ഉച്ചക്ക് പന്ത്രണ്ട് മണിയുടെ ബസ്സ് പുറപ്പെടുമ്പോള്‍ അതില്‍ അച്ഛനും
ഹാജരായിരിക്കും. മിനിമം ചാര്‍ജ്ജിന്റെ ഒരു ടിക്കറ്റ് അച്ഛനുള്ളതാണ്.
പത്തു മിനിറ്റു ദൂരത്തില്‍ ആ ഒറ്റമുറി ആപ്പീസില് അച്ഛനെ കാത്ത് കുറെ
കത്തുകളും മണിഓര്‍ഡറുകളും കാത്തിരുപ്പുണ്ടാവും.. അതേ കാത്തിരുപ്പുമായി ആ
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും അവ കൈപ്പറ്റാനുള്ളവരും..
മയിലും മുയലുമൊക്കെ ഇടക്കിടക്ക് മിന്നിമറയുന്ന കുറ്റികാടുകളും വയലും
തോടും എല്ലാം അതിരിടുന്ന വലിയൊരു ഗ്രാമം .. കുന്നുകളുടെ ധാരാളിത്തവും .. അവിടത്തെ പോസ്റ്റുമാനായിരുന്നു എന്റെ അച്ഛന് ..
ഞാന്‍ അഞ്ചലോട്ടക്കാരന്റെ മകളാ..
ഉച്ചവെയില്‍ ഒരല്പം പോലും കളയാതെയുള്ള നടത്തം കാരണം അച്ഛന്റെ കുടക്ക് ചാരനിറമായിരുന്നു.. ശരീരത്തിന് കറുപ്പുനിറവും.. വൈകുന്നേരം കൂലിപ്പണി
കഴിഞ്ഞു വരുന്നവരെയും കാത്ത് നിന്ന് അച്ഛന് വീടണയുമ്പോള്‍ രാത്രിയാവും.. അധികം കത്തുകളില്ലെങ്കില്‍ സന്ധ്യയോടെയും.. എത്തേണ്ടിടത്ത് എത്താതെ കയ്യിലിരിക്കുന്ന ഓരോ തപാലും അച്ഛനൊരു വേവലാതിയായിരുന്നു.. കൊടുത്തു തീരാത്ത ക്രിസ്തുമസ്സ്-പുതുവത്സര കാര്‍ഡുകള്‍ അച്ഛന് കാണാതെ ബാഗില്‍ നിന്നെടുത്ത് നോക്കുന്നത് അന്ന് എന്റെയും ചേച്ചിയുടെയും ഒരു കൊച്ചു സന്തോഷമായിരുന്നു.. മറ്റുള്ളവര്‍ക്കുള്ള എഴുത്തുകള്‍ അത് ആശംസാകാര്‍ഡ് ആണെങ്കിലും തുറക്കരുതെന്നായിരുന്ന് അച്ഛന്റെ ചട്ടം.. ജോലികിട്ടി
ദൂരെപോയവരുടെ ആദ്യത്തെ ശമ്പളം മണിയോര്‍ഡര്‍ വരുമ്പോള്‍ അതില്‍ നിന്നൊരു
ചില്ലറ അച്ഛനുള്ളതായിരുന്നു.. അവരുടെ സന്തോഷത്തില്‍ നിന്നും ഒരു പങ്ക്..
അന്നത്തെ ദിവസം ഞങ്ങള്‍ക്ക് എന്തെങ്കിലും "ചെലവ്' കൊണ്ടുതരും ..
ചായപീടികയില്‍ നിന്നും നാലു വടയോ അല്ലെങ്കില്‍ ഒരു പായസത്തിനുള്ള വകയോ
ആവാം... സന്ധ്യമയങ്ങുമ്പോള്‍ തേക്കിലയില്‍ പൊതിഞ്ഞ വലിയൊരു മീന്‍
പൊതിയുമായ് അച്ഛന് വരുന്നത് അന്നൊരു സന്തോഷത്തിന്റെ വകയായിരുന്നു..
അന്തിക്കഞ്ഞിക്ക് അരിയിട്ടില്ലെങ്കില്‍ ഇത്തിരി കൂടുതല്‍ ഇടാന്‍ അച്ഛന്
പറയും .. അത് ഞങ്ങള്‍ മക്കള്‍ക്കുള്ള കളിയാക്കല്‍ കൂടിയായിരുന്നു...
രാവിലെ സ്കൂളില്‍ പോവും മുമ്പെ എനിക്ക് കുറച്ച് കാശ് എടുത്ത് തരും ..
വൈകുന്നേരത്തെ കടയില്‍ പോക്കിന്റെ ചുമതല എനിക്കായിരുന്നു..
വായിക്കാനറിയാത്തവര്‍ക്ക് കത്ത് വായിക്കലും എഴുതലുമൊക്കെ അച്ഛനും
ചെയ്തിരുന്നോ.. ഉണ്ടായിരുന്നിരിക്കാം .. അത്രയൊന്നും ഓര്‍മ്മ
എനിക്കില്ല...
ഇ ഡി ജീവനക്കാര്‍ക്ക് പെന്ഷന് ഇല്ല.. എന്തുകൊണ്ടെന്ന് ഇന്നും
എനിക്കറിയില്ല.. ഇന്നുണ്ടോ അതും അറിയില്ല... എന്റെ അച്ഛനു പെന്ഷന്
ഇല്ലാരുന്നു എന്നറിയാം .. അച്ഛന് റിട്ടയര്‍ ആവുമ്പോള്‍ ഞാന്‍ അഞ്ചില്‍
പഠിക്കുകയായിരുന്നു.. അന്ന് രാവിലെ അമ്മ പറഞ്ഞു " നാളെ മുതല്‍ രാവിലെ
ദോശയില്ല".. അടുത്ത വീടുകളില്‍ ഒക്കെ രാവിലെ കഞ്ഞി കുടിക്കുമ്പോള്‍
എന്റെ വീട്ടില്‍ എന്നും രാവിലെ ദോശയോ ഇഡ്ലിയോ ആയിരിക്കും.. രാവിലെ കഞ്ഞി
കുടിക്കുക എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല.. അന്നു മുഴുവന്‍
ഞാന്‍ സ്കൂളില്‍ പോയിരുന്നു കരഞ്ഞു.. ചോദിച്ചവരോടൊക്കെ പറഞ്ഞു "എന്റെ
അച്ഛന് ഇന്നു റിട്ടയര്‍ ആവും .. നാളെ മുതല്‍ ഞങ്ങള്‍ എങ്ങിനെ കഴിയും ".. ഞങ്ങള്‍ ജീവിച്ചു -ഏട്ടന്റെയും ചേച്ചിയുടെയും ഒക്കെ ശമ്പളം കൊണ്ട്.. അച്ഛന് എല്ലാവരോടും പറഞ്ഞിരുന്ന പോലെ ഞങ്ങള്‍ ആറ് മക്കള്‍ ആയിരുന്നു അച്ഛന്റെ സമ്പാദ്യം .. കാലായകുരുടായ ഞാന്‍ കൂടി ജോലിക്കാരിയായിട്ടാ അച്ഛന് മരിച്ചെ.. ആ പാവം അഞ്ചലോട്ടക്കാരന് മോഹിക്കാവുന്നതിലും അപ്പുറമായിരുന്നു നേടിയതെല്ലാം ...
37 comments:
ഇന്ന് തപാല്‍ ദിനം...
ഞാന്‍ അഞ്ചലോട്ടക്കാരന്റെ മകള്‍....
കണ്ണു നനയ്ക്കുന്ന എഴുത്ത്...
വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്... കണ്ണൂരാന്‍ പറഞ്ഞതു പോലെ വായിച്ചു വരുന്തോറും വായനക്കാരുടെ കൂടി കണ്ണു നനയിക്കുന്നു.
എങ്കിലും ആ അച്ഛന് മനസ്സമാധാനത്തോടെ ആയിരിക്കുമല്ലോ കണ്ണടച്ചത്... ഈശ്വരന് എല്ലാം കാണുന്നുണ്ടെന്ന് പരയുന്നത് അതാണ്...
വളരെ ഇഷ്ടപ്പെട്ടു...
:)
ചാത്തനേറ്: എന്റെ ഒരു അടുത്ത സുഹൃത്തും അഞ്ചലോട്ടക്കാരന്റെ മകനാ അവന് പറയാറുണ്ട് അച്ഛന് റിട്ടയര്‍ ചെയ്യും മുന്‍പ് ഒരു ജോലീല് കയറണം എന്ന്. അച്ഛന് റിട്ടയര്‍ ചെയ്തപ്പോള്‍ അവന് താല്‍ക്കാലിക ജോലികളുമായി നടക്കുകയായിരുന്നെങ്കിലും പിന്നെ കേരളാ ഗവണ്മെന്റ് ജോലിയും ഇപ്പോള്‍ അതു വിട്ട് കേന്ദ്രത്തിലും എത്തി, ഞങ്ങളെ ഒക്കെ സന്തോഷിപ്പിച്ചോണ്ട് :)
ഒന്നും പറയാനില്ല.
വാക്കുകള്‍ക്ക് അല്ലെങ്കിലും പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.
:) ആ അച്ഛന്, എത്രയോ വീട്ടുകാരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുകൊണ്ടിട്ടുണ്ടാവും.
നല്ല കുറിപ്പ്.അഭിനന്ദനങ്ങള്‍.
മാളൂ ആ അച്ഛന് എത്ര ഭാഗ്യവാന്. മകള്‍ ഉയരങ്ങളിലെത്തി കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ.
മനസില്‍ തട്ടിയ ഒരു കുറിപ്പ്.
ഇന്ന് തപാല്‍ ദിനം... ഓര്മ്മിപ്പിച്ചതിന്് നന്ദി.
പെങ്ങളേ, എനിയ്ക്ക് പറയാനുള്ളത് ദാ എല്ലാവരുംകൂടി മുകളില്‍ പറഞ്ഞിരിക്കുന്നു. ഇനി അതൊക്കെ താഴേം ആള്ക്കാര് വന്ന് പറയും.
വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്... കണ്ണൂരാന്‍ പറഞ്ഞതു പോലെ വായിച്ചു വരുന്തോറും വായനക്കാരുടെ കൂടി കണ്ണു നനയിക്കുന്നു.
എങ്കിലും ആ അച്ഛന് മനസ്സമാധാനത്തോടെ ആയിരിക്കുമല്ലോ കണ്ണടച്ചത്... ഈശ്വരന് എല്ലാം കാണുന്നുണ്ടെന്ന് പറയുന്നത് അതാണ്...
ആ അച്ഛന്, എത്രയോ വീട്ടുകാരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുകൊണ്ടിട്ടുണ്ടാവും.
മനസില്‍ തട്ടിയ മറ്റൊരു കുറിപ്പ്.
ഇട്ടിമാളൂ... നന്നായി...
വേറൊന്നും പറയാന്‍ കഴിയണില്ല...
മനസ്സില്‍ത്തട്ടി...
“രാവിലെ കഞ്ഞി
കുടിക്കുക എന്ന് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല..“
എന്തിനാ മാഡം ഇതൊക്കെ പറയുന്നെ. കഞ്ഞി കുടിക്കാന്‍ ഗതിയില്ലാത്ത എത്ര പേര്...
എഴുത്ത് നന്നായി. കണ്ണു നനയിച്ചോന്നുമില്ല.
:)
ഉപാസന
ഈ കുറിപ്പിനു പറയാന്‍ മറുപടി ഇല്ല. ഇട്ടിമാളു, മനസ്സില്‍ത്തട്ടി
വളരെ ഇഷ്ടപ്പെട്ടു...:)
നന്നായി. കരയിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യുന്നു. എഴുത്തുകളുടെ കാലത്തെപ്പറ്റി കടലാസില്ലാത്ത ഈ എഴുത്ത്.
അതിമനോഹരമായ ഓര്‍മ്മക്കുറിപ്പ്.
മാളൂസേ, ചില ഇടങ്ങളിലെ ഭാഷയും അവതരണവും ക്ലീഷേ ആയി തോന്നിയെങ്കിലും “വായിക്കാനറിയാത്തവര്‍ക്ക് കത്ത് വായിക്കലും എഴുതലുമൊക്കെ അച്ഛനും
ചെയ്തിരുന്നോ.. ഉണ്ടായിരുന്നിരിക്കാം .. അത്രയൊന്നും ഓര്‍മ്മ എനിക്കില്ല...“ എന്ന ഭാഗം വരികളിലെ സത്യസന്ധത അതൊക്കെ മറക്കാന്‍ പ്രേരിപ്പിച്ചു. പിന്നെ ഇത് ഒരു ‘കഥ’ അല്ലല്ലോ അല്ലേ?
“ഇ ഡി ജീവനക്കാര്‍ക്ക് പെന്ഷന് ഇല്ല.. എന്തുകൊണ്ടെന്ന് ഇന്നും എനിക്കറിയില്ല.. ഇന്നുണ്ടോ അതും അറിയില്ല...“-- ഈ അറിവില്ലായ്മയ്ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍!
അഞ്ചലോട്ടക്കാരന്റ്റെ മകള്‍ക്ക് (വൈകിയ) തപാല്ദിനാശംസകള്!!!
സസ്നേഹം
ദൃശ്യന്‍
വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദിയുണ്ട്..
ഉപാസന... അന്നത്തെ പ്രായത്തില്‍ അത്ര വലുതായൊന്നും ചിന്തിക്കാനുള്ള കഴിവില്ലായിരുന്നു.. രാവിലെ കഞ്ഞികുടിക്കാന്ന് പറഞ്ഞാല്‍ അത്രയും കഴിവില്ലാത്തവരാവുക എന്ന് വിചാരിക്കാനുള്ള വിവരമെ ഉണ്ടായിരുന്നുള്ളു.. എന്റെ വീടും ആ അവസ്ഥയില്‍ ആവുമോ എന്ന പേടി തന്നെ കാരണം .. ആ ഞാന്‍ ഇന്നു ഹോസ്റ്റലിലെ ദൊപ്പം തിന്നാതിരിക്കാന്‍ ഇഷ്ടഭക്ഷണം കഞ്ഞിയാക്കിയിരിക്കുന്നു..
ഇട്ടിമാളൂ
വികാരതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു
അഭിനന്ദനങ്ങള്‍
ഏറെ നാളുകളായി ബൂലോകത്ത് യഥാസമയം എത്തി നോക്കിയിട്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
MaaluvechyE.... :)
ഇട്ടിമാളു ,
ഇതിനെ ആത്മാര്‍ത്ഥതയുള്ള എഴുത്തെന്നു വിളിക്കാം.
അഭിനന്ദനങ്ങള്‍.
ഇട്ടിമാളൂ,
വരികളിലെ സത്യസന്ധത, അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നു പൊഴിഞ്ഞു വീഴുന്ന കണ്ണുനീര് മുത്തുകള്‍ തന്നെ. ആ മുത്തുകള്‍ അടര്‍ന്നു വീഴുന്നതു് വായനക്കാരന്റെ ഹൃദയത്തിലേയ്ക്കും.
നല്ല ഓര്‍മ്മക്കുറിപ്പ്.:)
ഒരു നൊമ്പരം ..
വൈകിയെങ്കിലും വായിച്ചു. ആറുമക്കളുള്ള ഒരു കുടുംബം. അത്തരം ഒരു കുടുംബത്തിലെ കണ്ണിയായിരുന്ന ഒരാളെന്ന നിലയില്‍ വായന പഴയ കാലങ്ങള്‍ പലതും ഓര്‍മ്മയിലേക്ക് കൊണ്ടു വന്നു. നന്നായി
:)
അഞ്ചലോട്ടക്കാരന് എന്ന പദം ഇന്ന് ഉപയോഗിക്കുവാറുണ്ടോ?
ജീവിതം അങ്ങിനെയൊക്കെയാണ് അല്ലേ, ചിലപ്പോളൊക്കെ ഓരോന്ന് ചിന്തിച്ച് വിസ്മരിക്കാറുണ്ട്. കുട്ടിക്കാലം, വളര്‍ച്ച... എവിടെയെത്തുമെന്നോ എന്താകുമെന്നോ ഒന്നുമറിയാത്ത ഒരു കാലം...
എഴുത്ത് വളരെ ഇഷ്ടമായി. ഭാവനയല്ലല്ലോ അല്ലേ? :)
--
ദോശയുടേയും ഇഡ്ഡലിയുറ്ടെയും ലോകത്തു നിന്നും കഞ്ഞിയിലേക്കു വീഴുക, സ്കൂളില്‍ പോയിരുന്നു കരയുക, ഇന്ന് ദോശ അറിഞ്ഞു കൊണ്ടു തിന്നാതെ കഞ്ഞി കുടിയ്ക്കുക.....
ചെറിയ ജീവിതവ്യതിയാനങ്ങള്‍. പക്ഷേ വലിയ മാനസികതിരയിളക്കങ്ങള്.....
ഞങ്ങളില്‍ പലരുടെയും കഥയും ഇതുപോലൊക്കെത്തന്നെയാണ്.
എന്റെ അച്ഛന് റിടയര്‍ ചെയ്ത ദിവസം ഓറ്മ്മിക്കുന്നു. പിറ്റേ ദിവസം രാവിലെ കുളിച്ച് റെഡിയായി. പോകാനൊരുങ്ങിയപ്പോഴാണ് പോകാന്‍ ഒരു സ്ഥലമില്ലെന്ന ബോധം വന്നത്. വരാന്തയില്‍ ചാരുകസേരയില്‍ ദൂരേയ്ക്കു കണ്ണും നട്ട് ഇരുന്നത് ഞങ്ങളെ പേടിപ്പിച്ചു.
സന്തോഷം, ഇട്ടി മാളൂ ഇതിവിടെ പറയാന്‍ വന്നതില്‍.
ഇരിങ്ങലെ .. ഈ വഴി വന്നതില്‍ സന്തോഷം
മനു .. എന്തോ??
തറവാടി.. നന്ദിയുണ്ട്..
വേണു.. നന്ദി
സിജി .. :)
മുരളി.. ആറാമത്തെ ആണോ?
ഹരി... ആ വാക്ക് ഉപയോഗിക്കാറുണ്ടോന്ന് അറിയില്ല.. ‘ഭാവന‘ അല്ല (ഇട്ടിമാളുവാ..;))
എതിരവനെ... സന്തോഷമുണ്ട് ഈ വഴി വന്നതില്‍.
ഞാന്‍ അഞ്ചാമന്..
ഹൃദയസ്പര്‍ശിയായ കുറിപ്പ്.എല്ലാവരും പറഞ്ഞതുപോലെ മനസ്സില്‍ തട്ടുന്ന ഒന്ന്. ഭാവുകങ്ങള്‍
എത്താന്‍ വൈകി,കണ്ണൂരാന്‍ പറഞ്ഞ പോലെ കണ്ണു നിറഞ്ഞു,ആഗ്രഹിച്ചിടത്ത് മക്കളെത്താന്‍ കാണാന്‍ വിധിയില്ലാതെ പോയ ഒരു ഉമ്മയെ ഓര്‍ത്ത്,ഉമ്മ പോകുമ്പോള്‍ ആറ് വയസ്സ് മാത്രമുണ്ടായിരുന്ന ചെറിയ മകളും ഈ മാസം ആദ്യത്തെ ശമ്പളം വാങ്ങി.
ഇപ്പോഴാണു കണ്ടത്.. നന്നായിരിക്കുന്നു...(വെറുതെ വിഷമിപ്പിച്ചു എന്നെ)
ഇട്ടിമാളൂൂൂൂൂൂൂൂ !
പിന്നെ മുയ്ക്കെ സ്ലോ മോഷനാണ്.
എന്തു ഭംഗി എഴുത്തിന് !
ഏതായാലും, ഹഹഹ യിലേയ്ക്കായി മാളൂന്റെ രണ്ടു പടങ്ങള്‍ sajjive@gmail.com ലേയ്ക്ക് ഒന്നുടന്‍ അയച്ചുതരൂ.
പുലിമായുടെ പോസ്റ്റ് വേക്കന്റ് ആണ്.
പിന്നെ, അന്ചല്കാരന് കൂടീയായ ഒരു ബ്ലോഗ്ഗറുടെ പടം ഇവിടേണ്ട്...
http://keralahahaha.blogspot.com/2007/10/45.html
അച്ചന്റെ സ്മരണയും തപാല്ദിനവും കോര്‍ത്തിണക്കിയ ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി.
(പിന്നെ, കഞ്ഞി അത്ര മോശമൊന്നുമല്ലേ, ഇട്ടിമാളൂ)
ഞാനിതു കാണാന്‍ താമസ്സിച്ചുപോയി!
കണ്ണു നിറച്ചുവോ? :) ഭാഗ്യവാനായ അഞ്ചലോട്ടക്കാരന്!
ഇട്ടിമാളൂ... ഒരനുഭവക്കുറിപ്പാകുമ്പോള് എന്തു പറയണമെന്ന് എപ്പോഴും സംശയമാണ്..എന്തുകൊണ്ടോ..
എല്ലാ ആശംസകളും..
മുരളി.. ..:)
പൈങ്ങോടാ.. ആദ്യമായാണല്ലെ ഇവിടെ..
വല്ല്യമ്മായി.. ആ ചെറിയ മകള്‍ക്ക് ഈ ചെറിയ മകളുടെ സ്നേഹാന്വേഷണം..:)
ജിഹേഷ്.. വിഷമിക്കണ്ടാട്ടോ..
കാര്‍ട്ടുണിസ്റ്റ്.. അഞ്ചല്ക്കാരനെ കണ്ടു.. പുലിമാ ആവാനുള്ള യോഗ്യതയില്ലല്ലോ എനിക്ക്.. ;).. വന്നതില്‍ വായിച്ചതില്‍ സന്തോഷം
കൃഷ്.. ഇപ്പൊ കഞ്ഞിയാണെ എന്റെ ഇഷ്ട ഭക്ഷണം.. :)
ധ്വനി .. വൈകിയാണെങ്കിലും വന്നില്ലെ.. അതുമതി.. :)
പി ആര് .. നന്ദിയുണ്ട്
ആദ്യമായിട്ടാണ് നിങ്ങളുടെ എഴുത്ത് കാണാനിടവരുന്നത്. വായിച്ചു. നന്നായിട്ടുണ്ട്.
ആശംസകളോടെ,
രാജീവ്.. ആശംസകള്‍ക്ക് നന്ദിയുണ്ട്..
Post a Comment