Thursday, August 9, 2007

മാലാഖമാരുടെ മന്ത്രണം

രാത്രിയായില്ലെന്ന് ഓര്‍ക്കാതെ അനഘയുടെ കണ്ണുകളിലേക്ക് ഉറക്കം കടന്നുവരാന്‍ തുടങ്ങി. പക്ഷെ ഇന്ദുവിന്റെ കൈചലനങ്ങള്‍‌ക്ക് അനുസരിച്ച് തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നതിനാല്‍ അവള്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു... അതുകൊണ്ട് മാത്രം അനഘ ആദ്യമായ് ഇന്ദുവിന്റെ പുരാണങ്ങളില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു...

"യാമങ്ങള്‍ തോറും മാലാഖമാര്‍ മന്ത്രിക്കും.. അപ്രകാരം ഭവിക്കട്ടെ"

അനഘയുടെ മുടിയിഴകള്‍ വകഞ്ഞു മാറ്റി ഇന്ദു പതിയെ കാച്ചെണ്ണ തേച്ചുപിടിപ്പിച്ചു... വീണ്ടും അടുത്ത വകച്ചില്‍ എടുക്കും മുമ്പ് കൈവിരലുകളെ എണ്ണയില്‍ കുളിപ്പിച്ചു...

"അപ്പോള്‍ ..?"

ഇന്ദുവെന്ന ഇരുപത്തിമൂന്നുകാരി ഒരു മുത്തശ്ശിയുടെ ഭാവഹാവാദികളോടെ തുടര്‍ന്നു..

"അപ്പോള്‍ ... അപ്പോളാണ്‍ പലതും അറം‌പറ്റുക എന്നൊക്കെ പറയുന്നത് "

അനഘ സ്വന്തം ചിന്തകള്‍ക്കും നേരിയമയക്കത്തിനും ഇടയിലായിരുന്നു... ഇന്ദുവിന്റെ വിരലുകള്‍ മുടിയിഴകളിലൂടെ തെന്നി നീങ്ങുന്നത് അവളെ ഉറക്കത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... എന്നിട്ടും അവളുടെ ചുണ്ടുകള്‍ പിറുപിറുത്തു..

"അപ്പോള്‍ .. ആര് പറഞ്ഞതാവാം തനിക്ക് അറം പറ്റിയിരിക്കുക.. "

സ്വപ്നങ്ങളില്‍ അവള്‍ പഴയ കുട്ടിയുടുപ്പുകാരിയായി... പകല്‍ മുഴുവന്‍ ഒരു തുള്ളി വെയില്‍ കളയാതെ കളിച്ച് മണ്ണില്‍ കുളിച്ച് എത്തുമ്പോള്‍, അന്തിക്ക് വിളക്ക് വെച്ച് നാമം ചൊല്ലാത്തതിന് അമ്മ വഴക്ക് പറയും..

"അമ്മെ... ഇന്ന് ചിരിയോ ചിരി.. നാളെ കരച്ചിലോ കരച്ചില്‍"

അന്ന് ഒന്നുമോര്‍ക്കാതെ എഴുന്നെള്ളിക്കുമായിരുന്ന കൊച്ചുവായിലെ വലിയ വാക്കുകള്‍ ..അപ്പൊഴൊക്കെ ഒന്നൊഴിയാതെ മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... പിറ്റെന്നാള്‍ കാലൊന്ന് തച്ചൊട്ടിയാല്‍ പോലും ഇന്നലെ താന്‍ അങ്ങനെ പറഞ്ഞതോര്‍ത്ത് അവള്‍ കരയുമായിരുന്നു..

അനഘയെ കാണുന്നവരൊക്കെ ആദ്യം നോക്കുമായിരുന്നത് അവളുടെ നീണ്ട ഇടതൂര്‍ന്ന മുടിയിലാരുന്നു... അതു കാണുമ്പോള്‍ അവര്‍ കണ്ണും തുറിച്ച് ഒരു പറച്ചില്‍ ഉണ്ട്..

