Wednesday, December 17, 2008

ഉപ്പിലിട്ട ലഡ്ഡുവുണ്ടോ..

ട്രെയിന്‍ യാത്രകളില്‍ നഷ്ടപ്പെടുന്നത് എന്തെന്നറിയാന്‍ ബസ്സ് യാത്രതന്നെ വേണം.. അതും മണിക്കൂറുകള്‍ നീളുന്ന പകല്‍ യാത്ര... ഇതിനു മുമ്പ് എന്നാണ് ഞാന്‍ ഇത്രയും ദൂരം ബസ്സില്‍ യാത്രചെയ്തതെന്ന് ഓര്‍ക്കുന്നില്ല.. കോളേജ് കാലത്തെ സ്റ്റഡിടൂറിനായിരിക്കണം.. പക്ഷെ അതിനു പാട്ടിന്റെയും ബഹളത്തിന്റെയും തീറ്റയുടെയുമൊക്കെ അകമ്പടിയുണ്ടായിരുന്നു.. അതൊന്നുമില്ലാതെ തനിച്ചൊരു യാത്ര.. ഒരേ ഇരുപ്പില്‍ കയ്യും കാലുമൊക്കെ വേദനിച്ച്, നടുവ് കഴച്ച്, അങ്ങിനെ അങ്ങിനെ ..

സാധാരണ നമ്മള്‍ പരിചയിക്കുന്ന സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്ര, അത് എത്ര അടുത്ത സ്ഥലമാണെങ്കിലും, കാഴ്ചക്കു വിരുന്നൊരുക്കാന്‍ എന്തെങ്കിലും ഒക്കെ കാണില്ലെ.. കാലം കുറെ കൂടിയാണ് ഞാന്‍ ഇങ്ങ് തെക്കുതെക്കുനിന്നും അങ്ങ് വടക്കോട്ടേക്കൊരു ബസ്സ് യാത്ര പോയത്.. പരിചിതമായ വഴികള്‍ കഴിയും വരെ വെറുതെ നോക്കിയിരുന്നു.. അതിനപ്പുറം മലപ്പുറം ജില്ലയിലെത്തിയപ്പോഴാണ് വഴിയരികിലെല്ലാം നിറയുന്ന ചില്ല്ഭരണികള്‍ കണ്ണില്‍ പെട്ടത്.. ചിലപ്പോള്‍ ഉപയോഗത്തിന്റെ ആധിക്യം കാരണം തട്ടിയും മുട്ടിയും പോറലുകള്‍ വീണ് സുതാര്യത നഷ്ടമായ പ്ലാസ്റ്റിക് ഭരണികളും. ബെഞ്ചെന്നൊ ഡെസ്കെന്നൊ പറയാനാവാത്ത നാലുമരക്കാലുകളുടെ ഉയര്‍ച്ചയില്‍ താങ്ങിനിര്‍ത്തിയ മരപലകളില്‍ അവ വഴിയരികിലെല്ലാം നിരന്നിരിക്കുന്നു.. കോഴിക്കോട്ടേക്ക് കടന്നപ്പോള്‍ അതൊരു സ്ഥിരം കാഴ്ചയായി.. ലോങ്ങ് റൂട്ട് ബസ്സിന്റെ വേഗതയില്‍ കുപ്പികളിലെ ഉള്ളടക്കം കണ്ടെത്താന്‍ ഇത്തിരി പണിപ്പെട്ടു.. ആവര്‍ത്തനങ്ങളില്‍ ഓരോന്നോരോന്നായി കണ്ടു പിടിച്ചപ്പോള്‍ ഞാനും യുറേക്കാ എന്നു വിളിച്ചാലോന്നു കരുത്തിയതാ.. എനിക്ക് പ്രിയപ്പെട്ട ഉപ്പിലിട്ട നെല്ലിക്ക.. അതില്‍ അല്പം എരുവിനായി നല്ല കാന്താരി മുറിച്ചിട്ടിരുന്നോ എന്നു അത്ര ഉറപ്പില്ല.. അതിലൊരെണ്ണം ഒരു വശത്തെ പല്ലുകള്‍ അമര്‍ത്തി ഒറ്റ കണ്ണടച്ച് ഒരു കഷണം വായിലാക്കണം.. വായില്‍ വെള്ളം വരുന്നില്ലെ.. ആ സ്വാദില്‍ തലയൊന്നു കുടയണം.. ആഹഹാ.. അടിപൊളിയല്ലെ..

