Monday, September 22, 2014

സാഗരകന്യക സ്വപ്നകഥ പറയുന്ന നാൾ


തിയോ, ഞാൻ സാഗരകന്യക, പേര് വേഗ 

സ്വപ്നത്തിന്റെനാലാം ദിവസമാണ് വേഗ ഈ വെളിപ്പെടുത്തൽ നടത്തിയത് ..  തിയോ  പറഞ്ഞു കൊണ്ടിരുന്നത് മലമുകളിലെ മുളംകൂമ്പുകൊണ്ട് അപ്പമുണ്ടാക്കുന്നത് എങ്ങിനെ എന്നായിരുന്നു .. അതിനിടയിൽ സംശയം തീർക്കാനുള്ള ഇടവേളയിൽ താനെന്തിനു അങ്ങിനെ പറഞ്ഞെന്ന് വേഗയും, "എന്ത്" എന്നൊരു ചോദ്യത്തിന്റെ ഞെട്ടലിൽ തിയോയും കണ്ണിൽ കണ്ണോട് നോക്കി നിശബ്ദരായ് .. സ്വപ്നസംഗമത്തിൽ ആാദ്യത്തെ മൌനമായിരുന്നു അതെന്ന് ഇരുവരും തിരിച്ചറിഞ്ഞു ..

തിയോ.. വേഗയുടെ സ്വപ്നത്തിലേക്ക് അവളുടെ സമ്മതമില്ലാതെയാണു  ആദ്യമായ് അയാള് കടന്നുവന്നത് .. മുഖമില്ലാത്ത ശബ്ദം മാത്രമുള്ള ഒരാൾ.. "വേഗയല്ലെ"  എന്നൊരു ശബ്ദത്തിൽ ആണു അയാള് അടയാളപ്പെടുത്തപ്പെട്ടത് .. അത് തന്നെയായിരുന്നോ അയാൾ ചോദിച്ചതെന്ന് ഉറപ്പില്ലാഞ്ഞിട്ടും "അതേ" എന്ന് അവൾ .. ഒരു സന്ധ്യയിൽ പനിയുടെ ക്ഷീണത്തിൽ മുകളിലെ വരാന്തയിലെ വെറും നിലത്ത് ചുരുണ്ടു കൂടി കിടക്കുകയായിരുന്നു അവൾ.. അയാളുടെ വരവറിയിച്ച് ഒരു കാറ്റടിച്ചതും താനൊന്ന് വിറച്ചതും ഓർക്കുമ്പോൾ അതേ തണുപ്പ് ഇപ്പോഴും അവളിൽ പടരാറുണ്ട് .. അത് ആദ്യത്തെ സ്വപ്നക്കാഴ്ച.. 

ലോകമവസാനിക്കുന്ന രണ്ടാം  സ്വപ്നത്തിൽ തിയോ ഇല്ലായിരുന്നു.. സ്വപ്നത്തിനു ശേഷം, അല്ല സ്വപ്നം ഒരു നാടകമാണെങ്കിൽ തിരശ്ശീല താഴുന്നതിനിടയിൽ താൻ മാത്രം ബാക്കിയായത് വേഗ തിരിച്ചറിഞ്ഞു .. ലോകം ഇല്ലാതായിട്ടും അവൾ ബാക്കിയായ്.. അത്  പറയാൻ താൻ അവശേഷിക്കുന്നു എന്നതിന്റെ തെളിവിനായ്  മറ്റൊരാളെ അന്വേഷിച്ചാണ് അവൾ വീണ്ടും ഉറങ്ങിയത്..  അതിൽ ആ സ്വപ്നത്തിന്റെ കഥ കേൾക്കാൻ തിയോ വന്നിരുന്നു.. "എന്നിട്ട്" എന്ന ഇടക്കിടക്ക് ചോദിച്ച് അവളുടെ സ്വപ്നത്തിന്റെ കഥ പറച്ചിലിന് അയാൾ കൂട്ടിരുന്നു.. അപ്പോഴൊക്കെ തിയോ യുടെ സുന്ദരമായ ആണ്‍ശബ്ദത്തിന്റെ ഉറവിടം തേടി അവൾ തല തിരിച്ചു.. ശബ്ദസാന്നിധ്യം മാത്രമായ് അവൻ  കഥപറച്ചിലിന്റെ  നിശബ്ദതതകളെ ഇല്ലാതാക്കി.. അവൾ വീണ്ടും കഥ തുടർന്നു .. 

ഇടയിലൊരിക്കൽ നിങ്ങൾ സ്വപ്നം കാണാറുണ്ടോ എന്ന് തിയോയോട് ചോദിക്കണമെന്ന് അവൾ  നിശ്ചയിച്ചു..   പക്ഷെ പേടിസ്വപ്നങ്ങൾ കണ്ട് അവൾ രാത്രിയിൽ പിച്ചും പേയും പറയുന്നെന്ന പരാതിയിൽ  നിഖിൽ അവളെ  മൈത്രിയുടെ അടുത്തുകൊണ്ട് പോയതും അന്ന് തന്നെ യായിരുന്നു  ..  