"ചെറിയ കുട്ടി.. പക്ഷെ ...എന്തൊരു മുട്യാ.."

അമ്മ അതു കേട്ടാല്‍ പിന്നെ പൂരായി.. അവര് കണ്‍‌വെട്ടത്ത് നിന്ന്‍ മറഞ്ഞാല്‍ അമ്മയുടെ വക ഉഴിഞ്ഞിടല്‍ ഉണ്ട്.. ഉപ്പും കടുകും കൂടി അടിതൊട്ട് മുടിവരെ മൂന്നു തവണ ഉഴിഞ്ഞ് അടുപ്പിലെരിയുന്ന കനലിലേക്ക്.. അവിടെ കിടന്നത് ശേ..ശൂ ..ട്ടെ ന്ന് പൊട്ടുമ്പോള്‍ അവര് കണ്ണിട്ടതൊക്കെ പോയെന്ന് അമ്മ പറയും.. ഇന്ന് ... അവള്‍ മൊട്ടയാവാന്‍ തുടങ്ങുന്ന തന്റെ തലയോട്ടിയിലൂടെ വിരലോടിച്ചു.. ആരുടെയൊ കരിങ്കണ്ണ് പൊട്ടിത്തെറിക്കാതെ ബാക്കി കിടന്നിരുന്നു..

പരീക്ഷക്കിറങ്ങുമ്പോള്‍ ദേവ്യേട്ടത്തിക്ക് എങ്ങിനെലും ഒന്നു ജയിച്ചാല്‍ മതിയെന്നെ ഉള്ളു... അനഘക്ക് കിട്ടുന്ന നല്ല മാര്‍ക്കിനുകൂടി ദേവ്യേട്ട്ത്തിക്ക് വഴക്കു കിട്ടും... ദേവ്യേട്ട്ത്തി എപ്പൊഴും പ്രാകും അനഘക്കു പരീക്ഷ വിഷമമാവാന്‍, പഠിച്ചതൊന്നും ഓര്‍‌മ്മയില്‍ തെളിയാതിരിക്കാന്‍ ... കര്‍ണ്ണനെ പോലെ ആവശ്യം വരുമ്പോള്‍ പലതും മറന്നുപോവുമ്പോള്‍, വേറുതെ സങ്കടപ്പെടും.... ദേവ്യേട്ട്ത്തിടെ പറച്ചിലുകള്‍ക്കെല്ലാം മാലാഖമാര്‍ ഏറ്റുമൂളിയിരിക്കണം..

ആദ്യം കിട്ടിയത് ഡ്രീംജോബ് ആയിരുന്നു.. "എനിക്കിഷ്ടാ ടീച്ചറാവാന്‍ ... " അവള്‍ എപ്പൊഴും എല്ലാരോടും പറഞ്ഞു... അപ്പൊഴൊക്കെയും മാലാഖമാര്‍ പറഞ്ഞിരിക്കണം അപ്രകാരം ഭവിക്കാന്‍.... അതു കൈവിട്ട് പോവാന്‍ ആരായിരിക്കാം അവള്‍ കേള്‍ക്കാതെ മന്ത്രിച്ചത്.. പിന്നെ മറ്റൊന്നിലേക്കുള്ള ചാട്ടം.. ആര്‍ക്കും ഒരു ഭാരമാവാതിരിക്കാന്‍ അതില്‍ തന്നെ കടിച്ചു തൂങ്ങി..

