Thursday, April 19, 2007

വരികള്‍ക്കിടയിലൂടെ...

“അല്‍‌ക്കാ, നിനക്കറിയോ ഈ മലനിരകളുടെ പേരെന്തെന്ന്..?”

“ഇല്ല. ഇവിടെ വന്നകാലത്ത് ഞാനും ഒത്തിരി അന്വേഷിച്ചിട്ടുണ്ട്. പക്ഷെ അറിയാന്‍ കഴിഞ്ഞില്ല.

മലകളെ ദൈവങ്ങളാക്കിയ ഇവിടത്തുകാര്‍ എന്തെ ഇവക്ക് പേരിടാതെ പോയത്.“

“അന്നും നമ്മള്‍ ഇതേ വണ്ടിയില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്..”

“അപരിചിതരെ പോലെ .. അല്ലെ?”

ഇന്നലെകളിലെ ഓര്‍‌മ്മകളില്‍ മുങ്ങിതപ്പാന്‍ തുടങ്ങിയതിനാലാവാം അനന്തു വീണ്ടും മിണ്ടാതെയായി. വഴിതെറ്റിവന്ന ഉറക്കം എന്നെയും വിട്ടുപോയി.ട്രെയിനില്‍ കയറുമ്പോള്‌ സമയം കളയാന്‍ വേണ്ടി വാങ്ങിയ പുസ്തകം കയ്യിലെടുത്തു.

“വരികള്‍‌ക്കിടയിലൂടെ ...” അധികമൊന്നും കേള്‍ക്കാത്ത ഒരു എഴുത്തുകാരന്റെ അത്രയും കേള്‍‌ക്കാത്ത പുസ്തകം‌. എഴുത്തുകാരെ നോക്കി, ആശയം നോക്കി പുസ്തകം വാങ്ങുന്ന ഞാന്‍ എന്തുകൊണ്ടാണ് കവറിന്റെ ഭംഗി മാത്രം കണ്ട് ഇത് വാങ്ങിയതെന്ന് അനന്തു കളിയാക്കിയതാണ്. ഇനിയും ഉദിക്കാത്ത സൂര്യനേയും നോക്കി പുറം തിരിഞ്ഞിരിക്കുന്ന സ്ത്രീരൂപം. എന്തോ, അതെനിക്ക് ഏറെ ഇഷ്ടമായി.

..... ഹൈറേഞ്ച് ഇവിടെ തുടങ്ങുകയാണ്. റബ്ബര്‍ മണക്കുന്ന പട്ടണവഴികള്‍ ഇവിടെ അവസാനിക്കുന്നു. കാടിന്റെ ഗന്ധവുമായെത്തുന്ന മലങ്കാറ്റാണ് നമ്മെ തഴുകി പറന്നകലുന്നത്..... അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്കെപ്പൊഴോ അവന്റെ ചോദ്യത്തിന് ഉത്തരം തേടി അവള്‍ തന്റെ ഓര്‍മ്മകളില്‍ ആ മലനിരകളുടെ പേരന്വേഷിച്ചു ....

അനന്തൂ .. ഇത് നോക്ക് .. ഞാന്‍ അനന്തുവിന് പുസ്തകം നല്‍‌കി.

..... ഇവരെ നിങ്ങള്‍‌ക്ക് പരിചയപ്പെടുത്താം .. പേരുകള്‍ക്ക് അര്‍‌ത്ഥമില്ലാത്തതിനാല്‍ നമുക്കവരെ അവനും അവളുമായി കാണാം. നമ്മുടെ, പൂര്‍‌വ്വികരുടെ, വരാനിരിക്കുന്ന തലമുറകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ....

