Wednesday, March 14, 2007

ആവര്‍ത്തനങ്ങള്‍

നാഴികമണി ചിലക്കുന്നത്
എന്നെ പള്ളിയുണര്‍ത്താനാണ്`
തലക്കേല്‍ക്കുന്ന അടിയില്‍
അത് നിശബ്ദമാവുമ്പോള്‍
ഞാനെന്റെ ദിവസം തുടങ്ങുന്നു
അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്‍ത്ത്
മെഴുകുതിരി നാളത്തില്‍ ചൂടാക്കി
അതിനുമേല്‍ ശോണിതാമൃതം

അരനാഴിക നീളുന്ന താണ്ഢവത്തിനു ശേഷം
തളര്‍ന്നു വീഴുമ്പോള്‍
പകുതിവഴിയില്‍ ഉപേക്ഷിച്ച ഉറക്കം
എന്നെയും പ്രതീക്ഷിച്ച്
ഹരിദ്വാറില്‍ മണിമുഴക്കി
മരുഭൂമികള്‍ ഉണ്ടാകുന്നതിനെ കുറിച്ച് ആകുലപ്പെട്ട്
സുഗതകുമാരിയുടെ ദേവദാസിയെ തേടി
ഉദയാര്‍ക്കന്റെ ആദ്യകിരണങ്ങളേ എതിരേല്‍ക്കുന്നു

നഖക്ഷതങ്ങളുടെ കലപ്പചാലുകളില്‍
തണുത്ത വെള്ളത്തിന്റെ തേരോട്ടം
അങ്ങിനെയാണ്` ഞാന്‍
പ്രതിപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രമറിഞ്ഞത്
കണ്ണീരിന്റെ രസതന്ത്രവും
അവസാനം, വേദനയുടെ ജീവശാസ്ത്രവും

മഴവെള്ളത്തിന്റെ സാന്ദ്രതയുള്ള മോരില്‍
ആര്‍ഭാടമായി മഞ്ഞപ്പൊടിയും ഇത്തിരി ഉപ്പും
കുത്തൊഴുക്കിന്` തടയിടാന്‍
ഓട്ടക്കയ്യിന്റെ നാല്‍വിരലുകള്‍
അഞ്ചാമന്‍ തട്ടിമാറ്റുന്ന കണ്ണൂതള്ളിയ ശവങ്ങള്‍
പച്ചനിറം മറന്ന കറിവേപ്പിലയും
ചതഞ്ഞരഞ്ഞ ഇഞ്ചികഷണങ്ങളും
എണ്ണമയം മറന്നുപോയ വറച്ചട്ടിയില്‍
വഴുതി നീങ്ങുന്ന വഴുതനങ്ങാ തുണ്ടുകള്‍
ജന്മാന്തരങ്ങളുടെ ശാപം പേറി
അവയും വന്നുവീഴുന്നത് എന്റെ കഞ്ഞിപാത്രത്തില്‍

അന്തിയോളം പേനയുന്തി തിരിച്ചെത്തുമ്പോള്‍
മേശയില്‍ നിറഞ്ഞു കവിയുന്ന വിഭവങ്ങള്‍
നോട്ടം പോലും നിഷിദ്ധമെന്ന് മനം പറയുമ്പോള്‍
നോക്കിയിട്ടും കാര്യമില്ലെന്നറിഞ്ഞ്
കാലുകള്‍ പടികയറുന്നു
കയ്പിന്റെ വാഴ്ചക്കുശേഷം
അത്താഴത്തിന്റെ ആവര്‍ത്തനം
രാവിലത്തെ പേരില്ലാക്കറി
നാറ്യേരിപാടം കടന്നിരിക്കുന്നു
പകരം ഉപ്പു മേപ്പൊടിയായി
ഇരട്ടി വെള്ളം ചേര്‍ത്ത്
നാവില്‍ തൊടാതെ വിഴുങ്ങുമ്പോള്‍
ഞാന്‍ വിശപ്പെന്ന സത്യം തിരിച്ചറിയുന്നു

ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു
ചുവന്ന ചോരതുള്ളികളാല്‍
ഞാനവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നു
അങ്ങനെ, എന്റെ മാംസവും രക്തവും
അപ്പവും വീഞ്ഞുമാവുന്നു

നിര്‍ത്തട്ടെ, എനിക്ക് ഉറങ്ങണം
ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ്

20 comments:

ittimalu said...

