Monday, August 27, 2007

ഇന്ന് ഓണമാണ്....

ഇന്ന് ഓണമാണ്....

ആരോ പതുക്കെ മന്ത്രിക്കുന്നു
ഉറക്കം വിട്ടൊഴിയാത്ത കണ്ണുകള്‍ അടഞ്ഞു തന്നെ കിടന്നു
എങ്കിലും ആ മന്ത്രണം തുടര്‍ന്നുകൊണ്ടേയിരുന്നു
ഉണരുക, ഇന്ന് ഓണമാണു
തെളിഞ്ഞ പ്രഭാതവുമായ് ഓണം വന്നിരിക്കുന്നു
ഒരു പിന്ചു കുഞ്ഞിന്റേതു പോലെ ഹൃദ്യമായ പുന്ചിരിയുമായ്

ജാലകപടിയില്‍ എത്തിനോക്കുന്ന തെങ്ങിന്‍ തലപ്പുകളില്‍
ഓലേഞ്ഞാലികള്‍ പാടുന്നു
"മാവേലി നാടുവാണീടും കാലം ......"
ഇന്നലെ പെയ്ത മഴയില്‍ അന്തരീക്ഷം തണുത്തു കിടക്കുന്നു
വീണ്ടും കിടക്കയുടെ പതുപതുപ്പിലേക്കു
പുതപ്പിന്റെ ഇളം ചൂടിലേക്ക്
ബാക്കിനില്ക്കുന്ന ഉറക്കത്തിലേക്ക്
അരുത്, എഴുന്നേല്ക്കുക, ഇന്ന് ഓണമാണ്
ഓര്‍മ്മകളില്‍ ആരോ തുയിലുണര്‍ത്തുന്നു
ഉണരുക, ഇന്ന് ഓണമാണ്

കുളിച്ച്, കുറിയിട്ട്, പുത്തനണിഞ്ഞ് പൂക്കളമിടണം
അടവെച്ച്, അവില്‍വെച്ച് തൃക്കാക്കരയപ്പനെ വരവേ‍ല്‍ക്കണം
വിളക്കുവെച്ച് ഇലവെച്ച് മാവേലിക്ക് ഓണമൂട്ടണം
തുമ്പിതുള്ളി ഊഞ്ഞാലാടി ആര്‍ത്തുല്ലസിക്കണം
ഇന്നുപോലെ എന്നുമെന്ന് മനമുരുകി പ്രാര്‍ത്ഥിക്കണം
ഉണരുക, ഇന്ന് ഓണമാണ്

കണ്ണുകളില്‍ തെളിനീരുറയുന്നു
വേദനയുടെ തീര്‍ത്ഥമായ് കവിള്‍ത്തടങ്ങളിലൂടെ താഴോട്ടു
അരുത്, കരയരുത്, ഇന്ന് ഓണമാണ്
കളമെഴുതാത്ത മുറ്റത്ത് കരിയിലകള്‍ മാത്രം
നാളുകള്‍ വളര്ച്ചയെത്തിയ മണ്പുറ്റുകള്‍
പൂജക്കൊരുങ്ങിനില്ക്കുന്നു
ആളും ആരവവും ഉയരേണ്ട അകത്തളങ്ങളില്‍
കനലണഞ്ഞ് ചാരം മൂടിയ മുക്കല്ലുകള്‍ മാത്രം
കാഴ്ചക്കുലകള്‍ തൂങ്ങേണ്ട മച്ചകങ്ങളില്‍
ചിലന്തിവലകള്‍ ഊഞ്ഞാലാടുന്നു

അറിയുന്നു, ഞാനിന്ന് ഏകയാണ്
അരുത്, ഇടറരുതു, ഇന്നു ഓണമാണ്

22 comments:

Aravishiva said...

ഈ കവിത ഈ ബാംഗ്ലൂര്‍ മലയാളിയെ വല്ലാതെ വേദനിപ്പിച്ചുവെന്നു പറയട്ടെ...ഇത്തവണ നാട്ടില്‍ പോകാന്‍ പറ്റാത്തതിന്റെ വേദന ഇരട്ടിച്ചുവെന്നു പറഞാല്‍ മതിയല്ലോ...കവിത മനോഹരമായി...

ഇട്ടിമാളു അഗ്നിമിത്ര said...

ആരെയും വേദനിപ്പിക്കാനല്ല.. വെറുമൊരു ചിന്തക്കുവേണ്ടിമാത്രം.. നന്ദിയുണ്ടു...

ഇട്ടിമാളു അഗ്നിമിത്ര said...

ഏവര്‍ക്കും എന്റെ ഓണാശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഓണാശംസകള്‍......

simy nazareth said...