നെല്ലിക്ക മാത്രമല്ല, കുഞ്ഞു അരിനെല്ലിക്കകള്‍ ഇളം പച്ചനിറത്തില്‍ മറ്റൊരു ഭരണിയില്‍ കിടപ്പുണ്ട്.. പിന്നെ മുഴുത്ത അമ്പഴങ്ങകള്‍ .. ഇതുമാത്രമല്ല കെട്ടൊ.. ഒരോ വളവിലും തിരിവിലും വായില്‍ കപ്പലോട്ടാനിരിക്കുന്ന വിഭവങ്ങള്‍ക്ക് തികഞ്ഞ വൈവിധ്യമുണ്ട്.. നീളത്തില്‍ കഷണമാക്കിയ മാങ്ങ എല്ലായിടത്തും ഉണ്ടായിരുന്നു.. മറ്റൊന്ന് നീളന്‍ മുളകാണെന്ന് കണ്ടെത്താന്‍ നാലഞ്ചിടത്ത് ശ്രദ്ധിച്ചു നോക്കേണ്ടി വന്നു.. (ഇപ്പൊഴും അത് മുളകുതന്നെയായിരുന്നൊ ന്ന് ഇത്തിരി സംശയം ബാക്കിനില്‍ക്കുണ്ട്).. എന്താണ് സംഭവം എന്നു പിടിതരാതെ നിന്ന വേറൊരാള്‍ ഓമക്കായ തുണ്ടുകള്‍ ആയിരുന്നു. .മുസ്ലിം ലീഗിന്റെ നാടായോണ്ടാണോന്ന് അറിയില്ല പച്ചനിറങ്ങളുടെ സമ്മേളനം തന്നെയായിരുന്നു ഈ ഉപ്പിലിട്ട വകകളില്‍... എന്നാലും ബിജെപിയുടെ സാന്നിധ്യമായി നല്ല ഓറഞ്ചു നിറത്തില്‍ കാരറ്റും വിപ്ലവം ഇവിടെയുമുണ്ടെന്ന് ഉദ്ഘോഷിച്ച് ലോലോലിക്കയും പലയിടത്തും കണ്ടു.. അധികം ആള്‍ സഞ്ചാരം കാണാത്തിടത്തു പോലും എട്ടും പത്തും ഭരണികളില്‍ ഇവ നിറഞ്ഞിരിക്കുന്നു.. ആരാ ഇപ്പൊ ഇതു വാങ്ങാന്‍ വരണെ ന്നു ചിന്തിക്കാനല്ലാതെ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലൊ.. ഞാന്‍ ഈ പറഞ്ഞ വകകള്‍ മാത്രമല്ല വേറെയും ചിലതു കൂടി ചില്ലുപാളികള്‍ക്കപ്പുറം ഒളിച്ചിരുന്നു.. എന്താന്ന് അറിയാന്‍ ഡ്രൈവെറോട് ഒന്നു നിര്‍ത്താമൊ ന്നു ചോദിച്ചാലോ ന്നു വിചാരിച്ചതുമാ..

വീട്ടില്‍ മാങ്ങാക്കാലമായാല്‍ അമ്മ വലിയ ഭരണികളില്‍ ഉപ്പുമാങ്ങയിടും.. തുണിയിട്ടു മൂടി അടപ്പിനുമുകളില്‍ മണ്ണുപൊത്തി അടുത്ത വര്‍ഷം വരെ അതിനു സുഖനിദ്ര.. മഴക്കാലത്ത് ജലദോഷപ്പനി പടരുംപോള്‍ ഉപ്പുമാങ്ങാ ഭരണി തുറക്കും.. പൊടിയരിക്കഞ്ഞി, ചുട്ടപപ്പടം, ഉപ്പുമാങ്ങ.. നാലുദിവസത്തേക്ക് ഒരേ മെനു.. സ്കൂള്‍ പടിക്കലെ കടലയുമ്മയുടെ കസ്റ്റഡിയിലും ഒരു ഭരണിയുണ്ടായിരുന്നു.. അതിലെ വിഭവം നെല്ലിക്കയായിരുന്നു.. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഇത്രയും വൈവിധ്യമാര്‍ന്ന ഉപ്പിലിട്ടതിന്റെ ഭരണികള്‍.. തിന്നില്ലെങ്കിലും കാഴ്ചതന്നെ വായില്‍ വെള്ളം നിറക്കുന്നു.. നിരന്നിരിക്കുന്ന ആ ഭരണികള്‍ ഒരു കാഴ്ചതന്നെയാണ്..
മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!

37 comments:

ഇട്ടിമാളു അഗ്നിമിത്ര said...

മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!

ശ്രീ said...

"അതിലൊരെണ്ണം ഒരു വശത്തെ പല്ലുകള്‍ അമര്‍ത്തി ഒറ്റ കണ്ണടച്ച് ഒരു കഷണം വായിലാക്കണം.. വായില്‍ വെള്ളം വരുന്നില്ലെ.. ആ സ്വാദില്‍ തലയൊന്നു കുടയണം.. ആഹഹാ..."

കൊതിപ്പിയ്ക്കാനായി ഓരോന്ന് ഇങ്ങനെ എഴുതി വയ്ക്കും... ഹും.
;)

bloganathan : ബ്ലോഗനാഥന്‍ said...

uppilittathukalute koottathil, perakka koodi untu ketto.

പകല്‍കിനാവന്‍ | daYdreaMer said...

ഉപ്പിലിട്ട കഥ കൊള്ളാം...

Jayesh/ജയേഷ് said...
This comment has been removed by the author.
Jayesh/ജയേഷ് said...

ലഡ്ഡു ഉപ്പിലിട്ടാല്‍ നന്നായിരിക്കില്ല. നല്ല കാന്താരി മുളകും കുറച്ച് പുളിയും ചേര്‍ ത്തരച്ച് ചമ്മന്തിയാക്കിയാല്‍ കിഡു. തൈര്‍ സാദത്തിന്റെ കൂടെ തൊട്ട് കൂട്ടാന്‍ ബഹുരസമാണ്`.

പോസ്റ്റ് കൊതിപ്പിച്ചൂട്ടോ.. നാട്ടില്‍ പോയപ്പോള്‍ മേല്‍ പ്പറഞ്ഞ മുസ്ലിം ലീഗുകാരെയൊക്കെ ഒന്ന് സ്വാദ് നോക്കിയത് മറക്കൂല്ല..

--- ഒരു മലബാറുകാരന്‍

Rare Rose said...

ഇതു വായിച്ചിട്ടു തന്നെ കൊതിയാവണു....:)

റിനുമോന്‍ said...

ഇങ്ങനെ കൊതിപ്പിക്കല്ലേ...

ഉപാസന || Upasana said...

വട്ടമാങ്ങ വട്ടം ചെത്തി ഉപ്പിലിട്ട കേരളം..!
:-)
ഉപാസന

naakila said...

കുട്ടിക്കാലത്ത് ചെനച്ച മാങ്ങ കല്ലില്‍ വച്ച് കുത്തിച്ചതച്ച് ഉപ്പുപൊടിയും മുളകുപൊടിയും തിരുമ്മി , പല്ലു പുളിക്കുവോളം തിന്നത് ഓര്‍മ വന്നു
ശ്രീ പറഞ്ഞ പോലെ കൊതിപ്പിയ്ക്കാനായി ഓരോന്ന് ഇങ്ങനെ എഴുതി വച്ചോ ട്ടോ

salil | drishyan said...

മാളൂസേ,
രസികന്‍ വിവരണം. അരിനെല്ലിക്കയും മാങ്ങയുമാണ് എന്‍‌റ്റെ ഫേവറിറ്റുകള്‍. കൂട്ടത്തില്‍ ഇരിമ്പിപുളിയും!
ഇത്തരം കുപ്പികള്‍ നിറയെ വെച്ച് പോകുന്ന ഉന്തുവണ്ടികളും മലബാര്‍ ഏരിയായില്‍ നിറയെ കാണാം. കോഴിക്കോട് കടപ്പുറത്ത് (ഒറ്റയ്ക്ക്)പോകുമ്പോള്‍ എപ്പോഴും കഴിക്കുന്നതില്‍ ഇതും പെടും (ഉള്ളിവടയും കട്ടങ്കാപ്പിയുമാണ് മറ്റുള്ളവ).

സസ്നേഹം
ദൃശ്യന്‍

Bindhu Unny said...

ഏതോ പുതിയ വിഭവമാണെന്ന് കരുതി വന്നതാ. പറ്റിച്ചില്ലേ. എന്തായാ‍ലും വായില്‍ വെള്ളം വന്നു. :-)

Jayasree Lakshmy Kumar said...

വേണ്ടായിരുന്നു ഈ ചതി. പോസ്റ്റ് മുഴുവൻ വായിൽ കപ്പലോട്ടിച്ചിരുന്നു വായിച്ചു

മാണിക്യം said...

ഇതാണ് ദുഷ്ടത്തരം
വയിക്കുന്നവരുടെ തലയില്‍ നിന്ന് ഇതോരു കാ‍ലവും പോകൂല്ല എനിക്ക് നല്ല ചെറുനാരങ്ങ കിട്ടി വെള്ള അച്ചാറിടാന്‍ പോണു .
ഈ വാശി അങ്ങനെ തീര്‍ക്കട്ടെ..
ഉപ്പിലിട്ട ജിലേബി താരാം കേട്ടോ.

smitha adharsh said...

പറ്റിച്ചല്ലോ...കൊതിപ്പിച്ചു കൊല്ലാനാ ഭാവം?
ഇഷ്ടപ്പെട്ടു..ഈ ഉപ്പിലിട്ട വിശേഷം..ഒപ്പം നല്ലൊരു ബസ്സ് യാത്രയും ചെയ്ത ഫീല്‍..

biju p said...

പേരയ്‌ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ടുകാര്‌. ഇത്‌ കണ്ട്‌ എന്റെ ഒരു തെക്കന്‍ സുഹൃത്ത്‌ ഉന്തുവണ്ടിക്കാരനായ ഉപ്പിലിട്ടവനോട്‌ ചോദിച്ചത്‌ 'വിരലുകളുണ്ടോ ഉപ്പിലിട്ടത്‌ ഒരു കഷ്‌ണമെടുക്കാന്‍' എന്നായിരുന്നു. അപ്പോള്‍ അയാളുടെ മറുപടി 'ഞമ്മള്‌്‌ മെഡിക്കല്‍ കോളേജില്‍ പോയി ചോയിച്ചിരിക്ക്‌ണ്‌ വെരല്‌ മാത്രം തരൂല്ല, ശവം മുയ്‌മന്‍ എട്‌ക്കണം എന്നാ പറഞ്ഞത്‌'. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സഹായിച്ച ഇട്ടിമാളുവിന്‌ നന്ദി.

biju p said...

പേരയ്‌ക്ക വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ കോഴിക്കോട്ടുകാര്‌. ഇത്‌ കണ്ട്‌ എന്റെ ഒരു തെക്കന്‍ സുഹൃത്ത്‌ ഉന്തുവണ്ടിക്കാരനായ ഉപ്പിലിട്ടവനോട്‌ ചോദിച്ചത്‌ 'വിരലുകളുണ്ടോ ഉപ്പിലിട്ടത്‌ ഒരു കഷ്‌ണമെടുക്കാന്‍' എന്നായിരുന്നു. അപ്പോള്‍ അയാളുടെ മറുപടി 'ഞമ്മള്‌്‌ മെഡിക്കല്‍ കോളേജില്‍ പോയി ചോയിച്ചിരിക്ക്‌ണ്‌ വെരല്‌ മാത്രം തരൂല്ല, ശവം മുയ്‌മന്‍ എട്‌ക്കണം എന്നാ പറഞ്ഞത്‌'. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ സഹായിച്ച ഇട്ടിമാളുവിന്‌ നന്ദി.

മുസാഫിര്‍ said...

കോഴിക്കോട്ടേക്കുള്ള അറബികളുടെ വരവുമായി എന്തെങ്കിലും ബന്ധം ഇതിന് ഉണ്ടായിക്കൂടെന്നില്ല.അറബികള്‍ ഉപ്പിലിട്ട സാധങ്ങള്‍ നന്നായി കഴിക്കാറുണ്ട്.

തോന്ന്യാസി said...

ഇട്ടീസ്...

ഉപ്പിലിട്ട മാങ്ങേടേം നെല്ലിക്കേടേം പേര് പറഞ്ഞ് പ്രവാസിയായ ഒരു മലബാരുകാരനെ കൊതിപ്പിച്ചതിന് ദൈവം ചോദിച്ചോളും...

തറവാടി said...

കഴിഞ്ഞ വെക്കേഷനില്‍ വയനാട്ടില്‍ പോയപ്പോള്‍ യാസിറാണ് തേനിലിട്ട നെല്ലിക്കയെപ്പറ്റി പറഞ്ഞത്. വഴിയിലെ ഒരു ചെറിയപെട്ടിക്കടയില്‍ നിന്നും പ്ലാസ്റ്റിക് കവറിലാക്കിയ തേന്‍-നെല്ലിക്ക!
വായിലിട്ടതും നെല്ലിക്ക അലിഞ്ഞില്ലാതായി.

Unknown said...

''മലബാറുകാരെ.. ഉപ്പിലിട്ട ലഡ്ഡുവുണ്ടോ, ഒരെണ്ണമെടുക്കാന്‍.. !!!'''


ആ ആക്കിയതാണല്ലേ..........

aneeshans said...

Wishing you a Happy n prosperous nEw year.

ഇട്ടിമാളു അഗ്നിമിത്ര said...

ശ്രീ... റെയര്‍ റോസ്.. റിനു മോന്‍.. കൊതിയായല്ലെ.. അതുമതി..


ബ്ളോഗനാഥന്‍ .. കൈതച്ചക്ക പോലും ഉപ്പിലിടും എന്ന് വേറോരാള്‍ പറഞ്ഞു..

പകല്‍കിനാവാ.. കഥ ഉപ്പിലിട്ടൊ.. ;)

ജയേഷ്.. ആ ചമ്മന്തി ഒന്നുപരീക്ഷിക്കാം ട്ടൊ..

ഉപാസനെ.. ഇതു കൊള്ളാലെ..

അനീഷ്.. നൊസ്റ്റാള്‍ജിയ..

ദൃശ്യാ.. അപ്പൊ ഒരു ഭരണിയില്‍ ഈ ഇരുമ്പിപ്പുളിയായിരുന്നിരിക്കണം..

ബിന്ദു.. ലക്ഷ്മി...സ്മിത .. പറ്റിച്ചെ.. ;)

മാണിക്യം.. നിറയെ പച്ചമുളകും ഇഞ്ചിയും ഇടണെ..

ബിജു.. ഇതെന്റെ കൂട്ടുകാരോട് പറഞ്ഞു .. കുറെ നേരത്തേക്ക് ചിരിക്കാനുള്ള വകയായിരുന്നു..

മുസാഫിര്‍.. പുതിയ അറിവാണല്ലൊ.. നന്ദി..


തോന്ന്യാസി.. ബസ്സിലിരുന്ന് കണ്ട് കൊതിച്ച എന്റെ കാര്യമൊ..


തറവാടി.. തേന്‍ നെല്ലിക്ക ചില എക്സിബിഷനുകളില്‍ കാണാറുണ്‍റ്റ്.. എനിക്കും ഇഷ്റ്റമാ...

മുരളിക.. ആക്കിയതല്ല.. സംശയം ചോദിച്ചതാ...

നൊമാദ്.. നന്ദിയുണ്ട്..

idlethoughts said...

near farook college, calicut, where i did my degree, there was a 'Mangaakkaran' who sell a lot of things-mango, pineapple, nellikka etc- put in salted-water.......he may b still there with his small shop on four-wheeled 'thattukada'...the taste of salted-pine apple is still here upon my tongue........

thnx for remembering tht nice tastes......

ഞാന്‍ ഇരിങ്ങല്‍ said...

ഇട്ടൂസ്സ്,
ഏറെ വൈകിയാണെങ്കിലും ....

ഈ മരുഭൂ‍മിയില്‍ പെണ്ണും പിടക്കോഴിയുമൊന്നുമില്ലാതെ നില്‍ക്കുന്ന എന്നെ പോലുള്ളവരെ കൊതിപ്പിക്കാന്‍ മേലില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യരുത്..!!!

