കന്യാകുമാരിയിൽ ഒരു കോവളം
തിരുവനന്തപുരത്ത് നിന്നും എങ്ങോട്ടെങ്കിലും ഒരു യാത്ര പോവണമെന്ന് തോന്നിയാൽ, ഏറ്റവും എളുപ്പം ചെന്നെത്താവുന്നത് കന്യാകുമാരിയിൽ തന്നെ. എന്നാൽ പിന്നെ പോയേക്കാം എന്ന് പറഞ്ഞ് വണ്ടിവിട്ടാൽ, കടലിനു സമാന്തരമായ റോഡിൽ ചെന്നൊരു നിൽപ്പുണ്ട്.. ഒന്ന് ചവിട്ടി നിർത്തി ഇടംവലം നോക്കുമ്പോൾ ഇടത്തോട്ട് കന്യകുമാരിയെന്നും വലത്തോട്ട് കോവളം എന്നും ദിശാസൂചികൾ . തിരുവനന്തപുരത്ത് നിന്ന് വന്നവർ, വലത്തോട്ട് ഒരു കിലോമീറ്റർ മാത്രം പോയാൽ കോവളമെത്തുമെന്നു ചൂണ്ടുന്ന വിരലിനെ സംശയിക്കാതിരിക്കുന്നതെങ്ങിനെ ! ചോദിച്ചവർ എല്ലാം പറഞ്ഞത് കോവളം എന്ന് തന്നെ; കോവലം എന്നല്ല.
വർഷങ്ങൾക്ക് മുമ്പ് കന്യകുമാരിക്കൊരു കടൽത്തീരമുണ്ടായിരുന്നു.. സ്കൂളിലെ എസ്കർഷൻ കുട്ടികൾ എറിയുന്ന നാണയങ്ങൾ മുങ്ങിയെടുക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു .. അരികിൽ ചെളിയിൽ പുളയ്ക്കുന്ന കറുത്ത പന്നികൾ ഉണ്ടായിരുന്നു.. നിറമുള്ള മണലും കക്കയും ശംഖും വില്ക്കുന്ന കറുത്തു ശോഷിച്ച കുട്ടികളും ..
ഇന്ന് കടൽത്തീരം മുഴുവൻ കെട്ടിടങ്ങൾ കയ്യടക്കിയിരിക്കുന്നു..എങ്ങിനെ നോക്കിയാലും സഞ്ചാരികൾ കടൽ കാണരുതെന്ന വാശിയിലാണു കെട്ടിടങ്ങൾ കെട്ടിപൊക്കിയിരിക്കുന്നത് .. യാത്രികരെ പിടിക്കാൻ ഹോട്ടലുകൾ ഏർപ്പാടാക്കിയ കമ്മീഷൻ ഏജന്റ്സ് എല്ലാം വാകീറി പറയുന്നതും "കടൽ കാണാവുന്ന മുറികൾ " എന്നാണ്. ..ഒരു ജനൽ ചതുരത്തിലെ കടൽ കാഴ്ചകൾ, അല്ലെങ്കിൽ അത്രമാത്രമുള്ള ബാൽക്കണിക്കാഴ്ചകൾ .... കടൽ തൊടാതെ , കടൽവെള്ളത്തിൽ കാലെങ്കിലും നനക്കാതെ എന്ത് കടൽകാണൽ ..ചേരികൾ പോലെ നിറഞ്ഞു നില്ക്കുന്ന വീടുകൾക്കിടയിലെ ഒറ്റയടി പാതപോലുള്ള വഴിയിലൂടെ നടന്നാൽ പുലിമുട്ടുണ്ട്.. അത്യാവശ്യം കടൽ കാണാനുള്ളത് അവിടെയാണു.. അതിനരികിൽ ഒരു കുളത്തിലെ ഓളം പോലുമില്ലാത്ത അല്പം തീരവും .. വിവേകാനന്ദപ്പാറ, ഗാന്ധിസ്മാരകം, ത്രിവേണി സംഗമം, അതിനടുത്ത വില്പനകേന്ദ്രങ്ങൾ, കരയിൽ നിന്നുള്ള കടൽ കാണൽ, ടവറിൽ കയറി അഞ്ചുരൂപാ ടിക്കറ്റിൽ ഉള്ള ഉദയവും അസ്തമയവും; അങ്ങിനെ കന്യാകുമാരിയിലെ കാഴ്ചകൾ മിക്കവാറും അവസാനിക്കുന്നു .. പിന്നെ ഏറിയാൽ കന്യാകുമാരിയെ അമ്പലത്തിൽ കയറിയൊന്നു വണങ്ങാം
ഉദയാസ്തമയങ്ങൾക്ക് വിലപേശി ചെല്ലുമ്പോഴും കടൽ നിങ്ങളിൽ നിന്നും കയ്യെത്തും ദൂരത്തിനും അപ്പുറത്താണ്. .. കടൽ കാറ്റിലലിഞ്ഞെത്തുന്ന ഉപ്പുവെള്ളത്തുള്ളികളിൽ ഒതുങ്ങുന്നു..കടലിനോടടുത്ത ഏതു വിനോദസഞ്ചാര കേന്ദ്രത്തിനും ബീച്ച് തന്നെയല്ലേ മുഖ്യ ആകർഷണമാവുന്നത്.. പക്ഷെ, പന്നികൾ പുളച്ചിരുന്ന പഴയ ചെളിക്കുണ്ടുകളേക്കാൾ ദയനീയമാണ് ഇന്നീ കടൽത്തീരം ..