എന്തോന്ന് ഏക ഇട്ടിമാളൂ? ഞങ്ങളൊക്കെ ഇല്ലേ ഇവിടെ? ങ്ഹേ?

Typist | എഴുത്തുകാരി said...

എന്തേ ഒരു വിഷാദം പോലെ? വേണ്ടാട്ടോ.

aneeshans said...

ഇട്ടിമാളു, ഓണാശംസകള്‍.

Unknown said...

അരുതു്, ഇടറരുതു്. അതുതന്നെ എനിക്കും പറയാനുള്ളതു്. ഓണനാളില്‍ മാത്രമല്ല, ഒരിക്കലും!

venunadam said...

ചിലന്തികള്‍ വല കെട്ടാതിരിക്കാനായി, മനസ്സിന്റെ വാതായനങ്ങള്‍‌ തുറന്നിടുക

ഗുപ്തന്‍ said...

ഓണത്തിന് പൊതപ്പിന്റടീല്‍ കേറിക്കെടക്കാതെ പൊറത്തെറങ്ങ് ചേച്യേ... ഞങ്ങളൊക്കെ ഒണ്ടിവിടെ.. നമ്മക്ക് പുലികളിക്കാം :)

Haree said...

ഇട്ടിമാളുവിന് അപ്പോള്‍ ലളിതമായെഴുതാനുമറിയാം, അല്ലേ? :) :) :)

ഓണാശംസകള്‍...
ഹരീ
--

Rasheed Chalil said...

ഓണാശംസകള്‍ ...

ശ്രീ said...

അതെ... ഈ ഓണത്തോടെ എല്ലാവരും... എല്ലാ മലയാളികളും ഉണര്‍ന്നെഴുന്നേല്‍‌ക്കട്ടെ...
ഓണാശംസകള്‍‌!

മനോജ് കുമാർ വട്ടക്കാട്ട് said...

“ഉണരുക, ഇന്ന് ഓണമാണ് “

ഒന്നെണീറ്റ് വന്ന് കുളിച്ച് കുറിതൊട്ട്, ഉമ്മറത്തൊരു പൂക്കളമൊരുക്കരുതോ :)

sandoz said...

ശ്ശ്‌....ഉറങ്ങുന്നവരെ എന്തിനാ വിളിച്ച്‌ എഴുന്നേല്‍പ്പിച്ച്‌ ശല്യം ചെയ്യുന്നത്‌...
ഉറങ്ങ്‌..അടുത്ത ഓണം വരെ കിടന്നുറങ്ങ്‌...
അടുത്ത ഓണത്തിനു എഴുന്നേറ്റാല്‍
...ഇത്തിരി പച്ചവെള്ളം കുടിച്ചിട്ട്‌ പിന്നേം കിടന്നുറങ്ങ്‌....
ഹാപ്പി ഉറക്കം...

മയൂര said...

ലളിതമായി എഴുതിയിരിക്കുന്നു...ഇഷ്‌ടായി...

അപ്പു ആദ്യാക്ഷരി said...

വൈകിയാണെങ്കിലും ഓണാശംസകള്‍!!
കവിത നന്നായിട്ടുണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

വന്നവര്‍ക്കും വായിച്ചവര്‍ക്കും.. നന്ദിയുണ്ട്....


ഓണവും കഴിഞ്ഞു ഉറക്കവും കഴിഞ്ഞു.. വീണ്ടും പഴയ താവളത്തില്‍ ......

ദൈവം said...

എന്നും ഓണമാണ്, ഒരിക്കലും ഇടറരുത് :)

മനോഹരമായിരിക്കുന്നു.

salil | drishyan said...

വന്നു, കണ്ടു, വായിച്ചു...
ഒന്നും പറയണ്ടല്ലോ അല്ലേ? :-)

വൈകിയ ഓണാശംസകള്‍.

സസ്നേഹം
ദൃശ്യന്‍

സു | Su said...

“അറിയുന്നു, ഞാനിന്ന് ഏകയാണ്
അരുത്, ഇടറരുതു, ഇന്നു ഓണമാണ്.”

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പടം ഇട്ടിമാളുവിന് ഇഷ്ടമില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ, അവരൊക്കെ കൂട്ടാതെ പോയത്. പിന്നെ ഏകയാണേ എന്ന് പറഞ്ഞിട്ടെന്ത് കാര്യം? ഓണത്തിനെങ്കിലും പിശുക്ക് മാറ്റിവെച്ചൂടേ ഇട്ടിമാളൂ.

ഇട്ടിമാളു അഗ്നിമിത്ര said...

സാക്ഷാല്‍ ദൈവം തന്നെ വന്നിരിക്കുന്നല്ലെ..!!!

ദൃശ്യാ...:)

സു..ആരു പറഞ്ഞു ഞാന്‍പിശുക്കിയാന്ന്...