Tuesday, May 29, 2007

അവന്റെ വിവാഹമാണ് ...

എന്റെ വാച്ചില് 11.45 ... 45 നും 55 നും ഇടയില് 10 മിനിറ്റേ മുഹൂര്ത്തമുള്ളു. അഞ്ച് മിനിറ്റ് കൂടി കഴിയട്ടെ. കാരണവര്
കണക്കുകൂട്ടുകയാണ്. അവരാണെങ്കില് അക്ഷമരായി വിയര്ത്തു കുളിച്ച് ഇരിക്കുകയും. ചുറ്റും ആകാംക്ഷയോടെ എല്ലാവരും നില്ക്കുന്നു.
ആള്ക്കൂട്ടത്തില് ഒറ്റപ്പെട്ട് ഞാനും കാത്തുനില്ക്കുകയാണ്.
മണിക്കൂറുകള്ക്കു മുമ്പെ വിജനമായ ഈ അമ്പലമുറ്റത്ത് എത്തുമ്പോള് സംശയമായിരുന്നു. ഇത് തന്നെയല്ലേ സ്ഥലമെന്ന്. ഒരു അര്ച്ചനക്കായ് ചെന്നപ്പോള് സ്ഥലം തെറ്റിയില്ലെന്ന് ഉറപ്പുവരുത്തി... ഭദ്രകാളിയും രക്തേശ്വരിയും ചുവന്നുനില്ക്കുമ്പോള് ഞാനവരോട് ഉള്ളുരുകി പറഞ്ഞു.
വിഘ്നേശ്വരനോട് ഏത്തമിട്ട്, നാഗരാജാവിനോടും നാഗയക്ഷിയോടും കനിയാനായി തലകുനിച്ച്, കണ്ണനോട് പഴയ പരിചയം പുതുക്കി മൂന്നു വലം വെച്ച് ഞാനാ മുറ്റത്ത് കാത്തുനിന്നു. കിഴക്കേ നടയില് താഴോട്ട് നീളുന്ന പുല്ല് നിറഞ്ഞ നീണ്ട കല്പടവുകള്.. വളറ്ന്നു പടര്ന്നു പന്തലിച്ച അരയാലും, തൊഴാനെന്നപോലെ ഒന്നു വളഞ്ഞ് തുടര്ന്നൊഴുകുന്ന ആറും എല്ലാം ഒരു കവിതപോലെ സുന്ദരം. പക്ഷെ അതൊന്നും അപ്പൊഴെന്റെ കണ്ണില് പോലും പതിഞ്ഞില്ല...

ഭാഷയുടെ വ്യത്യാസം കൊണ്ടാവാം പൂജാരിയുടെ കുശലാന്വേഷണം. സമയം തള്ളി നീക്കാന് ഞാനും ചിരിച്ചുകൊണ്ട് നിന്നു കൊടുത്തു.പക്ഷെ അപ്പോഴും ഞാന് മനസ്സുകൊണ്ട് മറ്റെവിടെയോ ആയിരുന്നു. ഇടക്കൊക്കെ ഒളികണ്ണിട്ട് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. എന്നെ വേദനിപ്പിക്കരുതെന്ന് ഓര്മ്മിപ്പിച്ചു.

ഇപ്പോള് ഞാന് ഒറ്റക്കല്ല. ഒത്തിരി അപരിചിതര് വന്നുകൊണ്ടിരിക്കുന്നു. ദൂരെയിരുന്ന് അവരെ നോക്കിയിരുന്നു. വരുന്ന് വാഹനങ്ങളിലെല്ലാം അപരിചിതര്
മാത്രം .. ഇടക്ക് കയറിവന്ന വെള്ള മാരുതി കാറില് അവരുടെ
പേരെഴുതിയിരിക്കുന്നു. ഫോട്ടോഗ്രാഫേഴ്സ് വരനിറങ്ങുന്നത്
സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ക്രീം ഷര്ട്ടും കസവുമുണ്ടുമായി അവന് ഇറങ്ങി. ചീകിയൊതുക്കിയ മുടിയും ഒഴിവാക്കാനാവാത്ത കണ്ണടയും. മാറി നിന്നപ്പോള് ഞാന് ശരിക്കും കണ്ടു. ചുണ്ടില് ചിരിയുണ്ട്. ഒരിക്കല് കൂടി ഞാന് നിരന്നിരിക്കുന്ന ദൈവങ്ങളെ നോക്കി. ഇപ്പോള് സമയം നീങ്ങുന്നത് അറിയുന്നില്ല. കാണാന് , കണ്ടിരിക്കാന് എനിക്കൊരു കാഴ്ചയുണ്ടല്ലോ. പിന്നെ ഞാന് വരുന്ന വാഹനങ്ങളോ അപരിചിതരെയോ കണ്ടില്ല. ഇടക്ക് പച്ചസാരിയില് തലനിറയെ മുല്ലപ്പൂവുമായി അവളെത്തി. ഇപ്പോള് ദൃശ്യങ്ങളെ നാളെക്കുവേണ്ടി കാത്തുവെക്കുന്നവര് അവള്ക്കു പുറകെയാണ്.

