഉറക്കത്തെ പറപറത്തി...എന്ത്‌ എങ്ങീനെ എവിടെ നിന്ന് എന്നത്‌ അവന്‍ ആലോചിച്ചതു പോലും ഇല്ല... പറയുന്നത്‌ ദയയാണെങ്കില്‍ സംഗതി നടക്കുമെന്ന് അവന്‌അറിയാമായിരുന്നു......

അവള്‍ തന്റെ ലാപ്‌ ടോപ്പില്‍ രണ്ടു ദിവസത്തിനപ്പുറം മാത്രംമേല്‍വിലാസക്കാരനു കിട്ടുന്നതരത്തില്‍ മെയില്‍ ഒരുക്കിവെച്ചു.. പിന്നെ വെറുതെ കഥകള്‍ നോക്കി... പാലം ഉറയ്ക്കാന്‍ കുഞ്ഞിനെ കുരുതി നല്‍കിയ പഴയ കഥ പുതിയ ഭാഷയില്‍..

വൈകുന്നേരത്തെ കാപ്പിക്കൊപ്പം അവന്‍ വിളമ്പിയ നിയമങ്ങളുടെ അകന്നു കിടക്കുന്ന നൂലിഴകള്‍ ഒന്നുകൂടി ആലോചിച്ചുറപ്പിച്ചു... അങ്ങിനെ നാളെ താന്‍ എന്തെങ്കിലും ഒക്കെ ആവാന്‍ പോവുന്നു... ഇതുവരെ ആര്‍ക്കും ഒന്നുമല്ലാതിരുന്നവള്‍ ഒരു ദിവസം കൊണ്ട്‌... ഹി ഹി ഹി... രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.. ആ ലക്ഷണം കെട്ട വെടക്കു ചിരി...

അപ്പൊഴും അവന്റെ വാക്കുകള്‍ മനസ്സിലിട്ട്‌ അവള്‍ പലതവണ ഉരുക്കഴിച്ചു.

"ഡോക്റ്ററുടെ സര്‍ട്ടിഫികറ്റ്‌ .. അതാണു മുഖ്യം .. ഞങ്ങള്‍ അങ്ങിനെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല... ആദ്യം ഈ പരിപാടി ഒന്നു നടക്കണം.. അതും ഇലക്ഷനു മുമ്പ്‌ തന്നെ വേണം .. ഇല്ലെങ്കില്‍ ആകെ നാറും "

അവള്‍ പോലും അറിയാതെ കീബോര്‍ഡില്‍ താളം പിടിച്ചിരുന്ന കൈവിരലുകള്‍കുറിച്ചിട്ടത്‌ ഇങ്ങിനെയായിരുന്നു

"പുരനിറഞ്ഞ പെണ്ണിനെ പോല
െപണിതീര്‍ന്ന ശവച്ചൂള
പൊതിഞ്ഞു പുല്‍കാന്‍
മിനുത്തൊരു ശരീരം കൊതിക്കവെ
വന്നെത്തുന്നത്‌വരണ്ടുണങ്ങിയ മരക്കഷണങ്ങള്‍ "

.......

അങ്ങിനെ മുനിസിപ്പാലിറ്റിയുടെ ക്രിമറ്റോറിയത്തില്‍ ആദ്യത്തെ ശവം കത്തി...രാഹുകാലം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ്‌ ആമ്പുലന്‍സ്‌ എത്തിയത്‌..
"ശവദാഹത്തിനും വേണമോ രാഹുകാലം നോക്കല്‍" എന്ന് ദയ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ... ബോഡിയുമായി വന്ന ആള്‍ക്ക്‌ കൊടുക്കണമെന്ന് അവള്‍ പറഞ്ഞിരുന്ന തുക തന്നെ കൊടുത്തു ... ബഡ്‌ജറ്റില്‍ ഇല്ലാത്ത കണക്ക്‌ ...പലരും വിചാരിച്ചിട്ടും കരാറുകാരുടെ കളികളിലും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിലും കുടുങ്ങി കിടന്ന ശവച്ചൂളയില്‍ തെങ്ങിന്‍ തടിയല്ലാതെ ശവം കൊണ്ടുതന്നെ പ്രവര്‍ത്തിപ്പിച്ചതിന്റെ അഹങ്കാരം അവന്റെ മുഖത്തുണ്ടായിരുന്നു.

