Wednesday, February 21, 2007

സ്മൃതിപഥങ്ങള്‍

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എല്ലാം
ഒരോര്‍മ്മയായ് തീരുന്ന നാള്‍വരേക്കെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഞാന്‍
നിന്‍ നെഞ്ചിലെരിയുന്നൊരോര്‍മ്മയാണെങ്കിലും
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എന്നും
ഒരോര്‍മ്മയായെങ്കിലും നീയെന്നെയോര്‍ക്കുവാന്‍
വെറുതെയാണെങ്കിലും, വെറുതെ മോഹിക്കുന്നു
ഞാന്‍, നിന്നിലെന്നുമൊരോര്‍മ്മയായുണരുവാന്‍


സ്മൃതിപഥങ്ങളില്‍ തേടുമൊരോര്‍മ്മയായ്
മറവിമൂടിടും മുഖമായി ഭാവമായ്
നിന്നില്‍ നിന്നും ഞാന്‍ എന്നേക്കുമായ്
അകന്നാരുമാരുമല്ലാതായിന്നു തീരവേ
അന്നു നിന്‍ കളികൂട്ടായി സ്വപ്നമായ്
ജീവനായ് തല ചായ്‌ക്കുവാന്‍ താങ്ങുമായ്
എന്നുമെന്നും നീയെന്റേതുമാത്രമെന്ന്
ആയിരം വട്ടം നീയന്നു ചൊല്ലവേ
ആവുകില്ലെന്നറിഞ്ഞിട്ടുമന്നു ഞാന്‍
നിന്റെ കണ്‍കളില്‍ എന്നെ തിരഞ്ഞതും
എന്നിടതു കയ്യിലെ രേഖകള്‍ നോക്കി നീ
നമ്മളൊത്തു ചേരുമെന്നോതവേ
വേണ്ട വേണ്ടെന്നു ഞാന്‍ വിലക്കീടുന്നു
വേണമെന്നെന്റെ ഉള്ളം വിതുമ്പുന്നു


മഞ്ഞുപെയ്യും മലമുകള്‍ തന്നിലെ
മുരളിയൂതി ചിരിക്കുന്ന കണ്ണന്റെ
കനിവുപോലും നമുക്കന്യമാകവേ
ചിരികള്‍ ചുണ്ടിനെ വക്രിച്ചുകൊല്ലവേ
ഇരുവഴിയേ നടന്നു മറയവേ
പിന്‍തിരിഞ്ഞു നീ നോക്കാതിരിക്കുക
എങ്കിലും, നീയെന്നുമെന്നെയോര്ത്തീടുക
എല്ലാം ഒരോര്‍മ്മയായ് തീരുന്ന നാള്‍വരെ

25 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, എല്ലാം
ഒരോര്‍മ്മയായ് തീരുന്ന നാള്‍വരേക്കെങ്കിലും

സു | Su said...

:|

G.MANU said...

:)

Areekkodan | അരീക്കോടന്‍ said...

:* *

Sona said...

മാളുട്ടി...എന്തായിത്? വെറുതെ ഈ ഓര്‍മ്മകള്‍ എന്നറിയുംബോഴും,വെറുതെ ഓര്‍മ്മിക്കുവാന്‍ മോഹം..
(ഈ വരി ഞാന്‍ ഒരു ഗാനത്തില്‍ നിന്നു തിരുത്തിയാതാണേ..(മോഷ്ടിച്ചതാണേ..)

salil | drishyan said...

ഇട്ടിമാളൂസേ,

കൂട്ടുകാരന് കൊടുത്ത options എനിക്കിഷ്ടമായി.
1. എല്ലാം (നാമൊരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍, നമ്മുടെ ചിന്തകള്‍, മോഹങ്ങള്‍ എല്ലാം) ഒരോര്‍മ്മയായ് തീരുന്ന നാള്‍വരെയെങ്കിലും നീയെന്നെ ഓര്‍ക്കണം
2. ഞാന്‍ നിന്‍‌റ്റെ നെഞ്ചിലെ (എരിയുന്ന) ഓര്‍മ്മയായ് മാറിയാലും നീയെന്നെ ഓര്‍ക്കണം
3. ഒരോര്‍മ്മയായെങ്കിലും നീയെന്നെ ഓര്‍ക്കണം

അര്‍ത്ഥാര്‍ത്ഥത്തില്‍ നീയെന്നെ ഒരിക്കലും മറക്കരുത്. പ്രണയിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതും ഇതു തന്നെ.

