ഇതു ഞാനാ...ഇട്ടിമാളൂ...

Friday, January 20, 2012

ശബ്ദവസന്തം


ബ്ദവസന്തത്തിന്റെ ഒമ്പതു നാളുകള്‍ .. അങ്ങിനെയാണ് അവര്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്..

ഒട്ടും പ്രതീക്ഷിച്ചതല്ല ഞാന്‍ അതിന്റെ കേള്‍വിക്കാരിയാവുമെന്ന്.. പത്രത്തിന്റെ ഒതുങ്ങിയ കോണിലെവിടെയൊ ദിവസങ്ങള്‍ക്ക് മുമ്പെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടിരുന്നു.. വര്‍ഷങ്ങളായി ശ്രദ്ധിക്കാത്ത കാര്യം.

റേഡിയൊ എന്നാല്‍ രാത്രി ഉറങ്ങാന്‍ നേരം പാട്ടൂവെച്ച് കിടക്കലാണ്.. അതും എന്റെ സഹമുറിച്ചി പഠിപ്പിച്ച ചീത്തശീലം.. ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി സഹിക്കേണ്ടി വരുന്ന കത്തിയെ മനപ്പൂര്‍വ്വം വിസ്മരിക്കും...എത്ര പാട്ടുകള്‍ കേട്ടു എന്ന് കണക്കെടുക്കാറില്ല... മിക്കവാറും കേട്ടപാട്ടുകള്‍ ഓര്‍ക്കാറുപോലുമില്ല.. അതിനുമുമ്പെ ഞാന്‍ ഉറക്കത്തിന്റെ പിടിയിലായിരിക്കും.. അസമയത്ത് ഉണര്‍ന്നാല്‍ അതിനെ കുത്തിയുറക്കും.. ഇല്ലെങ്കില്‍ ഊര്‍ജ്ജം തീരും വരെ പാടികൊണ്ടിരിക്കും .. പുത്തന്‍ ബഹളങ്ങള്‍ക്കപ്പുറം പഴയ ആകാശവാണിയെ തിരയണമെന്ന് ഒരിക്കലും തോന്നിയില്ല. പക്ഷെ നാടകോത്സവത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ വായനക്കിടയില്‍ അങ്ങിനെഒരു ചിന്ത മനസ്സില്‍ കേറി..കേള്‍ക്കണം എന്നൊരു ഉറപ്പ് ഞാന്‍ എനിക്ക് തന്നെ കൊടുത്തു.. പക്ഷെ എന്നിട്ടും ഞാനത് മറന്നു പോയി .. തിങ്കളാഴ്ച ഓഫീസ് മേശയില്‍ വന്നുകിടന്ന ബ്രോഷര്‍ ആണ് വീണ്ടും ഓര്‍മ്മപ്പെടുത്തലായത്.. എന്നിട്ടും നഷ്ടമായി, അന്ന് ശബ്ദവിരുന്നായത് തിരുവനന്തപുരം നിലയത്തിന്റെ “അശ്വാരൂഢന്റെ വരവ്” ആയിരുന്നു . രചന : പെരുമ്പടവം ശ്രീധരന്‍

എനിക്കുമുണ്ട്, റേഡിയോയെ പ്രണയിച്ചിരുന്ന ഒരു ഭൂതകാലം.. പ്രത്യേകിച്ചും നാടകങ്ങളേയും ചലചിത്രഗാനങ്ങളേയും .. കെമിസ്റ്റ്രിയുടെ ബോറന്‍ റെക്കോറ്ഡെഴുത്തുകള്‍ക്ക് പശ്ചാത്തലമായി “രഞ്ജിനി”യുണ്ടാവും.. (സ്റ്റാര്‍സിംഗര്‍ രഞ്ജിനിയല്ല).. അന്നൊക്കെ ഒരിക്കലും ഞാന്‍ നാടാകോത്സവം കേള്‍ക്കാതിരുന്നില്ല..നാടകോത്സവം മാത്രമല്ല..ഇന്നത്തെ ടിവിസീരിയലുകള്‍ പോലെ അന്നു തുടരന്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു.. പരസ്യത്തിന്റെ ശല്ല്യമില്ലാതെ നീളുന്ന നാടകങ്ങള്‍.. .. കാഴ്ചകളുടെ ധാരാളിത്തമില്ലാതെ കേള്‍ക്കുന്ന ഓരോരുത്തരെയും അവനവന്റെ ഭാവനക്കനുസരിച്ച് മനകണ്ണില്‍ കാണാന്‍ അനുവദിക്കുന്ന നാടകങ്ങള്‍ ..

രാത്രിയില്‍ കര്‍ണ്ണമധുരമായ സ്ഫുടമായ മലയാളത്തില്‍ അവര്‍ പറയാന്‍ തുടങ്ങിയിരുന്നു.. “അഖിലകേരള റേഡിയോ നാടകോത്സവം രണ്ടാം ദിവസം.“..അങ്ങിനെ തുടക്കം “9/11 അഥവാ സെപ്തംബറിന്റെ മുറിവ്” ല്‍ ആയി... സുധീര്‍ പരമേശ്വരന്റെ രചനയില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നടക്കുന്നതായിരുന്നു ആ നാടകം ദുരന്തങ്ങള്‍ ആസ്വദിക്കുന്നവരുടെയും അതില്‍ തകര്‍ന്നുപോവുന്നവരുടെയും കഥപറഞ്ഞു നീങ്ങി.. അവസാനിക്കുന്നതിനു തൊട്ടുമുമ്പെപ്പൊഴൊ ഉറക്കം എന്നെ കീഴടക്കിയിരുന്നു.. പക്ഷെ ഞെട്ടിയുണാര്‍ന്നപ്പോള്‍, കൈമാക്സ് നഷ്ടമായതിന്റെ സങ്കടത്തില്‍ കൂട്ടുകാരിയോട് ചോദിച്ചു “എന്തായിരുന്നു അവസാനം“.. അവളും ഉറങ്ങിപ്പോയിരുന്നു... അങ്ങിനെ സെപ്തംബറിന്റെ മുറിവിന്റെ ആഴം അറിയാതെ പോയി..

“പ്രാണനിലകള്‍ പറയാതെ പറഞ്ഞത്”ആയിരുന്നു അടുത്തദിവസം. കാലമേറെ കൂടി എത്തിപ്പെട്ടതായതിനാല്‍ ഇഴകീറി മുറിക്കാന്‍ ശ്രമിച്ചില്ലെന്നത് വേറെ കാര്യം ഇഷ്ടപ്പെടാത്ത അവസാനമായിട്ടും കാലങ്ങള്‍ക്കു ശേഷം ഒരു റേഡിയൊ നാടകം കേട്ടതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഇന്നലെ ഫോണില്‍ കുടുങ്ങിയപ്പോള്‍ “ഹത്യ“ യുടെ തുടക്കം കേട്ടില്ല.. എന്നാലും സിദ്ദിക്കിന്റെ ചിരപരിചിതമായ ശബ്ദമാണ്‍് ആദ്യം ചെവിയില്‍ വീണത്.. എന്ഡോസള്‍ഫാന്‍ പ്രശ്നവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം ഒരു കുഞ്ഞിനെ ജനിക്കും മുമ്പെ കൊന്നു കളയാനുള്ള തീരുമാനത്തിനു ഹേതുവാകുകയാണ്... ശബ്ദവീചികളുടെ മാന്ത്രികത നിറഞ്ഞ അവതരണം എന്നൊന്നും പറായാനില്ലെങ്കിലും, ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ അകത്തും പുറത്തും നിന്നുള്ള സംഭാഷണങ്ങള്‍ ഒരു ചെറിയ കിതപ്പോടെ കാതില്‍ തടയുന്നു..

കഴിഞ്ഞവര്‍ഷം സ്കൂള്‍കലോലസവം കോട്ടയത്ത് നിറഞ്ഞു നിന്നപ്പോള്‍ ഡയലോഗ് ഒന്നു പോലും നേരെ കേള്‍ക്കരുത് എന്ന തരത്തിലായിരുന്നു നാടകയരങ്ങിലെ മൈക്ക് .. കേള്‍ക്കാതെ കണ്ട് നാടകം ആസ്വദിക്കാനാവാതെയാ ഞാനവസാനം എഴുനേറ്റ് പോന്നത്...