അങ്ങിനെയാണ്` ഞാന്‍
പ്രതിപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജതന്ത്രമറിഞ്ഞത്
കണ്ണീരിന്റെ രസതന്ത്രവും
അവസാനം, വേദനയുടെ ജീവശാസ്ത്രവും

സു | Su said...

എനിക്കുറങ്ങേണ്ട.

ഉണര്‍ന്നിരിക്കണം.

കാഴ്ചകള്‍ തീര്‍ന്നുപോയാലോ?

നാടകം തീര്‍ന്നുപോയാലോ?

ജീവിതം തന്നെ തീര്‍ന്നുപോയാലോ?

ഊര്‍ജ്ജമില്ലാത്ത തന്ത്രങ്ങളും രസമില്ലാത്ത തന്ത്രങ്ങളും, ജീവനില്ലാത്ത ശാസ്ത്രങ്ങളും ഒക്കെക്കൂടെ കലര്‍ന്ന് ചേരട്ടെ.

മനോജ് കുറൂര്‍ said...

'ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ് '
കവിത അവസാനിപ്പിക്കാന്‍ പലര്‍ക്കുമറിയില്ലെങ്കിലും ഇട്ടിമാളുവിനറിയാം. മോരും കറിവേപ്പിലയും ഉപ്പും ഇഞ്ചിക്കഷണങ്ങളും വഴുതനങ്ങാത്തുണ്ടുകളുമൊക്കെച്ചേര്‍ന്ന നല്ലൊരു മണം! ബ്ലോഗിലെ ചില ഉറുമ്പുകള്‍ക്കുംകൂടി ഇടക്കൊക്കെ വിളമ്പാം! എങ്കിലും...പതിവു വാക്കുകളേറിയാല്‍, പരന്നു തൂകിയാല്‍...പറയാതെ വയ്യല്ലൊ.

ഇത്തിരിവെട്ടം|Ithiri said...

ഇട്ടിമാളൂ... നന്നാ‍യിരിക്കുന്നു.

അരീക്കോടന്‍ said...

നന്നാ‍യിരിക്കുന്നു.

ittimalu said...

മനോജ്.. എന്റെ വരികളെ തെറ്റിദ്ധരിച്ചില്ലെന്നു കരുതട്ടെ... ആയുര്‍വേദത്തിന്റെ അരുചി "രുചി" ആക്കേണ്ടി വന്ന ഒരു കാലത്ത് ഏഴുതിയതാ.. മൂന്നു നാലു കൊല്ലം മുമ്പ്..പട്ടിണികൊണ്ടല്ലെങ്കിലും അന്ന് വിശപ്പ് ശരിക്കും അറിഞ്ഞിട്ടുണ്ട്.. വായക്കു പിടിക്കാത്തത് കഴിക്കനുള്ള മടികൊണ്ട്..അതിലപ്പുറം പരിചിതമായ പതിവു വാക്കുകള്‍ പരന്നു തൂവിയതില്‍ വേറെ അര്‍ത്ഥങ്ങള്‍ ഒന്നും ഇല്ല .. അനവസരത്തില്‍ ആയി പൊയല്ലെ..

ദൃശ്യന്‍ | Drishyan said...

മാളൂസേ,
ത്വക് രോഗം പ്രതിരോധിക്കാനായുള്ള കയ്പേറിയ മരുന്നുകള്‍ നഷ്ടപ്പെടുത്തിയ ഉറക്കം, പുസ്തകകള്‍ വായിച്ച് തീര്‍ക്കുന്ന പാവം വ്യക്തിയെ ഇഷ്ടപ്പെട്ടു.

