Monday, December 28, 2009

മഞ്ഞുപെയ്യും രാവിൽ..

എന്നാണ് ആദ്യമായി മഞ്ഞു പെയ്തതെന്ന് എനിക്കോർമ്മയില്ല.. എങ്കിലും അതൊരിക്കലും ഡിസംബറിൽ ആയിരുന്നില്ല.. അതിനും മുമ്പെ മിക്കവാറും സെപ്തംബറിലൊ ഒക്റ്റൊബറിലൊ ആവണം..കൃത്യമായി പറഞ്ഞാൽ ഒരു വ്യാഴാഴ്ച.. പെയ്യാൻ തുടങ്ങിയത് ഉച്ചക്ക് രണ്ടുമണിക്കായിരുന്നു.. നാലുമണിക്ക് മുന്നെ അത് പെയ്തു തീർന്നിരുന്നു.. എന്നിട്ടും ആ കുളിരിൽ എന്റെ ചിന്തകൾ പോലും മരവിച്ചിരുന്നു.. അന്നു മാത്രമല്ല, എത്രയൊ നാളുകളോളം.. പ്രായം മധുരമല്ലെങ്കിലും പതിനെട്ടായിരുന്നതു കൊണ്ടാവാം..

കന്യാസ്ത്രീകളുടെ കല്തുറുങ്കിൽ നിന്നും മോചനം കിട്ടി അരിയന്നൂർ കുന്നിലെ പാവുട്ടത്തണലിലെത്തിയത് ഒരു ആഗസ്റ്റിലായിരുന്നു.. ഒരു മാസത്തിലേറെ കഴിഞ്ഞാണ് വിശാലമായ പുസ്തകപ്രപഞ്ചത്തിലേക്ക് പ്രവേശനം കിട്ടിയത്.. അധികം വൈകാതെയാണ് മഞ്ഞു പൊഴിഞ്ഞതും.. ഒമ്പതുമുതൽ ഒന്നുവരെ മാത്രം നീളുന്ന ക്ലാസ്സുകൾ..വ്യാഴാഴ്ചകളിൽ അതിനുശേഷം എനിക്ക് തീരെ ദഹിക്കാത്ത രസതന്ത്രത്തിന്റെ സ്പെഷ്യൽ ക്ലാസ്സ്.. ഉച്ചയിടവേളയിലാണ് മഞ്ഞുകാലം ഞാൻ സ്വന്തമാക്കിയത്.. ക്ലാസ്സ് തകർത്തു മുന്നേറുമ്പോൾ ഏറ്റവും പുറകിലെ ബഞ്ചിൽ ചുവരിലേക്ക് ചാഞ്ഞിരുന്നാണ് ഓരോ തുള്ളി തണുപ്പും ഏറ്റുവാങ്ങിയത്..അന്നാണ് മഞ്ഞെനിക്ക് ചൂടുള്ള തണുപ്പ് നൽകിയത്.. അതിനുശേഷം എത്രയോ തവണ..

ആദ്യത്തെ മഞ്ഞിന്റെ അരികുകൾ ചുരുണ്ടു മടങ്ങിയിരുന്നു.. വെളുപ്പ് നഷ്ടമായി മഞ്ഞച്ചു പോയ താളുകൾ തുന്നൽ വിട്ട് പറിഞ്ഞകന്നിരുന്നു.. ചിലതെല്ലാം കീറാൻ തുടങ്ങിയിരുന്നു.. അക്ഷരങ്ങൾ പലയിടത്തും മങ്ങിപ്പോയിരുന്നു.. പക്ഷെ മഞ്ഞിന്റെ ചൂട് കത്തിക്കാളുന്നതായിരുന്നു.. ആ രണ്ടു മണിക്കൂറിൽ താഴെ മാത്രം സമയം അവിടെ ഞാനും മഞ്ഞും മാത്രമെ ഉണ്ടായിരുന്നുള്ളു..

“ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന എകാന്തതയുടെ ഈ നടപ്പാതയിൽ ആരും കൂടെയുണ്ടാവുന്നത് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു”

അക്ഷരങ്ങൾ എന്നിലേക്ക് പടർന്നപ്പോൾ എപ്പൊഴൊക്കെയൊ ഞാൻ എനിക്കരികിൽ ഇരുന്നവളെ തൊട്ടുവിളിച്ചൊ? ഇല്ല, ഒരിക്കൽ പോലും ആ വരികളിൽ എന്റെ ചിന്തകളിൽ പങ്കാളിയാവാൻ ഞാനാരേയും കൂട്ടുവിളിച്ചില്ല.. അതെന്റെ സ്വകാര്യതയായിരുന്നു.. പക്ഷെ അവൾ ഇടംകണ്ണുകൊണ്ട് ഇടയ്കൊക്കെ എന്റെ വായനയിൽ കൂട്ടുവന്നിരുന്നെന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്.. സാധാരണ കെമിസ്ട്രി ക്ലാസ്സുകളെല്ലാം എനിക്ക് നോവൽ വായനകൾക്കുള്ളതായിരുന്നു.. അപ്പൊഴൊക്കെ ആ വരികൾക്കിടയിലൂടെ സഞ്ചരിക്കാൻ എന്റെ അയൽ‌വാസികളെ ഞാൻ കൂട്ടുവിളിക്കും.. രസകരമായ വരികൾ ഞാനവർക്ക് വിട്ടുകൊടുത്ത് വായനയ്ക് ഇടക്കൊന്ന് അവധികൊടുക്കും.. ക്ലാസ്സിൽ ശ്രദ്ധിക്കുന്ന മിടുക്കിയായി ഞാനിരിക്കും.. വായിച്ചുകഴിഞ്ഞെന്ന് അവരെനിക്ക് സിഗ്നൽ തരുമ്പോൾ ഞാൻ വീണ്ടും വായനയിലേക്ക് മടങ്ങും..എന്റെയും എന്റെ പിമ്പെയുള്ളവരുടെയും
മരണം ഞാൻ മരിക്കുകയാണ്
എന്റെയും എന്റെ പിമ്പെയുള്ളവരുടെയും
ജീവിതം ഞാൻ ജീവിക്കുകയാണ്ഇക്താരയുടെ തന്ത്രികൾ എവിടെയൊ മുഴങ്ങുന്നുണ്ടായിരുന്നു..ഒപ്പം ഞാൻ ഒളിഞ്ഞു നോക്കുകയായിരുന്നു.. വിമലയുടെ രഹസ്യത്തിലേക്ക്.. നൈനിറ്റാളിലെ മൂടൽ‌മഞ്ഞിൽ അവൾ ഒളിപ്പിച്ചുവെച്ച രഹസ്യത്തിലേക്ക്.. വരും വരാതിരിക്കില്ലെന്ന് അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുധീർ കുമാർ മിശ്രയെ, ഞാനെനിക്ക് പരിചിതമായ ഓരോ മുഖങ്ങളിലും തേടുകയായിരുന്നു.. നാളെയൊരിക്കൽ പ്രണയം എനിക്കു വേണ്ടിയും കാത്തുവെക്കുന്നത് ഇതൊക്കെ തന്നെയൊ എന്ന് ഒട്ടൊരു ഞെട്ടലോടെ സംശയിക്കുകയും.. എനിക്കു ചുറ്റും പൂത്തു തളിർത്തു കൊണ്ടിരിക്കുന്ന ഓരോ പ്രണയത്തിലും മറ്റൊരു വിമലയെയും സുധീറിനെയും ഞാൻ തിരഞ്ഞു.. നൈനിറ്റാളിലെ മഞ്ഞു വീണു കുതിർന്ന കൽ‌പ്പടവുകൾക്ക് പകരം പാവുട്ടത്തണലുകളും പാറപ്പുറങ്ങളും നിശബ്ദമായി കാത്തിരുന്നു..

