Thursday, August 27, 2009

എഴുതാതിരിക്കുന്നതിന്റെ കാരണങ്ങള്‍...

എഴുതുന്ന ഒരാളോട് എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടോ എന്ന് അറിയില്ല.. എങ്കിലും പലപ്പൊഴും പലരോടും പലരും ചോദിച്ച് കേട്ടിട്ടുള്ളതാണിത്..

എഴുതാനുള്ള കാരണങ്ങള്‍ പലര്‍ക്കും പലതാണ്.. ചിലര്‍ക്ക് വിശപ്പിന്റെ വിളിയാണെങ്കില്‍ മറ്റുചിലര്‍ക്ക് ആത്മസംതൃപ്തിയാണ്.. വേറെയും ചിലര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്.. എഴുതാതെ ജീവിക്കാന്‍ എനിക്കാവില്ല എന്നൊക്കെ പറയുന്നവരുമില്ലെ..! ഇരുകൈകള്‍കൊണ്ടും വാരികകളില്‍ തുടരന്‍ നോവലുകള്‍ എഴുതുന്നവര്‍ ഒരു കാലത്ത് തമാശയായിരുന്നു.. ഇന്നത് സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ ഏറ്റെടുത്തിരിക്കുന്നു..

ഒരു പത്ത് വര്‍ഷം മുമ്പ് എനിക്കറിയാവുന്ന ഒരാള്‍, അന്ന് ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സേവനരംഗം ഒരു ബാലപ്രസിദ്ധീകരണമായതിനാല്‍ വരകളും വരികളുമായി അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കും.. ഞങ്ങള്‍ എങ്ങാനും ആ വഴി ചെന്നാല്‍ ഉടന്‍ അത് മറച്ചുവെക്കും.. ആശയം ചോര്‍ന്നാലൊ എന്നൊരു ഭയം.. ഇങ്ങിനെ ഒക്കെ ആണെങ്കിലും ചില പ്രഭാതങ്ങളില്‍ അവള്‍ പറയും

"ഞാന്‍ ഒരൂട്ടം വായിച്ചു കേള്‍പ്പിക്കാം"

അങ്ങിനെയാണ് അവളുടെ ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ഭാവനകള്‍ എനിക്ക് മുന്നില്‍ അവതരിക്കപ്പെട്ടിരുന്നത്.. ഒരു സര്‍പ്പദംശനത്തില്‍ മരണം കാത്തിരിക്കുന്നവളായി അവളെന്റെ
കഥയില്‍ കടന്നു വന്നതും അങ്ങിനെയാണ്...

എഴുതാനാവില്ല എന്നു തോന്നിയപ്പോള്‍ എഴുതിയിരുന്നതാരുന്നു അതെല്ലാം... മറ്റാരും കേള്‍ക്കുന്നില്ലെന്ന ഉറപ്പില്‍ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നത്.. നരേന്ദ്രപ്രസാദിന്റെയും വിനയചന്ദ്രന്റെയുമൊക്കെ ക്ലാസ്സുകളുടെ മഹത്വം പറയുന്നതിനൊപ്പം അവരൊക്കെ അവള്‍ എഴുതിയിരുന്നതിനെ പറ്റി പറഞ്ഞിരുന്നതും ഇടയില്‍ കടന്നുവരുമായിരുന്നു.. എങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും അവളുടെ പേരില്‍ ഒന്നും അച്ചടിച്ചു വന്നില്ല.. അവള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ... കല്ല്യാണം കഴിഞ്ഞ് ജോലി രാജിവെച്ച് മറുനാട്ടില്‍ കുടിയേറിയപ്പോള്‍, ഒരുതരത്തില്‍ അതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കിടയില്‍ അകലം വീണുകഴിഞ്ഞിരുന്നു.. ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും എവിടെന്നൊ തപ്പിയെടുത്ത നമ്പരുമായി - അന്നും ഇന്നും എന്റെ നമ്പര്‍ ഒന്നു തന്നെ - അവളെന്നെ തേടിയെത്തുമ്പോള്‍ "നീയിപ്പോള്‍ എഴുതാറുണ്ടോ?" എന്ന് എങ്ങിനെ ചോദിക്കാതിരിക്കും... ഒരു പക്ഷെ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ ഉത്തരമാണ്..