അറമ്പറ്റലിന്റെ കണക്കെടുപ്പില്‍ ചിന്തകള്‍ക്ക് പ്രണയവര്‍ണ്ണങ്ങള്‍... ചേച്ചിമാരുടെ പ്രണയവിവാഹങ്ങളുടെ മുറിവുകള്‍ ഇപ്പൊഴും ബാക്കി കിടക്കുന്നു.. അതുകൊണ്ട് ഒരിക്കലും ആ വഴിയെ ഇല്ലെന്നത് നേരത്തെ തീരുമാനിച്ചതായിരുന്നു.. ഒരോ തവണ അത് ഉരുവിടുമ്പൊഴും മാലാഖമാര്‍ മന്ത്രിച്ചിരിക്കണം... വേണമെന്ന് തോന്നിയപ്പൊഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു... അപ്പൊഴും സാരമില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു.. കാലങ്ങള്‍ക്ക് ശേഷവും മറുപുറത്ത് ആ കനല്‍ അണയാതെ കിടക്കുന്നെന്ന് അറിയുമ്പോഴത്തെ നീറ്റല്‍ ... അവള്‍ കണ്ണുകള്‍ മുറുക്കിയടച്ച് ഉറക്കത്തെ കാത്തുകിടന്നു...

"ഇത് നമ്മടെ ജ്യോത്സ്യന്‍ ശങ്കരനാരായണന്‍"

അവര്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ അനഘയും അമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു മുറിയില്‍..

ഏട്ടന്റെ ഒപ്പം കടന്നു വന്ന ആളെ കണ്ട് അമ്മ എഴുന്നേറ്റുനിന്നു.. അമ്മയുടെ ഉപചാരം കണ്ട് അവള്‍ക്ക് ചിരി വന്നു... മുമ്പ് ഏട്ടന്റെ കല്ല്യാണത്തിന് കക്ഷി ചൊല്ലിയ മംഗളപത്രം കുറെ കാലം അവരുടെ വീട്ടിലെ ചര്‍ച്ചാവിഷയം ആയിരുന്നു.. നല്ല മരുമകളാവാന്‍ പറഞ്ഞ് ആവാത്തതോ പോട്ടെ, ഏട്ടന്‍ പോലും വീട്ടില്‍ നിന്ന് അകന്നു പോയി.. ഒരു പക്ഷെ അതില്‍ ആരുമറിയാത്ത അക്ഷരപിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കാം... മാലാഖമാര്‍ അതു കേട്ടിരിക്കാം..

കട്ടിലിനു ചുവട്ടിലെ ബാഗുകള്‍ കണ്ട് അയാള്‍ അമ്മയോട് ചോദിച്ചു...

"എന്താ ഇവിടെ കുടികിടപ്പാക്കിയോ...?

എവിടെയോ പല്ലി ചിലച്ചോ എന്ന് അയാളൊന്ന് കാതോര്‍ക്കുന്ന പോലെ... നഗരഹൃദയത്തിലെ ഹോസ്പിറ്റലിന്റെ ഏഴാം നിലയില്‍ എത്തിയ പല്ലിയെ ഒന്നു കാണാനായി അവള്‍ മേല്‍തട്ടിലേക്ക് നോക്കി...

ബാക്കിയെല്ലാവരും താഴെ വീണു പിടയുന്ന ജീവനെ നോക്കുകയായിരുന്നു.... അതുകണ്ട ജ്യോത്സ്യന്റെ മുഖത്ത് ഒരു ചെറിയ ഭയം... അമ്മയുടെ കണ്ണില്‍ നീരുറയുന്നോ... ചേട്ടന്‍ അവളെ തന്നെ നോക്കി നില്‍‌‍ക്കുന്നു..

"ലക്ഷണം ....?"

ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...

"ആ ജ്യോത്സ്യന്‍ ഇല്ലെ.... അയാള്‍ പറഞ്ഞാല്‍ അച്ചട്ടാ.. കടുകിട തെറ്റില്ല..."

ഞാന്‍ കേള്‍ക്കണ്ട എന്നു വിചാരിച്ചാവാം , അവര്‍ മൂവരും മുറിക്ക് പുറത്തിറങ്ങി..ആ ഒഴിവില്‍ തിക്കികയറി വന്ന ഓര്‍മ്മകളില്‍ അനഘ ഒരുപാട് പുറകിലായിരുന്നു...