ആദ്യത്തെ മഞ്ഞ് ഒരാഴ്ച്ചക്കു ശേഷം തിരിച്ചു നൽകാനുള്ളതായിരുന്നു.. പക്ഷെ പലരുടെയും പേരുകളിൽ വീണ്ടും അത് എന്റെ കൈകളിൽ എത്തിക്കൊണ്ടിരുന്നു.. എങ്കിലും സ്വന്തമായി ഒരു മഞ്ഞ്, അതെനിക്ക് വേണമായിരുന്നു - ഒരു പ്രണയം പോലെ.. പക്ഷെ സ്വന്തമാക്കിയത് ഒരു പാട് കാലത്തിനു ശേഷമായിരുന്നു.. അതെനിക്ക് ലഭിച്ചത് ഒരു പുസ്തകമേളയിൽ നിന്നും ..ആദ്യതാളിലെ കയ്യൊപ്പും അതിനു താഴെ തലതിരിച്ചെഴുതിയ തിയ്യതിയും കൂടാതെ അതിലൊരു പേന പോറൽ പോലും ഏൽക്കാതെ ഒരു മടക്കു പോലും വീഴാതെ ഞാൻ കാത്തുവെച്ചു.. എങ്കിലും അതിൽ മനസ്സിൽ പിടിച്ച ഓരോ വരിയും ഏതു താളിലെന്ന് അന്ന് മനപ്പാഠമായിരുന്നു.. ഇന്നും അതുപോലെയെന്ന് എനിക്ക് ഉറപ്പു പറയാനാവുന്നുമില്ല.. പിന്നീടെപ്പൊഴൊ എന്റെ കൂട്ടുകാരി കെഞ്ചി ചോദിച്ചപ്പോൾ ഞാനത് അവൾക്ക് കൊടുത്തു.. മറ്റൊരെണ്ണം അധികം താമസിയാതെ വാങ്ങുമെന്നവിശ്വാസത്തിൽ തന്നെ.. പിന്നൊരിക്കൽ തൃശ്ശൂർ കറന്റ് ബുക്സും തേടി ഞാൻ പോയത് മഞ്ഞു വാങ്ങാൻ വേണ്ടി മാത്രമായിരുന്നു.. വീട്ടിലേക്കുള്ള യാത്രകളിൽ കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്ന ഒരു സന്ദർശനമായി അതു മാറി.. പുസ്തകമേളകളിൽ നിന്ന്, ബുക്ക്സ്റ്റോറുകളിൽ നിന്ന്, അങ്ങിനെ മഞ്ഞുകൾ എന്റെ കയ്യിലെത്തി.. പക്ഷെ ഒരിക്കലും വഴിയരികിലെ രണ്ടാം വില്പനയിൽ നിന്നും ഒരു മഞ്ഞു സ്വന്തമാക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.. കാരണം അവയിൽ അദൃശ്യമായി ഉറഞ്ഞു കൂടി കിടക്കുന്ന പ്രണയത്തിന്റെ തീവ്രതയും കാത്തിരിപ്പിന്റെ വേദനയും എനിക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണെന്ന് ഒരിക്കൽ ഞാനതിന്റെ താളുകളിൽ വായിച്ചെടുത്തു ...പക്ഷെ അവരെല്ലാം എന്റെ കൂടെ നിൽക്കാതെ വിളിച്ചവരുടെ കൂടെ ഇറങ്ങിപ്പോയി.. ചിലരെ വന്നവർ നിരിബന്ധപൂർവ്വം വിളിച്ചിറക്കി.. ഒട്ടൊരു സങ്കടത്തോടെ ഓരോ തവണയും ഞാൻ വിട്ടുകൊടുത്തു.. കൂടുതൽ വാശിയോടെ വീണ്ടും സ്വന്തമാക്കി.. അങ്ങിനെ ഞാൻ ഏറ്റവും കൂടുതൽ തവണ വാങ്ങിയ പുസ്തകമെന്ന സ്ഥാനം നേടി വീണ്ടുമൊരിക്കൽ കൂടി ഈ മഞ്ഞു കാലത്ത് മഞ്ഞെന്നെ തേടിയെത്തി.. ഇതിനു മുമ്പ് അവസാനമായി എന്റെ കയ്യിലുണ്ടായിരുന്നത് സഹവാസികളിലൊരാൾ വായിക്കാൻ വാങ്ങിയിരുന്നു.. എന്റെ അഭാവത്തിൽ അവൾ പടിയിറങ്ങിയപ്പോൾ വീണ്ടും മഞ്ഞിന്റെ സ്ഥാനം ശൂന്യമായി.. എത്രയോ തവണ മഞ്ഞുകാലം എന്നെ തേടിയെത്തി... പക്ഷെ ഒരിക്കലും എന്റെയരികിൽ സ്ഥിരമായി നിന്നില്ല.. എന്റെ കയ്യിൽ മഞ്ഞു വാഴില്ലെന്നു തോന്നുന്നു..

“ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങൾ ഇതിന്നു സമീപം എത്തിയിരിക്കുന്നു. യുഗങ്ങൾക്കുമുമ്പെ നിങ്ങൾക്കു വേണ്ടി രേഖപ്പെടുത്തിയ നിമിഷം...” ആരെങ്കിലുമൊക്കെ അവിടെവരെ എത്തി ചേരുന്നുണ്ടോ ആവോ.. എത്തിയാലും “അവിടെ പഴയ പേരുകൾ മാഞ്ഞു പോവുന്നു, പുതിയവ പെരുകുന്നു..”
നൈനിറ്റാളിൽ പുതിയ സഞ്ചാരികൾ ഓരോ സീസണിലും എത്തുന്നുണ്ടാവും.. അരിയന്നൂർ കുന്നിൽ പുതിയ കുരുവികൾ പാവുട്ടതണലിൽ കൊക്കുരുമ്മുന്നുണ്ടാവും.. എവിടെയൊക്കെയൊ വിമലയും സുധീറും ആവർത്തിക്കുന്നുണ്ടാവും.. ആരൊക്കെയൊ മറ്റാർക്കൊക്കെയൊ വേണ്ടി കാത്തിരിക്കുന്നുണ്ടാവും..

ഒരിക്കലെങ്കിലും നിങ്ങളിങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.. അല്ലെങ്കിൽ നിങ്ങളോട് ആരെങ്കിലും..

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല..... ..വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ.. വെറുതെ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്”

അപ്പോൾ ഇങ്ങനെ പ്രതിവചിച്ചോ..?

“ഞാൻ .. ഞാനാരാണെന്നുപോലും നിങ്ങൾക്കറിയില്ലല്ലോ”

ആ മഞ്ഞിൻ തണുപ്പിൽ ഇങ്ങനെ പറയാൻ മറ്റൊരു സർദാർജിയും വിമലയും എപ്പൊഴെങ്കിലും ഉണ്ടായിരുന്നിരിക്കുമോ?

ഓരോ തവണയും വായിക്കുമ്പോൾ പഴയ അതേ വിചാരങ്ങൾ.. വിമലയിപ്പോഴും അതേ ബോർഡിംഗ് ഹൌസിൽ ഉറക്കുത്തി വീഴുന്ന പൊടിമൂടിയ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാവുമൊ..ഇപ്പൊഴും ഏതെങ്കിലും ഒരു രശ്മി വാജ്പേയ് അവളെ പറ്റിച്ചെന്ന വിശ്വാസത്തിൽ മുസാവരി ബംഗ്ലാവിൽ പ്രിയപ്പെട്ടവനോടൊത്ത് എന്നും ഓർമ്മിക്കുന്നതിനുള്ള ഒരു രാത്രി സ്വന്തമായതിനു ശേഷം, വീട്ടിൽ നിന്നെന്ന മട്ടിൽ എഴുതിയിരിക്കുമൊ.. ബുദ്ദുവിപ്പൊഴും വെള്ളക്കാർക്കിടയിൽ ഗോരാസാബിനെ തിരയാൻ സീസൺ വരാൻ കാത്തിരിക്കുന്നുണ്ടാവുമൊ.. മരണം എന്ന കൂട്ടുകാരനെയും കൂട്ടി മറ്റൊരു ‌‌‌‌‌‌‌ സർദാർജി മഞ്ഞുകായാൻ എത്താറുണ്ടോ? അയാൾ ചോദിച്ച ഒരു വൈകുന്നേരത്തിന്റെ കടം വീട്ടാനാവതെ വിമലയിപ്പൊഴും പോർട്ടിക്കോയിൽ കാത്തുനിൽക്കുന്നുണ്ടാവുമൊ..

