Wednesday, October 31, 2007

അന്ന കിശോരയുടെ അങ്കലാപ്പുകള്‍..

അന്ന അങ്കലാപ്പിലാണ്.. അത് അവളുടെ നടത്തത്തില്‍ തെളിഞ്ഞു കാണാം.. കൈകള്‍ കെട്ടിയും പുറകില്‍ പിണച്ചും അവള്‍ ആ വരാന്തയുടെ നീളമളക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി.. കുറച്ചു മുമ്പ് വരെ ഒരല്പം വിടവില്‍ വാതില്‍
തുറന്നു വെച്ചിരുന്നു.. അതുകൊണ്ട് തന്നെ അകത്തു നടക്കുന്നത് വല്ലപ്പോഴും
ഒന്നെത്തിനോക്കാന്‍ കഴിഞ്ഞിരുന്നു.. ചുറ്റും നിന്നിരുന്നവര്‍ അയാളുടെ
വയറില്‍ കുത്തിയും തോണ്ടിയും രേഖപ്പെടുത്തിയിരുന്ന അഭിപ്രായങ്ങള്‍ അവള്‍
ശ്രദ്ധിക്കുന്നെന്ന് കണ്ടപ്പോഴാണ് അവളെ അവര്‍ പുറത്താക്കിയത്..
എന്നിട്ടും മതിയാവാഞ്ഞാണ് ആ വാതില്‍ കൊട്ടിയടച്ചത്.. അധികം ആലോചിക്കാന്‍ അവള്‍ തന്റെ മനസ്സിനെ സമ്മതിച്ചില്ല.. വരാന്തയില്‍ നിന്നും
മുറ്റത്തേക്കിറങ്ങി മരച്ചുവട്ടിലെ മില്‍മാ ബൂത്തിലേക്ക് നടന്നു.. അവിടെ
നിന്ന് ചായ കുടിക്കുമ്പൊഴും ഇടക്കിടക്ക് അടഞ്ഞ വാതിലിനു നേരെ അവളുടെ
നോട്ടം നീളുന്നുണ്ടായിരുന്നു..

ഇത് അന്ന അല്ലെങ്കില്‍ കിശോര.. അതുമല്ലെങ്കില്‍ അന്ന കിശോര..
നിങ്ങള്‍ക്ക് എങ്ങിനെയും അവളെ വിളിക്കാം.. പേരില്‍ ഒരു പൊരുത്തക്കേട്
ചുവക്കുന്നവര്‍ക്ക് ആ ജീവിതത്തില്‍ അതൊന്നുമല്ലെന്ന് മനസ്സിലാവും..

അന്നയുടെ ജീവിതത്തില്‍ അങ്കലാപ്പുകളും ആശങ്കകളും ഒഴിഞ്ഞു നില്‍‌ക്കാറില്ല.. അതു പിന്നെ എല്ലാവരുടെയും കാര്യം ഇങ്ങനെ ഒക്കെ തന്നെ എന്നും ചിന്തിക്കാം.. എന്നാലും തീര്‍ന്നു പോയ ഗ്യാസിനെ കുറിച്ചോ ഇലക്‍ട്രിസിറ്റി ബില്ലിനെ കുറിച്ചോ അവള്‍ ആവലാതിപ്പെടാറില്ല.. പിന്നെ..

ഈ മാസത്തില്‍ ‍ തന്നെ അവള്‍ മൂന്നാമത്തെ തവണയാണ് അയാളെയും കൊണ്ട്
ഹോസ്പിറ്റലില്‍ വരുന്നത്.. ഇനിയും കാരണം കണ്ടു പിടിക്കാത്ത പ്രശ്നവുമായി
അവര്‍ എല്ലാ വാരന്ത്യത്തിലും ഡോക്റ്റര്‍മാരെ തേടിയിറങ്ങുന്നു..

അവളുടെ സ്വകാര്യതയാണ്‍ കിടപ്പുമുറിയിലെ അലമാരയുടെ താഴത്തെ തട്ട്.. അതില്‍ നിന്നും അവളറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കൊച്ചു പഞ്ഞികെട്ടുകളാണ്‍ അവളുടെ സംശയങ്ങളെ പരകോടിയിലെത്തിച്ചത്..
ഇപ്പൊഴത്തെ പ്രശ്നങ്ങളെല്ലാം ഒരു തുടര്‍ച്ച മാത്രം..

