Thursday, September 20, 2007

ഈറ്റില്ലം

അച്ഛന്റെ മുത്തച്ഛന്റെ കാലത്തെ പണിയാ.. കുമ്മായവും ശര്‍ക്കരയും മണലും എല്ലാം ചേര്‍ത്താ പണിതത്.. അതാ ഇത്ര ഉറപ്പ് .. അന്നൊക്കെ വീട് പണിയാന്ന് പറഞ്ഞാല്‍ ഇന്നത്തെ പോലെ എടിപിടീ എന്നൊന്നും അല്ലല്ല്ലൊ.. എത്ര നാളത്തെ അദ്ധ്വാനാ.. ക്ഷാമം വന്നോണ്ടാ രണ്ടാംതട്ട് പണിയാതെ പോയെ.. മോളില്‍ തട്ടിന് മരമെല്ലാം പാകിയതായിരുന്നു.. പിന്നൊന്നും ഉണ്ടായില്ല... ഇപ്പൊഴത്തെ കുട്ടികളുടെ മോഹല്ലെ.. നടക്കട്ടെ .. വീട് പഴയതാണെങ്കിലും സൌകര്യങ്കിലും ഉണ്ടാവൂലൊ..

അമ്മ ചുമരിടിക്കാന്‍ നോക്കുന്ന പണിക്കാരോട് പഴംകഥകള്‍ പറഞ്ഞിരിപ്പാണ്.. ചുമരിടിക്കണ്ട.. ചെറിയൊരു തുള ... ഒരിത്തിരി കൂടിയ വട്ടത്തില്‍.. അത്രയേ വേണ്ടൂ.. വെറും മണ്‍ ചുമരാന്നൊക്കെ പറഞ്ഞപ്പൊ മുളം തൂണ് കൊണ്ട് മുട്ട് കൊടുത്താ പണി തുടങ്ങിയെ.. എല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞ് താഴെ പോവുമോന്ന് പേടിച്ച്..എന്നിട്ടിപ്പൊ അവര് കഷ്ടപ്പെട്ട് നില്പാ..

"എന്താ പണിയങ്ങട് നീങ്ങുന്നില്ലല്ലൊ ..മഴയാണെങ്കില്‍ കണ്ണുകെട്ടി കളിച്ചോണ്ടിരിക്കാ ... "

ദിവസേനയുള്ള ക്ഷേമാന്വേഷണത്തിനെത്തിയ വല്ല്യമ്മാമയുടെ വകയാണ്... മുറ്റത്തേക്ക് ചാഞ്ഞുനിന്നിരുന്ന ഒരില പറിച്ചത് ഞെരടി പറമ്പിലേക്ക് നീട്ടിയെറിഞ്ഞു..

"ദാ ന്ന് പറഞ്ഞപോലെ ദിവസം പോവും .. പുതിയാളെത്തുമ്പൊഴെക്കും എല്ലാം ഒരുങ്ങണ്ടെ.."

ഉറക്കെയുള്ള ചിരിയോടെ ചൂട് ചായ ഊതികുടിക്കുന്ന അമ്മാമ ഇപ്പൊ എന്താ ചിന്തിച്ചിട്ടുണ്ടാവുക...പുതുമുഖം തന്നെ എന്തു വിളിക്കുമെന്നാവുമോ..
-----

ഇത് വടക്കേറ എന്ന് വിളിക്കപ്പെടുന്ന വടക്കെ അറ.. ഇടന്നാഴിയില്‍ നിന്ന് മച്ചിനു മുന്നിലെ കൊച്ചു തളം.. ഇരുവശത്തുമായി തെക്കേറയും വടക്കേറയും .. തെക്കേറ ഇവിടത്തെ കല്ല്യാണങ്ങള്‍‌ക്കെല്ലാം മണിയറയാണ്.. കാലം കൂടുമ്പോള്‍ പതിയെ വടക്കേറയിലെത്തും.. പുതിയ അംഗത്തെ വരവേല്‍ക്കാനാണ്...