ഇന്നു അഞ്ചാം ദിവസം . കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന "കാദംബിനി”.. ഇനിയും വരുന്നുണ്ട്, “അന്നക്കുട്ടിക്ക് ഇന്റര്‍നെറ്റുവേണം”, “കാഫ്കസിറ്റി”, “ഏഴാമിന്ദ്രിയം” പിന്നെ കൊട്ടിക്കലാശത്തിനായി “പതിമൂന്നാം പ്രതി”

ഭാവനയുടെ ആനന്ദവിഹായസ്സില്‍ ആറാടാന്‍ ഒമ്പത് നാടകങ്ങള്‍ . വൈവിദ്ധ്യമാര്‍ന്ന ജീവിതമുഹൂര്‍ത്തങ്ങള്‍.. .., വൈചിത്ര്യപൂര്‍ണ്ണമായ മനുഷ്യാവസ്ഥകള്‍ ... ആകാശവാണി കേരളാനിലയങ്ങള്‍ ഒരുക്കുന്ന നാടകനിശ.. (ഇത് ബ്രോഷറില്‍ നിന്നു കോപ്പിയടിച്ചതാണ്)

Labels: , ,

posted by ഇട്ടിമാളു at Friday, January 20, 2012 4 comments

Thursday, August 11, 2011

നിർ-രതി-വേദം

കഴിഞ്ഞ കുറെ ദിവസങ്ങളായി പലതിയ്യേറ്ററിലും നിറഞ്ഞ സദസ്സിൽ അരങ്ങേറുന്ന വിവരം ഞാനറിഞ്ഞപ്പോഴേക്കും വളരെ വൈകിപോയി.. കൈമാറി കൈമാറി അടുത്ത തിയ്യേറ്ററിലെത്തിയെന്ന് കേട്ട് ഓടികിതച്ച് ചെന്നതൊ, അവിടെയും ഷോ തുടങ്ങി... അഞ്ച് മിനിറ്റിന്റെ കാര്യമാണെങ്കിലും റിവൈന്റ് അടിക്കാൻ കാണികൾ ആരും സമ്മതിക്കാത്തതിനാലും കാണുകയാണെങ്കിൽ ടൈറ്റില്സ് അടക്കം കണ്ടാലെ തീരൂ ന്ന് എന്റെ വാശിയും കൂടി ആയപ്പോൾ, അടുത്ത ദിവസം വരെ കാത്തിരുന്നേക്കാം എന്ന ഒത്തുതീർപ്പിലായി.. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലും ഡൌൺലോഡി കൊണ്ടു വരുമ്പൊഴെക്കും ഇത് ഞാൻ ഒരാഴ്ചമുമ്പ് തിയ്യേറ്ററിൽ പോയി കണ്ടതാ ന്ന് എന്നും അഹങ്കരിക്കാറുള്ളതല്ലെ.. എനിക്ക് കിട്ടണം.. അതിന്റെ കാര്യം പറയാതിരിക്കാ ഭേദം.. അറുപത് ടിക്കറ്റിനും പതിനഞ്ച് പോപ്പ്കോണിനും കൊടുത്ത് സിനിമകണ്ട് ഇറങ്ങിവരുമ്പൊഴെക്കും തന്നെ ആരേലും കൊണ്ടു വരുംന്നെ.. കാശ് പോയത് പോയി ഇനി മിണ്ടാതിരിക്കാം ന്ന് വിചാരിക്കും.. രാത്രി ഒമ്പതാവൂമ്പോൾ അവർ തിയ്യേറ്ററിൽ കേറും .. ഞാൻ ആരേലും എഴുതിവെച്ച എതേലും തെണ്ടിത്തരവും വായിച്ച് ചായും..

അപ്പൊ പറഞ്ഞത്.. അങ്ങിനെ വൈറസ് പോലെ തമ്പോട് തമ്പ് കൈമാറി വന്ന അന്നത്തെ ഷോയിൽ ഞങ്ങളും നാലുകാണികളുമായി നിറയാത്ത സദസ്സിൽ പ്രദർശനം തുടങ്ങി.. പറയുമ്പൊ എല്ലാം പറയണല്ലൊ.. അന്നും മൂന്നിടത്തായി മൊത്തം പതിനഞ്ച് പേര്‍ കണ്ടൂ..

ഞങ്ങളുടേത് സ്ഥിരം കൊട്ടകയല്ലാത്തതിനാൽ കട്ടിലുകൾ കൂട്ടിയിട്ട് രംഗമൊരുക്കി.. ബെഡ്ഡുകൾ ചുരുട്ടിവെച്ച് ബാൽക്കണിയും.. മേശപ്പുറത്ത് ലാപ്ടോപ്പുമായപ്പോൾ എല്ലാം റെഡി.. തിന്നാനും കുടിക്കാനും വല്ലതുമുണ്ടോ എന്ന കൊക്കപ്പുഴുവിന്റെ ചോദ്യത്തിന് അതിനൊന്നും സമയം കാണില്ലെന്ന് മറുപടി പറഞ്ഞവളെ വെറുതെ വിടാമല്ലെ.. മറ്റൊരു തിയ്യേറ്ററിൽ രാപ്പടത്തിന് സീസൺ റ്റിക്കറ്റ് എടുത്തിട്ടുണ്ട് അവൾ..

തുറന്നു മലർത്തിയിട്ട ജനലുകളെയെല്ലാം കൊട്ടിയടക്കുന്നതിനും ഉണ്ടായിരുന്നു മറുപടി : റോഡിലൂടെ പോവുന്നവരെ ഇവിടം വരെ കേറ്റണോ.. വാർഡൻ കൂടി കാണിയായെത്തിയാൽ ഇരിക്കാൻ ഇവിടെ സ്ഥലമില്ലല്ലൊ..

കഥ പറയുന്നകാലത്ത് ജനിച്ചിട്ടെ ഇല്ലാത്ത ചിന്നകുളന്തകൾ സംശയത്തിന്റെ ചീളെറിയാന്‍ തുടങ്ങി.. അവസാനം രതി ചേച്ചിയെത്തും വരെ ആകാംക്ഷക്ഷക്ഷ.. പക്ഷെ ആദ്യം പറന്നു വന്ന കുമിളകൾ പോലെ... എല്ലാം പൊട്ടി തകർന്ന് തരിപ്പണമാവാൻ അധികനേരം വേണ്ടി വന്നില്ല.. വലിയ സംഭവം പോലെയാ പലരും പറഞ്ഞു ,തിയ്യേറ്ററിൽ പോയി രതിനിർവേദം കണ്ടെന്ന് .. എന്തായാലും തിയ്യേറ്ററിൽ പോവാനൊത്തില്ല .. കണ്ട് വിശ്വസിക്കണം ന്നല്ലെ കർത്താവ് പറഞ്ഞത് .. ഇങ്ങനേലുംകാണാം... :)

ആദ്യത്തെ അയ്യ്യേ വീണത് ആദിയുടെ കയ്യില്‍ നിന്ന്.. “ആ കാലത്ത് പെണ്ണുങ്ങള്‍ ഇങ്ങനെയാരുന്നൊ..“

മിണ്ടാതിരിക്കെടീ..

എങ്ങിനെയായിരുന്നൊ എന്ന് അന്നേരം ആരും ചോദിച്ചില്ല.. ചോദിച്ചാ‍ൽ തീരില്ലല്ലൊ..

ഒരേ സംഭവം രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോ ആരുടെയൊ ആത്മഗതം..

“നാളെ പോയി നെറ്റിൽ തപ്പണം.. സേഫ്റ്റിപിൻ ഇന്ത്യയിൽ വന്നത് എന്നാണെന്ന്”..


അടുത്തത് പത്രക്കാരിയുടെ ഊഴം .. അവൾക്കാണ് ചിത്രത്തെ കുറിച്ച് കൂടുതൽ വിവരം .. ഷൂട്ടിങ് സൈറ്റിൽ ഇന്റർവ്യൂ എടുക്കാൻ പോയ സഹപ്രവർത്തകരിൽ നിന്ന് നായികയെ എടുത്ത് പൊക്കി നടുവെട്ടിയ പാവം നായകന്റെ പരിതാപാവസ്ഥയുടെ സചിത്ര വിവരണം നൽകിയത് അവളാണല്ലൊ... അതുകൊണ്ട് പത്രത്തിന്റെ അഭിപ്രായത്തെ മാനിച്ചെ തീരൂ.. ഇടക്ക് ബാൽക്കണിയിൽ നിന്ന് കൂവൽ ഉയർന്നു..

ഇതിൽ ഒന്നുമില്ല..ഷോ നിർത്തിയേക്കാം ..

വേണ്ട വേണ്ട പാട്ട് വരുന്നുണ്ട്.. അത് കാണണം.. കണ്ടേ തീരൂ

അത് നമ്മൾ ടിവിയിൽ കണ്ടതല്ലെ.. എന്നാൽ ഓടിച്ച് വിട്ട് ക്ലൈമാക്സ് പിടിക്കാം..

