Monday, June 4, 2007

പുണ്യം

സീമന്ത രേഖയില് തൂവും ഒരു നുള്ളു

കുങ്കുമമാകുമോ പുണ്യം

കുനിയും ശിരസ്സില് കുരുങ്ങും

ചരടിലെ, പൊന്‍‌താലിയോഎന്റെ പുണ്യം


നിറമുള്ള കനവുകള് നെയ്തതില്ല

സ്വപ്നരഥമേറി വാണതില്ല

തന്നിഷ്ടമാടി നടന്നതില്ല

മൂത്തവര് ചൊല്ലു മറന്നതില്ല


കാല് തൊട്ടു വന്ദിച്ചനുഗ്രഹമായ്

ഉടയാത്ത പട്ടു പുടവചുറ്റി

തെറ്റാതെ വലതുകാല് വെച്ചുകൊണ്ടാ

കതിര് മണ്ഢപത്തിന് പടികള് കേറി


എന് കൈ പിടിച്ചാ കയ്യില് ചേര്ത്തുവെക്കെ

കണ്ണൂകള് എന്തെ അടച്ചു വെച്ചു

ചുണ്ടുകള് എന്തെ പിറുപിറുത്തു


തുണയാവുക, നല്ലൊരിണയാവുക

ഇടറുന്ന വേളയില് താങ്ങാവുക

നിഴലാവുക, നിത്യ സഖിയാവുക

ഒരുമിച്ചു കാതങ്ങള് മുന്നേറുക

എന്നുമീ കൈകളില് നിറവാകുക


കൈവിരല് പഴുതിലൂടൂര്ന്നുപോവും

ജീവിതതുള്ളികള് കാത്തുവെക്കാന്

ആവതില്ലാത്തൊരു പെണ്മനസ്സിന്

ചിതറിത്തെറിക്കും വിതുമ്പലാകാം

പിടയുന്ന നെഞ്ചിന്റെ തേങ്ങലാവാം


പറയാതെ ഉള്ളില് കുമിഞ്ഞുകൂടും

വേദനകള് ഒന്നു പങ്കുവെക്കാന്

പൊട്ടിക്കരഞ്ഞു തളര്ന്നുപോകെ

കരയരുതെന്നൊരു വാക്കുകേള്ക്കാന്

വ്യാമോഹമാണോ ദുര്മോഹമാണോ

ഉള്ളിലുണരുന്ന സ്വപ്നമാണോ


എന്റെ കാലുകെട്ടാന് കുഞ്ഞിക്കാലിനായി

കാത്തിരിപ്പാണവര് നാളുനോക്കി

പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ

മറുവാക്കു ചൊല്ലാത്ത പാവയല്ലെ

തറവാടിന്റെ പൈതൃകം കാത്തുവെക്കാന്

ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്

നിന് ചോരയില് പുതുജീവനേകീടുക

അമ്മയായ് അടിമയായ് ഇവിടെ വാഴ്ക

24 comments:

ഇട്ടിമാളു അഗ്നിമിത്ര said...

തുണയാവുക, നല്ലൊരിണയാവുക
ഇടറുന്ന വേളയില് താങ്ങാവുക
നിഴലാവുക, നിത്യ സഖിയാവുക
ഒരുമിച്ചു കാതങ്ങള് മുന്നേറുക
എന്നുമീ കൈകളില് നിറവാകുക

കുടുംബംകലക്കി said...

കാലം മാറിയില്ലേ?

“പെണ്മകളൊന്നിനെ തന്നീടുക
സീരിയല്‍ നടിയാക്കി വളര്‍ത്തിടം ഞാന്‍”
:)

Rasheed Chalil said...

അമ്മയെന്നത് ഏറ്റവും വലിയ സ്വാതന്തൃമല്ലേ...

നന്നായിരിക്കുന്നു.

ശാലിനി said...

തുണയാവുക, നല്ലൊരിണയാവുക
ഇടറുന്ന വേളയില് താങ്ങാവുക
നിഴലാവുക, നിത്യ സഖിയാവുക
ഒരുമിച്ചു കാതങ്ങള് മുന്നേറുക
എന്നുമീ കൈകളില് നിറവാകുക - ഈ വരികള്‍ എനിക്ക് ഏറെ ഇഷ്ടമായി.