ഊണ്‍ കഴിഞ്ഞ് വീട്ടുകാരും പണിക്കാരുമെല്ലാം പലയിടത്തായി നടുനിവര്‍ത്തിയിരിക്കുന്നു.. തട്ടിട്ട അറയില്‍ നല്ല തണുപ്പ്... ഒരു ചുമര്‍
മച്ചിന്റെ മരച്ചുവരാണ്.. വേനലില്‍ പോലും ചൂടെത്തി നോക്കില്ല.. ഇന്നും ഇവിടെ ഫാന്‍ പോലുമില്ല... ഇനി വരുമായിരിക്കും.. നിലത്തു വെച്ച കാലിന് കീഴെ നല്ല പരുപരുപ്പ്... നിലം ഇത്രയും പരുത്തതെങ്ങിനെ.. തെളിയുന്ന വെളിച്ചത്തില്‍ നിലം മുഴുവന്‍ കുത്തിപൊളിച്ചിട്ടിരിക്കുന്നു.. വടക്കെ മൂലയിലെ ഓവിന്‍ തറയും നിരപ്പാക്കിയിരിക്കുന്നു... മുറിയില്‍ നിറയെ തിരക്കു പിടിച്ച പണിയുടെ അവശിഷ്ടങ്ങള്‍.. മച്ചിന്റെ രണ്ടുനിര പലകകള്‍ അപ്രത്യക്ഷമായിരിക്കുന്നു.. പത്തായത്തിലേക്ക് കയറിപ്പോയ വിടവില്‍ പുതിയൊരു യൂറോപ്യന്‍ ക്ലോസ്സെറ്റിന്റെ തിളക്കം.. മറുവശത്ത് തെക്കേറയിലും പത്തായത്തിലേക്ക് പുതിയ നീക്കം .. നിലത്തെ പരുക്കന്‍ മാറ്റി വിരിക്കാന്‍ തയ്യാറായി ചായ്പ്പില്‍ റ്റൈല്‍‌സ് കാത്തിരിക്കുന്നു..

വടക്കേറ വീണ്ടും ഒരുങ്ങുകയാണ്.. ഇത്തവണ നഗരപരിഷ്കാരങ്ങളോടെ.. അമ്മയുടെ ഭാഷയില്‍ അവര്‍ സുഖസൌകര്യത്തില്‍ ജീവിക്കുന്നവരാ.. നിലത്തിനാണെങ്കില്‍ എന്തൊരു മിനുപ്പാ... അടുക്കളയില്‍ ഒരു പൊടി കരിയില്ല്ല.. അപ്പൊ അവരൊക്കെ ഇവിടെ വരുമ്പോള്‍ നമ്മളും അതുപോലെ നോക്കണ്ടെ.. ഇനി ഇപ്പൊ ഇടക്കിടക്ക് അവര് ആരേലൊക്കെ വന്നാലോ.. കുട്ടീനെ കാണാനൊക്കെ.. ആരാണീ അവരെന്ന് ചോദിച്ചാല്‍ അമ്മയുടെ പേരക്കിടാവിന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍.. നാട്ടിന്‍ പുറത്തെ ശീലമൊന്നും അവര്‍ക്ക് പിടിക്കില്ല..

അമ്മ മുതുമുത്തശ്ശിയാവാനുള്ള തയ്യാറെടുപ്പിലാണ്... മുത്തശ്ശിയാവാന്‍ എന്റെ ഏട്ടത്തി.. ഇത് ഒരു പുതുതലമുറയുടെ ജന്മം കൂടെ ആവുന്നു.. നാലാം തലമുറയിലെ വരവും കാത്തിരിപ്പിലാണ് എല്ലാവരും ... അമ്മ കിട്ടുന്ന വെള്ളതുണികളെല്ലാം മണ്ണാത്തി ദേവകിയെ കൊണ്ട് അലക്കി വെളിപ്പിക്കുന്നു.. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന മട്ടില്‍ ഫ്ലാസ്കും ഷീറ്റുമെല്ലാം ഒരു യാത്രക്ക് തയ്യാറായിരിക്കുന്നു... അതിഥിയെ വരവേല്‍‌ക്കാന്‍ സീറോവാട്ട് ബള്‍ബ് പോലും സ്ഥാനം പിടിച്ചിരിക്കുന്നു..

അതെ അവള്‍ അമ്മയാവാന്‍ കാത്തിരിക്കുകയാണ്.. ഈ ഈറ്റില്ലത്തില്‍ അവസാനം പിറന്നു വീണത് അവളായിരുന്നു.. അവള്‍ക്കുമുമ്പ് ഞാന്‍ .. എന്റേത് ഒരു തലമുറയുടെ അവസാനമായിരുന്നു.. അവളുടേത് ഒരു തുടക്കവും .. അവള്‍ക്ക് ശേഷമുള്ളവരെല്ലാം ആശുപത്രി ജന്മങ്ങളായിരുന്നു.. അവള്‍ക്കുള്ള ഉണക്കമുന്തിരി വാങ്ങാന്‍ കിഴക്കെ വൈദ്യശാലയിലെക്ക് ഓടിയത് ഇന്നും ഓര്‍മ്മയുണ്ട്.. ഓട്ടത്തിനിടയില്‍ കണ്ടവരോടൊക്കെ ഞാന്‍ ആ സന്തോഷവാര്‍ത്ത പറഞ്ഞു "എന്റെ വീട്ടില്‍ കുഞ്ഞുണ്ടായിരിക്കുന്നു".. ഒരു പത്തുവയസ്സുകാരിക്ക് ഇതില്‍ പരം എന്തു സന്തോഷം .. രാവിലെ കുളിചീറനായ് വന്ന് അവള്‍ക്ക് സ്വര്‍ണ്ണമരച്ച് വയമ്പ് കൊടുത്തിരുന്നത് ഞാനാ.. വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന് അവള്‍ക്ക് കൊടുക്കാന്‍ വെണ്ണയും പഴവും വാങ്ങികൊണ്ടുവന്നിരുന്നതും ഞാനാ.. അവളെ ആദ്യമായി സ്കൂളില്‍ കൊണ്ടുപോയതും ഞാനാ.. അന്നത്തെ കുടുംബചിത്രത്തില്‍ ഞാന്‍ എല്ലാമായിരുന്നു.. പക്ഷെ ഇന്ന് ദൂരെ ദൂരെ... വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരിയായ്...


അവളുടെ കുഞ്ഞിനായ് ഈറ്റില്ലമൊരുങ്ങുകയാണ്.. ഞാന്‍ താഴെ നടക്കുന്ന ഓരോ ചലനങ്ങളും കാതോര്‍ത്ത് ... അമ്മാമ ചുരുട്ടിയെറിഞ്ഞ പച്ചില മഴയില്‍ മണ്ണോട് ചേരുന്നതും നോക്കി...വെറുതെ രംഗം വിടാന്‍ മടിച്ചുനില്‍ക്കുന്ന മഴയില്‍ കണ്ണും നട്ട് ... ഓര്‍മ്മകളില്‍ മനസ്സും നിറഞ്ഞ്..

28 comments:

സുല്‍ |Sul said...

പഴയതും പുതിയതും ഇടകലര്‍ന്ന നല്ല ഇഴയടുപ്പമുള്ള ഒരു കഥ.
നന്നായിരിക്കുന്നു.
-സുല്‍

ചന്ദ്രകാന്തം said...

മാളൂ..,
വളരെ ആര്‍ദ്രതയോടെ.. സൂക്ഷ്മതയോടെ.. പകര്‍ത്തിവച്ചതായിത്തോന്നി.
വായിച്ചു, അനുഭവിച്ചറിഞ്ഞു.
...ഇനിയും പ്രതീക്ഷിയ്ക്കട്ടെ.

salil | drishyan said...

മാളൂസേ,
നന്നായിട്ടുണ്ട്. മറച്ച് വെച്ച കാഴ്ചകള്‍ മനസ്സിലാക്കാന്‍ രണ്ടാം വായന വേണ്ടി വന്നു.

വായനയ്ക്കൊടുവില്‍ മായാതെ നില്‍ക്കുന്നു,
കണ്ണുകെട്ടി കളിച്ചോണ്ടിരിക്കുന്ന മഴയത്ത് കണ്ണും നട്ട്,
പുറത്തെ ഒരുക്കങ്ങളില്‍ ഉറയ്ക്കാത്ത - ഓര്‍മ്മകളില്‍ നിറഞ്ഞ - മനസ്സുമായ്,
പടര്‍ന്നു പന്തലിച്ച കുടുംബവൃക്ഷത്തിലെ പൂക്കാത്ത ശാഖയില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം!

സസ്നേഹം
ദൃശ്യന്‍

കുഞ്ഞന്‍ said...

മനോഹരമായി എഴുതീരിക്കണു..

കാലം ഓടുമ്പോള്‍, കൂടെ ഓടണമല്ലേ, അല്ലെങ്കില്‍ പഴഞ്ചന്മാരാകും..!

പുതിയ അഥിതി, ഐശ്വര്യവും പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ളതായിരിക്കട്ടെ..

കണ്ണൂരാന്‍ - KANNURAN said...

പഴമകളോരോന്നായി പൊളിച്ചു മാറ്റപ്പെടുന്നു.... ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍..

Haree said...

കൊള്ളാല്ലോ...
കഥയായൊന്നും തോന്നിയില്ല, ഒരു അനുഭവക്കുറിപ്പെന്നോ ഓര്‍മ്മക്കുറിപ്പെന്നോ മറ്റോ പറയാമെന്നു തോന്നുന്നു. കഥാകാരിയുടേതല്ലെങ്കില്‍, കഥാപാത്രത്തിന്റെയെങ്കിലും. :)
--

salil | drishyan said...

വിട്ടു പോയ ഒരു കാര്യം.
“എന്റേത് ഒരു തലമുറയുടെ അവസാനമായിരുന്നു.. അവളുടേത് ഒരു തുടക്കവും “ - എന്ന വാചകം ഇത്തിരി നൊമ്പരപ്പെടുത്തി.

പിന്നെ ഹരി പറഞ്ഞത് ശരിയായ് തോന്നി. അനുഭവക്കുറിപ്പില്‍ നിന്ന് കഥയിലേക്ക് എത്താതിരുന്നതിനൊരു കാരണം ‘ഞാന്‍’ എന്ന കഥാപാത്രം വല്ലാതെ abstract ആയി പോയതാണെന്ന് തോന്നുന്നു. അവിടം ഒന്നൂടെ വിപുലീകരിക്കാമായിരുന്നു.

സസ്നേഹം
ദൃശ്യന്‍

ശ്രീ said...

വളരെ ഹൃദയ സ്പര്‍‌ശിയായ കഥ...
“അന്നത്തെ കുടുംബചിത്രത്തില്‍ ഞാന്‍ എല്ലാമായിരുന്നു.. പക്ഷെ ഇന്ന് ദൂരെ ദൂരെ... വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരിയായ്...”

ഈ വരികളില്‍‌ കൂടി കടന്നു പോകുമ്പോള്‍‌ എന്തോ ഒരു നൊമ്പരം പോലെ...

സത്യം...ഈ ഓര്‍മ്മകളില്‍ എന്റെ മനസ്സും നിറഞ്ഞു... :)

ബാജി ഓടംവേലി said...

അമ്മാമ ചുരുട്ടിയെറിഞ്ഞ പച്ചില മഴയില്‍ മണ്ണോട് ചേരുന്നതും നോക്കി...വെറുതെ രംഗം വിടാന്‍ മടിച്ചുനില്‍ക്കുന്ന മഴയില്‍ കണ്ണും നട്ട് ... ഓര്‍മ്മകളില്‍ മനസ്സും നിറഞ്ഞ്..
നന്നായിരിക്കുന്നു.

Sanal Kumar Sasidharan said...

രസകരമായ എഴുത്ത്.അധിക പ്രസം‌ഗമില്ല,വാചകക്കസര്‍ത്തുകളില്ല.കൊച്ചുവാചകങ്ങള്‍ നല്ല ഒഴുക്ക്

ഉപാസന || Upasana said...

ഹരിയണ്ണന്‍ പറഞ്ഞത് വളരെ സത്യം.
ഒരു വിവരണം മാത്രം എന്റെ അഭിപ്രായത്തില്‍.
വിവരണത്തില്‍ പൂര്‍ണതയുണ്ട്. എം.ടി യുടീ ശൈലി ഓര്‍മിപ്പിക്കുന്നു.
:)
ഉപാസന

ഓ. ടോ: വന്നോ..?

വേണു venu said...

കൊച്ചു വരികളിലൂടെ അനുഭവ വേദ്യമാക്കിയിരിക്കുന്നു. അനുഭവങ്ങളുടെ ഗന്ധവും അറിയുന്നു.മാളൂ ഇഷ്ടപ്പെട്ടു.:)

സഹയാത്രികന്‍ said...

നന്നായിരിക്കൂണൂട്ടോ...

"അവളുടെ കുഞ്ഞിനായ് ഈറ്റില്ലമൊരുങ്ങുകയാണ്"

:D

സജീവ് കടവനാട് said...

മുന്‍പ് ഒരു വിവാദ കവിതയില്‍ ഇട്ടിമാളുവിന്റെ ഒരു വലിയ ദു:ഖം കുറച്ച് വാ‍യിച്ചു. ഈ കഥയില്‍ ഞാനുറപ്പിച്ചു.

കഥ നന്നായിട്ടുണ്ട്. നല്ല അവതരണം.

സു | Su said...

ഇട്ടിമാളു മുത്തശ്ശി :)


കഥ വളരെ നന്നായിട്ടുണ്ട് ഇട്ടിമാളൂ. :)

രാജ് said...

പുതിയ തലമുറക്കാരിക്ക് എന്റെ ആശംസകള്‍.

d said...

സുന്ദരം..

മയൂര said...

“എന്റേത് ഒരു തലമുറയുടെ അവസാനമായിരുന്നു.. അവളുടേത് ഒരു തുടക്കവും “

നല്ല ഒഴുക്കുള്ള എഴുത്ത്...നന്നായിരിക്കുന്നു..

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലിന്റെ വകയാലെ ആദ്യത്തെ കമന്റ്.. :)

ചന്ദ്രകാന്തം .. സന്തോഷം

ദൃശ്യാ.. ഈ “ഞാന്‍ “ ഒരു പ്രശ്നാണല്ലെ..

കുഞ്ഞാ.. പിന്നല്ലാതെ.. ഓടിയെ തീരൂ..

കണ്ണൂരാനെ.. :)

ഹരീ.. ഇതും വെറും കഥയില്ലായ്മയല്ലെ.. ;)

ശ്രീ.. “ഈ വരികളില്‍‌ കൂടി കടന്നു പോകുമ്പോള്‍‌ എന്തോ ഒരു നൊമ്പരം പോലെ...“.. ഇത് കണ്ടപ്പൊ ഒരു സന്തോഷം ..


പെരിങ്ങോടാ.. അറിയിച്ചേക്കാം ..

ബാജി..സനാതനാ.. ഉപാസനാ.. വേണു.. സഹയാത്രികാ.. കിനാവെ.. സു.. വീണ.. മയൂര.. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്

ഏറനാടന്‍ said...

കൊള്ളാം ഇട്ടിമാളുക്കഥകള്‍ വേറിട്ടുനില്‍ക്കുന്നു..

ചീര I Cheera said...

വളരെ ഇഷ്ടപ്പെട്ടു, പറഞ്ഞു വരുന്ന ആ അന്തരീക്ഷം പ്രത്യേEഇച്ചും..

ഇട്ടിമാളു അഗ്നിമിത്ര said...

ഏറനാടാ, പി ആര്‍... വന്നതില്‍ വായിച്ചതില്‍ സന്തോഷം

ധ്വനി | Dhwani said...

ഒരുപാടു നാളു കൂടിയാണിവിടെ!
കഥ ഒരുപാടിഷ്ടമായി!! ഇടിച്ചുമാറ്റപ്പെടുന്ന വീട്...ചെറിയൊരു വേദന തോന്നി!! പരിഷ്കാരങ്ങള്‍ ഓര്‍മ്മകളെ ഇല്ലാതാക്കാനും കഴിവുള്ളവ!!

ഇട്ടിമാളു അഗ്നിമിത്ര said...

ധ്വനി..വന്നതില്‍ വായിച്ചതില്‍ സന്തോഷം...:)

സഞ്ചാരി said...

kollam ketto...nannayirikkunnu...othiri ishtapettu...

ഇട്ടിമാളു അഗ്നിമിത്ര said...

സഞ്ചാരീ. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

Madhavan said...

മാളുവിന്‍റെ നാടെവിടെയാ?

ഇട്ടിമാളു അഗ്നിമിത്ര said...

പാലക്കാട്