"ഇന്നെനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാം.. ശാന്തമായ ജീവിതം.. ഭര്‍ത്താവും കുട്ടികളുമായി ഒരു വീട്ടമ്മയുടെ റോള്‍.. ഒരു പക്ഷെ അതാവാം ഞാനൊന്നും എഴുതാറില്ല"

മുമ്പ് എഴുതിയിരുന്നവര്‍, ഇപ്പോള്‍ എഴുതാതായവര്‍ അവര്‍ക്ക് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം.. സമയം സന്ദര്‍ഭം സാഹചര്യം അങ്ങിനെ കെട്ടുപാടുകളില്‍ പെട്ടുപോവുന്ന സര്‍ഗ്ഗസൃഷ്ടികള്‍.. എന്കിലും പ്രശ്നങ്ങള്‍ ഇല്ലാതായതു കൊണ്ട് ഞാനിപ്പോള്‍ എഴുതുന്നില്ല എന്നു പറയുന്നവര്‍ ആരെങ്കിലും ഉണ്ടാവുമൊ.. ?

അപ്പോള്‍ ഞാന്‍ എഴുതികൊണ്ടിരിക്കുന്നതിന്റെ കാരണമെന്ത്.. ? പ്രശ്നങ്ങള്‍ കൂടൊഴിയാത്തതോ? ആണെങ്കിലും അല്ലെങ്കിലും എഴുത്തും ബ്ലോഗുമെല്ലാം കഴിഞ്ഞവര്‍ഷം എനിക്ക് സംഭവബഹുലമായിരുന്നു.. ജീവിതവും അങ്ങിനെ തന്നെ...കഴിഞ്ഞ വര്‍ഷത്തെ എന്റെ ഒരു
പോസ്റ്റ് മാതൃഭുമി ആഴ്ചപതിപ്പില്‍ വന്നതും എനിക്ക് ഏറെ സന്തോഷിക്കാനുള്ള വകയായിരുന്നു.. ഒപ്പം ഒരല്പ്പം വേദനയും.

പറഞ്ഞു വന്നത്.. തട്ടിയും മുട്ടിയും എന്റെ ബ്ലൊഗ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.. അതിലും കൂടുതല്‍ കാലമായി ഞാനിവിടെ ഉണ്ടെന്നൊരു തോന്നലാണെനിക്ക്.. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അറിയില്ല.. ബ്ലോഗില്‍ ആരെയും അറിയാതിരുന്ന, പേരുകള്‍ വെറും വാക്കുകള്‍ മാത്രമായിരുന്നതില്‍ നിന്നും ആരെയൊക്കെയൊ കുറച്ചെങ്കിലും അറിയാവുന്ന ഒരു മാറ്റം, അതും അത്ര ചെറുതല്ലെന്നു കരുതുന്നു....


പലരും പറയാറുണ്ട്.. ബ്ലോഗ് മടുത്തിരിക്കുന്നു.. ഒന്നും വായിക്കാറില്ല എന്നൊക്കെ.. പക്ഷെ എനിക്കിന്നും പഴയ അതേ ആവേശം തന്നെയാണ് ബ്ലോഗിനോട്.... സാഹചര്യങ്ങള്‍ വഴിമുടക്കുമ്പൊഴും അകന്നുമാറി ഒരു കാഴ്ചക്കാരിയായെങ്കിലും ഞാന്‍ എന്നുമുണ്ടായിരുന്നു..ഇനിയും ഉണ്ടാവണം എന്നു തന്നെ എന്റെ ആഗ്രഹവും..

എല്ലാവര്‍ക്കും ഓണാശംസകളോടെ..

24 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് വെറുതെ ഒന്ന് ഓര്‍മ്മിപ്പിക്കാന്‍ ... സ്വയം വിശ്വസിപ്പിക്കാന്‍..

ഡോക്ടര്‍ said...

