Monday, July 2, 2007

വഴികള്‍

വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു

നീണ്ടുപോവുന്ന വഴികള്‍
അവയുടെ അവസാനം ഏറെ ഇടവഴികള്‍
നേര്‍വഴി നഷ്ടമാവുമ്പോള്‍ തേടാനായ് കുറുവഴികള്‍
ആരോ പറഞ്ഞു വെച്ച ചൊല്‍‌വഴികള്‍

തിരിച്ചു നടക്കാനാവാത്ത ഇന്നലെകളുടെ വഴികള്‍
ഒരിക്കലും സ്വന്തമാവാത്ത സ്വപ്നത്തിന്റെ വഴികള്‍
കൊതിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഭാഗ്യത്തിന്റെ വഴികള്‍
യാത്രികര്‍ മറന്ന സത്യത്തിന്റെ വഴികള്‍
നെഞ്ചേറ്റി വെക്കുന്ന സ്നേഹത്തിന്റെ വഴികള്‍
മറക്കാന്‍ മറന്നുപോയ അവഗണനയുടെ വഴികള്‍
പ്രിയമുള്ളവര്‍ നടന്നു മറഞ്ഞ മരണത്തിന്റെ വഴികള്‍
ആര്‍ക്കും വേണ്ടാത്ത യാതനയുടെ വഴികള്‍
ആര്‍‌ക്കോ വേണ്ടി കാത്തുനില്‍ക്കുന്ന മുള്‍വഴികള്‍

ആരും കടന്നു വരാത്ത എന്റെ വഴികള്‍
അറിയാതെ ഞാന്‍ എത്തുന്ന കവിതയുടെ വഴികള്‍
അറ്റമില്ലാതെ നീളുന്ന ഭാവനയുടെ വഴികള്‍
പണ്ടുപണ്ടെന്ന് ചൊല്ലുന്ന കഥയുടെ വഴികള്‍
പറയാന്‍ മറന്നുപോയ ജീവിത വഴികള്‍
പാതി പറഞ്ഞു നിര്‍ത്തിയ ഭാവിയുടെ വഴികള്‍

വഴികളില്‍ ...വഴിത്തിരിവുകളില്‍
വഴികാട്ടികള്‍ നഷ്ടമാവുന്ന കൂട്ടുവഴികളില്‍
വഴിയരികില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു

16 comments:

ഇട്ടിമാളു അഗ്നിമിത്ര said...

വഴികളില്‍ നിന്നും വഴികളിലേക്കുള്ള യാത്രകള്‍
എന്നിട്ടും ഞാനിന്ന് വഴികളെ തേടുന്നു

Rasheed Chalil said...

വഴികളേ തേടികൊണ്ടേയിരിക്കുക.
വഴിയരികില്‍ അപ്രതീക്ഷിത ഭാഗ്യം പതുങ്ങിയിരിപ്പുണ്ടാവും ... അവിടെ വെച്ച് പിന്നിട്ട വഴികളുടെ നഷ്ടവും ദു:ഖവും ആസ്വദ്യമാവും.

വാല്‍കഷ്ണം.
നീ തന്നെ വഴി, നീ തന്നെ വഴിക്കാട്ടി, നീ തന്നെ യാത്രികന്‍, നീ തന്നെ ലക്ഷ്യസ്ഥാനം എന്ന് കവി വചനം.

നന്നായിരിക്കുന്നു.

സുല്‍ |Sul said...

ജീവിതമൊരു യാത്രയല്ലേ..
അതിനു വഴികള്‍ കൂടിയല്ലേ തീരൂ..
നല്ല കവിത.

വഴികള്‍ എന്നത് ഒരു പാട് ആവര്‍ത്തിച്ചതുകൊണ്ട് തലമുഴുവന്‍ ഴ യുടെ ഒരു കുഴ കുഴ. ഇനി എപ്പൊഴാ അതൊഴിവാകുന്നേ. ആരുടെം പഴികേള്‍ക്കാതിരുന്നാല്‍ മതിയായിരുന്നു.
-സുല്‍

Areekkodan | അരീക്കോടന്‍ said...