കിട്ടാത്ത മുന്തിരികൾ മധുരിക്കുന്നത് പ്രണയത്തിൽ മാത്രമല്ലെ.. എനിക്ക് പ്രിയപ്പെട്ട സിനിമകളിലൊന്ന്,തൂവാനതുമ്പികൾ.. കവിതയിൽ സന്ദർശനം.. കഥയിൽ ലോല... നഷ്ടപ്രണയങ്ങളുടെ നോവുന്ന മധുരത്തോളം മറ്റൊന്നും കിടപിടിക്കില്ലെന്ന അന്ധവിശ്വാസമാവാം..പിന്നെങ്ങിനെ ഞാൻ മഞ്ഞിനെ പ്രണയിക്കാതിരിക്കും.... നാളെ ഈ മഞ്ഞും മറ്റാരുടെയെങ്കിലും കൂടി ഇറങ്ങിപ്പോവുമായിരിക്കും... വീണ്ടും ഞാൻ വിമലയെ പോലെ കാത്തിരിക്കുമായിരിക്കും...

“വരും, വരാതിരിക്കില്ല”

26 comments:

ഇട്ടിമാളു said...

മഞ്ഞും തണുപ്പുമില്ലാതെ ഒരു മഞ്ഞുകാലം കൂടി.. അവിചാരിതമായി ഒരിക്കൽ കൂടി ഈ ഡിസംബറിൽ മഞ്ഞെന്നെ തേടിയെത്തി.. കെമിസ്റ്റ്രിക്ലാസ്സിലിരുന്ന് കട്ടുവായിച്ച അതേ ആവേശത്തിൽ അതൊരിക്കൽ കൂടി എന്നിൽ പെയ്തിറങ്ങുന്നു..

എല്ലാവർക്കും പുതുവത്സരാശംസകൾ..!!!

ഇത്തിരിവെട്ടം said...

വിരഹത്തിന്റെ ചൂട് പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെ തണുപ്പില്‍ മൂടിപ്പുതച്ച്, ചുരുണ്ടുറങ്ങാന്‍‍ തോന്നുന്ന വായനയാണ് ‘മഞ്ഞ് ‘ എന്നും സമ്മാനിച്ചിട്ടുള്ളത്. വിമലയുടെ മനസ്സ് ചെവിക്കരികില്‍ മുറുമ്മുന്ന പ്രണയവും വിരഹവും ... മഞ്ഞുറയുന്ന മേലാപ്പിന്‍ കീഴില്‍ നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കാത്ത വായനാനുഭവം.

വായിച്ചതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട എംടി യുടെ കൃതിയും ‘മഞ്ഞ്’ തന്നെ.

പെയ്തൊഴിയാത്ത മഞ്ഞില്‍ നിന്ന് കൈകുടന്ന നിറച്ച ഈ പോസ്റ്റും മനോഹരം...

the man to walk with said...

aa sundarmaaya MANJU kalam thirichu vilichathinu nanni..ashamsakal

മുല്ലപ്പൂ said...

മഞ്ഞു വായിച്ചിട്ടില്ല . പക്ഷെ മഞ്ഞു പോലെ ഹൃദ്യമായ ഈ പോസ്റ്റിനു നന്ദി .

thabarakrahman said...

hrudhyamaaya rachana, vaayichappol
manju peytha pole

kichu / കിച്ചു said...

പകര്‍ന്നു തന്ന മഞ്ഞിന്‍ തണുപ്പ് കൊള്ളാം.

ലേ ഔട്ട് ഒന്നു ശെരിയാക്കാമോ?? വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അക്ഷരങ്ങള്‍ ഒവെര്‍ലാപ്പ് ചെയ്യുന്നു

ചേച്ചിപ്പെണ്ണ് said...

മഞ്ഞു വായിച്ചതായി ഓര്‍മ്മയില്ല ...
ന്നാലും മഞ്ഞു വായിച്ചവളെ വായിക്കാന്‍ ഇഷ്ട്ടായി ...
ഇനിയും വായിക്കണം മാളൂസേ , ന്ന്ട്ട് പോസ്ടണം മഞ്ഞു നിറയുന്ന വരികള്‍
സസ്നേഹം .....

ചേച്ചിപ്പെണ്ണ് said...

മഞ്ഞു വായിച്ചതായി ഓര്‍മ്മയില്ല ...
ന്നാലും മഞ്ഞു വായിച്ചവളെ വായിക്കാന്‍ ഇഷ്ട്ടായി ...
ഇനിയും വായിക്കണം മാളൂസേ , ന്ന്ട്ട് പോസ്ടണം മഞ്ഞു നിറയുന്ന വരികള്‍
സസ്നേഹം .....

സോണ ജി said...