അഭിപ്രായങ്ങൾ തുടർന്നെങ്കിലും ഒന്നും വിട്ടുകളഞ്ഞില്ല.. എവിടെനിന്നാ ഈ സർപ്പദോഷം ചാടിവെന്നെ.. ഔട്ടോഫ് സിലബസ്സ് ആയി അതിനെ തട്ടി വിട്ടു.. അവസാനം രതി അവനെ റേപ്പ് ചെയ്ത് ചാവും വരെ കണ്ടോണ്ടിരുന്നു.. അപ്പൊഴാണ് ദീർഘനിശ്വാസങ്ങളോടൊപ്പം ആദി വീണ്ടും വാ തുറന്നത്.. ഞാനഭിനയിച്ചാൽ പോലും രതിചെച്ചി ഇതിലും നന്നാവുമായിരുന്നു.. പട്ടിണിപേക്കോലം എന്നാ അവളുടെ ശരിയായ പേര്.

പിന്നെ പഴയ വേദം കണ്ട ഒരുത്തിയുടെ യുടെ പ്രസംഗമാ‍യിരുന്നു.. ബാക്കിയാർക്കും ആ “അനുഭവം“ ഇല്ലാത്തോണ്ട് വായും പൊളിച്ചിരുന്നു.. ഞാനാണെങ്കിൽ സംശയം തീർക്കാൻ റെഫറൻസ് കയ്യിലെടുത്തു.. പത്മരാജന്റെ തിരക്കഥകൾ.. സമയം പാതിരാ കഴിഞ്ഞിട്ടും ചർച്ചകൾ തീരുന്നില്ല.. അവസാനഘട്ടത്തിൽ പഴയതിൽ കുറച്ചെങ്കിലും പ്രണയമില്ലാരുന്നൊ എന്ന സംശയം .. അതിപ്പൊ ഉറപ്പിച്ച് പറയണമെങ്കിൽ ആൺ‌പിള്ളേരോട് തന്നെ ചോദിക്കണം.. വീണ്ടും സംശയം, അപ്പുറത്തെ ഫ്ലാറ്റിലെ കൊച്ചമ്മയും ചെറുക്കനുമായിരുന്നെൽ ഇതിലും നന്നാവില്ലാരുന്നൊ .. അപ്പൊഴെക്കും ഒരുത്തി അതിന്റെ തിരക്കഥ പറയാൻ തുടങ്ങി... ഫ്ലാറ്റ് ജീവിതം അവൾക്കാണ് പരിചിതം .. ശ്ശൊ പിന്നെം സംശയം, എന്തിനാ ഇത് വീണ്ടുമെടുത്തെ.. ആരൊക്കെയൊ ചോദിച്ച സംശയങ്ങൾ തന്നെ.. എന്നാലും നമുക്ക് വീണ്ടും സംശയിക്കാലൊ..

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”

ചോദ്യകർത്താവിയെ കാൽതൊട്ട് വന്ദിച്ച് ഓരോരുത്തരും സ്വന്തം സ്വപ്നങ്ങളിലേക്ക്..

Labels:

posted by ഇട്ടിമാളു at Thursday, August 11, 2011 10 comments

Tuesday, July 12, 2011

വേനൽപേച്ച്

മുറിഞ്ഞു വീഴുന്ന മുടിയിഴകൾക്കിടയിൽ
രക്ഷ്പ്പെട്ടുപോയ ഒറ്റയിഴയിൽ തൂങ്ങി
ഉയരങ്ങളിലേക്കുള്ള യാത്രപോലെ
ഭ്രമാത്മകമാവണം ജീവിതം

അശരീരി പോലെ ഉതിർന്നു വീഴുന്ന
വാക്കുകളുടെ ജ്വലനത്തിനിടയിൽ
നഖമുനകൾ കീറിയ ചാലുകളിൽ
ചിരിപ്പേച്ചുകളാ‍ൽ തോണിയിറക്കണം

ഉയർന്ന് പൊങ്ങിയ ചൂടിൽ ഉലഞ്ഞ്
കിനിഞ്ഞു വീണ വിയർപ്പു തുള്ളികളെ
അതിലെന്റെ ഉപ്പ് കലരാതെ

ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുക്കണം

അവസാനം ജീവിക്കാനുള്ള അഗ്രഹം
കയറുപൊട്ടിച്ച കാളകളിക്കുമ്പോൾ
ഞാനവനെ ആ കയറിൽ തൂക്കും
മറുതുമ്പിൽ തൂങ്ങിയാടിയാടി ഞാനും

Labels:

posted by ഇട്ടിമാളു at Tuesday, July 12, 2011 26 comments

Sunday, February 27, 2011

കുരങ്ങുജന്മങ്ങൾ

അതൊരു ഞെട്ടലായിരുന്നു. ഉറക്കത്തിന്റെ ഉൾക്കടലിൽ നിന്നു ഉണർവ്വിന്റെ കൊടുമുടിയിലേക്ക് വലിച്ചെറിയപ്പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു..

“വരാറായിരിക്കുന്നു..“

മനസ്സും ശരീരവും ഒരുമിച്ചാണ് പറഞ്ഞത്. കിടക്കയുടെ വലതു വശം ഇടതുകൈ നീട്ടി തലോടി. ആ ശൂന്യതയിൽ നിറവൊരു പ്രതീക്ഷയൊരുക്കുന്നുണ്ടായിരുന്നു

“ഇനി ഉറങ്ങാനാവില്ല. ഒരുങ്ങണം.“ എന്നോടുള്ള ആജ്ഞകളോട് എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്നത് എനിക്ക് എന്നും സംശയമാണ്

രാവുണർന്നിട്ടില്ലെങ്കിലും ഉറക്കത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി ഉറക്കമില്ല്ലാത്ത നാളുകളാണ്. വീണ്ടും വാൽമീകത്തിനുള്ളിൽ ഒളിക്കും വരെ. വലംതിരിഞ്ഞ്, അഴിഞ്ഞു കിടന്ന മുടിച്ചുരുളുകളെ നെറുകയിൽ കെട്ടിയൊതുക്കി.

മാസങ്ങളായ് അടഞ്ഞു കിടന്ന ജനാലകൾ തള്ളിത്തുറന്നു. ഇരുളിൽ പുതിയ വഴി തെളിഞ്ഞ സന്തോഷത്തിൽ തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചു കയറി. ഒപ്പം ജനലഴികളിൽ അടിഞ്ഞു കൂടിയ പൊടിയും മാറാലയും നാലുപാടും തൂവി. പാടാൻ തെളിഞ്ഞ മൂളിപ്പാട്ട് ചുണ്ടിലൊരു ചിരിയിലൊതുക്കി ഞാൻ മനസ്സിലൊളിപ്പിച്ചു..

പുറത്തേക്കുള്ള വാതിലുകൾ തുറക്കാനുള്ള ശ്രമങ്ങൾ വൃഥാവിലാകുന്നോ എന്ന് ഞാൻ ഒരു വേള സംശയിച്ചു. മറന്നു പോയ ഈരടികൾ ഓർത്തെടുക്കാനുള്ള ശ്രമം പോലെ എന്റെ കൈത്തലങ്ങളാൽ വാതിൽ പാളികൾ അകന്നുമാറി. കറ കറ ശബ്ദത്തിൽ അവ തുറന്നകലുമ്പോൾ പുറത്ത് വെള്ള കീറാൻ തുടങ്ങിയിരുന്നു.. നാളുകൾക്ക് ശേഷം കരിയിലകളടിഞ്ഞ മുറ്റത്ത് മനുഷ്യപാദങ്ങളുടെ സ്പർശം. തൊടിയിലെ പൂക്കൾ ഞാൻ കാണാതെ വിരിഞ്ഞു കൊഴിഞ്ഞവയുടെ എത്രാമത്തെ തലമുറയെന്ന് കണക്കുകൂട്ടാനൊരു ശ്രമം.. എല്ലാം കാണുമ്പൊഴും ഒന്നിലും മനസ്സിലുടക്കാതെ, പ്രതീക്ഷയോടെ വഴിക്കണ്ണു നീണ്ടു പോവുന്നു..