“വേണമെന്നെന്റെ ഉള്ളം വിതുമ്പുന്നു“ - ഈ വരികള്‍ നന്നായിട്ടുണ്ട്ട്ടോ.

“ഇരുവഴിയേ നടന്നു മറയവേ“ - ഈ വാക്കുകളുടെയിടയില്‍ ഒരു ‘നാം’ ചേര്‍ത്താല്‍ നന്നായിരിക്കുമെന്നു തോന്നി. അതായതു
# ഇരുവഴിയേ നടന്നു നാം മറയവേ
പിന്‍തിരിഞ്ഞു നീ നോക്കാതിരിക്കുക #
എന്നാകുമ്പോള്‍ വരികളുടെ ചാരുത വര്‍ദ്ധിച്ചതായ് തോന്നി.

ഇനി വേണമങ്കില്‍ ചോദിക്കാവുന്ന ഒരു സംശയം. ഒരു കുസൃതിസംശയമായ് എടുത്താല്‍ മതി.
“മുരളിയൂതി ചിരിക്കുന്ന കണ്ണന്റെ“ എന്ന വാചകം അത്ര രസിച്ചില്ല. ഒന്നാമത് കണ്ണന്‍‌റ്റെ കനിവും കവയിത്രിയുടെ situationമായുള്ള ബന്ധം മനസ്സിലായില്ല. പിന്നെ കണ്ണന്‍ മുരളിയൂതികൊണ്ടാണോ ചിരിക്കുക അതോ ചിരിച്ചു കൊണ്ടാണോ മുരളിയൂതുക എന്നതില്‍ precedence problem ഇല്ലേ എന്നൊരു സംശയം. അഭിജ്ഞാനശാകുന്തളത്തില്‍ ‘ഇരുന്നു കൊണ്ട് പ്രവേശിക്കുന്നു‘ എന്ന് കാളിദാസന്‍ എഴുതിയത് പത്താം തരത്തില്‍ പഠിച്ചതോര്‍ത്ത് പോയി.

മൊത്തത്തില്‍ വായിച്ചപ്പോള്‍ തന്‍‌റ്റെ കവിതകളിലെ താളബോധം ഒന്നു കൂടി നന്നായി വരുന്നുണ്ടെന്നു തോന്നി. സംഗീതമുറങ്ങി കിടക്കുന്ന റൊമാന്‍‌റ്റിക് കവിതകള്‍ ഇനിയും ഇട്ടിമാളുവിന്‍‌റ്റെ തൂലികയില്‍നിന്ന് പിറക്കട്ടെ.

സസ്നേഹം
ദൃശ്യന്‍

Anonymous said...

ഓര്‍മ്മകള്‍ എന്ന വാക്ക് എത്ര തവണ ഒരു പാരഗ്രാഫില്‍ ഉപയോഗിക്കുന്നു ഇട്ടി മാളൂ. വിവിധ അര്‍ത്ഥങ്ങള്‍ക്ക് അല്ലാതെ തന്നെ. ആദ്യ പാരഗ്രാഫ് ഒരു പാട് നിരാശപ്പെടുത്തി.
ഒരു കവിത യായ് വായിക്കുന്നതിനേക്കാള്‍ നല്ലത് അല്ലെങ്കില്‍ ഇഷ്ടം ഗിരീഷ് പുത്തംഞ്ചേരിയൊക്കെ എഴുതുന്ന പാട്ടായി വായിക്കാനാണിഷ്ടം

“ഇരുവഴിയേ നടന്നു മറയവേ
പിന്‍തിരിഞ്ഞു നീ നോക്കാതിരിക്കുക
എങ്കിലും, നീയെന്നുമെന്നെയോര്ത്തീടുക
എല്ലാം ഒരോര്‍മ്മയായ് തീരുന്ന നാള്‍വരെ“

ഇത്രയും ഭാഗം കുറച്ചെങ്കിലും ഇഷ്ടമായി.