അന്നും ഒരു സാധാരണ ദിവസം മാത്രമായിരുന്നു.. രാവിലെ എഴുന്നേല്‍ക്കാനുള്ള മടിക്കു പോലും വ്യത്യാസമില്ലായിരുന്നു.... ഒരല്‍പ്പം കൂടുതല്‍ ആയിരുന്നൊ എന്നു മാത്രം സംശയം.. അന്നത് രാവിലെ ഒരുങ്ങുന്നതിനിടയില്‍ പലപ്പൊഴും പറയുകയും ചെയ്തു... എന്നിട്ടും തിരക്കിട്ട് ഇറങ്ങി... പക്ഷെ വഴിയില്‍ ... അത് അവസാനത്തെ ഇറക്കമാരുന്നു.... ഇഷ്ടമല്ലാത്ത ജോലിയായിരുന്നെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ സന്തോഷം... അതൊക്കെ പഴയ കഥ..

ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരോരുത്തരുടെ മുഖത്തും മടുപ്പിന്റെ വരകള്‍ വല്ലാതെ തെളിയുന്നു ... പതിയെ എല്ലവരുടെയും മിണ്ടാട്ടവും കുറയാന്‍ തുടങ്ങിയിരിക്കുന്നു... ചില മുഖങ്ങളില്‍ നിന്ന് സഹതാപം പോലും മറഞ്ഞിരിക്കുന്നു.,.. ശല്യമെന്ന് എഴുതിവെച്ചിട്ടില്ലെന്ന് മാത്രം..അപ്പൊഴൊക്കെ ജ്യോത്സ്യന്‍ ചോദിച്ച കുടികിടപ്പ് അവളോര്‍‌ത്തു.. പിന്നെ അവള്‍ എന്തൊ ഉരുവിട്ടുകൊണ്ടിരുന്നു,.... അവളറിയാതെ മാലാഖമാര്‍ മന്ത്രിക്കുന്നതും കാത്ത്...

18 comments:

ഇട്ടിമാളു അഗ്നിമിത്ര said...

"യാമങ്ങള്‍ തോറും മാലാഖമാര്‍ മന്ത്രിക്കും.. അപ്രകാരം ഭവിക്കട്ടെ"

അനഘയുടെ മുടിയിഴകള്‍ വകഞ്ഞു മാറ്റി ഇന്ദു പതിയെ കാച്ചെണ്ണ തേച്ചുപിടിപ്പിച്ചു... വീണ്ടും അടുത്ത വകച്ചില്‍ എടുക്കും മുമ്പ് കൈവിരലുകളെ എണ്ണയില്‍ കുളിപ്പിച്ചു...

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍ അല്ലെ... ഇപ്പൊഴല്ലെ മനസ്സിലായത് ഇതൊക്കെ മാലാഖമാരുടെ കളിയാണെന്ന്.... ഞങ്ങടെ നാട്ടിലൊരു നാ‍രായണേട്ടനുണ്ട്... അങ്ങേരു എന്തേലും പറഞ്ഞാലതച്ചട്ടമാ... ഞങ്ങളങ്ങേര്‍ക്കിട്ട പേര് എ.കെ.47 എന്നാ... അത്രക്കുന്നമാ വാക്കുകള്‍ക്ക്... ഹി ഹി ഹി... പറയാന്‍ മറന്നു, കഥ നന്നായി കെട്ടോ...

സു | Su said...

മാലാഖമാര്‍ നല്ലതേ മന്ത്രിക്കൂ. അവര്‍ മന്ത്രിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ.

നല്ല കഥ.

salil | drishyan said...

മാളൂസേ,

പുതിയൊരു കഥ' ഇതിലില്ലെങ്കിലും ഈ തീം നന്നായിട്ടുണ്ട്. യാമങ്ങള്‍തോറും മന്ത്രിക്കുന്ന മാലാഖമാര്‍ ‍അത്ര പെട്ടന്നൊന്നും എന്‍‌റ്റെ ഓര്‍മ്മയില്‍നിന്ന് മാഞ്ഞു പോകുമെന്ന് തോന്നുന്നില്ല.

കഥ നന്നയി. പിന്നെ - "ആരുടെയൊ കരിങ്കണ്ണ് പൊട്ടിത്തെറിക്കാതെ ബാക്കി കിടന്നിരുന്നു..." , "കാലങ്ങള്‍ക്ക് ശേഷവും മറുപുറത്ത് ആ കനല്‍ അണയാതെ കിടക്കുന്നെന്ന് അറിയുമ്പോഴത്തെ നീറ്റല്‍ ...", "എവിടെയോ പല്ലി ചിലച്ചോ എന്ന് അയാളൊന്ന് കാതോര്‍ക്കുന്ന പോലെ... നഗരഹൃദയത്തിലെ ഹോസ്പിറ്റലിന്റെ ഏഴാം നിലയില്‍ എത്തിയ പല്ലിയെ ഒന്നു കാണാനായി അവള്‍ മേല്‍തട്ടിലേക്ക് നോക്കി... " - തുടങ്ങിയ ചില വരികള്‍/ഡീറ്റെയില്‍സ് എനിക്കിഷ്ടമായി.

സസ്നേഹം
ദൃശ്യന്‍

G.MANU said...

nannayi

ഗുപ്തന്‍ said...

മുന്‍പൊരിക്കല്‍ ചോദിച്ച ചോദ്യം വീണ്ടും. വാക്കുകള്‍ വിധി വാചകങ്ങളായാല്‍ ജീവിതം ഭയങ്കരമായിരിക്കും അല്ലെ....

എഴുതിപ്പോയവ ഉച്ചരിച്ചുപോയവ ഇതൊക്കെയാണ് നിനക്ക് സംഭവിക്കാന്‍ പോകുന്നത് മന്ത്രണവുമായി നമുക്കുചുറ്റും തിരിഞ്ഞാല്‍...

എന്നെങ്കിലും ഒരു രാവില്‍ കണ്ട ദു:സ്വപ്നത്തിലേക്ക് ആരെങ്കിലും നമ്മളെ എടുത്തെറിഞ്ഞാല്‍...

എഴുത്തെന്തേ ഒരു പോയിന്റില്‍ നിന്ന് വട്ടം തിരിയുന്നു എന്ന ആശങ്കയുണ്ടെനിക്ക് വീണ്ടും. എഴുത്തു മോശമാകുന്നതുകൊണ്ടല്ല. പെയിംഗ് ഗസ്റ്റ് പോലെ പ്രകാശമുള്ള കഥകള്‍ ഇവിടെ കണ്ട കാലം അകലെയാണെന്ന് ഒരു തോന്നല്‍.

ഉറുമ്പ്‌ /ANT said...

മാലാഖമാര്‍ നല്ലതേ മന്ത്രിക്കൂ.
വളരെ നന്നായി.

aneeshans said...

ജ്യൊത്സനോ ...
സുകുമാരന്‍ ചേട്ടന്‍ കാണണ്ട http://kpsukumaran.blogspot.com/2007/08/8.html . എന്നാലും എന്തൊക്കെയോ മിസ്സ് ചെയ്യുന്നു. തിടുക്കത്തില്‍ എഴുതിയതാ ?

:ആരോ ഒരാള്‍

ഉപാസന || Upasana said...

chechimarute karyam ariyamallooo..
vivaham dukhamanunnee "lainalloo" sukhapratham enne parayamoo ennariyilla...

ഇട്ടിമാളു അഗ്നിമിത്ര said...

കണ്ണൂരാനെ,,, നാരാണേട്ടന്റെ അടുത്തൂടെ പോവണ്ട...

സു.. മാലാഖമാര്‍ മന്ത്രിക്കുന്നത് “അപ്രകാരം ഭവിക്കട്ടെ” എന്നാ.. അന്നേരത്ത് നമ്മള്‍ എന്തു പറയുന്നോ അതു നടക്കും എന്നാ ഞാന്‍ “ഇന്ദു” പറഞ്ഞ് കേട്ടിരിക്കുന്നത്

ദൃശ്യാ.. മനുജി ...സന്തോഷം ...

