Sunday, June 24, 2007

ആല്‍മരങ്ങള്‍ മൌനികളാകുന്നു

'മൌനം വിദ്വാന് ഭൂഷണം'
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു

മാളോരെ..ഒരു നിമിഷം
ഈ വിഡ്ഢിയും ഒന്നു ചിരിക്കട്ടെ, ആര്‍ത്തട്ടഹസിക്കട്ടെ
മൌനമായ് കാത്തിരിക്കട്ടെ, നാളത്തെ തേങ്ങലുകള്‍ക്കായ്

നിമിഷങ്ങളുടെ നീക്കത്തില്‍
ഞങ്ങളുടെ കളങ്ങളില്‍ ചുവന്ന വരകള്‍ തെളിയുന്നു
ചക്രം തെറിച്ച ശകടവും, അപ്രതീക്ഷിത അതിഥിയും
മുറ്റത്തെ മുല്ലകള്‍ക്ക് മണമില്ലാത്ത പൂക്കള്‍ മാത്രം
തുളവീണ വയറിന്റെ അടപ്പുകള്‍ മുറുകാതാവുമ്പോള്‍
അവര്‍ കളങ്ങള്‍ മാറ്റിചവിട്ടുന്നു
തെറിച്ചു വീഴുന്ന ദുര്‍‌ഗന്ധത്തില്‍ ഞങ്ങള്‍ മൌനികളാകുന്നു
മനസ്സില്‍ അഗ്നിപര്‍‌വ്വതങ്ങളും മുഖത്ത് നിസ്സംഗതയും

പ്രഭാതകിരണങ്ങള്‍ക്കു മുമ്പെ
പാത്രത്തിലടച്ച അപ്പകഷണങ്ങള്‍
ആദ്യത്തെ വായക്കു മുമ്പെ
അപ്പുറത്ത് മരണമണി മുഴങ്ങുന്നു
ഇത് ജോലി സമയം

അവള്‍ പുറകോട്ട് ചായുന്നു - "അമ്മേ'
നടുവിലൂടെ കൊള്ളിയാന്‍ മിന്നുന്നു
കുത്തിയിരുപ്പിന്റെ നീക്കിയിരുപ്പ്
വയറമര്‍‌ത്തി മുന്നോട്ട് വീഴുന്നു
പുറം‌ ലോകം നിഷേധിക്കപ്പെട്ടവര്‍ പ്രതികരിക്കുന്നു
അസ്ഥിപഞ്ജരം നടന്നുവരുന്നു
കത്തുന്ന കണ്ണുകളുമായി
ആദ്യം ഇത്, പിന്നെ അത്, പിന്നെ ..പിന്നെ
തളര്‍ന്നു വീഴാതെ വണ്ടിക്കാളകള്‍ വലിച്ചു കൊണ്ടേയിരിക്കുന്നു
പുരകില്‍ ചാട്ടവാറിന്റെ മുഴക്കം മാത്രം
അവള്‍ ചിരിക്കുകയാണ്, ചിരിച്ചു കൊണ്ടേയിരിക്കുകയാണ്
പിന്നെന്തെ ഭൂമിപൊള്ളിക്കാന്‍ ചുടുകണങ്ങള്‍ ഉതിര്‍‌ന്നത്

അവന്‍ ചിന്തയിലാണ്‍
സ്വപ്നങ്ങളിലെങ്ങോ നിലവിളക്കുണ്ട്,
നിറപറയുണ്ട് വരണമാല്യമുണ്ട്
അവന്റെ മോതിരവിരലില്‍ അവന്റെ സുന്ദരിയുണ്ട്
സ്വപ്നങ്ങളില്‍ അവന്‍ വഴിതെറ്റിയാലോ
ചൂരലുമായ് അവര്‍ കാത്തുനില്‍ക്കുന്നു
ആരുടെയോ ആദായങ്ങളുടെ കണക്കെടുക്കാന്‍
കൂട്ടാന്‍ വീണ്ടും കുറക്കാനായ്
മൌനം അവന്റെ കൂട്ടാളിയാണ്
നാവിനെ തളക്കാന്‍ ചങ്ങല വാങ്ങിയത് എവിടെ നിന്നാവാം

ഇടക്കെപ്പൊഴൊ കോവിലില്‍ നെയ്ത്തിരി വെച്ച് കൊട്ടിപ്പാടുന്നു
കണ്ണുപൊട്ടന്‍ ദൈവം പ്രസാദിക്കുന്നു
എല്ലാം ഒരു ലഹരിയുടെ പൊയകാഴ്ചകള്‍ മാത്രം

കോമാളിയായ് അവസാനത്തെ അതിഥിയെത്തുന്നു
അപ്പൊഴും അവള്‍ തടവിലാണ്
ജാമ്യം പോലും നിഷേധിക്കപ്പെട്ട്
അകലെ പട്ടടയെരിയുമ്പൊഴും
ഞങ്ങള്‍ വിറങ്ങലിച്ചിരിപ്പാണ്
അഞ്ചാം മണിയുടെ മുഴക്കത്തിനായ്

12 comments:

ഇട്ടിമാളു അഗ്നിമിത്ര said...

