എപ്പോഴോ താന്‍ ഉറങ്ങിയിരുന്നെന്ന് അടിച്ചു മരിച്ചു കൊണ്ടിരുന്ന ഫോണ്‍ ശബ്ദത്തില്‍ നിന്നാണ്` ഗിരി അറിഞ്ഞത്. ഓരോ ബെല്ലും തുടര്‍ച്ചയായി ചെവിയിലൊരു മൂളല്‍ അവശേഷിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി എഴുനേറ്റ് ഫോണ്‍ അടുത്തു.
"ഗിരീ.. അവള്‍ ?"
"ഇല്ല"
ക്രേഡിലില്‍ വീണ ഫോണിന്റെ ശബ്ദം അച്ഛന്‍ അങ്ങേ തലയ്ക്കല്‍ കേട്ടുകാണുമെന്ന് ഗിരിക്ക് തോന്നി. വീണ്ടും അത് ഒച്ചവെക്കുമെന്ന് ഭയന്ന് ലൈന്‍ ഡിസ്‌കണക്റ്റ് ചെയ്ത് കിടക്കയില്‍ കണ്ണടച്ച് കിടന്നു.
അവള്‍ .. എന്റെ അനിന്ദിത .. ഞാനൊരിക്കലും അവളെ അനിയെന്നോ മറ്റെന്തെങ്കിലുമോ വിളിച്ചിട്ടില്ല...അവള്‍ എന്നും എനിക്ക് അനിന്ദിതയായിരുന്നു... ആരും ഒരിക്കലും അവളെ നിന്ദിക്കരുതെന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്നതു കൊണ്ടാവാം ..പക്ഷെ..ഇന്ന്..... അവള്‍ ഇവിടം വിട്ടുപോയിട്ട് ഒരു ദിവസം കഴിഞ്ഞിരിക്കുന്നു.. ഇതിനിടയില്‍ ലോകത്തിന്റെ മറുപുറത്ത് സംഭവിച്ചത് പോലും ഞാനറിഞ്ഞെങ്കിലും അവളെവിടെയെന്നതിന്റെ വാര്‍ത്തകളൊന്നും എന്നെ തേടിവന്നില്ല. അവളെ അന്വേഷിച്ച് നാലുപാടും കൂട്ടുകാരും ബന്ധുക്കളും ഓടിനടന്നപ്പോഴും തനിക്കെങ്ങിനെ ഈ മുറിയില്‍ ഒതുങ്ങികൂടാന്‍ കഴിയുന്നെന്ന് ഇടക്കൊക്കെ ഗിരി അത്‌ഭുതപ്പെട്ടു... അതിനപ്പുറം മറ്റൊന്നും ചെയ്യാനാവില്ലെന്നതായിരുന്നു സത്യം ..
അനിന്ദിത - അവളാരെന്ന് ചോദിച്ചാല്‍ ഗിരിയുടെ ഭാര്യയെന്ന് ചുരുക്കി പറയാം. പക്ഷെ ചിട്ടവട്ടങ്ങളുടെ അതിര്‍വരമ്പുകള്‍ വെച്ച് അവളൊരിക്കലും അവന്റെ ഭാര്യയായിരുന്നില്ല. ദാമ്പത്യത്തിന്റെ ചിഹ്നങ്ങളിലൊന്നായ കല്ല്യാണഫോട്ടോ പോലും തങ്ങളുടെ കിടപ്പുമുറിയില്‍ ഇല്ലെന്ന ചിന്ത അയാളെ വല്ലാതെ അസ്വസ്ഥനാക്കി.ഇന്നലെ വരെ തനിക്കതൊരു പ്രശ്നമായിരുന്നില്ലെന്ന് അതിലേറെ വിഷമത്തോടെ അയാള്‍ തിരിച്ചറിഞ്ഞു. കണ്ണടച്ച് അവളുടെ രൂപം ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.ഒരു ദിവസത്തിന്റെ പഴക്കതില്‍ ആ മുഖത്തിന്റെ വിശദാംശങ്ങള്‍ പലതും തനിക്ക് അന്യമാവുന്നതായി ഗിരിക്ക് തോന്നി.
പരിചയത്തിന്റെ വളര്‍ച്ചയിലെവിടെയോ ഒരു കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ അവളാണ് എന്നോട് ചോദിച്ചത്. തന്റെ സഹയാത്രികന്‍ ആകാമോ എന്ന്. സംശയങ്ങള്‍ നോട്ടത്തിന്റെ രൂക്ഷത കൂട്ടിയതുകൊണ്ടാവാം അവള്‍ വിശദീകരണങ്ങളുടെ കെട്ടഴിച്ചത്.
