Friday, August 3, 2007

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അവിശ്വാസിയുടെ വിശ്വാസങ്ങള്..!

അടുത്തിരുന്ന് സ്ത്രീയാണ് ഈ തുണ്ടു കടലാസ് എനിക്ക് തന്നത്.. എന്തിനെന്നറിയാതെ ഞാനവരെ നോക്കി.. അവര്‍ തനിക്ക് കിട്ടിയ കടലാസില്‍ നിറയെ എഴുതി കൂട്ടുന്നുണ്ടായിരുന്നു. സ്ഥലം തികയാതെ മറ്റൊരു കടലാസ് കൂടി അവര്‍ വാങ്ങി. ശരിയല്ലെന്ന് അറിയാമായിരുന്നിട്ടു കൂടി, ഞാന്‍ അതിലേക്കൊന്ന് ഒളിക്കണ്ണിട്ട് നോക്കി.. മകന് ഏതോ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാനാണ് അവര് ഇപ്പോള്‍ എഴുതുന്നത്...

ഞാനെനിക്ക് കിട്ടിയ കടലാസ് പതുക്കെ ചുരുട്ടി കളയാന്‍ ശ്രമിച്ചു.. എന്റെ കൂട്ടുകാരി കൊച്ചുറാണി അത് പിടിച്ച് വാങ്ങി.. അവളാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.. എവിടെ എന്ന് ചോദിച്ചാല്‍ അതു വഴിയേ മനസ്സിലാവും .. എല്ലാവരും കൈവിടുമ്പോള്‍ പ്രാര്‍ത്ഥനയില്‍ അഭയം തേടാനുള്ള അവളുടെ കഴിവില്‍ എനിക്ക് അസൂയ തോന്നി.. അവള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ എഴുതാന്‍ തുടങ്ങി .. അവള്‍ എഴുതിയിരുന്നതെല്ലാം എന്റെ പ്രാര്‍ത്ഥനകള്‍ ആയിരുന്നു.. പക്ഷെ എഴുതാന്‍ ഇനിയും ധാരാളം ഉണ്ടല്ലൊ എന്നും ഞാന്‍ ഓര്‍‌ത്തു. ആരവങ്ങള് കൂടികൊണ്ടിരുന്നു.. കാണുന്നതെല്ലാം പുതുമകള്‍.. രണ്ടുകയ്യും മുകളിലേക്ക് ഉയര്‍‌ത്തി ആടിപ്പാടുന്ന യുവതിയുടെ മുഖത്തെ ഫേഷ്യല്‍ ചെയ്ത ചെമ്പന്‍ രോമങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.. വില്ലുപോലെ വളച്ചു വെച്ച ആ പുരികകൊടികളും വലിച്ചു നിവര്‍ത്തിയ മുടിയും അവരുടെ ആടിപ്പാടലിന് തീരെ യോജിക്കുന്നില്ലെന്ന് തോന്നി.. തല്ക്കാലം പാട്ട് നിര്‍‌ത്തിയിരിക്കുന്നു… ഇടറിയ തൊണ്ട പൊട്ടി പാടിയാര്‍‌ത്തിരുന്ന സ്ത്രീയും കൂട്ടരും അടുത്തു കിടന്ന കസേരകളിലിരുന്ന് വിയര്‍‌പ്പൊപ്പുന്നു...

ഈ മഹത്തായ സംരംഭത്തിലേക്ക് അകമഴിഞ്ഞ സംഭാവനക്കായ് ദാസികളും ദാസന്മാരും നിങ്ങളെ തേടിയെത്തുന്ന അറിയിപ്പിന് വേണ്ടിയായിരുന്നു ആ മൌനം .. പാത്രങ്ങളില്‍ വീഴുന്ന തുട്ടുകള്‍ക്കനുസരിച്ച് ആ മുഖങ്ങളിലെ ചിരി മാറികൊണ്ടിരുന്നു. അല്പനേരത്തെ നിശബ്ദതക്കുശേഷം വലിയ ശബ്ദത്തോടെ പാട്ടുകള്‍ പുന:രാരംഭിച്ചു.. സ്റ്റേജിലേക്ക് വന്ന മനുഷ്യനെ എല്ലാവരും വണങ്ങി..