'മൌനം വിദ്വാന് ഭൂഷണം'
ഏതോ മഹാന്റെ വരമൊഴി അല്ലെങ്കില്‍ വാമൊഴി
യുഗങ്ങളായി (ഞങ്ങള്‍) വിഡ്ഢികള്‍
അതിനു മറുഭാഷ്യം ചമക്കുന്നു
'മൌനം വിഡ്ഢിക്കു ഭൂഷണം'
എന്നിട്ട് കലമ്പി ചിരിക്കുന്നു
വലിയ വായില്‍ അട്ടഹസിക്കുന്നു
ഉള്ളില്‍ ഒന്നും സൂക്ഷിക്കാനില്ലാത്തതിനാല്‍
തുറന്ന പുസ്തകമായ് നടന്നകലുന്നു

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
സു | Su said...

അവനും അവളും ഒടുവില്‍ വെറും ഓര്‍മ്മകള്‍ മാത്രമാവുന്നു. തടവറയില്‍ത്തന്നെ. എനിക്കു മുഴുവനൊന്നും മനസ്സിലായില്ല ഇട്ടിമാളൂ.

കണ്ണൂരാന്‍ - KANNURAN said...

വരികളില്‍ വസന്തത്തിന്റെ ഇടിമുഴക്കം പ്രതിധ്വനിക്കുന്നുണ്ടോയെന്നൊരു സംശയം... തികച്ചും വ്യത്യസ്തമായി തുടങ്ങിയെങ്കിലും ഒടുക്കം പതിവുപോലെ ആയി..

Unknown said...

വായിച്ചു. ഏകദേശരൂപമേ പിടികിട്ടിയുള്ളൂ.

Rasheed Chalil said...

:)

സാല്‍ജോҐsaljo said...

മൌനം വാചാലമാണ് എന്നുമുണ്ട്!(?)

വേണു venu said...

ആല്‍മരങ്ങള്‍‍ മൌനികളായ ജ്നാനികളാകുന്നു ചിലപ്പോള്‍‍.:)

Dinkan-ഡിങ്കന്‍ said...

ആല്‍മരം ക്ണ്ടു ഇമ്മിണി വലുതായതിനാല്‍ ഒരു വലം വെയ്ക്കലില്‍ മൊത്തം രൂപം കിട്ടിയില്ലെങ്കിലും ചിലയിടങ്ങളിലെ ആശയം കൊള്ളാം. എന്തായാലും ഒരു 2,3 വട്ടം കൂടെ വലം വെച്ച് നോക്കാം.

Haree said...
This comment has been removed by the author.
Haree said...

വായിച്ചു ഞാന്‍ മനസിലാക്കിയതു തന്നെയാണോ ഇട്ടിമാളു പറയുവാന്‍ ഉദ്ദേശിച്ചതെന്ന് അറിയില്ല... അങ്ങിനെ മനസിലാക്കുക എന്നൊരു ലക്ഷ്യം സാഹിത്യത്തിനില്ലാത്തതുകൊണ്ട് കുഴപ്പമാവില്ല, അല്ലേ? :)

ഓഫ്: ലേ-ഔട്ടൊക്കെ മാറ്റിയല്ലോ, ഇപ്പോള്‍ കുറച്ചു കൂടി വൃത്തിയായി... ;) ബട്ട്, ടൈറ്റില് ഫയര്‍ഫോക്സില്‍ നേരാം വണ്ണം കാണിക്കില്ല... മിനിമ ടെമ്പ്ലേറ്റിന്റെ കുഴപ്പമാണത്.
--

ഇട്ടിമാളു അഗ്നിമിത്ര said...

സു..കണ്ണൂരാന്‍ ..ദില്‍ബു..ഇത്തിരി..സല്‍ജൊ..വേണു..ഡിങ്കാ..ഹരി... :)
ഹരി... അതിനിപ്പൊ എന്താ ചെയ്യാ.. സമയമുള്ളപ്പോള്‍ മാറ്റാവേ...