മധുസൂദനന്‍ നായര്‍ ഇങ്ങനെ പറയുന്നു.
“കിട്ടിയ വൊക്കാബുലറി, പദാവലി നിരത്തി വയ്ക്കുക അതിന്‍ റെ തീക്ഷ്ണമായ ആശയങ്ങളെ ഇതിനകത്ത് ഇടിച്ച് കയറ്റി വയ്ക്കുക. അങ്ങിനെ ചെയ്തിട്ട് ഭാഷയെ ഉടയ്ക്കുകയാണ്. ഉടച്ചിടുന്നത് ശരിയായ സൃഷ്ടിയല്ല. ഉടച്ചിട്ട് പുതിയത് വാര്‍ക്കുന്നതാണ് സൃഷ്ടി”
ചുമ്മാ എഴുതി വന്നപ്പോള്‍ ഇത്രയും കൂടെ വേണമെന്ന് തോന്നി അതു കൊണ്ടാ...

ഇട്ടിമാളു അഗ്നിമിത്ര said...

സൂ..മനൂ...:)

അരീക്കോടാ.. വന്നതില്‍ സന്തോഷം .. ആ കമന്റ് എനിക്ക് തീരെ പിടിച്ചില്ല... ബ്ലോഗ് മാറിപോയതാണെന്നു കരുതുന്നു..

സോനാ.. വെറും മോഹം ..വെറും ഓര്‍മ്മകള്‍ .. വന്നതില്‍ സന്തോഷം ട്ടൊ

ദൃശ്യാ... ഇങ്ങനെയല്ലെ...
"മഞ്ഞുപെയ്യും മലമുകള്‍ തന്നിലെ
മുരളിയൂതി ചിരിക്കുന്ന കണ്ണന്റെ
കനിവുപോലും നമുക്കന്യമാകവേ"
ആ കനിവുപോലും ഇല്ലാതാവുന്ന അവസ്ഥ..അത്രയെ ഉദ്ദേശിച്ചുള്ളു.. എന്റെ കണ്ണില്‍ കണ്ണന്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാ.. :) :) :)

ഇരിങ്ങലെ.. വരുമെന്ന് പ്രതീക്ഷിച്ചില്ല...കണ്ടതില്‍ സന്തോഷം ..ഞാന്‍ എന്ന വാക്കിന്` ഒരു അര്‍ത്ഥമേ ഉള്ളുവെങ്കിലും നമ്മള്‍ അത് എത്ര തവണ ഉപയോഗിക്കുന്നു... ആ ഓര്‍മ്മകള്‍ അവിടെ ഉപയോഗിച്ചിരിക്കുന്നത് ആവശ്യത്തിനുതന്നെയാ.. വെറും ആവര്‍ത്തനം അല്ല....പുത്തഞ്ചേരി എഴുതിയാലെ വായിക്കുള്ളു എന്നു നിര്‍ബന്ധം ഇല്ലെങ്കില്‍ ഇതൊന്നു പാടിനോക്കു.. ഒരു പാട് ചൊല്ലിനടന്നതിനു ശേഷമാ ഞാന്‍ ഇതെഴുതിയത്.. മധുസൂദനന്‍ നായര്‍ മാത്രമല്ല അതിലും വലിയവര്‍ പലരും ഇങ്ങനെ പലതും പറഞ്ഞിരിക്കും ഇതൊക്കെ വായിച്ചു പഠിച്ചിട്ട് കവിത എഴുതാനൊക്കുമോ... പിന്നെ അങ്ങിനെ ഒക്കെ പഠിച്ചെഴുതാന്‍ ആഗ്രഹവുമില്ല.. നല്ല അഭിപ്രായമെങ്കിലും സ്വീകരിക്കന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.. പരിഭവമില്ലെന്നു കരുതുന്നു..

സു | Su said...

ഇട്ടിമാളൂ, പിന്നെ വന്ന് കമന്റിടാം എന്ന് വിചാരിച്ച് പോയതാണ്.

പിന്തിരിഞ്ഞു നീ നടന്നാലും ഒരുപാട് ഓര്‍മ്മകള്‍ ഇല്ലേ കൂടെക്കൂട്ടിയത്?