അതിന്റെ തുടക്കം ...കഥ കുറെ പഴയതാ..ഒരുപക്ഷെ അവളുടെ ജനനത്തിനും മുമ്പുള്ള ഒരു ഒളിച്ചോട്ടത്തില്‍.. അന്നത്തെ കഥാപാത്രങ്ങള്‍ അവളുടെ അച്ഛനും അമ്മയും.. നാടും വീടും വിട്ട് നഗരത്തില്‍ ചേക്കേറിയിട്ടും ഒറ്റമോളെ മാമൂലുകളില്‍ നിന്നും അവര്‍ക്ക് രക്ഷിക്കാനായില്ല.. പള്ളിക്കാരിയാണോ അമ്പലക്കാരിയാണോ എന്ന കൂടെ പഠിക്കുന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വന്നതാണ് ആ പിഞ്ചു മനസ്സില്‍ ആദ്യം അങ്കലാപ്പിന്റെ വിത്തു പാകിയത്.. പിന്നീടങ്ങോട്ട് പലപ്പൊഴും ഏതു ചേരിയിലാണ് തന്റെ കൂറെന്ന് അവള്‍ക്ക് തിരിച്ചറിയാനായില്ല..

അപ്പോള്‍ കഥ തുടരുകയാണ്.. പഠിച്ച് മിടുക്കിയായിട്ടും നല്ലൊരു ജോലി
നേടിയിട്ടും അവളുടെ അങ്കലാപ്പുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.. കാരണം
അച്ഛനും അമ്മക്കും അവളിന്നും അവരുടെ നെഞ്ഞിലൊരു തീയാണ്.. കൈ
പിടിച്ചുകൊടുക്കാന്‍ ഒരു പയ്യനെ ഏതു കുലത്തില്‍ തിരയണമെന്നതാരുന്നു
ആദ്യത്തെ പ്രശ്നം.. പഴയ പാത പിന്തുടര്‍ന്ന് അവള്‍ ആരെയെങ്കിലും
കണ്ടെത്തുമെന്ന അവരുടെ ചിന്തയും വെറുതെയായി.. ജോലിയില്‍ എത്തിപ്പെട്ടത്
അല്പം ഉയരത്തിലായതിനാല്‍ ജീവിതശൈലി സമ്മാനിച്ച തന്‍പോരിമയില്‍
ഇനിയെന്തിന് ഒരു തുണ എന്ന ചിന്ത അവളില്‍ വേരൂന്നാന്‍ തുടങ്ങിയപ്പോഴാണ്
അവളുടെ മാതാപിതാക്കള്‍ പ്രശ്നം ഗുരുതരമാണെന്ന് അറിഞ്ഞത്... പിന്നെ
കണ്‍‌ചിമ്മി തുറക്കും മുമ്പെ അന്നയുടെകല്ല്യാണമായി..


അവന്‍ സുന്ദരന്‍.. സുമുഖന്‍.. ഏകപുത്രന്‍ .. തറവാടി.. കാരണവന്മാരായി സമ്പാദിച്ച അളവറ്റ സ്വത്തിന് ഉടമ.. പിന്നെന്താ കുഴപ്പം? അവരും ഒരു പെണ്ണിനെ കിട്ടാതെ വലയുകയായിരുന്നു.. കരച്ചിലും ഭീഷിണിയും ഒപ്പത്തിനൊപ്പം ചേര്‍ത്ത് അച്ഛനുമമ്മയും അവളെ കീഴടക്കി.. ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്കയില്ലെന്ന് അവള്‍ ആദ്യമെ പ്രഖ്യാപിച്ചിരുന്നു.. അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് അവര്‍ കുടിയേറിയത് അവളുടെ ജോലിസ്ഥലത്തേക്ക്..

ഇരുചക്രത്തിന്റെ സ്വാതന്ത്ര്യത്തെ സ്‌നേഹിച്ചിരുന്ന അന്ന നാലുചക്രത്തിലേക്ക് മാറിയത് കല്ല്യാണശേഷമാണ്.. വല്ലപ്പോഴുമൊന്ന് പുറത്തിറങ്ങുമ്പൊള്‍ അയാളെയും പിന്നിലിരുത്തി അവളുടെ ഹോണ്ടാ‍ ആക്റ്റീവ പറത്താന്‍ അവള്‍ക്കു തന്നെ ചമ്മലായിരുന്നു. എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭര്‍ത്താവല്ലെ.. ഡ്രൈവിംഗ് പഠിപ്പിക്കാനുള്ള ശ്രമം പുരുഷപീഡനമായി കണ്ട് അമ്മായിഅമ്മ രംഗത്തിറങ്ങിയപ്പൊ അതും ഉപേക്ഷിച്ചു..

വൈകിയെത്തുന്ന തനിക്കുവേണ്ടി ചപ്പാത്തിയും കറിയും ഒരുക്കി കാത്തിരിക്കുന്ന ഭര്‍ത്താവ് ആദ്യമൊക്കെ അവള്‍ക്കൊരു സന്തോഷമായിരുന്നു.. പക്ഷെ വന്നപാടെ സെറ്റിയില്‍ കിടന്ന് ഒരു ചായ ഓര്‍ഡര്‍ ചെയ്യുന്ന സ്വന്തം സ്വഭാവത്തെ അവള്‍ തന്നെ സംശയിക്കാന്‍ തുടങ്ങി.. പലപ്പൊഴും പൊങ്ങിപോവുന്ന തന്റെ ശബ്ദം അവളില്‍ നേരിയ ഭയം ഉണര്‍ത്തുന്നുണ്ടായിരുന്നു.. ക്രമം തെറ്റിപ്പോവുന്ന തന്റെ സ്വന്‍തം ദിവസങ്ങളും അവളില്‍ ആധിയായികൊണ്ടിരുന്നു...

ഇതൊക്കെ നിസ്സാരമല്ലെ.. കല്ല്യാണം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിശേഷമൊന്നും പറയാനില്ലാത്ത ദമ്പതിമാരായി പോയതായിരുന്നു ഏറ്റവും പ്രശ്നമായത്.. നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാം.. പക്ഷെ ഓഫീസിലും അതൊരു ചര്‍ച്ചാവിഷയമാവാന്‍ തുടങ്ങിയപ്പോഴാണ്, അവള്‍ ആ കടും കയ്യിനു മുതിര്‍ന്നത്.. കരഞ്ഞു വീര്‍ത്ത മുഖവുമായി കിടക്കുന്ന അയാളെ നോക്കുമ്പൊഴൊക്കെ ഒരാണിനെ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന ചിന്ത അവളിലൊരു ഞെട്ടല്‍ ഉണര്‍‍ത്തുന്നുണ്ടായിരുന്നു. രാവിലെ പാഞ്ഞെത്തിയ അമ്മായിഅച്ഛനും അമ്മയും കുറച്ചു നാളെത്തേക്ക് തനിക്ക് ഏകാന്തവാസം സമ്മാനിക്കാന്‍ പോവുന്നെന്ന അറിവും അവളില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല.. ഉള്ളതും ഇല്ലാത്തതും ഫലമൊരുപോലെ... രാത്രികളില്‍ മൌനം കനക്കുന്നെന്ന് തോന്നിതുടങ്ങും മുമ്പെ വീണ്ടുമൊരു പ്രഭാതം ഒത്തുതീര്‍പ്പുമായി എത്തിയിരുന്നു... ജീവിതം വീണ്ടും പഴയ ചാലില്‍ ചലിക്കാന്‍ തുടങ്ങുമ്പോഴാണ് അയാളുടെ വീര്‍ത്തു വരുന്ന വയര്‍ അവര്‍ക്കിടയില്‍ ഒരു അകലം സൃഷ്ടിക്കാന്‍ തുടങ്ങിയത്.. അങ്ങിനെയാണ് അവള്‍ ഈ മില്‍മാബൂത്തിലെ ചായയും കുടിച്ച് അടഞ്ഞു കിടക്കുന്ന വാതില്‍ ഒരു വേള തുറക്കുന്നതും കാത്ത് നില്‍കേണ്ടി വന്നത്..
---------------------

ഡോക്റ്ററുടെ മുന്നിലെ കസേരകളില്‍ അവര്‍ രണ്ടു പേരും ഇരുന്നു... അവളുടെ മുഖത്ത് സംശയങ്ങളുടെ നീണ്ട ചുളിവുകള്‍ നിരന്നു കിടന്നപ്പോള്‍ അയാള്‍ ചുവന്നു തുടുത്ത മുഖവുമായ് തലകുനിച്ചിരിപ്പായിരുന്നു.. അത്ഭുത ജീവിയെ പോലെ തന്നെ നോക്കുന്നവരുടെ മനസ്സിലെന്തെന്ന് തിരിച്ചറിയാന്‍ അവള്‍ക്കിനിയുമാവുന്നില്ല.. പക്ഷെ തന്നെ പരിശോധിക്കാന്‍ ആണ്‍ ഡോക്റ്റര്‍ വേണോ പെണ്‍ ഡോക്റ്റര്‍ വേണോ എന്നതാണ്‍ പ്രശ്നമെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ അവളുടെ അങ്കലാപ്പുകല്‍ അല്പമെങ്കിലും കുറഞ്ഞിരുന്നേനെ..

18 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അന്ന കിശോര അങ്കലാപ്പിലാണ്...

ഗുപ്തന്‍ said...

അല്ലെങ്കിലും ഒരുപാട് ജീവിതങ്ങള്‍ താങ്ങിനിറുത്തുന്നത് പെണ്‍ചുമലുകളല്ലേ മാളുവേ...