..... അവര്‍ യാത്രയിലാണ്. പണ്ട് പോയ വഴികളിലൂടെ ഒരു തിരിച്ചു വരവില്‍. അന്ന് ആദ്യമായി അവര്‍ തൊഴില്‍ തേടിയെത്തിയത് അവിടെ ആയിരുന്നു. ദൂരെ ആ മലമുകളില്‍. അവളെത്തും മുമ്പെ അമ്മക്കും അനിയത്തിക്കും തണലാവാന്‍ അവന്‍ അവിടെ എത്തിയിരുന്നു. പ്രാരാബ്ദങ്ങളുടെ പട്ടികയൊന്നും നിരത്താനില്ലെങ്കിലും സ്വന്തം കാലില്‍
നില്‍‌ക്കാന്‍ അവളും. ഒരേ ബസ്സില്‍ ഒരേ വഴിയേ അവര്‍ ഈ മലകള്‍ കയറിയിറങ്ങി. കറുത്ത പ്രതലത്തില്‍ വെളുത്ത വരകള്‍ വരച്ച് അവര്‍ അക്ഷരങ്ങള്‍ തീര്‍‌ത്തു. ഒരേ ചുമരിന്റെ ഇരുപുറങ്ങളില്‍ നിന്ന് അവര്‍ കഥയും കാര്യവും പറഞ്ഞു. എന്നിട്ടും അവര്‍ അപരിചിതരായിരുന്നു ... പരിചിതരായ
അപരിചിതര്‍ ...


“നമ്മളെ പോലെ അല്ലെ?” ഒരു കുസൃതിച്ചിരിയോടെ അനന്തു പുസ്തകം തന്നു. ഇന്നലെകളിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാനും.

പുറംവെളിച്ചം കയറാത്ത ലാബില്‍ നിരത്തിവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. കയറിചെല്ലുമ്പോല്‍ വാതിലിനടുത്ത് വലതുവശത്തിരിക്കുന്നതായിരുന്നു അനന്തുവിന് പ്രിയപ്പെട്ടത്. രാവിലെ നേരത്തെ വന്ന് അതിനുമുമ്പില്‍ തപസ്സിരിക്കുന്ന അനന്തു. അവനരികില്‍ ഞാനും ചെന്നിരിക്കും. അവന്‍ പറയുന്ന വലിയകാര്യങ്ങളൊന്നും ഒരിക്കലും എനിക്ക് മനസ്സിലാവാറില്ലായിരുന്നു. എങ്കിലും തലക്ക് കയ്യും കൊടുത്ത് ഞാന്‍ അനന്തുവിനെയും നോക്കിയിരിക്കും. അവന്റെ ശബ്ദത്തിനപ്പുറം ചുമരിലെ നാഴികമണി മാത്രം മിടിക്കുന്നുണ്ടാവും.

“അല്‍ക്കാ... പീരുക്കുന്ന്. നമുക്കവിടെ പോകണം .. ചന്ദനത്തിരി കത്തിച്ച് വെച്ച് പീരുമുഹമ്മദിനോട് പ്രാര്‍ത്ഥിക്കണം.ഫലിക്കാതിരിക്കില്ല”

“എന്ത് പ്രാ‍ര്‍‌ത്ഥിക്കാന്‍ “

ചോദിച്ച് കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നെന്ന് തോന്നി. അനന്തു കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു. പിന്നെ കമ്പിമേല്‍ തലചാരി പുറത്തേക്ക് മുഖം തിരിച്ചു.

.......എല്ലാവരും പറയും, എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്തിരിക്കുമെന്ന്. എന്നിട്ടും നിന്നോടത് ചോദിക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് നീയത് നിഷേധിച്ചത്. എനിക്കറിയാം, നീയെന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും വെറുക്കുന്നില്ലെന്ന്. എന്റെ വേദനകള്‍ മോഹങ്ങള്‍ പിന്നെ മറ്റുള്ളവര്‍ക്ക് തലതിരിഞ്ഞതെന്ന് തോന്നുന്ന എന്റെ ആശയങ്ങള്‍ എല്ലാം ക്ഷമയോടെ കേട്ടിരിക്കാറുള്ളത് നീയായിരുന്നല്ലോ?...ഞാന്‍ അത് പറഞ്ഞിട്ടുള്ളത് നിന്നോട് മാത്രവും .. എന്നിട്ടും ...

