“ഡാാാാ...”
രാസായി തന്റെ ദേഷ്യം മുഴുവന്‍ ആ ഒറ്റ വിളിയില്‍ നിര്‍ത്തി..പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു..
“ഇവനൊക്കെ രണ്ടു കാലും കൊടുത്തതിന്റെ കുഴപ്പമാ..”
ഇറങ്ങി കാലൊന്നുറപ്പിക്കും മുമ്പെ ബസ്സ് വിട്ടതാണ്.. മുന്നോട്ട് വീഴാനാഞ്ഞപ്പൊഴും എങ്ങിനെയോ തന്റെ ബലം കുറഞ്ഞ കാലിനെ അയാള്‍ നിലയ്ക്കു നിര്‍ത്തി.. എങ്കിലും വണ്ടി കണ്മുന്നില്‍ നിന്നു മറയും വരെ അയാള്‍ അവിടെ തന്നെ നിന്നു.. പിന്നെ പതിയെ തന്റ്റെ വഴിയെ നടന്നു.. ബൂത്തിനോട് അടുക്കുന്തോറും അയാള്‍ക്ക് അവിടെ എന്തൊ കുറവു പോലെ തോന്നി.. എന്നും അവരാണ് കണി, അമ്മയും കുഞ്ഞും.. സ്കൂള്‍ ബസ്സ് വരും വരെ അവര്‍ക്ക് വെയില്‍ കൊള്ളാതെ നില്‍ക്കാന്‍ ബൂത്തിന്റെ ഇറയത്തെക്കാള്‍ നല്ലൊരു സ്ഥലം ഇവിടെ വേറേ ഏതാ.. മുമ്പൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യാന്‍ അവര്‍ രാസായിയുടെ ബൂത്തില്‍ വരുമായിരുന്നു.. മൊബൈല്‍ വന്നതോടെ അതു നിന്നു.. എങ്കിലും രാവിലെ എന്നും കാണാം.. കൈനീട്ടമായി നല്ലൊരു ചിരി.. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കില്‍ ഒരു കുശലാന്വേഷണം.. അയാള്‍ തന്റെ ഓര്‍മ്മകള്‍ക്കൊപ്പം ബൂത്തിന്റെ ഷട്ടര്‍ പൊക്കി..കസേരക്കു പുറകിലെ ടര്‍ക്കിയെടുത്ത് മേശപ്പുറത്തെയും ബില്ലിങ് മെഷീനിലെയും പൊടി തട്ടി.. ഒരു കുഞ്ഞു തുണ്ടു പഞ്ഞിയില്‍ മുല്ലപ്പൂമണം ചേര്‍ത്ത് ഫോണുകള്‍ തുടച്ചു.. ദിവസം തുടങ്ങാന്‍ തയ്യാറായി ആദ്യത്തെ വിളിക്കാരനെയും കാത്ത് പ്രതീക്ഷയോടെ തന്റെ കസേരയില്‍ ഇരുന്നു.. കാലു നീട്ടിയതും താഴെയിരുന്ന ബാഗില്‍ തട്ടി..അത് ഭവനാനിയുടേതാണ്.. ഇന്നലെ വൈകീട്ട് എടുക്കാമെന്നും പറഞ്ഞ് കോളേജില്‍ പോവും വഴി വെച്ച് പോയതാ..
മഠത്തിലെ അമ്മമാരുടെ ഹോസ്റ്റലിലാ അവള്‍ നില്‍ക്കുന്നത്.. ഇന്നലെ കോളേജില്‍ പോവും വഴിയാ ഈ ബാഗ് ഇവിടെകൊടുത്തത്.. വൈകീട്ട് എങ്ങോ പോവാണെന്നും രാസായിയോട് പറഞ്ഞിരുന്നു.. എങ്ങിനെ പറയാതിരിക്കും ..അവളുടെ പ്രണയത്തിന് സപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ഒരാളല്ലെ രാസായി.. മൊബൈലില്‍ കാശ് തീരുമ്പോള്‍ ഇടക്കൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ രാസായി തന്നെ വേണം.. ചാര്‍ജ്ജ് ചെയ്യാനും വേറെ വഴിയൊന്നും ഇല്ലല്ലൊ..
അല്ലെങ്കിലും രാസായി എല്ലാ പ്രണയത്തിനും കൂട്ടു നില്‍ക്കും.. അപ്പുറത്തെ കോളേജിലെ സകല പ്രണയത്തിനും അയാളുടെ പിന്തുണയുണ്ട്..എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ രാസായിയെ ആരും പ്രണയിക്കാത്തോണ്ടും രാസായിക്ക് എല്ലാരോടും പ്രണയമായതുകൊണ്ടും ആണെന്ന് വേണമെങ്കില്‍ പറയാം..