എന്നിടതു കയ്യിലെ രേഖകള്‍ നോക്കി നീ
നമ്മളൊത്തു ചേരുമെന്നോതവേ
വേണ്ട വേണ്ടെന്നു ഞാന്‍ വിലക്കീടുന്നു
വേണമെന്നെന്റെ ഉള്ളം വിതുമ്പുന്നു

ഉം...

Anonymous said...

അതു തന്നെയാണ് ഞാന്‍ പറഞ്ഞത്
പാടാന്‍ സുഖമുള്ള വരികള്‍ തന്നെ.
പുത്തഞ്ചേരിയുടെ പാട്ടുകള്‍ പോലെ
എന്നാല്‍ അര്‍ത്ഥം മറ്റു വരികളുമായുള്ള് ബന്ധം പുത്തഞ്ചേരിയുടെ വരികളില്‍ ചോദിക്കരുതെന്നാണ് ഉദ്ദേശിച്ചത്.

പിന്നെ കഴിയുന്നതും എല്ലാ ബ്ലോഗിലും എത്തിപ്പെടാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊന്നും സാധിക്കാറില്ല. അതു കൊണ്ട് മുന്‍ ധാരണകള്‍ വേണ്ട വീണ്ടും തീര്‍ച്ചയായും വരും ഇവിടെ.

Unknown said...

ഇട്ടിമാളൂ ,
മുന്‍പ് വന്ന് വായിച്ചതാണെങ്കിലും ഇപ്പഴെ കമന്റാന്‍ പറ്റിയുള്ളൂ ,നന്നായിട്ടുണ്ട്.

വേണു venu said...

ഇട്ടിമാളൂ കവിത എനിയ്ക്കു് രസിച്ചു എന്നു പറയാനേ അറിയാകൂ.
മുരളിയൂതിക്കൊണ്ടും ആര്‍ക്കും ചിരിക്കാം.കണ്ണനു് പിന്നെ പറയേണ്ടല്ലോ. ആ വരിക്കെനിക്കൊരു അഭങ്ങിയും തോന്നിയില്ല.

പാര്‍വണം.. said...

ഒരോര്‍മയായ് തീരും വരെ ഓര്‍ക്കാനൊ?

എന്നുമെന്നും നീയെന്റേതുമാത്രമെന്ന്
ആയിരം വട്ടം നീയന്നു ചൊല്ലവേ
ആവുകില്ലെന്നറിഞ്ഞിട്ടുമന്നു ഞാന്‍
നിന്റെ കണ്‍കളില്‍ എന്നെ തിരഞ്ഞതും

ഈ വരികള്‍ നല്ല ഇഷ്ട്ടായി...
അഭിനന്ദനങള്‍!!

Haree said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, ഇത്രയും പ്രാവശ്യം ആവര്‍ത്തിക്കേണ്ടതുണ്ടായിരുന്നോ? മറ്റൊന്നുള്ളത്, ചൊല്ലിവരുമ്പോള്‍ ഇടയ്ക്കിടെ വാക്കുകളില് തട്ടിവീഴുന്നു.
ഉദാ:
• നിന്നില്‍ നിന്നും ഞാന്‍ എന്നേക്കുമായ്
• അകന്നാരുമാരുമല്ലാതായിന്നു തീരവേ

--
അകന്നാരുമാരുമല്ലാതായിന്നു - ഇതിന്റെ വാക്യഘടനയ്ക്കു തന്നെ എന്തോ പ്രശ്നമില്ലേ? അവസാനഭാഗം താരതമ്യേന നന്നായി... കൂടുതലെഴുതൂ... :)
--

Unknown said...

ഇട്ടിമാളൂ..... ഇത്രക്കൊക്കെ വേണോ?????????

Haree said...

അകന്നാരുമാരുമല്ലാതായിന്നു - വാക്യഘടനയ്ക്കു പ്രശ്നമില്ല, പക്ഷെ വായിച്ചു വരുമ്പോള്‍ എന്തോ പോലെ... എന്റെ തോന്നലാവും. :)
--

ദൃശ്യന്‍ said...

