Monday, July 28, 2008

ഞാന്‍‌ അല്പം തിരക്കിലാണ്..

വഴിയില്‍ കുശലം ചോദിക്കാനെത്തിയ
പരിചയക്കാരനോട് പറഞ്ഞു..
അല്പം തിരക്കിലാണ്
എന്തിനൊരു പുതിയ വാര്‍ത്ത
വെറുതെ കാറ്റില്‍ പറക്കണം

ജോലിതീര്‍ത്ത് വെറുതെയിരിക്കുമ്പോള്‍
അവള്‍ അരികിലെത്തി,മുഖത്തെ മ്ലാനതയെ
ഒരു നോക്കില്‍ കുത്തിനിര്‍ത്തി
അയ്യൊ, ഒന്നുമില്ല,അല്പം തിരക്കിലാണ്

അലക്ഷ്യമായ് ജനലിലൂടെ കണ്‍പായിക്കുമ്പോള്‍
തിളച്ചു തൂവിയ പാലിനൊപ്പം, ശകാരവര്‍ഷവും
മറുപടികളില്ലാതെ, തിരക്കഭിനയിക്കുമ്പോള്‍
സ്വയം വിശ്വസിപ്പിച്ചു, ഞാന്‍ തിരക്കിലാണ്

രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്

ഇടതും വലതുമറിയാതെ
മുന്‍പിന്‍ നോക്കാതെ
എവിടെയെന്നോര്‍ക്കാതെ
ഞാനെന്നോട് തന്നെ മന്ത്രിക്കുന്നു
അതെ, തിരക്കിലാണ്..

16 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഞാന്‍ അല്പം തിരക്കിലാണ്

Bindhu Unny said...

തിരക്കിട്ട് വായിച്ചു. കൊള്ളാം :-)

സു | Su said...

ഇട്ടിമാളൂന് ഇപ്പോ എന്താ തിരക്ക് എന്നു നോക്കാൻ വന്നതാ. അപ്പോഴുണ്ട് നിറയെ എഴുതിവെച്ചിരിക്കുന്നു. ഈ എഴുത്താണല്ലേ തിരക്ക്. ഞാൻ വല്യ തിരക്കിലാണ്.(എന്താന്നു മാത്രം ചോദിക്കരുത് ദയവായിട്ട്). എന്നാലും ഇട്ടിമാളു എഴുതിവെച്ചതൊക്കെ വായിച്ചൂട്ടോ. :)

Rasheed Chalil said...

തിരക്കില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണാന്‍ തിരക്ക് അനുവദിക്കത്ത കാലം... അല്ലങ്കില്‍ തിരക്കിനെ അനുവദിക്കാത്ത കാലം...

ഭൂമിപുത്രി said...

തിരക്ക്..തിരക്ക്..
എന്തിനാണീത്തിരക്കെന്ന്
ഒരുനിമിഷം ആലോചിയ്ക്കാന്‍പോലും
സമയമില്ലാത്ത തിരക്കിലാണ്‍
ഇട്ടിമാളുവും ഞാനുമൊക്കെ..
ഇതിഷ്ട്ടപ്പെട്ടു ഇട്ടിമാളു

ശ്രീ said...

"രാവിലെന്റെ ഉറക്കത്തിലേക്ക്
ക്ഷണിക്കാതെ നടന്നെത്തിയ
സ്വപ്നത്തിനോട് കിന്നരിക്കുമ്പോള്‍
ഒരു ഞെട്ടലോടെ ഉണര്‍ന്നു ചൊല്ലി
വേണ്ട, ഞാനല്പം തിരക്കിലാണ്"

അതേതായാലും ഇഷ്ടപ്പെട്ടു. എന്നാല്‍ ഞാനും പോട്ടെ. തിരക്കിലാ... ;)

മിർച്ചി said...

മാളൂട്ടീ, ഞാനീലോകത്ത് പുതിയതല്ലെ അതുകൊണ്ട് എനിക്കൊരു തിരക്കുമില്ല. സവധാനം ഞാൻ വായിച്ചു. നല്ല കവിത.

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട്

ഉപാസന || Upasana said...

:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പൊ ഒക്കെ തിരക്കിലാ‍ണല്ലോ ല്ലേ

siva // ശിവ said...

ഈയിടെയായി ഞാനും പറയാറുണ്ട് ഈ വാക്കുകള്‍...നല്ല ചിന്ത...

Unknown said...

ഈ തെരക്കില്‍ തിളക്കുന്നതിരക്കില്‍
തെരക്ക്അഭിനയിക്കാന്‍
സമയം കണ്‍ടെത്താന്‍ തിരകിലലലോനമുക്ക്

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Rare Rose said...

എന്തില്‍ നിന്നൊക്കെയോ ഓടിയൊളിക്കാന്‍..,..കുറ്റപ്പെടുത്തലുകളില്‍ നിന്നു പിന്‍വലിയാന്‍..,ഒഴിഞ്ഞു മാറാന്‍ ..അങ്ങനെ പലയവസരങ്ങളിലും എടുത്തണിയാന്‍ പറ്റിയൊരു മൂടുപടമാണീ തിരക്ക്......നന്നായി തന്നെ തിരക്ക് അവതരിപ്പിച്ചിരിക്കുന്നു.....:)

ദിലീപ് വിശ്വനാഥ് said...

അല്പം തിർക്കിലായതുകൊണ്ട് ഇപ്പോഴേ വായിക്കാ‍ൻ പറ്റിയുള്ളൂ, നന്നായിട്ടുണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

തിരക്കിനിടയിലും ഇവിടെയെത്തിയവര്‍ക്കും.. തിരക്കില്ലാത്ത മിര്‍ച്ചിക്കും..നന്ദി