വല്യമ്മായി said...

കവിത കൊള്ളാം അവസാന ഖണ്ഠിക(?) ഒഴികെ

മുസ്തഫ|musthapha said...

നന്നായിട്ടുണ്ടീ നൊമ്പരങ്ങള്‍ നിറഞ്ഞ കവിത!

salil | drishyan said...

മാളൂസേ,
(കവിതയ്ക്ക്) ഇത്തിരി നീളം കൂടി പോയില്ലേ എന്നൊരു സംശയം.

“പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ
മറുവാക്കു ചൊല്ലാത്ത പാവയല്ലെ“
ഇത് ആര് പറഞ്ഞു?

സസ്നേഹം
ദൃശ്യന്‍

ചീര I Cheera said...

നന്നായി വരികള്‍..
എന്നാലും, അടിമ എന്നു വായിയ്ക്കനൊരു മടി..
:)

Unknown said...

“പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ
മറുവാക്കു ചൊല്ലാത്ത പാവയല്ലെ“

ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ഇതേതാ രാജ്യം?

ഗുപ്തന്‍ said...

ഇട്ടിമാളുവേ...
നന്നായി ഈ കവിത...

പരമ്പരാഗതമായി പുണ്യങ്ങള്‍ പെണ്ണിനും കാവലും ശൂരത്വവും ആണിനും വീതം വച്ച് കെട്ടിപ്പൊക്കിയ മൂല്യവ്യവസ്ഥിതിക്കെതിരെ ഒരുചോദ്യമുണ്ടിതില്‍. അമ്മയായ് അടിമയായ് എന്ന വരി എനിക്ക് പ്രസക്തമായിത്തോന്നുന്നത് അതുകൊണ്ട് തന്നെ.

പിതൃത്വവും പൈതൃകത്തിന്റെ വഴികളും ആണിനു സ്വന്തം.. പുതുവഴികളിലേക്ക് പടിയിറങ്ങുമ്പോള്‍ മകനെയോ മകളെയോ കൈപിടിക്കേണ്ടത് അച്ഛന്‍... അദ്ദേഹം മരിച്ചുപോയാല്‍ അമ്മ അവലക്ഷണമായ വിധവ... മുലപ്പാലും വേര്‍പ്പും കണ്ണീരുമായി ഒരു നിഴല്‍ പോലും ബാക്കിയില്ലാതെ, അവകാശങ്ങളില്ലാതെ പുത്രജന്മത്തില്‍ അലിഞ്ഞുചേരുന്ന അവളെ എന്താണ് വിളിക്കുക? അടിമയെന്നല്ലാതെ?

പ്രസവിക്കാനുള്ള അവകാശം ആരുടേതാണ്? ഒരു കൂട്ടുകാരിയുണ്‍ടെനിക്ക്... നല്ല കരിയരിനു സാധ്യത ഉണ്ടായിരുന്നവള്‍... വീട്ടുകാര്‍ സാമ്പത്തികമഅയി ഉറപ്പുള്ള ഒരു deal വന്നപ്പോള്‍ അവള്‍ക്ക് വരനെ കണ്ടെത്തി.. .. പഠനം തീരുന്നതിനു മുന്‍പ്. വിവാഹത്തിനു മുന്നേ കണ്‍ടനാളില്‍ ഒന്നേ ചോദിച്ചിരുന്നുള്ളൂ അവളോട്, പഠനം തുടരണം.. നല്ലോരു ജോലി കണ്ടെത്തണം എന്ന്... കൃത്യം ഒരു വര്‍ഷവും രണ്‍ടുമാസവും കഴിഞ്ഞപ്പോള്‍ ആദ്യത്തെകുഞ്ഞ്. ഒരു കുഞ്ഞിക്കാലുകാണാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് തിടുക്കമുണ്ടായിരുന്നു അത്രേ...വീണ്‍ടും പതിനാലു മാസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ കുഞ്ഞ്.. ആദ്യത്തേത് പെണ്‍കുഞ്ഞായിപ്പോയ പിഴ തീര്‍ക്കാന്‍... കഴിഞ്ഞൊരു ദിവസം അവളോട് കയ്യില്‍ നിന്ന് വാര്‍ന്നുപോയ കരിയറിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവള്‍ ഒരുത്തമ ഭാര്യയായി മറുപടി പറഞ്ഞു: നിങ്ങള്‍ക്കൊന്നും ഇതൊന്നും മനസ്സിലാവില്ല...