ഗീതങ്ങളും പ്രാര്‍‌ത്ഥനകളും ആര്‍‌പ്പുവിളികളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി.. ആരാധനയുടെ പാരമ്യത്തില്‍ ചിലര്‍ നിലത്തു വീഴുന്നുണ്ടായിരുന്നു.. അവരെ ആരും പിടിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല… അവിടെ മുഴങ്ങുന്ന പലതും എന്റെ ചെവിയില് കേറുന്നില്ലായിരുന്നു.. എന്റെ അശ്രദ്ധ കണ്ണില്‍ പെടുമ്പോഴെല്ലാം കൊച്ചുറാണി എന്നെ കണ്ണുരുട്ടാന്‍ തുടങ്ങി.എല്ലാം കാണുമ്പോഴും ഒന്നു കണ്ണില്‍ പെടാതെ മനസ്സില്‍ തറയാതെ ഓടിമറയുകയായിരുന്നു

ഇപ്പോള്‍ നടുവേദനക്കാരുടെ രോഗം മാറിയിരിക്കുന്നതായി സന്ദേശം കിട്ടിയതായി പ്രാസംഗികന്‍ എല്ലാവരെയും അറിയിച്ചു..

"ദൈവം നമുക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു.."

ആര്‍പ്പു വിളികള്‍ക്കിടയില്‍ നടുവേദനക്കാരോട് കുനിയാനും നിവരാനും ആവശ്യപ്പെടുന്നു.. അസുഖം മാറിയെന്ന് അവകാശപ്പെട്ട പലരുടെയും മുഖത്ത് വേദനയുടെ മാറാത്ത ചുളിവുകള്‍ തെളിയുന്നുണ്ടെന്ന് എന്നിലെ അവിശ്വാസിക്ക് തോന്നി...

വീണു നട്ടെല്ലിന്ന് ക്ഷതം പറ്റിയ ഒരാള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.. പ്രാസംഗികന്റെ നിര്‍‌ദ്ദേശപ്രകാരം അയാള്‍ സ്റ്റേജിനു മുന്നിലൂടെ വേച്ചു വേച്ചു നടന്നു.. ആ ചെറുപ്പക്കാരന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു.. ഞാന്‍ കണ്ണു തുടക്കുന്നത് കണ്ട് കൊച്ചുറാണിയുടെ മുഖത്തൊരു തിളക്കം ... കരയുന്നത് കണ്ടാലും മുഖം തെളിയുമൊ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു... അതോ ഇവിടെയിരുന്ന് കരയുന്നതിന് വേറെ അര്‍ത്ഥം വല്ലതും ഉണ്ടോ ആവോ..?

അസുഖക്കാരെല്ലാം തലയില്‍ തൊട്ട് പ്രാര്‍ത്ഥനക്ക് ചെല്ലാനായിരുന്നു അടുത്ത നിര്‍‌ദ്ദേശം.. ഫോട്ടോഗ്രഫറിനും വീഡിയോക്കാരനും സൌകര്യപ്രദമായ രീതിയില്‍ ഓരോ രോഗിയേയും അദ്ദേഹം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അണഞ്ഞുപോയ വീഡിയോലൈറ്റ് കത്തുന്നതുവരെ പ്രാര്‍‌ത്ഥന നിര്‍ത്തിവെക്കാനും പ്രത്യേകം ശ്രദ്ധിച്ചു.. ഇടക്ക് എത്തിയ വലിയ ബുള്സൈ അദ്ദേഹം കഴിക്കുന്നത് കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു.. രാവിലെ തൊട്ട് ഇവിടെ ആയതിനാല്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു.. ഉച്ചക്ക് വിതരണം ചെയ്ത ചായയും റൊട്ടിയും കഴിക്കാനും തോന്നിയില്ല.. ഇവിടെന്ന് പുറത്തു കടന്നാല്‍ ആദ്യം കാണുന്ന ഹോട്ടലില് നിന്ന് വയറുനിറയെ വാങ്ങികഴിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു..
ഇപ്പോള്‍ ശുശ്രൂഷിക്കപ്പെടുന്നത് ഒരു അമ്മച്ചിയാണ്.. ഒരു കൈ കാല്മുട്ടിലും മറുകൈ അരയിലും വെച്ച് കഷ്ടപ്പെട്ട് നടന്നിരുന്ന അവര്‍ എങ്ങിനെയാണ് ഈ തിരക്കില്‍ മുന്നിലെത്തിയതെന്ന് എനിക്ക് മനസ്സിലായില്ല.. അവര്‍ അസുഖങ്ങള്‍ എണ്ണിയെണ്ണി പറയാന്‍ തുടങ്ങി.. ആ ശരീരത്തില്‍ വേദനയില്ലാത്ത ഒരു ഭാഗം പോലുമില്ലായിരുന്നു.. പ്രാര്‍ത്ഥനക്കു ശേഷം അവരോട് അദ്ദേഹം കുശലം പറയുന്നുണ്ടായിരുന്നു... അമ്മച്ചിയുടെ പടം ടിവിയില് വരും.. അമ്മച്ചികാണണം .. എന്നൊക്കെ... അമ്മച്ചിയുടെ വീട്ടില്‍ ടിവി ഉണ്ടോ ആവോ.. കണ്ടിട്ട് നേരെ ചൊവ്വെ ഭക്ഷണം പോലും കഴിക്കുന്നുണ്ടെന്ന് തോന്നുന്നില്ല..

