Thursday, January 22, 2009

തയ്പിറന്താല്‍ ...

പുതപ്പില്‍ നിന്നും പുറത്തു ചാടിയ നെറ്റിയിലെ തണുത്ത സ്പര്‍ശം ഉറക്കത്തെ വലിച്ചെറിയാന്‍ മാത്രമുള്ളതായിരുന്നു.. അവധി ദിനത്തിന്റെ ഏറ്റവും വലിയ ഔദാര്യമാണ് രാവിലത്തെ ഉറക്കം.. അമ്മയുടെ വഴക്കൊക്കെ ഒരു വശത്ത് നടക്കും. അതിനിടയിലാ അവന്‍ വന്നെന്നെ ഉണര്‍ത്തിയത്.. കണ്ണുതുറന്നപ്പോള്‍ ചുമരിലെ കലണ്ടര്‍ ഇളകിയാടുന്നുണ്ട്.. തല പുറകിലേക്ക് ചെരിച്ച് നോക്കുമ്പോള്‍ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നു.. ‍ എങ്ങിനെയാണ് അകത്തു കടന്നത്.. ഇളക്കം നിലക്കാന്‍ തുടങ്ങിയ ചിത്രകലണ്ടര്‍ ഒന്നൂടെ ഇളകിയുലഞ്ഞു.. ആഹാ.. പോയില്ലായിരുന്നല്ലെ.. അയയില്‍ തൂങ്ങിയാടുന്ന ഉടുപ്പുകള്‍ക്കിടയിലാവാം ഒളിച്ചിരുന്നത്.. പറന്നകലും മുമ്പ് ജനാലകള്‍ ആഞ്ഞടച്ചു.. ഇനിയാരും കാണേണ്ടെന്നു കരുതിയാവാം.. കള്ളന്‍... എന്നാലും ജനാലപഴുതിലൂടെ അമ്പഴത്തിലകള്‍ കുലുങ്ങി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഒപ്പം മുവാണ്ടന്‍ മാവിനോട് എന്തൊ സ്വകാര്യം പറയുന്നുമുണ്ട്.. വേറെ ആരൊക്കെ കണ്ടുവൊ ആവൊ..

വാതില്‍ തുറന്ന് വരാന്തയില്‍ ഇറങ്ങുമ്പോള്‍ അവന്‍ അവിടെ ചുറ്റി പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.. ഇടക്കെപ്പൊഴൊ അറിയാത്ത മട്ടില്‍ ഒന്നു തട്ടി കടന്നുപോയി.. അവനെന്തൊരു തണുപ്പാ.. മുറ്റത്തിറങ്ങിയപ്പോള്‍ ഓപ്പോള്‍ അടിച്ചു വൃത്തിയാക്കിയയിടമൊക്കെ അവന്‍ ഇലകള്‍ പറിച്ചെറിഞ്ഞിരിക്കുന്നു.. തെക്കെ അതിരിലെ തേക്കിന്റെ ഇലകള്‍ വടക്കെ മുറ്റത്ത്.. എങ്കിലും എന്നെ കാണാതെ എവിടെയൊ മറഞ്ഞിരിക്കുകയാണ്.. പല്ലുതേക്കാന്‍ കുടുക്കയില്‍ നിന്ന്‍ ഉമിക്കരിയെടുക്കുമ്പോള്‍ അവന്‍ ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒളിച്ചും പതുങ്ങിയും വരുന്നുണ്ടായിരുന്നു.. ചുണ്ടോളമെത്തിയ ചിരി കഷ്ടപ്പെട്ട് മറച്ചു പിടിച്ചു.. അടുത്തെത്തിയതും കയ്യിലെ ഉമിക്കരി മുഴുവന്‍ അവന്‍ അടിച്ചു പറത്തി.. ദുഷ്ടന്‍..

