അങ്കുര്‍ .. നിനക്ക് ഓര്‍മ്മയുണ്ടോ.. നമ്മള് അവസാനം കണ്ടത്.. ഞാന്‍ മറന്നാലും നീ മറക്കില്ല... അന്നു മുതല്‍ ഞാന്‍ അവിടെ തടവിലാണ്. എന്റെ ഞായറാഴ്ചകളുടെ കഥ പറഞ്ഞ 76-ം പേജില്‍ .അതില്‍ അവസാനം നിന്റെ വിവാഹക്ഷണക്കത്ത് കണ്ട്, ഞാന്‍ വെറുമൊരു പെണ്ണായി പോവുന്നെന്ന പേടിയിലാണ്` നമ്മള് പിരിഞ്ഞത്. ആണൊരുത്തന്റെ നിഴല്‍ മാത്രമാവാന്‍ കൊതിക്കുന്ന പെണ്ണ്. അങ്ങിനെ ആവാന്‍ കഴിയാതെ വരുന്നത് എന്റെ തെറ്റെന്ന് ആരൊക്കെയോ വിളിച്ചുകൂവിയപ്പോള്‍ ഞാനും ഒരു വേള ഇടറിപ്പോയോ?
അങ്കുര്‍ .. നീ ഓര്‍ക്കുന്നോ നമ്മുടെ ഞായറാഴ്ചകളെ... ഇല്ലെങ്കില്‍ മറ്റെന്താണ്` നീ ആലോചിക്കുന്നത്... നാളുകള്‍ക്കുശേഷം നിന്നെ ഞാന്‍ ഓര്‍ത്തതോ...നിന്നെ ഞാന്‍ എന്നും ഓര്‍ക്കുകയായിരുന്നു.. ഒരു ഓര്‍മ്മതെറ്റുപോലെ...എങ്കിലും ഇന്ന്, അവള് എന്റെ അക്ഷരങ്ങള്‍ക്കു മുന്നില്‍ താണ്ഡവമാടി. നിരൂപണത്തിന്റെ പേരില്‍ അവരതിനെ കീറിമുറിച്ചു....അവ ശ്വാസം കിട്ടാതെ പിടയുന്നതു കണ്ടിട്ടും, അങ്കുര്‍ എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളു.. എന്നും നിന്റെ മൃദുല ചിരിച്ചിട്ടല്ലെ ഉള്ളു. അവളോട് എനിക്ക് പറയാനാവില്ല്ല്ലോ, നീയെനിക്ക് ആരായിരുന്നെന്ന്. നമുക്ക് മാത്രമറിയാവുന്ന പേരിടാത്ത ബന്ധത്തെ കുറിച്ച് ഞാനെങ്ങനെ അവര്‍ക്ക് പറഞ്ഞുകൊടുക്കും...
അങ്കുര്‍ .. പറയ്.. എന്തെങ്കിലും പറയ്....നിന്നെ ഞാന്‍ അക്ഷരങ്ങളില്‍ ബന്ധിച്ചപ്പോള്‍ ഒപ്പം ഞാനും ചലനമറ്റു പോവുമെന്ന് അറിഞ്ഞിട്ടും മറ്റൊന്നും എനിക്കാവുമായിരുന്നില്ല..എത്ര വര്‍ഷമായല്ലെ ഞാനീ പൊടിപിടിച്ച പുസ്തകത്താളില്‍ തടവിലാക്കപ്പെട്ടിട്ട്.. പുറത്തിറങ്ങിയപ്പോള്‍ എല്ലാം ഒരുപാട് മാറിപ്പോയിരിക്കുന്നു.. അന്നത്തെ നമ്മുടെ മനസ്സിനെ പോലും ഇവര്‍ ചിരിച്ചുതള്ളുന്നു... .. നിനക്കറിയുമോ അവരെ, എനിക്കുമറിയില്ല അവരാരെന്ന്.. എവിടെന്ന് വരുന്നെന്ന്.. ഒന്നും ഒന്നുമറിയില്ല..
