Tuesday, March 26, 2013

ദേവപ്രിയയുടെ ദിവസം

ഡയറിയില്‍ രേഖപ്പെടുത്താത്ത ദേവപ്രിയയുടെ ദിവസം

"യു എന്‍ജോ....?"

റിയാസിന്റെ ചുണ്ടില്‍ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് മുദ്രവെച്ച് ദേവി എന്ന ദേവപ്രിയ ആ ചോദ്യത്തെ പാതി വഴിയില്‍ കൊലചെയ്തു. പുതപ്പെടുത്ത് കഴുത്ത് വരെമൂടി അവള്‍ അവനു നേരെ തിരിഞ്ഞുകിടന്നു.

"അരുത്.. അത് മാത്രം നീയെന്നോട് ചോദിക്കരുത്. ഓരോ ആക്രമണത്തിന് ശേഷവും തളര്‍ന്നു കിടക്കുന്ന എന്നോട് അയാള്‍ അങ്ങിനെ ചോദിക്കുമായിരുന്നു. കുത്തി തുളക്കുന്ന വേദനയും അരിച്ചു കയറുന്ന വിറയലും മറന്ന്, തേങ്ങലുകളെ അടക്കിവെച്ച്, ഞാന്‍ ഉത്തരം നല്‍കും .. ....."

മൂളലിന്` ശക്തികുറവാണെന്ന്` തോന്നുമ്പോള്‍ അയാള്‍ വീണ്ടും ചോദിക്കും ... "പറയ്.... നിനക്കെന്താ തോന്നിയത്.. പറയ്.. കൃത്യമായി പറയ്...

" കുതറിച്ചാടുന്ന കരച്ചില്‍ കുഞ്ഞുങ്ങള്‍ പുറത്ത് കടക്കാതിരിക്കാന്‍ കടിച്ചുപിടിച്ച്, ഒരു ടര്‍ക്കിടവലില്‍ പൊതിഞ്ഞ് ഞാന്‍ എന്നെ തന്നെ ബാത്ത്റൂമില്‍ തള്ളി വാതില്‍ അടക്കുമ്പോഴെക്കും, അപ്പുറത്ത് കൂര്‍ക്കംവലി ഉയരാന്‍ തുടങ്ങിയിരിക്കും. ഒരു ദിനത്തിന്റെ അന്ത്യവും പുതുദിനത്തിന്റെ പിറവിയും ഞാന്‍ ആ ഷവറിന്റെ ചുവട്ടില്‍ ആഘോഷിക്കും. എത്ര തേച്ചുകുളിച്ചാലും പോവാതെ, അഴുക്കുകള്‍ ശരീരം മുഴുവന്‍ പറ്റിപിടിച്ചിരിക്കുന്നെന്ന്, അന്നൊക്കെ എനിക്ക് തോന്നുമായിരുന്നു. പിന്നെ തലപോലും തുവര്‍ത്താതെ, ബാക്കിവന്ന രാത്രിയെ ഉറങ്ങിതീര്‍ക്കാന്‍ ഒരു വിഫലശ്രമം."

"മതി നിര്‍ത്ത്.. നീ വന്നത് ആ ഓര്‍മ്മകളില്‍ നിന്ന് രക്ഷപെടാനല്ലെ.. വേണ്ടാ.. തല്‍ക്കാലം അതൊന്നും ഓര്‍ക്കണ്ട"

അവളുടെ മുടിയില്‍ വിരലോടിച്ച്, ആ കണ്ണുകളില്‍ ഉറ്റുനോക്കി, അവന്‍ വീണ്ടും ചോദിച്ചു..."

"എന്നാലും പറയ്.. നീ എന്റെ അടുത്ത് തോറ്റു പോയിട്ടില്ലെന്ന്.. ഇങ്ങിനെ ഒരു ദിവസം, അതെന്റെ സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.. വിശ്വസിക്കാന്‍ ഇപ്പൊഴും കഴിയുന്നില്ല..."

അവന്റെ നോട്ടം താങ്ങാനാവാതെ ദേവി കണ്ണുകള്‍ ഇറുക്കിയടച്ചു.. അവര്‍ക്കിടയില്‍ പിറന്നുവീണ നിശബ്ദത പതുക്കെ പതുക്കെ കനം വെച്ച് ആ മുറിമുഴുവന്‍ നിറയുന്നതായി അവള്ക്ക് തോന്നി.. അതില്‍ രാത്രിയുടെ കറുപ്പു കലരുന്നതായും. വിങ്ങല്‍ സഹിക്കാനാവാതെ അവളുടെ കണ്ണുകള്‍ തുറന്നുപോയി. അവളുടെ നോട്ടം ഉടക്കി നിന്നത് അവളെ തന്നെ നോക്കി നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവന്റെ കണ്ണുകളിലായിരുന്നു. അപ്പോള്‍ വര്‍ഷങ്ങളായി അവന്‍ ചോദിച്ചുകൊണ്ടിരുന്ന ആ സമ്മാനം അവള്‍ അവന്` കൊടുത്തു. താഴോട്ടുള്ള യാത്രയില്‍ ഒരു മാത്ര സംശയിച്ചു നിന്ന ആ കണ്ണീര്‍തുള്ളികളെ റിയാസിന്റെ കവിളില്‍ നിന്ന് ദേവിയുടെ ചുണ്ടുകള്‍ ഒപ്പിയെടുത്തു. വിശ്വസിക്കാനാവാതെ ഒരു നിമിഷം .. അവന്‍ അവളെ തന്റെ കൈകള്ക്കുള്ളിലാക്കി തന്നോട് ചേര്‍ത്തു...അവള്‍ ഭൂതകാലത്തിലേക്ക് കുതറിയോടാന്‍ ശ്രമിക്കുന്ന തന്റെ ഓര്‍മ്മകളെ, ഇന്നുകളില്‍ തടഞ്ഞുനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അവന്റെ നെഞ്ചില്‍ തലവെച്ച്, ആ കൈകളുടെ സുരക്ഷിതത്വത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