"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"
വെറുതെ, അന്നത്തെ തിളപ്പില്‍ അവളിലൊരു കണ്ണൂണ്ടായിരുന്നെകിലും കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെല്ലാം എതിര്‍ക്കുകയായിരുന്നു - അവള്‍ നല്ലൊരു കൂട്ടുകാരിയാവും, പക്ഷെ ഒരിക്കലും നല്ലൊരു ഭാര്യയും അമ്മയുമാവില്ല. വഴികള്‍ വ്യത്യസ്തമെങ്കിലും അവളുടെ ആത്‌മാര്‍ത്ഥതയെ ആരുമറിയാതെ ആരാധിച്ചിരുന്നതിനാലാവണം, കലാലയവര്‍ഷങ്ങള്‍ക്കു ശേഷവും സൌഹൃദം തുടര്‍ന്നതും, പിന്നെ ഒരേ കൂരക്കുകീഴില്‍ അന്തിയുറങ്ങാനെത്തിയതും.അവളുടെ വഴികളെ അധിക്ഷേപിക്കാന്‍ ആളേറെയുണ്ടായിരുന്നെങ്കിലും അതിന്റെ നന്മകള്‍ എനിക്ക് മനസ്സിലാവുന്നുണ്ടെന്ന അഹങ്കാരമായിരുന്നു. നേരം തെറ്റിയെത്തുന്ന അവളുടെ യാത്രകള്‍ക്കുവേണ്ടിയാണ് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഈ വീട് സംഘടിപ്പിച്ചതും. ഒരിക്കലും തന്റെ വഴികളും ലക്ഷ്യങ്ങളുമൊന്നും പഠനത്തിനും ജോലിക്കുമപ്പുറം വിസ്തൃതമാകാതിരുന്നപ്പൊഴും, അവള്‍ തന്റെ ലക്ഷ്യങ്ങളെ വളരെ കൃത്യമായി നിര്‍വചിക്കുന്നതിനെ അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട്.അനുമോദനത്തിന്റെ നിമിഷങ്ങളില്‍ പ്രചോദനമായി അവള്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ അല്പം തലയുയര്‍ത്തി തന്നെ കേട്ടുനിന്നിട്ടുണ്ട്. അന്നൊക്കെ അവള്‍ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു.
"നിനക്കെന്റെ വഴികളെ ചോദ്യം ചെയ്യാം. പക്ഷെ ശരിയാണെന്ന് എനിക്കുറപ്പുള്ളതില്‍ നിന്ന് ഒരിക്കലും നീയെന്നെ തടയരുത്..പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും വാക്കുകേട്ട്"
എതിര്‍ക്കാന്‍ തോന്നിയപ്പോഴൊക്കെ അതിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവളുടെ ശരികള്‍ എതിര്പ്പുകളുടെ മുനയൊടിക്കാന്‍ തക്കതായിരുന്നു. ഈയിടെ ചേരികളിലെ പ്രശ്നങ്ങളുടെ പേരില്‍ രാവേറെ വൈകിയെത്തുമ്പോഴും താനൊരിക്കലും ഭര്‍ത്താവു ചമയാന്‍ നിന്നിട്ടില്ല. പക്ഷെ സഹപ്രവര്‍ത്തകരുടെ അര്‍ത്ഥം വെച്ച പറച്ചിലുകളില്‍ പിടിച്ചുനിന്നെങ്കിലും, അവര്‍ പറഞ്ഞവാക്കുകളിലെ കുറ്റപ്പെടുത്തലുകള്‍ അവള്‍ക്കു മുന്നിലും ചിതറിവീണു.അവളുടെ വഴികളെ അറിഞ്ഞുകൊണ്ടുതന്നെ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്ന് പോയത് പരസ്പരം ചോദ്യം ചെയ്യാത്ത വിശ്വാസമായിരുന്നു. അവള്‍ അക്ഷോഭ്യയായിഎല്ലാം കേള്‍ക്കുമ്പോഴും തിരിച്ചുവരവില്ലാത്ത ഈ ഇറങ്ങിപ്പോക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല.
കോളിംഗ് ബെല്ലിന്റെ അടികേട്ടാണ്` ഗിരി തന്റെ ചിന്തകളില്‍ നിന്നുണര്‍ന്നത്. വാതില്‍പടിയില്‍ അമ്മയുടെ കരഞ്ഞ മുഖം ..കൂടെ ഏട്ടനും ...
