Wednesday, September 17, 2008

എന്റനിയന്‍ മുണ്ടുടുത്തു..

ഓണാലസ്യം കഴിഞ്ഞ് എല്ലാവരും പഴയലാവണങ്ങളില്‍ തിരിച്ചെത്തിയിരിക്കുന്നു.. ഞങ്ങളുടെ കൂടാരവും ഇന്നലെ ഓണവിശേഷങ്ങളാല്‍ മുഖരിതമായിരുന്നു.. ഒരോരുത്തര്‍ക്കും പറയാന്‍ ഓരോ വിശേഷങ്ങള്‍.. ഓണക്കോടികള്‍ നിരത്തി മറ്റുള്ളവരുടെ അഭിപ്രായമറിയാനുള്ള ആകാംക്ഷ.. എവിടെയൊക്കെ പോയി ആരൊക്കെ വന്നു.. എന്തൊക്കെ തിന്നു.. മിക്കവര്‍ക്കും ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നുള്ള മോചനം തന്നെയാണ് ഓണം സമ്മാനിക്കുന്നത്.. തിന്നു തിന്ന് മരിച്ച് ഇന്നലെ വീണ്ടും ങ്ങക്കറിയും ക്കതോരനും കൂട്ടേണ്ടി വരുമ്പോഴും ഒരു ആശ്വാസം... ഓണബാക്കിയായി കുപ്പികളില്‍ അടച്ച് കൊണ്ടു വന്നത് ഒരു മൂന്ന് നാല് ദിവസം കൂടി ഓടും..

എല്ലാരും തന്നെ ജോലിക്കാര്‍.. ചിലര്‍ ട്രെയിനി എന്ന പാതിവെന്ത അവസ്ഥയില്‍.. എന്നാലും ഓണം ആവുമ്പൊ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഓണക്കോടി വാങ്ങാന്‍ എന്തു കടം വാങ്ങിയായാലും എല്ലാരും ശ്രമിക്കും.. മിക്കവരും എന്തു വാങ്ങണമെന്ന് നേരത്തെ ആലോചിച്ചു വെച്ചിരിക്കും.. ചിലപ്പോള്‍ തടസ്സമായി മുന്നിലെത്തുക ബഡ്ജെറ്റ് ആവും.. ഓണക്കോടികള്‍ ഒരു വേഷപകര്‍ച്ചക്ക് വഴിതെളിയിക്കുന്നില്ലെ?.. അടുത്ത പടിയിലേക്കുള്ള സ്ഥാനക്കയറ്റം.. !!!.... പെണ്‍കൊടികള്‍ക്ക് മിക്കവാറും ആദ്യത്തെ സാരികിട്ടുന്നത് ഓണത്തിനാവാനാണ് സാധ്യത.. അതിനുമുമ്പ് എന്ത് മുറികഷണം കാലുറയിട്ടുനടന്നാലും ശ്രദ്ധിക്കാത്തവര്‍ സാരിയുടുത്താല്‍ ഒന്നു നോക്കും.. പെണ്ണങ്ങ് വളര്‍ന്ന് പോയില്ലെ.. (ഇത് കുറെ കേട്ടതാണെന്നല്ലെ..) അതെ.. മകള്‍ സാരിയുടുത്ത് മുന്നില്‍ വന്നു നിന്നാല്‍ ഏതു കഠിനഹൃദയന്റെ നെഞ്ചും ഒന്ന് ആളും.. ഇതിനെ ഒന്ന് ആരെയെങ്കിലും കൈപിടിച്ച് കൊടുക്കണ്ടെ.. തൊട്ടടുത്ത് പെരുമ്പറകൊട്ടുന്ന നെഞ്ചുമായി അമ്മയും കാണും.. ജോലിക്കാരാവുമ്പൊഴും ആരെങ്കിലും ഒരു ഓണക്കോടി തരാനുണ്ടെങ്കില്‍ അതൊരു സന്തോഷം തന്നെയാണല്ലെ.... അതു കിട്ടാതാവുമ്പൊഴെ അതിന്റെ സുഖമറിയൂ..

