രാവിലെ മുഴുവന്‍ ഓടിനടന്നതിന്റെ ക്ഷീണം, ഊണിനുശേഷം ഒരു ഉച്ചമയക്കത്തില്‍
തീര്‍ക്കാനൊരു ശ്രമം. പക്ഷേ ക്ഷീണം തീരാനൊന്നും
കാത്തുനില്‍ക്കാനാവില്ലല്ലോ ; അയയില്‍ കിടന്ന തോര്‍ത്തും കാലന്‍കുടയുമായി
വീണ്ടും ഓണവെയിലേക്ക്. അടുക്കളയില്‍ പുളിയിഞ്ചിയും കുറുക്കുകാളനും
ഒരുക്കുന്ന അമ്മയെ നീട്ടിയൊരു വിളി. വെയിലൊന്നു താണിട്ടു ഇറങ്ങിയാല്‍
മതിയെന്ന അമ്മയുടെ സ്നേഹനിര്‍ബന്ധങ്ങള്‍ ഒന്നും ആ ചെവിയില്‍ ഇപ്പോള്‍
കയറില്ല. കാരണം, ഇന്ന് ഉത്രാടമാണ്. അച്ഛന്‍ ഉത്രാടപ്പാച്ചിലിന്റെ
പാരമ്യത്തിലും. എങ്ങോട്ടാണ് ഈ ഓട്ടം എന്നല്ലേ ? ഒരുപക്ഷേ നേരത്തെ വാങ്ങിയ
മുരിങ്ങക്ക ഇത്തിരി മൂത്തതാണോ എന്ന സംശയത്തില്‍ വേറെ കിട്ടുമോ എന്ന്
നോക്കാനാവാം. രാവിലത്തെ ഓട്ടത്തിനിടയില്‍ ഏതെങ്കിലും തോട്ടത്തില്‍ കണ്ട
നല്ല പിഞ്ച് ഇളവന്‍ മറ്റാരെങ്കിലും വാങ്ങിക്കൊണ്ടുപോവും മുമ്പ്
സ്വന്തമാക്കാനാവാം. അല്ലെങ്കില്‍ തികയാതെ വന്നാലോ എന്ന് കരുതി ഒരുകെട്ട്
പപ്പടം കൂടി വാങ്ങാനാവാം. നല്ല നെയ്പരുവം പഴം പുഴുങ്ങിയതും പപ്പടവും
കൂട്ടി അങ്ങനെ കുഴച്ചുരുട്ടി കഴിക്കാനുള്ളതല്ലേ !
ഇത് കഥയൊന്നുമല്ല കേട്ടോ? ഒരു പാവം വള്ളുവനാടന്‍ ഗ്രാമത്തിലെ ഓണമാണേ !
ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ അവിടെ
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒന്നും ഇല്ല. അതുകൊണ്ടു തന്നെ, കിളി ഒരുകൂട്
കൂട്ടാന്‍ ചുള്ളികള്‍ കൊത്തിക്കൊണ്ടുവരും പോലെയാ ഓണത്തിന്റെ ഒരുക്കും
കൂട്ടല്‍.അത്തം പിറക്കുമ്പോള്‍ ആദ്യം എത്തുന്നത് നേന്ത്രക്കുലകള്‍ തന്നെ.
വറുക്കാനുള്ളത്, പഴുപ്പിക്കാനുള്ളത് എന്ന് വേര്‍തിരിക്കുന്നത് ആ
വഴക്കത്തിന്റെയും അതു വിളഞ്ഞ മണ്ണിന്റെയും മാതൃപിതൃ ഗവേഷണത്തിലൂടെയാണ്.
ഒരു നന്മയുടെ കുറവ് പോലും പഴത്തിന്റെ സ്വാദില്‍ നിന്ന് അറിയാമെന്ന്
പറഞ്ഞ് കേട്ട അറിവ്. നാട്ടില്‍ നിന്ന് പറിച്ചെറിയപ്പെടുകയും നഗരത്തില്‍
വേര് പിടിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഇതൊക്കെ വലിയ കാര്യമല്ലേ?
ഓണപരീക്ഷയുടെ തിരക്കിനിടയിലും 'നിന്റെ വീട്ടില്‍ എത്ര കുല വാങ്ങി ?'
എന്ന് അന്വേഷിക്കാന്‍ കുട്ടികള്‍ക്കും എന്തൊരു ഉത്സാഹം.
നാട്ടിന്‍പുറത്തുകാര്‍ക്ക് മേനി നടിക്കാന്‍ ഇങ്ങനെ ഒക്കെയല്ലേ പറ്റുള്ളൂ.
കായക്കുലകള്‍ എത്തിച്ചാല്‍ പിന്നെ ഓണക്കോടിക്കായൊരു കാത്തിരിപ്പ്. ഹോ....