നടന്നതത്രയും സ്വപ്നമല്ലെന്ന് വിശ്വസിക്കാന്‍ അവന്‍ സ്വയം നുള്ളിനോക്കി. പിന്നെ ഒരു ചിരിയോടെ അവളുടെ ചുണ്ടുകളില്‍ തൊട്ടു, കവിളില്‍ തലോടി, പതുക്കെ കഴുത്തില്‍ ചിതറിക്കിടന്ന മുടിയിഴകള്‍ വകഞ്ഞുമാറ്റി. അപ്പോള്‍ തീരെ നേര്‍ത്ത അവളുടെ സ്വര്‍ണ്ണമാലയില്‍ അവന്റെ വിരലുകള്‍ ഉടക്കി. ഒരു ഞെട്ടലോടെ അവന്‍ കൈവലിച്ചു. തന്റെ കൈവിരലുകള്‍ നോക്കി പൊള്ളിയ പാടുകള്‍ കണ്ടെത്താനാവാതെ കുഴങ്ങി. നേര്‍ത്ത വിറയലോടെ അവന്‍ ആ മാല വീണ്ടും കയ്യിലെടുത്തു. അവളെ ഉണര്‍ത്താതെ അവന്‍ അത് കയ്യിലൂടെ കറക്കിവിട്ടു. പക്ഷെ ഒരു പ്രദക്ഷിണം കഴിഞ്ഞിട്ടും അവന്റെ കയ്യില്‍ തടഞ്ഞത് ആ മുത്ത് പതിച്ച ലോക്കറ്റ് മാത്രം. ശൂന്യമായ മോതിരവിരലും ചുവപ്പുമാഞ്ഞ സീമന്തരേഖയും അപ്പോഴാണ്` അവന്‍ ശ്രദ്ധിച്ചത്.


ഞായറാഴ്ച പ്രഭാതത്തിലെ ഉറക്കം കെടുത്താനായി ഫോണ്‍ അടിച്ചപ്പോള്‍ദേഷ്യത്തോടെയാണ്` എടുത്തത്. ഏതോ ബഹളത്തിന്` നടുവില്‍ നിന്നാണ്` അവളുടെ ശബ്ദം വന്നത്..

"ഞാനാണ്..."


"നിനക്ക് ഉറക്കമൊന്നുമില്ലെ.. രാവിലെ.. ഉം .. പറയ്..."


"നീ വേഗം വായോ.. ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാ വിളിക്കുന്നത്.."


"ദൈവമേ.. ഇവിടെന്നോ..?"
ഒരു രാത്രിയുടെ യാത്രയില്‍ അവള്‍ എനിക്കരികില്‍ .. ആദ്യമായി അവള്‍ ഈ നഗരത്തില്‍, അതും എന്നെ തേടി...ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ തത്തികളിക്കുന്ന മനസ്സ്, അവളുടെ ഹലോ വിളികളില്‍ സന്തോഷത്തിനും അമ്പരപ്പിനുമായി പകുത്തുകൊടുക്കപ്പെട്ടു..
"ഞാന്‍ വരില്ല .. നിനക്ക് പറഞ്ഞിട്ടുവരാമായിരുന്നില്ലെ"


"അര മണിക്കൂര്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തുനില്‍ക്കും .. വരണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം "


എന്നും അതായിരുന്നു അവളുടെ അവസാനത്തെ ഉത്തരം . "നിന്റെ ഇഷ്ടം".. പുറത്ത് നേരിയ പ്രകാശം മാത്രം. അവള്‍ തനിച്ച് റെയില്‍വെസ്റ്റേഷനില്‍ .. ഭയം റിയാസിന്റെ വേഗതകൂട്ടി.. ആദ്യം കിട്ടിയ ഓട്ടോയില്‍ ചാടികേറി റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോഴും മനസ്സില്‍ പേടിയായിരുന്നു. പിന്നെ അവളെയും കൊണ്ട് എവിടെപോവുമെന്ന ചിന്തയും . മണിക്കൂറുകള്‍ തിരക്കുപിടിച്ച റെയില്‍വേസ്റ്റേഷനും , പാര്‍ക്കിനും പങ്കുവെച്ച് കൊടുത്തിട്ടും സൂര്യന്‍ പടിഞ്ഞാറെത്താന്‍ മണിക്കൂറുകള്‍ ബാക്കി. സമയം തള്ളാന്‍ റെസ്റ്റോറന്റുകളില്‍ കയറി കുടിച്ചു നിറച്ച കാപ്പി വിശപ്പിനെ കൊന്നിരിക്കുന്നു.. റൂംമേറ്റ്സിന്റെ തുടരെയുള്ള ഫോണ്‍ വിളികള്‍ .. പറയാതെ എവിടെപോയെന്ന ചോദ്യം ...


പാര്‍ക്കിലെ പേരറിയാത്ത പൂമരത്തിന്റെ ചുവട്ടില്‍ കാല്‍ മുട്ടുകളില്‍ തല താങ്ങിയിരിക്കുമ്പോള്‍, അവന്റെ കണ്ണില്‍ നനവ് പടരാന്‍ തുടങ്ങി. നിമിഷങ്ങല്‍ക്കപ്പുറം അവളുടെ കൈവിരലുകള്‍ അവന്റെ ചുമലില്‍ തൊട്ടു. അവന്റെ മുഖത്ത് നോക്കാതെ ബാഗില്‍ എന്തോ തിരയും പോലെ അവള്‍ പറഞ്ഞു."എനിക്കൊന്നു കുളിക്കണം.. ഇന്നലെ രാവിലെ ഇട്ട ഡ്രെസ്സാണ്`... ഇരിക്കാന്‍ പോലും സീറ്റില്ലാരുന്നു ട്രെയിനില്‍ ..വിയര്‍ത്തൊഴുകി, ആകെ നാശായി.. വാ.. നമുക്ക് പോവാം .. വൈകീട്ട് ഏഴിനാണ്` തിരിച്ചുള്ള ട്രെയിന്‍ .. നാളെ രാവിലെ ഓഫീസില്‍ എത്തണ്ടതാ..."കുറച്ച് വാചകങ്ങളില്‍ അവള്‍ കൃത്യമായി ഒരു കാര്യം പറഞ്ഞിരിക്കുന്നു. നിനക്ക് ഞാന്‍ ഒരു ശല്യമാവില്ല.. ഈ പകല്‍ കൊഴിയുമ്പോള്‍ ഞാനിവിടം വിടും .. പാറിപറന്ന മുടിയിഴകള്‍ കൈകൊണ്ട് മാടിയൊതുക്കി, ചുരിദാറില്‍ പറ്റിയ മണ്‍തരികളെ തട്ടികളഞ്ഞ് അവള്‍ എഴുന്നേറ്റു. പിന്നെ നിറഞ്ഞു കവിഞ്ഞ അവന്റെ കണ്‍കളെ അവഗണിച്ചുകൊണ്ട്.. എഴുനേല്‍ക്കാനായി കൈനീട്ടി.പുറത്തേക്ക് നടക്കുമ്പോഴാണ്` അവന്‍ പറഞ്ഞത്.


