Monday, December 28, 2009

മഞ്ഞുപെയ്യും രാവിൽ..

എന്നാണ് ആദ്യമായി മഞ്ഞു പെയ്തതെന്ന് എനിക്കോർമ്മയില്ല.. എങ്കിലും അതൊരിക്കലും ഡിസംബറിൽ ആയിരുന്നില്ല.. അതിനും മുമ്പെ മിക്കവാറും സെപ്തംബറിലൊ ഒക്റ്റൊബറിലൊ ആവണം..കൃത്യമായി പറഞ്ഞാൽ ഒരു വ്യാഴാഴ്ച.. പെയ്യാൻ തുടങ്ങിയത് ഉച്ചക്ക് രണ്ടുമണിക്കായിരുന്നു.. നാലുമണിക്ക് മുന്നെ അത് പെയ്തു തീർന്നിരുന്നു.. എന്നിട്ടും ആ കുളിരിൽ എന്റെ ചിന്തകൾ പോലും മരവിച്ചിരുന്നു.. അന്നു മാത്രമല്ല, എത്രയൊ നാളുകളോളം.. പ്രായം മധുരമല്ലെങ്കിലും പതിനെട്ടായിരുന്നതു കൊണ്ടാവാം..

കന്യാസ്ത്രീകളുടെ കല്തുറുങ്കിൽ നിന്നും മോചനം കിട്ടി അരിയന്നൂർ കുന്നിലെ പാവുട്ടത്തണലിലെത്തിയത് ഒരു ആഗസ്റ്റിലായിരുന്നു.. ഒരു മാസത്തിലേറെ കഴിഞ്ഞാണ് വിശാലമായ പുസ്തകപ്രപഞ്ചത്തിലേക്ക് പ്രവേശനം കിട്ടിയത്.. അധികം വൈകാതെയാണ് മഞ്ഞു പൊഴിഞ്ഞതും.. ഒമ്പതുമുതൽ ഒന്നുവരെ മാത്രം നീളുന്ന ക്ലാസ്സുകൾ..വ്യാഴാഴ്ചകളിൽ അതിനുശേഷം എനിക്ക് തീരെ ദഹിക്കാത്ത രസതന്ത്രത്തിന്റെ സ്പെഷ്യൽ ക്ലാസ്സ്.. ഉച്ചയിടവേളയിലാണ് മഞ്ഞുകാലം ഞാൻ സ്വന്തമാക്കിയത്.. ക്ലാസ്സ് തകർത്തു മുന്നേറുമ്പോൾ ഏറ്റവും പുറകിലെ ബഞ്ചിൽ ചുവരിലേക്ക് ചാഞ്ഞിരുന്നാണ് ഓരോ തുള്ളി തണുപ്പും ഏറ്റുവാങ്ങിയത്..അന്നാണ് മഞ്ഞെനിക്ക് ചൂടുള്ള തണുപ്പ് നൽകിയത്.. അതിനുശേഷം എത്രയോ തവണ..

ആദ്യത്തെ മഞ്ഞിന്റെ അരികുകൾ ചുരുണ്ടു മടങ്ങിയിരുന്നു.. വെളുപ്പ് നഷ്ടമായി മഞ്ഞച്ചു പോയ താളുകൾ തുന്നൽ വിട്ട് പറിഞ്ഞകന്നിരുന്നു.. ചിലതെല്ലാം കീറാൻ തുടങ്ങിയിരുന്നു.. അക്ഷരങ്ങൾ പലയിടത്തും മങ്ങിപ്പോയിരുന്നു.. പക്ഷെ മഞ്ഞിന്റെ ചൂട് കത്തിക്കാളുന്നതായിരുന്നു.. ആ രണ്ടു മണിക്കൂറിൽ താഴെ മാത്രം സമയം അവിടെ ഞാനും മഞ്ഞും മാത്രമെ ഉണ്ടായിരുന്നുള്ളു..

“ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന എകാന്തതയുടെ ഈ നടപ്പാതയിൽ ആരും കൂടെയുണ്ടാവുന്നത് ഇഷ്ടമില്ലാത്ത കാര്യമായിരുന്നു”

അക്ഷരങ്ങൾ എന്നിലേക്ക് പടർന്നപ്പോൾ എപ്പൊഴൊക്കെയൊ ഞാൻ എനിക്കരികിൽ ഇരുന്നവളെ തൊട്ടുവിളിച്ചൊ? ഇല്ല, ഒരിക്കൽ പോലും ആ വരികളിൽ എന്റെ ചിന്തകളിൽ പങ്കാളിയാവാൻ ഞാനാരേയും കൂട്ടുവിളിച്ചില്ല.. അതെന്റെ സ്വകാര്യതയായിരുന്നു.. പക്ഷെ അവൾ ഇടംകണ്ണുകൊണ്ട് ഇടയ്കൊക്കെ എന്റെ വായനയിൽ കൂട്ടുവന്നിരുന്നെന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്.. സാധാരണ കെമിസ്ട്രി ക്ലാസ്സുകളെല്ലാം എനിക്ക് നോവൽ വായനകൾക്കുള്ളതായിരുന്നു.. അപ്പൊഴൊക്കെ ആ വരികൾക്കിടയിലൂടെ സഞ്ചരിക്കാൻ എന്റെ അയൽ‌വാസികളെ ഞാൻ കൂട്ടുവിളിക്കും.. രസകരമായ വരികൾ ഞാനവർക്ക് വിട്ടുകൊടുത്ത് വായനയ്ക് ഇടക്കൊന്ന് അവധികൊടുക്കും.. ക്ലാസ്സിൽ ശ്രദ്ധിക്കുന്ന മിടുക്കിയായി ഞാനിരിക്കും.. വായിച്ചുകഴിഞ്ഞെന്ന് അവരെനിക്ക് സിഗ്നൽ തരുമ്പോൾ ഞാൻ വീണ്ടും വായനയിലേക്ക് മടങ്ങും..എന്റെയും എന്റെ പിമ്പെയുള്ളവരുടെയും
മരണം ഞാൻ മരിക്കുകയാണ്
എന്റെയും എന്റെ പിമ്പെയുള്ളവരുടെയും
ജീവിതം ഞാൻ ജീവിക്കുകയാണ്ഇക്താരയുടെ തന്ത്രികൾ എവിടെയൊ മുഴങ്ങുന്നുണ്ടായിരുന്നു..ഒപ്പം ഞാൻ ഒളിഞ്ഞു നോക്കുകയായിരുന്നു.. വിമലയുടെ രഹസ്യത്തിലേക്ക്.. നൈനിറ്റാളിലെ മൂടൽ‌മഞ്ഞിൽ അവൾ ഒളിപ്പിച്ചുവെച്ച രഹസ്യത്തിലേക്ക്.. വരും വരാതിരിക്കില്ലെന്ന് അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുധീർ കുമാർ മിശ്രയെ, ഞാനെനിക്ക് പരിചിതമായ ഓരോ മുഖങ്ങളിലും തേടുകയായിരുന്നു.. നാളെയൊരിക്കൽ പ്രണയം എനിക്കു വേണ്ടിയും കാത്തുവെക്കുന്നത് ഇതൊക്കെ തന്നെയൊ എന്ന് ഒട്ടൊരു ഞെട്ടലോടെ സംശയിക്കുകയും.. എനിക്കു ചുറ്റും പൂത്തു തളിർത്തു കൊണ്ടിരിക്കുന്ന ഓരോ പ്രണയത്തിലും മറ്റൊരു വിമലയെയും സുധീറിനെയും ഞാൻ തിരഞ്ഞു.. നൈനിറ്റാളിലെ മഞ്ഞു വീണു കുതിർന്ന കൽ‌പ്പടവുകൾക്ക് പകരം പാവുട്ടത്തണലുകളും പാറപ്പുറങ്ങളും നിശബ്ദമായി കാത്തിരുന്നു..