നേരം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു .. രാവിലെ എട്ട് മണിക്ക് എത്തിയതാണ്.. അവിടെത്തെ തിരക്ക് കണ്ടപ്പോള് നമുക്ക് തിരിച്ച് പോവാമെന്ന നിര്‍ദ്ദേശത്തെ കൊച്ചുറാണി കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങിയ ഒരു നുള്ളലില്‍ മൌനമാക്കി. ആള്‍ത്തിരക്കില്‍ അത് ആരും കണ്ടില്ലെന്ന് മാത്രം.. അവസാനത്തെ ആശ്രയമായി ഞാനെന്റെ തലവേദനയെ കൂട്ടുപിടിച്ചു.. സത്യത്തില്‍ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.. നില്ക്കാന്‍ വയ്യ എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് തിരിച്ച് പോവണമെന്ന് പറഞ്ഞത്... ക്യുവില്‍ നിന്ന് മാറി, അരികില്‍ കിടന്ന കസേരയില്‍ ഞാനിരുന്നു…

ഇപ്പോള്‍ ഷൂട്ട് ചെയ്യപ്പെടുന്നത് എന്റെ അഭിനയമാണ്.. അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരിക്കുന്നു.. തലയില്‍ കൈവെച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നു… മുഖമുയര്‍ത്തിയപ്പോള്‍ ഇത്ര വയസ്സായിട്ടും അദ്ദേഹത്തിന്റെ മുഖം വളരെ സുന്ദരമാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.. പക്ഷെ എന്റെ മുഖത്തേക്കടിക്കുന്ന വീഡിയോ ലൈറ്റില്‍ അധികനേരം മുഖമുയര്‍ത്തി നോക്കാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു.. പതിയെ കണ്ണുകള്‍ അടഞ്ഞു കൊണ്ടിരുന്നു..

"ദൈവം പ്രസാദിച്ചിരിക്കുന്നു.. എല്ലാവരും കേള്ക്കുവിനന്‍.. ഇവളെ ദൈവം തൊട്ടിരിക്കുന്നു.. ഇവളുടെ തലവേദന ദൈവം നിശ്ശേഷം മാറ്റിയിരിക്കുന്നു.. ഇപ്പോള്‍ ദൈവം എന്നോട് പറഞ്ഞു.. ഇവള്‍ പൂര്ണ്ണ ആരോഗ്യവതിയാണിപ്പോള്‍…"

ആള്‍ക്കൂട്ടം മുഴുവന്‍ ഞാനെന്ന അത്ഭുതവസ്തുവിനെ നോക്കുകയാണ്.. നാവ് വരണ്ടു പോവുന്നു.. കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കില്‍ ..

അദ്ദേഹം കൂടെയുള്ളവരോട് ആജ്ഞാപിക്കുന്നു..