ഉദയവും അസ്തമയവും കാണാൻ കാണികൾ തിക്കിത്തിരക്കുന്ന ഇടമാണ് മിക്കവർക്കും ഇന്ന് കന്യാകുമാരി.. തിരക്കൊഴിയുമ്പോൾ ആ റോഡിലൂടെ നേരെ നടന്നാൽ കടലിനെ സ്പർശിക്കാവുന്ന മറ്റൊരു തീരത്തെത്താം .. കന്യാകുമാരിയിൽ നിന്നും കേവലം ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള കോവളം എന്നാ ബീച്ചിൽ .. വലുതും ചെറുതുമായ വലിയ പാറകൾ നിറഞ്ഞതാണു ഈ തീരം.. പാറക്കെട്ടുകൾ ഇല്ലാത്ത മണൽ മാത്രം നിറഞ്ഞ ഇടവുമുണ്ട് .. അർദ്ധചന്ദ്രക്കലാകൃതിയിൽ സുന്ദരമായ ഈ തീരത്തെ വലിയ പാറകൾക്ക് മുകളിൽ നിന്ന് നോക്കുന്നത് സുന്ദരമായ ഒരു കാഴ്ചതന്നെ. കൂടുതൽ സുന്ദരമായ കാഴ്ച കിട്ടാൻ പാറയ്ക്ക് മുകളിൽ പണിതുയർത്തിയ ഒരു കുരിശുപള്ളിയുണ്ട് .. മുന്നിൽ ഏതൊരു പടമെടുപ്പുകാരന്റെയും സ്വപ്നം പോലെ വിശാലമായ കാൻവാസിൽ പരന്നു കിടക്കുന്ന കടലും .
കടൽത്തിരകളിൽ മണലിൽ നിലയുറപ്പിക്കാനാവാതെ വീഴുകയോ അല്ലെങ്കിൽ ഓടി കരക്കു കയറുകയോ ആണല്ലൊ സാധാരണ പരിപാടി . അല്പം ശ്രദ്ധിച്ചാൽ ഇവിടെ പാറകൾക്കിടയിൽ സുഖമായിരുന്നു നനഞ്ഞു തിമിർക്കാം ... തലക്കുമീതെ പടർന്നു പോവുന്ന തിരകളിൽ ആലോലമാടാം.. ഒരിക്കലും നിലതെറ്റില്ല, ഒലിച്ചു പോവില്ല; അത്രയും സുരക്ഷിമാണ് ഈ കൊച്ചു പാറകൾക്കിടയിൽ ഒതുങ്ങിയിരിക്കാൻ ..