ആദ്യത്തെ മഞ്ഞ് ഒരാഴ്ച്ചക്കു ശേഷം തിരിച്ചു നൽകാനുള്ളതായിരുന്നു.. പക്ഷെ പലരുടെയും പേരുകളിൽ വീണ്ടും അത് എന്റെ കൈകളിൽ എത്തിക്കൊണ്ടിരുന്നു.. എങ്കിലും സ്വന്തമായി ഒരു മഞ്ഞ്, അതെനിക്ക് വേണമായിരുന്നു - ഒരു പ്രണയം പോലെ.. പക്ഷെ സ്വന്തമാക്കിയത് ഒരു പാട് കാലത്തിനു ശേഷമായിരുന്നു.. അതെനിക്ക് ലഭിച്ചത് ഒരു പുസ്തകമേളയിൽ നിന്നും ..ആദ്യതാളിലെ കയ്യൊപ്പും അതിനു താഴെ തലതിരിച്ചെഴുതിയ തിയ്യതിയും കൂടാതെ അതിലൊരു പേന പോറൽ പോലും ഏൽക്കാതെ ഒരു മടക്കു പോലും വീഴാതെ ഞാൻ കാത്തുവെച്ചു.. എങ്കിലും അതിൽ മനസ്സിൽ പിടിച്ച ഓരോ വരിയും ഏതു താളിലെന്ന് അന്ന് മനപ്പാഠമായിരുന്നു.. ഇന്നും അതുപോലെയെന്ന് എനിക്ക് ഉറപ്പു പറയാനാവുന്നുമില്ല.. പിന്നീടെപ്പൊഴൊ എന്റെ കൂട്ടുകാരി കെഞ്ചി ചോദിച്ചപ്പോൾ ഞാനത് അവൾക്ക് കൊടുത്തു.. മറ്റൊരെണ്ണം അധികം താമസിയാതെ വാങ്ങുമെന്നവിശ്വാസത്തിൽ തന്നെ.. പിന്നൊരിക്കൽ തൃശ്ശൂർ കറന്റ് ബുക്സും തേടി ഞാൻ പോയത് മഞ്ഞു വാങ്ങാൻ വേണ്ടി മാത്രമായിരുന്നു.. വീട്ടിലേക്കുള്ള യാത്രകളിൽ കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്ന ഒരു സന്ദർശനമായി അതു മാറി.. പുസ്തകമേളകളിൽ നിന്ന്, ബുക്ക്സ്റ്റോറുകളിൽ നിന്ന്, അങ്ങിനെ മഞ്ഞുകൾ എന്റെ കയ്യിലെത്തി.. പക്ഷെ ഒരിക്കലും വഴിയരികിലെ രണ്ടാം വില്പനയിൽ നിന്നും ഒരു മഞ്ഞു സ്വന്തമാക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു.. കാരണം അവയിൽ അദൃശ്യമായി ഉറഞ്ഞു കൂടി കിടക്കുന്ന പ്രണയത്തിന്റെ തീവ്രതയും കാത്തിരിപ്പിന്റെ വേദനയും എനിക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണെന്ന് ഒരിക്കൽ ഞാനതിന്റെ താളുകളിൽ വായിച്ചെടുത്തു ...പക്ഷെ അവരെല്ലാം എന്റെ കൂടെ നിൽക്കാതെ വിളിച്ചവരുടെ കൂടെ ഇറങ്ങിപ്പോയി.. ചിലരെ വന്നവർ നിരിബന്ധപൂർവ്വം വിളിച്ചിറക്കി.. ഒട്ടൊരു സങ്കടത്തോടെ ഓരോ തവണയും ഞാൻ വിട്ടുകൊടുത്തു.. കൂടുതൽ വാശിയോടെ വീണ്ടും സ്വന്തമാക്കി.. അങ്ങിനെ ഞാൻ ഏറ്റവും കൂടുതൽ തവണ വാങ്ങിയ പുസ്തകമെന്ന സ്ഥാനം നേടി വീണ്ടുമൊരിക്കൽ കൂടി ഈ മഞ്ഞു കാലത്ത് മഞ്ഞെന്നെ തേടിയെത്തി.. ഇതിനു മുമ്പ് അവസാനമായി എന്റെ കയ്യിലുണ്ടായിരുന്നത് സഹവാസികളിലൊരാൾ വായിക്കാൻ വാങ്ങിയിരുന്നു.. എന്റെ അഭാവത്തിൽ അവൾ പടിയിറങ്ങിയപ്പോൾ വീണ്ടും മഞ്ഞിന്റെ സ്ഥാനം ശൂന്യമായി.. എത്രയോ തവണ മഞ്ഞുകാലം എന്നെ തേടിയെത്തി... പക്ഷെ ഒരിക്കലും എന്റെയരികിൽ സ്ഥിരമായി നിന്നില്ല.. എന്റെ കയ്യിൽ മഞ്ഞു വാഴില്ലെന്നു തോന്നുന്നു..

“ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങൾ ഇതിന്നു സമീപം എത്തിയിരിക്കുന്നു. യുഗങ്ങൾക്കുമുമ്പെ നിങ്ങൾക്കു വേണ്ടി രേഖപ്പെടുത്തിയ നിമിഷം...” ആരെങ്കിലുമൊക്കെ അവിടെവരെ എത്തി ചേരുന്നുണ്ടോ ആവോ.. എത്തിയാലും “അവിടെ പഴയ പേരുകൾ മാഞ്ഞു പോവുന്നു, പുതിയവ പെരുകുന്നു..”
നൈനിറ്റാളിൽ പുതിയ സഞ്ചാരികൾ ഓരോ സീസണിലും എത്തുന്നുണ്ടാവും.. അരിയന്നൂർ കുന്നിൽ പുതിയ കുരുവികൾ പാവുട്ടതണലിൽ കൊക്കുരുമ്മുന്നുണ്ടാവും.. എവിടെയൊക്കെയൊ വിമലയും സുധീറും ആവർത്തിക്കുന്നുണ്ടാവും.. ആരൊക്കെയൊ മറ്റാർക്കൊക്കെയൊ വേണ്ടി കാത്തിരിക്കുന്നുണ്ടാവും..

ഒരിക്കലെങ്കിലും നിങ്ങളിങ്ങനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.. അല്ലെങ്കിൽ നിങ്ങളോട് ആരെങ്കിലും..

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല..... ..വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ.. വെറുതെ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്”

അപ്പോൾ ഇങ്ങനെ പ്രതിവചിച്ചോ..?

“ഞാൻ .. ഞാനാരാണെന്നുപോലും നിങ്ങൾക്കറിയില്ലല്ലോ”

ആ മഞ്ഞിൻ തണുപ്പിൽ ഇങ്ങനെ പറയാൻ മറ്റൊരു സർദാർജിയും വിമലയും എപ്പൊഴെങ്കിലും ഉണ്ടായിരുന്നിരിക്കുമോ?

ഓരോ തവണയും വായിക്കുമ്പോൾ പഴയ അതേ വിചാരങ്ങൾ.. വിമലയിപ്പോഴും അതേ ബോർഡിംഗ് ഹൌസിൽ ഉറക്കുത്തി വീഴുന്ന പൊടിമൂടിയ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാവുമൊ..ഇപ്പൊഴും ഏതെങ്കിലും ഒരു രശ്മി വാജ്പേയ് അവളെ പറ്റിച്ചെന്ന വിശ്വാസത്തിൽ മുസാവരി ബംഗ്ലാവിൽ പ്രിയപ്പെട്ടവനോടൊത്ത് എന്നും ഓർമ്മിക്കുന്നതിനുള്ള ഒരു രാത്രി സ്വന്തമായതിനു ശേഷം, വീട്ടിൽ നിന്നെന്ന മട്ടിൽ എഴുതിയിരിക്കുമൊ.. ബുദ്ദുവിപ്പൊഴും വെള്ളക്കാർക്കിടയിൽ ഗോരാസാബിനെ തിരയാൻ സീസൺ വരാൻ കാത്തിരിക്കുന്നുണ്ടാവുമൊ.. മരണം എന്ന കൂട്ടുകാരനെയും കൂട്ടി മറ്റൊരു ‌‌‌‌‌‌‌ സർദാർജി മഞ്ഞുകായാൻ എത്താറുണ്ടോ? അയാൾ ചോദിച്ച ഒരു വൈകുന്നേരത്തിന്റെ കടം വീട്ടാനാവതെ വിമലയിപ്പൊഴും പോർട്ടിക്കോയിൽ കാത്തുനിൽക്കുന്നുണ്ടാവുമൊ..

കിട്ടാത്ത മുന്തിരികൾ മധുരിക്കുന്നത് പ്രണയത്തിൽ മാത്രമല്ലെ.. എനിക്ക് പ്രിയപ്പെട്ട സിനിമകളിലൊന്ന്,തൂവാനതുമ്പികൾ.. കവിതയിൽ സന്ദർശനം.. കഥയിൽ ലോല... നഷ്ടപ്രണയങ്ങളുടെ നോവുന്ന മധുരത്തോളം മറ്റൊന്നും കിടപിടിക്കില്ലെന്ന അന്ധവിശ്വാസമാവാം..പിന്നെങ്ങിനെ ഞാൻ മഞ്ഞിനെ പ്രണയിക്കാതിരിക്കും.... നാളെ ഈ മഞ്ഞും മറ്റാരുടെയെങ്കിലും കൂടി ഇറങ്ങിപ്പോവുമായിരിക്കും... വീണ്ടും ഞാൻ വിമലയെ പോലെ കാത്തിരിക്കുമായിരിക്കും...