മൈത്രിയുടെ വെള്ളത്താടിയിൽ വെള്ളയുടുപ്പിൽ എന്തിനു വെളുത്ത കണ്ണിൽ പോലും ഒരു കുസൃതി ചിരിയുണ്ടായിരുന്നു .. വേഗാ എന്നാ വിളിയിൽ ഒരു റോസാപൂ തൊടുന്ന പതുപതുപ്പുണ്ടായിരുന്നു.. നിഖിൽ അടുത്തിരിക്കുന്നതിനാൽ ആ ചിരിയൊന്ന് നേരെ നോക്കി ആസ്വദിക്കാൻ അവൾ മടിച്ചു.. അതുകൊണ്ട് തന്നെയാവണം മൈത്രി നിഖിലിനെ പുറത്തിറക്കിവിട്ടതും ..  മൈത്രിയുടെ ആദ്യ ചോദ്യം ഇതാരുന്നു.. വേഗക്ക് ആരെ കാണാനും വർത്തമാനം പറയാനുമാണ് തോന്നുന്നത്.. 

തിയോ 

ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഒരു ശ്വാസത്തിന്റെ ഇടവേളപോലുമില്ലായിരുന്നു ..  എന്നിട്ടും മൈത്രിയുടെ മുഖത്തെ ചിരിക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല ..  മണിക്കൂറുകളോളം അവൾ തിയോയെ കുറിച്ച് മൈത്രിയോട് പറഞ്ഞു കൊണ്ടിരുന്നു.. അവസാനം പറഞ്ഞു പറഞ്ഞു അവൾ ഉറങ്ങാൻ തുടങ്ങിയപ്പോൾ നിഖിൽ വന്ന്  വേഗയെ ചുമലിലിട്ട് നടന്നു നീങ്ങി.. നിഖിലിന്റെ ചുമലിൽ കിടന്നും  സീറ്റിലുറങ്ങിയും അവൾ സംസാരിച്ചു കൊണ്ടിരുന്നു.. എപ്പോഴായിരുന്നു മൈത്രിക്ക് പകരം തിയോയുടെ ശബ്ദം  കൂട്ടിരിക്കാൻ തുടങ്ങിയതെന്ന് അവൾ അറിഞ്ഞില്ല.. അതായിരുന്നു മൂന്നാമത്തെ സ്വപ്ന രാത്രി.. 

പുസ്തകം വായിച്ചുറങ്ങിയ അഞ്ചാം രാവിൽ അവൾ എത്തിപ്പെട്ടത് കടൽക്കരയിലായിരുന്നു.. അതുവരെ പുസ്തകത്താളിൽ കറുത്ത അക്ഷരമായിരുന്ന കഥാപാത്രം നനഞ്ഞ മണലിൽ കാൽപ്പാടുകൾ പതിപ്പിച്ച് കടലിലേക്ക് ഇറങ്ങി പോവുന്നത് കണ്ട് പുറകെ ചെല്ലാൻ എഴുന്നേറ്റതായിരുന്നു... പക്ഷെ സ്വപ്നത്തിൽ കയ്യും കാലും അനങ്ങാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ അവൾ വിഷമിച്ചു..  

വേഗ ഞെട്ടി പോയത് ഈ കടൽക്കരയും ഇയാളെയും എത്രയോ സ്വപ്നങ്ങളിൽ താൻ ആവർത്തിച്ചു കണ്ടിരിക്കുന്നു എന്നാ ചിന്തയിലായിരുന്നു .. ഇയാളോട് തന്നെയല്ലേ പല സ്വപ്നരാത്രികളിലും താൻ പ്രണയത്തെ കുറിച്ചും കവിതയെ കുറിച്ചും വാതോരാതെ സംസാരിച്ചിരുന്നതെന്നും, ഇനിയും മുഖം തരാത്ത ഇയാൾ തന്നെയല്ലേ കാടകങ്ങളിലേക്ക് യാത്രക്ക് കൂട്ട് വിളിച്ചതെന്നും.. അയാൾ അവൾക്കരികിലെ നനഞ്ഞ മണലിൽ ഇരുന്നു..  

"ഞാൻ കടൽ ഇല്ലാത്ത ഒരു സ്വപ്നം പോലും കണ്ടിട്ടില്ല .. നിങ്ങൾ എന്റെ സ്വപ്നത്തിൽ വന്ന ദിവസങ്ങള് എല്ലാം ഞാൻ ചുവരിലെ കലണ്ടറിൽ അടായാളപ്പെടുത്തിയിട്ടുണ്ട്.. സ്വപ്നത്തിലെ എനിക്ക് ഞാൻ ഇട്ട പേരാണു സാഗര കന്യക"

 അവളുടെ ഈ പറച്ചിലിന് അകമ്പടിയായെത്തിയ തിയോയുടേ ചിരിനാലാം രാവിലെ സ്വപ്നം അവസാനിക്കും വരെ തുടർന്നു .. 