തിരക്കിനിടയില്‍ ദയയെ കുറിച്ച്‌ അവന്‍ ഓര്‍ത്തതില്ല... നാളെ മെയില്‍കിട്ടുമ്പോല്‍ അവന്‍ ഓര്‍ക്കുമായിരിക്കും അല്ലെ

28 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മുനിസിപ്പാലിറ്റിയുടെ ശവച്ചൂളയില്‍ ട്രയല്‍ ശവദാഹത്തിനു ഒരു ശവം വേണം ...

സു | Su said...

കഥയൊക്കെ കൊള്ളാം.

പക്ഷെ ദയയെക്കുറിച്ച് ഓര്‍ക്കാന്‍ അവനു സമയം കിട്ടുമെന്നു കരുതരുത്. അനേകം, വായിക്കാത്ത മെയിലുകള്‍ക്കിടയ്ക്ക് ദയയുടെ മെയിലും വായിച്ചുവെന്ന് അടയാളപ്പെടുത്തി കടന്നുപോകും.
അവനു ദയയോട് ദയയുണ്ടെങ്കില്‍, ഇങ്ങനെ ആവില്ലായിരുന്നു കഥ. അവനോട് അവള്‍ക്ക് മാത്രമേയുള്ളൂ ദയ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രെം സഹൃദയ ആയ ഒരു പെണ്‍കുട്ടിയെ കാണിച്ചു താ ചാത്തന്‍ ബാച്ചിക്ലബീന്ന് രാജി വയ്ക്കാം . ഇതേ ഒരു 200 കൊല്ലം മുന്‍പത്തെ കഥയല്ലേ... അതും വെറും കഥ..

അപ്പോഴെവിടെയാ മുനിസിപ്പാലിറ്റിയും അതിന്റെ ശവച്ചൂളയും!!!

sandoz said...

ഇട്ടീ....ചൂള ഫ്രീ ആയാ.....ഫ്രീ അയാല്‍ ഒരെണ്ണം ഞാന്‍ ഇപ്പ തരാ...

ടാ..ചാത്താ..നില്ലടാ അവിടെ..

പാര്‍വണം.. said...

രണ്ടു തവണ വായിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല...
എന്റെ ബുദ്ധിയില്ലയ്മയായിരിക്കും!!

Vanaja said...

പാര്‍വണം
എനിക്കും...

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

ഇട്ടിമാളൂ, “ട്രയല്‍ ശവദാഹത്തിനു ഒരു ശവം വേണം ...“ എന്ന ഒരു അനുബന്ധക്കമന്റ് കഥാകാരി തന്നെ വച്ചിരുന്നില്ല എങ്കില്‍‍ ഞാന്‍ ആകെ ചുറ്റിപോയേനെ (ഒരു തരം ആലോചനാ കുറവ്)

ആ പഴുതുകള്‍ അടച്ചാല്‍ പുതുമയുള്ള തീം.

പക്ഷെ കഥയെ കൊല്ലുന്ന ചില വരികള്‍ ഉദാഹരണമായി, “ഹി ഹി ഹി... രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.. ആ ലക്ഷണം കെട്ട വെടക്കു ചിരി...“ പൊട്ടിച്ചിരി എന്നു എഴുതുമ്പോള്‍ അതിന്റെ ‘ഹ’ കള്‍ എഴുതേണ്ട ആവശ്യം വരുന്നില്ല. ആ ചിരി, കമന്റെഴുതുമ്പോള്‍ വായിക്കുന്നവര്‍ക്ക് മറ്റൊന്നും തോന്നാതിരിക്കാന്‍ വേണ്ടി പലരും എഴുതികൂട്ടുന്ന മുങ്കൂര്‍ ജാമ്യത്തെ ഓര്‍മ്മിപ്പിച്ചു. (കഥകളിലൊക്കെ ചിരിച്ച രൂപവും രീതിയും മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു. ചിരിയുടെ ശബ്ദവും ആ ശബ്ദം ചിരിയും ആണെന്നു പറഞ്ഞു കേട്ടിട്ടില്ല)

ഓ ടോ: ഇട്ടിമാളൂ, പോസ്റ്റ് മോശം എന്നല്ല പറഞ്ഞത്. എഴുത്ത് തിരക്കില്‍ ആയിപ്പോയി എന്നുള്ള വ്യാകുലതമാത്രമെ ഉള്ളു നാവിലും വരമൊഴിയിലും വന്നത്.