“വരും, വരാതിരിക്കില്ല”

Monday, December 21, 2009

കാൽ‌നോക്കികൾ

അരുത് അങ്ങിനെ പറയരുത്
അവർ വായ്നോക്കികളല്ല
കണ്ണിൽ പോലും നോക്കാറില്ല
മുഖം അവർ ശ്രദ്ധിക്കാറേയില്ല

ഊർന്നു വീഴുന്ന ഉടയാടകൾ
അവർ കണ്ടില്ലെന്നിരിക്കാം
പക്ഷെ, ഇളകിമാറാവുന്ന ഒരു തുന്നൽ
അതവർ നിങ്ങളേ വിളിച്ചറിയിക്കും

പാദങ്ങളേ കുറിച്ച് അവരോട് ചോദിക്കു
ചുരുങ്ങിയ പക്ഷം പാദരക്ഷകളേ കുറിച്ച്
അതിന്റെ അഴകളവുകൾ അവർ പറയും
വിരലുകളുടെ നീളം, കുറഞ്ഞു കൂടിയും
വണ്ണത്തിൽ വളവിൽ വിരിവിൽ
പരസ്പരം പണിതൊരുക്കുന്നതിൽ

പരന്ന പാദങ്ങൾ പറയാതെ പറയുന്നത്
തള്ളയേക്കാൾ വളർന്ന ചൂണ്ടാണികൾ
ഒരു പുള്ളിക്കുത്തിൽ വിധി എഴുതുന്നത്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാവാത്തത്
അവരുടെ കണ്ണിൽ, അതും ശാസ്ത്രമാണ്

അരുത് അങ്ങിനെ പറയരുത്
വെറും ചെരുപ്പുകുത്തികളെന്ന്
അവരെ അപമാനിക്കരുത്

Monday, December 14, 2009

ചേരുംപടി ചേർക്കവെ..

കത്തിക്കയറുമ്പൊഴും ഒരു കമ്പു തീയിനു
അയാൾ ദരിദ്രനായിരുന്നു
ഇരന്നുകിട്ടിയ സ്വപ്നങ്ങളിൽ
അവളുടെ തീപ്പൊരികൾ ...

വൈകിപ്പോയ്
അയാൾ അവരോഹണത്തിലാണ്
ദീർഘനിശ്വാസം
തിരിഞ്ഞു കിടക്കൽ
കൂർക്കം വലി
അവൾ ആരോഹണത്തിൽ
ഒരു ഒച്ചിനെ കളയും പോലെ
അടർത്തിമാറ്റപ്പെടുന്നു
എന്തൊരു വിയർപ്പുനാറ്റം

(കസേരകയ്യിലെ കുമ്പസാരക്കൂട്ടിൽ നിന്നും കട്ടെടുത്തത്)
മീനില്ലാതെ എങ്ങിനെ ഉണ്ണാൻ
എരിവിട്ട് പുളിയിട്ട് മസാലയിട്ട്
ഊണു കഴിഞ്ഞ് കൈകഴുകി
ഒരു നിമിഷം കഴിയുംമ്പോൾ
എന്തൊരു ഉളുമ്പുമണം

(വിശപ്പടങ്ങിയപ്പോൾ വരാന്തയിൽ വഴുതി വീണത്)

സംശയിക്കേണ്ട,
ഇരു ചെവികളിലൂടെ കടന്നുവന്നത്
അറിയാതെ സന്ധിച്ചതാണ്

Sunday, December 6, 2009

പഴങ്കഥ അറിയുമൊ?