ഞാന്‍ പുസ്തകം മടക്കി കണ്ണടച്ചിരുന്നു .. ഇടക്കെപ്പൊഴോ ഉറങ്ങി പോയി ...

“ഇറങ്ങ് കോളേജെത്തി.."

മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഇരങ്ങി നടക്കുമ്പോള്‍ പഴയ തിങ്കളാഴ്ചകള്‍ ഓര്‍‌മ്മയിലെത്തി. കോളേജിന്റെ കവാടത്തില്‍ പുതിയ കമാനം ഉയര്‍ത്തിയിരിക്കുന്നു. മുറ്റത്ത് വലിയൊരു പന്തല്‍. ചൂളമരത്തിന്റെ ചുറ്വട്ടില്‍ സ്റ്റേജ്.

“സാറിനും ടീച്ചറിനും സ്വാഗതം “

നെറ്റിയില്‍ കളഭം ചാര്‍ത്തി സ്വീകരിക്കുമ്പോള്‍ കുളിച്ചിട്ടില്ലല്ലോ എന്ന് ഓര്‍‌ത്തു .

സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോല്‍ കാമ്പസ്സില്‍ കണ്ടത് ഏറെയും പുതുമുഖങ്ങളെ.

“ഹായ് അല്‍ക്കാ ..” സുനിതയുടെ സന്തോഷവും അത്ഭുതവും കലര്‍ന്ന പ്രകടനം

“വേറെ ആരും വന്നില്ലെ “ വഴി പിരിഞ്ഞവരെ ആരെയും കാണാത്തതിനാല്‍ ഞാന്‍ ചോദിച്ചു

“ ആരും വന്നില്ല .. വരുമായിരിക്കും .. മുമ്പും രാവിലെ നേരത്തെ എത്തുന്നത് നീയായിരുന്നല്ലോ”

കാന്റീനില്‍ നിന്ന് കാപ്പികുടിച്ചിറങ്ങുമ്പോള്‍ സുനിതയെ കുട്ടികള്‍ വിളിച്ചു കൊണ്ടുപോയി. പത്തരക്കാണ് പരിപാടി. സമയം ഒമ്പത്..ഞാന്‍ എന്റെ പഴയ സ്ഥാനത്ത് ചെന്നിരുന്നു. വരികള്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി.

..........മുമ്പ് ഇങ്ങിനെ ആയിരുന്നില്ലാല്ലെ? ദാ.. അവിടെ ആയിരുന്നു മേശ. ഇപ്പുറത്ത് ഞാനും അപ്പുറത്ത് നീയും . നീ മേശ പിടിക്ക്.. നമുക്ക് തല്‍ക്കാലം ഇത് തിരിച്ചിടാം .. പഴയ ഓര്‍‌മ്മക്ക്.. ഇരിക്ക്.. ഹാ.. ഇരിക്കെന്നെ .. ഞാന്‍ ...ഞാന്‍ .. വീണ്ടും ചോദിക്കട്ടെ ആ പഴയ ചോദ്യം ....

“മിസ്സ്... മിസ്സ് വന്നൂന്ന് അറിഞ്ഞു .. ഞങ്ങള്‍ക്ക് ഒത്തിരി സന്തോഷായീട്ടൊ .. ഇത്ര ദൂരെയായതിനാല്‍ വരുമോന്നു സംശയാരുന്നു “

എത്ര ദൂരെ ആയാ‍ലും ഞാന്‍ വരുമെന്ന് അവര്‍‌ക്കറിയില്ലല്ലോ..

അവര്‍ പോയപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. പേരക്കാടുകളിലേക്ക് .. താഴ്വാരത്തിലെ ചോലയിലേക്ക്..