ആഷ | Asha said...

ഇട്ടിമാളൂ,
ലേശം ബുദ്ധിമുട്ടി മനസ്സിലാക്കിയെടുക്കാന്‍.
അതിനു ആ കമന്റിന്റെ സഹായം വേണ്ടിവന്നു.
ശവത്തിനു ഇത്ര ക്ഷാമമോ?

Unknown said...

ചാത്തന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു എന്ന് പറഞ്ഞാല്‍ ചാത്തനുള്ള അടി എനിയ്ക്കും കിട്ടുമോ ഇട്ടിമാളുച്ചേച്ചീ. :-)

ശ്രീ said...

വളരെ വ്യത്യസ്തമായ പ്രമേയം.... അവസാനമടുത്തപ്പോള്‍‌ ഒന്ന് അമ്പരന്നു, കേട്ടോ... കഥയാണെങ്കിലും.

ഗുപ്തന്‍ said...

ഇട്ടിമാളൂ,
അങ്ങനെ ഒരു ശവം കത്തിയ വേദനയുമായി ജീവിചിരിക്കുന്നവന്റെ നോവെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവന്‍ അതിനുമുന്‍പെ ശവം ആയവനല്ലെങ്കില്‍..

ആ അടിക്കുറിപ്പിന്റെ ആവശ്യമുണ്ടായിരുന്നില്ല. കുമാര്‍ പറഞ്ഞതുപോലെ മൈനര്‍ എഡിറ്റിംഗ്‌ ലാപ്സെസ്‌ ഉണ്ടാവാം. പക്ഷേ, you are just superb.

Haree said...

എന്റെ സംശയം : "ഡോക്റ്ററുടെ സര്‍ട്ടിഫികറ്റ്‌ .. അതാണു മുഖ്യം .. ഞങ്ങള്‍ അങ്ങിനെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല... ആദ്യം ഈ പരിപാടി ഒന്നു നടക്കണം.. അതും ഇലക്ഷനു മുമ്പ്‌ തന്നെ വേണം .. ഇല്ലെങ്കില്‍ ആകെ നാറും." - മനസിലായില്ല, ട്രയല്‍ ശവദാഹത്തിന് ശവം കിട്ടിയില്ലെങ്കില്‍, ഇത്രയ്ക്ക് പ്രശ്നമാവുമോ?

വൈകുന്നേരത്തെ കാപ്പിക്കൊപ്പം അവന്‍ വിളമ്പിയ നിയമങ്ങളുടെ അകന്നു കിടക്കുന്ന നൂലിഴകള്‍ ഒന്നുകൂടി ആലോചിച്ചുറപ്പിച്ചു... - കഥയുടെ പശ്ചാത്താലം തീരെ മനസിലാവുന്നില്ല. ദയ - രണ്ടു ദിവസത്തിനപ്പുറത്തെ മെയില്‍ - രാഹുകാലത്തിനു മുന്‍പെത്തിയ ശവം, അതൊക്കെ മനസിലായി. പക്ഷെ, എന്തുകൊണ്ട്? എന്തിനു വേണ്ടി? എന്താണവന്റെ പ്രശ്നം? ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ അനവധി.

അവളവനോട് കാട്ടുന്നത് ദയ തന്നെയോ?

:|
--

ഇട്ടിമാളു അഗ്നിമിത്ര said...

സൂ... അങ്ങിനെ ആവാതിരിക്കട്ടെ.....