ഇനി മക്കള്‍ അമ്മക്കും അച്ഛനുമുള്ള ഓണക്കോടി വാങ്ങുമ്പൊഴൊ.. എന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ വാങ്ങിയതാ എന്നു പറയാന്‍ അവര്‍ക്ക് നൂറുനാവാകും.. വളര്‍ത്തി വലുതാക്കി ഇത്രയൊക്കെ ആക്കിയില്ലെ എന്നൊരു അഭിമാനവും കാണും ആ പറച്ചിലില്‍.. ജോലിക്കാരായി ആദ്യത്തെ ഓണമാണെങ്കില്‍ അതിനൊരു പ്രത്യേക പകിട്ടുതന്നെ.. പക്ഷെ അച്ഛനു ഇനി ഇളം നിറം മതി എന്ന് സ്വയം തീരുമാനിച്ച് വാങ്ങിക്കൊടുത്താല്‍ നീയെന്നെ വയസ്സനാക്കിയല്ലെ എന്ന് അച്ഛന്‍ മനസ്സില്‍ പറഞ്ഞെന്നിരിക്കും.. ഇനി അമ്മക്ക് സാരിമാറ്റി മുണ്ടും നേരിയതും ആക്കിയാലും ഇതു തന്നെ അവസ്ഥ.. മുടിയിലെ വെള്ളിവരകള്‍ ഉറക്കം കെടുത്തുന്നതിന്റ്റെ കൂടെ യൂ ട്ടൂ ബ്രൂട്ടസ്സ് എന്ന് അമ്മയും പറയും.. പാവം ആ അച്ഛനമ്മമാരുടെ വേദന മക്കള്‍ എങ്ങിനെ അറിയാന്‍..

വേഷപകര്‍ച്ചകളിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക പെണ്ണിനു തന്നെയാണ്. അതില്‍ ആരും എതിരുപറയും എന്ന്‍ തോന്നുന്നില്ല.. എന്തൊ അവളുടെ വളര്‍ച്ചയാണല്ലൊ എല്ലാരുടെയും കണ്ണില്‍ പെടുക.. പക്ഷെ ഈ ചേട്ടത്തിമാര്‍ കുഞ്ഞനിയനും അനിയത്തിക്കും ഓണക്കോടി വാങ്ങിയാലൊ.. ആ പുത്തന്‍ അണിഞ്ഞ് അവരെ കാണുമ്പൊ കണ്ണില്‍ ഇത്തിരി ചാറ്റല്‍ മഴ പെയ്തെന്നൊക്കെ വരാം.. പക്ഷെ ഓണം കഴിഞ്ഞുവന്ന എന്റെ കൊച്ചു കൂട്ടുകാരിയുടെ ഏറ്റവും വലിയ വിശേഷം പറച്ചില്‍ എന്താരുന്നെന്നൊ..

"ഏന്റനിയന്‍ മുണ്ടുടുത്തു.."

അതിനെന്താ ഇത്ര പറയാന്‍ എന്നൊരു ചോദ്യം കേട്ടുനിന്നിരുന്നവരുടെയെല്ലാം കണ്ണുകളില്‍.. അധികമാര്‍ക്കും അതൊരു വിശേഷമായി തന്നെ തോന്നിയില്ല.. ശരിയാ ഒരു കുഞ്ഞന്‍ എട്ടാംക്ലാസ്സുകാരാന്‍ ആദ്യമായികിട്ടിയ മുണ്ടും ചുറ്റി ഓണത്തിന് ഓടിനടന്നതില്‍ എന്തിത്ര പറയാന്‍ അല്ലെ.. പക്ഷെ അവളെ സംബന്ധിച്ചിടത്തോളം ഒരുപാട് പറയാനുണ്ടായിരുന്നു..

അച്ഛന്റെ ഓര്‍മ്മപോലും ഇല്ലാതെ വളര്‍ന്ന അവന് മുണ്ടുടുക്കാന്‍ സ്വന്തമായിതന്നെ ഒരു മുണ്ടുവേണമായിരുന്നു.. തമാശക്കു പോലും അവനൊരു മുണ്ടുചുറ്റി നടക്കുന്നത് അവള്‍ കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ അവള്‍ക്ക് അതൊരു സന്തോഷവും സങ്കടവും നല്‍കിയ നിമിഷം തന്നെയായിരുന്നു... അവള്‍ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടാണ് എല്ലാരും മാറിയപ്പോള്‍ ഞാന്‍ ചോദിച്ചത്..