ഇല്ല .. മനസ്സിലാവില്ല. സ്വന്തമായൊരു ജോലിയില്ലാതെ വരുമാനത്തിനായി ഭര്‍ത്താവിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നതിലെ അടിമയുടെ ആത്മസായൂജ്യം മനസ്സിലാവില്ല. ഒരു വര്‍ഷം മാത്രം ഇളയ 'തെരഞ്ഞെടുക്കപ്പെട്ട' അനിയനോട് രണ്ടാം വയസ്സിലേ സ്നേഹത്തിനു മല്‍സരിക്കേണ്ടി വരുന്ന പെണ്‍കുഞ്ഞിന്റെ വേദന മനസ്സിലാവില്ല. പെണ്ണിന്റെ വയറ്റില്‍ കാണപ്പെടുന്ന ഗര്‍ഭപാത്രത്തിന്റെ അവകാശി ആരാണെന്ന് മനസ്സിലാവില്ല.

Inji Pennu said...

ഹ്ഹ്ഹ്! മനുവേ...പാവാണല്ലൊ..ഇങ്ങിനെ ചിന്തിക്കാന്‍. പെണ്ണിനു കരിയര്‍ ഉണ്ടെങ്കില്‍ അപ്പൊ അടിമത്ത്വം നിക്കൊ? എന്തൊരു നല്ല നടക്കാത്ത സ്വപ്നം! :-)

ഉണ്ണിക്കുട്ടന്‍ said...

വന്നു. കണ്ടു. സന്തോഷായി.പോട്ടെ..
[ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലാ..]

ഗുപ്തന്‍ said...

ഇഞ്ചിയേ,

എടുത്തുചാടി പ്രതികരിക്കുന്നതിനു മുന്‍പ് പോസ്റ്റും പ്രതികരണവിഷയമായ കമന്റും ഒന്നു ശ്രദ്ധിച്ച് വായിക്കുന്നത് നല്ലതായിരിക്കും.

1. ഉറപ്പുള്ള കരിയര്‍ സ്ത്രീയെ സ്വതന്ത്രയാക്കും എന്ന് ഞാന്‍ പറഞ്ഞില്ല. പക്ഷേ , സ്ത്രീ സ്വാതന്ത്ര്യത്തിനുള്ള പ്രധാനവഴി വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്രവും (കരിയര്‍ അല്ല, ഇഞ്ചി എളുപ്പത്തില്‍ വായിച്ചതുപോലെ) ആണെന്ന് ഞാന്‍ വിചാരിക്കുന്നു.

2. ഞാന്‍ അക്കാര്യം പറഞ്ഞത് എന്റെ കൂട്ടുകാരിയുടെ ഉദാഹരണവുമായി ബന്ധപ്പെടുത്തിയാണ്. ആ കമന്റിന്റെ രണ്ടാമത്തെ പാരഗ്രാഫില്‍ മറ്റുചിലവശങ്ങള്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു, പരിഹാരം പറയാതെ.. എല്ലാം ലിസ്റ്റ് ചെയ്യുന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല.

3. കമന്റിന്റെ പ്രധാന ഉദ്ദേശ്യം ഇട്ടിമാളു ഒരുമിച്ചുപയോഗിച്ച മാതൃത്വവും 'അടിമത്തവും' എങ്ങനെ ഒരുമിച്ചു നില്‍ക്കുന്നു എന്ന് കാണിക്കുകയായിരുന്നുഎന്ന് മനസ്സിലായി എന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ എന്റെ കൂട്ടുകാരിയുടെ ജീവിതത്തില്‍ (in that one particular case, as is possible in many others)എങ്ങനെ ഒന്ന് രണ്ടാമത്തേതിനു താങ്ങായി എന്ന് കാണിക്കാന്‍ വേണ്ടിയാണ് ആ ഉദാഹരണം ഇട്ടത്.

Inji Pennu said...

മനുവേ, റിലാക്സ്. റിലാക്സ്. മനു പറഞ്ഞത് എനിക്ക് നല്ലവണ്ണം മനസ്സിലായതാണ്. മനു കാര്യങ്ങള്‍ എല്ലാം ശരിയുമാണ്...ഒരു പരിധി വരെ...ഒരു പരിധി വരെ മാത്രം...

പക്ഷെ അങ്ങിനെയൊരു ആത്മഗതം ആ കമന്റ് വായിച്ചപ്പോള്‍ അറിയാണ്ട് പറഞ്ഞ്പോയതാണ്.... :) പ്ലീസ്.

സാരംഗി said...

കരിയര്‍ ഉണ്ടെങ്കില്‍ കുറെയൊക്കെ വീട്ടിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും മാറിനില്‍ക്കാനൊക്കും എന്നത് ഒരു വാസ്തവമാണൂ..ഞാനും അനുഭവിച്ചിട്ടുള്ള കാര്യമാണത്..8 മണിക്കൂറുള്ള സ്വാതന്ത്ര്യം ബാക്കിയുള്ള എല്ലാ ദു:ഖങ്ങളെയും തരണം ചെയ്യാനൊരു പരിധിവരെ സഹായിക്കും..എങ്കില്‍ത്തന്നെയും കുഞ്ഞുങ്ങള്‍ക്കു വേണ്ടി അല്പം വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല എന്നെനിയ്ക്കു തോന്നുന്നു..എന്റെ വ്യക്തിപരമായ അഭിപ്രായമാണു.. നിവൃത്തിയുണ്ടെങ്കില്‍ തീരെ ചെറിയ കുഞ്ഞുങ്ങളെ, മറ്റുള്ളവരെ ഏല്പിച്ച് ജോലിയ്ക്ക് പോകരുതെന്നാണു എന്റെ അഭിപ്രായം..

കവിത ഇഷ്ടമായെന്നു പറയാന്‍ മറന്നു, മാളു..:)

നിമിഷ::Nimisha said...

"തറവാടിന്റെ പൈതൃകം കാത്തുവെക്കാന്
ആണിന്നു ആളായ് ചമഞ്ഞു നില്ക്കാന്
നിന് ചോരയില് പുതുജീവനേകീടുക
അമ്മയായ് അടിമയായ് ഇവിടെ വാഴ്ക “

മാളൂസ്, ശരിയാണ്‍് ഇങ്ങനെ അടിമയായി വാഴുന്നവരുണ്ട് ഇന്നും നമ്മുടെ സമൂഹത്തില്‍, സ്വതന്തൃരായ നമുക്ക്‌ വിശ്വസിയ്ക്കാന്‍ പ്രയാസമാണെങ്കിലും...

ഗുപ്തന്‍ said...

മാളുവേച്ചിയേ...
ഒരു ഓഫ്ഫിനു ഒന്നൊന്നര മാപ്പ്....

ആരോഗ്യപരമായ ഒരു മുന്നറിയിപ്പ്: പരിധിയില്‍ കിടന്ന് ഉരുളുന്നവരുടെ മേല്‍ ‘പരിധിപ്പൊടി’പറ്റാന്‍ ഒരു പരിധിവരെ സാധ്യതയുള്ളതുകൊണ്ട്.... ഉരുളല്‍ കഴിഞ്ഞാല്‍ അടിച്ചുനനച്ചുകുളിച്ചില്ലെങ്കില്‍ പരിധില്ലാത്ത ചൊറിച്ചില്‍ ഉണ്ടാകാനിടയുണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

കുടുംബം കലക്കി.... ഒരു കലക്കന്‍ കമന്റാണല്ലോ തുടക്കം ... കഥാപ്രസംഗക്കാരുടെ പാട്ടുപോലെ തോന്നി വായിച്ചപ്പോള്‍ ... :)

ഇത്തിരി.. അതൊരു സ്വാതന്ത്ര്യമല്ല... സൌഭാഗ്യമാണ് ...

ശാലിനി .. എനിക്കും ഇഷ്ടാ ആ വരികള്‍ ;)

വല്ല്യമ്മായി .. ആ അവസാന ഖണ്ഠികയാ എന്നെ കൊണ്ട് ഇതെഴുതിച്ചത്.. :(

അഗ്രജാ.. നന്ദി..

ദൃശ്യാ..അതെല്ലാരും പറയാതെ പറയുന്നില്ലെ.. ?

പി ആര്‍ .. അടിമയെ വായിക്കാതെ വിട്ടൊ...

ദില്‍ബു.. കാലം കുറെ ആയല്ലോ കണ്ടിട്ട്...

മനു.. കമന്റിന്റെ ആദ്യം കണ്ടപ്പൊള്‍ ഒരു ഗവേഷണം .... അവസാനം വിഷമം തോന്നി.. എന്താണീ പരിധി പൊടി?


ഇഞ്ചി.. ഞാന്‍ ഒരു സാദാ നാട്ടിന്‍ പുറത്താ വളര്‍ന്നത്.. അവിടെ ഇപ്പൊഴും കല്ല്യാണം തന്നെയാ മിക്കവാറും പെണ്‍കുട്ടികളുടെ ആദ്യ്ന്തിക ലക്ഷ്യം... ചെറുപ്പത്തിലെ അങ്ങിനെ ഒരു വളര്‍ത്തല്‍ ആയതോണ്ടാവാം ... അല്ലാത്തവരും ഇല്ലെന്നല്ല... ഞാന്‍ ഇതെഴുതിയത് എന്റെ ഒരു കൂട്ടുകാരിയുടെ കാര്യത്തില്‍ നിന്നാ .. മനുപറഞ്ഞ പോലെ മറ്റൊന്ന്... പക്ഷെ അവള്‍ക്കത് ഉള്‍ക്കോള്ളാന്‍ കഴിയുന്നില്ല... അതിന്റൊരു frustration..

ഉണ്ണിക്കുട്ടാ.. വന്നതില്‍ കണ്ടതില്‍ സന്തോഷം .. എന്താ നിന്നാല്‍ ശരിയാവില്ലെന്ന്..?

സാരംഗി... ഞാനും ഈ അഭിപ്രായക്കാരി തന്നെ

മനുജി.. സന്തോഷം

നിമിഷ... എന്തിനാ അല്ലെ നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത്... അതന്നെ സത്യം ...

salil | drishyan said...

"അതെല്ലാരും പറയാതെ പറയുന്നില്ലെ.. ?"
എല്ലാരും പറയുന്നു എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. പറയുന്നവര്‍ ഉണ്ടാകാം, അത്ര മാത്രം.

പിന്നെ ഈ കാഴ്ചപാടിനെ generalize ചെയ്യുന്നതിനോട് ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ട്ട്ടോ. എന്നാലിവിടെ, ഇത് കവിയത്രിയുടേതല്ല കവിയത്രിയുട്റ്റെ കൂട്ടുകാരിയുടേതാണെന്ന് വിശ്വസിക്കുന്നു. ഇത്തരം വ്യഥകള്‍ കൂടുതല്‍ പെണ്ണിനാണെന്ന് സമ്മതിക്കുന്നു, എന്നാല്‍ ഇതിന്‍‌റ്റെ ആണ്‍‌കാഴ്ചപാടുകളും അനുഭവങ്ങളും ഉണ്ടാകാമല്ലോ അല്ലേ?

“തുണയാവുക, നല്ലൊരിണയാവുക
ഇടറുന്ന വേളയില് താങ്ങാവുക
നിഴലാവുക, നിത്യ സഖിയാവുക
ഒരുമിച്ചു കാതങ്ങള് മുന്നേറുക
എന്നുമീ കൈകളില് നിറവാകുക“
ഈ നല്ല വരികളിലെ തിളക്കം ഇഷ്ടമായി.

“പൊന്താലിയോ“ എന്ന അക്ഷരപ്പിശാചിനെ ശരിയാക്കുമല്ലോ?