എനിക്കവനെ കാണണം.. ഞാന് വരാതിരുന്നില്ലെന്ന് അവനോട് പറയണം. പിന്നെ .. പിന്നെ .. പിന്നെന്തു പറയാന് .. അവന്റെ കണ്ണില് പെടാന് ഇവിടെ നിന്നാല് കഴിയില്ല. അപ്പൊഴാണ് ഞാന് ഞങ്ങള്ക്കിടയിലെ ദൂരത്തെ കുറിച്ച് ഓര്ത്തത്. കൂട്ടുവിളിക്കാന് ആരുമില്ലാത്തതിനാല് ഞാന് ചെന്നു, തനിച്ചു തന്നെ. പരസ്പരം ചിരിച്ചു കൊണ്ട് നില്ക്കുമ്പോള് വാക്കുകള് നഷ്ടപ്പെടുകയായിരുന്നോ ..

"വേറെ ആരും വന്നില്ലെ..?"

"ഇല്ല"

"അവര്ക്കൊക്കെ വേറെയെന്തൊക്കെയോ തിരക്കുകള് .. എനിക്ക് വരാതിരിക്കാനാവില്ലല്ലോ"

"നോക്ക് .. വീട്ടില് വരണം ട്ടൊ"

എന്നെ നോക്കി ചിരിച്ച ആ ഉറക്കെയുള്ള ചിരിയുടെ അര്ത്ഥമെന്തായിരുന്നു. എന്റെ പഴയ ഭീഷിണികളുടെ ഓര്മ്മയാവണം. ഒന്നും പറയാനില്ലാതായപ്പോള് ഞാന് പതുക്കെ രക്ഷപ്പെടാനുള്ള വഴി തേടി.

"ചെല്ല് .. അവര് കാത്തു നില്ക്കുന്നു. .." ആരെന്നു പറയാതെ ഞാന് തിരിഞ്ഞു നടന്നു.

കല്ല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു പോവണം ...ഇല്ല .. ഇനി ഒരിക്കല് കൂടി വയ്യ. എല്ലാവരും അമ്പലനടയിലേക്ക്. വരനെ വധുവിന്റെ ആള്ക്കാര് മാലയിട്ട് ആരതിയുഴിഞ്ഞ് മണ്ഢപത്തിലേക്ക് ആനയിച്ചു. സമയം ഇനിയും നിമിഷങ്ങള് കൂടി ..അവന് വിയര്ത്തൊഴുകി ഇരിക്കുകയാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല് കണ്ണട ഊരിയും തിരിച്ചുവെച്ചും ഇടക്ക് ചുറ്റും നോക്കിയും സമയം കളയുന്നു, അപ്പൊഴും ഞാനറിയാതെ നിരന്നിരിക്കുന്നവരെ നോക്കി. ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..

ഉച്ചത്തിലുള്ള വര്ത്തമാനങ്ങള് പെട്ടന്ന് നിലച്ചു. അവള് വന്നു.കയ്യില് താലവും വിളക്കുമായി മൂന്നു വലതുവെച്ചു. അവന്റെ അരികില് ഇരുന്നു. അവര്ക്കിടയില് എത്ര ഇടയുണ്ടെന്ന് ഒന്നെത്തി നോക്കാന് എനിക്ക് തോന്നി. എല്ലാവരും സമയമാവാന് കാത്തിരിക്കുകയാണ്. മഞ്ഞചരടില് അമ്മാവന് താലി കോര്ത്തു. ഫോട്ടോക്കു വേണ്ടി ഇരുന്നു കെട്ടാന് പറയുമ്പോള്, അവന് താലിയുമായി എഴുന്നേറ്റു. പണ്ടെ അവന് അനുസരണ എന്നത് അടുത്തു കൂടി പൊയിട്ടില്ലല്ലോ.. അങ്ങിനെ അവന് അവളുടേതായി.