നാളുകൾക്ക് ശേഷം ആ മുറിയിലെ അഴുക്കും പൊടിയും കണ്ണിൽ പെട്ടു. ഉറങ്ങിപോയ ദിനങ്ങൾ ഓർക്കാതെ ഞാൻ ആ വരവിനായ് ഓരോന്നുമൊരുക്കി. ഒപ്പം സ്വയം ഒരുങ്ങി. ഓരോ നിമിഷവും എന്നോട് തന്നെ ഓർമ്മപ്പെടുത്തി,

“വരാറായിരിക്കുന്നു”

പക്ഷെ വരും മുമ്പ് കാത്തു കാത്ത് കണ്ണുകഴക്കും, തലയിൽ ചൂ‍ടിയ മുല്ലപൂവുകൾ കരിഞ്ഞുണങ്ങും; എപ്പോഴും അങ്ങിനെയാണ്. കാത്തിരിപ്പിന്റെ ദൈർഘ്യം കുറക്കാൻ ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളു.. പതുക്കെ ഓരോന്നും പതുക്കെ.. എന്നിട്ടും ഒരുക്കങ്ങൾ ഓരോന്നോരോന്നായ് തീർന്നുകൊണ്ടിരുന്നു.. ഇടക്കിടക്ക് “ഇനി” എന്നൊരു ചോദ്യം മനസ്സിലെത്തി. “ഇല്ല, വരാറായില്ല” എന്ന് സമാധാനിച്ചു.. ഇവിടെയാണ് എനിക്ക് എന്നെ തന്നെ മനസ്സിലാവാത്തത്, എപ്പോഴാണ് ഞാൻ എന്നിൽ നിന്നും ഇറങ്ങിപ്പോയി മറ്റൊരാളേ കാത്തിരിക്കുന്നതെന്ന്.. എന്റേതുമാത്രമായ ലോകത്തിലേക്ക് മറ്റൊരാളെ ക്ഷണിച്ചു വരുത്തുന്നതെന്ന്..

ഉള്ളം കയ്യിലൊഴിച്ച എണ്ണയെ കൈകുമ്പിളിൽ തടകെട്ടി നിർത്തി.. അതിൽ എന്റെ പ്രതിഫലനത്തെ നോക്കാൻ ധൈര്യം തോന്നിയില്ല.. സ്വന്തം മുഖത്തിന്റെ പ്രതിഫലനം കണ്ടിട്ട് നാളുകളേറെയായിരിക്കുന്നു.. പാകം ചെയ്ത എണ്ണ നെറുകയിൽ ചേർക്കുമ്പോൾ നേർത്ത
തണുപ്പായി അലിഞ്ഞിറങ്ങി.. പിന്നെ പതിയെ ഓരോ മുടിയിഴയായ് പേർത്തെടുത്ത് ഞാൻ കഥകൾ ചൊല്ലി.. അപ്പൊഴും ചുണ്ടിന്റെ കോണുകളിൽ രാവിൽ പൂത്തുലയാൻ പോവുന്ന കാണാത്ത കേൾക്കാത്ത കഥകളുടെ പ്രതീക്ഷയിൽ ഒരു പാതിചിരി ബാക്കിയായ്.


-----
കേട്ടത് ശരിതന്നെയൊ എന്നതിൽ സംശയമുണ്ടായിരുന്നില്ല.. സംശയം മുഴുവൻ അതെങ്ങനെ ഉൾക്കൊള്ളും എന്നതിലായിരുന്നു.. വിടവുകളില്ലാതെ കാത്തിരിപ്പുകളില്ലാതെ എന്നുമൊന്നിച്ച്.. കഥ പറയുന്ന മണങ്ങളും അടയാളങ്ങളും പേറിയെത്തുന്ന യാത്രകൾ ഇല്ലാതെ എന്നും എന്റെ വിയർപ്പുഗന്ധവും ഞാനേൽപ്പിക്കുന്ന ക്ഷതങ്ങളും മാത്രം ..

“നിനക്ക് സന്തോഷമായില്ലെ”

ഉത്തരങ്ങളില്ലാതെ പിന്‌വാങ്ങുമ്പോൾ അയാൾ എന്നെ തടഞ്ഞു നിർത്തി താടി പിടിച്ചുയർത്തി.. കണ്കോണിൽ തിളങ്ങി നിന്നത് സന്തോഷാശ്രുവെന്ന് തെറ്റിദ്ധരിച്ച് എന്നെ ചേർത്തു പിടിച്ചു..

“എന്റെ മണം മാത്രം .. എന്റെ മണം മാത്രം” ... പിറുപിറുക്കൽ അയാൾ കേട്ടുവോ?

തള്ളിമാറ്റിയപ്പോൾ എന്താവാം അയാൾ കരുതിയത്.. വെറും അഭിനയമെന്നോ? .. കൺ തുടച്ച് അയാൾ ഉപേക്ഷിച്ച ഭാണ്ണ്ഡത്തുണികളും വസ്ത്രങ്ങളും പെറുക്കിയെടുത്തു.

“എല്ലാം കൊണ്ടോയി കത്തിച്ചേക്ക്” നല്ല ഉറപ്പിൽ അല്പം അലിവു ചാലിച്ച ശബ്ദത്തിലായിരുന്നു അത് പുറത്തു വന്നത്..

വരവറിയും പോലെ തിരിച്ചുപോക്കും ഞാൻ തന്നെയാണ് ആദ്യം അറിയുന്നത്.. ഉണർന്നു കത്തുന്ന ഓരോ അംഗവും തണുത്തുറയാൻ തുടങ്ങും.. അവശേഷിക്കപ്പെടുന്ന അടയാളങ്ങൾ എന്റേതു മാത്രമാവും.. മണങ്ങൾ മടുത്തു തുടങ്ങും.. പരസ്പരം പറയാതെ ഞങ്ങൾ തമ്മിൽ തിരിച്ചറിയും.. എപ്പൊഴാണ് അയാൾക്ക് യാത്രപോവാൻ തോന്നുന്നതെന്ന് പലപ്പൊഴും ചോദിക്കാൻ ആഗ്രഹിച്ചു.. പക്ഷെ ഒരിക്കലെങ്കിലും ആ ഒരു ചോദ്യത്തിൽ അയാൾ തന്റെ യാത്രകൾ വേണ്ടെന്ന് വെച്ചാലൊ എന്ന ഭയത്തിൽ ആ ചോദ്യം എന്നിൽ തന്നെ അടക്കി. .

അയാളുടെ യാത്രകളില്ലാതെ എന്റെ ജീവിതം എന്തെന്നതിനെ കുറിച്ചുള്ള ചിന്തയിൽ തന്നെ എന്റെ ഓരോ അണുവും മരവിക്കാൻ തൂടങ്ങും.. കാരണം അവിടെയാണ് ഞാൻ പുനർജ്ജനിക്കുന്നത്.. അയാളൊഴിഞ്ഞ ഗർഭഗൃഹത്തിൽ..

അയാളുടെ ഓരോ യാത്രയിലും ഭാണ്ണ്ഡക്കെട്ടിന്റെ നേർത്ത നിറം ദൂരേ ചെമ്മൺ പാതയിൽ അലിഞ്ഞു ചേരുന്ന നിമിഷം ഞാൻ പടിവാതിൽ അടച്ചു ഭദ്രമാക്കും.. മറ്റൊരു ഉറക്കകാലത്തിനുള്ള തയ്യാറെടുപ്പായി, മറ്റൊരു തരത്തിൽ അതാണെന്റ്റെ ഉണർവ്വുകാലം.. പുറത്തേക്ക് തുറക്കുന്ന കിളിവാതിലുകളേ പോലും ഞാൻ അടച്ചുവെക്കും.. പിന്നെ ഉടയാടകളൊന്നൊന്നായി അഴിച്ചു പറത്തും.. അടച്ചിട്ട കൂട്ടിനുള്ളിൽ ഞാൻ സ്വതന്ത്രയാവും. ഇത് എന്റെ മാത്രം ലോകമാവും.. അയാളുടെ യാത്രക്കു മുമ്പ് വലിഞ്ഞു മുറുകാൻ തുടങ്ങിയ തന്ത്രികളെ ഞാൻ മീട്ടിയുണർത്തും.. എനിക്കു മാത്രം കാണാൻ കേൾക്കാൻ സ്വയം ഒരു രാഗമാവും.. അതിൽ മതിമറന്ന് ഞാൻ ഉറങ്ങും.. ഒരു കുഞ്ഞു കാറ്റിന്റെ അലോസരം പോലുമറിയാതെ.. മറ്റൊരു ഞെട്ടലിൽ ആ തിരിച്ചു വരവ് അറിയും വരെ..
അതൊരു തുടർച്ചയാണ്.. കാലങ്ങളായുള്ള തുടർച്ച..