“രാവിലെ തന്നെ പേരക്കയാണോ ഭക്ഷണം “

പുറകില്‍ അനന്തു. ഞാന്‍ പറിക്കാന്‍ നോക്കിയ പേരക്ക അവനെനിക്ക് പറച്ചു തന്നു.. പിന്നെ ഒരു ചോക്ലേറ്റും ..

“നീ വരുമെന്ന് എനിക്കറിയാമായിരുന്നു. ഇന്നലെ തന്നെ വാങ്ങിവെച്ചതാണ്. പഴയതൊന്നും മറക്കാനാവാത്തതിനാല്‍ “

“ഹാ.. നിങ്ങള്‍ ഇവിടെ ഇരിക്കാണോ? ... ഞാനെവിടേയൊക്കെ തിരഞ്ഞെന്നോ ?”

അജിത്..ഒത്തിരി തടിച്ചിരിക്കുന്നു. ഞാനൊന്നും മിണ്ടാത്തതിനാലാവാം അജിത് അനന്തുവിനോടായി..

“എന്താടാ.. സമ്മതിച്ചോ ..?”

അതേ പഴയ ചോദ്യം .. ഞാന്‍ തിരിച്ചു നടന്നു..


സ്വാഗതം.. വീണ്ടും ഒരു വര്ണോത്സവം കൂടി നമ്മള്‍ ഇവിടെ അണിയിച്ചൊരുക്കുന്നു ..പുതിയ ഭാവങ്ങളും താളങ്ങളും തേടി നമുക്ക് കാത്തിരിക്കാം .. കാട്ടിന്‍ നടുവിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് നാടിന്റെ ചലനങ്ങള്‍ക്ക് കാതോര്‍‌ക്കാം ...

കലാലയത്തിന്റെ സാഹിത്യകാരന്‍ ഓരോരുത്തര്‍ക്കും സ്വാഗതമേകി. ഇളംതലമുറയുടെ ഗാനവീചികള്‍ മലമടക്കുകളില്‍ പ്രതിഫലിച്ചു. വേഷത്തിലും ഭാവത്തിലും പരീക്ഷണങ്ങളുമായി അവര്‍ സമൂഹത്തിനു നേരെ തിരിഞ്ഞുനിന്നു. ശരികള്‍ക്കും തെറ്റുകള്‍‍ക്കും അവര്‍ അവരുടേതായ അര്‍ത്ഥങ്ങള്‍ നല്‍കി.

വീണ്ടുമൊരു ഒത്തുചേരലിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. ഒത്തിരി നാളായി പരസ്പരം കണ്ടിട്ട്. ഒരുപക്ഷെ ഇനിയും ഒരു കൂടല്‍ .. അതും സംശയമാണ്. വൈകി വന്നവരെങ്കിലും പലരും അന്നുതന്നെ തിരിച്ചു പോവാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചതിരിഞ്ഞതോടെ വീണ്ടും ഞാന്‍ തനിച്ചായി.

ക്യാ ഹുവാ തേരേ വാദാ .. വോ കസം വോ ഇരാദാ..

അരങ്ങില്‍ ഗാനമേളക്കാര്‍ പാടിക്കൊണ്ടിരുന്നു ...

നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചല്ല, നല്‍കാന്‍ കൊതിച്ച് നല്‍കാനാവാതെ പോയവയെ കുറിച്ച് എന്ത് പറയാന്‍ ..

പരിപാടി കഴിഞ്ഞിട്ടും സുനിതയും ആശയുമൊക്കെ തിരക്കിലായിരുന്നു. ഹോസ്റ്റലില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ഞാന്‍ പുറത്തിറങ്ങി. കോളേജിന് മുന്നിലെ അരമതിലില്‍ ആരുമില്ല. പഴയ ഇരിപ്പിടം. ബസ്സുകാത്ത് ഞങ്ങള്‍ നിരന്നിരിക്കാറുള്ളത് ഇവിടെ ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ തനിച്ചായി പോയി.