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം തങ്ങിനില്ക്കുന്ന ലാബില്‍നിന്ന് തോല്‍വിയുടെ കനം തൂങ്ങിയ തലയുമായ് യാത്രചോദിച്ചപ്പോള്‍ കയറിവന്ന ഒരു കൂട്ടം പുതുമുഖങ്ങള്‍ .... അപകര്‍ഷതയുടെ ആകെ തുകയായി മാറിയ ജീവിതം, അവര്‍ക്കു നേരെ മുഖം തിരിച്ച് ഞങ്ങള്‍ പടിയിറങ്ങി. നാളുകള്‍ കൈകുടന്നയിലെ വെള്ളം പോലെ ഊര്‍ന്നുപോയപ്പോഴും മനസ്സില്‍ ബാക്കിനിന്ന മാസ്റ്റര്‍ ഓഫ് കെമിസ്റ്റ്രി. വീണ്ടും ഒരങ്കത്തിന്` നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പഴയ പുതുമുഖങ്ങള്‍ക്കിടയിലെ അപരിചിത മുഖം .. വെന്തുരുകുന്ന ഒരു രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വെച്ചാണ്` അവള് നമ്മുടെ ഞായറാഴ്ചകളെ കീറിമുറിച്ചത്...
അങ്കുര്‍ .. നോക്ക്, ഒരു ജാഥപോവുന്നു, വിപ്ലവത്തിന്റെ ചെങ്കൊടിയുമായ്. അന്ന് ബൂര്‍ഷയെന്നും, സാമ്രാജ്യത്വമെന്നും പറഞ്ഞ് നീ രോഷം കൊള്ളാറുള്ള ഞായറാഴ്ചകള്‍. ഒന്നും മനസ്സിലാവാഞ്ഞിട്ടും നിന്റെ കണ്ണിലെ തിളക്കം കാണാന്‍ എല്ലാം മനസ്സിലായെന്ന് നടിക്കാറുള്ള ഞാന്‍ .. അങ്ങിനെയല്ലെ കഥ തുടങ്ങുന്നത്.
അതിലൊരു ഞായറാഴ്ചയാണ്` നിന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച നാടുനീങ്ങിയ കാര്യം നീ പറഞ്ഞത്... അതിന്` അവള് ചോദിച്ചതെന്തെന്നോ, ബന്ധങ്ങള്‍ മുറിയുന്നതിന്റെ സൂചനയല്ലെ പൂച്ചയുടെ മരണമെന്ന്. അതൊരു വെറും സംഭവം എന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ അവളുടെ നിരൂപണബുദ്ധിക്ക് വിശപ്പടക്കാന്‍ അതു മതിയായില്ല.... പറയ്.. ആ പൂച്ചക്കു പകരം ആണോ നീ വിവാഹത്തിലൂടെ ഒരാളേ കണ്ടെത്തിയത്.
നിന്റെ ഞായറാഴ്ചകള്‍ക്കു വേണ്ടി മാത്രമല്ലെ ആഴ്ചയിലെ ആറുദിവസങ്ങള്‍ ഞാന്‍ തള്ളിനീക്കിയിരുന്നത്.അതിലൊരുനാള്‍ അപ്രതീക്ഷിതമായ് ഒരു കല്ല്യാണകത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അതിലൊരിക്കലും വരനായ് നിന്നെ പ്രതീക്ഷിച്ചില്ല. അസ്തിത്വവാദത്തിന്റെ ഭാരവും പേറിനടക്കുന്ന നിന്നെപോലൊരാള്‍ക്ക് എങ്ങിനെ താലിയുടെ കൊളുത്തില്‍ സ്വാതന്ത്ര്യത്തെ ബന്ധിക്കാനാവും. എന്നിട്ടും വധുവിന്റെ പേര് വായിക്കും മുമ്പെ കാഴ്ച മറഞ്ഞത്...
അങ്കുര്‍, എന്നിട്ടും നിന്നെയെനിക്ക് മറക്കാനാവുന്നില്ലല്ലോ? വെറുപ്പോടെ നിന്നെ ഞാന്‍ മറക്കാന്‍ ശ്രമിക്കുമ്പോഴും വീണ്ടും ഞാന്‍ ഞായറാഴ്ചകള്‍ക്കു വേണ്ടി കാത്തിരിക്കുന്നത് എന്തിനാവാം? പഴയൊരു സ്വപ്നത്തിന്റെ നിണമൂറുന്ന ഓര്‍മ്മകള്‍ക്കും ഒരു സുഖമുള്ളതുകൊണ്ടുമാത്രം ...
അങ്കുര്‍, ആ പഴയ മാഗസിന് താളിന്റെ മഞ്ഞനിറം നിന്റെ കവിളിലും പടര്‍ന്നിരിക്കുന്നു.. വിപ്ലവത്തിന്റെ രക്തവര്‍ണ്ണം കത്തിജ്വലിച്ച നിന്റെ കണ്‍കളില്‍ വിളര്‍പ്പിന്റെ ധവളപത്രങ്ങള്‍ ..
അങ്കുര്‍, ബന്ധങ്ങള്‍ക്ക് പേരിടുമ്പോള്‍ അവ ശിഥിലമാവുമെന്ന് പറഞ്ഞ ഞാന്‍ അതേ താളില്‍ തന്നെ പുലമ്പി, നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദനകൊണ്ട്... അതോ .. അന്നു ഞാന്‍ മറ്റെന്തെങ്കിലും ഓര്‍ത്തിരുന്നിരിക്കുമോ? ഇപ്പോള്‍ അവള് ചോദിക്കുനു .. നീയെനിക്ക് ആരായിരുന്നെന്ന്. അങ്കുര്‍ മൃദുവിന്` ആരായിരുന്നെന്ന്.. നമുക്ക് അറിയാത്ത ബന്ധത്തിന്റെ പേര് അവളെന്തിനറിയണം.
അങ്കുര്‍, നീ വരുന്നോ... ഞാന്‍ ആ മാഗസിന് താളുകളിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഘനീഭവിച്ചുകിടക്കുന്ന കാലത്തിനൊപ്പം നമുക്ക് പഴയ അങ്കുറും മൃദുവുമാകാം... ഇനിയൊരു ഒഴുക്കില്ലാതെ, നമുക്കാതാളുകളില്‍ ...ആര്‍ക്കും മുഖം കൊടുക്കാതെ ഒളിച്ചിരിക്കാം ....
23 comments:
ഈ കഥാപാത്രങ്ങളെ ഞാന്‍ കടമെടുത്തതാണ്.. ആരുടേതെന്ന് എനിക്കറിയില്ല.. ഏതോ കോളേജ് മാഗസിന് താളുകളിലണ്` ഞാന്‍ അവരെ കണ്ടത് ... പക്ഷെ ഒരിക്കല്‍ അവരുടെ ഉള്ളിലേക്കിറങ്ങിയാല്‍ ...
ഇട്ടിമാളൂ നല്ല കഥ... നല്ല അവതരണം. ഇഷ്ടമായി.
ഇപ്പോള്‍ അവള് ചോദിക്കുനു .. നീയെനിക്ക് ആരായിരുന്നെന്ന്.
വെന്തുരുകുന്ന ഒരു രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വെച്ചാണ്` അവള് നമ്മുടെ ഞായറാഴ്ചകളെ കീറിമുറിച്ചത്...
- ഈ ‘അവള്’ ഇട്ടിമാളു തന്നെയല്ലേ? ഒന്നുറപ്പിക്കാന്‍ ചോദിച്ചെന്നു മാത്രം, ആവാതെ തരമില്ല, അങ്ങിനെയല്ലേ?
