പഴയ കുപ്പിയും പാട്ടയും എല്ലാം വീടിനു പുറകില്‍ കൂട്ടിയിടുമ്പോള്‍ അമ്മ പറയും, ആക്രിക്കാരു വരുമ്പോള്‍ കൊടുക്കാമെന്ന്.. വലിയ വിലയൊന്നും കിട്ടിയില്ലെങ്കിലും വീട്ടില്‍ കൂടികിടക്കുന്ന ഈ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാനൊരു വഴിയായിരുന്നു ഇത്.. ജോലിയൊന്നുമില്ലാത്ത സ്വന്തം വരുമാനമില്ലാത്ത വീട്ടമ്മമാരുടെ സ്വകാര്യസമ്പാദ്യത്തിലേക്ക് ഒരു മുതല്‍ കൂട്ടും.. ഒഴിഞ്ഞ കുപ്പിയും ചളുങ്ങിയ പാട്ടയുമൊക്കെ മഴനനഞ്ഞും പൊടിപിടിച്ചും കച്ചവടക്കാരുടെ വരവും കാത്തു കിടക്കും.. മുഷിഞ്ഞു നാറിയ വേഷവും മുതുകത്തൊരു ചാക്കുമായി വരുന്നവരില്‍ നിന്നല്ലെ നമ്മള് ഈ ആക്രി എന്നൊരു വാക്ക് പഠിച്ചതു തന്നെ.. പക്ഷെ ഇപ്പൊ ആക്രിക്കൊക്കെ എന്താ വില.. ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നത് പോലും ആക്രിയുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും കണക്കിലാ..
അങ്ങിനെയും ഒരു കണക്കൊ എന്ന് സംശയിക്കുന്നവരെ, നിങ്ങള്‍ വെറും ആക്രിയെന്ന് ചിലപ്പോള്‍ ചിലര്‍ വിളിച്ചെന്നു വരും.. ഇംഗ്ലിഷ്കാര്‍ ഈ ആക്രിക്ക് കണ്ട് പിടിച്ച വാക്ക് സൌഹൃദത്തിന്റെ ബാരോമീറ്റര്‍ ആവുമെന്ന് ആരോര്‍ത്തു.. അതൊ ഇന്നത്തെ കൂട്ടുകെട്ടുകള്‍ക്ക് ചപ്പുചവറിന്റെ വിലയെ ഉള്ളു എന്നാണോ?..
പഴയ കൂട്ടുകാരിയുടെ കല്ല്യാണത്തിനൊരു വിളിവന്നപ്പൊ, "ഇപ്പൊഴാണല്ലെ എന്നോട് പറയുന്നെ" എന്നൊരു പരിഭവം.. ഓട്ടോഗ്രാഫിന്റെ പഴയ താളുകളില്‍ എന്തു മറന്നാലും കല്ല്യാണക്കുറി അയക്കാന്‍ മറക്കരുതെന്നല്ലെ നമ്മള് ഓര്‍മ്മപെടുത്താറ്.. ഫോണുണ്ടായിട്ടും നീ എന്നെ വിളിച്ചില്ലല്ലൊ എന്ന് പിണക്കം മൂക്കുമ്പോ മറുപുറത്തുനിന്നു വരുന്ന മറുപടി..
"അതു പിന്നെ ... ഞാന്‍.. എന്നെ പെണ്ണു കാണാന്‍ വന്നതു മുതല്‍ എല്ലാ കാര്യവും ഞാന്‍ സ്ക്രാപ്പ് ഇട്ടിരുന്നല്ലോ?"
"അതെന്ത് ആക്രി" എന്ന ആത്മഗതം ഉറക്കെയായി പോയോ? സാരമില്ല.. നിങ്ങള്‍ ഇത്തിരി ഔട്ട്ഡേറ്റഡ് ആയില്ലെ എന്നൊരു സംശയം..
ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കില് നിങ്ങള്‍ അംഗമല്ലെങ്കില്‍ ഇതു പോലെ ഒന്നും അറിയാതാവുന്ന കാലം വിദൂരമല്ല.. പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍ അറിയാന്‍ പോസ്റ്റ്മാനു വേണ്ടി കാത്തിരുന്നതൊക്കെ അങ്ങ് വിദൂരഭൂതത്തില്‍ ആണ്.. പിന്നെ ഫോണിന്റെ ബഹളമായെങ്കിലും പോക്കറ്റ് ചോരുമെന്നതിനാല്‍ അത്യാവശ്യഘട്ടങ്ങളിലൊഴിച്ച് എഴുത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.. എന്നാലും അക്ഷരമെഴുതാത്ത ഒരു തലമുറയെ സൃഷ്ടിച്ച് മുന്നേറുന്ന ആധുനിക വിവര സാങ്കേതിക വിദ്യയാണ്, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ആക്രിയെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്... ഇമെയില്‍ തുടക്കമിട്ടത് തുടക്കവും ഒടുക്കവും ഇല്ലാത്ത, പറയാനുള്ളത് നേരെ ചൊവ്വെ പറയുന്ന, കാര്യമാത്ര പ്രസക്തമായ ആശയവിനിമയത്തിനായിരുന്നു.. സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ച കത്തെഴുത്തിന്റെ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തുന്ന പുതിയ രീതി.. "എത്രയും പ്രിയപ്പെട്ട.. " എന്നൊരു തുടക്കവും "എന്ന് സ്വന്തം.." എന്നൊരു ഒടുക്കവും എവിടെയൊ കൈമോശം വന്നതല്ലെ.. ഇമെയില്‍ അവതരിച്ചപ്പൊഴൊ ഔപചാരികതകള്‍ ചേര്‍ത്തു കെട്ടിയിരുന്നില്ല.. പക്ഷെ വഴിയില്‍ നഷ്ടമായത് അക്ഷരങ്ങള്‍ ആയിരുന്നു.. ഏതെങ്കിലും ഒരു വാക്കിന്റെ സ്പെല്ലിങ് എന്തെന്നു പോലും ആരും ഇമെയില്‍ എഴുതുമ്പോല് ആവലാതി പെടാറില്ല.. ഭാഷ ആശയവിനിമയത്തിനാണെങ്കില്‍ എന്തിനു സ്പെല്ലിങും ഗ്രാമറും, അല്ലെ? പക്ഷെ, അപ്പൊഴും സ്വകാര്യതയുടെ ഒരു മറയുണ്ടായിരുന്നു.. വലയിലെ കള്ളന്മാര് ഒളിഞ്ഞു നോക്കുന്നെന്ന് സംശയിച്ചാലും, അടുത്തിരിക്കുന്നവരെങ്കിലും കാണുന്നില്ലല്ലൊ എന്നൊരു സന്തോഷം.. പക്ഷെ ഈ ആക്രിയെഴുത്ത് ആ സ്വകാര്യത കൂടി ഇല്ലാതാക്കിയില്ലെ?
ഏഴു പേര് മാത്രമുണ്ടായിരുന്ന തന്റ്റെ ഓര്കൂട്ടില് കൂട്ടുകാരുടെ കൂട്ടുകാരുടെ കൂട്ടുകാരായി വന്നു ഏഴുനൂറില്‍ അധികം ആളുകളായ കഥയൊരാള്‍ പറഞ്ഞു.. ആരൊ ഇട്ട ആക്രിയില്‍ നിന്നും നാടും വീടും തന്റെ കൂട്ടുകാരെയും അറിഞ്ഞ്, അറിഞ്ഞതിന്റെ വാലില്‍ പിടിച്ച് കൂടുതല്‍ അറിയാനെത്തുന്നവരും.. അവസാനം ആ കൂട് പൂട്ടികെട്ടിയ കഥാന്ത്യവും..
കാലങ്ങള്‍ക്ക് മുമ്പ് കണ്‍വെട്ടത്ത് നിന്ന് കുറച്ചു കാലം മാറിനില്കേണ്ടി വന്നാല്‍ ചോദിച്ച് വെച്ചിരുന്നതായിരുന്നു മേല്‍വിലാസങ്ങള്‍.. പിരിഞ്ഞു പോവുന്നവരും പരസ്പരം കൈമാറിയിരുന്നതും വീടിന്റെയും നാടിന്റെ തണലില്‍ സ്വന്തമായൊരിടത്തിന്റെ വിവരം.. പിന്നെയെപ്പൊഴൊ വലിച്ചു നീട്ടാത്ത ഒറ്റവരി മേല്‍വിലാസമായി, വലയിലൊരിടം സ്വന്തമാക്കി.. ഒപ്പം മൊബൈല്‍ പ്രളയത്തില്‍, ചവിട്ടിനില്ക്കുന്ന മണ്ണുപോലും സ്വന്തമെന്ന് പറയാനാവാത്തവര്‍ക്കും സ്വന്തം നമ്പറായി.... പത്തക്കങ്ങളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍.. അപ്പൊഴും ഒന്നിനോടോന്നെന്ന ബന്ധമുണ്ടായിരുന്നു... തലചായ്കാനിടമില്ലാത്തവര്‍ക്ക് മേല്വിലാസമായിരുന്ന പെട്ടികടകളെ കുറിച്ച് അഞ്ചലോട്ടക്കാരനായിരുന്ന അച്ഛന് പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അച്ഛന്റെ പേരക്കിടാങ്ങള്‍ ആക്രിയുടെ ആരാധകരാണ്... എഴുത്തയച്ചില്ലെങ്കിലും ഒരു ഈമെയിലെങ്കിലും അയച്ചൂടെ എന്ന് പഴയതിനും പുതിയതിനും ഇടയില്‍ പെട്ടുപോയ ഈ ചിറ്റ ഇടക്കൊക്കെ ഒന്നു ചൊടിക്കുന്നു.. എല്ലാരും ഓര്‍ക്കുട്ടില്‍ ഉണ്ട്.. അതില്‍ കൂടാത്തതു കൊണ്ടല്ലെ എന്ന് അവര്‍ തിരിച്ചടിക്കുന്നു... തനിക്ക് വന്ന ആക്രിയെഴുത്തുകളുടെ എണ്ണം പറഞ്ഞാണ് ചിലരൊക്കെ വലിയവരാകുന്നത്.. തന്റ്റെ കൂട്ടില്‍ വിരുന്നെത്തുന്ന കിളികളുടെ എണ്ണത്തില്‍ മറ്റു ചിലരും.... പത്തു വര്‍ഷത്തിനു ശേഷം കോളേജില്‍ ഒത്തു കൂടിയപ്പൊഴും മിക്കവരും ചോദിക്കുന്നത് കൂട്ടിലെ വിലാസം തന്നെ.. തരാനായി അങ്ങിനെ ഒരു വിലാസമില്ലെന്ന് പറയുമ്പോള്‍ കൂട്ടം വിട്ടുപോയ ഒറ്റക്കിളിയാവുന്നു ഞാന്‍..
"ഹായ്" എന്നൊരു സാദാ കുശലാന്വേഷണം മുതല്‍ മരണഅറിയിപ്പുപോലും ഇതു വഴി നടത്തിയെന്നിരിക്കും.. കുടുംബവിശേഷങ്ങളും സ്വന്തം കാര്യങ്ങളുമെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവെക്കാനായും ഇതു തന്നെ എളുപ്പവഴി.. പക്ഷെ എനിക് നിന്നോട് പങ്കുവെക്കാനുള്ളതെന്ന സ്വകാര്യത ഇവിടെ നഷ്ടമാവുന്നില്ലെ.. അവള് അല്ലെന്കില് അവന് എന്നോട് പറഞ്ഞതാണ് അതെന്ന് ഒരു കാത്തുവെക്കലും കൈവിട്ടുപോവുന്നു..
കത്തെഴുത്തുകള്‍ വഴിയിലെവിടെയൊ എനിക്കും കൈമോശം വന്നതാണ്.. ഇമെയില്‍ ഇന്നും ചെവിയിലൊരു കുറുകല്‍ പോലെ എന്റെ സ്വകാര്യതകളും സന്തോഷങ്ങളും ദു:ഖങ്ങളുമെല്ലാം എനിക്ക് പറയേണ്ടവരോടായി മാത്രം പറയാനായി ഞാനിന്നും ഉപയൊഗിക്കുന്നു.. പക്ഷെ എന്തൊ ആക്രിയെഴുതാന്‍ മാത്രം ഞാന്‍ ഇനിയും പുരോഗമിച്ചിട്ടില്ല..
16 comments:
ആക്രിയുണ്ടോ ആക്രി...
:-)
ഇട്ടിമാളുവിനുമുണ്ടോ ആക്രിക്കട? (അതോ ഇപ്പോ തന്നെ എന്റെ ആക്രിക്കടക്കൂട്ടുകാരിൽ ഉണ്ടോ!)
ഇത് ഒരു അഞ്ചാറ് മാസം മുൻപ് എഴുതേണ്ടതായിരുന്നു. ഇപ്പോൾ സ്വകാര്യത സൂക്ഷിച്ചു തന്നെ സ്ക്രാപ്പയയ്ക്കുവാൻ കഴിയും(ഓർക്കുട്ടിൽ). പക്ഷെ എനിക്കത്ര താത്പര്യമില്ല... മറ്റുള്ളവരുടെ സ്ക്രാപ്പ് വായിക്കുന്നതല്ലേ രസം... ;-) സ്വകാര്യത ആവശ്യമില്ലാത്ത അല്ലെങ്കിൽ നാലാളറിഞ്ഞാൽ കുഴപ്പമില്ലാത്ത; സംഗതികൾ പങ്കുവെച്ചാൽ മതി. അതവനവൻ ചെയ്യുക.
--
സൌഹൃദം ദൂരെ ഒരു കണ്ണാടിക്കൂട്ടിലിരുന്ന് കാണാനാണ് ഇക്കാലത്തിന്റെ താല്പര്യം. മണിക്കൂറുകള്‍ ഓണ്‍ലൈന്‍ സുഹൃത്തിനോട് സംസാരിക്കുമ്പോഴും സ്വന്തം നാട്ടിലോ ചുറ്റുവട്ടത്തോ ഒരു സുഹൃത്തിനെ കണ്ടെത്താന്‍ പറ്റാത്ത സമൂഹം... തൊട്ടടുത്ത വീട്ടിലെ രോഗിയെ സന്ദര്‍ശിക്കാന്‍ താല്പര്യം കാണിക്കാത്തവര്‍ വീട്ടിലെ വിഡ്ഡിപെട്ടിയിലെ ഗ്ലിസറിന്‍ കണ്ണീര് കണ്ട് കരയുന്ന കാലം.
സ്വകാര്യ ദുഃഖങ്ങള്‍ക്ക് പരിഹാരം പോയിട്ട് അത് സ്വസ്ഥമായി കേള്‍ക്കാന്‍ തല്പര്യമുള്ളവരെ ലഭിക്കാത്ത കാലം. ചിരിക്കുന്നതിനും കരയുന്നതിലും കാശിന്റെ അളവ് നോക്കുന്ന സംവിധാനം...
ആര്‍ക്കും ആരേയും ആവശ്യമില്ല. ജീവിതം കളര്‍ഫുള്‍ ആയ ഹാസ്യ സിനിമ പോലെ ആസ്വദിക്കാനാണ് എല്ലാവര്ക്കും താല്പര്യം. അത് കൊണ്ട് തന്നെയാണ് പലപ്പോഴും പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയാതെ ജീവിതം തന്നെ വേണ്ടെന്ന് വെക്കുന്ന സ്ഥിതിയിലേക്ക് ലോകം എത്തിയതും.
ഓര്‍ക്കുട്ടും മെയിലും ചാറ്റും... അടുപ്പിക്കും പോലെ തന്നെ അകറ്റുന്നു എന്ന് തോന്നിയിട്ടുണ്ട്. കിലോമീറ്ററുകള്ക്കപ്പുറത്തുള്ളവനെ അറിയാനായി തൊട്ടടുത്തിരിക്കുന്നവനെ മറക്കുന്ന ദുരവസ്ഥ വരെ എത്തിത്തുടങ്ങി എന്നതും സത്യം...
പോസ്റ്റ് നന്നായി... നല്ല വിഷയം. എഴുതി എഴുതി കമന്റ് മൊത്തം ഓഫ് ആയില്ല എന്ന് വിശ്വസിക്കുന്നു.
ഇത്രയും പുരോഗമിച്ച ഓര്ക്കുട്ടന്മാരെ ഇട്ടിമാളു ആക്രി എന്നുവിളിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.... സ്ക്രാപ്പിനിതില്പ്പരം നല്ലൊരു മലയാളമില്ല തന്നെ... :)
ഇന്നത്തെ പെമ്പിള്ളേര് ശ്വാസം മുട്ടുന്ന രീതിയില്‍ തുണിയുടുക്കന്നെന്തിനാ?
പുതിയ മള്‍ട്ടിമീഡിയ ഫോണില്‍ ഒരു നാടുമുഴുവന്‍ കേള്‍ക്കണ ശബ്ദത്തില്‍ റിംഗ്ടോണ്‍ വക്കുന്നതെന്തിനാ?
തന്റെ 15-20 വര്‍ഷങ്ങള്‍ പണയം വച്ച് ഒരു വീട് വയ്ക്കണതെന്തിനാ?
അതു തന്നെയാണ് ഈ കൂട്ടുകളിലെ കാര്യവും. എനിക്കു 500 ഫ്രണ്ട്സ് ഉണ്ട് എന്ന് അഹങ്കാരത്തോടെ പറയാന്‍. ഇന്ന് 100 മെയില്‍ വന്നു എന്നെങ്ങിനെ പറയും? അതു മനസിലാക്കിയവരാണ് ഈ ആക്രിക്കട നടത്തുന്നത്.
കാലം മാറിക്കൊണ്ടിരിക്കണു, ശകലം വേഗത്തിലാണെന്നു മാത്രം...
ഹാഹാ...ആക്രി....
ഇത്തിരിയുടെ കമന്റും ഇഷ്ടമായി.:)
എനിക്കും ആക്രിയില്ല. (അവസാനം മാക്രി എന്നു കൂടെ ചേര്‍ത്തിരുന്നേല്‍ പ്രാസത്തിന്റെ ഒരു ഇത്...യേത് ;)
ആക്രി എനിക്കിഷ്ടമാണ്. പണ്ടൊരിക്കൽ ഞങ്ങളെല്ലാവരും കൂടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, ആക്രിക്കാരൻ റോഡിൽക്കൂടെ എത്തിവിളിച്ചുപോകുമ്പോൾ, ഞങ്ങൾ കുട്ടികൾ, പതിവുപോലെ, ‘ഭക്ഷണം കഴിക്കാണ്, ഇപ്പോ പൊതിഞ്ഞുതരാം‘ എന്നൊക്കെപ്പറഞ്ഞപ്പോൾ
അച്ഛൻ പറഞ്ഞു “നമ്മൾ ഭക്ഷണം കഴിക്കുന്നു. അയാൾക്ക് അതു കൊണ്ടുപോയി എന്തെങ്കിലും കിട്ടിയാൽ ഭക്ഷണം, അല്ലെങ്കിൽ പട്ടിണി" എന്ന്. അതുകൊണ്ട് നിസ്സഹായതയെ പരിഹസിക്കാൻ തോന്നുമ്പോൾത്തന്നെ ആ കാര്യം ഓർമ്മവരും. തമാശ വേറെ പരിഹാസം വേറെ.
പിന്നെ മെയിലും ചാറ്റും ഓർക്കൂട്ട് സ്ക്രാപ്പും എന്ന പുതിയ ആക്രികൾ. അടുപ്പം തോന്നുന്നവരോട് വല്ലപ്പോഴുമുള്ള മെയിൽ ആക്രി. അവർക്ക് ചാറ്റിന് സമയം ഇല്ലാത്തതുകൊണ്ടും, വിശേഷങ്ങൾ അറിയാനും അറിയിക്കാനും താല്പര്യം ഉള്ളതുകൊണ്ടും. കൂടുതൽ അടുപ്പം ഉള്ളവരോട് ഇടയ്ക്ക് ചാറ്റ് ആക്രി. തമ്മിൽ മിണ്ടുന്നതുപോലെത്തന്നെ തോന്നുന്നതുകൊണ്ട്. ഓർക്കൂട്ടിലും മറ്റ് കൂട്ട് പരിപാടിയിലും മെയിൽ ചെയിനിലും ഒന്നും അംഗമല്ലാത്തതുകൊണ്ട് ആ ആക്രി ഇല്ല. ഏറ്റവും കൂടുതൽ സൗഹൃദം ഉള്ളതിപ്പോ ബ്ലോഗിലാണ്. ഞാൻ പോസ്റ്റ് ഇടുന്നു, കൂട്ടുകാരൊക്കെ വായിക്കുന്നു, ചിലർ കമന്റ് ഇടുന്നു.(വായിക്കുന്നവരൊക്കെ കൂട്ടുകാർ തന്നെ). മെയിലും ചാറ്റും ബ്ലോഗും ഒക്കെ ആക്രിയാണോന്ന് ചോദിച്ചാൽ എനിക്കല്ല. ആക്രിയെന്ന് വിചാരിച്ച് ആരുടേം മെയിൽ കാണാറില്ല. ആക്രിയാണെന്ന് വിചാരിച്ച് ചാറ്റിൽ ആരെങ്കിലും പറയുന്നതും കേട്ടിരിക്കാറില്ല. എനിക്കതൊക്കെ സ്നേഹത്തിന്റെ, സന്തോഷത്തിന്റെ വാക്കുകളാണ്. ഞാനിടുന്ന പോസ്റ്റും ആക്രിയില്ല, വായിച്ചവർ ഇടുന്ന കമന്റുകളും ആക്രിയല്ല. പിന്നെ വഴക്ക്, പരിഭവം, ദേഷ്യം. ഇതൊക്കെ സ്നേഹമുള്ളിടത്തുമാത്രമേ ഉണ്ടാവൂ. അന്യന്മാരോട് എന്ത് വഴക്ക്, എന്ത് പരിഭവം.
പുതിയ ഭാഷയില്‍പ്പറഞ്ഞാൽ ഐ ലവ് ആക്രി.
എല്ലാവരും മനസ്സുതുറന്ന് ആക്രി (ആണെങ്കിലും അല്ലെങ്കിലും) കൊടുക്കാനും വാങ്ങാനും സന്നദ്ധരാവുന്നുണ്ടെങ്കിൽ അത് കഴിയാത്തവർ അസൂയപ്പെട്ടിട്ട് എന്തു കാര്യം?
ഞാനിങ്ങനെ ഒരു മൂലയ്ക്കിരുന്ന് അതൊക്കെക്കണ്ട് സന്തോഷിക്കും. സൗഹൃദത്തിന്റെ കാര്യത്തിൽ ഞാനിത്തിരി പിന്നോക്കമാണേ.
ആക്രി ഇഷ്ടപ്പെട്ടു.ഇത്തിരിയുടെ കമന്റ് അതിലേറെ ചിന്തനീയം
പോസ്റ്റ് ഇഷ്ടപ്പെട്ടു.
കാലത്തിനൊത്ത് നീങ്ങേണ്ടത് നമ്മുടെയും ആവശ്യമായതിനാല്‍ ഓര്‍ക്കുട്ട് കുറേയൊക്കെ ഉപയോഗപ്രദമാണ്. പഴയ പല സൌഹൃദങ്ങളെയും കണ്ടെത്താന്‍ ഇതു കൊണ്ടു സാധിയ്ക്കുന്നുമുണ്ട്.
എങ്കിലും പഴയ കത്തുകള്‍ക്കു പകരം നില്ക്കാന് മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. എത്ര പഴക്കം ചെന്നതായാലും പഴയ കത്തുകളിലെ വരികള്‍ വായിയ്ക്കുമ്പോള്‍ കിട്ടുന്ന ആ സുഖം ഒന്നു വേറെ തന്നെയാണ്.
“ഓര്‍ക്കുട്ട് ഒരു കൂട്ടം
തള്ളാം കൊള്ളാം
തല്ലും കൊള്ളാം“
നന്നായി ഉപയൊഗിചില്ലെങ്കില്.
കോണ്ടാക്റ്റ്സ് കീപ് ചെയ്യാന്‍ നല്ലതാണു. പക്ഷെ വിവ്രങല് പങ്കിടാന്‍ അത്ര നന്നല്ല് എന്നു തൊന്നും.
സ്ക്രാപ് = ആക്രി !!!
ഇത്തിരീടെ കമന്റ് ഉഷാറായി
ഓര്‍ക്കുട്ടും ആക്രിയും ഉണ്ടായതുകൊണ്ട് പഴയ കൂട്ടുകാരെ ഒരിക്കല്‍ കൂടെ കാണാന്‍ പറ്റി, സൌഹൃദം പുതുക്കാനും.
ഇതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. ആക്രി ഉള്ളത് നന്നായി.
പോസ്റ്റും നന്നായി
ഭാഷയും അവതരണവും പതിവുപോലെ മനോഹരം. നല്ല പോസ്റ്റ്.
ഓര്ക്കുട്ടിനേയും സ്ക്രാപ്പിനെയുമൊക്കെ ഇത്ര പേടിക്കണോ/ ഇഷ്ടപ്പെടാതിരിക്കണോ?
*
കാലം ഒരുപാടുമാറിയിട്ടുണ്ട്. എന്നാലും ഇത്തിരിവെട്ടം പറഞ്ഞയത്ര ഒരു ദുരവസ്ഥയുണ്ടോ?
ഹരി.. എനിക്ക് ആക്രിക്കടയില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.. ചുമ്മാതല്ല ഇതെഴുതും മുമ്പ് ഞാന്‍ മുട്ടി നോക്കിയ ചില വാതിലൊന്നും തുറന്നില്ല.. പൂട്ടും താക്കോലും വന്നത് അറിഞ്ഞില്ല..
ഇത്തിരി..ഒരു പോസ്റ്റിനുള്ള വകയുണ്ടല്ലൊ
കണ്ണൂരാനെ.. ലക്ഷം ലക്ഷം പിന്നാലെ..
നിഷാദെ.. വയസ്സായില്ലെ.. ഓടിയെത്തുന്നില്ല..
വേണു.. :)
പാച്ചാളം.. ആരാ മാക്രി..? ;)
സു.. സൌഹൃദങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഈ നല്ല വാക്കുകള്ക്കെന്തെ ആക്രിയെന്നു പേരിട്ടു.. അവിടെയാ എന്റെ സംശയം.. :(
അരീക്കോടന്‍.. :)
ശ്രീ.. ശരിയാ.. ഞാനും തേടി നടന്നൊരാളെ എനിക്ക് ഈ അടുത്ത കാലത്ത് എന്റെ കൂട്ടുകാരി കണ്ടെത്തി തന്നു.. ഓര്‍ക്കൂട്ട് വഴി തന്നെ... അതും പതിനൊന്നു വര്‍ഷത്തിനു ശേഷം..
മുല്ലപ്പൂ.. ആരുടെ അടുത്തു നിന്നെങ്കിലും തല്ലു കൊണ്ടോ?
പ്രിയ.. :)
കുറ്റ്യാടി.. എന്നും എപ്പൊഴും നന്നായിരിക്കട്ടെ.. :)
ഹരിപ്രസാദ്.. ആര്‍ക്ക് പേടി എനിക്കൊ.. ഇല്ലെന്നെ... ഇഷ്ടക്കേടൊന്നും ഇല്ല.. എന്നാല്‍ ഇഷ്ടപെടാനും ആവുന്നില്ല..
‘മുല്ലപ്പൂവെ.. :)
Post a Comment