"നിനക്ക് എന്ത് തോന്നി അനിയന്‍ മുണ്ടുടുത്ത് കണ്ടപ്പൊ"

കുറെ നേരം അവള്‍ എന്നെ തന്നെ നോക്കിയിരുന്നു.. പിന്നെ പറഞ്ഞു

"അവന്‍ വളര്‍ന്നു പോയല്ലൊ എന്നൊരു സങ്കടം.. നല്ല പൊക്കം വെച്ചു... വലിയ കുട്ടിയായപോലെ "

ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു..

"നല്ല ഭംഗിയുണ്ടാരുന്നു.."

"നിനക്കെന്തിനാ അതിനു വിഷമം"

"അതെനിക്കറിയില്ല"

അനിയന്‍ വളര്‍ന്ന് അമ്മക്ക് ഒരു തണലാവാന്‍ കാത്തിരിക്കുന്ന അവള്‍ക്ക് അവന്‍ വലുതായെന്ന തോന്നല്‍ എങ്ങിനെ സങ്കടമാവുന്നു.. കൂടുതല്‍ ചോദിക്കാന്‍ എനിക്കാവില്ലായിരുന്നു.. എനിക്ക് അനിയന്‍ ഇല്ല.. ഇപ്പോള്‍ ഞങ്ങളുടെ കൂടാരത്തിലെ കൂട്ടുകളില്‍ കുഞ്ഞനിയന്‍ ഉള്ളത് അവള്‍ക്ക് മാത്രം.. അതുകൊണ്ട് തന്നെ അനിയന്‍ വളര്‍ന്നു പോയതിലെ ആ സങ്കടം പങ്കുവെക്കപ്പെടാതെ അവളുടേതു മാത്രമായി മാറി..

Friday, September 5, 2008

കുട്ടിട്ടീച്ചര്‍


ഒരു രാവുമുഴുവന്‍ ഞങ്ങള്‍ ഉറങ്ങാതിരുന്നു.. ഞാനും അവളും അവനും.. ശുഭരാത്രി പറയേണ്ട നേരത്താണ് അവനെന്നെ വിളിച്ചത്.. എന്നിട്ട് അവന്‍ എന്നോട് കഥ പറയാന്‍ തുടങ്ങി .. നീണ്ട പത്തുവര്‍ഷങ്ങളുടെ കഥ.. അവന്റെ ഭാഷയില്‍ അദ്ധ്യാപകരുടെ കണ്ണിലെ കരടായിരുന്നവന്‍ കണ്ണിലുണ്ണിയായത്.. കടലാസു യോഗ്യതകള്‍ക്കപ്പുറം കഴിവിന്റെ വിലയറിഞ്ഞത്.. നേടാവുന്നതിലപ്പുറം നേടിയത്.. പ്രായത്തിന്റെസ്വന്തം തെറ്റുകളെ തള്ളിപ്പറയാതെ അവന്‍ ആണയിട്ടു, "ഞാനിന്ന് നല്ല കുട്ടിയാ, ".. അവന്‍ തുടര്‍ന്നു.. തലേന്നാള്‍ അവളോട് പറഞ്ഞത് മുഴുവന്‍ വീണ്ടും എനിക്കായ് ആവര്‍ത്തിച്ചു.. അപ്പൊഴെക്കും അവളുടെ വിളി എന്നെതേടിയെത്തി.. അവനെ വിളിച്ചൊ, എന്തു പറഞ്ഞു എന്നെല്ലാമറിയാന്‍.. പിന്നെ ഞങ്ങള്‍ മൂന്നുപേരും മൂന്നു കോണിലിരുന്ന് പരസ്പരം കാതോര്‍ത്തു.. ഇടക്കിടക്ക് ഓരോ മണിക്കൂറിന്റെ ഇടവേളയില്‍ കമ്പിയില്ലാകമ്പികള്‍ അറ്റുകൊണ്ടിരുന്നു.. വീണ്ടും കൂട്ടിയോജിപ്പിച്ച് അവന്‍ വിളിച്ചു ചോദിച്ചു.. രണ്ടു ടീച്ചര്‍‌മാരും ഉണ്ടൊ.. ഹാജര്‍ ഹാജര്‍, ഞങ്ങള്‍ ഇരുവരും ഒപ്പം സാന്നിധ്യമറിയിച്ചു.. .. ഇടക്കെപ്പൊഴൊ അവള്‍ഞങ്ങള്‍ക്ക് സുപ്രഭാതം നേര്‍ന്നു.. സമയം രാവിനെ പിന്‍‌തള്ളി പുലരിയോടടുക്കുന്നു.. കഥയിനിയും ബാക്കിയാണ്... അവന്‍ കഥ തുടരുകയാണ്..