അമ്മ അകത്തു നിന്ന് ആരെയൊ ശകാരിക്കുന്നുണ്ട്.. ഉണക്കാനിട്ട തുണികള്‍ പറത്തി വിട്ടതിന്.. അകത്തേക്ക് പൊടിയടിച്ച് കയറ്റിയതിന്.. കുറെ കഴിഞ്ഞപ്പൊഴാണ് അത് അവനായിരുന്നെന്ന് മനസ്സിലായെ.. അടുത്തൊന്നും അനക്കം കേള്‍ക്കുന്നില്ല .. എന്റെ മനസ്സു വായിച്ചെന്നോണം അവന്‍ താന്‍ ഇരുന്ന പുളിയന്‍ മാവിന്റെ കൊമ്പ് പിടിച്ച് കുലുക്കി.. കാണാത്ത ഭാവത്തില്‍ ഭാവത്തില്‍ ഞാന്‍ വായിച്ചിരുന്ന പത്രത്തില്‍ തലകുനിച്ചിരുന്നു.. വാര്‍ത്തകളില്‍ കണ്ണുടക്കാതെ ഞാന്‍ ഇടംകണ്ണിട്ട് അവന്റെ സാന്നിധ്യം അന്വേഷിച്ചു.. ശ്രദ്ധതെറ്റിയ ഒരു നിമിഷം എന്റെ കയ്യിലെ പത്രം ഇല്ലിക്കൂട്ടത്തിലേക്ക് അടിച്ചു പറത്തി..

എണ്ണതേച്ചു കുളിച്ചിട്ടും തൊലിപ്പുറം ആമക്കാവ് പാടം പോലെ വരണ്ടിരിക്കുന്നു.. ചെമ്പന്‍ മുടിയില്‍ നോക്കി അമ്മ കലിപ്പിക്കുന്നു... കാറ്റുകാലായിട്ടും അതിലിത്തിരി എണ്ണതേക്കാതെ ഓരോ വേഷം കെട്ട്.. റേഡിയോയിലെ പാട്ടും കേട്ട് ഉച്ചക്കൊരു മയക്കം.. അത് പടിഞ്ഞാറെ തിണ്ടത്തു തന്നെ വേണം.. മരങ്ങള്‍ക്ക് പുറകില്‍ നിന്ന് അവന്‍ ഇടക്കിടക്ക് ചൂളം വിളിച്ചു.. കേട്ടിട്ടില്ലെന്ന് നടിച്ച് കണ്ണടച്ചു കിടന്നു.. അടുത്തു വന്ന് തൊട്ട് വിളിച്ചിട്ടും ഞാന്‍ എണീക്കാത്തോണ്ടാവാം അവന്‍ പിണങ്ങി പോയത്... നല്ലൊരു പാട്ടില്‍ രസിച്ചു കിടക്കുമ്പോള്‍ പുറകില്‍ അവന്‍ ബഹളം വെക്കാന്‍ തുടങ്ങി.. ദേഷ്യത്തില്‍ റേഡിയൊ തട്ടി മുറ്റത്തിട്ട് അവന്‍ അമ്മയുടെ കണ്ണില്‍ പെടാതെ ഓടി പോയി.. ചിതറി തെറിച്ച കഷണങ്ങള്‍ പെറുക്കികൂട്ടുമ്പോള്‍ ഒരു വശത്ത് അമ്മയുടെ ശകാരം.. മറുവശത്ത് അവന്റെ കളിയാക്കിച്ചിരി..

ഉച്ചവെയില്‍ താണപ്പോള്‍ ഓപ്പോള്‍ കരിയിലകള്‍ അടിച്ചു കൂട്ടാന്‍ തുടങ്ങി.. തെക്കോട്ടടിക്കുമ്പോള്‍ വടക്കോട്ടോടുന്ന ചപ്പിലകള്‍ക്കു പുറകിലിരുന്ന് അവന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.. ഓപ്പോള്‍ കൂനകൂട്ടിയ ഇലകള്‍ക്ക് മീതെ പറന്നു പോവാതിരിക്കാന്‍ തെങ്ങിന്റെ ഓല എടുത്തു വെച്ചു.. വൈകുന്നേരത്ത് തിരിവെച്ച് അമ്മ തിരിഞ്ഞില്ല; അതിനു മുമ്പെ ഊതി കെടുത്തി.. അമ്മയുടെ ദേഷ്യം നാമജപത്തില്‍ ഒതുങ്ങി..

"അടങ്ങീന്നാ തോന്നുന്നെ.. നീയതിനു തീയിട്ടേര്"