"നല്ലൊരു ഫോട്ടോയെടുക്കണം. സാക്ഷ്യം എഴുതിവാങ്ങണം"

എന്നെ അദ്ദേഹം കസേരയില്‍ നിന്ന് കൈപിടിച്ച് എഴുന്നേല്പ്പിച്ചു

"എല്ലാവരും കാണുവിന്‍ .. ഇവള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു.."

ചുറ്റുമുയരുന്ന ആരവങ്ങളില്‍ എന്റെ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു.. കൊച്ചുറാണിയെയും കാണുന്നില്ല.. ഇപ്പൊ എനിക്ക് എവിടെയെങ്കിലും കിടക്കണം.. അദ്ദേഹം വീണ്ടും എന്നോട് പറയുകയാണ്..

"പോവുമ്പോള്‍ രണ്ടു കാസറ്റും പുസ്തകങ്ങളും വാങ്ങിക്കൊണ്ട് പോവണം"
കൂട്ടത്തിലൊരാള്‍ ഒരു പേപ്പര് തന്ന് എന്തോ എഴുതാന്‍ പറഞ്ഞു.. പക്ഷെ ഞാനത് കേട്ടില്ല…

ഉണരുമ്പോള്‍ ഞാന് മറ്റെവിടെയോ ആയിരുന്നു.. ഒരു പാട് നിറമുള്ള വളയങ്ങള്‍ കണ്മുന്നില്‍ നൃത്തം വെക്കുന്നു..ഒട്ടിപ്പോയ ചുണ്ടുകള്‍ തുറക്കാനൊരു വിഫലശ്രമം. അനക്കാന്‍ ശ്രമിച്ച കൈത്തണ്ടയില്‍ സൂചിയുടെ വേദന.. ഇപ്പോള്‍ എനിക്ക് കൊച്ചുറാണിയുടെ മുഖം കാണം.. അതില്‍ നിറയെ ദൈന്യത എഴുതി വെച്ചിരിക്കുന്നു.. എനിക്ക് നേരെ മുഖം കുനിച്ചപ്പോള്‍ വെട്ടിയിട്ട മുടിയിഴകള്‍ അവളുടെ മുഖം മറച്ചു..

വെളുത്ത് ഉടുപ്പിട്ട സ്ത്രീ തലയില്‍ തടവി പറഞ്ഞു..

"സാരമില്ല.. ഒന്നുറങ്ങി കഴിയുമ്പോള്‍ ശരിയാവും.."

പതിയെ അവരുടെ മുഖം ആ പ്രാസംഗികന്റെതായി മാറാന്‍ തുടങ്ങി.. എന്നിട്ട് ഇങ്ങനെ പറഞ്ഞു..

"ദൈവം പ്രസാദിച്ചതാണ്.."

കണ്ണുകള്‍ അടയും തോറും തുറന്ന ചെവികളിലൂടെ എനിക്ക് കേള്‍ക്കാമായിരുന്നു..

"ദൈവത്തെ സ്വീകരിക്കാന്‍ മാത്രം വിശ്വാസമില്ലത്തതുകൊണ്ടാണ്.. അവിശ്വാസിയുടെ ശരീരത്തില്‍ ദൈവം പ്രവേശിക്കുന്നതു കൊണ്ടാണ്..."

എന്റെ തലവേദന കൂടികൊണ്ടിരുന്നു.. ആര്‍പ്പു വിളികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനെന്റെ ചെവികള്‍ മുറുക്കിയടച്ചു.. അപ്പോള്‍ ആരോ എന്റെ തലവേദന തലോടിയകറ്റുന്നുണ്ടായിരുന്നു..

24 comments:

ഇട്ടിമാളു അഗ്നിമിത്ര said...

"അവിശ്വാസിയുടെ വിശ്വാസങ്ങള്..!"

ശ്രീ said...

ശരിക്കും ഇഷ്ടപ്പെട്ടു... പലപ്പോഴും തോന്നിയിട്ടുണ്ട് പലര്‍‌ക്കും ഇതു തന്നെയല്ലേ സംഭവിക്കുന്നതെന്ന്... പിന്നെ, അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ ഓരോരുത്തരും എന്നു കരുതാം ,അല്ലേ?

ഗുപ്തന്‍ said...