"സണ്‍ഡെ അല്ലെ .. റൂമില്‍ എല്ലാരും ഉണ്ട്. നീ വന്നത് അവര്‍ക്കാര്‍ക്കും അറിയില്ല. നിന്നെ കൊണ്ട്.. അവിടെ.. എങ്ങിനെയാ ചെല്ലാ..."


ശബ്ദം ഇടറാതിരിക്കാന്‍ ആവതും ശ്രമിച്ചുകൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു...

"അയ്യേ .. നീ ഒരു ബുദ്ദൂസ്സ് തന്നെ.. അല്ലെങ്കില്‍ ഞാനങ്ങോട്ട് വരാനിരിക്കല്ലെ.. ആരാടാ നിങ്ങടെ ബാച്ചലേഴ്സ് ഡെന്നില്‍ വരാ.."


ഹോട്ടല്‍ റെജിസ്റ്ററില്‍ പേരെഴുതുമ്പോള്‍ അവന്റെ കൈവിറക്കുന്നത് അവള്‍ അറിഞ്ഞു... റൂം തുറന്നു കൊടുത്ത മീശമുളക്കാത്ത പയ്യന്റെ ചെരിഞ്ഞു പോയ ചിരിയുടെ അര്‍ത്ഥം അവളുടെ ഉള്ളില്‍ ഉണങ്ങാത്ത ഒരു ചോദ്യത്തിന്റെ ഓര്‍മ്മയുണര്‍ത്തി.ആദ്യരാത്രിയിലെ എണ്ണം മറന്നുപോയ താണ്ഡവങ്ങള്‍ക്കൊടുവിലാണ്` അയാള്‍ അത് ചോദിച്ചത്..


"ആര്‍ യു എ വെര്‍ജിന്‍ ..?"


അവളിലെ ധിക്കാരി അടിപതറിയ നിമിഷം .. നുണയാണെങ്കിലും നോ എന്ന ഒരുത്തരം കൊണ്ട് ഒരു ജന്മം മുഴുവന്‍ അയാളെ വേദനിപ്പിക്കാമായിരുന്നു..പക്ഷെ...
ആ ദിവസത്തില്‍ ആദ്യമായി ദേവി അവളെ കുറിച്ച് ഓര്‍ത്തു. അവള്‍ എന്തിനാണ്` വന്നതെന്നും...എല്ലാവരുടെ മുന്നിലും അഭിനയിച്ച്, ജീവിതവും അഭിനയവും തിരിച്ചറിയാതായപ്പോഴത്തെ ഒരു ഒളിച്ചോട്ടം .തന്നെ മനസ്സിലാക്കാനാവുന്ന ഒരാളുടെ അരികില്‍ , എല്ലം മറന്നൊന്ന് പൊട്ടികരയാന്‍ , എന്നിട്ടിപ്പോള്‍ ...സൌഹൃദമോ പ്രണയമോ എന്തുപേരിട്ടുവിളിച്ചാലും .. അതൊരുവിശ്വാസമായിരുന്നു... എല്ലാം തകരുന്നെന്നു തോന്നുമ്പോള്‍, ഒരു വിളിക്കപ്പുറം, തനിക്കൊരാള്‍ ഉണ്ടെന്ന വിശ്വാസം. അല്ലെങ്കില്‍ നുണകള്‍ക്കുമീതെ നുണകള്‍ നിരത്തി ഇന്നലെ വണ്ടി കയറുമ്പോള്‍ അതിനപ്പുറം മറ്റൊന്നും ഓര്‍ത്തതുകൂടിയില്ല.ഉറക്കത്തില്‍ ദേവി ഒന്നുകൂടി റിയാസിനോട് ചേര്‍ന്നുകിടന്നു. അവന്റെ മനസ്സില്‍ ഒരു സ്ലൈഡ്ഷോ നടക്കുകയായിരുന്നു. ദേവിയുടെ ഈറന്‍ മുടിയില്‍ നിന്നും അവന്റെ മുഖത്ത് വീണ വെള്ളതുള്ളികള്‍.. അവളുടെ കൈവിരലുകള്‍ തലോടിയ അവന്റെ നിറഞ്ഞ കണ്ണൂകള്‍ ...ഒരു നിശ്ചലദൃശ്യം പോലെ അവനരികില്‍ ഇരിക്കുന്ന ദേവി. .. പിന്നെ..


ഒരു ഞെട്ടലോടെ ദേവി ചാടിയെഴുനേറ്റു.."എന്റെ ട്രെയിന്‍ ..."


സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു. സ്റ്റേഷനിലെത്തുമ്പോള്‍ അവള്‍ക്കുവേണ്ടി കാത്തുകിടക്കുന്നതെന്നപോലെ വണ്ടി സ്റ്റേഷന്‍ വിടാന്‍ തുടങ്ങുന്നു. യാത്രാമൊഴികളില്ലാതെ, ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.. അവളും ആ തിരക്കിന്റെ ഭാഗമായി...ഇന്ന് തിങ്കള്‍ ... ഓഫീസിന്റെ മടുപ്പിക്കുന്ന ഏകതാനതയിലേക്ക് അവള്‍ ആഴ്ന്നിറങ്ങും. കഴുത്തില്‍ താലിയും സീമന്തരേഖയില്‍ കുങ്കുമവും, മോതിരവിരലില്‍ കല്ല്യാണമോതിരവുമായി. രാത്രിയില്‍ ഹോസ്റ്റല്‍ മുറിയുടെ അരണ്ടവെളിച്ചത്തില്‍ അവള്‍ ഡയറിയുടെ താളുകള്‍ മറിക്കും...


ഇന്ന്......വര്‍ഷങ്ങളുടെ മൌനത്തിന്` ശേഷം എന്റെ മിത്തു വിളിച്ചു.. അവളുടെ കിഷോറില്‍ നിന്നും കിട്ടിയ ഒരു ഫോണ്‍കാളിന്റെ സന്തോഷം പങ്കുവെക്കാന്‍ ...സുജിത് ഇന്ന് ഗായത്രിയെ കണ്ടു.. അവന്` ഏറ്റവും ഇഷ്ടപ്പെട്ട ഓറഞ്ച് മിഡിയിലായിരുന്നു അവള്‍....ഉണ്യേട്ടന്` വീണ്ടും ഹാര്‍ട്ട് അറ്റാക്ക്.. ശ്രീചിത്രയിലേക്ക് കൊണ്ടുപോവുന്നു... ഇന്ന് ഡാവിഞ്ചികോഡ് വായിച്ചു തീര്‍ക്കണം... after all Christ also a human .. a man of flesh and blood.. and also of feelings...പിന്നെ അവള്‍ ഒരു താള്‍ പുറകോട്ട് മറിച്ചു.. തലേന്നാളത്തെ ദിനകുറിപ്പ് എഴുതാന്‍ ...


അവള്ക്ക് വേണ്ടി മറ്റുള്ളവര്‍ അത് ഇങ്ങിനെയായിരിക്കും എഴുതിയിരുന്നത്.

ദേവിയുടെ കഴുത്തില്‍ താലികെട്ടിയതിനാല്‍ അവളുടെ ഭര്‍ത്താവായി തീര്‍ന്ന 'അ'യാളുടെ കണക്കില്‍ അവള്‍ ഇന്നലെ ഹോസ്റ്റലിലാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍ റെജിസ്റ്ററില്‍ എഴുതിയത് പ്രകാരം അവള്‍ ഇന്നലെ ദൂരെ നഗരത്തില്‍ ഏതോ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുകയായിരുന്നു. അവളുടെ വീട്ടുകാരുടെ അഭിപ്രായത്തില്‍ വിവാഹിതയായ അവള്‍ എവിടെയെന്നത് അവര്ക്ക് അപ്രസക്തം. കൂട്ടുകാര്‍ക്ക്, ദേവിയുടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി കംപ്ലൈന്റ് കാരണം അണ്‍റീച്ചബിള്‍ ആയിരുന്നു.


അത് ഓഫ് ആയിരുന്നെന്ന് അവര്‍ അറിയുന്നില്ലല്ലോ... വഴിവക്കിലെ കടലവില്‍പ്പനക്കാരന്‍ അവള്‍ വരാത്തതും രണ്ട് രൂപയ്ക് കടലവാങ്ങാത്തതും ശ്രദ്ധിച്ചുകാണുമോ.. സാധ്യതയില്ല..ഇത്രയും ചിന്തിക്കുന്നതിനിടയില്‍ അവള്‍ ഒരേ താള്‍ പലതവണ മുമ്പോട്ടും പുറകോട്ടും മറിച്ചു.ശനിയാഴ്ച്ചക്കുശേഷം തിങ്കളാഴ്ച. ഇടയില്‍ ഒരു താള്‍ കാണുന്നില്ല.. പ്രിന്റിംഗ് മിസ്റ്റേക്ക് അല്ലെങ്കില്‍ ബയന്റിംഗ് മിസ്റ്റേക്ക്.. ഡയറിയില്‍ ഒരു താള്‍ നഷ്ടമായിരിക്കുന്നു..അവള്‍ ഒരു ചെറുചിരിയോടെ ഡയറിയടച്ചുവെച്ചു. കിടക്കവിരിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടുകിടന്നു.. മൊബൈലിലെ ഫോണ്‍ ബുക്കില്‍ നിന്നും 666 എടുത്തു..


പിന്നെഒരു മന്ത്രണം പോലെ അവനോട് ഇങ്ങനെ പറഞ്ഞു... You my devil.. Good Night.."

36 comments:

ittimalu said...

ചിലപ്പോള്‍ അവള്‍ ഇങ്ങനെയും ആവുമല്ലെ?

സു | Su said...

നല്ല കഥ. നല്ല ജീവിതം.

രമേഷ് said...

ഇട്ടിമാളൂ കഥ നന്നായിട്ടുണ്ട്...

ak47urs said...

ഇതിലെ കഥാപാ‍ത്രങ്ങള്‍!!?
ഉം,,,ഇനി ഞാന്‍ വല്ലതും ചോദിക്കുമെന്നു കരുതി
എന്നെ മൌനിയാക്കാന്‍ വിരല്‍ ചൂണ്ടണ്ട.
കഥ മോശമില്ല.

ittimalu said...

സൂ ... :).. ഇത്ര വിഷമിച്ചിരിക്കുമ്പോഴും വന്നല്ലോ...

രമേഷ്.. വന്നതില്‍ സന്തോഷം .. ആദ്യമായാണല്ലെ...?

സൂ ... :).. ഇത്ര വിഷമിച്ചിരിക്കുമ്പോഴും വന്നല്ലോ...

രമേഷ്.. വന്നതില്‍ സന്തോഷം .. ആദ്യമായാണല്ലെ...?

ak47urs...കേട്ടിട്ടില്ലെ .. കഥയില്‍ ചോദ്യമില്ല.. പിന്നെ ഞാന്‍ വിരല്‍ ചൂണ്ടാനൊന്നും വരുന്നില്ല.. എന്നാലും ഒരു സംശയം .. പരിചയമുള്ള ആരെയെങ്കിലും ഇവിടെ കണ്ടുവോ.. ?

vishak sankar said...