"ഫോണിനെന്തു പറ്റി... കിട്ടുന്നില്ല.."
ഏട്ടന്റെ ചോദ്യത്തിന്` ഉത്തരം നല്‍കാന്‍ അമ്മ അവസരം നല്‍കിയില്ല.
"അന്നെ ഞാന്‍ പറഞ്ഞതാ..കുടുംബത്തില്‍ ചേരുന്ന ആരെങ്കിലും മതിയെന്ന്.. നാടുനന്നാക്കാന്‍ നടക്കുന്ന അവള്‍ക്ക് ഒരു കുഞ്ഞിനെ തരാന്‍ കൂടി...."
"അമ്മെ..."
അറിയാതെ ഉയര്‍ന്നുപോയ ശബ്ദം തന്റെ തന്നെയെന്ന് വിശ്വസിക്കാന്‍ ഗിരി പാടുപെട്ടു... സത്യമറിയാതെ അമ്മ പുലമ്പുമ്പോള്‍, ഉയിരുണരാത്ത മഴത്തുള്ളികളുടെ കഥ തന്റെ കണ്ണുനിറയിക്കുന്നതയാള്‍ അറിഞ്ഞു. അവളുടേതല്ലാത്ത കുറ്റത്തിനാണ്` അവള്‍ പഴികേള്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ വേദനയുടെ തീവ്രത കൂടുന്നതും.
ഏട്ടന്‍ അരികില്‍ വന്നിരുന്ന് ആശ്വസിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. അമ്മ അടുക്കളയില്‍ തീകൂട്ടുവാനുള്ള ഒരുക്കത്തിലാണ്. ഉറക്കം നടിച്ചുകിടക്കുകയായിരുന്നെങ്കിലും ഫോണ്‍ അടിച്ചപ്പോള്‍ അറിയാതെ ചാടിയെണീറ്റു..
"ഞാനത് കണക്റ്റ് ചെയ്തു...അവളെങ്ങാനും വിളിച്ചാലോ?"
കോളേജില്‍ ഏട്ടന്‍ ഞങ്ങളുടെ സീനിയര്‍ ആയിരുന്നു. ആ പരിചയം കൊണ്ടാവാം അവളെ കൂടെ കൂട്ടാനുള്ള തന്റെ തീരുമാനത്തെ എല്ലാവരും എതിര്‍ത്തപ്പോഴും ഏട്ടന്‍ കൂടെ നിന്നത്.
വെയില്‍ ചായാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പോവാനും വട്ടമൊരുക്കി. അച്ഛനെ വിട്ട് അമ്മ എവിടെയും നില്‍ക്കില്ല. ഇറങ്ങുമ്പോള്‍ അമ്മ വീണ്ടും കണ്ണുനിറക്കാന്‍ തുടങ്ങി.
"ഞാന്‍ വരാം "
ഏട്ടന്‍ കൈപിടിച്ചു പറയുമ്പോള്‍ ശബ്ദം ഇടറാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
രാത്രിയുടെ വരവ് ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ഗിരി വീട് പൂട്ടി പുറത്തിറങ്ങി. ബസ്സ്സ്റ്റന്റില്‍ നിന്നും ഓട്ടോക്കരനോട് വഴിപറയുമ്പോള്‍ ഡ്രൈവറുടെ മുഖത്ത് സംശയത്തിന്റെ നിഴല്‍ ..
"സാറെ.. ആവഴി പോവൂലാ.."
"പോകാവുന്നിടം വരെ വിട്ടോളൂ.."
വഴിവിളക്കുകളില്ലാത്ത ഊടുവഴികളിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ഗിരി പാടുപെട്ടു. അര്‍ത്ഥം വെച്ച നോട്ടങ്ങള്‍ക്കൊപ്പം എവിടെ നിന്നോ ഒരു ഇരുട്ടടിവീഴുമെന്ന് താന്‍ എന്തെ ഭയക്കാതിരിക്കുന്നതെന്ന് ചെറിയൊരു സംശയവും .. ഇരുട്ടും വെളിച്ചവും ചിത്രം വരക്കുന്ന ആ ടെന്റുകള്ക്കിടയില്‍ ഓടിനടക്കുന്ന അവളെ കണ്ടെത്താന്‍ ഒരുപാടലഞ്ഞു... കണ്ടപ്പോള്‍ ...
"എങ്ങിനെയുണ്ട്..?"
ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് ഓര്‍ത്താവാം അവള്‍ എന്റെ കണ്ണിലേക്കുറ്റു നോക്കി ...