വിളക്കില്‍ നിന്ന് തിരികൊളുത്തി ഓപ്പോള്‍ ഇലകള്‍ക്ക് നേരെ നടന്നു.. പൊട്ടിയും ചീറ്റിയും അവ ആളികത്തുമ്പോള്‍ രാത്രി എത്തും മുമ്പെ ചുറ്റും ഇരുട്ടായ പോലെ.. ഒരു ക്യാമ്പ് ഫയറിന്റെ ഓര്‍മ്മയില്‍ ഞാനതിനെ നോക്കിയിരുന്നു.. എന്റെ ശ്രദ്ധമാറുന്നത് കണ്ടാവാം.. അവന്‍ എനിക്കു ചുറ്റും ഒന്നു വട്ടം കറങ്ങി.. ഉയര്‍ന്നുകത്തുന്ന ചവറുകൂനയില്‍ അമ്മയാണ് ആദ്യം അപകടം മണത്തത്.. മരകൊമ്പുകളില്‍ എത്തിതൊടാന്‍ നോക്കുന്ന തീനാളങ്ങളെ അമ്മ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.. ഇടക്കൊക്കെ പാതികത്തീയ ഒരു പ്ലവിലയെ അടുത്ത പറമ്പിലെ ഉണങ്ങിയ പുല്‍‌ക്കൂട്ടത്തിലേക്ക് അവന്‍ കൈകാട്ടി വിളിച്ചു..

"എന്താത്.. അത്ര പന്തിയല്ലല്ലൊ.. "

കൈയ്യിടവഴി കേറിയെത്തിയ ഏട്ടനും ഒരു ചെറിയ ഭയം..

ഇല്ല.. അവനൊരിക്കലും അങ്ങിനെ ചെയ്യില്ല..വിശ്വാസം എനിക്ക് മാത്രമായിരുന്നു..

"ഇത്തവണ ഇത്തിരി കനത്തിലാണല്ലൊ.. അന്തിയായിട്ടും കൂടണയുന്നില്ല.. "

കുറ്റപ്പെടുത്തലിന്റെ ധ്വനിയുള്ളതോണ്ടാവാം അവന്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ചാരകൂമ്പാരത്തില്‍ അവസാനശ്വാസങ്ങള്‍ .. ചെറിയ പൊട്ടലും ചീറ്റലും.. പെട്ടന്ന് ഇരുട്ട് വല്ലാതെ കനത്ത പോലെ.. വല്ലാത്ത നിശബ്ദതയും..

"ഞാന്‍ പോവാ .."

ചെവിയില്‍ വന്ന് പതുക്കെ മന്ത്രിച്ചു.. തിരിഞ്ഞു നോക്കുമുമ്പെ യാത്രയായിരുന്നു.. എങ്ങോട്ടാവും അവന്‍ പോയത്.... ചുരം കടന്ന് പൊയിരിക്കുമൊ.. അതോ കിളിവാലന്‍ കുന്നിലൊ മറ്റൊ ഈ രാവുറങ്ങുമൊ..

വരും.. എനിക്കുറപ്പാ.. രാവിലെ എന്നെ വിളിച്ചുണര്‍ത്താന്‍ .. ആരും കാണാതെ .. ജനലിലൂടെ ഒളിച്ചു കടന്ന്...

20 comments:

ഇട്ടിമാളു അഗ്നിമിത്ര said...

വരും.. എനിക്കുറപ്പാ.. രാവിലെ എന്നെ വിളിച്ചുണര്‍ത്താന്‍ .. ആരും കാണാതെ .. ജനലിലൂടെ ഒളിച്ചു കടന്ന്...

ഇഗ്ഗോയ് /iggooy said...

വരും എനിക്കും ഉറപ്പണു
ഒത്തിരി ഇഷ്റടപ്പെട്ടു
എഴുത്ത്
കാത്തിരിപ്പിന്റെ
സ്നിഗ്ധതയെയും

ശ്രീ said...

വ്യത്യസ്തത ഇഷ്ടപ്പെട്ടു. വായനയ്ക്കിടയില്‍ അവന്റെ സാന്നിധ്യം അടുത്തറിയാനാകുന്നതു പോലെ തോന്നുന്നു...

nikeshponnen said...

അവനു വരാതിരിക്കാനാവില്ല ......

forefinger said...

വരാതിരിക്കില്ല....അല്ല...വരും...
നന്നായിട്ടുണ്ടു...

ഗൗരിനാഥന്‍ said...

പാലക്കാടും ത്രിശ്ശൂരും അവന്‍ കിടന്ന് വെലസ്സാന്നറിയാം..എന്തൊ ആ അവനെന്നാലെനിക്കു എന്തൊ സങ്കടത്തിന്റെയും നഷ്ട്ബോധത്തിന്റെയും ഓര്‍മ്മയാണ്..അങ്ങനെയല്ലാതായതില്‍ സന്തോഷിക്കാം

പകല്‍കിനാവന്‍ | daYdreaMer said...

വരുമെടോ... കൊള്ളാട്ടോ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വരട്ടെന്നേ :)

sreeNu Lah said...

നന്നായിട്ടുണ്ടു.

Anil cheleri kumaran said...