പ്രമേയത്തിന് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കഥ നന്നായി.എഴുത്തില്‍ അല്‍പ്പം കൂടി മിതത്വം പാലിക്കാന്‍ ശ്രമിക്കണം.പ്രത്യേകിച്ച് വിശദാംശങ്ങളുടെയും,വര്‍ണ്ണനകളുടേയും കാര്യത്തില്‍.എന്ത് എഴുതണമെന്ന തീരുമാനത്തെക്കാ‍ള്‍ എഴുത്തിന്റെ മികവ് നിര്‍ണ്ണയിക്കുക പലപ്പൊഴും എന്ത് ഒഴിവാക്കണം എന്നതായിരിക്കും.

പെരിങ്ങോടന്‍ said...

ആദ്യത്തെ മൂന്നു ഖണ്ഡികകളില്‍ വിരിയാന്‍ തുടങ്ങിയ വളരെ ശക്തമായ ഒരു കഥ എവിടെ കൊണ്ടു കളഞ്ഞിട്ടാ ബാക്കിയെടുത്തു ബ്ലോഗിലിട്ടത്?

ലോനപ്പന്‍ said...

കഥയുടേ “ടെം‌പോ” ഇടയ്ക്ക് എവിടെയോ അയഞ്ഞു എന്നു തോന്നി. എന്നാലും ഒരു നല്ല കഥ എന്നു പറയുന്നു.

Haree | ഹരീ said...

പരസ്പരം പരാജയപ്പെടുത്തുന്ന ദാമ്പത്യബന്ധങ്ങള്‍... പിന്നെയും പരാജയപ്പെടുത്തുന്ന വിവാഹപൂര്‍വ്വ ബന്ധങ്ങള്‍... ഡയറിത്താളുകളില്‍ കുറിക്കുവാനാവാത്ത താളുകള്‍... ആദ്യരാത്രിയില്‍ വിര്‍ജിനിറ്റി തപ്പുന്ന ഭര്‍ത്താക്കന്മാര്‍ ചാരിത്ര്യവാന്മാരാണോ?

കഥ വളരെയിഷ്ടമായി, ഇട്ടിമാളൂ... :)
--

വേണു venu said...

കഥ എനിക്കിഷ്ടപ്പെട്ടു.
എങ്ങനെ ഇഷ്ടപ്പെട്ടു എന്നു ചോദിക്കില്ലല്ലോ മാളൂ.
ചെലപ്പോള്‍ എന്താ ശരികേട് എന്നു് വിശദീകരിക്കാന്‍ പറ്റാതെ വരുന്നതു പോലെയുള്ള ഗതികേടാണതു്.‍
ആശംസകള്‍.:)

കൃഷ്‌ | krish said...

".....അവളിലെ ധിക്കാരി അടിപതറിയ നിമിഷം .. നുണയാണെങ്കിലും നോ എന്ന ഒരുത്തരം കൊണ്ട് ഒരു ജന്മം മുഴുവന്‍ അയാളെ വേദനിപ്പിക്കാമായിരുന്നു."

മാളൂ .. കഥ കൊള്ളാം.
ഗുഡ്നൈറ്റ്..

കൃഷ് ‌| krish

സാരംഗി said...

ഇട്ടൂസെ..കഥ വായിച്ചു...ഇഷ്ടമായീട്ടോ..

തമനു said...

ദേവപ്രിയയുടെ ഒരു ദിവസം ഡയറിയില്‍‍ നിന്നും നഷ്ടപ്പെട്ടു പോയോ , അതോ ആ ഒരു ദിവസം മറ്റുള്ള വിരസമായ ദിനങ്ങള്‍ക്കിടയില്‍ നിന്നും മാറ്റി ദേവപ്രിയ ഹൃദയത്തില്‍ സൂക്ഷിച്ചോ..?

നല്ല കഥ. അഭിനന്ദനങ്ങള്‍ ഇട്ടിമാളൂ..

ഓടോ: രഹസ്യമാണേ .. മാളൂട്ടി എന്ന പേര് തിരിച്ചിട്ടതാണോ ഈ ഇട്ടിമാളു..? ആയിരിക്കില്ല അല്ലേ .. എല്ലാരും എന്നേപ്പോലെ തല പുറകിലായവരല്ലല്ലോ.

ദൃശ്യന്‍ | Drishyan said...

“കുതറിച്ചാടുന്ന കരച്ചില്‍ കുഞ്ഞുങ്ങള്‍ പുറത്ത് കടക്കാതിരിക്കാന്‍ കടിച്ചുപിടിച്ച് ... “

“വിശ്വസിക്കാനാവാതെ ഒരു നിമിഷം .. അവന്‍ അവളെ തന്റെ കൈകള്ക്കുള്ളിലാക്കി തന്നോട് ചേര്‍ത്തു...അവള്‍ ഭൂതകാലത്തിലേക്ക് കുതറിയോടാന്‍ ശ്രമിക്കുന്ന തന്റെ ഓര്‍മ്മകളെ, ഇന്നുകളില്‍ തടഞ്ഞുനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. അവന്റെ നെഞ്ചില്‍ തലവെച്ച്, ആ കൈകളുടെ സുരക്ഷിതത്വത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.“

“അവളിലെ ധിക്കാരി അടിപതറിയ നിമിഷം .. നുണയാണെങ്കിലും നോ എന്ന ഒരുത്തരം കൊണ്ട് ഒരു ജന്മം മുഴുവന്‍ അയാളെ വേദനിപ്പിക്കാമായിരുന്നു..“