പുതുപെണ്ണിന്റെ മോടിമാറും മുമ്പായിരുന്നു അയാളുടെ ആദ്യത്തെ യാത്ര.. എന്റെ രാവുകളെ ചവിട്ടിമെതിച്ചവൻ വരും രാവുകളിൽ എങ്ങിനെ ഉറങ്ങുമെന്ന് ഞാൻ അന്ന് ആവലാതിപെട്ടു.. പക്ഷെ തനിച്ചായ നിമിഷം മുതൽ ഭയത്തേക്കാൾ ഒറ്റപ്പെടലിനേക്കാൾ തിരിച്ചറിയാനാവാത്ത ഒരു സന്തോഷം എന്നെ വന്നു മൂടാ‍ൻ തൂടങ്ങി.. ആ ഒരു യാത്ര ഞാനായിരുന്നു കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന്
ഉള്ളിലിരുന്ന് ആരോ പറയാൻ തുടങ്ങി .. എന്റെ ശരീരം ചിന്തകൾ നിഷ്ഠകൾ, എല്ലാത്തിന്റെയും അധിപതി ഞാൻ മാത്രമാവുന്നത് എന്റേതുമാത്രമായ ഉണർവോടെ ഞാൻ തിരിച്ചറിഞ്ഞു.. നഷ്ടമായ ഉറക്കത്തെ വാശിയോടെ തിരീച്ചു പിടിച്ചു.. ഉറക്കം, അത് എത്രനാൾ എവിടെ വരെയെന്ന് ഞാൻ പോലും അറിഞ്ഞില്ല.. പങ്കിടലുകളില്ലാതെ ഞാൻ ഞാൻ മാത്രമാവുന്ന അവസ്ഥ..പക്ഷെ ഒരു പാതിരാത്രിയിൽ ഒന്നു മല്ലാത്ത നേരത്ത് ഞെട്ടിയുണർന്നപ്പോൾ, അപ്പോഴാണ് ഭയന്നത്. ആദിയിലെ പോലെ ഒരു തിരതള്ളലിൽ എന്തിന്റെയൊ മാറ്റമറിഞ്ഞു... ഇറങ്ങിപ്പോയതിനെ തിരിച്ചുവിളിക്കാൻ, കൈനീട്ടി സ്വന്തമാക്കാൻ.. എനിക്ക് തന്നെ നിശ്ചയമില്ലാതെ എന്നെ മറ്റൊന്നിനാൽ നിറയ്ക്കാൻ.. അതുവരെ ഞാൻ നെഞ്ചോട് ചേർത്തിരുന്ന പലതും പൊടിയണിഞ്ഞതാവുന്നത് ഒരു നിമിഷത്തിന്റെ മാറ്റമായിരുന്നു.. പിന്നെ കടന്നു പോയ ദിനങ്ങളേ തൂത്ത് തുടച്ച് ഇന്നിലേക്ക് മിനുക്കി എടുക്കലായിരുന്നു.. പക്ഷെ അതിന്റെ രഹസ്യമറിയാൻ ആ രാവിൽ ലോകമുറങ്ങുമ്പോൾ മറ്റൊരു യാമമുണരണമായിരുന്നു..

വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞത് കാറ്റായിരുന്നു.. ആദ്യം അയാളുടെ ഗന്ധം.. പിന്നെ അതിൽ ആ യാത്രയിൽ കലർന്ന മറ്റനേകം ഗന്ധങ്ങൾ.. അതിൽ ഓരോന്നും ഞാൻ വേർത്തിരിച്ചറിഞ്ഞു.. അടുക്കും തോറും ഇരുളിൽ ആ രൂപം തെളിഞ്ഞു വന്നു.. മുഖത്തേക്കാൾ തെളിമയോടെ ശരീരത്തിൽ നിറയുന്ന അടയാളങ്ങൾ.. അതിലെവിടെയും ഞാനില്ലായിരുന്നു.. മണവും ഗുണവുമറ്റ് ചുവരിലൊരു അടയാളമായി
ഞാൻ..

പടർന്നുകേറി കൊടുങ്കാറ്റുപോലെ ചുഴറ്റിയെറിഞ്ഞ് ഉയർച്ചതാഴ്ചകളിൽ കൂലം കുത്തുമ്പൊഴും ഞാൻ ഒന്നു മാത്രമേ അറിഞ്ഞുള്ളു.. ഓരോ അടയാളത്തിന്റെയും ശരിയായ അതിരുകൾ, ഓരോ ഗന്ധത്തിന്റെയും നേരായ ചേരുവകൾ.. ഓരോന്നായി പിഴുതെറിയുമ്പൊഴേക്കും
എനിക്ക് തന്നെ മടുത്തിരുന്നു.. എന്റെ മാത്രം മണങ്ങൾ എന്റെ മാത്രം അടയാളങ്ങൾ.. ഉറക്കം കീഴടക്കിയ പുലരിയൊന്നിൽ പാതി തുറന്ന കൺകോണിലൂടെയാണ് ഞാനത് കണ്ടത് .. പൊടിപിടിച്ച ഭാണ്ഡമൊരുക്കി അയാൾ യാത്രക്കൊരുങ്ങുന്നു..

“വേഗം വരാം”..

ഇനി തുടർച്ചകളാണ്.. കാലങ്ങളായുള്ള തുടർച്ച

----


കത്തിത്തീരുന്ന പഴം തുണികളിൽ ഒന്നു മാത്രം തീയേൽക്കാതെ കിടന്നു..
രാവിൽ അയാളെന്നോട് കളിവാക്ക് പറഞ്ഞു.. എങ്കിലും ഒരുനാളും യാത്രപോവില്ലെന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചുകൊണ്ടിരുന്നു.. ഏറെവൈകി അയാൾ എന്നെ വിട്ട് ഉറക്കത്തെ പുണരുമ്പൊഴും ഞാൻ ഉണർന്നു കിടന്നു.. ശരീരം ഉറങ്ങിയും..

എന്റെതല്ലാത്ത അടയാളങ്ങൾ ഒന്നും ബാക്കിയില്ലെന്നറിഞ്ഞിട്ടും ഞാനൊന്നു കൂടി ആ അലസമായ ഉറക്കം നോക്കി.. നെറ്റിയിൽ മൂക്കിൻതുമ്പിൽ ചുണ്ടുകളിൽ തെന്നി തെന്നി നീങ്ങിയ എന്റെ ചൂണ്ടുവിരൽ തൊണ്ടക്കുഴിയിൽ അറിയാതൊന്നമർന്നുപോയി..

പുറത്തേക്കുള്ള ഓരോ പഴുതും അടച്ചു ഭദ്രമാക്കി.. പുറം ലോകവുമായി കൊടുക്കൽ വാങ്ങലില്ലാതെ തന്നിൽ തന്നെ ഒതുങ്ങാൻ ഈ മുറിക്കറിയാം.. അവനവനിൽ അലിയുന്ന അത്ഭുത വിദ്യ.. വർഷങ്ങളായി ഇതായിരുന്നു എനിക്ക് പുനർജ്ജന്മങ്ങൾ ഒരുക്കിയിരുന്നത്.. ഇത് പുനർജ്ജനികളില്ലാത്ത ആദ്യത്തെ ജന്മമാണ്.

പുലരി തുടുക്കും മുമ്പെ ഞാൻ ഭാണ്ഡമൊരുക്കി.. ഇതു മാത്രം കത്താതെ ബാക്കി കിടന്നത് എനിക്ക് വേണ്ടിയാവണം.. പുറം വാതിൽ പൂട്ടി താക്കോൽ ചുഴറ്റിയെറിഞ്ഞു.. ദൂരെയേതൊ പുല്പടർപ്പിൽ വീഴുന്നശബ്ദം ഞാൻ ഗണിച്ചെടുത്തു... ഉള്ളിലെത്തിയ ശേഷം ആദ്യമായി ഞാൻ
പടിവാതിൽ തുറന്നിറങ്ങി..

വീണ്ടും ഞാനാ തുടിപ്പറിഞ്ഞു.. എന്നെ കാത്ത് പുതിയ ഗന്ധങ്ങൾ അടയാളങ്ങൾ..

Labels:

posted by ഇട്ടിമാളു at Sunday, February 27, 2011 16 comments

Thursday, February 3, 2011

മരിക്കാനെങ്കിലും..


ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്..
മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് കോടതി വിധിക്കുമ്പോൾ തികച്ചും വേദനാജനകമായ അവസ്ഥയിൽ അവശേഷിക്കുന്ന ആ ജീവന് എന്ത് ആശ്വാസമാണ് നമുക്ക് നൽകാനുള്ളത്.. നമുക്ക് അന്യമായ, മനസ്സിലാക്കാനാവാത്ത രീതിയിൽ അരുണയും ഈ അറിവിനോട് പ്രതികരിക്കുന്നുണ്ടാവുമൊ? ജീവന്റെ അവസാനകണികയെ എന്നിൽ നിന്ന് അടർത്തി മാറ്റരുതെന്ന് നിശബ്ദം യാചിക്കുന്നുണ്ടാവുമൊ, അതോ ഒന്നു കൊന്നു തരൂ എന്ന് കേഴുന്നുണ്ടാവുമൊ?

