Sunday, May 26, 2013

നീല വെളിച്ചം നിന്നോട് പറഞ്ഞതെന്താണു ...

പറയു .. ആ നീല വെളിച്ചം നിന്നോട് പറഞ്ഞതെന്താണു ...


വിടർന്ന കണ്ണുകളാൽ അവൾ ഉത്തരം നല്കിയത് ഇങ്ങനെ ആയിരുന്നു..  ഒരു തുള്ളി ലഹരി നുണയാതെ ഞാൻ ലഹരിയിൽ ആഴുകയായിരുന്നു .. ചുറ്റും നിറഞ്ഞൊഴിയുന്ന മദ്യചഷകങ്ങൾ .. കാത്കൂർപ്പിച്ചാൽ മാത്രം വ്യക്തമാവുന്ന നേർത്ത സംഗീതം .. പ്രണയിനിയോടെന്ന പോലെ പരസ്പരം പിറുപിറുത്ത്  വർത്തമാനം പറയുന്നവർ .. ഇടയിൽ എവിടെ എന്നെങ്കിലും ഒരു ശബ്ദമുയർന്നാൽ പോലും ആരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞില്ല .. എല്ലാവരും അവരുടെതായ ലോകത്ത്.. അല്ലെങ്കിൽ അവർ അടങ്ങുന്ന ആ കൊച്ചു കൂട്ടത്തിൽ ..


ആ ബൾബുകൾക്ക് എന്താണ് പേരെന്നറിയില്ല .. ഇളം നീലവെളിച്ചം ചിതറി ഓരോ മുഖത്തേയും അവ പാതി മറച്ചു;  മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെയും .. എന്തിനു എന്റെ പ്രായത്തെ പോലും .. ഒരോർമ്മയിൽ ആര്ക്കും ഒരു പുഞ്ചിരിയിൽ ലയിക്കാം .. മറ്റൊരോർമ്മയിൽ ഒന്ന് വിതുമ്പാം .. നീലവെളിച്ചം നിങ്ങൾക്ക് മറയായുണ്ട് ..

വിരലുകൾ കോർത്ത കയ്യുമായല്ലെങ്കിലും, അവനു പുറകെ ഞാൻ കേറി ചെല്ലുമ്പോൾ രണ്ടു ഡസനിലേറെ കണ്ണുകൾ ഞങ്ങൾക്ക് സ്വാഗതമരുളി .. ഏറ്റവും മുന്നിൽ കൗണ്ടരിനരികിലെ സെറ്റിയിൽ ഇരിക്കുമ്പോഴെക്കും തിരിഞ്ഞു പോയ പിടലികൾ പൂർവ്വസ്ഥാനം പ്രാപിച്ചിരിക്കണം .. പകരം ഉയര്ന്ന സ്റ്റൂളുകളിൽ  കറങ്ങികിറുങ്ങി ഇരുന്നവർ മുന്നിൽ നിന്നും പുറകോട്ട തലതിരിച്ചു.. ഒപ്പം വലതുവശത്ത് തലകുനിച്ച് പിറുപിറുത്തിരുന്നവരിൽ നിന്നും എനിക്കായൊരു നോട്ടം ... 

എന്തുകൊണ്ടെന്നറിയില്ല, അവൻ വിളിക്കും വരെയും ബാർബോയ് ഞങ്ങളുടെ അരികിലേക്ക് വന്നില്ല .. ഞാനാവുമൊ അവിടെ വികർഷണ വസ്തുവാകുന്നതെന്ന ചെറിയൊരു സംശയം .. ബിയറിനുള്ള ഓർഡരിൽ ഒരുകുപ്പിതന്നെയെന്നു രണ്ടാമതും ഉറപ്പുവരുത്തിയാണ്  അയാൾ  പിൻവാങ്ങിയത്  .. 

കടലയും ചിപ്സും എത്തി, പുറകെ വന്ന രണ്ടു ഗ്ലാസ്സുകളിൽ ഒന്ന് അയാൾ എനിക്ക് മുന്നിലേക്ക് നീക്കിവെച്ചു .. മങ്ങിയ നീലവെളിച്ചത്തിലും  എന്റെ ചുണ്ടിലെ കുസൃതി ച്ചിരി അവൻ വ്യക്തമായി കണ്ടിരിക്കണം ..


എന്ടെ മുന്നിലെ ഗ്ലാസ് ഒഴിഞ്ഞു തന്നെ ഇരിക്കുമ്പോൾ   അവന്റേത് നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു .. വെറുതെയെങ്കിലും എന്നിലേക്ക് നീളുന്ന ഓരോ നോട്ടവും എന്റെ ഒഴിഞ്ഞ ഗ്ളാസ്സിനെ ഉറപ്പു വരുത്താനാണെന്നത് അല്പം കടന്ന ചിന്തയാവാം .. ആ അന്തരീക്ഷത്തിൽ  ഒരു അധികപറ്റാണൊ എന്ന സംശയം പതീയ് എന്നിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു .. "നിനക്ക് വേണോ?" എന്ന ചോദ്യത്തിനു നിഷേധാർത്ഥത്തിൽ തലയാട്ടി ഞാൻ പുറകോട്ടു ചാഞ്ഞിരുന്നു .. എനിക്ക് ഈ അന്തരീക്ഷത്തെ - ഈ നീലനിറത്തെ - ഒറ്റസ്നാപിൽ ഒതുക്കണം .. അതും ഇടക്കിടക്ക് എന്നെ തിരിഞ്ഞു നോക്കുന്ന ആ മലയാളി മാമനെ അടക്കം ..