ഇട്ടിമാളുവേ..
അബദ്ധം പറ്റിയാല്‍ ഇങ്ങനെ വിളിച്ചു പറയാമോ... അവിശ്വാസി ആകാതെ വിശ്വാസി ആയിരിക്കുവിന്‍ !!!

നന്നായി എഴുതിയിരിക്കുന്നു. ധ്യാനിക്കാന്‍ പോകുന്ന അവിശ്വാസി അത്ഭുതലോകത്തെ ആലീസ് ആണ്. പൊരുത്തക്കേടുകളില്‍ നിന്ന് രക്ഷപെട്ട് മനസ്സിനു പരിക്കില്ലാതെ പുറത്തുവന്നാല്‍ ഭാഗ്യം.

salil | drishyan said...

നന്നായിട്ടുണ്ട്. രണ്ടാം വായനയില്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
അടുത്ത് പോട്ടയിലെങ്ങാനും പോയിരുന്നോ?

'ഒരു പാട് നിറമുള്ള വളയങ്ങള് കണ്മുന്നിലല് നൃത്തം വെക്കുന്നു' - ഇതെന്താണെന്നു മനസ്സിലായില്ല. അവിടെ തന്നെ ഉള്ള ആശുപത്രി ആണോ അത്?

"...എവിടെ എന്ന് ചോദിച്ചാല് അതു വഴിയേ മനസ്സിലാവും .." --- ആദിശേഷയ്യരില്‍ ആരംഭിച്ച ഈ സ്റ്റൈല്‍ താന്‍ വിടാന്‍ ഭാവമില്ല അല്ലേ?

സസ്നേഹം
ദൃശ്യന്‍

സു | Su said...

കഥ നല്ല കഥ. :)

വിശ്വാസം ഉണ്ടെങ്കില്‍ ദൈവം മതിയാവും. ആള്‍ദൈവങ്ങള്‍ വേണ്ട. അല്ലെങ്കില്‍ രോഗം മാറാന്‍ മരുന്ന് മതി. പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരെ വിശ്വസിക്കുന്നതാവും നല്ലത്.

qw_er_ty

ചീര I Cheera said...

മനസ്സിനു ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഏതന്തരീക്ഷവും ദുഃസ്സഹം തന്നെ..
ആ ഒരു അവസ്ഥ നന്നായി പകര്‍ത്തി.

മയൂര said...

അവരവരുടെ വിശ്വാസം അവരവരെ രക്ഷികട്ടെ...
കഥ നന്നയിട്ടുണ്ട്....:)

മുസാഫിര്‍ said...

നല്ല കഥ ഇട്ടിമാളു.ഇതു പോലെയുള്ള പലപ്രസ്ഥാനങ്ങളുടേയും തുടക്കത്തില്‍ കാ‍ണുന്ന ഉദ്ദേശശുദ്ധി പിന്നെ കച്ചവടമായിമാറുമ്പോള്‍ നഷ്ടപ്പെടുന്നതായി കാണുന്നു.അത് നന്നായി പ്രതിഫലിക്കുന്നുണ്ട് ഇതില്‍.

ദൈവം said...

ദൈവം പ്രസാദിച്ചിരിക്കുന്നു.. എല്ലാവരും കേള്‍ക്കുവിന്‍.. ഇവളെ ദൈവം തൊട്ടിരിക്കുന്നു...

Rasheed Chalil said...

ചികിത്സക്ക് ഡോക്ടേഴ്സ് ഉണ്ടല്ലോ... പിന്നെ പ്രാര്‍ത്ഥനയ്ക്ക് ദൈവവും... ആള്‍ദൈവങ്ങളെ അവഗണിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

നന്നായിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ... നി(എ)ന്റെ വിശ്വാസം നി(എ)ന്നെ രക്ഷിക്കട്ടെ... ;)

മനു.. ആരു വിളിച്ചു പറഞ്ഞു...

ദൃശ്യാ... നമിച്ചിരിക്കുന്നു ആ വായനയെ... ആദിയെ ഓര്‍ത്തിരിക്കുന്നു എന്നതില്‍ സന്തോഷം.. വിമര്‍ശനം ഞാന്‍ സ്വീകരിച്ചിരിക്കുന്നു...ചിലതങ്ങിനെയാ വിട്ടു പോവില്ല... ശ്രദ്ധിക്കാം ട്ടൊ

സു.. അതൊക്കെ ശരി തന്നെ.. എന്നാലും..?