തേടികൊണ്ടേയിരിക്കുക....നല്ല കവിത.

ചീര I Cheera said...

വഴികള്‍ നന്നായി..

Anonymous said...

:)

Anonymous said...

ഇട്ടിമാളുവിനെ കണ്ടിട്ട് കുറേയായി. ഈ വഴിക്ക് (ബൂലോക വഴിക്ക്) വന്നിട്ട് കുറച്ച് നാളായി. അതാ.

സുഖമാണല്ലൊ അല്ലേ.. കവിത വഴികള്‍ വായിച്ചു,

venunadam said...

എല്ലാ വഴികളും കാലഹരണപ്പെടുന്വോള്‍ ശംശാനം ശ്വാശതം
വഴികള്‍ നമ്മുടേത്‌, വഴിയന്വലങ്ങളും നമ്മുടേത്. പക്ഷെ, ചുവടുവെപ്പുകള്‍ സഹകരിക്കുന്നില്ലെങ്കില്‍, പാവം വഴിപ്പോക്കന്‍ എന്തു ചെയ്യും?

Haree said...

:)
ഓഫ്: ഒരു വഴിക്കായോ! ;)
--

ഇട്ടിമാളു അഗ്നിമിത്ര said...

ഇത്തിരി .. തേടികൊണ്ടിരിക്കുന്നു
സുല്ലെ.. വഴികള്‍ അഴ കൊഴയക്കിയതിന് പഴി കേട്ടോ?
അരീക്കോടാ.. :)
പി ആര്‍ ..:)
നവന്‍ .. :)
ഇരിങ്ങലെ... സുഖം തന്നെ.. അഭിപ്രായം പറഞ്ഞില്ലല്ലോ.. :(
വേണുനാദം .. എനിക്ക് മുഴുവന്‍ മനസ്സിലായില്ല :(

ഹരി.. പെരുവഴിയാണോ ഉദ്ദേശിച്ചത്

മനോജ് കുമാർ വട്ടക്കാട്ട് said...

നാട്ടുകാരെ വീഴ്ത്താ‍ന്‍ കള്ളക്കുഴികള്‍ കുഴിച്ച് വച്ച വഴികള്‍..... :)

ശ്രീ said...

വഴികള്‍‌ അവസാനമില്ലാതെ തുടരുന്നു...
നന്നായിട്ടുണ്ട്...
:)

സു | Su said...

വഴികളിലൂടെ ഞാനും പോകുന്നു. ചിലപ്പോള്‍ തനിച്ച്, ചിലപ്പോള്‍ കൂട്ടുമായി. വഴികള്‍ ചിലപ്പോള്‍ ചിരിക്കുന്നു. ആശംസ നേരുന്നു. ചിലപ്പോള്‍ എങ്ങോട്ടാണെന്ന് സംശയത്തോടെ നോക്കുന്നു. വിലക്കുന്നു. ഒടുവില്‍ വഴിയൊടുങ്ങുമ്പോള്‍ ഞാന്‍ തനിച്ചാവുമോന്ന് പേടിയുണ്ട്. എന്നാലും വഴികളെ ഞാന്‍ സ്നേഹിക്കുന്നു.

ഇട്ടിമാളൂ :) വഴികളെ തേടി അലയുകയാണോ?

ഇട്ടിമാളു അഗ്നിമിത്ര said...

മനോജ് .. ശ്രീ.. സു ... :)

ഒറ്റയാന്‍ ottayan said...

ഇട്ടിമാളുവിന്‍റെ കവിത വായിച്ചു. നന്നായിരിക്കുന്നു. ആദ്യം മുതല്‍ മുഴുവന്‍ ഒന്നു വായിക്കട്ടെ...

ഇട്ടിമാളു അഗ്നിമിത്ര said...

ഒറ്റയാന്‍ .. :)