......... “എങ്ങോട്ടാ ഈ നടത്തം “

“മലമുകളിലെ വഴികള്‍ നിനക്ക് കണാപാഠമല്ലെ?”


“ഉം .. ഈ മലനിരകളില്‍ കറങ്ങിനടക്കാ‍ന്‍ എനിക്കിഷ്ടമാണ്. എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ നടക്കാന്‍ ഇറങ്ങുമായിരുന്നു. ഒരിടത്തു മാത്രം പോയില്ല. വെള്ളച്ചാട്ടത്തിനപ്പുറത്ത് ആ മലയില്ലെ. അതിനുമപ്പുറം ഒരു ഒറ്റയടിപ്പാതയുണ്ട്. അത് അവസാനിക്കുന്നത് ഒരു മുനമ്പിലാണ്. മൂന്ന് വശവും ചെങ്കുത്തായ താഴ്ചയാണ്. ദൂരെ മഞ്ഞുപുതച്ചുനില്‍ക്കുന്ന മലനിരകള്‍. ആ താഴ്വരയില്‍ ആദിവാസികള്‍ ഉണ്ടെത്രെ. എനിക്കവിടെ പോവണം. ഭൂമിയുടെ അറ്റം കാണാന്‍.അവിടെ നിന്ന് ഉറക്കെ പാടണം. ആ മലനിരകള്‍ അതേറ്റു പാടുന്നത് കേള്‍ക്കാന്‍....

“തനിച്ചിരുന്ന് വായിക്കാന്‍ ഇവിടം വരെ വരണോ?”

അനന്തുവിന്റെ ചോദ്യം കേട്ടാണ് ഞാനെണീറ്റത്.

“വാ .. നമുക്ക് നടക്കാം .. അവര്‍ വരുമ്പോഴെക്കും ഹോസ്റ്റലിലെത്താം .. ഇനിയും സമയമുണ്ടല്ലോ ...”

കല്ലുകള്‍ നിറഞ്ഞ വഴികളില്‍ ചെരിപ്പ് പതിയുന്ന ശബ്ദം മാത്രം. പരസ്പരം ഒന്നും പറയാനില്ലാത്തതിനാലോ അതോ എവിടെ തുടങ്ങണമെന്നറിയാത്തതുകൊണ്ടോ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മഞ്ഞ് കാറ്റ് കൂടിയപ്പോഴാണ് എനിക്ക് പരിചിതമായ വഴികള്‍ കഴിഞ്ഞു പോവുന്നെന്ന് ശ്രദ്ധിച്ചത്.

“അനന്തു.. നമ്മളെങ്ങോട്ടാ...”

ഒരു ചെറുചിരിയോടെ അനന്തുവിന്റെ സ്വതസിദ്ധമായ മറുപടി..

“അതൊക്കെയുണ്ട്..”

“ഞാനൊരിക്കലും ഈ വഴിയെ വന്നിട്ടില്ല”

“നീയൊരിക്കലും പോവാത്തൊരിടം ആണ്. രണ്ടുവര്‍‌ഷം ഇവിടെ നടന്നിട്ടും നീ അവിടെ പോയില്ലെന്ന് എനിക്കറിയാം....ഇനിയൊരിക്കല്‍ നമ്മളിവിടെ വരുമെന്ന് ഉറപ്പില്ലല്ലോ ..?”

മഞ്ഞിന്‍ പുതപ്പിന്‍ കട്ടിയേറിയപ്പോള്‍ ചുരിദാറിന്റെ ഷാള്‍ എടുത്ത പുതച്ചു.

“ഇതാ .. ഇതാണ് ഭൂമിയുടെ അവസാനം... ഈ വഴി ഇവിടെ അവസാനിക്കുന്നു.. ഇതിനപ്പുറം കൊക്കയാണ്.”

ഞാന്‍ പതിയെ മുനമ്പിലേക് നടന്നു. താഴെ ഒന്നും കാണാനാവുന്നില്ല.

