Monday, December 21, 2009

കാൽ‌നോക്കികൾ

അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും

പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ

പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്

അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

10 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ചെരുപ്പുകുത്താനെടുത്ത സമയം മുഴുവൻ എന്റെ പാദത്തിന്റെ ലക്ഷണം പറഞ്ഞു തന്ന തമ്പാനൂരിലെ ചെരുപ്പുകുത്തിയ്ക്ക്.. ക്ഷമിക്കുക, ആ തമിഴ് പേച്ചിൽ പകുതിയും എനിക്ക് തിരിയാതെ പോയ്തിൽ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കാലില്‍ മുഖം കാണുന്നവര്‍

സത്യചന്ദ്രന്‍ പൊയില്‍കാവ്‌ said...

ചെരുപ്പുകുത്തിയും ചരിത്രം കുറിക്കും

ഞാന്‍ ഇരിങ്ങല്‍ said...

എല്ലാ എഴുത്തുകാരും നല്ല നിരീക്ഷകരും അതു പോലെ സ്വപ്നങ്ങള്‍ കാണാന്‍ കഴിവുള്ളവരുമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷെ നിരീക്ഷണവും അത് മനസ്സിലേറ്റുമ്പോഴുണ്ടാകുന്ന വലുപ്പച്ചെറുപ്പങ്ങളെ തന്‍റെ മാധ്യമത്തിലേക്ക് പകര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കുറവാണ് സൃഷ്ടിയുടെ വകതിരുവുകള്‍ അളന്ന് തിരിക്കുന്നതെന്നും ഞാന്‍ കരുതുന്നു.
ആര്‍ക്കും എവിടെയും ആരേയും നിരീക്ഷിക്കുകയോ പഠിക്കുകയോ ചെയ്യാം എന്നതും ജീവിച്ചിരിക്കുന്ന ചിന്താശേഷിയുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യം തന്നെ. അങ്ങിനെയാണ് ആദി കവി വാല്‍മീകി “അരുത്’ എന്ന് മൊഴിഞ്ഞത്,

അതു പോലെ സമൂഹത്തിലെ മുഴുവന്‍ കണ്ണുകള്‍ക്കും നേരെ പിടിച്ച് ഇട്ടിമാളു പറയുന്നു. “അരുത്” അങ്ങിനെ പറയരുത്” എന്ന്. ഇത്തരം തോന്നലുകളില്‍ നിന്നാണ് കവികളും എഴുത്തുകാരും ഉണ്ടാവുന്നത്.

തയ്യല്‍ക്കാരന് സൂചിയിലും നൂലിലും ചിന്തകള്‍ വ്യാപരിക്കുമ്പോള്‍, കലപ്പയേന്തുന്ന കര്ഷകന് അയ്യാറെട്ടിലും ഫാക്റ്റം ഫോസിലും, കളയിലും മുഞ്ഞയിലും നെല്ലിലും അരിയിലും കലപ്പയേന്തുമ്പോള്‍ ചെരുപ്പുകുത്തികള്‍ കാലിനെയല്ല കാല്പാദങ്ങളെയല്ല കാലിലും കാല് പാദത്തിലും അണിഞ്ഞിരിക്കുന്ന , അണിയേണ്ടുന്ന ചെരിപ്പുകളേ കുറിച്ചും ആഭരണങ്ങളെ കുറിച്ചും പുത്തന്‍ ഉടയാടകളെ കുറിച്ചും ചിന്തിക്കുന്നു.

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും“
നടന്നു പോവുമ്പോള്‍ “സാറേ ഷൂ പോളിഷ് വേണ്ടേ” ന്ന് ചോദിക്കുന്ന പോളിഷുകാരനെ നമുക്കറിയാം. അവരോര്മ്മിപ്പിക്കുന്നത് ഷൂ കളൊന്നും പോളിഷ് ചെയ്തിട്ടില്ലെന്ന് തന്നെയാണ്. ജീവിതം പോളിഷ് ചെയ്യപ്പെടേണ്ടതാണെന്നും അത്തരം പോളിഷ് ജീവിതത്തിന്‍ റെ ഭാഗം തന്നെയാണെന്ന് തന്നെയാണ്.
ഓരോ ചെരുപ്പു കുത്തിയിലും കലയുടെയും സ്നേഹത്തിന്‍ റെയും മനസ്സിരിക്കുന്നു അതു കൊണ്ടാണ് വൃത്തികെട്ടതെന്നും പുറത്ത് വയ്ക്കേണ്ടെതെന്നും കരുതുന്ന പാദരക്ഷകള്‍ കയ്യിലെടുത്ത് ഓമനിക്കുകയും മനോഹര്‍മാക്കി തീര്‍ക്കുകയും ചെയ്യുന്നത്.
അതു കൊണ്ട് തന്നെ
അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്“

അവര്‍ ഷാജഹാന്‍റെ താജ്മഹല്‍ പണിഞ്ഞ ശില്പികള്‍ തന്നെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത.

കുഞ്ചുമ്മാന്‍ said...
This comment has been removed by the author.
കുഞ്ചുമ്മാന്‍ said...

ബിസിനസ് തന്ത്രങ്ങള്‍ .....

Vinodkumar Thallasseri said...

മറ്റുള്ളവര്‍ കാണാതതത്‌ കാണുന്നവന്‍, കേള്‍ക്കാത്തത്‌ കേള്‍ക്കുന്നവര്‍ തന്നെയാണ്‌ കവികള്‍. ഒരു ചെരുപ്പിണ്റ്റെ തുന്നലില്‍ നിന്ന്‌ സുന്ദരമായ ഒരു കവിത മെനഞ്ഞ ഇട്ടിമാളൂ, അഭിനന്ദനങ്ങള്‍.

ഞാന്‍ ഇരിങ്ങലിണ്റ്റെ ദീര്‍ഘമായ കമണ്റ്റും നന്നായി.

Sandeep Sagar said...

Cheruppukuthikalkku thunayayi pottiya paadarakhakal!

രാജേഷ്‌ ചിത്തിര said...

nannayi...

:))))

ഇട്ടിമാളു അഗ്നിമിത്ര said...

വഴിപോക്കൻ.. അതന്നെ..:)

സത്യചന്ദ്രന്‍ പൊയില്‍കാവ്‌ .. മറ്റാരും രചിക്കാത്ത ചരിത്രം

ഇരിങ്ങലെ.. ഇതൊരു ഒന്നൊന്നര കമന്റാണല്ലൊ..

കുഞ്ചുമ്മാൻ.. ആവാം.. അവർക്കും ജീവിക്കണ്ടെ..

Thallasseri..നന്ദി.. :)

സന്ദീപ്.. മഷിത്തണ്ട് .. :)