Monday, January 5, 2009

ആശംസകളില്ലാതെ.....

താരാ ദേവ് എന്റെ മുറിയിലെത്തിയിട്ട് ഒരു മാസമായിട്ടില്ല.. .. പഠിക്കുന്ന കാലത്തെ താരയെ എനിക്കറിയാമായിരുന്നതു കൊണ്ട് അപരിചിതയായ ഒരു സഹമുറിച്ചിയെന്ന പ്രശ്നം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.. അവളുടെ സാധനങ്ങള്‍ വെക്കാന്‍ ഷെല്‍ഫിന്റെ താഴത്തെ തട്ട് ഒതുക്കി കൊടുക്കുമ്പോളാണ് മുകള്‍ത്തട്ടിലെ നിറഞ്ഞു കവിയുന്ന പുസ്തകങ്ങളിലും ഫയലുകളിലും അവള്‍ കൈവെക്കാന്‍ തുടങ്ങിയത്..

ഞാന്‍ തന്നെ അതൊക്കെ എടുത്തിട്ട് കാലങ്ങളായിരുന്നു.. പൊടിപിടിച്ച കുറെ പഴഞ്ചരക്കുകള്‍.. പിന്നെ എന്തൊക്കെ അതിന്റെ കൂടെ ഉണ്ടെന്ന് മറന്നു പോയിരിക്കുന്നു.. ഓരോന്നോരോന്നായി പുറത്തെടുക്കുമ്പോള്‍ പഴമയുടെ പുതുമ.. നാലും അഞ്ചും വര്‍ഷം പഴയ ആഴ്ചപതിപ്പുകള്‍ മാസികകള്‍.. കൌതുകം തോന്നി മാറ്റിവെച്ച് പേപ്പര്‍ കട്ടിങുകള്‍.. മഞ്ഞനിറം കേറാന്‍ തുടങ്ങിയ നോട്ടുബുക്കുകള്‍.. എന്നത്തേയും പോലെ അവസാനപേജുകളിലെ കുത്തിക്കുറിക്കലുകള്‍.. പാതിയില്‍ പിടഞ്ഞു മരിച്ച എന്റെ ആത്മഗതങ്ങള്‍..

ഇടയില്‍ നാടിന്റെ സ്പന്ദനമായി പുഷ്പയുടെ കത്തുകള്‍.. കാവില്‍ പൂരത്തിനു വരില്ലെ എന്ന ചോദ്യം മാത്രമല്ല, ഞാന്‍ ഓര്‍ക്കാത്ത ആരൊക്കെയൊ എന്നെ അന്വെഷിച്ചിരിക്കുന്നെന്നു കൂടി അവള്‍ എഴുതിയിരിക്കുന്നു.. നാട്ടില്‍ വരവിന്റെ ഇടവേള കൂടിയത് ഇവിടെയെങ്ങാനും ചിറ്റം തുടങ്ങിയതോണ്ടാണൊ എന്നൊരു സംശയം.. കഴുത്തില്‍ കയറുവീഴുന്നതിനു മുമ്പ് സ്വപ്നങ്ങള്‍ നിറഞ്ഞ നാലും അഞ്ചും പേജുകള്‍ നിറയുന്ന വിവരണങ്ങള്‍.. പിന്നെ നിറം മങ്ങാന്‍ തുടങ്ങിയിരിക്കുന്നു.. ഇന്‍ലന്റിലേക്ക് ചുരുങ്ങിയ അവിടെസുഖം ഇവിടെ സുഖം.. ചിലയെഴുത്തുകള്‍, കാലാവധികഴിഞ്ഞിട്ടും വലിച്ചെറിയാന്‍ ആവത്തത്...ഞാന്‍ തന്നെ എഴുതി അയക്കാതെ വെച്ചവ‍.. വീണ്ടും വായിക്കുമ്പോള്‍ എഴുതുമ്പോ‍ഴത്തെ അതേ മാനസികാവസ്ഥയിലേക്ക് ഒരു മടക്കം.. ഓരോ ശുചീകരണത്തിലും രക്ഷപ്പെട്ട് ബാക്കിയായവ.. തത്കാലം എന്റെ ഏകാന്തവാസം അവസാനിക്കുകയാണ്.. എല്ലാം ഒതുക്കി അടുക്കിയെ തീരൂ.. ആവശ്യമില്ലാത്തതെല്ലാം ചവറ്റുകുട്ടയിലെത്തണം..

പക്ഷെ ചിലതെല്ലാം എന്റെ പുരാവസ്തു ശേഖരത്തിലേക്ക് മുതല്‍ കൂട്ടണമൊ എന്ന് തോന്നിപോയി.. കൂട്ടത്തില്‍ കാലങ്ങളായി കളയാതെ വെച്ച് ആശംസാകാര്‍ഡുകള്‍.. ജോലിക്കാരിയായനാള്‍ മുതല്‍ എല്ലാവര്‍ഷവും കെട്ടുകണക്കിന് കാര്‍ഡുകള്‍ വാങ്ങിയിരുന്നു.. ആരെയും മറക്കാതിരിക്കാന്‍ ലിസ്റ്റ് എഴുതിവെച്ച്, വിട്ടുപോയവ പൂരിപ്പിച്ച്...പലപ്പൊഴും മറക്കാന്‍ തുടങ്ങിയവരെ ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്...

ഇടക്കൊരു ഉള്‍‌വലിയലില്‍ ആ ആവര്‍ത്തനവും കൈവിട്ടുപോയി.. എന്തൊക്കെയോ പ്രത്യെകതകളാല്‍ മുമ്പ് കിട്ടിയതില്‍ ചിലതൊക്കെ ഇപ്പൊഴും കൈയിലിരിക്കുന്നു.. അയച്ചവരില്‍ പലരും എവിടെയെന്നു പോലും അറിയില്ല.. ഇപ്പോള്‍ ഞാന്‍ ആര്‍ക്കും അയക്കാറില്ല.. ആരും എനിക്കും.. അവസാനം വരെയും കിട്ടിയിരുന്നത് എന്റെ കാട്ടുമുക്കിലെ കൂട്ടുകാരി പുഷ്പയില്‍ നിന്നു തന്നെ.. ഇപ്പോല്‍ അവള്‍ക്കും മൊബൈലായി.. പിന്നെ ആരയക്കാന്‍.. ആര്‍ക്കെന്നും ആരുടേതെന്നും എഴുതാന്‍ മറന്നു പോയതും റബ്ബര്‍ സീലിന്റെ ഒപ്പുപതിച്ചതുമായ ഔദ്യോഗിക ആശംസകള്‍ കാണുമ്പോള്‍, വെറുതെ ഒരു മോഹം.... ആരെങ്കിലും സ്വന്തം കൈപ്പടയില്‍ നാലുവരിയെഴുതി ഒരു കാര്‍ഡ് അയച്ചിരുന്നെങ്കില്‍ എന്ന്.. എന്തു ചെയ്യാം, ഓര്‍ത്തിരിക്കുന്നെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു ആശംസാകാര്‍ഡ് പോലും കിട്ടാതെ ഒരു പുതുവര്‍ഷം കടന്നു പോയി..

15 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ആശംസകളില്ലാതെ.....

d said...

ആശംസകളില്ലെങ്കിലും ഓര്‍മ്മകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം, അല്ലേ?

കടന്നുവന്ന ഈ പുതുവര്‍ഷം സന്തോഷത്തിന്റേതായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

പാറുക്കുട്ടി said...

എന്നാൽ എന്റെ ആശംസകളിരിക്കട്ടെ

കണ്ണൻ എം വി said...

ബാലചാപല്യങ്ങള്‍, ഓര്‍ക്കുവാന്‍ രസമാണു. കാലം ഒരു പ്രശ്നമാണു. നല്ല ആശയം നല്ല അവതരണം.....

ജ്വാല said...

വീണ്ടും വായിക്കുവാന്‍ മാറ്റിവെക്കുന്ന ആഴ്ചപതിപ്പുകളും,പഴയ സുഹുര്‍ത്ബന്ധങളുടെ നീലത്താളുകളും..എത്ര പൊടിപിടിച്ചാലും അമൂ‍ല്യമായ നിധി തന്നെ

Unknown said...

ആശംസകള്‍...

smitha adharsh said...

കാലം മാറിയപ്പോള്‍..എല്ലാവരും കോലം മാറ്റി കെട്ടാന്‍ തുടങ്ങിയിരിക്കുന്നു..

ശ്രീ said...

പക്ഷേ, എനിയ്ക്ക് ഇത്തവണയും കിട്ടി ആശംസാകാര്‍ഡുകള്‍... ഭാഗ്യം!

പുതുവത്സരാശംസകള്‍!

sreeNu Lah said...

ആശംസകള്

idlethoughts said...

enikku thonnunnu ellavarudeeyum kayyil ingine sookshichu vecha pazhaya kathukallum cardukallum undayirikkum ennu.............angine engil, oru divasam pazhaya frnds ellavarum otthu koodi avaravarude kayyilulla ella ''old is gold' itemsum parasparam kaimari kandu rasichu koodeee???????