ഞാനും അവളും മലമുകളിലാണ്.. വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും തമ്മില്‍ ചുരിദാറും സാരിയും തമ്മിലുള്ള വ്യത്യാസം മാത്രം.. സാരിയുടുത്ത് നേരെ നടക്കാന്‍ അറിയില്ലെങ്കിലും സാരിയുടുത്തെ തീരൂ.. കാരണം ടീച്ചര്‍‌മാര്‍ സാരിയുടുക്കണമെന്നത് അന്നത്തെ നിയമം.. ഇന്നായിരുന്നെങ്കില്‍..?... ഡിഗ്രിക്കാരെല്ലാം സാരിയുടുക്കണമെന്ന കന്യാസ്ത്രീകളുടെ ചട്ടം സഹിക്കാനാവാതെയാണ് തൊട്ടടുത്ത മിക്സ്ഡ് കോളേജിലേക്ക് ചാടിയത്.. അതൊരു കാലം..

പറഞ്ഞുവന്നത്, മലമുകളിലെ കാലമല്ലെ.. മാര്‍ച്ചിലും നല്ല മഞ്ഞുകാറ്റടിക്കുന്നു.. കോളേജും സ്കൂളും എല്ലാം ചേര്‍ന്നൊരു കൊച്ചു വട്ടം.. രൂപത്തിലും പ്രായത്തിലുമൊക്കെ ചെറിയാതായിരുന്നതിനാലാവാം- ഒരു കുട്ടിട്ടീച്ചര്‍- ആദ്യം കിട്ടിയത് പത്താംക്ലാസ്സ് ആയിരുന്നു.. കുറച്ചു കുട്ടികള്‍ മാത്രം ഉള്ളതുകൊണ്ട് ഓരോരുത്തരുടെയും വീട്ടിലെ കാര്യങ്ങള്‍ അടക്കം ടീച്ചേഴ്സിനു അറിയാമായിരുന്നു.. നല്ലകുട്ടികള്‍ ചീത്തകുട്ടികള്‍ അങ്ങിനെ മനപ്പൂര്‍വ്വമല്ലെങ്കിലും പലരുടെയും വര്‍ത്തമാനത്തില്‍ വേര്‍ത്തിരിവുകള്‍ ധാരാളം.. ഒരോ കുട്ടിയേയും അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ ചിലരോടൊരു ഇഷ്ടകൂടുതല്‍/കുറവുകള്‍ എന്റെയും മനസ്സില്‍ കടന്നുകൂടിയിരുന്നു.. എന്നാലും പലപ്പൊഴും മറ്റുള്ളവരുമായി യോജിക്കാത്തതായിരുന്നു എന്റെ അഭിപ്രായങ്ങള്‍ മിക്കതും.. അതെന്റെ കുഴപ്പമെന്ന് സ്വയം വിധിയിലെത്തുകയെന്നതായിരുന്നു എന്റെ സ്വഭാവവും..