അവനവന്റേതല്ലാത്ത കാരണങ്ങൾകൊണ്ട് ജീവിതം ഒരു ദുരിതമായി തീർന്നുപോവുന്ന പലരിലൊരാളായി നമുക്ക് അരുണ ഷാൻ‌ബാഗിനെ കൂട്ടാം.. അറിയപ്പെടാത്ത അനേകായിരം കഥകളിൽ ഒന്നാവാതെ, ചുരുങ്ങിയ പക്ഷം ഒരു വാർത്തയെങ്കിലും ആയല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.. എങ്കിലും മരിച്ചു ജീവിക്കുന്ന അവർക്ക് എങ്ങിനെ ആശ്വാസം നൽകാ‍ൻ.. ഒന്നുമില്ലെങ്കിൽ ഈ നരകത്തിൽ നിന്നു ഒരുമോചനമെങ്കിലും നൽകിക്കൂടെ..

നിനക്കൊന്നും അമ്മപെങ്ങൻ‌മാർ ഇല്ലെ എന്നൊന്നും ചോദിക്കുന്നില്ല... അത് കാലഹരണപെട്ടുപോയതാണ്.. കാര്യലാഭത്തിനായാലും പ്രതികാരത്തിനായാ‍ലും പെണ്ണിന്റെ മാനത്തിനു വിലപറയാൻ നടക്കുന്നവരുടെ സമൂഹത്തിൽ ജീവനോടെ മരിച്ചു ജീവിക്കാം എന്നതിന്റെ തെളിവായി അരുണ അവശേഷിക്കുന്നു..

അരുണ ഷാൻബാഗിനെ ചികിത്സിക്കുന്ന ഡോക്റ്ററുടെ വാക്കുകളിൽ അവർ ആൺശബ്ദങ്ങളോടെല്ലാം വല്ലാത്തൊരു രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ എവിടെയൊ ബാക്കി നിൽക്കുന്ന ബോധം, തന്നെ ഈ നിലയിലാക്കിയവരോടുള്ള ഭയവും ദേഷ്യവുമെല്ലാം കാത്തുവെക്കുന്നുണ്ടാവും.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒരു ഇരുമ്പുകട്ടിലിൽ ആശയറ്റനിലയിൽ കഴിയേണ്ടിവരുന്ന അവരുടെ അവസ്ഥയെ എന്താണ് പറയേണ്ടത്.. ഒരുവന്റെ ഒരുനിമിഷത്തെ വികാരത്തള്ളിച്ചക്ക് ഇരയാവുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സ്വന്തം മാനം മാത്രമാവുന്നില്ല, ജീവിതം മുഴുവനുമാകുന്നു.. ഒന്നും രണ്ടും വർഷങ്ങൾ അല്ല, മൂന്നു പതിറ്റാണ്ടിലേറെയായി അരുണ ഈ കിടപ്പ് തുടങ്ങിയിട്ട്..

അരുണയുടെ കഥയെഴുതിയ പിങ്കി വിറാനിയാണ് അരുണയെ മരിക്കാൻ അനുവദിക്കാൻ ഒരു ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.. പിങ്കി വിറാനിയെന്ന പത്രപ്രവർത്തകയ്ക്ക് തുടക്കത്തിൽ അരുണ ഒരു വാർത്തമാത്രമായിരുന്നിരിക്കാം. പക്ഷെ പാടി പാടി പതിഞ്ഞു പോയ ഒരു ശീലുപോലെ കേട്ടു കേട്ടു മടുക്കാത്തതിനാലാവാം ഒരു അറുതിവേണ്ടേ എന്ന് അവരും ചിന്തിച്ചത്.. ഒരു പുസ്തകത്തിന്റെ ആശയത്തിനപ്പുറം കോടതിയുടെ ഇടനാഴികളിലും അതിനു പുറത്തും അരുണ ഒരു ചർച്ചാ‍വിഷയമായതും.. എന്നാൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാളെ മരിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചു.. ഇതെ നിയമവ്യവസ്ഥ തന്നെയാണ് അരുണയെ ഈ നിലയിലെത്തിച്ച സോഹൻലാലിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചത് .. അയാളുടെ പേരിൽ ഉണ്ടായിരുന്നത്, മോഷണക്കുറ്റവും അരുണയെ വധിക്കാൻ ശ്രമിച്ചതും മാത്രം .. പോറലേൽക്കാത്ത കന്യാചർമ്മം അരുണയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ തീവ്രത കുറച്ചു.. ഒരു പെണ്ണിനു നേരെ അതിക്രമം കാണിക്കാൻ മറ്റുമാർഗ്ഗങ്ങൾ ഉണ്ടെന്ന് അറിയാത്തവരായിരുന്നില്ല നിയമജ്ഞരും ഡോക്റ്റർമാരുമെന്നത് മറ്റൊരു കാര്യം.. അരുണയുടെ കീഴിൽ ജോലി ചെയ്തിരുന്ന സോഹൻ‌ലാലിന്റെ ക്രൂരത അവിടം കൊണ്ടും തീർന്നിരുന്നില്ല.. നായചങ്ങല കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് അരുണയുടെ തലച്ചോറിലേക്കുള്ള ജീവവായുവും രക്തപ്രവാഹവും നിലച്ചുപോയി.. അതിന്റെ ഫലമായാണ് അരുണ ഇന്നത്തെ അവസ്ഥയിലായത്..

അനേകം രോഗികളെ അശരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറാൻ സഹായിച്ച നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ തന്നെയാണ് അരുണ അതിദാരുണമായ അവസ്ഥയിൽ കഴിയുന്നത്.. ആശയറ്റപ്പോൾ വീട്ടുകാർ അരുണയെ കയ്യൊഴിഞ്ഞു.. ജീവിതം മുഴുവൻ കൂട്ടാവുമെന്ന കരുതിയിരുന്നവനും മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. എങ്കിലും വിവാഹിതനാവും വരെ അദ്ദേഹം കാണിച്ച നല്ലമനസ്സ് പ്രത്യേകം സ്മരിക്കേണ്ടതു തന്നെ..

എന്തിനാണ് ഇനിയും ഈ അവസ്ഥയിൽ അവരെ കഷ്ടപ്പെടുത്തുന്നത്.. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആ എല്ലിൻ കൂടിനെ ഇനിയും നരകിപ്പിക്കണോ.. ജീവൻ, അതു വളരെ വിലപ്പെട്ടതാണ്.. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലാ.. മഹത്‌വചനങ്ങൾ എഴുതിവെക്കാനും ഉരുവിടാനും ഇനിയുമുണ്ടാവും.. പക്ഷെ ആ ജീവനെ ഈ അവസ്ഥയിലാക്കിയവരെ വെറുതെ വിട്ട് “ഇര”യായവരെ മാത്രം ഈ നരകയാതനയ്ക്കു വിട്ടുകൊടുക്കുന്നവരെ, എന്തിനിനിയും ഈ ക്രൂരത..

അവൾ കാണുന്നുണ്ട്; പക്ഷെ ഒരു ചിന്തയായി, ഓർമ്മയായി അതൊന്നും തലച്ചോറിൽ രേഖപ്പെടുത്തുന്നില്ല. അങ്ങോട്ടുള്ള വഴികളെല്ലാം ഒരു നായ്ചങ്ങലയുടെ മുറുക്കത്തിൽ അടഞ്ഞു പോയിരിക്കുന്നു.

Labels: ,

posted by ഇട്ടിമാളു at Thursday, February 03, 2011 15 comments

Friday, January 14, 2011

നൂറ്റിയമ്പത്തൊന്നാം മസമൂറ

“ഡാ‍ാ‍ാ‍ാ...”

രാസായി തന്റെ ദേഷ്യം മുഴുവന്‍ ആ ഒറ്റ വിളിയില്‍ നിര്‍ത്തി..പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു..

“ഇവനൊക്കെ രണ്ടു കാലും കൊടുത്തതിന്റെ കുഴപ്പമാ..”