പി ആര്‍... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

മയൂര.. അങ്ങിനെ തന്നെ..

മുസാഫിര്‍ .. വന്നതില്‍ സന്തോഷം

ദൈവം.. പ്രത്യക്ഷപെട്ടതിന് നന്ദിയുണ്ട്

ഇത്തിരി... കഴിയാതെ വരുമ്പൊഴല്ലെ പ്രശ്നം

G.MANU said...

:)

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട്..ഇതുവായിച്ചപ്പോള്‍ കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്ന എസ്.ശാരദക്കുട്ടിയുടെ ശരീരം മരണമുള്ള ദൈവം എന്ന ലേഖനം ഓര്‍ത്തുപോയി.ഗൌരവമായ ചിന്തയര്‍ഹിക്കുന്ന ഒരു പ്രതിഭാസമാണിത്, ഈ നെറികെട്ട ആത്മീയവത്കരണം.

Avyakthi | അവ്യക്തി said...

ഇതോ ആത്മീയത ??? :-D

ഉപാസന || Upasana said...

പ്രിയമുള്ള പൊങ്കുന്നം വര്‍ക്കി സാര്‍...
ഇവിടെ ഇതാ സാറിന്റെ ഒരു പിന്‍ ഗാമി ഉദയം കൊണ്ടിരിക്കുന്നു.... “ഇട്ടിമാളു”
ബുള്സൈ പ്രയോഗം ഒക്കെ കലക്കി.
“ആര്‍പ്പു വിളികള്‍ക്കിടയില്‍ നടുവേദനക്കാരോട് കുനിയാനും നിവരാനും ആവശ്യപ്പെടുന്നു.. അസുഖം മാറിയെന്ന് അവകാശപ്പെട്ട പലരുടെയും മുഖത്ത് വേദനയുടെ മാറാത്ത ചുളിവുകള്‍ തെളിയുന്നുണ്ടെന്ന് എന്നിലെ അവിശ്വാസിക്ക് തോന്നി...“.. ഇട്ടിമാളു... നിങ്ങള്‍ പറയുന്നത് ന്യൂനപക്ഷവിരുദ്ധമാണെന്ന് നീ അറിയുന്നില്ല. ന്യൂനപക്ഷങ്ങളെ തൊട്ടു കലിച്ചാല്‍ കമ്മ്യൂണിസ്റ്റ്.. എന്തിന് മാണിസാര്‍ വരെ വിമോചന സമരവുമായി ഇറങ്ങും....ഭരണഘടനയെ തൊട്ടു കളിക്കുന്നോ...ജാഗ്രതൈ..
ഞാന്‍ ഇതാ രണ്ടും കയ്യും പൊക്കി കൈയടിച്ചു അഭിനന്ദിക്കുന്നു... Fantastic.. sharp..

ശരണ്യ said...

നന്നയിട്ടുണ്ട്...

Ajith Pantheeradi said...

വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍

ഇട്ടിമാളു അഗ്നിമിത്ര said...

മനു, എന്തെ ചിരിയില്‍ ഒതുക്കിയെ.... ?

സനാതനാ, ആ ലേഖനം ഞാന്‍ വായിച്ചില്ല.കിട്ടുമോന്ന് നോക്കട്ടെ...

ഗുപ്താ, അല്ലെന്നാണ് എനിക്ക് തോന്നുന്നത്...

സുനില്‍, അഭിനന്ദനങ്ങള്‍ക്ക് നന്ദി.....,,

ശരണ്യ, സന്തോഷം .. മാരാര്‍, നന്ദിയുണ്ട്...

അഭയാര്‍ത്ഥി said...

നന്നായിട്ടുണ്ടു.

ഇട്ടിമാളു അഗ്നിമിത്ര said...

മനു....... നന്ദി :)

aneeshans said...
This comment has been removed by the author.
'ങ്യാഹഹാ...!' said...
This comment has been removed by the author.
Ragesh N M said...

💖💖💖

ഇട്ടിമാളു അഗ്നിമിത്ര said...

💕