Thursday, February 3, 2011

മരിക്കാനെങ്കിലും..


ജീവിക്കാൻ അനുവദിക്കാത്തവരോട് മരിക്കാനുള്ള അവസരത്തിനു വേണ്ടി നിശബ്ദം കേഴുന്നുണ്ടാവുമൊ അവൾ..? അറിയില്ല, പ്രതികരണങ്ങൾ ദുർബലമാവുമ്പോൾ എങ്ങിനെയാണ് മരണത്തിനും ജീവിതത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന ജീവസ്പന്ദങ്ങളേക്കാളേറെ ആ മനസ്സിന്റെ ഞരക്കങ്ങളേ തിരിച്ചറിയേണ്ടത്..
മാസങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഒരു കുഞ്ഞു വാർത്തയായി അരുണ വീണ്ടുമെത്തി.. ഇത്തവണ വിഷയം നിഷേധിക്കപ്പെട്ട മരണമായിരുന്നു ... ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് കോടതി വിധിക്കുമ്പോൾ തികച്ചും വേദനാജനകമായ അവസ്ഥയിൽ അവശേഷിക്കുന്ന ആ ജീവന് എന്ത് ആശ്വാസമാണ് നമുക്ക് നൽകാനുള്ളത്.. നമുക്ക് അന്യമായ, മനസ്സിലാക്കാനാവാത്ത രീതിയിൽ അരുണയും ഈ അറിവിനോട് പ്രതികരിക്കുന്നുണ്ടാവുമൊ? ജീവന്റെ അവസാനകണികയെ എന്നിൽ നിന്ന് അടർത്തി മാറ്റരുതെന്ന് നിശബ്ദം യാചിക്കുന്നുണ്ടാവുമൊ, അതോ ഒന്നു കൊന്നു തരൂ എന്ന് കേഴുന്നുണ്ടാവുമൊ?

അവനവന്റേതല്ലാത്ത കാരണങ്ങൾകൊണ്ട് ജീവിതം ഒരു ദുരിതമായി തീർന്നുപോവുന്ന പലരിലൊരാളായി നമുക്ക് അരുണ ഷാൻ‌ബാഗിനെ കൂട്ടാം.. അറിയപ്പെടാത്ത അനേകായിരം കഥകളിൽ ഒന്നാവാതെ, ചുരുങ്ങിയ പക്ഷം ഒരു വാർത്തയെങ്കിലും ആയല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.. എങ്കിലും മരിച്ചു ജീവിക്കുന്ന അവർക്ക് എങ്ങിനെ ആശ്വാസം നൽകാ‍ൻ.. ഒന്നുമില്ലെങ്കിൽ ഈ നരകത്തിൽ നിന്നു ഒരുമോചനമെങ്കിലും നൽകിക്കൂടെ..

നിനക്കൊന്നും അമ്മപെങ്ങൻ‌മാർ ഇല്ലെ എന്നൊന്നും ചോദിക്കുന്നില്ല... അത് കാലഹരണപെട്ടുപോയതാണ്.. കാര്യലാഭത്തിനായാലും പ്രതികാരത്തിനായാ‍ലും പെണ്ണിന്റെ മാനത്തിനു വിലപറയാൻ നടക്കുന്നവരുടെ സമൂഹത്തിൽ ജീവനോടെ മരിച്ചു ജീവിക്കാം എന്നതിന്റെ തെളിവായി അരുണ അവശേഷിക്കുന്നു..

അരുണ ഷാൻബാഗിനെ ചികിത്സിക്കുന്ന ഡോക്റ്ററുടെ വാക്കുകളിൽ അവർ ആൺശബ്ദങ്ങളോടെല്ലാം വല്ലാത്തൊരു രീതിയിലാണ് പ്രതികരിക്കുന്നത്. അവരിൽ എവിടെയൊ ബാക്കി നിൽക്കുന്ന ബോധം, തന്നെ ഈ നിലയിലാക്കിയവരോടുള്ള ഭയവും ദേഷ്യവുമെല്ലാം കാത്തുവെക്കുന്നുണ്ടാവും.. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ഒരു ഇരുമ്പുകട്ടിലിൽ ആശയറ്റനിലയിൽ കഴിയേണ്ടിവരുന്ന അവരുടെ അവസ്ഥയെ എന്താണ് പറയേണ്ടത്.. ഒരുവന്റെ ഒരുനിമിഷത്തെ വികാരത്തള്ളിച്ചക്ക് ഇരയാവുമ്പോൾ, അവർക്ക് നഷ്ടപ്പെട്ടത് സ്വന്തം മാനം മാത്രമാവുന്നില്ല, ജീവിതം മുഴുവനുമാകുന്നു.. ഒന്നും രണ്ടും വർഷങ്ങൾ അല്ല, മൂന്നു പതിറ്റാണ്ടിലേറെയായി അരുണ ഈ കിടപ്പ് തുടങ്ങിയിട്ട്..