“വേണ്ട ആഴം നോക്കണ്ട”...പുറകില്‍ അനന്തു

“നീയൊരു കവിത ചൊല്ല്.. എനിക്ക് മാത്രം കേള്‍‌ക്കാന്‍ .. ദൂരെ മലനിരകള്‍ അതേറ്റു ചൊല്ലും “

നടന്ന് കാല് വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ അടുത്തു കിടന്ന കല്ലില്‍ ഇരുന്നു. അനന്തു കേമറയുമെടുത്ത് ഒരു ഷോട്ടിനുള്ള വക തേടിപോയി. ഈ ശാന്തതയില്‍ മുമ്പ് വരാതിരുന്നത് വലിയൊരു നഷ്ടമായി തോന്നി. അത്ര സുന്ദരമായിരിക്കുന്നു. വര്‍‌ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥ.

പെട്ടന്നാണ് ഞാന്‍ ഓര്‍‌ത്തത്. ‘അവളും’ ഭൂമിയുടെ അറ്റം തേടിയാണല്ലോ പോയത്. തീരാറായി. അരപേജ് കൂടി.

..നോക്ക്, ഇതാണ് ഭൂമിയുടെ അവസാനം..

അവനൊരു തമാശ പരുവത്തില്‍ ആയിരുന്നു. തന്റെ കേമറക്ക് ഒരു ക്ലിക്ക് കൊടുക്കാന്‍ ഒന്നും കാണാത്തതിനാല്‍ അവന്‍ അവളേയും നോക്കി പുറകിലേക്ക് ചുവടുകള്‍ വെച്ചു .. പതുക്കെ .. പതുക്കെ ...

“ഓക്കെ .. സ്മൈല്‍ പ്ലീസ്..

“അല്‍കാ.. ലുക്ക് ഹിയര്‍ .. സ്മൈല്‍ പ്ലീസ്...”

ഒരു പുഞ്ചിരിയോടെ ഞാന്‍ അനന്തുവിന് നേരെ തലയുയര്‍‌ത്തി. മഞ്ഞിന്‍ കണങ്ങള്‍ക്കിടയിലൂടെ അനന്തു താഴ്വരയുടെ ആഴവും തേടി പറന്നു പോവുന്നു .

താഴെ വീണ പുസ്തകത്തില്‍ വായിച്ചുതീര്‍ക്കാ‍ന്‍ ഒരു വരികൂടി ബാക്കിയായിരുന്നു.


19 comments:

ittimalu said...

മഞ്ഞുകാറ്റില്‍ പഞ്ഞികെട്ടുപോലെ പറന്നകന്നിട്ടും എപ്പോഴൊക്കെയോ തിരിച്ചുകിട്ടുന്ന ഒരു കുഞ്ഞു പ്രണയം .. സമയമുണ്ടെങ്കില്‍ ഈ വഴി വരിക .. ഈ വരികള്‍ക്കിടയിലൂടെ..

KANNURAN - കണ്ണൂരാന്‍ said...

എന്ത് തേങ്ങയടിക്കാതെ ഇട്ടിമാളുവിന്റെ പോസ്റ്റോ??? ഈ സുല്ലെവിടെ പോയി??? ഇന്നു വെള്ളിയാഴ്ചയാണെല്ലെ... തേങ്ങ എന്റെ വക... അഭിപ്രായം അതു പിറകെ വരുന്നവര്‍ പറയുമല്ലോ.... ഞാന്‍ വണ്ടി വിട്ടു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ചതി, കൊടും ചതി, വഞ്ചന... കൈമാക്സ് മാറ്റണം പറ്റൂലാ. അനന്തൂന്. ആ സ്ഥലമൊക്കെ നല്ലപോലെ അറിയാം... അവനൊരിക്കലും ഇതു സംഭവിക്കൂലാ...

കേസ് സിബിഐക്കു വിടണം

Manu said...