പ്രിയ സുഹ്ര്യത്തേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു പുതുവര്‍ഷത്തില്‍ കഴിയട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു...

ദൈവം said...

ഞാൻ വായിക്കാത്ത കിത്താബാണ് ‘മഞ്ഞ്.’
മറ്റെല്ലാം എന്റെയും ഇഷ്ടങ്ങൾ.
ഇനിയിപ്പോൾ മഞ്ഞ് ഒരിക്കലും വായിക്കേണ്ടാത്ത പോലെ :)

ഓഫ് : ചന്ദ്രമണി ടീച്ചറോട് പറഞ്ഞുകൊടുക്കാം ല്ലേ? ;)

ദൃശ്യന്‍ | Drishyan said...

മാളൂസേ...
മഞ്ഞ് എത്ര തവണ വായിച്ചെന്ന് എനിക്കറിയില്ല... ആദ്യം വായിച്ചത് അമ്മാവന്റെ കയ്യില്‍ നിന്നും എടുത്ത കോപ്പിയാണ്, പിന്നെ പ്രീഡിഗ്രിക്ക് അത് പഠിച്ചു... പിന്നെ സ്വന്തമായി വാങ്ങി കയ്യില്‍ വെച്ചു, ഇടയ്ക്ക് വായിച്ചു...

വിരഹം അതിനാകാവുന്ന കാല്പനികതയുടെ പാരമ്യത്തില്‍ എന്നിലേകാവേശിക്കുന്നതായാണ് ഓരോ വായനയിലും അനുഭവപ്പെട്ടത്...

നല്ല എഴുത്ത്... ലേഔട്ട് മാറ്റുമല്ലോ...

സസ്നേഹം
ദൃശ്യന്‍

മുല്ലപ്പൂ said...

bloginte look and feel maty alle?

nannayi :)

ഇട്ടിമാളു said...

ഇത്തിരീ.. എം ടി യുടെ നോവലുകളിൽ എനിക് ഏറ്റവും പ്രിയപ്പെട്ടത് “മഞ്ഞ്” തന്നെ

the man to walk with, thabarakrahman വന്നതിൽ വായിച്ചതിൽ നന്ദിയുണ്ട്.. നല്ല വാക്കുകൾക്കും

മുല്ലപ്പൂവെ, ചേച്ചിപ്പെണ്ണെ... വായിക്കൂ.. തീർച്ചയായും ഇഷ്ടമാവൂം..

കിച്ചു.. ഇപ്പൊ വായിക്കാമോ.. ചെറിയ മാറ്റങ്ങൾ.. :)

സോണ.. ഈ പ്രാർത്ഥനകൾക്ക് ഞാനെങ്ങിനെ നന്ദി പറയണം :)

ദൈവമെ .. ആരാണീ ചന്ദ്രമണി ടീച്ചർ? മഞ്ഞ് വായിക്കൂ.. ഇഷ്ടമാവാതിരിക്കില്ല.. ഞാൻ ഗാരന്റി.. :)

ദൃശ്യൻ.. എന്നെ പോലെ വേറോരു വട്ടിനെ കണ്ടെത്തിയതിന്റെ ഒരു സന്തോഷം.. മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..വായിക്കാവുന്ന പരുവമായെന്ന് തോന്നുന്നു..

സ്വപ്നാടകന്‍ said...

ഇത്രയും സുന്ദരമായ മഞ്ഞെനെയാണ് എം ടി തന്നെ സിനിമയാക്കി നശിപ്പിച്ചു കളഞ്ഞത്..കണ്ടപ്പോ സങ്കടമായി,അതോര്‍ത്ത്...

എഴുത്ത് നന്നായിട്ടുണ്ട് ..

Sreedevi said...
This comment has been removed by the author.
Sreedevi said...

നഷ്ടപ്രണയത്തിന്റെ നൊമ്പരം ,സുഖം ഒക്കെ മഞ്ഞിനേക്കാള്‍ കൂടുതല്‍ എവിടെയും എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല..നഷ്ടപ്പെടലിന്റെ നൊമ്പരം കലര്‍ന്നപ്പോളാണ് പലപ്പോഴും പ്രണയം തീവ്രമായത്..വിമല ടീച്ചറെ പോലെ ...ഒരിക്കലും മടങ്ങി വരാത്ത ആരെയോ കാത്തു ഒരു ജീവിതം..:)
മാളു ...മനസ്സില്‍ വീണ്ടും ഒരു മഞ്ഞു മഴ...