അരുണയുടെ കഥയെഴുതിയ പിങ്കി വിറാനിയാണ് അരുണയെ മരിക്കാൻ അനുവദിക്കാൻ ഒരു ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്.. പിങ്കി വിറാനിയെന്ന പത്രപ്രവർത്തകയ്ക്ക് തുടക്കത്തിൽ അരുണ ഒരു വാർത്തമാത്രമായിരുന്നിരിക്കാം. പക്ഷെ പാടി പാടി പതിഞ്ഞു പോയ ഒരു ശീലുപോലെ കേട്ടു കേട്ടു മടുക്കാത്തതിനാലാവാം ഒരു അറുതിവേണ്ടേ എന്ന് അവരും ചിന്തിച്ചത്.. ഒരു പുസ്തകത്തിന്റെ ആശയത്തിനപ്പുറം കോടതിയുടെ ഇടനാഴികളിലും അതിനു പുറത്തും അരുണ ഒരു ചർച്ചാ‍വിഷയമായതും.. എന്നാൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരാളെ മരിക്കാൻ അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചു.. ഇതെ നിയമവ്യവസ്ഥ തന്നെയാണ് അരുണയെ ഈ നിലയിലെത്തിച്ച സോഹൻലാലിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചത് .. അയാളുടെ പേരിൽ ഉണ്ടായിരുന്നത്, മോഷണക്കുറ്റവും അരുണയെ വധിക്കാൻ ശ്രമിച്ചതും മാത്രം .. പോറലേൽക്കാത്ത കന്യാചർമ്മം അരുണയ്ക്ക് നേരെ നടന്ന അതിക്രമത്തിന്റെ തീവ്രത കുറച്ചു.. ഒരു പെണ്ണിനു നേരെ അതിക്രമം കാണിക്കാൻ മറ്റുമാർഗ്ഗങ്ങൾ ഉണ്ടെന്ന് അറിയാത്തവരായിരുന്നില്ല നിയമജ്ഞരും ഡോക്റ്റർമാരുമെന്നത് മറ്റൊരു കാര്യം.. അരുണയുടെ കീഴിൽ ജോലി ചെയ്തിരുന്ന സോഹൻ‌ലാലിന്റെ ക്രൂരത അവിടം കൊണ്ടും തീർന്നിരുന്നില്ല.. നായചങ്ങല കഴുത്തിൽ ചുറ്റിമുറുക്കിയതിനെ തുടർന്ന് അരുണയുടെ തലച്ചോറിലേക്കുള്ള ജീവവായുവും രക്തപ്രവാഹവും നിലച്ചുപോയി.. അതിന്റെ ഫലമായാണ് അരുണ ഇന്നത്തെ അവസ്ഥയിലായത്..

അനേകം രോഗികളെ അശരണാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറാൻ സഹായിച്ച നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അതേ ഹോസ്പിറ്റലിൽ തന്നെയാണ് അരുണ അതിദാരുണമായ അവസ്ഥയിൽ കഴിയുന്നത്.. ആശയറ്റപ്പോൾ വീട്ടുകാർ അരുണയെ കയ്യൊഴിഞ്ഞു.. ജീവിതം മുഴുവൻ കൂട്ടാവുമെന്ന കരുതിയിരുന്നവനും മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. എങ്കിലും വിവാഹിതനാവും വരെ അദ്ദേഹം കാണിച്ച നല്ലമനസ്സ് പ്രത്യേകം സ്മരിക്കേണ്ടതു തന്നെ..

എന്തിനാണ് ഇനിയും ഈ അവസ്ഥയിൽ അവരെ കഷ്ടപ്പെടുത്തുന്നത്.. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ആ എല്ലിൻ കൂടിനെ ഇനിയും നരകിപ്പിക്കണോ.. ജീവൻ, അതു വളരെ വിലപ്പെട്ടതാണ്.. ഒരു ജീവനെടുക്കാൻ ആർക്കും അധികാരമില്ലാ.. മഹത്‌വചനങ്ങൾ എഴുതിവെക്കാനും ഉരുവിടാനും ഇനിയുമുണ്ടാവും.. പക്ഷെ ആ ജീവനെ ഈ അവസ്ഥയിലാക്കിയവരെ വെറുതെ വിട്ട് “ഇര”യായവരെ മാത്രം ഈ നരകയാതനയ്ക്കു വിട്ടുകൊടുക്കുന്നവരെ, എന്തിനിനിയും ഈ ക്രൂരത..

അവൾ കാണുന്നുണ്ട്; പക്ഷെ ഒരു ചിന്തയായി, ഓർമ്മയായി അതൊന്നും തലച്ചോറിൽ രേഖപ്പെടുത്തുന്നില്ല. അങ്ങോട്ടുള്ള വഴികളെല്ലാം ഒരു നായ്ചങ്ങലയുടെ മുറുക്കത്തിൽ അടഞ്ഞു പോയിരിക്കുന്നു.

14 comments:

ഇട്ടിമാളു അഗ്നിമിത്ര said...

പഴയതാണ്.. ഏറെ പഴയത്.. എഴുതി ഉപേക്ഷിച്ചത്.. പിന്നെ ബലാൽ‌സംഗം ആണിന്റെ ജന്മാവകാശം ആക്കണം എന്നൊക്കെ മട്ടിൽ ചില ബസ്സുകൾ കണ്ടപ്പോൾ വെറുതെ .. പൊടിതൂത്തിട്ടില്ല..

ജാനകി.... said...

പഴയതോ....ഇല്ല പുതിയതിന്റെ നാൾ പിറവികളിൽ ഒന്നും പഴയതാവുന്നില്ലല്ലോ..പഴയതിന്റെ ആവർത്തനങ്ങൾ.....

രണ്ടു ദിവസമായി പത്രങ്ങൾ ആഘോഷിക്കുന്ന ട്രെയിൻസംഭവം..ആ പെൺകുട്ടി...അവളുടെ മനസ്സ്... എല്ലാം ആവർത്തനങ്ങൾ....

കൂതറHashimܓ said...

അറിയില്ലാ....,
വായിച്ചതനുസരിച്ച്‌ മരണം അവൾക്കൊരു അനുഗ്രഹമയേക്കാം

കഴിഞ്ഞ വിവസം മരണപെട്ട സുഹൃത്തിനെ പറ്റി ഞാൻ എഴുതിയത്‌
"റോഡപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കോമാ സ്റ്റേജിലായ ഷാനിയുടെ മനം ദൈവത്തിലേക്കുള്ള മടക്കം ആഗ്രഹിച്ചുരുന്നു എങ്കില്‍,
ദൈവമേ നിനക്ക് സ്‌തുതി.. നിനക്ക് സ്‌തുതി.

അവന്റെ ഓര്‍മകളില്‍ വിങ്ങി കഴിയുന്നവര്‍ക്ക് നീ കരുത്ത് നല്‍കേണമേ"

jayanEvoor said...

അതെ...
പലപ്പോഴും മരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്തവരെയോർത്ത് ദു:ഖിച്ചിട്ടുണ്ട്.

ആ‍ സ്വാതന്ത്ര്യത്തിനനുകൂലമായി ഒരു നിയമം വന്നാൽ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഏതു പുതിയ നിയമം വന്നാലും, നടപ്പാക്കപ്പെടുന്നത് ഇതേ ജീർണിച്ച സമൂഹത്തിൽ തന്നെയല്ലേ....

അതാണു പേടി!

Jithu said...

:(

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആ അനിയത്തികുട്ടിയും പോയി.... കേരളം തീര്‍ത്തും സുരക്ഷിതമല്ലാത്തതും വൃത്തികെട്ട സ്ഥലങ്ങളില്‍ ഒന്നും ആയിരിക്കുന്നൂ.

ശ്രീജ എന്‍ എസ് said...

മരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ,അത് നല്‍കാത്ത നിയമം തന്നെ ആണല്ലോ ഇത് ചെയ്തവനെ സമൂഹത്തില്‍ സ്വാതന്ത്ര്യത്തോടെ നടക്കാന്‍ അനുവദിക്കുന്നതും.mercy killing അനുവദിച്ചാല്‍ നമ്മുടെ സമൂഹത്തില്‍ അതും ദുരുപയോഗം ചെയ്യപ്പെടും.മാറേണ്ടത് നമ്മള്‍ ആണ് ,നമ്മുടെ ചിന്തകള്‍ ആണ്

ഒരില വെറുതെ said...

ആത്മാവുള്ള വരികള്‍.

ഞാന്‍ ഇരിങ്ങല്‍ said...

എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായ ഉടനെ പേനയുംകടലാസും എടുക്കുന്ന കവികളാണ് നമുക്കുള്ളത്. അത്തരം കവികളോട് എനിക്ക് ഒരിഷ്ടവുമില്ല
ഇത് അത്തരത്തില്‍ അല്ലല്ലോ അതു കൊണ്ട് തന്നെ എഴുത്തില്‍ ആത്മാംശം ഉണ്ട്

സ്വയം പബ്ലിസിറ്റിക്ക് ശ്രമിക്കുന്ന സമകാലിക ‘കവി‘ തകളേക്കാള്‍ എന്തുകൊണ്ടും സുഖകരമായ ചിന്തതന്നെയാണിത്.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

the man to walk with said...

ഇതൊന്നും തലയില്‍ കയറാത്ത വിധം മനസാക്ഷി മറ്റേതോ ചങ്ങലകള്‍ കൊണ്ടു അടഞ്ഞു പോയിരിക്കുന്നു

ആശംസകള്‍

സുസ്മേഷ് ചന്ത്രോത്ത് said...

dayavadham niyamanusrutham nadappakkanavanam.
itharqam kuttavalikalkku mappillatha siksha nalkanam.

SHANAVAS said...

You have brought out a very serious matter.but the world around you is not so kind enough to see all these
with a human touch.
regards.
shanavas.

റീനി said...

ശരിയാണ്, ഒരാളുടെ ജീവനെടുക്കുവാനുള്ള അവകാശം ആര്‍ക്കുമില്ല. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ലിവിങ്ങ് വില്‍‘ എഴുതുവാനുള്ള ഒരു സൌകര്യം ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ മറ്റുള്ളവര്‍ക്ക് തീരുമാനമെടുക്കുവാന്‍ എളുപ്പമായിരിക്കും. സാധാരണ ഗതിയില്‍ വെന്റിലേറ്ററില്‍ ജീവിതം തുടരണോ വേണ്ടയോ എന്നൊരു തീരുമാനം നേരത്തെ എടുക്കുവാനെങ്കിലും ലിവിങ്ങ് വില്‍ കൊണ്ട് കഴിയും.
നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുമോ എന്ന ഭയം ഉള്ളതുകൊണ്ടാവണം കണ്ടുനില്‍ക്കുന്നവരുടെയും കടന്നുപോവുന്നവരുടെയും ആശ്വാസത്തിനായി കോടതി സമ്മതം നല്‍കാത്തത്. കുറ്റവാളിയെ ആറുവര്‍ഷത്തിനുശേഷം ഇറക്കിവിട്ട നിയമത്തിനെയാണിപ്പോള്‍ കുരിശ്ശിലേറ്റേണ്ടത്.

ഇട്ടിമാളു അഗ്നിമിത്ര said...

റീനി.. ലിവിങ് വിൽ.. നല്ല ഐഡിയ

ഷാനവാസ്.. ശരിയാ..

സുസ്മേഷ്.. :)

the man to walk with .. അങ്ങിനെ ആവാതിരിക്കട്ടെ

ഇരിങ്ങലെ..ഒരില വെറുതെ...ശ്രീദേവി .. ഹാഷിം.. നന്ദി

കുരുത്തം കെട്ടവനെ(ഹൊ എന്തൊരു പേര്).. ഇവിടെന്നാ ഞാൻ ആ വാർത്ത അറിഞ്ഞെ :(

ജിത്തു .. ഉപാസന..:)

ജയൻ.. സത്യം.. അങ്ങിനെ തന്നെ..


ജാനകി.. എന്തും ആഘോഷങ്ങൾ അല്ലെ :(