--
ഞായറാഴ്ചകളിലാണല്ലോ ഈ കഥയിലും കഴിഞ്ഞ കഥയിലും സംഭവങ്ങള്‍ നടക്കുന്നത്. ഇങ്ങിനെയൊരു അന്വേഷണം എന്റെ അനുഭവത്തില്‍ ആദ്യം. ശരിതന്നെ... കഥാപാത്രങ്ങള്‍ക്കും അവരുടേതായി എന്തെങ്കിലും പറയാനുണ്ടാവില്ലേ? സത്യത്തില്‍ അതല്ലേ വായനക്കാരന്റെ ആസ്വാദനം? ഇട്ടിമാളു വായിച്ചു നിര്‍ത്തിയ കഥ, ഞാനൊന്നു വായിച്ചാലോ? മറ്റെന്തൊക്കെയോ ആവില്ലേ ഇവര്‍ക്കു പറയാനുണ്ടാവുക? എനിക്കിഷ്ടമായി... :)
--
ഇത്തിരി... വന്നതില്‍ സന്തോഷം .. ഇഷ്ടമായെന്നതില്‍ അതിലേറെയും ...
ഹരീ.. ഇതൊത്തിരിയൊത്തിരി പഴയതാ... ഒരിക്കല്‍ ഹോസ്റ്റലില്‍ വച്ച് ആരുടെയോ കയ്യില്‍ നിന്നു വായിച്ച ഒരു മാഗസിന് ... അന്നെഴുതിയതാ.. കഴിഞ്ഞദിവസം മൃദുല്‍ എന്നൊരു പുതിയ ബ്ലോഗറെ കണ്ടപ്പോള്‍ ഈ മൃദുവിനെ ഓര്‍ത്തു .. .. അങ്ങിനെ തപ്പിയെടുത്തു.. അതില്‍ കൂടുതല്‍ ഇതില്‍ ഒന്നും ഇല്ല... ബാക്കി സംശയങ്ങള്‍ എന്താ പറയാ.. വായിക്കാന്‍ തരാന്‍ ആ മാഗ് എന്റെ കയ്യിലില്ലല്ലോ...
പഴയതായതുകൊണ്ടെന്താ?
പിന്നെ, കഥവായിച്ചപ്പോള് ഞാനും മൃദുലിനെ ഓര്‍ക്കാതിരുന്നില്ല. ഇട്ടിമാളു ഓര്‍ക്കുട്ടിലുണ്ടോ?
--
qw_er_ty
ഹരീ.. ഞാന്‍ ആ കൂട്ടില്‍ ഇല്ലല്ലോ.. തുറന്ന ലോകത്ത് പാറിനടക്കണതാ എനിക്കിഷ്ടം
കഥ വായിയ്ക്കാനൊരു രസം ഉണ്ടായിരുന്നു..
വളരെ ഇഷ്ട്ടപ്പെട്ടു.
ഹ ഹ ഹ...
തുറന്ന ലോകമോ? അത് സ്വപ്നങ്ങളില്‍ മാത്രമല്ലേ ഉണ്ടാവൂ... :) അല്ലാതെ ഏതുലോകമാണ് തുറന്നതായി? ഏതായാലും ഇട്ടിമാളുവിന് സ്വതന്ത്രമായി പാറിനടക്കുവാനൊക്കുന്നുണ്ടെങ്കില്, നടന്നോളൂട്ടോ...
--
ഇട്ടിമാളുവേ...
‘മലയാളമനസ്സിലെ’ കമന്റിനെക്കുറിച്ചാണേ... ഉടുപ്പിട്ട നാണത്തെക്കുറിച്ചുള്ള മാളൂട്ടീടെ വിചാരങ്ങള്‍ ഉണ്ണിക്ക് മനസിലാവുമോ? വിട്ടുകള... :)
--
ഓഫിനു സോറി, ഡിലീറ്റ് ചെയ്തേക്കൂട്ടോ...
qw_er_ty
:)
പി ആര് .. കഥ ഇഷ്ടമെന്നറിഞ്ഞതില്‍ സന്തോഷം ...
സൂ... ഒന്നു നന്നായി ചിരിക്കെന്നെ.. :)
ഹരീ.. തുറന്ന ലോകം ..ചുമ്മാ ഒരു നമ്പര്‍ ... ഞാന്‍ ഓര്‍ക്കൂട്ടില്‍ ഇല്ലെന്നെ ഉദ്ദേശിച്ചുള്ളു...