"ഇവിടെത്തെ കാര്യാ ചോദിച്ചെ... തിരക്കായതോണ്ടാ നീ വരാത്തതെന്നറിയാം .. അതല്ലെ ഞാന്‍ ഇങ്ങോട്ട് വന്നെ..?
തന്നെ തിരിച്ചറിഞ്ഞ ആരോ നീട്ടിയ ഒരു ചൂട് കട്ടന്‍ കാപ്പി കുടിക്കുമ്പോള്‍ തന്റെ ചുമലില്‍ അവളുടെ കണ്ണീര്‍ ചൂടും ഗിരിയറിഞ്ഞു
22 comments:
"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"
സഹയാത്രികന്റെ കഥ നന്നായി. സഹയാത്രികയുടെ കഥയും. രണ്ടുപേരുടേയും വ്യഥയും.
കേട്ടുമറന്ന വാചകങ്ങള്‍ എന്നേയും വേദനിപ്പിക്കുന്നു... :(
നന്നായിരിക്കുന്നു... :)
--
അനിന്ദിതയേയും ഗിരിയേയും ചുറ്റുപാടുകളുടെ തീഷ്ണമായ യാഥാര്‍ത്‌ഥ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതുകൊണ്ട് ഒറ്റയടിയ്ക്കുതന്നെ വായിച്ചു,ബോറടിയ്ക്കാതെ...
കഥ ഇഷ്ടപ്പെട്ടു....അവതരണം നന്നായിരിയ്ക്കുന്നു.
ഇട്ടിമാളൂ ഒത്തിരി നന്നായിരിക്കുന്നല്ലോ..കഥയെ നിര്‍വചിക്കാനൊന്നും ആവുന്നില്ല, എങ്കിലും മനസ്സിനടുത്ത് നിന്ന് എഴുതിയ തോന്നല്‍.
അഭിനന്ദനങ്ങള്‍.
-പാര്‍വതി.
ഇട്ടിമാളു വളരെ നന്നായിരിക്കുന്നു.
ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്നവയാണ് ഇട്ടിമാളുവിന്റെ കഥകള്‍ പലതും.
:)
കെട്ടുപാടുകള്‍ ഇല്ല..ചങ്ങലകളില്ല....സ്വാതന്ത്ര്യം..സര്‍വത്ര സ്വാതന്ത്ര്യം......ഇങ്ങനേം സമത്വം വരുമായിരിക്കും ഇല്ലേ...ഇട്ടിമാളൂ....
എന്തിനാ നായിക അവസാനം കരഞ്ഞത്........ഇന്ന് വനിതാ ദിനം ആണല്ലോ എന്നോര്‍ത്താണോ......
ഉം.....കഥ പറഞ്ഞിരിക്കുന്ന രീതിക്ക് ഒരു ഒതുക്കമുണ്ട്.
സൂ.. നന്ദി...
ഹരി.. വേദനിക്കണ്ടാട്ടോ...
കൊച്ചുഗുപ്താ.. ബോറടിച്ചില്ലല്ലോ.. അതു മതി..
പാറു...ആഷ .. നന്ദി...
സാന്‍ഡോസെ.. ഇപ്പൊഴാ കണ്ടത്...സന്തോഷമുണ്ട് വന്നതില്‍
ഇട്ടിമാളൂ.. നന്നായിട്ടുണ്ട്.
സഹയാത്രികന്‍റേയും സഹയാത്രികയുടേയും യാത്ര .
ഇട്ടിമാള്‍ഊ നന്നായിരിക്കുന്നു.
അനന്ദിതയെ കരയിക്കണമായിരുന്നോ?..ഒരു സംശ്യം! ഒരു നേര്‍ത്ത മന്ദഹാസമാണു ഞാന്‍ പ്രതീക്ഷിച്ചതു ,ലക്ഷ്യബോധമുള്ളവളും ശരിയയെന്നു തോന്നുന്നതു ചെയ്യുന്നവളുമല്ലെ.. ഉം..
qw_er_ty
ഇട്ടിമാളൂ,
“"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"“
കഥയില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരികളും ഇതു തന്നെ. കഥാതന്തുവിനേക്കാള്‍ മുന്‍പുണ്ടായത് ഈ വരികളാണോ എന്ന് തോന്നി.
പ്രിയംവദ പറഞ്ഞ അഭിപ്രായം എനിക്കും തോന്നി.
ശ്രീനിവാസന്‍ വെറുതെ ശ്യാമളയെ വിജയന്‍റ്റെ ‘കാല്‍ക്കല്‍ ഇരുത്തി‘ കരയിച്ചത് ഓര്‍ത്തു പോയി.