ചാത്താ.. ബാച്ചി ക്ലബ്ബില്‍ നിന്ന് രാജിവെച്ചോ.. മുനിസിപ്പാലിറ്റി അങ്ങു ദൂരെയാ.. എന്താ പോവാന്‍ പ്ലാന്‍ ഉണ്ടോ .. ;)

സന്‍ഡോസെ..ട്രയല്‍ ഫ്രീയാ.. സാധനം കയ്യിലുണ്ടോ ..?

പാര്‍വ്വണം .. അഹം ..എന്താ ചെയ്യാ.. എന്റെ കുഴപ്പാവും ..

കുമാര്‍ .. സമ്മതിച്ചിരിക്കുന്നു .. ചാറ്റ് വരുത്തിയ വിനയാ അത്. .. ആ ഹി ഹി ഹി

ആഷാ.. ശവത്തിനു ക്ഷാമമില്ല.. പക്ഷെ ആരെങ്കിലും കൊടുക്കണ്ടെ.. പിന്നെ നൂലാമാലകള്‍ ..

ദില്‍ബു.. ഞാന്‍ ആരെയും അടിച്ചില്ലല്ലോ..?

ശ്രീ ..ആദ്യമായാണല്ലെ ഇവിടെ..
തറവാടി..സന്തോഷം ...

മനു.. ചിന്തിച്ചു.. പക്ഷെ അന്നേരത്ത് അതവന്‍ ചിന്തിക്കുമെന്ന് തോന്നുന്നില്ല...

ഹരി.. അതു ദയയാണോന്ന് അത്ര ഉറപ്പില്ല.. ആവാം എന്നെ പറയൂ.. സംശയങ്ങള്‍ അങ്ങിനെ തന്നെ നില്‍ക്കണോ .. ഒന്നൂടെ വായിച്ചാല്‍ ചിലപ്പോള്‍ അതെല്ലാം തീരും ന്നാ തോന്നുന്നെ.. :).. (എന്തൊരു പാതകം അല്ലെ)

Haree said...

മാഷേ,
ഞാനാ കമന്റിടുവാന്‍ തന്നെ മൂന്നുനാലാവര്‍ത്തി വായിച്ചു... ദേ, പിന്നെയും വായിച്ചു. സംശയങ്ങളൊക്കെ അതുപോലെയുണ്ട്.

അവളിങ്ങനെയൊരു ദയ അവനോടു കാട്ടണമെങ്കില്‍, അവനെത്രയ്ക്കെന്തെങ്കിലും പ്രശ്നത്തിലായിരിക്കണ്ടേ? മുനിസിപ്പാലിറ്റിയുടെ ശവച്ചൂള ഇന്ന ദിവസം ട്രയലെടുത്തില്ലെങ്കില്‍, എന്ത് സംഭവിക്കുവാന്‍? ശവം കിട്ടിയില്ല എന്ന് മീറ്റിംഗില്‍ പറഞ്ഞാലെന്തു നടക്കുവാന്‍? അവന്റെ പ്രശ്നം കഥയില്‍ ശരിയായി അവതരിക്കപ്പെട്ടിട്ടില്ല, അങ്ങനെയൊരു ഭീകരമായ പ്രശ്നത്തിലാണ് എന്നൂഹിച്ചാല്‍ മതിയെങ്കില്‍, ഞാനൂഹിച്ചു... :)
--

ഗുപ്തന്‍ said...

ഇട്ടിമാളു,
അതുപോലൊരു 'ജഡം' ഇപ്പോഴും കത്തുന്ന മനസ്സാണെന്റേത്‌. ഹരിയും മറ്റുപലരും ചോദിച്ച സംശയങ്ങള്‍ക്ക്‌ ഇതൊരു മറുപടിയായേക്കും എന്നേ മനസ്സിലുള്ളൂ.. ദയ മരിക്കുന്നതു ആ രാത്രിയിലല്ല, റെസ്റ്ററന്റിലെ സംഭാക്ഷണത്തിനിടയിലെപ്പൊഴോ ആണെന്ന് എനിക്കുതോന്നി.. വെറുതെ...

ഇട്ടിമാളു അഗ്നിമിത്ര said...