വളരെ നന്നായി
അഭിനന്ദനങ്ങള്‍

ശ്രീജ എന്‍ എസ് said...

manoharam...
ithra nannayi ezhuthunna aale parichayappedan moham...
sreedevi.sreeja@gmail.com

ഇട്ടിമാളു അഗ്നിമിത്ര said...

idlethoughts.. nostalgia..!!!


ഇരിങ്ങലെ. .. ഇനി ഉപ്പിലിട്ട ജിലേബിയെ കുറിച്ചെ എഴുതൂ...

ദേവീ.. ശ്രീദേവി...:)

സ്വപ്നാടകന്‍ said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

യെസ് ,പേരയ്ക്കയും കൈതച്ചക്കയും വരെ ഉപ്പിലിട്ടുകളയും ഞങ്ങള്‍ ..!മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ അങ്ങാടികളിലെ പെട്ടിക്കടകളില്‍ ഇതൊക്കെ ഒരു സ്ഥിരം ഐറ്റം ആണ്..കൂടെ കേരറ്റ്,പച്ച മാങ്ങ,കക്കിരിയ്ക്ക,എലന്തയ്ക്ക,നെല്ലിയ്ക്ക ഇത്യാദി ഐറ്റംസും.കോഴിക്കോട് ബീച്ചില്‍ കാണാം,ഇവ വില്‍ക്കുന്ന ഉന്തുവണ്ടികള്‍ ധാരാളമായി.മാങ്ങ,കക്കിരിയ്ക്ക,കേരറ്റ്,കൈതച്ചക്കയും എന്നിവയൊക്കെ നീളത്തില്‍ മുറിച്ച് ഉപ്പിലിട്ടതിന്റെ മുകളില്‍, ഉപ്പും മുളകും ചേര്‍ത്ത് കലക്കിയ ഒരു മിശ്രിതം തേച്ചാണ് പ്രയോഗം..ഹോ..ആ സ്വാദ് ഒന്ന് വേറെത്തന്നെ!പക്ഷെ മറ്റൊന്ന് കൂടിയുണ്ട്..ഈ സാധനങ്ങളിലൊക്കെ ഉപ്പു ശരിക്ക് പിടിക്കണമെങ്കില്‍ അവ കൊറെയധികം നാള്‍ ഉപ്പിലിട്ടു വയ്ക്കേണ്ടിവരും,ആ ഒരു ബുദ്ധിമുട്ട് ഒഴിവാക്കി ഇവയില്‍ വേഗം ഉപ്പുപിടിക്കാന്‍,സാധനം ബാറ്ററി വാട്ടെറിലാണ് ഇട്ടുവയ്കാറത്രേ ചിലരെങ്കിലും....

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകാ.. എന്താണീ ബാറ്ററി വാട്ടർ?

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

അയ്യേ ..ബാറ്ററി വാട്ടർ എന്താന്നറിയില്ലേ??ഈ ബാറ്ററിയില്ലേ ബാറ്ററി,വാഹനങ്ങളിലൊക്കെ ഉപയോഗിക്കുന്ന..അതിലെ ഇലെക്ട്രോലൈറ്റ് ആണ് ബാറ്ററി വാട്ടർ എന്ന് പറയുന്ന സാധനം.മിനെറല്‍ വാട്ടെരിന്റെ പോലത്തെ ബോട്ടിലില്‍ കിട്ടും,വെള്ളം പോലെത്തന്നെ കാഴ്ചയ്ക്ക്.പക്ഷെ സാധനം വളരെ നേര്‍പ്പിച്ച ആസിഡ് ആണ്.

ഞങ്ങള്‍ കൊയ്ക്കോട്ടുകാരോടാ കളി..ആഹാ..;)

സ്വപ്നാടകന്‍ said...
This comment has been removed by the author.
സ്വപ്നാടകന്‍ said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നാടകാ.. വിൻഡോ മാറിപോയതാ..

Sabu Ismail said...

ഇട്ടിയമ്മേ! :)

ഇട്ടിമാളു അഗ്നിമിത്ര said...

എന്തോ ?