ഇപ്പോള് നിരന്നിരുന്ന ദൈവങ്ങളെല്ലാം വെറും കല്ലുകളായി തോന്നി. ബാക്കി ചടങ്ങുകള് കാണാന് നില്ക്കാതെ ആറ്റിലേക്കുള്ള പടവുകളിലേക്ക് ഞാന് നടന്നു. വൈകി എത്തുന്നവര്ക്കിടയില് പഴയ ചില മുഖങ്ങള് . ഇവിടെ ഞാന് അഭിനയിക്കണം..തുറന്ന ചിരിയുമായി ഞാന് അവര്ക്കിടയിലേക്ക്.. ഒന്നിനു പത്തെന്ന നിരക്കില് പഴയ വാചകമടി. എല്ലാവരും പുതിയ ജീവിതത്തിന് ആശംസകള് നല്കാന് പോവുമ്പോള് എനിക്കും പോയെ തീരൂ.. ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം. അറിയാതെ ഇടഞ്ഞുപോയ കണ്ണുകള് .. ഫോട്ടോക്ക് നില്ക്കാന് , ഉയരത്തിന്റെ കണക്കില് മുന്നിലേക്ക് തള്ളിയപ്പോള് എത്തിപ്പെട്ടത് വലതുവശത്ത്. ഒരിക്കല് ഞാന് വലം കയ്യായിരുന്നു.ഭക്ഷണം കഴിക്കാതെ പുറത്തുകടക്കാനാവില്ല. ഒഴിഞ്ഞ മൂലയില് ഇരുന്നപ്പോള് അവര് വരുന്നുണ്ടായിരുന്നു...കൈകള് കോര്ത്തുപിടിച്ച്. ഇരുന്നത് എന്റെ വലതുവശത്തെ വരിയില് . അവന് അവളോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവന് അന്നും എന്നോട് പറഞ്ഞിരുന്നത് അങ്ങിനെ തന്നെ.

"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."

അവന് പറയുന്നു. അവള് കേള്ക്കുന്നു. മണിക്കൂറുകള് ഞങ്ങള്ക്കിടയില് കൊഴിഞ്ഞു വീണപ്പോള് ഞാനും മൌനിയായിരുന്നല്ലോ.ഇനിയൊരു യാത്ര പറച്ചിലില്ല... പോവണം..

പുറത്തിറങ്ങി പോരുമ്പോള് മറ്റാരെയും കാത്തുനിന്നില്ല. തിരിച്ചുള്ള യാത്രയില്, വഴി നിറയെ നിരന്നിരുന്നിരുന്ന പേരറിയാത്ത ദൈവങ്ങളെ ഞാന് കണ്ടില്ല. മാനത്തോളം തല നീട്ടിനില്ക്കുന്ന കുരിശുകളെയും .. അങ്ങോട്ടു പോവുമ്പോള് ഒരോരുത്തരോടും പറഞ്ഞതായിരുന്നു.

രാത്രി ..അവര് ഇപ്പോള് ഒന്നായി കാണും .. ആദ്യമായി ഞാന് നേരുന്നു ... മംഗളങ്ങള് . ..

25 comments:

salil | drishyan said...

:-)

നന്ന്. .. എന്‍‌റ്റെ മലയാളം വായനയില്‍ ചില പ്രശ്നങ്ങള്‍, കൂടുതല്‍ കമന്‍‌റ്റ്സ് പിറകെ.

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

ചിതറുന്ന ചിന്തകള്‍ ചിലപ്പോള്‍ ചിരിക്കും ..അതിങ്ങനെയാവാം ,,,(ഇന്നലെ ഇട്ടപ്പോള്‍ കുറെ തെറ്റുകള്‍ .. ഇന്നും കുറെ ബാക്കിയുണ്ടെന്നാ തോന്നുന്നെ... )

സു | Su said...

ഇന്ന് കണ്ടിട്ട് വന്നുനോക്കാംന്നു വിചാരിച്ചപ്പോ ഒന്നുമില്ല. പിന്നെ, വരുന്നതും നോക്കിയിരുന്നു.

