Sunday, July 15, 2007

യാത്രാമൊഴി

യാത്രാമൊഴികള്‍‌ക്ക് അര്‍ത്ഥം നഷ്ടപ്പെട്ടപ്പോള്‍
അവരെനിക്ക് 'മനോമി"യെ തന്നു
എന്നെപ്പോലെ വേരുകള്‍ നഷ്ടപ്പെട്ട മനോമിയെ
'സേനഹപൂര്‍‌വ്വ"ത്തില്‍ മറന്നുപോയ ചന്ദ്രക്കല
എന്റെ നഷ്ടങ്ങളുടെ പ്രതീകമാവുന്നു
അവളേ സ്നേഹിച്ചവരില്‍ നിന്നും അവള്‍ ഓടിയകന്നു
അവള്‍ സ്നേഹിച്ചവര്‍‌ക്ക് അവളൊരു ഭാരമായ്
രക്തബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോള്‍
സൌഹൃദങ്ങളുടെ വിലയറിയാന്‍
അവള്‍ ബന്ധങ്ങള്‍ക്കപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു
(ഞാനും..)

വര്‍‌ഷങ്ങള്‍ നല്‍‌കുന്ന പ്രായത്തിന്റെ പക്വത
ഒരിക്കലും പ്രായമാവാത്ത മനസ്സിന്റെ അപക്വതയും
കടിഞ്ഞാണിന്റെ നേരിയ ചലനങ്ങള്‍‌പോലും
പൊട്ടിപൊളിഞ്ഞ തകരപ്പാട്ടയുടെ
അരോചകമായ സ്പന്ദനങ്ങളാകുന്നു
മറക്കാമെന്ന് ഞാന്‍ വെറുതെ എന്റെ ഓര്‍‌മ്മകളോട് പറഞ്ഞു
അവര്‍ പുച്ഛത്തോടെ ചിരിക്കുന്നു
നിന്റെ മുറിവുകളില്‍ ഒരു മുള്ളാണികൂടി

ഇന്നും ഞാനൊത്തിരി ചിലച്ചു
എന്തിനെന്നറിയാതെ
അവസാനം ആട്ടം മറന്ന്
അരങ്ങില്‍ ഉറങ്ങിപ്പോയി
ഭരതവാക്യം ചൊല്ലി തിരശ്ശീല വീഴുമ്പോള്‍
ഞാനറിയുന്നു
എന്റെ രംഗം എന്നെ കഴിഞ്ഞു പോയെന്ന്
അത്,
ഞാനറിയാതെ മറ്റാരോ ആടി തകര്‍‌ത്തെന്ന്

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
അവള്‍ യാത്രയാവുന്നു - കടലിനക്കരേക്ക്
എഴുതപ്പെടാത്ത കുറ്റപത്രങ്ങളുടെ
പുതിയ താളുകള്‍ മറിക്കാന്‍ , ഞാനും
എവിടെയെന്നറിയാത്ത മറ്റൊരു താവള്‍ത്തിലേക്ക്

അവസാനം ---

സാദൃശ്യങ്ങളുടെ ആകെ തുകയില്‍ നിന്ന്
ചേരാത്ത ഇഴകളെ കുറച്ചെടുത്തോട്ടെ
അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല


*മാധവികുട്ടിയുടെ മനോമി

11 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അവസാനം ---

സാദൃശ്യങ്ങളുടെ ആകെ തുകയില്‍ നിന്ന്
ചേരാത്ത ഇഴകളെ കുറച്ചെടുത്തോട്ടെ
അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല

സു | Su said...

എനിക്കിതിഷ്ടമായി.

“ഇന്നും ഞാനൊത്തിരി ചിലച്ചു...മറ്റാരോ ആടി തകര്‍ത്തെന്ന്.”

എന്നുള്ള വരികള്‍ പ്രത്യേകിച്ചും.

Anonymous said...

ഇട്ടിമാളൂ...,
ഞാന്‍ വായിച്ചു.
എനിക്ക് തീരെ ഇഷ്ടമായില്ല
എന്തോ പഠിച്ചതെല്ലാം മറന്ന കുട്ടിയെപോലെ തോന്നി ഈ കവിത വായിക്കുമ്പോള്‍ . എന്തു പറ്റി ഇട്ടിമാളൂ..
എഴുത്തിലെ വരികളിലൊ ഒന്നും തോന്നിയില്ല.
ഇനി ഞാന്‍ നോബല്‍ സമ്മാനത്തിനു വേണ്ടിയല്ല എഴുതുന്നതെന്ന് മറുപടിയെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെയും പിന്‍ വലിച്ചിരിക്കുന്നു.

ഇരിങ്ങല്‍

മിടുക്കന്‍ said...

ആഹാ.. ഒരൊഫേ...

ഇട്ടിമാളു ദേണ്ടെ പിന്നേം മോഷ്ടിച്ചു...

:)

aneeshans said...

അവള്‍ ആരെയും വെറുക്കുന്നില്ല
ഞാന്‍ ആരെയും സ്നേഹിക്കുന്നുമില്ല


അതെന്താ‍ അങ്ങനെ ഇട്ടിമാളൂ ?

Haree said...

:|
--

ഇട്ടിമാളു അഗ്നിമിത്ര said...

സു..:)
ഇരിങ്ങലെ... എന്തിനാ പിന്‌വലിക്കുന്നെ
മിടുക്കാ.. അതു കണ്ടുപിടിച്ചല്ലെ..;)
ആരോഒരാള്‍.... അതങ്ങിനെയാ..
ഹരി.. എന്തുപറ്റി?

മനോജ് കാട്ടാമ്പള്ളി said...

യാത്രാ മൊഴിയുടെ അവസാനം കണ്ണ് നനംഞ്ഞു.

ഇട്ടിമാളു അഗ്നിമിത്ര said...

മനോജ്..:)

ആദൂക്കാരന്‍ said...

ഇട്ടിമാളൂ....
ആദ്യായിട്ടാ തന്റെ ബ്ലോഗ് കാണണെ....
നന്നായിട്ടുണ്ട്
കുട്ടിക്കാലത്തെപ്പോഴോ നഷ്ടപ്പെട്ട ആ മയില്‍പ്പീലി വീണ്ടും കിട്ടിയപോലെ
നന്ദി

ഇട്ടിമാളു അഗ്നിമിത്ര said...

ആദൂക്കാരാ.. ഈ വഴി വന്നതില്‍ നന്ദിയുണ്ട്..