കാണാതെയായവരെയും തേടിയാണ്
ഉറുമ്പുകൾ മലകയറിയത്
അവസാനപാദത്തിൽ
അഞ്ചാം തലമുറ പിച്ചവെക്കുമ്പോഴാണ്
അവരിലൊരാൾ അടിതെറ്റി ആഴത്തിലേക്ക് വീണത്
ബാക്കിയെ പാതിയിൽ പകുത്താണ്
മുകളിലേക്കും താഴേക്കും വഴി പിരിഞ്ഞത്
മുകളിലെത്തിയവർ പകച്ചു നിന്നത്
അന്വേഷിച്ചു നടന്നവന്റെ

മുഖച്ഛായ അറിയാതെയാണ്
ഉത്തരമില്ലാതെ കരഞ്ഞിറങ്ങുമ്പോഴാണ്

വിതുമ്പലോടെ മറ്റൊരു കൂട്ടർ കയറിയെത്തിയത്
ഇരുവർക്കും പരസ്പരമറിയില്ലല്ല്ലൊ
പൂർവ്വികർ പറഞ്ഞ കഥയല്ലെ ഉള്ളു
അതുകൊണ്ടാവാം,
കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?

Thursday, December 3, 2009

ദ്വീപിലെ ചോരത്തുള്ളികൾ

വായിച്ചേ തീരൂ എന്ന് വിചാരിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കുമ്പോൾ കിട്ടില്ല.. പിന്നെ കാലങ്ങൾക്ക് ശേഷം കയ്യിൽ തടയുമ്പോൾ അതിനോടുള്ള ആവേശവും കെട്ടടങ്ങിയിരിക്കും... ഈ അടുത്ത് എനിക്ക് വായിക്കാൻ കിട്ടിയ ഒരു പുസ്തകത്തിന്റെ കഥയും ഇങ്ങനെ തന്നെ..

2001 ഇൽ ഇറങ്ങിയ അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപിനെ (ഐലന്റ് ഓഫ് ബ്ലഡ്) കുറിച്ച് പത്രങ്ങളിലും മാസികകളിലും ഒരുപാട് വന്നതാണ്.. അതെല്ലാം വായിച്ച് വായിച്ച് ഇനി പുസ്തകം എന്തിനു വായിക്കണം എന്ന അവസ്ഥയിലായി.. വർഷങ്ങൾക്ക് ശേഷം അതിൽ പലതും മറവിമൂടിയ ശേഷം പുസ്തകം കയ്യിൽ കിട്ടിയപ്പോൾ വായിക്കാതിരിക്കുന്നതെങ്ങിനെ.. ചില പുസ്തകങ്ങൾ വേണ്ട എന്ന് വിചാരിച്ചാലും മുഴുവൻ വായിക്കും.. കുത്തിയിരുന്നു വായിക്കും.. അവസാനത്തെ പേജിലെ അവസാനത്തെ വരിയിലെ അവസാനത്തെ വാക്കും അതിനു ശേഷമുള്ള കുത്തും കഴിഞ്ഞ് അടച്ചു വെച്ച് കണ്ണടക്കും.. പുറകിലെ കവറിൽ എഴുതിയത് വായിച്ചാണല്ലൊ തുടക്കം.. അതുകൊണ്ട് അതിനെ ഒഴിവാക്കാം.. അല്ലെങ്കിൽ ഈ പറഞ്ഞതൊക്കെ തന്നെയാണൊ വായിച്ചത് എന്നൊരു സംശയമുണ്ടെങ്കിൽ തീർക്കാനായി വായിക്കാം..

എനിക്ക് ശേഷം ദ്വീപിലെ ചോരത്തുള്ളികൾ എണ്ണിത്തിട്ടപ്പെടുത്താനെത്തിയവൾ ചോദിച്ചു..

“എന്തുണ്ടിതിൽ .. ചുരുക്കിപ്പറ..”

“തമിഴനായ ഒരു തയ്യൽക്കാരനും ഒരു സിംഹളവനിതയും തമ്മിലുണ്ടായ നിസ്സാരമായൊരു വഴക്കിനെയാണ് ഗവണ്മെന്റിനെതിരായ കലാപമാക്കിത്തീർത്തതെത്രെ“

അവസാനം ഒന്നു കൂടി കൂട്ടി ചേർത്തു..

“ബാൽ താക്കറെയുടെ ബാർബർ ഒരു മുസ്ലിം ആണെന്ന്”..

അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. “ഭാഗ്യം ഒരു മുസ്ലിം രക്ഷപ്പെട്ടു.. “

ഒന്നു നിർത്തി വീണ്ടും “അയാൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടൊ ആവോ”