ഇറങ്ങി കാലൊന്നുറപ്പിക്കും മുമ്പെ ബസ്സ് വിട്ടതാണ്.. മുന്നോട്ട് വീഴാനാഞ്ഞപ്പൊഴും എങ്ങിനെയോ തന്റെ ബലം കുറഞ്ഞ കാലിനെ അയാള്‍ നിലയ്ക്കു നിര്‍ത്തി.. എങ്കിലും വണ്ടി കണ്മുന്നില്‍ നിന്നു മറയും വരെ അയാള്‍ അവിടെ തന്നെ നിന്നു.. പിന്നെ പതിയെ തന്റ്റെ വഴിയെ നടന്നു.. ബൂത്തിനോട് അടുക്കുന്തോറും അയാള്‍ക്ക് അവിടെ എന്തൊ കുറവു പോലെ തോന്നി.. എന്നും അവരാണ് കണി, അമ്മയും കുഞ്ഞും.. സ്കൂള്‍ ബസ്സ് വരും വരെ അവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാന്‍ ബൂത്തിന്റെ ഇറയത്തെക്കാള്‍ നല്ലൊരു സ്ഥലം ഇവിടെ വേറേ ഏതാ.. മുമ്പൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ അവര്‍ രാസായിയുടെ ബൂത്തില്‍ വരുമായിരുന്നു.. മൊബൈല്‍ വന്നതോടെ അതു നിന്നു.. എങ്കിലും രാവിലെ എന്നും കാണാം.. കൈനീട്ടമായി നല്ലൊരു ചിരി.. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കില്‍ ഒരു കുശലാന്വേഷണം.. അയാള്‍ തന്റെ ഓര്‍മ്മകള്‍ക്കൊപ്പം ബൂത്തിന്റെ ഷട്ടര്‍ പൊക്കി..കസേരക്കു പുറകിലെ ടര്‍ക്കിയെടുത്ത് മേശപ്പുറത്തെയും ബില്ലിങ് മെഷീനിലെയും പൊടി തട്ടി.. ഒരു കുഞ്ഞു തുണ്ടു പഞ്ഞിയില്‍ മുല്ലപ്പൂമണം ചേര്‍ത്ത് ഫോണുകള്‍ തുടച്ചു.. ദിവസം തുടങ്ങാന്‍ തയ്യാറായി ആദ്യത്തെ വിളിക്കാരനെയും കാത്ത് പ്രതീക്ഷയോടെ തന്റെ കസേരയില്‍ ഇരുന്നു.. കാലു നീട്ടിയതും താഴെയിരുന്ന ബാഗില്‍ തട്ടി..അത് ഭവനാനിയുടേതാണ്.. ഇന്നലെ വൈകീട്ട് എടുക്കാമെന്നും പറഞ്ഞ് കോളേജില്‍ പോവും വഴി വെച്ച് പോയതാ..

മഠത്തിലെ അമ്മമാരുടെ ഹോസ്റ്റലിലാ അവള്‍ നില്‍ക്കുന്നത്.. ഇന്നലെ കോളേജില്‍ പോവും വഴിയാ ഈ ബാഗ് ഇവിടെകൊടുത്തത്.. വൈകീട്ട് എങ്ങോ പോവാണെന്നും രാസായിയോട് പറഞ്ഞിരുന്നു.. എങ്ങിനെ പറയാതിരിക്കും ..അവളുടെ പ്രണയത്തിന് സപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ഒരാളല്ലെ രാസായി.. മൊബൈലില്‍ കാശ് തീരുമ്പോള്‍ ഇടക്കൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ രാസായി തന്നെ വേണം.. ചാര്‍ജ്ജ് ചെയ്യാനും വേറെ വഴിയൊന്നും ഇല്ലല്ലൊ..

അല്ലെങ്കിലും രാസായി എല്ലാ പ്രണയത്തിനും കൂട്ടു നില്‍ക്കും.. അപ്പുറത്തെ കോളേജിലെ സകല പ്രണയത്തിനും അയാളുടെ പിന്തുണയുണ്ട്..എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ രാസായിയെ ആരും പ്രണയിക്കാത്തോണ്ടും രാസായിക്ക് എല്ലാരോടും പ്രണയമായതുകൊണ്ടും ആണെന്ന് വേണമെങ്കില്‍ പറയാം..

സാരിത്തലപ്പു മുമ്പിലേക്ക് വലിച്ചിട്ട വയസ്സായ ഒരു സ്ത്രീ ബൂത്തിലേക്ക് കയറി വന്നു.. അവരുടെ മുഖത്തിന് വല്ലാത്ത ദൈന്യഭാവമായിരുന്നു.. അവര്‍ ചുരുട്ടി പിടിച്ച് തുണ്ടു കടലാസ് രാസായിക്ക് കൊടുത്തു..

“ഇതൊന്നു വിളിച്ചു തരാമൊ..”

രാവിലെ തന്നെ ഒരു ഐഎസ്ഡി കാള്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ അയാള്‍ അക്കങ്ങള്‍ ഒന്നൊന്നായി കുത്തി..അപ്പുറത്ത് ബെല്‍ മുഴങ്ങാന്‍ തുടങ്ങിയതും മൂന്നടി സമചതുരക്കള്ളിയുടെ വാതിലിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി.. സംസാരം വ്യക്തമല്ലെങ്കിലും ചില്ലുവാതിലിനപ്പുറം അവരുടെ വിതുമ്പലുകള്‍.. നിമിഷങ്ങള്‍ക്കു ശേഷം അവര്‍ നിറഞ്ഞകണ്ണുകളോടെ ഇറങ്ങിവന്നു..സാരിതുമ്പിലെ കെട്ടഴിച്ച് ചുരുട്ടി വെച്ച നോട്ടുകള്‍ പുറത്തെടുത്തു.. ബാക്കി വാങ്ങി അവര്‍ നടന്നു പോയത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.. ഏറെ ദൂരെയൊന്നുമല്ല, മുന്നില്‍ തന്നെ.. അങ്ങിനെയല്ല, രാസായിയുടെ ടെലിഫോണ്‍ ബൂത്തിന്റെ മുന്നിലാ സര്‍ക്കാര്‍ ആശുപത്രി .. ആരായിരിക്കും ഹോസ്പിറ്റലില്‍ എന്ന് ചിന്തിക്കുന്നതിനിടയിലാണ് നമ്പര്‍ എഴുതിയ കടലാസ് അവര്‍ക്ക് തിരിച്ച് കൊടുത്തില്ലെന്ന് ഓര്‍ത്തത്..ഹോസ്പിറ്റലിലല്ലെ, ഇനിയും വരാതിരിക്കില്ലെന്ന ചിന്തയില്‍ അയാള്‍ അത് മേശക്കുള്ളില്‍ വെച്ചു..

റോഡില്‍ തിരക്കു തുടങ്ങുന്നു.. അയാള്‍ ഒന്നു കൂടെ ഉഷാറായ് ഇരുന്നു..

“ഭാര്യ പ്രസവിച്ചൂട്ടൊ.. പെണ്‍കുട്ടി...ഇപ്പൊഴാ .. രണ്ടും രണ്ടായപ്പൊഴാ ആശ്വാസായെ..”

രണ്ടു മൂന്നു ദിവസായി പലരെയും വിളിച്ച് ഒന്നുമായില്ലെന്ന് പറയാന്‍ എത്തിയിരുന്ന ആളാ.. കല്യാണം കഴിഞ്ഞ് കാലം കുറെ കാത്തിരുന്ന് ഒരു കുഞ്ഞിക്കാല് കാണുമ്പോള്‍ അതിന്റ്റെ സന്തോഷം കൂടുതലാവൂലൊ.. സര്‍ക്കാര്‍ ആശുപത്രിയായോണ്ട് വരുന്നതധികവും പാവങ്ങള്‍ തന്നെ.. അതോണ്ടാ രാസായി ജീവിച്ചു പോവുന്നെ.. അല്ലാത്തോര്‍ക്കൊക്കെ മൊബൈല്‍ അല്ലെ.. വന്നയാള്‍ പോക്കറ്റിലെ ചെളിപിടിച്ചു തുടങ്ങിയ കൊച്ചു ഡയറിയെടുത്ത് ഓരോ നമ്പറുകളായി എടുത്ത് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു..

മെയിന്‍ റോഡില്‍ നിന്നും അകത്തേക്ക് കയറിയ ഇന്നോവ ടയറുരഞ്ഞ് പൊടിപറത്തി നിന്നു..ആരാണാവോ മുന്നില്‍ ചാടിയത്.. രാസായി തലനീട്ടി നോക്കി.. മഠത്തിലെ വണ്ടിയാ.. ഡ്രൈവിങ് സീറ്റില്‍ പുതിയൊരാള്‍.. പരിചയമില്ലാത്തതുകൊണ്ടാണെന്ന് ഉറപ്പ്.. അല്ലെങ്കില്‍ കോളേജിന്റെ നേരത്ത് ഈ വരവ് ആരേലും വരുമൊ.. മുന്നില്‍ വന്നു പെട്ടവന്‍ തനിക്ക് നേരെ വരുന്ന ചീത്തവിളികൾ‍ എല്ലാം വായില്‍ കിടന്ന ചൂയിംഗം ചവച്ച് തീര്‍ത്തു.. പിന്നെ വണ്ടിയെടുത്ത് ചീറി പോകവേ വണ്ടിയിലേക്കൊന്ന് പാളി നോക്കി.. രാസായിയും പുതുമുഖത്തെ നന്നായൊന്ന് നോക്കിയത് അപ്പോഴായിരുന്നു.. ഈ മുഖം എത്രനാളത്തേക്കാണാവോ ഈ വഴി എന്നൊരു ചിന്തയും ഒപ്പമുണ്ടാ‍യിരുന്നു..