ആ ചിരിയുടെ തണലിലാണ് നിഖിൽ അവളെ പുറത്ത് കൊണ്ടു പോവാമെന്നു സമ്മതിച്ചത്..  ഒരു മസാലദോശയും കാപ്പിയും നിഖിലിന്റെ ഔടിംഗ് അതിൽ തീരുന്നതാണു .. എന്നിട്ടും വഴിയോരത്തെ പഴകച്ചോടക്കാരനിൽ നിന്നും അവൾ വലിയൊരു തണ്ണിമത്തൻ വാങ്ങി.. രാത്രി അവൾ ആസ്വദിച്ചു കഴിക്കുമ്പോ ഒട്ടൊരു പുച്ഛത്തോടെ നിഖിൽ ടിവി കാണുകയായിരുന്നു.. കൈ കഴുകി ടിവിക്ക് അവൾ എത്തുമ്പോൾ ഏതോ മെഡിക്കൽ പ്രോഗ്രാം ആയിരുന്നു നടന്നിരുനത് 

"ഇത് പോലെയില്ലേ .. നീയിപ്പൊ വാരിവലിച്ച് തിന്നതും"

അപ്പോൾ മാത്രമാണു അതൊരു അബോർഷനെ കുറിച്ചുള്ള പരിപാടി ആയിരുന്നെന്ന് അവൾ അറിഞ്ഞത് .. ചർദ്ദിച്ച് വശംകെട്ട്  തുടങ്ങിയ ഉറക്കം അഞ്ചാം രാവിൽ നിന്നും ആറിലേക്ക് നീണ്ടു ..  തണ്ണിമത്തൻ ഒരു കുഞ്ഞായ് മാറി, അവൾ അതിനെ ഗർഭം   ധരിച്ച് പക്ഷെ പിറന്നത് മുഴുവൻ കുന്നിക്കുരുക്കൾ ആയിരുന്നു.. കൂട്ടിരുന്നതും കുറുകുറാ  പറഞ്ഞതും തിയോ യുടെ ശബ്ദമായിരുന്നു.. ഇടക്കെപ്പോഴോ നിഖിൽ  ദേഷ്യപ്പെടുന്നതും ബഹളം വെക്കുന്നതും അവൾ കേട്ടിരുന്നു.. ഉണരുമ്പോൾ മൈത്രിയുടെ ചിരിയുണ്ടായിരുന്നു കണിയായ് .. 

അവൾ തന്റെ സ്വപ്നകഥ മൈത്രിക്ക് മുന്നില് ചുരുളഴിച്ചു.. ഏഴാം രാവിന്റെ സ്വപ്നത്തിൽ അവൾ ചെന്ന് കേറിയത് തിയോയുടേ അതിഥിയായിട്ടായിരുന്നു .. ഒരിക്കൽ മാത്രം ഒരിക്കലെങ്കിലും തിയൊയുടെ ശബ്ദത്തിനപ്പുറം മുഖം കാണണം എന്നവൾ ഇന്നലെ തനെൻ ഉറപ്പിച്ചതായിരുന്നു.. "നിന്റെ നശിച്ച സ്വപ്‌നങ്ങൾ ആണു എല്ലാത്തിനും കാരണം " എന്ന്  നിഖിൽ എപ്പോഴോ രോഷം കൊള്ളുന്നത് അവൾ കേട്ടിരുന്നു..  "ഇത് ഞാൻ നിർത്തും " എന്നൊരു ഭീഷിണിയും .. അപ്പോൾ തുടങ്ങിയതാണ്‌ തിയോ കേൾക്കുന്നതിനപ്പുറം കാണണമെന്ന മോഹം.തനിക്കിഷ്ട സ്വപ്നം തിരഞ്ഞെടുത്ത് അവൾ തിയോയുടെ സ്വപ്നത്തിലേക്ക് നടന്നു കയറി .. അതിൽ ആദ്യമായ് അവൾ തിയോ യെ കണ്ടു.. പക്ഷെ അതിൽ സ്വപ്നത്തിന്റെ പടിവാതിലിൽ വെച്ച് തന്നെ ശബ്ദം മറ്റാരുടെതൊ ആയി അനുഭവപ്പെട്ടു.. ശബ്ദവീചികൾ അവളുടെ സ്വപ്നകഥകളുടേതായിരുന്നു.. അതേ കടൽക്കരയിൽ തിയോയുടെ സ്വപ്നക്കൂട്ടായി മൈത്രി..

പിന്നൊരിക്കലും വേഗ സ്വപ്നം കണ്ടിട്ടില്ല..  

5 comments:

ഇട്ടിമാളു അഗ്നിമിത്ര said...

എഴുതി തീർത്തതാ ..കുറ്റൊം കുറവും ധാരാളം ണ്ടാവും.. പറഞ്ഞൊളൂ പറഞ്ഞോളൂ ..

ajith said...

സ്വപ്നത്തിലാണ് ഞാന്‍. ഉണര്‍ന്നെങ്കില്‍ പറയാം

ശ്രീ said...

ഞാനുമൊന്ന് സ്വപ്നം കണ്ടിട്ട് വരാം

sathees makkoth said...

പാവം വേഗ, പിന്നെ സ്വപ്നം കാണാൻ പറ്റിയില്ലല്ലോ

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ ,,, ajith sir,,, Satheesh .. thanks for reading & comment