സസ്നേഹം
ദൃശ്യന്‍
ഇട്ടിമാളൂ കഥ ഇഷ്ടമായി.
“അവളുടെ വഴികളെ അറിഞ്ഞുകൊണ്ടുതന്നെ പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്ന് പോയത് പരസ്പരം ചോദ്യം ചെയ്യാത്ത വിശ്വാസമായിരുന്നു.“ പരസ്പര വിശ്വാസം തകര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ആ ബന്ധത്തിനെന്തര്‍ത്ഥം?
"നാള്‍വഴികളില്‍ പരസ്പരം കൂട്ടായിരിക്കാം .. പക്ഷെ അന്യോന്യം വലിച്ചുമുറുക്കുന്ന കെട്ടുപാടുകളില്‍ നീയെന്നെ തളച്ചിടരുത്.. ഇന്നുകളില്‍ എന്റെ ചെയ്തികള്‍ നിനക്ക് സ്വീകാര്യമെങ്കില്‍, നാളെകളില്‍ നീയെനിക്ക് സഹയാത്രികനാവുക"
മാളുട്ടീ..ഒരുപാട് ഇഷ്ടായി ഈ വരികള്‍...
ചാത്തനേറ്: വായിച്ച് തുടങ്ങിയപ്പോള്‍ രണ്ട് സിനിമാപ്പാട്ട് ഓര്‍മ്മവന്നു.
1. വടക്കും നാഥനിലെ “ഗംഗേ”
2. ദേശാടനത്തിലെ “കളിവീടു“റങ്ങിയല്ലോ..
പക്ഷേ, അവസാനം നന്നായി. എന്നാലും നായിക എവിടാരുന്നൂ എന്നതിന് ഒരു ക്ലൂ കൂടെ തരുമോ?
"നിനക്കെന്റെ വഴികളെ ചോദ്യം ചെയ്യാം. പക്ഷെ ശരിയാണെന്ന് എനിക്കുറപ്പുള്ളതില്‍ നിന്ന് ഒരിക്കലും നീയെന്നെ തടയരുത്..പ്രത്യേകിച്ചും മറ്റാരുടെയെങ്കിലും വാക്കുകേട്ട്"
സഹയാത്രികരുടെ കഥ നന്നായിരിക്കുന്നു,അവതരണവും...
കൃഷ്...വേണു മാഷെ..സോനാ.. :)വന്നതില്‍ വായിച്ചതില്‍ സന്തോഷമുണ്ട്..
പ്രിയംവദെ..നല്ല ചോദ്യം ...അതെനിക്കിഷ്ടായി... ആ കരച്ചില്‍ സങ്കടത്തിന്റേതാണെന്നു എന്തെ തോന്നിയെ.. തന്റെ സഹയാത്രികന്‍ തന്നെ തിരിച്ചറിയുന്നുവെന്നതിന്റെ സന്തോഷം കൊണ്ടായിക്കൂടെ.. പകരം ചിരിയാവുമ്പോള്‍ ഒരു കളിയാക്കലിന്റെ അഹങ്കാരത്തിന്റെ ധ്വനി വന്നാലോ എന്നൊരു സംശയം ..
ദൃശ്യാ.. അപ്പൊ കാര്യം മനസിലായല്ലോ.. അല്ലെ?
ശാലിനി... പിന്നെ ബന്ധം ബന്ധനമാവും .. അത്ര തന്നെ...
ചാത്താ.. എത്ര ആലോചിച്ചിട്ടും ആ പാട്ടുകള്‍ ഓര്‍മ്മയില്‍ വരാനെന്താകാരണം എന്നു മനസ്സിലായില്ല... ഉത്തരം പറഞ്ഞുതന്നിട്ടും ക്ലു ചോദിക്കുന്നോ...?
മയൂര .. ആദ്യായിട്ടാണല്ലെ ഇവിടെ.. സന്തോഷം
ഇന്നാണു ഇതു വായിച്ചത്.
കഥ നന്നായിട്ടുണ്ട്…
[പോളൊ കൊഇലെ യുടെ “zahir“ ഓറ്മ്മ വന്നു.]
ജെ എസ്.. കൊയ്‌ലോ യെ ഓര്‍ത്തത്തെന്താന്ന് മനസ്സിലായില്ല.. ഞാനും അതു വായിച്ചിട്ടുണ്ട്... വന്നതില്‍ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം
kollamallo.
nalkkanny .. നന്ദി..:)
Post a Comment