അടുത്ത അദ്ധ്യയനവര്‍ഷത്തിലും പത്താംക്ലാസ്സുകാര്‍ക്ക് ഞാനുണ്ടായിരുന്നു.. അവിടെയായിരുന്നു മിക്കവരുടെയും കണ്ണിലെ കരടായിരുന്ന അവന്‍.. അതിനുമുമ്പ് ഒരു പിരുപിരുപ്പനായി ഓടിനടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നിട്ടില്ലായിരുന്നു.. ആദ്യത്തെ ക്ലാസ്സില്‍ തന്നെ അതുവരെ കിട്ടിയ അഭിപ്രായങ്ങള്‍ എല്ലാം മാറ്റിയെഴുതേണ്ടി വന്നു.. ക്ലാസ്സെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിച്ചിരിക്കുന്നത് അവനായിരുന്നു.. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതും അവനില്‍ നിന്നു തന്നെ.. മഞ്ഞനിറമുള്ള വിരല്‍ ചൂണ്ടി അവന്‍ "ടീച്ചറേ.." എന്നു നീട്ടി വിളിക്കും.. ആ‍ ചോദ്യത്തിന്റെ തുടര്‍ച്ചയായി ക്ലാസില്‍ അധികം വാചാലമാവാത്തവര്‍ പോലും സംശയങ്ങള്‍ ചോദിക്കാ‍ന്‍ തുടങ്ങിയപ്പോഴാണ് എന്റെ ക്ലാസില്‍ അവന്റ്റെ വിലയെന്തെന്ന് ഞാന്‍ അറിഞ്ഞത്.. അവനുണ്ടായിരുന്നത്കൊണ്ടാണ് പഠിപ്പിക്കാനായി എങ്ങിനെ പഠിക്കണമെന്ന് ഞാന്‍ പഠിച്ചത്.. എന്നിട്ടും അവനെങ്ങിനെ മറ്റുള്ളവരുടെ കണ്ണിലെ കരടായെന്നത്.. തല്ലും വഴക്കും വലിയും കുടിയും പിന്നെയൊരു എട്ടാംക്ലാസ്സുകാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ ചെയ്തികള്‍.. കേട്ടതൊക്കെ എത്രമാത്രം ശരിയായിരുന്നെന്ന് ഇന്നും എനിക്കറിയില്ല... പക്ഷെ അവന്റെ തലതിരിഞ്ഞസ്വഭാവങ്ങള്‍ക്കിടയിലും എനിക്കവനെ ഇഷ്ടമായിരുന്നു.. പേരിലുള്ള സാമ്യം പോലെ അവള്‍ക്കും..

രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ മലയിറങ്ങുമ്പൊഴും അവനവിടെയുണ്ടായിരുന്നു.. പിന്നെ മാറിപ്പോയ എന്റെ വഴികള്‍.. സ്വയമൊരു പിന്‌വലിയല്‍, അകന്നു പോയ കൂട്ടുകെട്ടുകള്‍.. ഇതിനിടയില്‍ അവനെ കുറിച്ചുള്ള വിവരങ്ങളും എനിക്ക് കിട്ടാതായി.. വല്ലപ്പൊഴുമെത്തുന്ന അവളുടെ വിളികളിലും അവനെ കുറിച്ചൊന്നുമില്ലായിരുന്നു.. പലപ്പൊഴും പഴമ്പുരാണങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇടയില്‍ അവനും കടന്നു വരും.. പിന്നെ "ഇപ്പോള്‍ എവിടെയാണാവോ?" എന്നൊരു നെടുവീര്‍പ്പില്‍ എല്ലാമൊതുങ്ങും.. ഓര്‍ക്കൂട്ടിന്റെ വലയില്‍ നിന്നും അവള്‍ ദിവസങ്ങള്‍ക്ക് മുമ്പ് അവനെ കണ്ടെത്തും വരെ..

ഈ അദ്ധ്യാപകദിനത്തില്‍ എന്റെ സന്തോഷം അവനാണ്.. ഇന്നലെ അവനെന്നെ കാണാന്‍ വന്നിരുന്നു.. ആ കൊച്ചു പയ്യനില്‍ നിന്നും വലിയൊരാളായി.. എന്നാലും ആ ടീച്ചറെ എന്ന വിളി.. അതു മതിയായിരുന്നു ഞാനെന്ന പഴയ ടീച്ചര്‍ക്ക്...‍





Wednesday, September 3, 2008

പ്രവാസികള്‍ക്കായ്..

പ്രവാസം ഇറങ്ങും മുമ്പെ അതൊരു ചര്‍ച്ചാവിഷയമായിരുന്നു.. ചിങ്ങം ഒന്നിന് പുറത്തിറങ്ങുന്നു എന്നതാരുന്നു ആദ്യത്തെ പരസ്യം.. ഇറങ്ങിയൊ എന്നറിയില്ല.. അന്ന് ഡി സി ബുക്സ് തുറക്കാത്തതിനാല്‍ മുന്‍‌കൂര്‍ കാശ് കൊടുത്തിട്ടും കയ്യില്‍ കിട്ടിയില്ല, വ്യത്യസ്തമായ അഞ്ച് മുഖചിത്രങ്ങള്‍.. ലക്ഷ്മി എന്‍ മേനോന്റെ വൈക്കോല്‍ കലാവിദ്യയാല്‍ സുന്ദരമാക്കിയ കവര്‍ പേജുകള്‍.. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം സാഹിത്യകാരന്മാരും പ്രശസ്തവ്യക്തികളും കഥാപാത്രങ്ങളാവുന്നു.. എന്തിനു കഥപറച്ചിലുകാര്‍ തന്നെ ഇതിലൊരു ഭാഗമാവുന്നു.. തുണ്ടുതുണ്ടായി ആഴ്ചകള്‍ക്ക് വീതിച്ചു കൊടുക്കാതെ ഒന്നായി കയ്യിലെത്തുന്നു.. ഇതൊന്നുമില്ലെങ്കിലും മയ്യഴിപുഴയുടെ കഥാകാരന്‍ കഥപറയാന്‍ തുടങ്ങുമ്പോള്‍ ആരാണ് കാത്തിരിക്കാതിരിക്കുക..

(സ്വപ്നത്തിലെ നിധിതേടി ലോകം മുഴുവന്‍ അലഞ്ഞ് അതു നേടാന്‍ പഴയ വഴിയമ്പലത്തില്‍ തിരിച്ചെത്തുന്ന സാന്റിയാഗോവിന്റെ കഥ പറഞ്ഞത് പൌലോ കൊയ്‌ലോ ആണ്... )

പ്രവാസത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്..

" A man travels the world over in search of what he needs, and returns home to find it “- George Moore

സഞ്ചാരികളാണ് പ്രവാസികളെ ഉണ്ടാക്കുന്നത്.. മലയാളം കണ്ട ഏറ്റവും വലിയ സഞ്ചാരിയായ എസ് കെ പൊറ്റേക്കാട് തുടക്കമിട്ട പ്രവാസികളുടെ കഥ ഇന്നിലെ മുകുന്ദനിലൂടെയാണ് മുന്നേറുന്നത്... ഒരുപാട് കഥാപാത്രങ്ങള്‍ ഒരുപാട് നാടുകള്‍ പരസ്പരം കെട്ടുപിണഞ്ഞ ഒരു പാട് കണ്ണികള്‍ ഇവരിലൂടെയാണ് പ്രവാസം കഥയാവുന്നത്..ഇത്തിരി വട്ടത്തുനിന്ന് വട്ടമില്ലാത്ത ലോകത്തിലേക്ക് യാത്രപുറപ്പെടുന്ന കൊറ്റ്യത്ത് കുമാരനില്‍ തുടങ്ങുന്ന പ്രാവാസി ചരിത്രം മകന്‍ ഗിരിയിലൂടെ മകന്റെ മകന്‍ അശോകനിലൂടെ വളര്‍ന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പിച്ചവെക്കാന്‍ തുടങ്ങുന്ന അശോകന്റെ മകന്‍ രാഹുലിലാണ് അവസാനിക്കുന്നത്.. പക്ഷെ പ്രവാസം അവരുടെ മാത്രം കഥയല്ല..

മൂന്നൂനേരം മൂക്കുമുട്ടെ തിന്നാനുണ്ടായിട്ടും കുമാരന്‍ യാത്രയാവുന്നത് പണിയെടുക്കാനും, നാടുകാണാനും യാത്രചെയ്യാനുമാണ്.. ഒരു പക്ഷെ കഥപറയുന്ന ശങ്കരന്‍കുട്ടിക്കപ്പുറം ഇങ്ങനെ യാത്രയാവുന്ന ഒരേ ഒരാള്‍ കുമാരനായിരിക്കും.. ബര്‍മ്മയിലേക്ക് ബ്രിട്ടീഷ് റെയില്‍ കമ്പനിയില്‍ തൊഴില്‍ തേടി പോയ കുമാരന്‍ കടല്‍ ചൊരുക്കില്‍ കഷ്ടപ്പെട്ടിട്ടും ബര്‍മ്മയുടെ മണ്ണില്‍ ചെരുപ്പിന്റ് തടസ്സമില്ലാതെ കാല്‍ കുത്തുമ്പോള്‍ അയാള്‍ക്ക് തോന്നുന്ന വികാരം അനിര്‍വചനീയമാണ്.... പിറന്നനാട്ടില്‍ നിന്നും കാതങ്ങള്‍ അകലെ താന്‍ സ്വപ്നം കണ്ടിരുന്ന നാട്ടിലെത്തിയതിന്റെ സന്തോഷം.. സ്വന്തം വീട്ടില്‍ വിട്ടുപോന്നിരിക്കുന്ന ഭാര്യയെയും(കല്ല്യാണി) പിഞ്ചുകുഞ്ഞായ മകനെയും(ഗിരി) മറന്നില്ലെങ്കിലും അവരില്‍ നിന്നും മനസ്സുകൊണ്ടുപോലും അയാള്‍ ഒരു പാട് അകന്നുപോയപോലെയായിരുന്നു അയാളുടെ ജീവിതം.. വിശപ്പിന്റെ വിലയറിഞ്ഞ് കഷ്ടപ്പെട്ട കാലങ്ങള്‍ക്കൊടുവില്‍ അഭയമായി മുന്നിലെത്തുന്നതും ഒരു പ്രവാസിതന്നെ - ബീരാന്‍‌കുട്ടി.. നാടുമറന്നു പോയ ബീരാന്‍‌കുട്ടിയും കുമാരനും പരസ്പരം ആശ്രയങ്ങളാവുകയാണ്.. ഖല്‍ബിലെ പഞ്ചാരകട്ടിയായിരുന്ന ബര്‍മ്മക്കാരി ഭാര്യ, ചിത് ചൊ തന്നെ ഉപേക്ഷിച്ച് പോയെങ്കിലും മകള്‍ കതീശ ബീരാന്‍‌‌കുട്ടിയുടെ കൂടെയുണ്ട്.. ഒരു പുതിയാപ്ലയെ തേടിയലഞ്ഞ് ആശയറ്റുപോവുമ്പോള്‍ അതുവരെ ഇറയത്തുകിടന്നിരുന്ന കുമാരനെ മകളുടെ ഭര്‍ത്താവായി വീടിനകത്തേക്ക് സ്ഥാനകയറ്റം നല്‍കുന്നു.. കടലിനക്കരെ നീറുന്ന കല്ല്യാണിയുടെ ശാപമാവാം കുമാരനൊരിക്കലും കതീശക്ക് ഇണയാവുന്നില്ല.. തുണമാത്രമാവുന്നൂ.. കതീശയെ തേടിയെത്തിയ ജപ്പാന്‍പട്ടാളക്കാരെന്ന ദുരന്തത്തിനു ശേഷം റങ്കൂണ്‍ കുമാരന്‍ നാട്ടിലെത്തിയിട്ടും ഒരു പുഴുത്തപട്ടിയോടെന്ന പോലുള്ള കല്ല്യാണിയുടെ സമീപനം മരണസമയത്ത് വെള്ളം പോലും കൊടുക്കാന്‍ മനസ്സില്ലാത്തിടം വരെ തുടരുന്നു..

കുമാരന്റെ മകന്‍ ഗിരി ഇന്ത്യയുടെ ഭാഗമെങ്കിലും ഫ്രഞ്ച് പതാക പാറുന്ന മാഹിയില്‍ പ്രവാസിയാവുന്നത് കമ്മ്യൂണിസ്റ്റുകാരനായി ഒളിവില്‍ താമസിക്കാനാണ്.. അന്നു അനിയനെ പോലെ തന്നെ നോക്കിയ തന്നെക്കാള്‍ മുതിര്‍ന്ന സുനന്ദയെ സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതുന്നു.. പക്ഷെ ഗിരിയുടെ മകന്‍ സാമ്പത്തികശാസ്ത്രത്തിന്റെ ഉള്ളുകള്ളികള്‍ തേടി അച്ചന്റെ കമ്മ്യൂണിസത്തിന്റെ എതിര്‍ദിശയില്‍ അമേരിക്കയില്‍ പ്രവാസിയാവുന്നു.. അപ്പൊഴും തന്റെ വേരുകളിലേക്കുള്ള ഒരു പിന്‍‌വലി അശോകന്റെ സന്തത സഹചാരിയാവുന്നുണ്ട്... മകന്റെ കല്ല്യണം സ്വപ്നംകാണുന്ന അമ്മയുടെ നിര്‍ബന്ധത്തിനൊപ്പം തനിക്കൊരു കൂട്ടുവേണമെന്ന ചിന്തകൂടിയാവുമ്പോഴാണ് അശോകന്‍ മലയാളിരക്തമെങ്കിലും ജീവിതത്തില്‍ അമേരിക്കക്കാരിയായ ബിന്‍സിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.. പക്ഷെ അവള്‍ക്ക് അശോകനെ അറിയില്ലെന്ന ഉത്തരത്തിന്റെ വ്യാപ്തി വളരെ വലുതാണ്.. സ്വന്തം ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.. അതുകൊണ്ട് തന്നെ കിടക്കയിലെ അവന്റെ പ്രകടനം വിലയിരുത്തിയെ അവള്‍ക്കൊരു തീരുമാനത്തിലെത്താനൊക്കു.. ബിന്‍സിയുടെ സ്ഥാനത്തേക്ക് എത്തുന്നത് വിന്ദുജയാണ്.. പൂജയും പ്രാര്‍ത്ഥനയുമായി മുത്തപ്പനില്‍ വിശ്വസിച്ച്, സെറ്റുമുണ്ടും ചന്ദനക്കുറിയുമായ് മലയാളിമങ്കയായി, ചോറും കറിയും പുട്ടും കടലയുമൊരുക്കി നാടന്‍ വീട്ടമ്മയായി തന്റെ കൊച്ചുവേദന സ്വന്തം മനസ്സിലൊതുക്കുന്നവള്‍.. വൈദ്യശാസ്ത്രത്തിന്റെ കനിവില്‍ അവര്‍ക്കുമൊരു ഉണ്ണിപിറക്കുന്നു- രാഹുല്‍...

എപ്പൊഴും എവിടെയും ഇണകളെ കണ്ടെത്താവുന്ന അമേരിക്കക്കാരില്‍ നിന്നും ഗള്‍ഫിലെ പ്രവാസികള്‍ വ്യത്യസ്തരാവുന്നത് അവരുടെ വിരഹത്തിന്റെ തീവ്രതയിലാണ്.. സീനത്തിനെ സ്വന്തമാക്കാന്‍ കടല്‍ കടക്കുന്ന അബൂട്ടിക്ക് അവസാനം അവളെ നഷ്ടമാവുന്നു.. സ്വന്തമായിട്ടും വിനോദും സുമലതയും ഇരുകരകളിലാണ്.. പക്ഷെ നാഥനും രാധയും ഒരു വേദനയായി ബാക്കി നില്‍ക്കുന്നു.. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമായി മാറുന്ന സുധീരനെ മുതലെടുക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും മത്സരിക്കുമ്പോള്‍‍, രാമദാസന്‍ പണക്കാരനാവുന്നതെങ്ങിനെയെന്നത് നമുക്ക് മറക്കാം..

ഗള്‍ഫുനാടുകളിലെ ലേബര്‍ ക്യാമ്പുകളുടെ വിവരണം, സാഹിത്യ സമ്മേളനത്തിനു വന്ന്‍ പൊന്നുവാങ്ങാനും പുസ്തകം വില്‍ക്കാനും നടക്കുന്ന സാഹിത്യകാരന്‍, മകന്റെ കാശില്‍ മാത്രം കണ്ണുള്ള ഗോവിമാഷ്, തൊട്ടടുത്ത് നല്ലഡോക്റ്റര്‍ ഉണ്ടായിട്ടും ചികിത്സക്കായ് മോസ്കൊയില്‍ പോവുന്ന ഗിരി.. മിച്ചിലോട്ട് മാധവനോടുള്ള സുനന്ദയുടെ സ്നേഹം.. അങ്ങിനെ ചിലതൊക്കെ പറഞ്ഞാലും തീരാതെ ബാക്കി നില്‍ക്കുന്നുണ്ട്..

അമേരിക്കയിലെ കൊറ്റ്യത്ത അശോകന്‍, ദുബായിയിലെ സുധീരന്‍, ബഹ്രൈനിലെ രാമദാസന്‍ സലാലയിലെ നാഥന്‍ ദല്‍ഹിയിലെ മുകുന്ദന്‍ .. പ്രവാസികളെല്ലാം ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്നവരാണ്.. പല പ്രായക്കാരാണ്.. പലകാലങ്ങ്നളില്‍ ജീവിതം തുടങ്ങിയവരാണ്.. എന്നിട്ടും കാലത്തിന്റെ ഒഴുക്കില്‍ പലയിടങ്ങളില്‍ പലതവണ ഇവര്‍ ഇവിടെ കണ്ടുമുട്ടുന്നു..

ഇതൊരു തുടര്‍ച്ചയാണ്.. ഒരിക്കലും തീരാത്ത പ്രവാസത്തിന്റെ കഥയിലേക്ക് പുതിയൊരു കണ്ണികൂടി ചേര്‍ത്ത് കഥതുടരുകയാണ്..