പിന്നെ ആ ഉണ്ണിക്ക് ഇപ്പൊ എല്ലാം മനസ്സിലായെന്നാണല്ലോ പറയുന്നെ...
ഇട്ടികുട്ടീ,
നന്നായിരിക്കുന്നു. ഹൃദയവ്യഥകള് ഹൃദ്യമായി അവതരിപ്പിച്ചു.
-സുല്‍
മാളു...കഥ നന്നായി..എപ്പോഴൊക്കെയോ എന്റെ മനസ്സിലൂടെ പോയ കാര്യങ്ങള്‍...കൊള്ളാം...
പറയാന്‍ മറന്നു..ഈ കഥ ഇവിടെ എത്താന്‍ ഞാന്‍ ഒരു കാരണമായി എന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം....ആദ്യമായിയാണു എന്റെ പേരു ആരെയെങ്കില്ലും ഒരു കഥ ഓര്‍മ്മിപ്പിക്കുന്നതു...നന്ദി...
സുല്ലെ.... :)
മൃദുല്‍ .. അന്ന് ഇയാളുടെ ബ്ലോഗ് കണ്ടതോണ്ടാ ഞാന്‍ ഇതു ഓര്‍ത്തത്... ഓരോരോ നിമിത്തമാവാം .. ഒരു കഥ വായിച്ച് മറ്റൊരു കഥ എഴുതി.. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അതോര്‍ക്കാന്‍ വേറൊരാളുടെ കഥ വായിക്കേണ്ടി വരിക.. അങ്ങിനെയങ്ങിനെ... വീണ്ടും കാണാം ..
.. വെന്തുരുകുന്ന ഒരു രാത്രിയില്‍ മെഴുകുതിരി വെളിച്ചത്തില്‍ വെച്ചാണ്` അവള് നമ്മുടെ ഞായറാഴ്ചകളെ കീറിമുറിച്ചത്...
...നല്ല കഥ ഇട്ടിമാളു. .ഒന്നു ചോദിക്കട്ടെ , ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ടോ?
ഇട്ടിമാളു..നല്ല കഥ…വ്യത്യസ്ഥമായ ശൈലി..
ഇഷ്ടായി.
മുംസി ഒരു കഥാപാത്രം ഉണ്ട്.. കഥ വായിച്ച ആള് .. ബാക്കിയുള്ളവരുടെ കാര്യം അറിയില്ല..
ആമി.. നന്ദി..
ഇട്ടിമാളൂസേ,
കഥ ഇപ്പോഴാ കണ്ടത്, വായിച്ചിട്ടില്ല, വായിച്ചിട്ട് അഭിപ്രായം പറയാം.
വന്നത് ദേവപ്രിയയെ വായിക്കാനാണ്. എവിടെ പോയി അവള്??? http://ittimalu.blogspot.com/2007/02/blog-post_09.html
സസ്നേഹം
ദൃശ്യന്‍
ഇട്ടിമാളൂസേ,
പോസ്റ്റ് വായിച്ചു.
ഭാഷ നന്ന്, പക്ഷെ ഒരു ഓര്‍മ്മക്കുറിപ്പില്‍ നിന്ന് കഥയിലേക്ക് ഒരുപാട് ദൂരമുണ്ട്.
“ദേവപ്രിയയെ കാണാനില്ല“ എന്നൊരു പരസ്യം കൊടുക്കണോ? :-)
സസ്നേഹം
ദൃശ്യന്‍
വായിച്ചു...കഥ പറയുന്ന രീതി നന്നായിട്ടുണ്ട്..
കൊച്ചുഗുപ്താ.. കണ്ടിട്ട് കാലം കുറെ ആയല്ലോ.. വന്നതില്‍ സന്തോഷം ..
ദൃശ്യാ... അഭിപ്രായത്തിനു നന്ദി..
???? :-(
മറുപടി ലഭിക്കാഞ്ഞ ആ ചോദ്യം ഞാന്‍ മറക്കുന്നു.
സസ്നേഹം
ദൃശ്യന്‍
Post a Comment