മൂന്നു മണിക്ക് ഞങ്ങൾ എത്തുമ്പോൾ നല്ല വെയിൽ .. കടൽ കാണാൻ ആകെയുള്ളത് പത്തു പേർ.. ഒരു ഐസ്ക്രീം വില്പനക്കാരൻ.. അസ്തമയത്തിനു നേരമടുക്കുന്തോറും പാന്റും ഷർട്ടുമിട്ട് തണ്ടും തടിയുമുള്ളആണുങ്ങൾ വലിയ കാമറാബാഗുകളും തൂക്കി വരാൻ തുടങ്ങി .. ഇത്രയും ഫോട്ടോഗ്രാഫർമാർ എന്തെ ഇവിടെ എന്നത് ചോദിക്കാത്ത സംശയമായി .. തിരക്കേറിയതോടെ അവർ തങ്ങളുടെ ബാഗ് തുറന്നു .. അതിൽ നിറയെ മുത്തുമാലകൾ ആയിരുന്നു .. ഇവര്ക്ക് ജീവിക്കാൻ മാത്രം വരുമാനം ഈ മാലവിൽപ്പനയിൽ നിന്ന് ലഭിക്കുമോ എന്നതായി അടുത്ത സംശയം .. നീണ്ടമാല പോലെ ശംഖും കക്കയും മണലും നിറച്ച കവറുകൾ വിൽക്കാൻ സഞ്ചാരികളുടെ പുറകെ കൂടിയിരുന്ന കുട്ടികളെ ഓർക്കുന്നില്ലേ .. അവർ എവിടെയൊ മറഞ്ഞു പോയിരിക്കുന്നു .. അതോ ആ കുട്ടികൾ വളർന്നു വലുതായവരാണൊ ഇന്ന് കാണുന്ന മാലവിൽപ്പനക്കാർ .. എങ്കിൽ ആ കൂട്ടത്തിലെ പെണ്‍കുട്ടികൾ ഇന്നെന്തു ചെയ്യുകയാവും..
കന്യാകുമാരിയിൽ നേരത്തെ പോയവരാരും കോവളം എന്നൊരു ബീച്ചിനെ കുറിച്ച് കേട്ടിട്ടില്ലെന്നാണു പറഞ്ഞത് .. അവസാനം കന്യാകുമാരിക്കാരന്റെ തന്നെ സഹായം തേടി. കടലോര വികസനത്തിന്റെ ഭാഗമായി ബീച്ചിനെ മോടിപിടിപ്പിച്ചപ്പോൾ സഞ്ചാരി കളെ ആകർഷിക്കാൻ വേണ്ടി കോവളം എന്ന് പേരു നൽകിയതാണെന്ന്. പേരെന്തായാലും ആ കടലും പാറകളും ഏറെ സുന്ദരം തന്നെ. അധികമൊന്നും കേട്ടിട്ടില്ലാത്ത കോവളം കടൽത്തീരവും പുരോഗമനത്തിന്റെ പാതയിലാണ് .. ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ചെല്ലുമ്പോൾ ഇവിടവും കെട്ടിടങ്ങൾ കയ്യേറിയതായി കാണേണ്ടി വരാം .. ഇവിടെയും കടൽ വിലക്കപെടും മുമ്പ് വേണമെന്നുള്ളവർ ഒന്ന് പോയി വന്നോളു..
5 comments:
കന്യാകുമാരിയിൽ ഒരു കോവളം
ഈ പറഞ്ഞ സ്ഥലത്ത് ഒരുപാട് തവണ പോയിട്ടുണ്ട്. മാളുമ്മ പറഞ്ഞപോലെ തോന്നിയിട്ടുണ്ട്. പ്രകൃതിയെ കോണ്ക്രീറ്റ് മറ സൃഷ്ടിച്ചു നമ്മളില്‍ നിന്ന് പ്രകൃതിയെ മറച്ചു വെച്ചു എന്നിട്ടത് നമ്മള്‍ക്ക് തന്നെ മറിച്ചു പ്രകൃതിയെ വില്‍ക്കുന്ന ടൂറിസകച്ചവടങ്ങള്‍.
ഇട്ടി മനോഹരമായി എഴുതി. ഇതു വായിക്കുമ്പോൾ പണ്ട് എങ്ങോ അവിടെ പോയതിന്റെ ചില ഓർമ്മകൾ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയായിരുന്നു .... കാര്യമായിട്ട് ഒന്നും മനസ്സിൽ വന്നുപോലുമില്ല ........ അടുത്ത തവണ അവിടെ പോവണം എന്ന് വിചാരിക്കുന്നു ......... ആശംസകൾ !!!
കുറെയായി അവിടെ പോയിട്ട്.. ഈ വില്പന തുടരും.. ! ( ഓടോ : ടൈപ്പ് ചെയ്ത് കോപ്പി പേസ്റ്റ് ചെയ്തതിന്റെ പാടുകൾ മായാതെ കിടക്കുന്നു :)
+Natalia Aniyankunju Arackal ..yes dear... :(
loner human .. everything for tourism :(
ശരത്കാല മഴ thank u :)
Basheer Vellarakad .. ടെമ്പ്ലേറ്റ് പ്രഴ്നാന്നു തോന്നുന്നു.. ഇപ്പോഴും അങ്ങിനെ വരുന്നു :(
Post a Comment