ഇത്തവണ ചാത്തന് എന്റെ ഫുള്‍ സപ്പോര്‍ട്ട്...
ക്രൂരമായിപ്പോയി :((

അന്തൂനെ തിരികെക്കൊണ്ടുവരാന്‍ വഴിയറിയൂല്ലേല്‍ ഷെര്‍ലക് ഹോംസ് പരമ്പരയിലെ adventure of the empty house വായിച്ചാല്‍ മതി. റൈഹന്‍ബാഹ് വെള്ളച്ചാട്ടത്തീന്നല്ലേ മൂപ്പരു കേറിവരുന്നെ...

മഞ്ഞിനിടയില്‍ നഷ്ടപ്പെട്ടതൊക്കെ മഞ്ഞുപോലെ മാഞ്ഞുപോകുന്ന സ്വപ്നത്തിലെങ്കിലും മടങ്ങിവരുമാരുന്നെങ്കില്‍..... :(

നന്നായീട്ടോ... ഒടുക്കം ഞെട്ടിച്ചുകളഞ്ഞെങ്കിലും

മുല്ലപ്പൂ || Mullappoo said...

ഇട്ടിമാളൂ, ഈ ഒത്തു ചേരലിന് അധികമാരും എത്തിയില്ലല്ലേ ?
വരും എല്ലാരും.
അല്ലെങ്കില്‍ താഴവാരത്തില്‍ അവനെ കാത്ത് ആയിരം കൈകള്‍ ഉണ്ടാവും.ഒരു പോറല്‍ പോലു മേല്‍പ്പിക്കാതെ തിരിച്ച് അവനെ , അവളുടെ അടുത്തെത്തിക്കാന്‍.

അങ്ങനെ ഒരുമിച്ചൊരു മടക്കയാത്ര.

അവസാനം വായിക്കാതെ വിട്ട ആ ഒരു വരി “അങ്ങനെ ഒരുപാടു കാലം അവര്‍ സുഖമായി സന്തോഷത്തോടെ ...” ഇങ്ങനെ പൂര്‍ണ്ണമാകും.

G.manu said...

:)

സു | Su said...

അനന്തു ഒഴുകിപ്പോയി.

മേഘങ്ങളിക്കിടയിലൂടെ.

മഞ്ഞിനിടയിലൂടെ.

പുസ്തകത്തിലെ അവസാനവരിയും വായിച്ചു അവള്‍.

ഒന്നും പിന്നേക്ക് ബാക്കിവെക്കുന്നത് അനന്തുവിന് ഇഷ്ടമില്ലായിരുന്നല്ലോ. അതില്‍ എഴുതിയിരുന്നത് എന്താവുമെന്ന് അവള്‍ക്കറിയാമായിരുന്നു.

“നിങ്ങള്‍ പിരിയാനുള്ളവരല്ല.”

അവളും ഒഴുകിപ്പോയി...

പതുക്കെ...

മഞ്ഞിനേയും, മേഘത്തിനേയും വേദനിപ്പിക്കാതെ.

അവര്‍ അവളുടെ അനന്തുവിനെ സുരക്ഷിതമായി ഒരിടത്ത് എത്തിച്ചിരുന്നല്ലോ.

അവളും അങ്ങോട്ട് പറന്ന് പോയി.

Manu said...

ഇവിടെ പതിവുള്ള ഒരു ഓളം കാണുന്നില്ലല്ലോ...

സു പറഞ്ഞപോലെ ബാക്കിയുള്ള ആ ഒരു വരിക്ക് ഒരു അസാധാരണ സ്കോപ്പുണ്ട്.

അന്യന്റെ വാക്കുകളില്‍ സ്വയം കണ്ടെത്തുമ്പോള്‍ അതില്‍ ഒരു സുഖമുണ്ട്. ചിലപ്പോഴൊക്കെ വേദനയുള്ള സുഖം. പക്ഷേ വാക്കുകള്‍ നമ്മെ വേട്ടയാടാന്‍ തുടങ്ങിയാല്‍, നമ്മുടെ വിധി നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ അതു ഭയങ്കരമായിരിക്കും അല്ലെ ?