പറഞ്ഞ വഴി നന്നായി :)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അങ്കലാപ്പ് എന്നത് എന്നും പെണ്ണിന്റെ കൂടെ പിറപ്പ് തന്നെയല്ലെ.

ശ്രീ said...

കഥ പറഞ്ഞിരിയ്ക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും അവസാനം കുറച്ചു കണ്‍‌ഫ്യൂഷനാക്കി.

salil | drishyan said...

ഹ ഹ ഹ .... കൊള്ളാം.
ഇപ്പോ നേരമില്ല.. പക്ഷെ കമന്‍‌റ്റുമായി വരുന്നുണ്ട് ഞാന്‍.

സസ്നേഹം
ദൃശ്യന്‍

ഉപാസന || Upasana said...

ഞാനും അങ്കലാപ്പിലായി ഇത് വായിച്ച്
:)
ഉപാസന

Sherlock said...

അപ്പോ എനിക്കു മാത്രമല്ല കണ്‍ഫ്യൂഷന്‍..:)

ദിലീപ് വിശ്വനാഥ് said...

രണ്ടു തവണ വായിച്ചിട്ടും എനിക്ക് കണ്‍ഫ്യൂഷന്‍ മാറിയില്ല.

ധ്വനി | Dhwani said...

ദൈവങ്ങളേ, കേറിചിന്തിയ്ക്കരുതെന്നു നാട്ടുകാര്‍ പറഞ്ഞപ്പോ ഞാന്‍ പുല്ലു വില കൊടുത്തില്ല. ഇപ്പോ ഞാനൊരു പാഠം പഠിച്ചു!

കഥ മലക്കം മറിഞ്ഞ വഴി! തലചുറ്റി പോയി! വെള്ളം വെള്ളം!! :)

നന്നായിട്ടുണ്ട്!!

simy nazareth said...

കഥ നന്നായി. എന്നാലും ഇതില്‍ നിന്നുള്ള ഗുണപാഠം എന്താ?

കണ്ണൂരാന്‍ - KANNURAN said...

:) ഇതെന്താ സാധനം, ഉത്തരാധുനികം....?? അതോ അത്യന്താധുനികമോ???

വല്യമ്മായി said...

കഥ നന്നായി,പക്ഷെ അന്നയാണോ ഭര്‍ത്താവാണോ രോഗി? അതോവാക്കുകള്‍ക്കിടയില്‍ വെറെന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ

ചീര I Cheera said...

എഴുത്തിഷ്ടമായി...
കൂടുതലൊന്നും പറയാനറിയില്ല!

Rasheed Chalil said...

:) എഴുത്ത് ഇഷ്ടായി.

ഇട്ടിമാളു അഗ്നിമിത്ര said...

മനു.. സണ്ണികുട്ടാ..:)

ശ്രീ.. കണ്‍ഫ്യുഷന്‍ തീര്‍ക്കണമെ എന്നു പാടിയോ..?

ദൃശ്യാ.. ഉപാസന...ജിഹേഷ്...:)

വാല്‍മീകി.. മൂന്നാമത് വായിക്കാന്‍ എവിടെ നേരം..

ധ്വനി. . കേറി ചിന്തിച്ചതിനു നന്ദി..

സിമി.. ഗുണപാഠം വേണമെന്നു നിര്‍ബന്ധമാണോ?

കണ്ണൂരാനെ.. ഈ പറഞ്ഞതൊന്നും എന്താന്ന് എനിക്കറിയില്ല..

കിറുക്കെ..:)

വല്ല്യമ്മായി.. ഒളിപ്പിക്കാതെ വെച്ചിട്ടും കണ്ടില്ലല്ലൊ... :(

പി ആര്‍.. ഇഷ്ടായല്ലൊ, അതു മതി..

ഇത്തിരി... :)

ഗിരീഷ്‌ എ എസ്‌ said...

ഇട്ടിമാളു
ഒരുപാടിഷ്ടമായി
ഈ ചെറിയ ഫോണ്ട്‌
വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌....

അഭിനന്ദനങ്ങള്‍...

ഹരിശ്രീ said...

പക്ഷെ തന്നെ പരിശോധിക്കാന്‍ ആണ്‍ ഡോക്റ്റര്‍ വേണോ പെണ്‍ ഡോക്റ്റര്‍ വേണോ എന്നതാണ്‍ പ്രശ്നമെന്ന് അവളറിഞ്ഞിരുന്നെങ്കില്‍ അവളുടെ അങ്കലാപ്പുകല്‍ അല്പമെങ്കിലും കുറഞ്ഞിരുന്നേനെ..

കൊള്ളാം...

ഇട്ടിമാളു അഗ്നിമിത്ര said...

ദ്രൌപദി.. ഹരിശ്രീ.. നന്ദിയുണ്ട്