Tuesday, June 26, 2007

നീരു വലിയ കുട്ടിയാ....

നിരഞ്ജന ----

കസേരക്ക് പുറകിലേക്ക് തലചായ്ച് കിടന്ന അവള്‍ കണ്‍‌തുറന്നത് എന്തോ ശബ്ദം കേട്ടെന്ന തോന്നലിലാണ്...മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മേശപ്പുറത്ത് കിടന്ന ഫോട്ടോസ് എടുത്ത് വീണ്ടും നോക്കാന്‍ തുടങ്ങി.

കറുപ്പും ചുവപ്പും ആധിപത്യം സ്ഥാപിച്ച ചിത്രങ്ങള്‍ ആയിരുന്നു മിക്കവയും.. അഗ്നി താണ്ഢവമാടിയ ഒരു ബസ്സ് അപകടം .. നാളെത്തെയും തുടര്‍‌ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍‌വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍‌താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍‌സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍‌മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..

തലേദിവസത്തെ അദ്ധ്വാനം നല്‍കിയ ക്ഷീണം നിരഞ്ജനയുടെ കണ്ണുകളിലേക്ക് ഉറക്കത്തെ വിളിച്ചു വരുത്തുന്നുണ്ടായിരുന്നു.പക്ഷെ മനസ്സ്, നടുക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മോചിതമായി ഉറങ്ങാന്‍ തയ്യാറായിരുന്നില്ല. . അവളുടെ ശ്രദ്ധ കയ്യിലിരുന്ന ഫോട്ടോകളില്‍ തന്നെ തിരിച്ചെത്തി..

ഉയര്‍‌ന്നു കത്തുന്ന തീനാളങ്ങളുടെ നിഴലുകള്‍‌ക്കിടയില്‍ രണ്ടു കൊച്ചു ഗോളങ്ങള്‍ ജ്വലിച്ചു നിന്നു.. രണ്ടു കണ്ണുകള്‍ .. യാന്ത്രികമായി ചിമ്മിയ കേമറകണ്ണുകള്‍ അവയെ പകര്‍‌ത്തിയത് അവള്‍ പോലും അറിഞ്ഞിരുന്നില്ല...

"മോളേ.. അല്ല .. മാഡത്തിനെ സാറ് വിളിക്കുന്നുണ്ട്"

ശങ്കരേട്ടന്‍ വന്ന് പറഞ്ഞപ്പോള്‍, അവള്‍ കൂടെ ചെന്നു .. മുറിക്കു പുറത്തു കടന്നതും അവള്‍ തന്റെ പരിഭവം പുറത്തെടുത്തു..

"എന്നെ മേടം എടവം എന്നൊന്നും വിളിക്കണ്ട"

പിന്നെ പതുക്കെ പറഞ്ഞു

"കുടുംബം പുലര്‍‌ത്താന്‍ ഞാന്‍ മുതിര്‍‌ന്നു പോയെങ്കിലും ശങ്കരേട്ടന്റെ മനസ്സിലെങ്കിലും ഞാന്‍ ആ പഴയ നീരുവായി ..കോളേജുപെണ്ണായിരിക്കട്ടെ"

സാറിന്റെ മുറിയില്‍ കയറും മുമ്പ് അവള്‍ ശങ്കരേട്ടനെ ഒന്നു കൂടി നോക്കി.. അയാളുടെ കണ്‍‌കളില്‍ തുള്ളികളാകും മുമ്പെ പൊലിയാന്‍ വിധിക്കപ്പെട്ട കണ്ണീറ്‌തുള്ളികള്‍ ഉറവയെടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ മനസ്സിലെ ചിന്തകള്‍ ഇതിലൊന്നായിരുന്നിരിക്കാം .. ഒന്നുകില്‍ അകാലത്തില്‍ നഷ്ടമായ തന്റെ സുഹൃത്തിനെ കുറിച്ച്..അല്ലെങ്കില്‍ അയാളുടെ മകളെ കുറിച്ച് ...

കണ്ണു തുടച്ച് ശങ്കരേട്ടന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അടഞ്ഞവാതിലിനപ്പുറം ഒരു തുടക്കക്കാരിക്കു ലഭിക്കാവുന്നതിലേറെ അഭിനന്ദനങ്ങള്‍ നിരഞ്ജനക്കു മേല്‍ ചൊരിയപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നു പോലും അവളുടെ മനസ്സിലേക്ക് കടന്നു ചെന്നില്ല...മാത്രമല്ല, ഒരു പിടി മനുഷ്യരുടെ വേദനകളെ വിറ്റ തന്നോട് അവള്‍ക്ക് പുച്ഛമാണ് തോന്നിയത്. വീണ്ടും ആ ചോദ്യം അവളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.