ഇട്ടിമാളു said...

സ്വപ്നാടകൻ.. ശ്രീദേവി.. :)

വല്യമ്മായി said...

പോസ്റ്റ് അന്നേ വായിച്ചിരുനെങ്കിലും മഞ്ഞ് ഒന്ന് കുടി വായിച്ചിട്ട് കമന്റാമെന്ന് കരുതി,വായിച്ചു ഒന്ന് ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ലാത്ത ഒരാളെ ഒന്ന് കണ്ടാല്‍ മാത്രം മതി എന്ന് കരുതിയിരിക്കുന്ന വിമലയുടേ കുടെ മാറ്റങ്ങള്‍ ഒന്നും വരുത്താതെ കടന്നു പോയ ഒരു സിസണ്‍ ചെലവഴിച്ചിട്ട് ഞാനും സര്‍ദാര്‍ജിയെ പോലെ തിരിച്ച് പോന്നു.

ഇട്ടിമാളു said...

വല്ല്യമ്മായി.. ഈ കമന്റ് കണ്ടപ്പോൾ ഒരു പ്രത്യേക സന്തോഷം.. മറ്റൊന്നുമല്ല, പോസ്റ്റ് വായിച്ച്, വീണ്ടുമൊരിക്കൽ കൂടി “മഞ്ഞ്” വായിച്ച് വീണ്ടും ഇവിടെ എത്തി കമന്റ് ഇടുക.. ആ മഞ്ഞിന്റെ ഒരു നേരിയ തണുപ്പെങ്കിലും ഇവിടെ തൂവാനൊത്തല്ലൊ.. :).. നന്ദി

ഗൗരിനാഥന്‍ said...

athey makale...mattoru manju kalam muzhuvanayum vanagan nadakkunna...mattoru branthi..njan thanne, thra manajundennum, ethra ennam nashtam vannennum kanakilla,,,

ഇട്ടിമാളു said...

ഗൌരി.. മഞ്ഞു ഭ്രാന്തികളുടെ കൂട്ടായ്മ ഉണ്ടാക്കിയാലൊ?..:)

ശ്രീനാഥന്‍ said...

ആദ്യമായിട്ടാണു ഞാന്‍ ഈ ബ്ലോഗില്‍ ഒരു ഭാവഗാനത്തിന്റെ ലാവണ്യവും ഒതുക്കവുമുള്ള, 'മഞ്ഞി'ല്‍ കുതിര്‍ന്നൊരു പോസ്റ്റ്! വിമല്യും, സ്ര്ദാര്‍ജിയും രശ്മിയുമെല്ലാം മനസ്സില്‍ ഓടിയെത്തി. നന്ദി

അഭി said...

ആദ്യമായാണ് ഇവിടെ .....
മഞ്ഞു വായിച്ചതായി ഓര്‍ക്കുനില്ല , എന്തായാലും ഇപ്പോള്‍ ഒന്ന് വായിക്കണം എന്ന് തോനുന്നു
ഈ പരിച്ചയപെടുതലിനു നന്ദി

ഇട്ടിമാളു said...

ശ്രീനാഥൻ .. അപ്പൊ ഇവിടെന്നാരുന്നല്ലെ തുടക്കം.. നന്ദി

അഭി.. വായിക്കൂ.. വെറുതെയാവില്ല, ഉറപ്പ് :)

ഭാനു കളരിക്കല്‍ said...

മഞ്ഞു ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ മനസ്സിനെ അത് സ്പര്‍ശിച്ചിട്ടില്ല. അന്ന് ഞാന്‍ പ്രണയത്തിനു പുറത്ത് ആയിരുന്നതാകാം കാരണം. ഇപ്പോള്‍ അത് വായിക്കണമെന്ന് തോന്നുന്നു.

ഇട്ടിമാളു said...

ഭാനു.. വായിക്കൂ... മഞ്ഞു വായിക്കാൻ പ്രണയത്തിലാവണമെന്നില്ല.. പക്ഷെ മഞ്ഞു വായിച്ചാൽ ചിലപ്പോൾ പ്രണയിക്കാൻ തോന്നിയെന്നിരിക്കും :)