അറിഞ്ഞോ അറിയാതെയോ മാന്തിപോളിച്ച ചൊറിപ്പാടിന്‍‌റ്റെ ഊഷരഭൂമിയില്‍ വെള്ളത്തുള്ളികള്‍ ഇറ്റുമ്പോഴത്തെ നീറ്റല്‍ കവിതയായ് മാറ്റിയപ്പോള്‍ നന്നായി വന്നിരിക്കുന്നു. കവിതയിലെ ‘ഞാന്‍‘നോട് പറയൂ, “പേടിക്കണ്ടാ, പഥ്യം മര്യാദക്കു കൊണ്ടു നടന്നാല്‍ അസുഖമെല്ലാം വേഗം മാറി ഇഷ്ടമുള്ളതെല്ലാം പെട്ടന്ന് കഴിക്കാം” എന്ന്.

“ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു“ - രസിച്ചു. ആദ്യം വായിച്ചപ്പോള്‍ വളരെ സീരിയസ്സ് ആയി എന്തോ സിറ്റുവേഷന്‍ ആണെന്നാ കരുതിയത്, പിന്നെ സംഗതിയുടെ കിടപ്പ് മനസ്സിലായപ്പോള്‍ വരികളിലെ നര്‍മ്മം ഇഷ്ടായി.

“നാറ്യേരിപാടം“ എന്ന് പറഞ്ഞാല്‍ എന്താ?

തന്‍‌റ്റെ ഇത്ര കാലത്തെ എഴുത്തില്‍ നിന്നും വളരെ വ്യത്യസ്തമായി തോന്നി ഈ തീമും ശൈലിയും. പക്ഷെ കവിതയുടെ അന്തരീക്ഷം ഒരു നോട്ട് ആയി കൊടുത്താല്‍ ആളുകള്‍ കൂടുതല്‍ ആളുകള്‍ രസിക്കും.

വായിച്ചു കഴിഞ്ഞപ്പോള്‍ ബഷീറിനെ ഓര്‍ത്തു. അല്ലെങ്കിലും ‘ചൊറി’യെ പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരിക “ലോകത്തില്‍ നടക്കുന്ന എല്ല യുദ്ധങ്ങളും അവസാനിക്കണമെങ്കില്‍ എല്ലാവര്‍ക്കും എന്‍‌റ്റേതു പോലത്തെ നല്ല രസികന്‍ വരട്ടു ചൊറി വരണം” എന്ന് പറഞ്ഞ സുല്‍ത്താനെ അല്ലെങ്കില്‍ പിന്നെ ആരെയാ...????

കുത്ത്, കോമ എന്നിവ ഇത്തിരി ശ്രദ്ധിക്കുമല്ലോ?

സസ്നേഹം
ദൃശ്യന്‍

ധ്വനി said...

കുത്തൊഴുക്കിന്` തടയിടാന്‍
ഓട്ടക്കയ്യിന്റെ നാല്‍വിരലുകള്‍...

ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ് ...

നല്ല വരികള്‍!

പാര്‍വതി said...

ഇട്ടിമാളൂ എനിക്കിതല്പം കട്ടിയായി തോന്നി,ഒരു പക്ഷേ കമന്റ് മുഴുവന്‍ വായിച്ച ശേഷം ഒരാവര്‍ത്തി കൂടി വായിച്ചപ്പോള്‍ അല്പം കൂടെ വിളങ്ങി, എന്നിട്ടും ആ ഉറുമ്പുകളെ മനസ്സിലായില്ലെ, എന്റെ തെറ്റ് പൊറുക്കുമല്ലോ.

-പാര്‍വതി.

മയൂര said...

“ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടണം
ഞാനുറങ്ങിയില്ലെങ്കിലും അവരെ ഉറക്കണം
അവര്‍, എന്റെ ഉറുമ്പുകള്‍
എനിക്കായ് കാത്തിരിക്കുകയാണ്`
നഖങ്ങള്‍ കോരിയെടുത്ത മംസതുണ്ടുകളാല്‍
ഞാനവര്‍ക്ക് നൈവേദ്യമൊരുക്കുന്നു
ചുവന്ന ചോരതുള്ളികളാല്‍
ഞാനവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നു
അങ്ങനെ, എന്റെ മാംസവും രക്തവും
അപ്പവും വീഞ്ഞുമാവുന്നു“

ഒന്നിലത്തിക്കം പ്രാവശ്യം വായിക്കേണ്ടി വന്നു, എന്റെ അറിവില്ലായ്‌മകൊണ്ട്.വേറുതെ ആയില്ല...ഇഷ്‌ട്ടായി:)

ittimalu said...

സൂ.. ഉറക്കം ഇഷ്ടല്ലെ...? ഞാന്‍ ഉറക്കത്തിന്റെ ആരാധികയാ.. ;)

ഇത്തിരീ.. അരീക്കോടാ... നന്ദിയുണ്ട് വന്നതില്‍

ദൃശ്യാ.. "നറ്യേരിപ്പാടം" നാട്ടിലെ നെല്‍പ്പാടമാണ്.. ഉച്ചക്കുവെച്ച കറി വൈകീട്ടാവുമ്പോള്‍ കേടുവരാന്‍ (നാറാന്‍ )തുടങ്ങുന്നെന്നു തോന്നിയാല്‍ പറയും "കറി നാറ്യേരിപ്പാടം കടക്കാന്‍ തുടങ്ങി" എന്ന് .. (എന്നാലും എന്റെ പാവം ചൊറിയെ വരട്ടുചൊറിയാക്കിയല്ലെ :( ..)

ധ്വനി.. കണ്ടതില്‍ സന്തോഷം

പാറു.. ഉറുമ്പുകളെ മനസ്സിലായില്ലെ.. നമ്മുടെ കുഞ്ഞുറുമ്പുകള്‍ .. ശരീരത്തില്‍ വല്ല മുറിവും ഉണ്ടെങ്കില്‍ അതില്‍ ഉറുമ്പുകടിക്കുന്നതൊന്ന് ആലോചിച്ചു നോക്കിക്കെ .. എന്തു രസാന്നോ.. :)

മയൂര.. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

അപ്പു said...

ഇഷ്ടായി.. :-)

Sul | സുല്‍ said...

ഇട്ടികുട്ടി,

ഇതു ഒന്നു രണ്ടാവൃത്തി ഇന്നലെ വായിച്ചിരുന്നു.
ഇതല്പം കട്ടിയായതു കൊണ്ടാകാം മനസ്സിലായില്ല.
ഒന്നും മിണ്ടാതെ കടന്നു പോയി.

വാക്കുകള്‍ക്കൊരു പഞ്ഞവുമില്ലെന്ന് മനസ്സിലായി. ഇത്രയും വേണമായിരുന്നൊ.

എങ്കിലും വരികള്‍ കൊള്ളാം.

-സുല്‍

ittimalu said...

അപ്പൂ.. ഇഷ്ടായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം

സുല്ലെ..
"വാക്കുകള്‍ക്കൊരു പഞ്ഞവുമില്ലെന്ന് മനസ്സിലായി. ഇത്രയും വേണമായിരുന്നൊ. "

ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല

Haree | ഹരീ said...

അമൃതഭല്ലാതകഘൃതം സഹചരീചൂര്‍ണ്ണം ചേര്‍ത്ത്
മെഴുകുതിരി നാളത്തില്‍ ചൂടാക്കി
അതിനുമേല്‍ ശോണിതാമൃതം
- ഇതെന്താദ്?

:|
--

ittimalu said...

ഹരീ... കണ്ടില്ലാരുന്നു ട്ടൊ കമന്റ് ... അതെല്ലാം മരുന്നാണ്...

Sona said...

മാളുട്ടീ..നന്നായിട്ടുണ്ട്.മുഴുവനായും മനസ്സിലായില്ലെങ്കിലും.

ittimalu said...

സോനാ .. നന്ദി .. :)

അഗ്രജന്‍ said...

...ഉറങ്ങിയില്ലെങ്കിലും എനിക്ക് ഉണര്‍ന്നെ തീരൂ
ആവര്‍ത്തനങ്ങള്‍ക്കായ്...

നന്നായിരിക്കുന്നു

ittimalu said...

അഗ്രജാ.. വന്നതില്‍ കണ്ടതില്‍ സന്തോഷം ...