സാരിത്തലപ്പു മുമ്പിലേക്ക് വലിച്ചിട്ട വയസ്സായ ഒരു സ്ത്രീ ബൂത്തിലേക്ക് കയറി വന്നു.. അവരുടെ മുഖത്തിന് വല്ലാത്ത ദൈന്യഭാവമായിരുന്നു.. അവര്‍ ചുരുട്ടി പിടിച്ച് തുണ്ടു കടലാസ് രാസായിക്ക് കൊടുത്തു..
“ഇതൊന്നു വിളിച്ചു തരാമൊ..”
രാവിലെ തന്നെ ഒരു ഐഎസ്ഡി കാള്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ അയാള്‍ അക്കങ്ങള്‍ ഒന്നൊന്നായി കുത്തി..അപ്പുറത്ത് ബെല്‍ മുഴങ്ങാന്‍ തുടങ്ങിയതും മൂന്നടി സമചതുരക്കള്ളിയുടെ വാതിലിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി.. സംസാരം വ്യക്തമല്ലെങ്കിലും ചില്ലുവാതിലിനപ്പുറം അവരുടെ വിതുമ്പലുകള്‍.. നിമിഷങ്ങള്‍ക്കു ശേഷം അവര്‍ നിറഞ്ഞകണ്ണുകളോടെ ഇറങ്ങിവന്നു..സാരിതുമ്പിലെ കെട്ടഴിച്ച് ചുരുട്ടി വെച്ച നോട്ടുകള്‍ പുറത്തെടുത്തു.. ബാക്കി വാങ്ങി അവര്‍ നടന്നു പോയത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.. ഏറെ ദൂരെയൊന്നുമല്ല, മുന്നില്‍ തന്നെ.. അങ്ങിനെയല്ല, രാസായിയുടെ ടെലിഫോണ്‍ ബൂത്തിന്റെ മുന്നിലാ സര്‍ക്കാര്‍ ആശുപത്രി .. ആരായിരിക്കും ഹോസ്പിറ്റലില്‍ എന്ന് ചിന്തിക്കുന്നതിനിടയിലാണ് നമ്പര്‍ എഴുതിയ കടലാസ് അവര്‍ക്ക് തിരിച്ച് കൊടുത്തില്ലെന്ന് ഓര്‍ത്തത്..ഹോസ്പിറ്റലിലല്ലെ, ഇനിയും വരാതിരിക്കില്ലെന്ന ചിന്തയില്‍ അയാള്‍ അത് മേശക്കുള്ളില്‍ വെച്ചു..
റോഡില്‍ തിരക്കു തുടങ്ങുന്നു.. അയാള്‍ ഒന്നു കൂടെ ഉഷാറായ് ഇരുന്നു..
“ഭാര്യ പ്രസവിച്ചൂട്ടൊ.. പെണ്‍കുട്ടി...ഇപ്പൊഴാ .. രണ്ടും രണ്ടായപ്പൊഴാ ആശ്വാസായെ..”
രണ്ടു മൂന്നു ദിവസായി പലരെയും വിളിച്ച് ഒന്നുമായില്ലെന്ന് പറയാന്‍ എത്തിയിരുന്ന ആളാ.. കല്യാണം കഴിഞ്ഞ് കാലം കുറെ കാത്തിരുന്ന് ഒരു കുഞ്ഞിക്കാല് കാണുമ്പോള്‍ അതിന്റ്റെ സന്തോഷം കൂടുതലാവൂലൊ.. സര്‍ക്കാര്‍ ആശുപത്രിയായോണ്ട് വരുന്നതധികവും പാവങ്ങള്‍ തന്നെ.. അതോണ്ടാ രാസായി ജീവിച്ചു പോവുന്നെ.. അല്ലാത്തോര്‍ക്കൊക്കെ മൊബൈല്‍ അല്ലെ.. വന്നയാള്‍ പോക്കറ്റിലെ ചെളിപിടിച്ചു തുടങ്ങിയ കൊച്ചു ഡയറിയെടുത്ത് ഓരോ നമ്പറുകളായി എടുത്ത് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു..
മെയിന്‍ റോഡില്‍ നിന്നും അകത്തേക്ക് കയറിയ ഇന്നോവ ടയറുരഞ്ഞ് പൊടിപറത്തി നിന്നു..ആരാണാവോ മുന്നില്‍ ചാടിയത്.. രാസായി തലനീട്ടി നോക്കി.. മഠത്തിലെ വണ്ടിയാ.. ഡ്രൈവിങ് സീറ്റില്‍ പുതിയൊരാള്‍.. പരിചയമില്ലാത്തതുകൊണ്ടാണെന്ന് ഉറപ്പ്.. അല്ലെങ്കില്‍ കോളേജിന്റെ നേരത്ത് ഈ വരവ് ആരേലും വരുമൊ.. മുന്നില്‍ വന്നു പെട്ടവന്‍ തനിക്ക് നേരെ വരുന്ന ചീത്തവിളികൾ എല്ലാം വായില്‍ കിടന്ന ചൂയിംഗം ചവച്ച് തീര്‍ത്തു.. പിന്നെ വണ്ടിയെടുത്ത് ചീറി പോകവേ വണ്ടിയിലേക്കൊന്ന് പാളി നോക്കി.. രാസായിയും പുതുമുഖത്തെ നന്നായൊന്ന് നോക്കിയത് അപ്പോഴായിരുന്നു.. ഈ മുഖം എത്രനാളത്തേക്കാണാവോ ഈ വഴി എന്നൊരു ചിന്തയും ഒപ്പമുണ്ടായിരുന്നു..
“ചേട്ടാ.... കോയിന്‍ വേണം”
ഇവരുടെ വിളിയൊക്കെ ഒറ്റരൂപാ കണക്കിലാ.. പിള്ളേരല്ലെ, വീട്ടില്‍ നിന്നു കിട്ടുന്നതില്‍ നിന്നും ഒപ്പിച്ചു വേണ്ടെ..ഒരാള്‍ മാത്രം ചുവരും ചാരി തന്റെ ഊഴം കാത്തു നിന്നു.. അവള്‍ക്ക് കണ്ണാടി കൂടു തന്നെ വേണം.. വര്‍ത്തമാനത്തിനൊപ്പം ചുവരിലും ഫോണ്‍ സ്റ്റാന്റിലും അവള്‍ വരച്ച നഖച്ചിത്രങ്ങള്‍ ധാരാളം.. കഴിയുമ്പോള്‍ ഒരു പൂപ്പുഞ്ചിരിയും സമ്മാനിച്ച് മറ്റുള്ളവര്‍ക്കൊപ്പം അവളും ഇറങ്ങും..
നേരം പത്തു കഴിഞ്ഞു.. ഏറിയ തിരക്കുകള്‍ ഒഴിഞ്ഞിരിക്കുന്നു.. അപ്പുറമിപ്പുറമുള്ള ഓഫീസുകള്‍ ഒന്നു ചൂടുപിടിച്ചാലെ ഇനി ആരെലും ഒക്കെ വരൂ.. അതുവരെ ചെറിയൊരു ഇടവേള..
റോഡിനപ്പുറത്തെ ചായക്കടയില്‍ നിന്നും പത്രക്കടലാസ് മൂടിയ കാലിച്ചായ എത്തും വരെ രാസായി പത്രത്തില്‍ വാര്‍ത്തകള്‍ക്കായി തിരഞ്ഞു.. പിന്നെ രാവിലെ പൊതിഞ്ഞു കൊണ്ടുവന്ന ദോശയും ചമ്മന്തിയും നല്‍കി വിശപ്പിനെ ശമിപ്പിച്ചു..
“ചേട്ടൊ.. ഇരുന്ന് ഉറങ്ങാണോ..”
അവരുടെ ഇടത്താവളമാണിവിടം..ഒരാള്‍ ചുമരിലെ കണ്ണാടിയില്‍ നോക്കി മുടിചീകി.. മറ്റൊരാള്‍ മേശപ്പുറത്ത് കിടന്ന പത്രമെടുത്ത് മറച്ചു.. പിന്നൊരാൾ മൊബൈലിന്റെ പുതിയ പ്ലാനുകളെ രാസായിയുമായി ചർച്ചതുടങ്ങി.. ഇടയിലാരോ കോളേജിലെ വിശേഷങ്ങൾ പറഞ്ഞ് വർത്തമാനത്തിന്റെ ഗതി മാറ്റി വിട്ടു... പിന്നെയും വഴിയെ വന്നു പോയവരുടെ വർത്തമാനങ്ങളിൽ ആരുടെയൊക്കെയൊ നോവും വേവും രാസായി സ്വന്തമാക്കി..
സന്ധ്യതിരിഞ്ഞ നേരത്താണ് പോലീസ് ജീപ്പ് വന്നത്.. ബൂത്തില്‍ നല്ല തിരക്കുള്ള സമയം..
“ഇത് നിന്റെ ബൂത്തിന്റെ നമ്പര്‍ അല്ലെ”
“അതെ”
“ഇവിടെന്നാണ് അവസാനത്തെ കോള്‍ വന്നിരിക്കുന്നത്..”
വിളിക്കാന്‍ വന്നവര്‍ പതിയെ വലിയാന്‍ തുടങ്ങി..റോഡില്‍ ചുറ്റിപ്പറ്റി കാഴ്ചക്കാരായി മാറി..പകച്ചു നില്‍ക്കുന്ന രാസായിയുടെ മുന്നിലേക്ക് പോലീസ്കാരന്‍ ഫോട്ടൊ നീട്ടി..
“ഇവളേ അറിയൊ”
“ക..കണ്ടിട്ടുണ്ട്..”
“എവിടെ വെച്ച്?”
“ഇതിലേ പോവുന്നത്...”
“അല്ലാതെ..?”
“ഫോണ്‍ ചെയ്യാന്‍ വരാറുണ്ട്...”
“കൂടുതല്‍ എന്തറിയാം ..”
ദയനീയ ഭാവത്തില്‍ രാസായി പോലീസ് കാരെ നോക്കി.. അവര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തുടര്‍ന്നു..
“ഈ പെണ്ണിനെ കാണാനില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്.. ഇനിയും ഞങ്ങള്‍ വരും “
ജീപ്പ് പോയതും രാസായി കസേരയിലേക്ക് ചെരിഞ്ഞു..നീട്ടിയ കാല്‍ താഴെയിരുന്ന ബാഗില്‍ തട്ടിയതും തീയില്‍ ചവിട്ടിയ പോലെ തിരിച്ചു വലിച്ചു..
“ദൈവമെ...ഇതിവിടെ ഇരീക്കുമ്പോള്‍..”
എട്ടിന്റെ സൈറണ്‍ കൂവിയശേഷം വണ്‌വേ മാറി വരുന്ന തന്റെ വണ്ടിയുടെ നേരം വരെ അയാള്‍ അസ്വസ്ഥനായി അവിടെ ഇരുന്നു.. ഷട്ടര്‍ താഴ്തി പുറത്തിറങ്ങിയ ശേഷം ഒരു വീണ്ടു വിചാരത്തില്‍ പിന്നെയും തുറന്നു.. മേശക്കടിയില്‍ നിന്ന് ബാഗ് വലിച്ചെടുത്തു.. റോഡിനു മറുപുറത്ത് തിരിവിലുള്ള ഇരുട്ടില്‍ മുങ്ങിയ മാലിന്യകൂമ്പാരത്തെയും ലക്‌ഷ്യമിട്ട് വേഗത്തില്‍ നടന്നു.. പാതിവഴിയില്‍ “നാളെ അവള്‍ വന്നാല്‍“ എന്ന ചോദ്യത്തില്‍ പതിയെ നിന്നു പോയി.. അപ്പോള്‍ അയാളുടെ പതിവു ബസ്സ് സ്റ്റോപ്പിലേക്ക് എത്താറായിരുന്നു...
ആരും ഇറങ്ങാനും കയറാനുമില്ലാതെ ആളൊഴിഞ്ഞ റോഡിലൂടെ ബസ്സ് കടന്നു പോയിട്ടും ഏറെ കഴിഞ്ഞായിരുന്നു ബൂത്തിന്റെ ഷട്ടർ വീണ്ടും തുറന്നത്.. പിന്നെ അടഞ്ഞതും..പതിയെ ഇരുട്ടിൽ അയാൾ ഫോണിൽ ഓരോ അക്കമായ് കുത്താൻ തുടങ്ങി.. എവിടെയും എത്താത്ത വിളികൾ ..
എന്നും രാസായിയെയും കൊണ്ടെത്തുന്ന ബസ്സ് വീണ്ടും വന്നിരിക്കുന്നു..ബൂത്തിനു പുറത്ത് ഇറയത്ത് അമ്മയും കുഞ്ഞും കാത്തു നിൽക്കുകയാണ്.. ഷട്ടർ തുറക്കുന്നത് പുറത്തു നിന്നാവുമോ, അതൊ അകത്തു നിന്നോ?
10 comments:
കടപ്പാട്.. പേരിൽ തുടങ്ങുന്നു.. :)
കൊള്ളാം..തരക്കേടില്ല..ലളിതം..
പേരില്‍ തുടങ്ങുന്ന കടപ്പാട് :)
എന്തൊക്കെയോ മിസ്സിങ്ങ് ... ഒന്നൂടെ വായിച്ചുനോക്കട്ടെ :)
തുടക്കം കുഞ്ഞിക്കൂനനെ(സിനിമ) ഓര്‍മ്മിപ്പിച്ചു .എങ്കിലും നിത്യ ജീവിതത്തിലെ കാഴ്ചകളെ മനോഹരമായി എഴുതാനുള്ള മാളൂസിന്റെ കഴിവ് സമ്മതിക്കാതെ വയ്യ
കുഞ്ഞിക്കൂനനെ(സിനിമ) ഓര്‍മ്മിപ്പിച്ചു .
രാസായിയുടെ ഒരു കുഞ്ഞികൂനൻ ദിവസം.. ല്ലേ.
രസകരമായി എഴുതി..
വന്നവർക്കും വായിച്ചവർക്കും നന്ദി.. മൊത്തമായും കുഞ്ഞികൂനൻ ആയല്ലെ :(
അതെ,
Post a Comment