"കിട്ടിയ സമയം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ ..."

തനിച്ചായപ്പോള്‍ ആ ദൃശ്യങ്ങളുടെ ഓര്‍‌മ്മകള്‍ അവളുടെ കാല്‍‌വിരലുകളില്‍ നേര്‍‌ത്ത പെരുപ്പായി.. പിന്നെ ഒരു വിറയലായി അത് മുകളിലോട്ട് അരിച്ചു കയറി. ശിരസ്സില്‍ ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍, അവള്‍ തല ശക്തമായി കുലുക്കി...ചെവികള്‍ കൈകൊണ്ട് കൊട്ടിയടച്ചൂ‍...നിമിഷങ്ങള്‍ക്കപ്പുറം സ്വബോധം വീണ്ടെടുക്കുമ്പോള്‍ അവള്‍ ആദ്യം ചെയ്തത്, തനിക്കു ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു..

-----------

നിരഞ്ജനയുടെ ഓര്‍‌മ്മയില്‍ ആദ്യമായി നടക്കുന്ന പടയണി ആയിരുന്നു അത്.. കാണാന്‍ പോവുമ്പോള്‍ കേമറ എടുത്തത് അമ്മയുടെ എതിര്‍‌പ്പിനെ വകവെക്കാതെ ആയിരുന്നു..അച്ഛന്റെ മരണശേഷം അത് ആരും എടുക്കാറില്ലായിരുന്നു.താന്‍ ഇതേവരെ കാണാത്ത ആ കാഴ്ചയുടെ കുറെ നല്ലചിത്രങ്ങള്‍ ..അത്ര മാത്രമെ ഉദ്ദേശമുണ്ടായിരുന്നുള്ളു..നാളുകള്‍ക്ക് ശേഷം അന്നാദ്യമായി അവളുടെ അച്ഛന്റെ "ഇരുട്ടുമുറി"യില്‍ വെളിച്ചം വീണു....പിറ്റേന്ന് ശങ്കരേട്ടനെ പടയണിയുടെ ഫോട്ടോസ് കാണിച്ചപ്പോള്‍ അതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തുകൊണ്ട് പോയി..പിന്നെ ശങ്കരേട്ടന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ കോപ്പിയും ഒരു കവറും കൊണ്ട് വന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല അതാണ് തന്റെ ചോറെന്ന്..

ഒരു പകരക്കാരി ആയാണെങ്കിലും അവളിന്ന് ഒരു പ്രെസ്സ് ഫോട്ടൊഗ്രഫര്‍ ആണ്..പൂവിനും ചിത്രശലഭങ്ങള്‍ക്കും പകരം അവള്‍ നഗരത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്നു.. അരിവാങ്ങാന്‍ കാശില്ലാത്തവരുടെ നിരാഹാരസമരങ്ങളും തുണിയില്ലാത്തവരുടെ ഫേഷന്‍ ഷോകളും അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു..

------

അതുവരെ സംസാരിച്ചിട്ടില്ലാത്തവര്‍ പോലും നിരഞ്ജനയുടെ അടുത്ത് വന്ന് അഭിനന്ദനം പറഞ്ഞു...പക്ഷെ എന്നിട്ടും അവളുടെ മുഖത്ത് വന്നത് ഒരു മങ്ങിയ ചിരി മാത്രം.. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴെക്കും നേരിയ തലവേദനയും ...

അമ്മ അടുത്തു വന്നിരുന്ന് ഒരോ കാര്യമായി പറയാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ ഓര്‍ത്തു.. അമ്മ പഴയ വഴക്കൊക്കെ മറന്നിരിക്കുന്നു.. ഒത്തിരി മുതിര്‍ന്നതു പോലെയാ അമ്മ തന്നോട് പെരുമാറുന്നത് ... അനിയത്തിയും വല്ലാതെ അകന്ന പോലെ... പേടിയോടെയാ ഓരോ ആവശ്യവും തന്നോട് പറയുന്നത് .. മൂന്നുമാസം മുമ്പ് വരെ അച്ഛനുണ്ടായിരുന്നതില്‍ നിന്നും എന്തൊരു വ്യത്യാസം .. ചിന്തകളില്‍ നിരഞ്ജന ഒരു പാടു കാലം പുറകിലായിരുന്നു ...

"ചേച്ചി...." അനിയത്തിയുടെ വിളികേട്ട് ഉണര്‍‌ന്നപ്പൊഴാണ് അമ്മ എപ്പൊഴൊ എഴുന്നേറ്റ് പോയിരുന്നെന്ന് അവള്‍ അറിഞ്ഞത്... അനിയത്തിയെ അരികില്‍ പിടിച്ചിരുത്തി...