അരീക്കോടന്‍ said...

എന്നാലും അനന്തൂൂൂൂൂൂൂ......

ittimalu said...

കണ്ണൂരാനെ ... എന്നാലും കഥക്കു കമന്റ് പറയാതിരുന്നത് ശരിയായില്ല.

കുട്ടിയല്ലാത്ത ചാത്താ .. അറിയാവുന്നിടത്തൊന്നും അപകടം സംഭവിക്കില്ലെ..!

മനു... ആരോടും പറയല്ലെ.. ഞാന്‍ ഈ വക വലിയ സംഭവങ്ങള്‍ ഒന്നും വായിച്ചിട്ടില്ല..മാഞ്ഞുപോയത്തെല്ലാം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാം അല്ലെ ? അന്യന്റെ വാക്കുകളും ചെയ്തികളും നമ്മേ വേട്ടയാടുന്ന അവസ്ഥ .. അതിത്തിരി ഭീകരം തന്നെയാ ...

മുല്ലപ്പൂ .. വായിക്കാതെ വിട്ട വരി പൂരിപ്പിച്ചത് ... “അങ്ങനെ ഒരുപാടു കാലം അവര്‍ സുഖമായി സന്തോഷത്തോടെ ...” നന്നായിരിക്കുന്നു ..

മനുജി ...എന്തെ പുഞ്ചിരി മാത്രം ...

സു ... അങ്ങിനെ ഒഴുകി ഒഴുകി ..

അരീക്കോടാ. :)

Sona said...

:)

ittimalu said...

സോനാ... :):):)...

വേണു venu said...

:)

വിനയന്‍ said...

മാളൂ
വെറുതെ എന്നെ ടെന്‍ഷനടിപ്പിക്കും.
അല്‍കാ.. ലുക്ക് ഹിയര്‍ .. സ്മൈല്‍ പ്ലീസ്...”
ഡോണ്ട് സെന്റി. ലൈക് തിസ്................

വല്യമ്മായി said...

ഒഴുക്കുള്ള നല്ല കഥ.അവസാനം ഇഷ്ടമായില്ല :(

രാജു ഇരിങ്ങല്‍ said...

കഥ വായിച്ചു.
തരക്കേടില്ലെന്നു മാത്രം പറയാം. അതെന്‍റെ വായനയുടെ ദോഷമാകാം. അല്ലെ ഇട്ടി മാളൂ...

ittimalu said...

വേണു മാഷെ .. :)

വിനയന്‍ എന്നൊക്കെ കണ്ടപ്പോള്‍ ഇതാരാ പുതിയ ആള്‍ എന്നു വിചാരിച്ചു..പിന്നല്ലെ കുന്ദംകുളം ട്രിപ്പ് ആണെന്നു മനസിലായെ.. അവിടെ ഞാന്‍ ഒരു കമന്റ് ഇടാന്‍ നോക്കിയിട്ട് നടക്കാതെ പോയതാരുന്നു ..

വല്ല്യമ്മായി.. അവസാനം എനിക്കും ഇഷ്ടായില്ല .. ഇതു കഥയല്ലെ..


ഇരിങ്ങലെ.. ഇയാള്‍ തരക്കേടില്ലാന്നു പറഞ്ഞാല്‍ അതന്നെ ഒരു കോമ്പ്ലിമെന്റല്ലെ..

Sreedevi said...

വരികളുടെ തീവ്രത...പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തോ ഒന്ന്.."നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചല്ല, നല്‍കാന്‍ കൊതിച്ച് നല്‍കാനാവാതെ പോയവയെ കുറിച്ച് എന്ത് പറയാന്‍ ..".ഈ ഒരു വരിയില്‍ എല്ലാം ഉണ്ട് ..എല്ലാം..

ഇട്ടിമാളു said...

ശ്രീദേവി...