ഹരി... നമുക്ക് നിസ്സാരമെന്ന് തോന്നുന്ന മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അവര്‍‌ക്ക് വലുതായിരിക്കും .. അത്രയെ ഉള്ളു ..

: മനു.. ചാരം മൂടിയ കനല്‍‌ക്കട്ടകളേ വീണ്ടും ഊതികത്തിച്ചുവോ? ശരിയാ ..അവള്‍ മരിച്ചു നേരത്തെ ആ സം‌ഭാഷണങ്ങള്‍‌ക്കിറ്റയില്‍ എപ്പൊഴോ...

ധ്വനി | Dhwani said...

അങ്ങിനെ നാളെ താന്‍ എന്തെങ്കിലും ഒക്കെ ആവാന്‍ പോവുന്നു.ഇതുവരെ ആര്‍ക്കും ഒന്നുമല്ലാതിരുന്നവള്‍ ഒരു ദിവസം കൊണ്ട്‌...രാത്രിയെന്നോര്‍ക്കാതെ അവള്‍ പൊട്ടിച്ചിരിച്ചു.ആ ലക്ഷണം കെട്ട വെടക്കു ചിരി.

ഒരു ബലിയോ അതോ ഒരു സ്നേഹപ്രകാശനമോ? എന്തായാലും ഒരല്‍പം മനസ്സിനെ വേദനിപ്പിച്ചു...

വ്യത്യസ്ത്ഥമായ കഥാതന്തു! നന്നായിരിക്കുന്നു

ഇട്ടിമാളു അഗ്നിമിത്ര said...

ധ്വനി... നല്ലവാക്കുകള്‍ക്ക് നന്ദിയുണ്ട്

Rasheed Chalil said...

:)

അക്ഷരപ്പൊട്ടന്‍ said...

ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com

Sona said...

മാളുട്ടീ...നല്ല കഥ..സുഹൃത്തിന് വേണ്ടി സ്വന്തം ജിവന്‍ ഹോമിച്ച കൂട്ടുകാരി..(മണ്ടി..) സുചേച്ചി പറഞ്ഞ പോലെ അവന്‍ എവിടെ ഓര്‍ക്കാന്‍?സമയം കിട്ടിയിട്ടുവേണ്ടെ!!

മയൂര said...

വേറിട്ട് നില്‍ക്കുന്ന വേദനിപ്പികുന്ന ഒരു പ്രമേയം....

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരീ.... :)

അക്ഷരപ്പൊട്ടാ.. കണ്ടതില്‍ സന്തോഷം ..

സോനാ.. സമയം കിട്ടില്ല അല്ലെ ഓര്‍ക്കാന്‍ .. :(

മയൂരാ... അഭിപ്രായത്തിന്` നന്ദി

Kaithamullu said...

വൈകിയാ ഈ വഴി വന്നത്. അപ്പോഴേക്കും ശവദാഹോം നെലോളീം പഷ്ണിക്കഞ്ഞീം ഒക്കെ കഴിഞ്ഞിരിക്കുന്നു.
-ഇനി ഒന്നു വിശ്രമിക്കണം. ശവച്ചൂളയില്‍ തന്നെ കേറി കിടക്കാം,അല്ലേ?
- നേരിയ ഒരു ചൂടുണ്ടല്ലോ.....

ഇട്ടിമാളു അഗ്നിമിത്ര said...

ചൂടു കൂടിയാല്‍ കറുത്തു പോവും
...വൈകിയാലും വന്നല്ലോ .. അതുമതി

Siji vyloppilly said...

വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വെയ്ക്കുന്ന ആ കണ്ണട കുറച്ചു നാളേയ്ക്ക്‌ വായ്പ്പ തരുമോ? :)

ഇട്ടിമാളു അഗ്നിമിത്ര said...

സിജി .. എവിടെയോ വായിച്ചിട്ടുണ്ട് .. ആരൊക്കെയോ എഴുതിയതും പറഞ്ഞതുമായ വിഷയങ്ങള്‍ തന്നെയാണ്` ഞാനും പറയുന്നുള്ളു .. എന്തായാലും ഈ കമന്റില്‍ ഞാനിത്തിരിയേറെ സന്തോഷിക്കുന്നു ..