ആ ഒറ്റസ്നാപിലേക്കുള്ള ഒറ്റനോട്ടത്തിൽ നിന്ന് എനിക്ക് ഈ നീലനിറത്തെ പുനർജ്ജനിപ്പിക്കണം .. കള്ളുകുടിയൻമാർ  എന്നു മുദ്രകുത്തി മാറ്റിനിർത്തിയ വിഭാഗത്തെ ഞാൻ കൗതുകത്തോടെ നോക്കാൻ ശ്രമിക്കുകയായിരുന്നു... നീലവെളിച്ചത്തിന്റെ മറയിൽ ഞാൻ ഓരോരുത്തരുടേയും നേരെ കണ്ണെറിഞ്ഞു ...പതിയെ നിറയുന്ന പതയുന്ന ഒഴിയുന്ന ചില്ലുചഷകങ്ങൾ .. അവയ്ക്കൊപ്പം നിറഞ്ഞു ചെരിയുന്നവർ ...സത്യം, ലഹരി നിറഞ്ഞ ആ നീല വെളിച്ചത്തിൽ ഞാനും ഒരു അനുഭവത്തിന്റെ അറിവിന്റെ ലഹരിയിലായിരുന്നു ..:)

ഞാൻ കൂടെയുള്ളത് കൊണ്ട് മാതമാണു അവൻ ഡ്രിങ്ക്സ് ഒഴിവാക്കുന്നതെന്ന് എനിക്കറിയാമായിരുന്നു .. ബാറിനു മുന്നിലൂടെ റെസ്റ്റൊരെന്റിലെക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ ഈ  നീലവെളിച്ചത്തിലേക്ക് തലനീട്ടിയത് ഞാൻ മനപൂർവ്വം കണ്ടില്ലെന്ന് നടിച്ചതാണു .. എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ തന്നെയാണ് അവനോട് ചോദിച്ചത് .. "നിനക്ക് കഴിക്കണോ".. എന്ത് എന്ന് തിരിച്ച് ചോദിക്കാതെ ചോക്കലേറ്റ് വേണോ എന്ന ചോദ്യം കേട്ട കുഞ്ഞിന്റെ മുഖഭാവത്തോടെയാണവൻ ഉത്തരം പറയാതെ ചിരിച്ചത് ..അവന്റെ പ്രലോഭനത്തിലാണ് ഞാനീ നീലവെളിച്ചത്തിൽ എത്തിയത് .. 

അവസാനത്തെ അതിഥികളായ് എത്തിയ ഞങ്ങൾ  ഇറങ്ങിയതും ആ വാതിൽ  അകത്തു നിന്നും അടക്കപ്പെട്ടു.. ആ ശബ്ദത്തിന്റെ തിരിച്ചറിയലിലാണ്  അവൻ ചുവരിലെ ബോർഡിലെ രണ്ടു പത്തുകളിലേക്കും ഞാൻ മൊബൈലിലെ സമയം സൂചിപ്പിക്കുന്ന രണ്ട് ഒന്നുകളിലേക്കും അറിയാതെ നോക്കിപോയത് ..

ഇപ്പോൾ ചില്ലുവാതിലിനപ്പുറം  അകത്തെ നീലവെളിച്ചം കൂടുതൽ ഇരുണ്ടപോലെ ... ഇനിയും പറയാനിക്കുന്നതെല്ലാം നീലവെളിച്ചം പറയരുതെന്ന് പറഞ്ഞതാണ് ...


5 comments:

ഇട്ടിമാളു said...

എന്നാലും ഒരു തുടം വീഞ്ഞിനു നൂറുകൾ എണ്ണികൊടുക്കണം എന്നൊക്കെ പറഞ്ഞാൽ ഇത്തിരി കൂടുത്തൽ അല്ലെ !!!

ajith said...

നീലവെളിച്ചം അപകടമാണേ.....!!

പ്രൊമിത്യുസ് said...
This comment has been removed by the author.
പ്രൊമിത്യുസ് said...

ജീവിതത്തിന്റെ അനർഘ നിമിഷങ്ങള്ക്ക് വില കൂടില്ലേ,ഇട്ടിമാളൂ ?

ഇട്ടിമാളു said...

അറിയാം അജിത്‌ സാർ.. അതെന്റെ വഴിയല്ല ..:)

പ്രൊമിത്യുസ് ...അത്ര അനർഘമാണൊ ആ നിമിഷങ്ങൾ ?