സസ്നേഹം
ദൃശ്യന്‍

ധ്വനി | Dhwani said...

നല്ല കവിത!
''പെണ്ണെന്നു ചൊന്നാല് ശരീരമല്ലെ,
മറുവാക്കു ചൊല്ലാത്ത പാവയല്ലെ''

എന്നാലും ഇത്രേം നോവാനുണ്ടൊ? :)

(ഒരു അനിത ''നിങ്ങള്‍എന്റെ ചിന്തകളെ ചെത്തിമിനുക്കുക,അവയുടെ ചോരത്തുള്ളികളോടു നിര്‍ലോഭം പ്രസംഗിക്കുക ,പെണ്മ ഒരു ചെറിയ കിളിക്കൂടാണെന്നും ,കിളിയുടെ ചിറകുകള്‍ മനൊഹരമായിരിക്കണമെന്നും
പതറാത്ത നോട്ടങ്ങളിലൂടെ പറഞ്ഞുതരിക'' എന്നെഴുതിയതു വായിച്ചിട്ടാ ഞാന്‍ ഇവിടെ വന്നേ!!)

ഇട്ടിമാളു അഗ്നിമിത്ര said...

ദൃശ്യാ.. പൊന്‍‌താലിയാക്കി ട്ടൊ...

ധ്വനി .... വന്നതില്‍ നല്ലൊരു കവിത ചൂണ്ടി കാണിച്ചതില്‍ നന്ദിയുണ്ട്

സു | Su said...

ഇട്ടിമാളൂ :) കവിത നന്നായി. ഇത് ഒരു വിഭാഗം ആള്‍ക്കാരുടെ മാത്രം പ്രശ്നം ആണ്. നമ്മള്‍ എങ്ങനെയാണോ അതില്‍ സന്തോഷം ഉണ്ടെങ്കില്‍ ജീവിതം സുഖകരം. എന്നും.

Haree said...

ഇതു നന്നായി.
മനു പറഞ്ഞതില്‍ കാര്യമില്ലാതില്ല. സ്വന്തമായി ജോലിയും സാമ്പത്തിക ഭദ്രതയും ഉള്ള ഒരു ഭാര്യയ്ക്ക് കിട്ടുന്ന സ്ഥാനം കിട്ടണമെന്നില്ല, അതേ ഭാര്യയ്ക്ക് ജോലിയില്ലാത്ത അവസരത്തില്‍. ഇതിനൊക്കെ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അല്ലെങ്കില്‍ പരിഹാരം പറഞ്ഞുകൊടുക്കുകയെന്നത്. ചിലപ്പോള്‍ സാഹചര്യം അനുസരിച്ച് ഭാ‍ര്യ ജോലിയെടുക്കാതിരിക്കുകയാവും നല്ലത്... ഭര്‍ത്താവ് ജോലിയെടുക്കാതിരിക്കുക എന്നത് നമ്മുടെ സമൂഹം അനുവദിക്കുന്നില്ലല്ലോ... സമൂഹത്തിലെ പലരും പറയുന്നത് കേട്ടില്ലെന്ന് നടിച്ച്, എല്ലാവര്‍ക്കും ജീവിക്കുവാന്‍ കഴിയുമോ?

ഓഫ്: ബൂലോഗം മൊത്തം പുരുഷവിദ്വേഷത്തിന്റെ സീസണിലാണെന്നു തോന്നുന്നല്ലോ! ;)
--

ഇട്ടിമാളു അഗ്നിമിത്ര said...

സു.. ഒരാളുടെ പ്രശ്നം കണ്ടാ ഞാന്‍ ഇതെഴുതിയത്.. അവനവന്റെ അവസ്ഥയില്‍ സന്തോഷിക്കാന്‍ കഴിയാത്തതല്ലെ കുഴപ്പം ..... അതിനപ്പുറം നല്ലതൊന്നുണ്ടെന്ന് തോന്നിയാല്‍ എന്താ ചെയ്യാ...

ഹരി.. കുറേ ആയല്ലെ കണ്ടിട്ട്.... ഞാന്‍ പുരുഷ വിദ്വേഷി ഒന്നും അല്ലാട്ടൊ..