“ചേട്ടാ.... കോയിന്‍ വേണം”

ഇവരുടെ വിളിയൊക്കെ ഒറ്റരൂപാ കണക്കിലാ.. പിള്ളേരല്ലെ, വീട്ടില്‍ നിന്നു കിട്ടുന്നതില്‍ നിന്നും ഒപ്പിച്ചു വേണ്ടെ..ഒരാള്‍ മാത്രം ചുവരും ചാരി തന്റെ ഊഴം കാത്തു നിന്നു.. അവള്‍ക്ക് കണ്ണാടി കൂടു തന്നെ വേണം.. വര്‍ത്തമാനത്തിനൊപ്പം ചുവരിലും ഫോണ്‍ സ്റ്റാന്റിലും അവള്‍ വരച്ച നഖച്ചിത്രങ്ങള്‍ ധാരാളം.. കഴിയുമ്പോള്‍ ഒരു പൂപ്പുഞ്ചിരിയും സമ്മാനിച്ച് മറ്റുള്ളവര്‍ക്കൊപ്പം അവളും ഇറങ്ങും..

നേരം പത്തു കഴിഞ്ഞു.. ഏറിയ തിരക്കുകള്‍ ഒഴിഞ്ഞിരിക്കുന്നു.. അപ്പുറമിപ്പുറമുള്ള ഓഫീസുകള്‍ ഒന്നു ചൂടുപിടിച്ചാലെ ഇനി ആരെലും ഒക്കെ വരൂ.. അതുവരെ ചെറിയൊരു ഇടവേള..

റോഡിനപ്പുറത്തെ ചായക്കടയില്‍ നിന്നും പത്രക്കടലാസ് മൂടിയ കാലിച്ചായ എത്തും വരെ രാസായി പത്രത്തില്‍ വാര്‍ത്തകള്‍ക്കായി തിരഞ്ഞു.. പിന്നെ രാവിലെ പൊതിഞ്ഞു കൊണ്ടുവന്ന ദോശയും ചമ്മന്തിയും നല്‍കി വിശപ്പിനെ ശമിപ്പിച്ചു..

“ചേട്ടൊ.. ഇരുന്ന് ഉറങ്ങാ‍ണോ..”

അവരുടെ ഇടത്താവളമാണിവിടം..ഒരാള്‍ ചുമരിലെ കണ്ണാടിയില്‍ നോക്കി മുടിചീകി.. മറ്റൊരാള്‍ മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് മറച്ചു.. പിന്നൊരാൾ മൊബൈലിന്റെ പുതിയ പ്ലാനുകളെ രാസായിയുമായി ചർച്ചതുടങ്ങി.. ഇടയിലാരോ കോളേജിലെ വിശേഷങ്ങൾ പറഞ്ഞ് വർത്തമാനത്തിന്റെ ഗതി മാറ്റി വിട്ടു... പിന്നെയും വഴിയെ വന്നു പോയവരുടെ വർത്തമാനങ്ങളിൽ ആരുടെയൊക്കെയൊ നോവും വേവും രാസായി സ്വന്തമാക്കി..

സന്ധ്യതിരിഞ്ഞ നേരത്താ‍ണ് പോലീസ് ജീപ്പ് വന്നത്.. ബൂത്തില്‍ നല്ല തിരക്കുള്ള സമയം..

“ഇത് നിന്റെ ബൂത്തിന്റെ നമ്പര്‍ അല്ലെ”

“അതെ”

“ഇവിടെന്നാണ് അവസാനത്തെ കോള്‍ വന്നിരിക്കുന്നത്..”

വിളിക്കാന്‍ വന്നവര്‍ പതിയെ വലിയാന്‍ തുടങ്ങി..റോഡില്‍ ചുറ്റിപ്പറ്റി കാഴ്ചക്കാരായി മാറി..പകച്ചു നില്‍ക്കുന്ന രാസായിയുടെ മുന്നിലേക്ക് പോലീസ്കാരന്‍ ഫോട്ടൊ നീട്ടി..

“ഇവളേ അറിയൊ”

“ക..കണ്ടിട്ടുണ്ട്..”

“എവിടെ വെച്ച്?”

“ഇതിലേ പോവുന്നത്...”

“അല്ലാതെ..?”

“ഫോണ്‍ ചെയ്യാന്‍ വരാറുണ്ട്...”

“കൂടുതല്‍ എന്തറിയാം ..”

ദയനീയ ഭാവത്തില്‍ രാസായി പോലീസ് കാരെ നോക്കി.. അവര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തുടര്‍ന്നു..

“ഈ പെണ്ണിനെ കാണാനില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്.. ഇനിയും ഞങ്ങള്‍ വരും “

ജീപ്പ് പോയതും രാസായി കസേരയിലേക്ക് ചെരിഞ്ഞു..നീട്ടിയ കാല്‍ താഴെയിരുന്ന ബാഗില്‍ തട്ടിയതും തീയില്‍ ചവിട്ടിയ പോലെ തിരിച്ചു വലിച്ചു..

“ദൈവമെ...ഇതിവിടെ ഇരീക്കുമ്പോള്‍..”

എട്ടിന്റെ സൈറണ്‍ കൂവിയശേഷം വണ്‌വേ മാറി വരുന്ന തന്റെ വണ്ടിയുടെ നേരം വരെ അയാള്‍ അസ്വസ്ഥനായി അവിടെ ഇരുന്നു.. ഷട്ടര്‍ താഴ്തി പുറത്തിറങ്ങിയ ശേഷം ഒരു വീണ്ടു വിചാരത്തില്‍ പിന്നെയും തുറന്നു.. മേശക്കടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്തു.. റോഡിനു മറുപുറത്ത് തിരിവിലുള്ള ഇരുട്ടില്‍ മുങ്ങിയ മാലിന്യകൂമ്പാരത്തെയും ലക്‌ഷ്യമിട്ട് വേഗത്തില്‍ നടന്നു.. പാതിവഴിയില്‍ “നാളെ അവള്‍ വന്നാല്‍“ എന്ന ചോദ്യത്തില്‍ പതിയെ നിന്നു പോയി.. അപ്പോള്‍ അയാളുടെ പതിവു ബസ്സ് സ്റ്റോപ്പിലേക്ക് എത്താറായിരുന്നു...

ആരും ഇറങ്ങാനും കയറാനുമില്ലാതെ ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ് കടന്നു പോയിട്ടും ഏറെ കഴിഞ്ഞായിരുന്നു ബൂത്തിന്റെ ഷട്ടർ വീണ്ടും തുറന്നത്.. പിന്നെ അടഞ്ഞതും..പതിയെ ഇരുട്ടിൽ അയാൾ ഫോണിൽ ഓരോ അക്കമായ് കുത്താൻ തുടങ്ങി.. എവിടെയും എത്താത്ത വിളികൾ ..

എന്നും രാസായിയെയും കൊണ്ടെത്തുന്ന ബസ്സ് വീണ്ടും വന്നിരിക്കുന്നു..ബൂത്തിനു പുറത്ത് ഇറയത്ത് അമ്മയും കുഞ്ഞും കാത്തു നിൽക്കുകയാണ്.. ഷട്ടർ തുറക്കുന്നത് പുറത്തു നിന്നാവുമോ, അതൊ അകത്തു നിന്നോ?
posted by ഇട്ടിമാളു at Friday, January 14, 2011 9 comments

Tuesday, December 7, 2010

ചിതലരിക്കുമ്പോൾ

ഒരേ വെളിച്ചമായിരുന്നു
രാവും പകലും
കത്തിച്ചും കെടുത്തിയും
ഒരേ തീയാണെരിച്ചിരുന്നത്

പുറത്തെപ്പൊഴൊ സൂര്യനുദിച്ചിരുന്നു
ചന്ദ്രനും താരകളും വന്നു പോയിരുന്നു
സത്യം, ആരോ പറഞ്ഞതല്ല
ഞാനും അറിയാതെ കണ്ടു പോയിരുന്നു

ഉടലുലഞ്ഞിരുന്നു, ഉറവയറ്റിരുന്നു
ഉയിരിനിയുമുണരുമെന്ന്
ഉടയോന്‍ പോലും ഉരിയാടിയില്ല

ചിന്തകൾക്ക് ചിതലരിക്കണമെന്ന്
ഓർമ്മകൾക്ക് ഓളം നിലക്കണമെന്ന്
പ്രാർത്ഥനയാണ്, നിശബ്ദമായ്

Labels:

posted by ഇട്ടിമാളു at Tuesday, December 07, 2010 14 comments