“ദേവിയുടെ ഈറന്‍ മുടിയില്‍ നിന്നും അവന്റെ മുഖത്ത് വീണ വെള്ളതുള്ളികള്‍.. അവളുടെ കൈവിരലുകള്‍ തലോടിയ അവന്റെ നിറഞ്ഞ കണ്ണൂകള്‍ ...ഒരു നിശ്ചലദൃശ്യം പോലെ അവനരികില്‍ ഇരിക്കുന്ന ദേവി. .. പിന്നെ..“

“യാത്രാമൊഴികളില്ലാതെ, ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.. അവളും ആ തിരക്കിന്റെ ഭാഗമായി...“

ഏതൊക്കെയോ വരികള്‍ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു, മങ്ങിയ ചിത്രങ്ങളെ തെളിയിക്കുന്നു, തെളിഞ്ഞ ചിത്രങ്ങളെ കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നു. കഥയുടെ തീം, കഥാപാത്രങ്ങള്‍, അവതരണരീതി-ഇതിനെ കുറിച്ചൊന്നും വല്ലാതെ ചിന്തിക്കാന്‍ കഴിയുമായിരുന്ന ഒരു മനോനിലയിലായിരുന്നില്ല "ദേവപ്രിയയുടെ ദിവസം" വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനുണ്ടായിരുന്നത്. അതു കൊണ്ട് ഒരു നിരൂപണത്തിന് മുതിരുന്നുല്ല. പക്ഷെ ഒന്നോര്‍ത്തു-സ്ത്രീയെ കുറിച്ചുള്ള ഇട്ടിമാളുവിന്‍‌റ്റെ കാഴ്ചപ്പാടുകള്‍. പെണ്ണിനെ കുറിച്ച് പെണ്ണെഴുതുന്നതും പെണ്ണിനെ കുറിച്ച് ആണെഴുതുന്നതും തമ്മിലുള്ള വ്യത്യാസം ശരിക്കും കാണിച്ചു തരുന്നു തന്‍‌റ്റെ എഴുത്തുകള്‍.

വളരെ നന്നായിരിക്കുന്നു. വായിക്കാന്‍ വൈകിയതില്‍ വ്യസനിക്കുന്നു.

സസ്നേഹം
ദൃശ്യന്‍

പാര്‍വണം.. said...

"ദേവപ്രിയയുടെ ഭര്‍ത്താവ്‌" എന്നൊരു പുരുഷ പക്ഷ വീക്ഷണം ആയാലൊ?
എന്തിനാ വെരുതെ വടികൊടുത്തു അടി വാങ്ങണെ ല്ലെ!

നന്നായിട്ടുണ്ടു ട്ടൊ!

ഡയറി താളില്‍ നിന്നും ഇറങ്ങിപ്പ്പ്പോയ ആ ദിവസം...നല്ല ഭാവന!

Parvathy said...

വീണ്ടും തോല്‍ക്കുകയായിരുന്നില്ലേ...

അഭിനയിക്കാതിരിക്കാന്‍ പറയൂ അവളോട്..ഒരു പക്ഷേ ആ ധൈര്യം ത്തിരിച്ചു കിട്ടും..എന്നോ എവിടെയോ മറന്ന് വച്ചത്..

-പാര്‍വതി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “അര മണിക്കൂര്‍ ഞാന്‍ നിനക്ക് വേണ്ടി കാത്തുനില്‍ക്കും .. വരണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം “

തൂവാനത്തുമ്പികളുടെ ഒരു നേരിയ മണം വരുന്നുണ്ടോന്നൊരു സംശയം...

ഓടോ:ഞാനോടൂല..ഇവിടൊക്കെത്തന്നെ കാണും...

ദില്‍ബാസുരന്‍ said...

പെരിങ്സ് ചോദിച്ചത് ഞാനും ചോദിക്കുന്നു. തുടക്കം വായിച്ച ഞാന്‍ അവസാനമായപ്പോഴേയ്ക്ക് നിരാശനായി. യൂ കാന്‍ ഡൂ ബെറ്റര്‍.... :-)

ittimalu said...

വിശാഖ്.. ആദ്യമായാണല്ലെ.. അഭിപ്രായത്തിനു നന്ദിയുണ്ട്.. വന്നതില്‍ സന്തോഷവും ...

പെരിങ്ങോടാ...ലോനപ്പാ... ദില്‍ബൂ...ആദ്യഭാഗം എഴുതിയത് കുറെകാലം മുമ്പാ.. സാഹചര്യങ്ങള്‍ കാരണം ഇടയില്‍ നിന്നു പോയി ...ബാക്കിയെഴുതുമ്പോള്‍ അതെ മൂഡില്‍ അല്ലാത്തോണ്ടാവാം .. ക്ഷമി...

ഹരീ.."പരസ്പരം പരാജയപ്പെടുത്തുന്ന ദാമ്പത്യബന്ധങ്ങള്‍... പിന്നെയും പരാജയപ്പെടുത്തുന്ന വിവാഹപൂര്‍വ്വ ബന്ധങ്ങള്‍... "..ആദ്യഭാഗം എല്ലാരും കാണുന്നു ..രണ്ടാംഭാഗവും ഒരു പരാജയമാണെന്ന് അധികമാരും അറിയാതെ പോവുന്നു... അല്ലെങ്കില്‍ അങ്ങിനെ ആവില്ലെന്ന് വെറുതെ വിശ്വസിക്കുന്നു...

വേണു മാഷെ.. നന്ദിയുണ്ട്.. വന്നതിനും അഭിപ്രായത്തിനും

കൃഷ്.... ഉറങ്ങിയെണീറ്റോ?

സാരംഗി... :)

തമനു.. ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കാ... "മാളൂട്ടി - ഇട്ടിമാളൂ" തലതിരിക്കല്‍ സൂപ്പര്‍ .. കൊടുകൈ.. അങ്ങിനെ ഒന്നും ഞാന്‍ വിചാരിച്ചിരുന്നില്ലാട്ടോ..

ദൃശ്യാ... എന്തുപറ്റി...മൂഡ് ഓഫ്?

പാര്‍വ്വണം ... "ദേവപ്രിയയുടെ ഭര്‍ത്താവ്‌" എന്നൊരു പുരുഷ പക്ഷ വീക്ഷണം ആയാലൊ? ..നല്ലകാര്യം ... ഞാനെഴുതിയാല്‍ സ്ത്രീപക്ഷം ആവില്ലെ ..:)


പാര്‍വ്വതി... ശരിയാ.. അതും തോല്‍വി തന്നെ...

കുട്ടിച്ചാത്താ.. എനിക്കാ ഫിലിം ഒത്തിരി ഇഷ്ടാ.. അതോണ്ടാവും .. ഇവിടെ ഒക്കെ തന്നെ കാണണെ.. :)

ദിവ (diva) said...

nice story-telling. waiting for more

warm regards
ds

ദൃശ്യന്‍ said...

ഇട്ടിമാളൂസ്.. വരികളുണ്ടാക്കിയ ചില ചിത്രങ്ങള്‍ ചിലതോര്‍മിപ്പിച്ചു എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ.. അത് ഏത് contextലുമാകാം.അല്ലാതെ ഒരു മൂഡ് ഓഫുമില്ലാ‍.. എന്തേ അങ്ങനെ തോന്നിയോ? :-)

സസ്നേഹം
ദൃശ്യന്‍

ittimalu said...

ഇങ്ങനെ എഴുതിയതോണ്ടാ ചോദിച്ചെ... അല്ലാതൊന്നുമില്ല... :)
[കഥയുടെ തീം, കഥാപാത്രങ്ങള്‍, അവതരണരീതി-ഇതിനെ കുറിച്ചൊന്നും വല്ലാതെ ചിന്തിക്കാന്‍ കഴിയുമായിരുന്ന ഒരു മനോനിലയിലായിരുന്നില്ല "ദേവപ്രിയയുടെ ദിവസം" വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനുണ്ടായിരുന്നത്. അതു കൊണ്ട് ഒരു നിരൂപണത്തിന് മുതിരുന്നുല്ല.]

ദിവാ.. വന്നതില്‍ കണ്ടതില്‍ സന്തോഷം

Sul | സുല്‍ said...

ഇട്ടിമാളു

കഥ നന്നായി എഴുതിയിരിക്കുന്നു.

-സുല്‍

ഏറനാടന്‍ said...

കഥയിലെ ഓരോ വരികളും വാക്കുകളും സാവധാനം വായിച്ചു. മനസ്സ്‌ പിടയുന്നു. ദുര്‍ബല ഹൃദയരായ ഭര്‍ത്താക്കന്‍മാര്‍ (നവവരന്‍മാര്‍) പ്രത്യേകിച്ചും പ്രവാസികളായവര്‍ ഇട്ടിമാളുവിന്റെ കഥ വായിച്ചാല്‍ ഒരു പക്ഷെ, അസ്വസ്ഥരായേക്കാം!! (ഇങ്ങനേയും വഞ്ചിക്കുന്ന പെണ്‍വര്‍ഗ്ഗമുണ്ടല്ലേ!)

ദൃശ്യന്‍ said...

ഇട്ടിമാളൂസ്...ഹ്.മ്..മ്... :-)

ഏറനാടാ, താങ്കള്‍ പറഞ്ഞ situation എനിക്ക് മനസ്സിലായി. മനസ്സിലാക്കുന്നു, സമ്മതിക്കുന്നു. പക്ഷെ ഇട്ടിമാളുവിന്‍‌റ്റെ കഥയിലെ ‘ഭര്‍ത്താവ്’ ദുര്‍ബലദൃദയനാണെന്ന് തോന്നിയില്ല, ദേവപ്രിയയുടെ വാക്കുകളിലൂടെ ചിന്തിക്കുമ്പോള്‍.
"ദേവപ്രിയയുടെ ഭര്‍ത്താവ്‌" എന്ന വീക്ഷണകോണിനുള്ള (പാര്‍വ്വണമുന്നയിച്ച )സാദ്ധ്യത ഇട്ടിമാളു തള്ളിയെങ്കിലും, വേറെ ആര്‍ക്കെങ്കിലും ഏറ്റെടുക്കാവുന്നതാണ്‍. പക്ഷെ സൂക്ഷിക്കുക, ഒരു പൈങ്കിളി ഛായ വരാതെ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ചിന്തകള്‍ക്കിത്തിരി കൂടുതല്‍ ചൂട് കൊടുക്കേണ്ടി വരും :-)

പിന്നെ തെറ്റും ശരിയും സാഹചര്യങ്ങള്‍ക്കനുസ്സരിച്ച് മാറ്റാനും തീരുമാനിക്കാനും‍ നമ്മളും നമ്മുടെ മനസ്സും
പണ്ടെ മിടുക്കരാണല്ലോ!

സസ്നേഹം
ദൃശ്യന്‍

പാര്‍വണം.. said...

സാദ്ധ്യതയില്‍ മുറുകെ പിടിച്ചു സാഹസത്തിനു മുതിര്‍ന്നാലും.."പൈങ്കിളി" ആവാതിരിക്കണമെങ്കില്‍ ഒന്നു നന്നായി കടുപ്പിച്ചാലെ പറ്റു.. ഇനിപ്പൊ അതൊരു 'പാതകം' ആയലൊ?
മുള്ള്‌ ഇലയില്‍ വീണാലും, ഇല മുള്ളില്‍ വീണാലും.. കുറ്റം മുഴുവന്‍ മുള്ളിനാ!
മാധവിക്കുട്ടി മുതല്‍ ഇങ്ങോട്ടു എല്ലാരും പറയുന്നു, 'അയാള്‍' 'കഴുകികളയേണ്ട' അഴുക്കാണെന്നു...
'അയാള്‍' ക്കില്ലാത്ത എന്തൊ ഒന്നു..'അവന്ന്' ഉണ്ടാവുമായിരിക്കും അല്ലെ?
'ആവര്‍ത്തന വിരസത' ക്കു ചായം പൂശുകയാണൊ ഇവരൊക്കെ?
പുരുഷ പക്ഷം എഴുതി നോക്കുബോള്‍ അറിയാം...

പാര്‍വണം.. said...

പുരുഷ പക്ഷം എഴുതി നോക്കുബോള്‍ അറിയാം...
മാധവിക്കുട്ടി മുതല്‍ ഇങ്ങോട്ടു എല്ലാരും പറയുന്നു..."അയാള്‍" കഴുകി കളയേണ്ട അഴുക്കാണെന്നു..
"അവന്‍" തേടി ചെല്ലേണ്ട വിളക്കും..!
എല്ലാവരും 'ആവര്‍ത്തന വിരസത' ക്കു ചായം പൂശുകയാണൊ?
പൈങ്കിളി ആകാതെ എഴുതണമെങ്കില്‍ .... വേണ്ട...
മുള്ള്‌ ഇലയില്‍ വീണാലും, ഇല മുള്ളില്‍ വീണാലും...കുറ്റം മുഴുവന്‍ പാവം മുള്ളിനാകും..!

ittimalu said...

സുല്ലെ... :)

ഏറനാടാ... ആ ഭര്‍ത്താക്കന്‍മാര്‍ ഇങ്ങനെയാണെങ്കില്‍ .. ആ മനസ്സുകള്‍ പിടയുകതന്നെ വേണം .. പക്ഷെ ഇതു വായിച്ച് അസ്വസ്ഥരാവുന്ന മനസ്സുകളാണെങ്കില്‍ ഇങ്ങനെ ചെയ്യില്ലെന്ന് കരുതാം ... അതില്‍ ഒരല്‍പ്പം കനിവ് ബാക്കിയുണ്ടാവും .... പിന്നെ വഞ്ചിക്കാനുള്ള അവകാശം ആണുങ്ങള്‍ക്കു മാത്രമായി തീരെഴുതിയതൊന്നും അല്ലല്ലോ? :)

ദൃശ്യാ.. വീണ്ടും വന്നതില്‍ സന്തോഷം ..

പാര്‍വ്വണം .. സത്യം പറയാലോ താങ്കള്‍ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായില്ല... ഇതില്‍ ദേവപ്രിയയാണ്` കഥ പറയുന്നത്.. പുരുഷപക്ഷം എന്നു പറഞ്ഞാല്‍ ....അവള്‍ ചെയ്തതിനെ അവളുടെ ഭര്‍ത്താവ് എങ്ങിനെ കാണുമെന്നാണോ? അതോ അയള്‍ ചെയ്യുന്നതിനെ സ്വയം എങ്ങിനെ ന്യായീകരിക്കുമെന്നോ? അതുമല്ലെങ്കില്‍ അയാളാണ്` ഇങ്ങനെ പോവുന്നതെങ്കില്‍ കഥ എങ്ങിനെ ആവുമെന്നോ? ഇതു മൂന്നും പുരുഷപക്ഷം തന്നെ.

പിന്നെ അവന്‍ തേടി ചെല്ലേണ്ട വിളക്കും അയാള്‍ കഴുകികളയേണ്ട അഴുക്കും ആണെന്ന് ഒരോരുത്തരുടെ കാഴ്ചപ്പാടാണ്.. ഈ കഥയിലാണെങ്കില്‍ അവനും ഒരു പരാജയമല്ലെ?

താങ്കള്‍ വന്നതില്‍ വായിച്ചതില്‍ അഭിപ്രായങ്ങള്‍ പങ്കിട്ടതില്‍ .. നന്ദിയുണ്ട്

പാര്‍വണം.. said...

പുരുഷ പക്ഷം, ഒരു വീക്ഷണം മാത്രം..
'അയാളുടെ' മനസ്സുകൊണ്ടു ചിന്തിക്കുബോള്‍..
വിതക്കുന്നവന്റെ വേവലാതി വയലിനു ഉണ്ടാവില്ലല്ലൊ..എനു ഓര്‍ത്തുപോയി... അതുകൊണ്ടായിരിക്കും അയാള്‍ 'ഇഷ്ടായൊ' എന്നു ചോദിക്കുന്നതു..!

ഏതായാലും, അതൊക്കെ പോട്ടെ... ദേവപ്രിയയുടെ ഭര്‍ത്താവ്‌' എഴുതിയാല്‍ അറിയിക്കം..ചിലപ്പൊ അപ്പോള്‍ മനസ്സിലാകും, ഞാന്‍ എന്താ ഉദ്ദേശിക്കുന്നത് എന്നു..

ഇത്രെം ഒക്കെ പറഞ്ഞതു, കഥയിലെ ഭാവന ഇഷ്ടായതു കൊണ്ടാണു ട്ടൊ!

ittimalu said...

പാര്‍വണം.. :)

Rajesh Nambiar said...

കഥ നന്നായിട്ടുണ്ട് ഇട്ടീസ്‌.

ശ്രീ said...

പഴയ കഥ വീണ്ടും പോസ്റ്റിയതാണല്ലേ?

ഒന്നൂടെ വായിയ്ക്കുന്നതിലും ആര്‍ക്കും നഷ്ടമൊന്നും തോന്നാനിടയില്ലാത്ത നല്ലൊരു കഥ!

:)

ajith said...

എവിടെ സദാചാരപ്പോലീസ്
ആറ് വര്‍ഷമായി ഇവിടെ ഒരു ലംഘനം നടന്നിട്ട്. ആരും ചോയ്ക്കാനില്ലേ?

കഥ എഴുതിയ ശൈലി ഇഷ്ടപ്പെട്ടു കേട്ടോ

മുകിൽ said...

nannayirikkunnu katha...! swaabhaavikathaye kaathu kondulla avatharanam.

ഭാനു കളരിക്കല്‍ said...

ഹൃദയമുള്ള കഥ

ഇട്ടിമാളു said...

Rajesh Nambiar ...ആദ്യായല്ലേ ഇവിടെ ?

ശ്രീ ..കാണാനെ ഇല്ലല്ലോ ?

അജിത്‌ സര്.. ആറുവര്ഷം പഴയത് :)

മുകിൽ ....ഭാനു കളരിക്കല്‍....... ...നന്ദി.. വായനക്കും അഭിപ്രായത്തിനും :)