Anil cheleri kumaran said...

''ഇടക്കൊരു ഉള്‍‌വലിയലില്‍ ആ ആവര്‍ത്തനവും കൈവിട്ടുപോയി.. ''

അതാണു പ്രശ്നം. എല്ലാവരുടേയും.

ഒരു ഗ്രീറ്റിംഗ് കാര്‍ഡ് കിട്ടാനും അയക്കാനും ആരെങ്കിലും ഉണ്ടായെങ്കില്‍ എന്നോര്‍ത്ത് വ്യാകുലപ്പെട്ട കുറേ വര്‍ഷങ്ങള്‍ എനിക്കും ഉണ്ടായിരുന്നു... ഇപ്പോഴും ഞാന്‍ അയക്കാറുണ്ട്. എനിക്കും ഒരെണ്ണം മുടങ്ങാതെ കിട്ടാറുണ്ട്. പ്രാര്‍ഥനയുടെ ഫലമെന്നോണം.
ഇഷ്ടപ്പെട്ടു ഈ ഓര്‍മ്മപ്പെടുത്തലുകള്‍.

salil | drishyan said...

ആശംസാകാര്‍ഡുകളും കുറിപ്പുകളും പണ്ടെഴുതി അവതരിപ്പിച്ച സ്കിറ്റുകളും കോളേജ് മാഗസിന്‍ എഡിറ്റോറിയലിലേക്ക് ആരൊക്കെയോ അയച്ച് തന്ന ‘കൃതി’കളുമെല്ലാം ഇട്ടു മൂടിയ പെട്ടികളും തരം തിരിക്കാതെ സൂക്ഷിച്ച് വെച്ച ആഴ്ചപ്പതിപ്പുകളും സിനിമാമാസികകളും സ്ഥലം മുടക്കുന്നു എന്ന് നാട്ടില്‍ നിന്ന് അമ്മയും ഇപ്പൊഴത്തെ വീട്ടില്‍ നിന്ന് ഭാര്യയും പറയുന്നു. സൂക്ഷിച്ച് വെക്കുന്നത് എന്തിനെന്നറിയില്ല, ഇനി നതെല്ലാം ഞാന്‍ വായിക്കുമോ എന്നുമറിയില്ല. പക്ഷെ കളയാം എന്ന് ആലോചിക്കുമ്പോള്‍ എവിടെയോ ഒരു കൊളുത്തി വലി!

സസ്നേഹം
ദൃശ്യന്‍

ഇട്ടിമാളു അഗ്നിമിത്ര said...

വീണ.. ഓര്‍മ്മകളേ സ്വന്തമായുള്ളു...;)

പാറുകുട്ടി.. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു..

കാണാകുയില്‍.. :)

ജ്വാലാമുഖി... നിധികളില്‍ പലതും പൊടിയാന്‍ തുടങ്ങിയിരിക്കുന്നു..

സുരേഷ്... :)

പാലക്കുഴി .. നന്ദി..

സ്മിത.. അതും ഒരു അനിവാര്യത തന്നെ..

ശ്രീ .. ഓര്‍ക്കന് ആളുകള്‍ ഉണ്ടല്ലെ.. ;)

ശ്രീനു .. നന്ദി..

ഐഡില്‍തോട്ട്സ്.. എന്റെ കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് ഒരിക്കല്‍ ഞാന്‍ തന്നെ എഴുതിയ കത്തുകള്‍ വായിച്ചിട്ടുണ്ട്.. അതില്‍ എഴുതികൂട്ടിയ വട്ടുകള്‍ വായിച്ച് ഞങ്ങള്‍ കുറെ ചിരിച്ചതാ..

കുമാരന്‍.. ആരാണാ ഒരാള്‍..;)

ദൃശ്യാ.. എന്റെ വീട്ടിലും‍ ഈ പഴയ മാഗസിനുകളുകളും പുസ്തകങ്ങളും പ്രശ്നമാവുന്നു.. പലതും പലരും അടിച്ചുമാറ്റുന്നു.പഴയ മാതൃഭൂമിയെല്ലാം ഓപ്പോള്‍ തൂക്കി വിറ്റു..:(

ഗൗരിനാഥന്‍ said...

വിലാസം തരൂ..വല്ലപ്പോഴും എന്റെ ഭ്രാന്തന്‍ എഴുത്തും വായിക്കാം

ഇട്ടിമാളു അഗ്നിമിത്ര said...

ഗൌരി.. അവസാനം വാക്കുമാറല്ലെ...!!