അതൊരു കാത്തിരിപ്പു തന്നെയാ. വര്‍ഷത്തില്‍ കിട്ടുമെന്ന് ഉറപ്പുള്ള ഒരേ
ഒരുപുത്തന്‍ അതാണല്ലോ ? വാങ്ങാന്‍ പോയവര്‍ തിരിച്ചെത്തും വരെ മുള്ളില്‍
നില്‍ക്കുന്ന പോലെയാണ്. ഓണപരീക്ഷയ്ക്ക് പഠിക്കാന്‍ പുസ്തകം
തുറന്നിരുന്നാലും പടികടന്ന ഇടവഴിയിലൂടെ അവര്‍ നടന്നുവരുന്നുണ്ടോ എന്നാവും
മനസ്സു നിറയെ. ഇനി ഈ പുത്തന്‍ കിട്ടിയാലോ, ഇടയ്ക്കിടയ്ക്ക് അതൊന്ന്
തുറന്ന് തൊട്ടുനോക്കും. തുന്നല്‍ക്കാരന്റെ സൌകര്യം നോക്കി അതൊന്നു
തയ്ച്ചുകിട്ടാതെ ഒരു സമാധാനവുമില്ലാത്ത അവസ്ഥ.ഇത്രയൊക്കെ ഒത്താല്‍ പിന്നെ
സദ്യതന്നെ മുഖ്യവിഷയം. പൂക്കളത്തിന്റെ വട്ടംകൂടുന്നതും ഊണിന്റെ
വിഭവങ്ങള്‍ കൂടുന്നതും ഒരുപോലെയാണ്. ഓരോ ദിവസവും ഓരോന്നായ്
ഒരുക്കിക്കൂട്ടുമ്പോഴും എന്തൊക്കെയോ ബാക്കികിടക്കുന്നെന്നൊരു തോന്നല്‍
എപ്പോഴുമുണ്ടാവും. എന്തെങ്കിലും കുറവുണ്ടെന്ന് കണ്ടാല്‍ അതൊരു കുറവ്
തന്നെ അല്ലേ? അതുകൊണ്ട് ഒരുക്കങ്ങള്‍ എവിടെ വരെ എന്നൊരു കണക്കെടുപ്പ്.
അതിന്റെ അവസാനം പൂരാടപ്പിടച്ചിലും, ഉത്രാടപാച്ചിലും. ദൂരെയുള്ളവരൊക്കെ
ഓണത്തിന് വീട്ടിലെത്തുമ്പോഴേയ്ക്കും പൂരാടമാവും. അപ്പോഴാവും എന്തൊക്കെയോ
ഒരുക്കാന്‍ മറന്നുപോയെന്നൊരു തോന്നല്‍ കലശലാവുന്നത്. അതൊരു പിടച്ചിലാണ് ;
പൂരാടപ്പിടച്ചില്‍. പിന്നെ അതൊക്കെ തേടിപ്പിടിച്ച് ഒരുക്കൂട്ടാനുള്ള
തത്രപ്പാട്. അപ്പോള്‍ ഉത്രാടപ്പാച്ചിലാവുന്നു.
എല്ലാം ഒരുക്കി ഉത്രാടസന്ധ്യയില്‍ വിളക്ക് വെച്ചുകഴിയുമ്പോള്‍ അച്ഛന്‍
വീണ്ടും ചോദിക്കും.
"ഇനി എന്തേലും വേണ്ടതുണ്ടോ ?"
അമ്മയുടെ മറുപടി ഇങ്ങനെയാവും
"ഒന്നും വേണ്ട....ന്നാലും ....മുറുക്കാനുള്ള വെറ്റില നാളേയ്ക്ക്
പഴുത്തുപോവുമോ എന്നൊരു സംശയം."
" ആ തോര്‍ത്ത് ഇങ്ങോട്ടെടുത്തോളൂ..." അച്ഛന്‍ വീണ്ടും ഇറങ്ങുകയാണ്.
ഇതൊരു കഥയാവാം :
എന്നാളും സുഭിക്ഷമായ് ഓണം പോലെ ഉണ്ട് കഴിയുന്ന തറവാട്ടമ്മ, കാരണവരോട്
"നാളെ ഓണമല്ലേ.... എന്താ വട്ടം കൂട്ടണ്ടേ ?"
പഴം, പായസം എല്ലാം കൂട്ടി എന്നുമുണ്ണുന്ന കാരണവര്‍
"എന്നും രണ്ടു ചെറിയ പപ്പടമല്ലേ ? നാളെ രണ്ടു വലിയ പപ്പടമായിക്കോട്ടെ".
5 comments:
നാളെയാണ് ഉത്രാടം.. പാച്ചിൽ ഇന്നേ തുടങ്ങാം .. പണ്ടു പണ്ടൊരു എഴുത്തുകാലത്ത് .. ഓണാശംസകളോടെ ...
ഓണാശംസകൾ
അതെയതെ, നാളെ രണ്ട് വലിയ പപ്പടമായ്ക്കോട്ടെ
ആശംസകള്‍
മണ്‍മറഞ്ഞുപോയ നല്ല ഓണക്കാലം. ഇന്ന് ഓണം വിപണനമേളയാണ്.
Kalavallabhan,, Ajith Sir ,, keraladasanunni .. thanks for reading and comment
Post a Comment