വാക്കുകളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്നവരായത് കൊണ്ടാണ് നാം ബ്ലോഗ്‌ വായിക്കുന്നത് തന്നെ.. ആ വായന ഒരിക്കലും മരിക്കില്ല.... ഹൃദ്യമായ ഓണാശംസകള്‍...

Areekkodan | അരീക്കോടന്‍ said...

അപ്പോ ഞാനും ഇട്ടീമാളുവും സമപ്രായക്കാരാല്ലേ?ഞാന്‍ കഴിഞ്ഞ ആഴ്ച മൂന്ന് വര്‍ഷവും മുന്നൂറ്റി ഒന്നാം പോസ്റ്റും തികച്ചു... ആശംസകള്‍

ചാര്‍ളി (ഓ..ചുമ്മാ ) said...

ഓണാശംസകള്‍!!
വീണ്ടും എഴുതൂ

സു | Su said...

ഇട്ടിമാളു ഇവിടെയൊക്കെത്തന്നെ വേണം. അതായിരിക്കും എല്ലാവർക്കും സന്തോഷം. ആശംസകൾ. :) ഇനിയും ഒരുപാടുകാലം എഴുതുക.

പാവപ്പെട്ടവൻ said...

സന്തോഷ സുചാകമായി തന്നതും സ്വീകരിച്ചു ഞങ്ങളിതാ പോകുന്നെ ഓര്‍മയില്‍ ഉണരുന്ന ബ്ലോഗ്ഗ് വിചാരങ്ങള്‍
ഓണാശംസകള്‍

വയനാടന്‍ said...

ഓണാശംസകൾ
എഴുത്തു തുടരട്ടെ

വികടശിരോമണി said...

രാമചന്ദ്രകവിതാഭാഷയിൽ,ഇവിടെയുണ്ടായിരുന്നതിന്റെ സാക്ഷ്യമായി,അടയിരുന്നതിന്റെ ചൂടുകൾ ഇപ്പോഴും ഉണ്ടല്ലോ,അതുമതി:)

Typist | എഴുത്തുകാരി said...

ആശംസകള്‍, ബൂലോകത്തെ മൂന്നാം പിറന്നാളിനു്, പിന്നെ ഓണത്തിനും.

manu chandran said...

ആശംസകള്‍ ബ്ലോഗില്‍ മൂന്ന് വര്ഷം തികക്കുന്നതിനും. പിന്നെ നമ്മുടെ പോന്നോണത്തിനും

Haree said...

സര്‍പ്പദംശനമേറ്റുള്ള മരണം, അതു പലപ്പോഴും ഞാനും ഓര്‍ത്തിട്ടുള്ളതാണ്... :-P എനിക്ക് ഉറക്കത്തില്‍ സ്വപ്നങ്ങള്‍ വളരെ കുറവാണ്. സ്ഥിരം കാണുന്ന ഒരു സ്വപ്നം; ഒരു പാമ്പ് എന്റെ പിന്നാലെ വരുന്നതാണ്... ഞാന്‍ ഇങ്ങിനെ മരങ്ങള്‍ക്കിടയിലൂടെ ഓടുന്നു, പാമ്പ് പിന്നാലെ... ഭയങ്കര ഇരുട്ട്... കൊടുങ്കാട്... ഒടുവില്‍ ഞാന്‍ കൊക്കയിലേക്ക് വീഴുമ്പോഴോ, പാമ്പ് എന്നെ കൊത്തുമ്പോഴോ സ്വപ്നം അവസാനിക്കും. (കൂട്ടുകാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നതിതാണ്, അതുകൊണ്ട് എഴുതിയെന്നു മാത്രം...)

അപ്പോള്‍ മൂന്നു തികച്ചതിന് ആശംസകള്‍... :-)
--

Rare Rose said...

ബൂലോകത്തെ ഈ മൂന്നാം പിറന്നാളിനു ആശംസകള്‍.ഇനിയുമിതു പോലെ എഴുത്തിന്റെയൊരുപാട് പിറന്നാ‍ളുകളുണ്ണാന്‍ സാധിക്കട്ടെ ട്ടോ..:)

violet... said...

അതുകൊണ്ടാവുമോ പ്രിയകവി ചുള്ളിക്കാടിന്റെ പേനയും
മൌനം പാലിക്കുന്നത്.....???

ആശംസകള്‍ ട്ടോ ഇട്ടിമാളു....

Anil cheleri kumaran said...

നാഭിയിലൊത്തിരി കസ്തൂരി നിവേദിച്ച മാനല്ലേ ഞാന്.


ഇനിയുമെഴുതൂ....

VEERU said...

ഇട്ടിമാളൂ..എഴുത്ത് ഇഷ്ട്ടായീ...ഓണാശംസകൾ!!

വല്യമ്മായി said...

മൂന്നുകൊല്ലമൊക്കെ പെട്ടെന്ന് പോയി അല്ലെ, ആശംസകള്‍ :)

തറവാടി said...

ഓണാശസകള്‍ :)

തറവാടി said...

ആശംസകള്‍ :)

(sorry for spell mist)

ഇട്ടിമാളു അഗ്നിമിത്ര said...

ഡോക്റ്റര്‍...ശരിയാണ്

അരീക്കോടന്‍.. സമപ്രായക്കാര്‍ :)

ചാര്‍ളി ... നന്ദി..

സു.. എഴുതാലൊ..

പാവപ്പെട്ടവന്‍ .. :)

വയനാടന്‍... തുടരാം..

വികടശിരോമണി.. അതുമതിയൊ?

എഴുത്തുകാരി..നന്ദി

മനു..നന്ദി..:)

ഹരീ .. ആയില്യമാണോ :)

Rare Rose ..നന്ദി ..:)

violet..സാധ്യതയുണ്ട്

കുമാരന്‍.. മനസ്സിലായില്ല.. :(

വീരു..നന്ദി.. :)

വല്ല്യമ്മായി .. അതന്നെ പെട്ടന്ന് പോയി

തറവാടി..എവിടാ തെറ്റിയതെന്ന് ആദ്യം മനസിലായില്ല :)

The Fifth Question Tag...????? said...

എന്തായാലും എഴുത്തു നിർത്തുന്നവന്റെ മന:ശാസ്ത്രം മനസ്സിലാകാറില്ല പലപ്പോളും.....

ഗൗരിനാഥന്‍ said...

അതെ ആവേശത്തോടെ മറ്റൊരാള്‍...ആശംസകള്‍

Readers Dais said...

അഭിനന്ദനങ്ങള്‍ ..മൂന്നു വര്‍ഷത്തിന്‍റെ എഴുത്ത് വായനക്കര്ക് സമ്മാനിച്ചതില്‍ (ഞാന്‍ വായിക്കാന്‍ തുടങ്ങിയട്ടു അധികം നാള്‍ ആയിട്ടിലെന്കില്‍ കൂടി ) ഒരു സംശയം എഴുത്ത് എന്ന് പറയുന്നത് വായനക്കര്ക് വേണ്ടിയോ അതോ എഴുതുന്ന ആള്‍ക്ക് വേണ്ടിയോ ,വേറെ ഒരു ബ്ലോഗില്‍ ചെന്നപ്പോള്‍ അമ്പതാം പോസ്റ്റില്‍ എഴുത്ത് നിര്ത്തുന്നു എന്നൊക്കെ കണ്ടു , എല്ലാം കൂടി ഒരു കണ്‍ഫ്യൂഷന്‍ .. waiting for ur posts

apara said...

nannayittunde...nalla ishtapettu

ഇട്ടിമാളു അഗ്നിമിത്ര said...

????? .... എനിക്കും മനസ്സിലാവാറില്ല..

Readers Dais .. ഞാന്‍ എഴുതുന്നത് എനിക്ക് വേണ്ടിയാണ്.. മറ്റുള്ളവര്‍ എന്തു കരുതും എന്നത് എന്റെ വഴിയെ വരാറില്ല..

അപര.. അപ്രതീക്ഷിതം.. കൂടുതല്‍ എന്താ പറയാ.. ... :)