:-) :-) :-) :-) :-) :-) :-) :-) :-)

ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. വീണ്ടും വന്നതില്‍ സന്തോഷം .. കൂടെകൂട്ടിയ ഓര്‍മ്മകളല്ലെ ഇതെല്ലാം ... ഉം ... ;)

ഇരിങ്ങലെ .. :)

പൊതുവാള്ജി.. താങ്കളുടെ സന്ദര്‍ശനത്തിന്` ഒത്തിരി നന്ദി..

വേണു മാഷെ .. കവിത ഇഷ്ടായല്ലോ സന്തോഷം

പാര്‍വ്വണം .. ഒരോര്‍മ്മയായ് തീരും വരെ ഓര്‍ക്കണം ... നടക്കില്ലെങ്കിലും ആഗ്രഹിക്കാമല്ലോ... അതുകഴിഞ്ഞാല്‍ ഓര്‍മ്മകള്‍ ഉണ്ടാവുമോന്ന് നമുക്ക് അറിയില്ലല്ലോ....

ഹരീ.. തട്ടിവീഴാതെ തന്നെ ചൊല്ലാമല്ലോ... "എന്നേക്കുമായകന്നാരുമാരുമല്ലാതായിന്നു"... ഇങ്ങനെ നോക്കൂ

അനിയാ.. എന്തുപറ്റി.. ഇത്രയെങ്കിലും വേണ്ടെ?

ദൃശ്യാ.. :) :) :)

ചേച്ചിയമ്മ said...

ഇട്ടിമാളൂ..
കവിത ഇഷ്ടപ്പെട്ടു. ചില വരികള്‍ പ്രത്യേകിച്ചും.

ഇട്ടിമാളു അഗ്നിമിത്ര said...

ചേച്ചിയമ്മെ... :) :)

mumsy-മുംസി said...

ഇട്ടിമാളു അനിതാനായരുടെ പുസ്തകം വായിച്ചുവോ?
ഉണ്ടെങ്കില്‍ അതെങ്ങനെയുണ്ട്?
അവരെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാമോ ?
നിങ്ങളുടെ നാട്ടുകാരിയാണെന്നറിയാവുന്നതു കൊണ്ട് ചോദിച്ചതാണ്`.
എനിക്കവരെ ഞങ്ങളുടെ 'വേറിട്ടകാഴ്ച്ചകളില്‍' അവതരിപ്പിക്കണമെന്നുണ്ട്

.... said...

ഓര്‍മ്മകള്‍ ഉള്ളില്‍ കനല്‍ കോരിയിടുമ്പോള്‍ എങ്ങോട്ട് നോക്കണം മാളുവെ? കാര്‍വര്‍ണ്ണനെ നോക്കിയാല്‍ മതിയൊ?

ഇഷ്ടായി...നടുക്കുള്ള ഖണ്ഡികയുടെ അവസാന ചില വരികള്‍ പ്രത്യേകിച്ചും..

ഇട്ടിമാളു അഗ്നിമിത്ര said...

തുഷാരം .. എല്ലാരും പറയുന്നു കണ്ണനെ നോക്കിയാല്‍ മതി എന്ന്..

ധ്വനി | Dhwani said...

എന്നും ഒരോര്‍മ്മയായെങ്കിലും നീയെന്നെയോര്‍ക്കുവാന്‍
വെറുതെയാണെങ്കിലും, വെറുതെ മോഹിക്കുന്നു
ഞാന്‍, നിന്നിലെന്നുമൊരോര്‍മ്മയായുണരുവാന്‍..

എന്റെ മനസ്സും ഇതു തന്നെ കേഴാറുണ്ട്... എനിക്കു പ്രിയമായ ദേഹങ്ങളോട്, എന്നെ ഒരിക്കലും കാണാതെ കടന്നുപോയ വഴിപോക്കരൊട്, പിന്നെച്ചിലപ്പോള്‍ വെറുപ്പുകൊണ്ടെന്റെ നേരെ ചിറി കോട്ടിയവരോട്...
എല്ലാവരും ഇങ്ങനാണല്ലേ?

ഇട്ടിമാളു അഗ്നിമിത്ര said...

ധ്വനി.. ആണെന്നു തോന്നുന്നു.. പറയാത്തതാവാം .. :)