"എനിക്ക് യൂത്ത്ഫെസ്റ്റിവല്‍ ന്‍ പോവണം .. പെണ്‍കുട്ടികളുടെ കൂടെ വീട്ടില്‍ നിന്ന് ആരെങ്കിലും ചെല്ലണമെന്ന് പറഞ്ഞു.. കഴിഞ്ഞ തവണ അച്ഛനാ...."

അത്രയുമായപ്പൊഴേക്കും നിരഞ്ജന അവളേ തന്നോട് ചേര്‍‌ത്തു

"ചേച്ചിയില്ലെ .. പിന്നെന്താ .. ചേച്ചി വരാം കൂടെ.."

------------------
സമ്മാനങ്ങള്‍ നെഞ്ചോടടക്കി പിടിച്ചുള്ള അനിയത്തിയുടെ വരവു കണ്ടപ്പോള്‍
നിരഞ്ജനക്കു കരച്ചില്‍ വന്നു... അടക്കി പിടിച്ച വേദന പൊട്ടിയത് അവള്‍
വന്നു കെട്ടിപ്പിടിച്ചപ്പൊഴാ... രണ്ടുപേരും ചിന്തിച്ചത് അച്ഛനെ
കുറിച്ചാണെന്ന് അവര്‍‌ക്കറിയാമായിരുന്നു.. വീട്ടില്‍ കാത്തിരിക്കുന്ന
അമ്മയെ ഓര്‍‌ത്തപ്പൊഴാ ഒരു മൊബൈല്‍ ഇല്ലാത്തതിന്റെ വിഷമം നിരഞ്ജന
അറിഞ്ഞത്...

വീട്ടില്‍ എത്തുമ്പൊഴേക്കും നേരം ഏറെ വൈകി... മുറ്റത്തെ ആള്‍ക്കൂട്ടം
കണ്ട് എന്തെന്നാലോചിക്കും മുമ്പെ ശങ്കരേട്ടനെത്തി...

"അമ്മ..."

ആ കൈയില്‍ പിടി മുറുക്കുമ്പോള്‍ അവള്‍ ഒറ്റപ്പെടലിന്റെ തണുപ്പറിഞ്ഞു..

"പെട്ടന്ന് വയ്യായ തോന്നി കൊണ്ടു പോയതാ.. എത്തിയില്ല.. നിങ്ങളെ
അറിയിക്കാന്‍ വഴിയില്ലാത്തോണ്ട് കാത്തിരിക്കാരുന്നു.. എല്ലാം
ഒരുക്കിയിട്ടുണ്ട്.."

തനിക്കായൊന്നും ചെയ്യാനില്ലെന്ന് നിരഞ്ജന വേദനയോടെ അറിഞ്ഞു...മുഖത്തു
നിന്ന് തുണിമാറ്റിയപ്പോള്‍ ആരുടെയോ നിര്‍‌ദ്ദേശത്തില്‍ അവള്‍ ആ ഉറങ്ങുന്ന മുഖം പകര്‍ത്താന്‍ ശ്രമിച്ചു.. കൈകള്‍ വിറക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ഉള്ളിലിരുന്നു ശാസിച്ചു...

രാത്രി ആളൊഴിഞ്ഞ വീട്ടില്‍ അവള്‍ ആ കേമറ അച്ഛന്റെ ഇരുട്ടുമുറിയില്‍
വെച്ചു പൂട്ടി.. പിന്നെ തളര്‍‍ന്നുറങ്ങുന്ന അനിയത്തിയെ തന്നോടു ചേറ്‌ത്തു കിടത്തി..

11 comments:

ഇട്ടിമാളു അഗ്നിമിത്ര said...

നാളെത്തെയും തുടര്‍‌ന്നു വരുന്ന കുറെ ദിവസങ്ങളിലെയും ഉറക്കച്ചടവിനെ ഉണര്‍‌വ്വാക്കി മാറ്റാന്‍ ഇവ പത്രത്തിന്റെ മുന്‍‌താളുകളില്‍ നിറഞ്ഞു കിടക്കും..പിന്നെ മറ്റൊരു ദുരന്തചിത്രണത്തിനൊ ആഹ്ലാദോല്‍‌സവത്തിനോ വഴിമാറിക്കൊടുക്കും.. അവസാനം കുറച്ചു പേരുടെ ഓര്‍‌മ്മകളിലും പത്രക്കാരുടെ ശേഖരത്തിലും ആരുടെയൊക്കെയോ കണക്കുകളിലും മാത്രം അവശേഷിക്കുന്ന ഇന്നലകളിലെ ഒരു സംഭവം മാത്രമാവും ..

Haree said...

പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പലപ്പോഴും അനുഭവിക്കുന്ന മാ‍നസിക സംഘര്‍ഷം. മുന്‍പ് പുലിസ്റ്റര്‍ സമ്മാനര്‍ഹമായ ഒരു ചിത്രത്തിന്റെ കഥയാണ് ഓര്‍മ്മവരുന്നത്:
In 1993, a photographer named Kevin Carter went to Sudan to capture im-ages of that nation's dismal and unending civil war. One of the pictures he took was of a starving little girl: She had collapsed in the bush, and a vulture nearby seemed to be waiting for her to die. The photo was reproduced all over the world, touching many thousands of people, becoming an icon of African misery, winning a Pulitzer Prize, and, a year later, apparently contributing to Carter's own suicide.: Read Here

നിരഞ്ജന തുടങ്ങിയതല്ലേയുള്ളൂ, പിന്നീടിതൊരു ശീലമാവും. ദൈന്യം സ്ഫുരിക്കുന്ന കണ്ണുകളെ കാണാതെയാവും, ഫോട്ടോകളിലെ ലൈറ്റ്-ഷേഡ്-കോണ്‍‌ട്രാസ്റ്റ്-ടോണ്‍ എന്നിവമാത്രം ശ്രദ്ധിച്ചുപോകുവാനും അവള്‍ക്കാവും. നാളെ രാവിലെ, വീണ്ടും മുറി തുറക്കപ്പെടും, കേമറ അവള്‍ പിന്നെയും കഴുത്തില്‍ തൂക്കും... അല്ലാതെ ജീവിതമില്ല.
എനിക്കിതുവളരെ ഇഷ്ടമായി... :)

അവള്‍ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കുന്നു.. - എന്റെ നിശ്ചലം ബ്ലോഗിനും ഒരു അര്‍ത്ഥമായി... ;)
--

Haree said...

കാര്‍ട്ടറുടെ അവാര്‍ഡ് വിന്നിംഗ് ഫോട്ടോ കാണുവാ‍ന്‍ ഇവിടെ നോക്കുക.
--

സു | Su said...

നിരഞ്ജനയുടെ ദൈന്യത മനസ്സിലാവുന്നു.

Dinkan-ഡിങ്കന്‍ said...

നന്നായിരിക്കുന്നു





qw_er_ty

salil | drishyan said...

മാളൂസേ,
“നീരു വലിയ കുട്ടിയാ.... “- ടൈറ്റില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ കഥയ്ക്ക് ഇത്തിരി കൂടി പൊലിമ കൂടുന്നു. കഥ വായിച്ച ഉടനെ മനസ്സില്‍ വന്നത് കെവിന്‍ കാര്‍‌ട്ടറെ ആണ്. അതു ചേര്‍ത്ത് കമന്‍റ്റാം എന്നു കരുതിയപ്പോഴാണ് ഹരിയുടെ കമന്‍‌റ്റ്‌സ് കണ്ടത്. നീരുവിന്‍‌റ്റെ മനസ്സിന്‍‌റ്റെ നേര്‍ത്ത തേങ്ങല്‍ മനസ്സിലാവുന്നു.

ചലിക്കുന്നവയെ ഒറ്റകണ്‍ ചിമ്മിയടച്ച് "നിശ്ചല"മാക്കാന്‍ വിധിക്കപ്പെട്ട നീരുമാരുടെ ജീവിതം ചലനാത്മകമാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

നന്നായിട്ടുണ്ട് മാളൂ‍സ്.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ഹരി.. കണ്ടു....വായിച്ചു... മുമ്പെപ്പൊഴൊ ഈ പടം ഫോറ്‌വാര്‍ഡ് മെയില്‍ ആയി കിട്ടിയിരുന്നു... ആ കുട്ടിക്ക് എന്തു സംഭവിച്ചെന്നത് ഒരു ചോദ്യമായിരുന്നു...

സു..:)

ഡിങ്കാ.. ദൃശ്യാ ...നല്ല വാക്കിനു നന്ദി...

Unknown said...

ഒന്നാമതേ മനുഷ്യന്‍ വിഷമിച്ചിരിക്കുവാരുന്നു. ഇതു വായിച്ചു കഴിഞ്ഞപ്പൊ മോങ്ങാന്‍ ഇരുന്ന ആരാണ്ട്രടെ തലേല്‍ ഏതാണ്ട്‌ വീണ പോലെ ആയി.

നന്നായിട്ടുണ്ട്‌, കെട്ടോ.

ഇട്ടിമാളു അഗ്നിമിത്ര said...

Domy ..:)

മഴത്തുള്ളി said...

ഇട്ടിമാളൂ,

അയ്യോ കഷ്ടമായിപ്പോയി.

വളരെ ഇഷ്ടപ്പെട്ടു. നന്നായെഴുതിയിരിക്കുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

മഴത്തുള്ളി.. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം...