Thursday, August 27, 2009

എഴുതാതിരിക്കുന്നതിന്റെ കാരണങ്ങള്‍...

എഴുതുന്ന ഒരാളോട് എന്തുകൊണ്ട് എഴുതുന്നു എന്നു ചോദിക്കുന്നതിന് വലിയ അര്‍ത്ഥമുണ്ടോ എന്ന് അറിയില്ല.. എങ്കിലും പലപ്പൊഴും പലരോടും പലരും ചോദിച്ച് കേട്ടിട്ടുള്ളതാണിത്..

എഴുതാനുള്ള കാരണങ്ങള്‍ പലര്‍ക്കും പലതാണ്.. ചിലര്‍ക്ക് വിശപ്പിന്റെ വിളിയാണെങ്കില്‍ മറ്റുചിലര്‍ക്ക് ആത്മസംതൃപ്തിയാണ്.. വേറെയും ചിലര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്.. എഴുതാതെ ജീവിക്കാന്‍ എനിക്കാവില്ല എന്നൊക്കെ പറയുന്നവരുമില്ലെ..! ഇരുകൈകള്‍കൊണ്ടും വാരികകളില്‍ തുടരന്‍ നോവലുകള്‍ എഴുതുന്നവര്‍ ഒരു കാലത്ത് തമാശയായിരുന്നു.. ഇന്നത് സീരിയലുകള്‍ക്ക് തിരക്കഥയെഴുതുന്നവര്‍ ഏറ്റെടുത്തിരിക്കുന്നു..

ഒരു പത്ത് വര്‍ഷം മുമ്പ് എനിക്കറിയാവുന്ന ഒരാള്‍, അന്ന് ഏകദേശം ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സേവനരംഗം ഒരു ബാലപ്രസിദ്ധീകരണമായതിനാല്‍ വരകളും വരികളുമായി അവള്‍ രാത്രി മുഴുവന്‍ ഉറക്കമൊഴിക്കും.. ഞങ്ങള്‍ എങ്ങാനും ആ വഴി ചെന്നാല്‍ ഉടന്‍ അത് മറച്ചുവെക്കും.. ആശയം ചോര്‍ന്നാലൊ എന്നൊരു ഭയം.. ഇങ്ങിനെ ഒക്കെ ആണെങ്കിലും ചില പ്രഭാതങ്ങളില്‍ അവള്‍ പറയും

"ഞാന്‍ ഒരൂട്ടം വായിച്ചു കേള്‍പ്പിക്കാം"

അങ്ങിനെയാണ് അവളുടെ ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത ഭാവനകള്‍ എനിക്ക് മുന്നില്‍ അവതരിക്കപ്പെട്ടിരുന്നത്.. ഒരു സര്‍പ്പദംശനത്തില്‍ മരണം കാത്തിരിക്കുന്നവളായി അവളെന്റെ
കഥയില്‍ കടന്നു വന്നതും അങ്ങിനെയാണ്...

എഴുതാനാവില്ല എന്നു തോന്നിയപ്പോള്‍ എഴുതിയിരുന്നതാരുന്നു അതെല്ലാം... മറ്റാരും കേള്‍ക്കുന്നില്ലെന്ന ഉറപ്പില്‍ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നത്.. നരേന്ദ്രപ്രസാദിന്റെയും വിനയചന്ദ്രന്റെയുമൊക്കെ ക്ലാസ്സുകളുടെ മഹത്വം പറയുന്നതിനൊപ്പം അവരൊക്കെ അവള്‍ എഴുതിയിരുന്നതിനെ പറ്റി പറഞ്ഞിരുന്നതും ഇടയില്‍ കടന്നുവരുമായിരുന്നു.. എങ്കിലും എപ്പൊഴെങ്കിലും എവിടെയെങ്കിലും അവളുടെ പേരില്‍ ഒന്നും അച്ചടിച്ചു വന്നില്ല.. അവള്‍ അത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ... കല്ല്യാണം കഴിഞ്ഞ് ജോലി രാജിവെച്ച് മറുനാട്ടില്‍ കുടിയേറിയപ്പോള്‍, ഒരുതരത്തില്‍ അതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കിടയില്‍ അകലം വീണുകഴിഞ്ഞിരുന്നു.. ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും എവിടെന്നൊ തപ്പിയെടുത്ത നമ്പരുമായി - അന്നും ഇന്നും എന്റെ നമ്പര്‍ ഒന്നു തന്നെ - അവളെന്നെ തേടിയെത്തുമ്പോള്‍ "നീയിപ്പോള്‍ എഴുതാറുണ്ടോ?" എന്ന് എങ്ങിനെ ചോദിക്കാതിരിക്കും... ഒരു പക്ഷെ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് അവളുടെ ഉത്തരമാണ്..

"ഇന്നെനിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്നു പറയാം.. ശാന്തമായ ജീവിതം.. ഭര്‍ത്താവും കുട്ടികളുമായി ഒരു വീട്ടമ്മയുടെ റോള്‍.. ഒരു പക്ഷെ അതാവാം ഞാനൊന്നും എഴുതാറില്ല"

മുമ്പ് എഴുതിയിരുന്നവര്‍, ഇപ്പോള്‍ എഴുതാതായവര്‍ അവര്‍ക്ക് പറയാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ടാവാം.. സമയം സന്ദര്‍ഭം സാഹചര്യം അങ്ങിനെ കെട്ടുപാടുകളില്‍ പെട്ടുപോവുന്ന സര്‍ഗ്ഗസൃഷ്ടികള്‍.. എന്കിലും പ്രശ്നങ്ങള്‍ ഇല്ലാതായതു കൊണ്ട് ഞാനിപ്പോള്‍ എഴുതുന്നില്ല എന്നു പറയുന്നവര്‍ ആരെങ്കിലും ഉണ്ടാവുമൊ.. ?

അപ്പോള്‍ ഞാന്‍ എഴുതികൊണ്ടിരിക്കുന്നതിന്റെ കാരണമെന്ത്.. ? പ്രശ്നങ്ങള്‍ കൂടൊഴിയാത്തതോ? ആണെങ്കിലും അല്ലെങ്കിലും എഴുത്തും ബ്ലോഗുമെല്ലാം കഴിഞ്ഞവര്‍ഷം എനിക്ക് സംഭവബഹുലമായിരുന്നു.. ജീവിതവും അങ്ങിനെ തന്നെ...കഴിഞ്ഞ വര്‍ഷത്തെ എന്റെ ഒരു
പോസ്റ്റ് മാതൃഭുമി ആഴ്ചപതിപ്പില്‍ വന്നതും എനിക്ക് ഏറെ സന്തോഷിക്കാനുള്ള വകയായിരുന്നു.. ഒപ്പം ഒരല്പ്പം വേദനയും.

പറഞ്ഞു വന്നത്.. തട്ടിയും മുട്ടിയും എന്റെ ബ്ലൊഗ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.. അതിലും കൂടുതല്‍ കാലമായി ഞാനിവിടെ ഉണ്ടെന്നൊരു തോന്നലാണെനിക്ക്.. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അറിയില്ല.. ബ്ലോഗില്‍ ആരെയും അറിയാതിരുന്ന, പേരുകള്‍ വെറും വാക്കുകള്‍ മാത്രമായിരുന്നതില്‍ നിന്നും ആരെയൊക്കെയൊ കുറച്ചെങ്കിലും അറിയാവുന്ന ഒരു മാറ്റം, അതും അത്ര ചെറുതല്ലെന്നു കരുതുന്നു....


പലരും പറയാറുണ്ട്.. ബ്ലോഗ് മടുത്തിരിക്കുന്നു.. ഒന്നും വായിക്കാറില്ല എന്നൊക്കെ.. പക്ഷെ എനിക്കിന്നും പഴയ അതേ ആവേശം തന്നെയാണ് ബ്ലോഗിനോട്.... സാഹചര്യങ്ങള്‍ വഴിമുടക്കുമ്പൊഴും അകന്നുമാറി ഒരു കാഴ്ചക്കാരിയായെങ്കിലും ഞാന്‍ എന്നുമുണ്ടായിരുന്നു..ഇനിയും ഉണ്ടാവണം എന്നു തന്നെ എന്റെ ആഗ്രഹവും..

എല്ലാവര്‍ക്കും ഓണാശംസകളോടെ..

Tuesday, August 4, 2009

മിനിമം ചാര്‍ജ്ജ് മൂന്നു രൂപ

സത്യം.. മിനിമം ചാര്‍ജ്ജ് മൂന്നു രൂപക്ക് കേരളത്തിലെ സ്വകാര്യ ബസ്സില്‍ ഞാന്‍ യാത്ര ചെയ്തെന്നെ... അഞ്ച് രൂപ കൊടുത്ത് രണ്ട് രൂപ തിരിച്ച് തന്നപ്പോ അമ്പത് പൈസ തപ്പി എടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നത് കണ്ട്, കണ്ടക്റ്റര്‍ പറയാ സാരമില്ലെന്ന്.. എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.. അല്ലെങ്കില്‍ കൊടുത്തേനെ.. എന്തിനാ ഒരു കടം ബാക്കി വെക്കുന്നെ...അതും ഒരു തവണയല്ല രണ്ടു തവണ.. ഒന്നു ത്രിശ്ശുര്‍ കലക്റ്ററേറ്റില്‍ നിന്ന് റൌണ്ടിലേക്ക്.. പിന്നൊന്ന് അവിടെന്ന് ശക്തന്‍ സ്റ്റാന്റിലേക്ക്..രണ്ടാമത്തെ ബസ്സില്‍ ഇറങ്ങാന്‍ നേരത്ത് കിളിയുടെ കയ്യിലാ നാലു രൂപകൊടുത്തെ.. ഒരു രൂപ തിരിച്ച് തന്ന് മണിയടിച്ച് അയാള്‍ വണ്ടി വിട്ടു.. ഇതൊക്കെ സംഭവിച്ചതെ ഈയിടക്കാ..

വിശ്വസിക്കണൊ എന്നാണൊ.. വിശ്വസിച്ചെ തീരൂ..

ഞാന്‍ അമ്പത് പൈസയുടെ കളക്ഷന്‍ തുടങ്ങിയത് മിനിമം ചാര്‍ജ്ജ് വീണ്ടും 3.50 ആക്കിയപ്പൊഴാ.. പഴയ നാലു രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ ബസ്സ്കാര്‍ക്കൊരു വിഷമം.. നാലു രൂപ എടുത്ത് അമ്പത് പൈസ തിരിച്ച് തരാതെയും ഇല്ലെന്നും ഒക്കെ പറഞ്ഞ് അവരങ്ങനെ പോവുന്നത് അത്ര സഹിക്കാതായത് മറ്റൊന്നും കൊണ്ടല്ല.. ഞാനെന്തൊ പാതകം ചെയ്ത പോലെയാ അന്നേരത്തെ അവരുടെ നോട്ടം.. എന്നാ നിനക്കിട്ട് ഞാന്‍ വെച്ചിട്ടുണ്ട് എന്ന മട്ടില്‍ അങ്ങേരെ തിരിച്ച് വിളിച്ച് അമ്പത് പൈസ നീട്ടുമ്പോള്‍ അയാള്‍ക്ക് ഒരു രൂപ തിരിച്ച് തരാതിരിക്കാനാവില്ലല്ലൊ.. അയാള്‍ പല്ലിറുമ്മുന്നതും മനസ്സില്‍ എനിക്കിട്ട് തെറിവിളിക്കുന്നതും ഓര്‍ക്കുമ്പോഴും ഒരു സന്തോഷം.. എന്തിനാന്ന് ചോദിച്ചാല്‍, വെറുതെ ഒരു തമാശ.. ആര്‍ക്കും ചേതമില്ലല്ലൊ..

ഇപ്പൊ മിനിമം ഓട്ടൊ കൂലി പത്ത്.. പക്ഷെ പതിനഞ്ച് കട്ടായം കൊടുക്കാതെ പോവണമെങ്കില്‍ ഒന്നുകില്‍ തേച്ചാലും കുളിച്ചാലും പോവാത്ത നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ തയ്യാറാവണം... അല്ലെങ്കില്‍ അതു പോലെ നാലു തിരിച്ച് പറയാനുള്ള തൊലിക്കട്ടി വേണം.. പക്ഷെ സര്‍ക്കാര്‍ കാര്യം തന്നെ അങ്ങിനെ ആയാലൊ? ചാര്‍ജ്ജ് കുറക്കും മുമ്പ്, തിരുവനന്തപുരം റെയില്‌വെ സ്റ്റേഷനിലെ പ്രിപെയ്ഡ് ഓട്ടോയില്‍ 33 രൂപയായിരുന്നു പട്ടം വരെ.. പക്ഷെ ഓട്ടോ കൂലി കുറച്ച് നാളു കുറെ കഴിഞ്ഞിട്ടും അതന്നെ നമുക്ക് കിട്ടുന്ന ചാര്‍ജ്ജ്.. ഒരു ദിവസം അവിടെ എഴുതി തരുന്ന പോലീസ് കാരനോട് ചോദിച്ച് ഇതെന്താ സാറെ ഇവിടെ മാത്രം ഓട്ടോ കൂലി കുറക്കാത്തെ ന്ന്.. അന്ന് അവിടെ നിന്ന ഓട്ടോ കാരെല്ലാം കൂടി എന്നെ തല്ലി കൊല്ലുമൊ ന്ന് തോന്നി അവരുടെ നോട്ടം കണ്ടപ്പൊ.. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റിയെഴുതണം, അതിനൊത്തിരി സമയം വേണം ന്നൊക്കെ പോലീസ് കാരന്‍ വിസ്തരിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ ജീവനും കൊണ്ട് ഓടി.. എന്തായാലും പിന്നെ ആ വഴി പോയത് കാലം കുറെ കഴിഞ്ഞാ.. അപ്പോഴേക്കും അവര്‍ ഒരു പാട് കഷ്ടപ്പെട്ട് പ്രോഗ്രാം ശരിയാക്കിയിരുന്നു..


ഞാന്‍ എന്നെ തന്നെ നല്ല നടപ്പിനു ശിക്ഷിച്ചത് ഓട്ടോക്കാരോട് അടിയിടാന്‍ വയ്യാത്തോണ്ടാ.. ഈ സ്റ്റാന്റിലെല്ലാവരും പതിനഞ്ച് രൂപയാ മിനിമം വാങ്ങുന്നെ എന്ന്‍ അവര്‍ പറഞ്ഞാല്‍ മതിയൊ.. ഈ പറയുന്നവര്‍ ആരേലും ബസ്സില്‍ കേറി അവര്‍ ചോദിക്കുന്ന ചാര്‍ജ്ജ് കൊടുക്കുമൊ.. അപ്പൊ എന്നെ പോലെ അമ്പത് പൈസക്കും അടിയിട്ടെന്നിരിക്കില്ലെ.. ഇവരോട് ചോദിച്ച് ചോദിച്ച് എനിക്ക് തന്നെ മടുത്ത് ഒരു ചോദ്യം ണ്ട്..

"ഒരു കിലോ അരി വാങ്ങിയാല്‍ അഞ്ച് രൂപ കൂടുതല്‍ കൊടുക്കാറുണ്ടോ?

ഇതു വരെ ഒരാളും ഉത്തരം പറയാത്തതിനാല്‍ ഞാന്‍ ചോദ്യം തുടര്‍ന്നു കൊണ്ടെയിരിക്കുന്നു..

ഇത്രയൊക്കെ പറയാന്‍ എന്തുണ്ടായി എന്നാണെങ്കില്‍ .. ഇന്നലെ വൈകിയ നേരത്ത് ഞാനൊരു ഓട്ടോ വിളിച്ചു.. കൂടണയണ്ട സമയം കഴിഞ്ഞതിനാല്‍ വാര്‍ഡന്റെ വായിലിരിക്കണത് മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറായാണ്‌ ഓഫീസില്‍ നിന്ന് ഇറങ്ങിയത്.. ഒരു കിലോമീറ്റര്‍ തികച്ച് ഇല്ലാത്ത ദൂരത്ത് ഇറങ്ങിയപ്പോള്‍ അയാള്‍ ചോദിച്ചത് ഇരുപത് രൂപ.. തര്‍ക്കിക്കാന്‍ നിന്നപ്പൊ അയാള്‍ എന്നോട് ചോദിച്ച ചോദ്യം കേട്ട് എന്റെ ദേഷ്യം പമ്പ കടന്നു.. വേറൊന്നുമല്ല

"ഇത്രയും വലിയ കെട്ടിടത്തില്‍ ജോലി ചെയ്തിട്ട് 20 രൂപ തരാന്‍ വയ്യല്ലെ"

ഇത് വായിച്ച് പാവപ്പെട്ട അദ്ധ്വാനിക്കുന്ന ജനവര്‍ഗ്ഗത്തിനെതിരാണെന്നൊന്നും കരുതല്ലെ.. ഒരു പാവം സര്‍ക്കാര്‍ ജീവനക്കാരിയുടെ പരിദേവനം മാത്രം ..