മനു... ഇത് കഥയല്ലെ ..;)

ഉറുമ്പെ.... നന്ദി

ആരോ ഒരാളെ.. ആ ലിങ്ക് കിട്ടുന്നില്ല... തിടുക്കം കൂടിപ്പോയല്ലെ?

സുനിലെ... അതുകൊള്ളാലോ...

സുനീഷ്.. എന്തെ ഒരു ചിരി മാത്രം.. വന്നതില്‍ സന്തോഷം..

Promod P P said...

ഇത്തരം മന്ത്രണങ്ങള്‍ നടത്തുന്നത് ഇരുട്ടിലെ മാലാഖമാരാണ്.. നിലാവില്ലാത്ത രാത്രികളില്‍ ജാലകങ്ങള്‍ ഇരുട്ടിലേക്ക് തുറന്നിട്ട് ചെവിയോര്‍ക്കു.. കേള്‍ക്കാം അവരുടെ മന്ത്രണം..

ഇ.മാ : കഥ നന്നായിട്ടുണ്ട്..

ശ്രീ said...

കഥ നന്നായിട്ടുണ്ട്!

salil | drishyan said...

http://kpsukumaran.blogspot.com മാത്രം ട്രൈ ചെയ്തു നോക്കൂ...

Haree said...

മാലാഖമാര്‍ മന്ത്രിക്കുന്നതാണോ, ഞങ്ങളുടെ നാട്ടിലൊക്കെ നാവില്‍ ഗുളികന്‍ കൂടിയിരിക്കുന്ന സമയത്താണ് എന്തെങ്കിലും പറയുന്നതെങ്കില്‍, അതുപോലെ നടക്കും എന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്.

കാലൊന്ന് തച്ചൊട്ടിയാല്‍ - തച്ചൊട്ടിയാല്‍ എന്നു വെച്ചാല്‍? ആദ്യമായാണ് ഇങ്ങിനെയൊരു വാക്ക് കാണുന്നത്.

കഥ നന്നായീട്ടോ, മാലാഖമാരോട് ഒടുവില്‍ അവള്‍ ഉരുവിട്ടുകൊണ്ടിരുന്നത് എന്തെന്ന്, പറയാതെ തന്നെ എനിക്കു മനസിലായി... (എന്റെയൊരു ബുദ്ധി!!!) :)
--

ഉപാസന || Upasana said...

മാളൂട്ട്യേ...
ഞാന്‍ വെറുതേ പറഞ്ഞതാണേയ്. കാര്യമായെടുക്കല്ലെ. ഞാനത്തരക്കാരനല്ല. ആ സമയത്ത് അങ്ങിനെയാ നാവില്‍ വന്നേ വികടസരസ്വതി അല്ലാതെന്താ..!
:)
സുനില്‍

ഇട്ടിമാളു അഗ്നിമിത്ര said...

തഥാഗതാ ... ഇവിടെ ജനല്‍ തുറന്നിട്ട് ചെവിയോര്‍‌ത്താല്‍ വണ്ടികള്‍ പോവുന്ന ശബ്ദമാ കേള്‍ക്കുക... നാട്ടിലാണെങ്കില്‍ ചീവീടിന്റെയും... എന്നാലും ശ്രമിച്ചു നോക്കാം

ശ്രീ.. നന്ദിയുണ്ട്

ഹരീ.. തച്ച് (അടിച്ചു..തട്ടി മുട്ടി) പൊട്ടുക... അതാണ് തച്ചൊട്ടല്‍.. നാട്ടുഭാഷയാണെ..

ദൃശ്യാ... ... :)

സുനില്‍.... അതിനെന്താ..... വായിക്കുമ്പോള്‍ തോന്നുന്നത് പറയുക

Unknown said...

നന്നായിട്ടുണ്ട്.....

ഇട്ടിമാളു അഗ്നിമിത്ര said...

brijesh.. thank u :)