കഥ നന്നായി. അവന് മിണ്ടാന്‍ അവള്‍ ആയല്ലോ. ചിലരുടെ സ്നേഹം അങ്ങനെയാവും. പുതിയത് കിട്ടുമ്പോള്‍ പഴയത് ഒഴിവാക്കുന്നത്. അവന്‍, വധുവിനോട് മിണ്ടട്ടെ. അവള്‍ക്ക് കേട്ടിരിക്കാന്‍ മൊഴികളുമായി വേറെ ഒരു സ്നേഹമുള്ളവന്‍ വരുമെന്ന് കരുതാം.

Kiranz..!! said...

ഇട്ടിമാളൂ..കുറേ നാളുകള്‍ക്ക് ശേഷമാ ഒരു കഥ വായിക്കാന്‍ ഇരുന്നത്.നിരാശപ്പെടുത്തിയില്ല പകരം ഇഷ്ടമാവുകയും ചെയ്തു.ആത്മാശം ഉള്ളതു പോലെ തോന്നിപ്പിക്കുന്നയിടത്താണ് കഥാകൃത്തിന്റെ വിജയം എന്നത് ഇവിടെ അനുഭവേദ്യമാകുന്നുണ്ട്..:)

ഗുപ്തന്‍ said...

അങ്ങനെ ലവനും പോയി.....
ഇനി എന്തു ചെയ്യും മാളൂസേ....
;)

നല്ല കഥയാണു കേട്ടോ....
പക്ഷേ ഇത്രയും എളുപ്പമല്ല സ്നേഹിച്ചുപോയ ആളിന്റെ വിവാഹത്തിനു കൂടാന്‍....

അപ്പൂസ് said...

ഇഷ്ടമായി.

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട്.

Haree said...

കൊള്ളാം... :)
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അങ്ങിനെ അവന് അവളുടേതായി. പലപ്പോഴും ഇത് നടക്കാറില്ലല്ലൊ, അവള്‍ അവന്റേതാവാറല്ലേയുള്ളൂ... പക്ഷെ, ദൈവങ്ങള്‍ അവളെ വേദനിപ്പിച്ചില്ലല്ലോ, അല്ലേ?
--

ശരണ്യ said...

മംഗളങ്ങള് . ..

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ പ്രശ്നങ്ങള്‍ തീര്‍ന്നോ...

സൂ... അവള്‍ക്കും വരട്ടെ ഒരാള്‍... നല്ലൊരുവന്‍ ..

കിരണ്‍സെ... ഈ കമന്റ് എനിക്ക് ഇഷ്ടായി... എന്റെ കഥയെങ്ങാനും ഇഷ്ടപ്പെടാതെ വന്നിരുന്നെങ്കില്‍... പിന്നെ ഒന്നും വായിക്കാതെ പോയികളയില്ലെ..

മനു .... ശരിയാ.. സമ്മതിക്കുന്നു, അതത്ര എളുപ്പമല്ല..

അപ്പൂസ്... അരീക്കോടാ ...:)

ഹരീ.... അവരങ്ങനെ ഒരുപാട് കാലം സന്തോഷായി ജീവിച്ചു(കൊണ്ടിരിക്കുന്നു)

ശരണ്യാ... ഞാന്‍ ശരണ്യയുടെ ബ്ലോഗ് ഇന്നാ കണ്ടെ... ആ മൂത്താപ്പാന്റെ പടം പിടുത്തം ... കലക്കി

ആഷ | Asha said...

കഥ ഇഷ്ടമായി മാളൂസേ

അപ്പു ആദ്യാക്ഷരി said...

നല്ല അവതരണം മാളൂ... ഇഷ്ടമായി.

Madhavan said...

വഴി തെറ്റിയിട്ടാണു മാളൂ ഇങ്ങോട്ടു വന്നത്‌...ഇടയ്ക്ക്‌ അങ്ങിനെയും...വളരെ നന്നായിട്ടുണ്ട്‌...മുടങ്ങാതെ വായിക്കാന്‍ ഒരാളുടെ കഥകള്‍...

തറവാടി said...

കൊള്ളാം , :)

ഇട്ടിമാളു അഗ്നിമിത്ര said...