അവന്‍ വിലസുന്ന നാളുകളല്ലേ ഇപ്പോ. എഴുത്തു നന്നായി.

ഞാന്‍ ഇരിങ്ങല്‍ said...

ഇട്ടിമാളൂ..,
ഒരു പാട് കാലമായി ഇതു വഴി വന്നിട്ട്. ഒരു കാറ്റായി പോലും വരാന്‍ പറ്റിയില്ല.
എഴുത്തിലെ നായക കഥാപാത്രത്തിന് ഒരു ഗന്ധര്‍വ്വ സാമീപ്യം അനുഭവപ്പെട്ടു.
കാത്തിരിപ്പിന്‍ റെ സ്വപനങ്ങളുടെ ലോകം അത് സുഖവും ഒപ്പം ദു:ഖവുമാണല്ലോ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

salil | drishyan said...

രസികന്‍ എഴുത്ത് മാളൂസേ.
തൈ മാസപ്പിറവിയിലെ കാറ്റിന്റെ വരവ് ശരിക്കും അനുഭവിച്ചില്ലെങ്കിലും ഇപ്പോള്‍ അനുഭവപ്പെട്ടു.

സസ്നേഹം
ദൃശ്യന്‍

biju p said...

കാറ്റിന്റെ സാപീമ്യത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച, അനുഭവിപ്പിച്ച ഇട്ടിമാളുവിന്‌ നന്ദി, അഭിനന്ദനങ്ങള്‍

ഏറനാടന്‍ said...

ഈ മഞ്ഞുമൂടിയ പ്രവാസപ്രഭാതവേളയില്‍ ഇട്ടിമാളുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു മാനസികപ്രഭാവലം..

മുസാഫിര്‍ said...

വായിച്ചിട്ട് എനിക്ക് പറയാന്‍ തോന്നിയത് ഇരിങ്ങല്‍ പറഞ്ഞു കളഞ്ഞു.
ഇനിയെന്താ പറയാ,നന്നായിട്ടുണ്ട് ഇട്ടിമാളൂ.

ഇട്ടിമാളു അഗ്നിമിത്ര said...

ഷിനു.. ..നികെഷ്..forefinger..പകല്‍കിനാവന്‍...പ്രിയ..കുമാരന്‍...അവന്‍ പോയി ഇനി അടുത്ത കൊല്ലമെ വരൂ....:)

ഗൌരി..ആരോഗ്യ്ത്തിനു ഹാനികരം.. എന്നാലും അവനെ എനിക്ക് പെരുത്തിഷ്ടമാ...

ശ്രീനു...ദൃശ്യാ...ബിജു...:)

ഇരിങ്ങലെ.. മുസാഫിര്‍.. "ഗന്ധര്വ്വന്‍..???".. അതുകൊള്ളാം ട്ടൊ :)

ഏറനാടാ.. എന്താ ഈ മാനസികപ്രഭാവലം..?

hi said...

ആദ്യത്തെ പാരഗ്രാഫ്‌ തന്നെ കലക്കന്‍. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .

ഇട്ടിമാളു അഗ്നിമിത്ര said...

അബ്കാരി.. നന്ദി.. :)

Unknown said...

ഇത് നല്ലൊരു എഴുത്ത്, സാധാരണ എല്ലാവരും അവരുടെ സൃഷ്ടികള്‍ക്ക് കൊഴുപ്പേകാനാണ്‌ പ്രകൃതിയിലെ ഏതെങ്കിലും ഒരംഗത്തെ തിരഞ്ഞെടുത്ത് മേംപൊടി ചേര്‍ക്കാറ്. എന്നാല്‍ കുസൃതിക്കാരന്‍ കുഞ്ഞിക്കാറ്റിനെ കഥാപാത്രമാക്കി എഴുതിയത് തികച്ചും കൌതുകം തോന്നി. എന്തേ ആ കുഞ്ഞിക്കാറ്റെത്തിക്കുന്ന നറുമണങ്ങളെ കുറിച്ചെഴുതിയില്ല?. എന്തായാലും അസ്സലായിട്ടുണ്ട്. എല്ലാ നന്മകളൂം നേരുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

പാലക്കുഴി.. മറുപടി ഒരുപാട് വൈകിയല്ലെ.. വീണ്ടും ഒരു കാറ്റുകാലം കൂടി വരവായി.. പാലൽക്കാടൻ കാറ്റ് കുഞ്ഞിക്കാറ്റല്ല, എല്ലാം അടിച്ചു പറത്തിയൊരു വരവാ.. :)