ആഷാ..അപ്പു... തറവാടി .... ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)

മാധവാ... വഴിതെറ്റിയാണ് ഇത്തവണ വന്നതെങ്കിലും .. തെറ്റാതെ വല്ലപ്പോഴുമൊക്കെ എത്തുക... വന്നതില്‍ വായിച്ചതില്‍‌ സന്തോഷം ...

നിമിഷ::Nimisha said...

“ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള് , ഞാന് കാത്തു നില്ക്കുകയായിരുന്നു. എന്നെ പരിചയപ്പെടുത്തുന്നത് എങ്ങിനെ ആവുമെന്ന്. വെറും പേരു മാത്രം.“

മാളൂസ്, എത്ര പെട്ടന്നാണ് മനുഷ്യന്‍ പേരുകളെ ‍ബന്ധങ്ങളായും പിന്നെ ബന്ധങ്ങളെ വെറും പേരിലേയ്ക്കും മാറ്റുന്നത് അല്ലേ? കഥ ഇഷ്ടമായി :)

സാല്‍ജോҐsaljo said...

"എനിക്ക് എപ്പോഴും വര്ത്തമാനം പറഞ്ഞുകൊണ്ടിരിക്കണം. കേട്ടിരിക്കാന് ഒരാള് വേണം."എന്റെ സങ്കല്പങ്ങളെക്കുറിച്ചാരെങ്കിലും ചോദിച്ചാ‍ല്‍ ഞാനും പറയാറുള്ള വാചകമാണിത്..വായിച്ചപ്പോ എവിടെയോ ഒരു വേദന..എനിവേ.. കഥ നന്നായി. കീപ്പിറ്റപ്പേ...

ഇട്ടിമാളു അഗ്നിമിത്ര said...

നിമിഷ... ച്ിലപ്പോള്‍ ബന്ധങ്ങള്‍ വെറും പേരുകള്‍ ആയിപ്പോവുന്നു ... ജീവനില്ലാത്ത പേരുകള്‍ ...

സാല്‍ജോ ... ആദ്യമായി കാണാണല്ലോ... വന്നതില്‍ വായിച്ചതില്‍ സന്തോഷം

ഹാരിസ്‌ എടവന said...

നര്‍മ്മബോധമുള്ള ഒരു നിഷ്ക്കളങ്കയായ പെണ്‍കുട്ടി....ഇത്രമാത്രം പ്രണയിച്ചിട്ടും......
എന്നിലെ കഥാകാരനെ വിളിച്ചുണര്‍ത്തിയതിനു നന്ദി.

ഹാരിസ്‌(മിത്രം)

ഇട്ടിമാളു അഗ്നിമിത്ര said...

ഹാരിസ്.. ആദ്യായാണല്ലെ ഇവിടെ.. വന്ന്തില്‍ വായിച്ചതില്‍ സന്തോഷം

idlethoughts said...

pranayichavante / praniyiniyude kalyanathinu povendi varunnathu...ethra painfull aanu........
katha enikku othiri ishtamayi...b'coz it is personal........

Suraj K said...

ohh love failure???? mangalam nerunnu njan....;)

ഇട്ടിമാളു അഗ്നിമിത്ര said...

idlethoughts ..എന്താ ഇപ്പൊ പറയാ

Suraj K .. :)

ശ്രീജ എന്‍ എസ് said...

മനസ്സില്‍ നൂറു വട്ടം കണ്ടിട്ട് നേരിടാന്‍ ധൈര്യമില്ലാതെ ഒരു ഭീരുവായി ഒളിച്ചോടിയ ഒന്നിനെ എത്ര മനോഹരമായി നീ എഴുതിയിരിക്കുന്നു..
"ഒന്നുകൂടി ഓര്മ്മിപ്പിച്ചു. ഇനിയും സമയമുണ്ട്..എന്നെ കൈവിടരുത്..".പറയാതെ മനസ്സില്‍ കല്ലായി പോയ വാക്കുകള്‍...ഇത്ര ലളിതവും സുന്ദരവുമായി എഴുതാന്‍ കഴിയുന്നത്‌ ഈശ്വരന്റെ കൃപ ആണ് ..എന്നും കൂടെ ഉണ്ടാവട്ടെ അത്..മരണത്തോളം ചേര്‍ത്ത് വയ്ക്കാവുന്ന എന്തെങ്കിലും ഉണ്ടാവുമോ മനുഷ്യ ജീവിതത്തില്‍..

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീദേവീ..